നരകവാതിലിലെ അന്ത്യദിനം

റാഗിംഗ് മൂത്തു നിൽക്കുന്ന സമയം.. ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും എന്ന് പരസ്യം കൊടുക്കുന്നത് പോലെയാണ് റാഗിങ്ങും. കേരളത്തിന്റെ അതിരിൽ നിന്നും ദൂരം കൂടും തോറും റാഗിംഗിന് കടുപ്പവും കൂടും.

പരസ്പരം നോക്കി നിൽക്കുന്ന മൂന്നു നിലകളുള്ള രണ്ടു ബ്ലോക്കുകളാണ് വിശാലമായ ആ ഹോസ്റ്റൽ കോമ്പൗണ്ട്. മെസ്സ് ബിൽഡിങ് കടന്നു വേണം അവിടെയെത്താൻ. A ബ്ലോക്ക് ഒന്നാം വർഷം ചേരുന്നവരുടേതാണ്.

അവിടുന്ന് തലയും കുനിച്ച് എപ്പോഴും ടാഗും ഐഡിയും കഴുത്തിലിട്ടാണ് മെസ്സിലേയ്ക്ക് പോകുന്നത്. തല താഴോട്ട് കുനിഞ്ഞിരുന്നോണം. കൈകളുടെ സ്ലീവ് നിവർത്തി ഇട്ടോണം. ബ്രാൻഡഡ് ആയ ഒന്നുമിടരുത്. വാച്ച് കെട്ടരുത്. കളിക്കാൻ ഗ്രൗണ്ടിൽ പോകരുത്. ബാച്ചിലെ പെൺപിള്ളേരുടെ മുഖത്തു നോക്കരുത്. പ്രേമിക്കരുത്. റാഗിംഗ് പേടിച്ചു ജീവിക്കുന്നവരുടെ മുന്നൊരുക്കങ്ങളാണ് ഇതൊക്കെ.

റാഗിംഗിന് ആദ്യം വിളിക്കുന്നത് രണ്ടാം വർഷം പഠിക്കുന്നവരാണ്. അവർ ലിസ്റ്റിടും. വിളിക്കുന്നവർ ദിവസവും അഞ്ഞൂറും ആയിരവും ഒക്കെ കൊണ്ട് പരിചയപ്പെടാൻ ചെല്ലണം. ചിത്രഗുപ്തന്റെ കണക്കുപുസ്തകങ്ങൾ തുറന്ന് കണക്കുകൾ ഓരോന്നായി എണ്ണി പറഞ്ഞു നരകവാതിൽ തുറന്നു തരും. ആ രാത്രി കാളരാത്രിയാവും.

അങ്ങനെയുള്ള വേദികളിൽ ആ വർഷത്തെ കൂട്ടത്തിൽ ചുള്ളനായൊരു പയ്യനായിരുന്നു യാസിർ. നല്ല പൊക്കം, ഹെർക്കൂലിയൻ ഫിസിക്കിന്റെ ഏതാണ്ട് കിടുതാപ്പുകളൊക്കെ മുഖത്തുണ്ട്. ഫുട്‌ബോളറാണ്. അത്ര സൗന്ദര്യമൊന്നും കണ്ണിൽ പിടിക്കാത്ത സീനിയർമാർ ആദ്യം തന്നെ യാസിറിന്റെ പേര് ലിസ്റ്റിൽ ഇട്ടു.

അവസാനം ആ അന്ത്യദിനത്തിന്റെ നാളെത്തി. അത്താഴത്തിനു ശേഷം വഴിവിളക്കുകളണഞ്ഞപ്പോൾ പേടിച്ചുവിറച്ച് അവൻ ബി ബ്ലോക്കിന്റെ പടികൾ കയറി. വിചാരണ തുടങ്ങി.

വിറച്ച ശബ്ദത്തിൽ പേര് പറഞ്ഞു. കോളേജിന്റെ പരമ്പരാഗത സല്യൂട്ട് കാഴ്ചവെച്ചു. അവനെ എന്തോരം ഊറ്റാൻ പറ്റും എന്നറിയാൻ വേണ്ടി അച്ഛന്റെ ജോലി ചോദിച്ചു.

നിറഞ്ഞ കണ്ണുകളോടെ അവൻ പറഞ്ഞു: “അച്ഛന് പെട്ടിക്കടയാണ്…”

ദർബാർ മൂകമായി.

അവനോടുള്ള സഹതാപത്തിൽ ചരിത്രത്തിലാദ്യമായി നരകവാതിൽ തുറക്കാതെ അവൻ ആ കൂട്ടത്തിൽ ചേർന്നു. കൂടെയുള്ള ബലിയാടുകൾക്ക് അവനോട് അസൂയ തോന്നി. ആഴ്ചയിൽ അഞ്ഞൂറും ആയിരവും വെച്ചു കൊടുക്കേണ്ടി വരാതെ അവൻ ആ കോളേജിലെ പൊന്നോമനയായി.

ഒരു കൊല്ലം കഴിഞ്ഞു.

സെമസ്റ്റർ എക്സാം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി കറങ്ങാനിറങ്ങിയ കൂട്ടത്തിൽ യാസിറിനെ കണ്ടിട്ടു പോകാനായി അവന്റെ ചെറ്റക്കുടിലേയ്ക്ക് പോകാൻ സഹമുറിയന്മാരും സഹബ്ലോക്കന്മാരും തീരുമാനിച്ചു. സർപ്രൈസ് വിസിറ്റിൽ പെട്ടിക്കടയിൽ അച്ഛനെ സഹായിക്കാനായി നിൽക്കുന്ന യാസിറിനെ കാണാം എന്നായിരുന്നു വിജയികളുടെ വിചാരം. ഒരുപാട് അലഞ്ഞ്, പലരോടും വഴി ചോദിച്ച് ചോദിച്ച് ചെന്നിറങ്ങിയത് എം.ജി റോഡിലുള്ള ആ ‘പെട്ടിക്കട’യിലായിരുന്നു.

VIP യുടെ വിശാലമായ ഷോറൂമിൽ..!

Leave a comment

Website Powered by WordPress.com.

Up ↑