ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെയും രാഷ്ട്രീയ ഭൂപടത്തെയും ഏറ്റവുമൊടുവിൽ മാറ്റിമറിച്ച ആശയങ്ങളുടെ വേരുകൾ തിരയുമ്പോൾ നാം ചെന്നെത്തുക ചില വ്യക്തികളിലാണ്. അതിലൊരാളാണ് കവിയും ഇസ്ലാമിക ദാർശനികനുമായിരുന്ന മുഹമ്മദ് ഇക്ബാൽ. ഒരുപക്ഷേ, ഭാരതീയ ദേശീയതയുടെ ഏറ്റവും മനോഹരമായ ഗീതങ്ങളിലൊന്ന് രചിച്ചയാൾ എങ്ങനെയാണ് പിൽക്കാലത്ത് വിഭജനത്തിന്റെയും പൊളിറ്റിക്കൽ ഇസ്ലാമിന്റെയും മുഖ്യ ശില്പിയായി മാറിയത് എന്നത് ചരിത്രത്തിലെ ഏറ്റവും വൈരുധ്യം നിറഞ്ഞ അധ്യായങ്ങളിലൊന്നാണ്.
1904ൽ തന്റെ 27-ാം വയസ്സിലാണ് ഇക്ബാൽ ‘തരാനാ-ഇ-ഹിന്ദ്’ എന്ന കവിതയെഴുതുന്നത്. “സാരേ ജഹാംസേ അച്ഛാ ഹിന്ദുസ്താ ഹമാരാ” എന്ന് പാടിത്തുടങ്ങുന്ന ആ വരികളിൽ അന്ന് അദ്ദേഹം വിഭാവനം ചെയ്തത് ഹിന്ദു-മുസ്ലിം സംസ്കാരങ്ങൾ ഒത്തുചേർന്ന ഒരു ബഹുസ്വര സമൂഹത്തെയായിരുന്നു.
“മദ്ഹബ് നഹീ സിഖാതാ ആപസ് മേ ബൈർ രഖ്നാ”
(മതം പരസ്പരം വിദ്വേഷം പുലർത്താനല്ല പഠിപ്പിക്കുന്നത്) എന്ന് പ്രഖ്യാപിച്ച ഇക്ബാൽ അന്ന് ഇന്ത്യൻ ദേശീയതയുടെ പ്രതീകമായിരുന്നു. എന്നാൽ യൂറോപ്പിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയോടെ ഈ ചിന്തകൾക്ക് വിപരീതമായ മാറ്റം സംഭവിച്ചു.
1905-ൽ നിയമപഠനത്തിനായി ലണ്ടനിലും തുടർന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റിനായി ജർമ്മനിയിലും എത്തിയ ഇക്ബാൽ തിരികെ വരുന്നത് ഒരു ഇസ്ലാമിക ചിന്തകനായിട്ടാണ്. ആ യൂറോപ്യൻ അനുഭവങ്ങൾ അദ്ദേഹത്തിന്റെ ലോകവീക്ഷണത്തെ മാറ്റിമറിച്ചു. 1910-ൽ, താളത്തിൽ തിരുത്തിയെഴുതിയ ‘തരാനാ-ഇ-മില്ലി’ (ഇസ്ലാമിക സമൂഹത്തിന്റെ ഗീതം) എന്ന കവിത അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ മാറിയ നിലപാട് പരസ്യമായി പ്രഖ്യാപിച്ചു. ‘സാരേ ജഹാംസേ അച്ഛാ’ പാടിയ അതേ ഈണത്തിൽ ഇക്ബാൽ ഇത്തവണ ഇങ്ങനെ കുറിച്ചു:
“ചീൻ ഒ അറബ് ഹമാരാ, ഹിന്ദുസ്താ ഹമാരാ,
മുസ്ലിം ഹേ ഹം, വതൻ ഹേ സാരാ ജഹാം ഹമാരാ”
(ചൈനയും അറേബ്യയും നമ്മുടേതാണ്, ഹിന്ദുസ്ഥാനും നമ്മുടേതാണ്; കാരണം ഞങ്ങൾ മുസ്ലിങ്ങളാണ്, ഈ ലോകം മുഴുവൻ ഞങ്ങളുടെ മണ്ണാണ്).
ദേശീയത എന്ന സങ്കല്പത്തെക്കാൾ ഉപരിയായി മതപരമായ സ്വത്വത്തിനാണ് മുൻഗണന നൽകേണ്ടതെന്ന ഇക്ബാലിന്റെ കടുത്ത നിലപാടിന്റെ തുടക്കമായിരുന്നു ഇത്. ഭൗതികമായ അതിരുകൾക്കപ്പുറമുള്ള ഒരൊറ്റ മുസ്ലിം സമുദായം (ഉമ്മത്ത്) എന്ന പാൻ-ഇസ്ലാമിക സ്വപ്നമായിരുന്നു ഇക്ബാൽ പിന്നീട് പ്രചരിപ്പിച്ചത്. മതം കേവലം വ്യക്തിപരം മാത്രമല്ലെന്നും, അത് പൂർണ്ണമായും രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമുള്ള ‘പൊളിറ്റിക്കൽ ഇസ്ലാം’ ആശയങ്ങൾക്ക് അദ്ദേഹം അടിത്തറയിട്ടു.
മുഹമ്മദ് ഇക്ബാലിന്റെ ചിന്തകളിലും കവിതകളിലും സ്‌പെയിൻ വഹിച്ച പങ്ക് വളരെ നിർണ്ണായകമാണ്. ഒരിക്കൽ ഇസ്ലാമിക ഭരണത്തിൻ കീഴിൽ തിളങ്ങിനിൽക്കുകയും പിന്നീട് ക്രൈസ്തവ ഭരണാധികാരികളുടെ തിരിച്ചുപിടിക്കലിലൂടെ മുസ്ലിം സ്വാധീനം പൂർണ്ണമായി ഇല്ലാതാവുകയും ചെയ്ത അന്തലൂഷ്യയെന്ന സ്‌പെയിനിന്റെ ചരിത്രം ഇക്ബാലിനെ ആഴത്തിൽ സ്വാധീനിച്ചു. സ്‌പെയിൻ സന്ദർശന വേളയിൽ കോർദോവയിലെ പ്രശസ്തമായ വലിയ പള്ളിയിൽ പ്രാർത്ഥിക്കാൻ ഇക്ബാൽ പ്രത്യേക അനുമതി വാങ്ങി. നൂറ്റാണ്ടുകളായി കത്തോലിക്കാ കത്തീഡ്രലായി മാറ്റപ്പെട്ടിരുന്ന ആ ചരിത്രസ്മാരകത്തിൽ വെച്ച് അദ്ദേഹം നടത്തിയ പ്രാർത്ഥനയും ചിന്തകളും അദ്ദേഹത്തിന്റെ ഏറ്റവുധികം ചർച്ച ചെയ്യപ്പെട്ട ‘മസ്ജിദ്-ഇ-ഖുർതുബ’ എന്ന ദീർഘകവിതയ്ക്ക് ജന്മം നൽകി.
ഇസ്ലാമിന്റെ നഷ്ടപ്പെട്ടുപോയ സുവർണ്ണകാലത്തിന്റെ പ്രതീകമായാണ് ഇക്ബാൽ സ്‌പെയിനെ കണ്ടത്. തന്റെ പ്രഭാഷണങ്ങളിൽ, പാശ്ചാത്യ ലോകം ഇന്ന് കാണുന്ന ശാസ്ത്രീയ-ബൗദ്ധിക പുരോഗതിയുടെ യഥാർത്ഥ വേരുകൾ സ്പെയിനിലെ ഇസ്ലാമിക സർവ്വകലാശാലകളായിരുന്നു എന്ന് അദ്ദേഹം വാദിച്ചുകൊണ്ടിരുന്നു. സ്പെയിനിലെ മുസ്ലിം ഭരണത്തിന്റെ തകർച്ചയെ ഒരു പാഠമായാണ് ഇക്ബാൽ ഇന്ത്യൻ മുസ്ലിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ആത്മീയമായ കരുത്തും രാഷ്ട്രീയമായ അധികാരവും പരസ്പരം വേർപെട്ടുപോയതാണ് അന്തലൂഷ്യയിലെ മുസ്ലിങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഭാരതത്തിന്റെ ദേശീയതയെ തള്ളിപ്പറഞ്ഞ് അദ്ദേഹം എഴുതിയ ‘തരാനാ-ഇ-മില്ലി’ എന്ന കവിതയിലും ഈ സ്പെയിൻ ഓർമ്മ കടന്നുവരുന്നുണ്ട്:
“അന്തലുസ് കേ മൈദാൻ മേ മുസ്ലിം കാ സനാസ ഹേ…”
(അന്തലൂഷ്യയുടെ മൈതാനങ്ങളിൽ മുസ്ലിങ്ങളുടെ പഴയ പ്രതാപത്തിന്റെ സാക്ഷ്യങ്ങളുണ്ട്…) എന്നയാൾ പാടി. ഒരു കാലത്ത് തങ്ങൾ ഭരിച്ച മണ്ണിൽ നിന്ന് തങ്ങൾ പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടു എന്ന ചരിത്രപരമായ ഭീതി ഇക്ബാലിൽ ശക്തമായിരുന്നു.
സ്‌പെയിനിലെ മുസ്ലിങ്ങൾക്ക് സംഭവിച്ച അതേ സാംസ്കാരികവും രാഷ്ട്രീയവുമായ പതനം ഇന്ത്യയിലെ മുസ്ലിങ്ങൾക്കും സംഭവിച്ചേക്കാം എന്ന് ഇക്ബാൽ വിശ്വസിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ ഭൂരിപക്ഷ ജനാധിപത്യം നിലവിൽ വന്നാൽ, സ്പെയിനിലെപ്പോലെ മുസ്ലിങ്ങളുടെ സ്വത്വവും അധികാരവും ഇന്ത്യയിലും എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന സിദ്ധാന്തമാണ് അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലൂടെ മുസ്ലിം ലീഗിന് കൈമാറിയത്.

എന്നാൽ ഇവിടെ ചരിത്രപരമായ ചില വൈവിധ്യങ്ങളുണ്ട്. ആഗോള മുസ്ലിം ഉമ്മത്തിനെക്കുറിച്ച് സംസാരിച്ച ഇക്ബാൽ, ബ്രിട്ടീഷുകാർ ഓട്ടോമൻ ഖിലാഫത്ത് തകർത്തപ്പോൾ അതിനെതിരെ ശബ്ദമുയർത്തിയില്ല. ഇന്ത്യൻ മുസ്ലിങ്ങൾ ആവേശത്തോടെ പങ്കെടുത്ത ഖിലാഫത്ത് പ്രസ്ഥാനത്തെ അദ്ദേഹം എതിർക്കുകയാണ് ചെയ്തത്. എന്ന് മാത്രമല്ല, 1922ൽ ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ‘നൈറ്റ്ഹുഡ്’ (സർ പദവി) സ്വീകരിക്കുകയും ചെയ്തു.
ഇക്ബാലിന്റെ ചിന്തകൾ എത്രത്തോളം ഇടുങ്ങിയതായിരുന്നു എന്ന് മനസ്സിലാക്കാൻ 1932ൽ പേർഷ്യൻ നയതന്ത്രജ്ഞന് അദ്ദേഹം എഴുതിയ കത്ത് പരിശോധിച്ചാൽ മതിയാകും. വിശ്വകവി രവീന്ദ്രനാഥ ടാഗോർ അക്കൊല്ലം ഇറാൻ സന്ദർശിച്ചപ്പോൾ, ടാഗോർ അവിടെ പോയത് ഹിന്ദുക്കളും പേർഷ്യക്കാരും തമ്മിൽ ‘ആര്യൻ ഐക്യം’ ഉണ്ടാക്കാനാണെന്നായിരുന്നു ഇക്ബാലിന്റെ കുറ്റപ്പെടുത്തൽ. ടാഗോറിനെപ്പോലൊരു പ്രതിഭയുടെ വിശ്വമാനവികതയെപ്പോലും വർഗീയമായ കണ്ണടയിലൂടെ മാത്രമേ ഇക്ബാലിന് കാണാൻ കഴിഞ്ഞുള്ളൂ. സ്വാതന്ത്ര്യം എന്നത് മുസ്ലിങ്ങളെ സംബന്ധിച്ച് കേവലം ‘ബ്രിട്ടീഷ് യജമാനന്മാരിൽ നിന്ന് ഹിന്ദു യജമാനന്മാരിലേക്കുള്ള മാറ്റം’ മാത്രമായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
പിന്നീട് നമ്മൾ ഇക്ബാലിനെ കാണുന്നത് ജിന്നയുടെ ഉപദേശകനും പാകിസ്ഥാന്റെ ജൈവപിതാവുമായിട്ടാണ്. മുഹമ്മദലി ജിന്നയെ, തുടക്കത്തിൽ അദ്ദേഹം പോലും അബദ്ധമെന്ന് കരുതിയിരുന്ന ദ്വിരാഷ്ട്ര സിദ്ധാന്തത്തിലേക്ക് (Two Nation Theory) നയിക്കുന്നതിൽ ഇക്ബാൽ വഹിച്ച പങ്ക് നിർണ്ണായകമായിരുന്നു. അക്കാലത്ത് കോൺഗ്രസുമായി ചർച്ചകൾ നടത്തിയിരുന്ന ജിന്നയെ, ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് വ്യത്യസ്ത ജനതയാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തിയത് ഇക്ബാലാണ്. ലണ്ടനിൽ പ്രാക്ടീസുമായി കഴിഞ്ഞിരുന്ന ജിന്നയെ ഇന്ത്യയിലേക്ക് തിരികെ വരാനും മുസ്ലിം ലീഗിന്റെ നേതൃത്വം ഏറ്റെടുക്കാനും ആവശ്യപ്പെട്ട് ഇക്ബാൽ നിരന്തരം കത്തുകളയച്ചു.
1930 ഡിസംബർ 29ന് അലഹാബാദിൽ നടന്ന ഓൾ ഇന്ത്യ മുസ്ലിം ലീഗിന്റെ 21-ാം വാർഷിക സമ്മേളനത്തിൽ അധ്യക്ഷനായിരുന്നുകൊണ്ട് ഇക്ബാൽ നടത്തിയ പ്രസംഗം ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമായി മാറി:
“പഞ്ചാബ്, വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യ, സിന്ധ്, ബലൂചിസ്ഥാൻ എന്നിവ സംയോജിപ്പിച്ച് ഒരൊറ്റ സംസ്ഥാനമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്തോ അല്ലാതെയോ ഒരു ഏകീകൃത വടക്കുപടിഞ്ഞാറൻ ഇന്ത്യൻ മുസ്ലിം രാഷ്ട്രം രൂപീകരിക്കുന്നത്, കുറഞ്ഞത് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെങ്കിലും മുസ്ലിങ്ങളുടെ അന്തിമ വിധിയാണെന്ന് തോന്നുന്നു.”
ഈ പ്രഭാഷണത്തിലൂടെയാണ് ‘ഇന്ത്യയിലെ മുസ്ലിങ്ങൾ ഒരു ന്യൂനപക്ഷമല്ല, മറിച്ച് സ്വയംഭരണാവകാശമുള്ള ഒരു പ്രത്യേക ജനതയാണ്’ എന്ന ആശയം ഇക്ബാൽ ആദ്യമായി മുന്നോട്ട് വെക്കുന്നത്. ബാബ സാഹേബ് അംബേദ്കറുമായി നടത്തിയ ചർച്ചകളിലും ഒരു അഖണ്ഡ ഇന്ത്യൻ യൂണിയനെ ഇക്ബാൽ ശക്തമായി എതിർക്കുകയും ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള സ്വയംഭരണ മുസ്ലിം പ്രവിശ്യകൾക്കായി വാദിക്കുകയും ചെയ്തു. അതുകൊണ്ടാണ് ജിന്നയെ പാകിസ്ഥാന്റെ രാഷ്ട്രീയ പിതാവായി കാണുമ്പോൾ, ഇക്ബാലിനെ അതിന്റെ ‘ഐഡിയോളജിക്കൽ ഫാദർ’ അഥവാ ജൈവപിതാവ് എന്ന് വിശേഷിപ്പിക്കുന്നത്.
അദ്ദേഹം ഇങ്ങനെയൊരു പ്രഖ്യാപനവും നടത്തിയിരുന്നു:
“ഇന്ത്യ പ്രകൃത്യാ തന്നെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഒരു കൂട്ടായ്മയാണ്. മതവിഭാഗങ്ങളെ അവഗണിച്ചുകൊണ്ട് ഇന്ത്യയിൽ പാശ്ചാത്യ ജനാധിപത്യ തത്വങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ആഭ്യന്തര കലഹങ്ങളിലേക്കേ നയിക്കൂ. വർഗ്ഗീയ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാതെ ഇന്ത്യയിൽ ഒരു ഭരണഘടനാ നിർമ്മാണവും സാധ്യമല്ല.”
എന്നാൽ, മറിച്ചാണ് യാഥാർത്ഥ്യമെന്ന് കാലം തെളിയിച്ചു. അലഹാബാദിൽ ഇക്ബാൽ സംസാരിക്കുമ്പോൾ അതൊരു പുതിയ രാജ്യം പെട്ടെന്ന് രൂപീകരിക്കാനുള്ള ആഹ്വാനമായിരുന്നില്ല. എങ്കിലും ആ വാക്കുകളിൽ ഒരു വലിയ രാഷ്ട്രീയ പരിവർത്തനത്തിന്റെ വിത്തുണ്ടായിരുന്നു. കോൺഗ്രസ് ഇതിനെ പൂർണ്ണമായി തള്ളിപ്പറഞ്ഞു. തുടക്കത്തിൽ മുഹമ്മദ് അലി ജിന്ന ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ പോലും ഇതിനെ ഒരു കവിയുടെ ഭാവനയായിട്ടാണ് കണ്ടത്. എന്നാൽ 1933ൽ ചൗധരി റഹ്മത്ത് അലി ഈ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘പാകിസ്ഥാൻ’ എന്ന പേര് നിർമ്മിക്കുകയും, പിന്നീട് കോൺഗ്രസുമായുള്ള ചർച്ചകൾ പരാജയപ്പെട്ടപ്പോൾ ജിന്ന ഇക്ബാലിന്റെ ദർശനത്തെ ലീഗിന്റെ ഔദ്യോഗിക ലക്ഷ്യമായി സ്വീകരിക്കുകയും ചെയ്തു.
ഒടുവിൽ 1940ലെ ലാഹോർ പ്രമേയത്തിലൂടെ അത് വിഭജനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമായി മാറി. 1938 ഏപ്രിൽ 21-നാണ് മുഹമ്മദ് ഇക്ബാൽ അന്തരിക്കുന്നത്. വിഭജനത്തിന്റെ ചോരപ്പുഴകൾ ഒഴുകിയ 1947ലേക്ക് വർഷങ്ങളുടെ ദൂരമുണ്ടായിരുന്നെങ്കിലും, താൻ വിതച്ച വിത്തുകൾ എങ്ങനെയുള്ള ഒരു രാഷ്ട്രീയ രൂപമാണ് കൈവരിക്കാൻ പോകുന്നതെന്ന് 1940ൽ അഖിലേന്ത്യാ മുസ്ലിം ലീഗ് ലാഹോറിൽ പാകിസ്ഥാൻ പ്രമേയം പാസാക്കുന്നതിന് തൊട്ടുമുമ്പ് തന്നെ പ്രകടമായിരുന്നു. ജിന്ന 1940ൽ നടത്തിയ പ്രസംഗങ്ങളിലെ പല വരികളും ഇക്ബാലിന്റെ മുൻകാല ലേഖനങ്ങളുടെ പകർപ്പുകളായിരുന്നു.
താൻ വിഭാവനം ചെയ്ത ആത്മീയവും രാഷ്ട്രീയവുമായ ആ വിഭജനത്തിന്റെ ഭൂപടം മരണത്തിന് തൊട്ടുമുമ്പുള്ള നാളുകളിൽ ഇക്ബാൽ വ്യക്തമായി കണ്ടിരുന്നു. എന്നാൽ പിൽക്കാല ചരിത്രം ഇക്ബാലിന്റെ ദ്വിരാഷ്ട്ര സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ചു. മതം കൊണ്ട് മാത്രം ഒരു രാജ്യത്തെ ഒന്നിപ്പിച്ചു നിർത്താൻ കഴിയില്ലെന്ന് 1971ലെ ബംഗ്ലാദേശ് വിഭജനം കാണിച്ചുതന്നു. ഇന്ന് ബലൂചിസ്ഥാനിലും പാക് അധിനിവേശ കാശ്മീരിലും പുകയുന്ന അസംതൃപ്തികളിൽ അത് നിരന്തരം പ്രത്യക്ഷരൂപത്തിൽ പുറത്തുവരുന്നുണ്ട്. ഇന്ത്യയിലെ കോടിക്കണക്കിന് മുസ്ലിങ്ങൾ തങ്ങളുടെ ജന്മനാട്ടിൽ തന്നെ ജീവിക്കാൻ തീരുമാനിച്ചതോടെ ഇക്ബാലിന്റെ സിദ്ധാന്തത്തിന്റെ പൊള്ളത്തരം വെളിവായിക്കഴിഞ്ഞു.
’സാരേ ജഹാംസേ അച്ഛാ ഹിന്ദുസ്ഥാൻ’ എന്ന് പാടിയ ഒരു ഇരുപത്തിയേഴുകാരൻ കവി, ഒടുവിൽ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഉപഭൂഖണ്ഡത്തെ വെട്ടിമുറിച്ച, കോടിക്കണക്കിന് മനുഷ്യരെ ഒരു varയ്ക്കിപ്പുറവും അപ്പുറവും ആട്ടിപ്പായിച്ച, ലക്ഷങ്ങളെ കൊന്നൊടുക്കിയ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ആചാര്യനായി ജീവിച്ചു തീർത്തു എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. ഒടുവിൽ നാം നേടിയെടുത്ത നമ്മുടെ ‘ഇന്ന്’ എന്നത്, ആയിരം കൊല്ലത്തെ ബലിദാനങ്ങളുടെ ബാലൻസ് ഷീറ്റിന്റെ അവസാനത്തെ വരിയാണ്.
Leave a comment