ശ്രീനാരായണതത്വം ഭാഗം മൂന്ന്

ഉന്നതമായ ഒരു പർവതത്തിന്റെ പാറക്കെട്ടുകളിലൂടെ തടഞ്ഞും തളർന്നും കീഴോട്ടാഞ്ഞ് പരന്ന് സുദീർഘമായ സമ ഭൂമിയിലൂടെ കുറേയൊഴുകി ആഴവും പാരവും കാണാത്ത കടലിന്റെ മടിയിൽ ചെന്നുചേരുന്ന ഒരു നദിയെപ്പോലെയായിരുന്നു സ്വാമികളുടെ അധ്യാത്മിക ജീവിതം. അദ്ദേഹത്തിന്റെ ജീവിതത്തിൽ മൂന്നു വ്യത്യസ്തഘട്ടങ്ങൾ തെളിഞ്ഞു കിടപ്പുണ്ട്. ജനദൃഷ്ടിയിൽ നിന്നകന്ന് കാടുകളിലും മറ്റു അവധൂതനായി നടന്ന കാലം ആദ്യഘട്ടം. പിന്നെ പ്രശാന്തനായ തപസ്വിയായി ജീവിച്ച കാലം മധ്യഘട്ടം. ആത്മസാക്ഷാൽക്കാരം പ്രാപിച്ച് അന്തിമഘട്ടം. സ്വാമികളുടെ കവിതയിലും ഈ സീമരേഖകൾ തെളിഞ്ഞുകാണാം.

ഗിരിനിരകളിലെ പാറക്കൂമ്പാരങ്ങളിൽ ഇടർപൂണ്ട് നദിയുടെ ക്ലേശസ കുലമായ പ്രവാഹം പോലെയാണ് സ്വാമികൾ ആദ്യം നയിച്ച അവധൂതകാലം. കീഴോട്ടൊഴുകണമെന്നല്ലാതെ നദിക്ക് അപ്പോൾ ലക്ഷ്യദർശനമില്ല. ഈശ്വരാഭിമുഖമായി പ്രയാണം ചെയ്യുമെന്നല്ലാതെ സുവിശദമായ പരിപാടിയൊന്നും അന്ന് വെറും ഭക്തപരിവ്രാജകനായിരുന്ന സ്വാമികൾക്ക് ഉണ്ടായിരുന്നില്ല. വാസുദേവൻ, ശിവൻ, സുബ്രഹ്മണ്യൻ, ഗണപതി, ഭദ്രകാളി എന്നീ ദേവതകളെ ഈ ഘട്ടത്തിൽ സ്തുതിച്ചുകാണുന്നു. ഭക്തിയാണ് ഈ സ്തോത്രങ്ങളുടെ കാതൽ. ശബ്ദഭംഗികൊണ്ടും അർഥപുഷ്ടികൊണ്ടും വെട്ടിത്തിളങ്ങുന്ന പല സ്തവങ്ങളും ഇവയിലുൾപ്പെടുന്നു. ഷൺമുഖദശകം, സുബ്രഹ്മണ്യ കീർത്തനം എന്നിവ ശബ്ദകുബേരനും വർണനാ ചതുരനുമായ ഏതു കവിയെക്കൊണ്ടും അവ തന്റേതാണെന്ന് പറയാൻ കൊതിപ്പിക്കുന്നവയാണ്. ഒന്നാമത്തേതിൽ നിന്ന് ഒരെണ്ണം

“തൂമത്തിങ്കൾക്കിടാവും തിരുമുടി
യിടയിൽ പാമ്പലിമ്പുമ്പാറും
ശീമച്ചെമ്പൻ മുടിയ്ക്കൽ തിരുവൊളി
ചിതറിച്ചിന്തുമന്തിച്ചുവപ്പും
നാമപ്പൊട്ടിട്ടിണങ്ങും നെറുകചെറു
പിറക്കീറു കാർവില്ലുവെല്ലു
നോമൽപ്പൂഞ്ചില്ലിവല്ലിക്കൊടിയുമടി
യനുൾക്കമുനയ്ക്കെന്നുകാണാം.”

രണ്ടാമത്തേതിൽനിന്നും ഒന്ന്.

“അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടി തിരുകി
ച്ചൂടിയാടും പണത്തിൻ
ചന്തം ചിന്തുന്നിലാവിന്നൊളി വെളിയിൽ
വിയദ്ഗങ്ഗപൊങ്ങിക്കവിഞ്ഞും
ചന്തച്ചെന്തമിഴിച്ചെങ്കതിർനിരചൊരിയി
ച്ചന്ധകാരാനകറ്റി
ചിന്താസന്താനമേ നിന്തിരുവടിയടിയൻ
സങ്കടം പോക്കിടേണം.”

രചനാസൗന്ദര്യം കൊണ്ട് ചേലപ്പറമ്പനെയോ വെൺമണിയെയോ അനുസ്മരിപ്പിക്കുന്ന വാരോലും വരികൾ.

ആത്മീയാനുഭൂതിയുടെ ആലേഖനമെന്ന നിലയ്ക്ക് കൂടുതൽ കൂടുതൽ മികച്ചു നിൽക്കുന്നവയാണ് തപശ്ചര്യാദശയിലെ കവനങ്ങൾ. ഇവയിൽ ഒരു സമതലപ്രവാഹത്തിന്റെ പ്രശാന്തി ദർശനീയമാണ്. ഒന്നാം ഘട്ടത്തിലെന്ന പോലെ മിക്കവാറും അനുകരണാത്മകമെന്നു പറയാവുന്ന ബഹുദേവതാ സ്തുതികളല്ല ഈ ഭാഗത്തിലുള്ളത്. ഉള്ളിന്റെ ഉള്ളിൽ തെളിഞ്ഞുവരുന്ന ബോധത്തിന്റെ ഉറപ്പോടെ സ്വന്തമായി ചില അനുഭവങ്ങൾ പ്രഗൽഭമായി പ്രഖ്യാപിക്കുന്ന ഒരു പ്രവാചകന്റെ നാദം ഇവിടെ പ്രതിധ്വനിക്കുന്നു. ‘അനുഭൂതിദശകം’, ‘അദ്വൈതദീപിക’ തുടങ്ങിയ കൃതികൾ അവയുടെ പേർവരെ ഈ ധീര നാദത്തിന്റെ പെരുമ്പറ മുഴക്കങ്ങളാണ്.

“ജ്ഞാനം പുറത്തുതനിയേ വരില്ല കണ്ണു
വേണം വരുന്നതിനു കണ്ണിനു കാന്തിപോലെ”എന്നുള്ള ചൊല്ലുകൾ കേട്ടാലും.

ദ്വിതീയ ഘട്ടത്തിൽ ഉൾപ്പെടുന്ന “കുണ്ഡലിനിപ്പാട്ട് ശ്രീനാരായണഗുരുദേവന്റെ കവനങ്ങളിൽ വച്ച് ഏറ്റവും വിശിഷ്ടമായ ശ്രദ്ധ അർഹിക്കുന്നു ണ്ട്. അകവും പുറവും തിങ്ങുന്ന ആനന്ദത്തിന്റെ വേലിയേറ്റത്തിൽ വിറച്ചു കൊണ്ടു ചെയ്യുന്ന നിർവൃതി നൃത്തം ചവിട്ടുകളാണ് അതിലെ ഈരടികൾ. മലയാളത്തിൽ ശുദ്ധ മിസ്റ്റിസിസത്തിന് മിക്കവാറും ആദ്യത്തെ ഒരുപക്ഷേ അവസാനത്തെയും മാതൃകയായി ആ കൃതിയെ കണക്കാക്കാം.

“ആടുപാമ്പേ! പുനം തേടു പാമ്പേ! യരു-
ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ!

തിങ്കളും കൊന്നയും ചൂടുമീശൻപദ-
പങ്കജം ചേർന്നുനിന്നാടുപാമ്പേ!

വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ!.”

ഇതിലെ പാമ്പ് ആത്മീയശക്തിയുടെ സിമ്പൽ ആണ്. ദിവ്യാനുഭൂതിയുടെ കണികാബന്ധം പോലും ഇല്ലാതെ നമ്മുടെ ചില കവികൾ ചമച്ചുവിട്ട കൃത്രിമ മിസ്റ്റിക്ക് കവിതകൾ വായിച്ച് മിസ്റ്റിക്കു സാഹിത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടുപോയ സഹൃദയർ ശ്രീനാരായണ കവനങ്ങളിലേക്ക് കണ്ണോടിക്കുന്നത് ഗുണകരമായിരിക്കും.

അരുണോദയത്തെത്തുടർന്ന് സൂര്യപ്രഭപോലെ ഈ ഘട്ടത്തെ പിൻതുടർന്ന് അനുഭൂതിഘട്ടം അണയുന്നു. ദേവതാ സ്തുതികളുടെ നുരയല്ല ആത്മസാക്ഷാൽക്കാരത്തിന്റെ തിരയാണ് ഇവിടെ പരന്നിരിക്കുന്നത്. ആത്മോപദേശശതകം, ദർശനമാല, ദൈവദശകം തുടങ്ങി സൂക്ഷ്മസൂക്ഷ്മമായ ആശയങ്ങൾ ഇരമ്പിമറിയുന്ന കൃതികളാണ് ഈ ഘട്ടത്തിന്റെ സന്താനങ്ങൾ. ശ്രീനാരായണദർശനത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളാണ് ഇവ. ഇവയ്ക്കിടയിൽ തന്നെ ‘ആത്മോപദേശശതകം’ കേരളത്തിന്റെ ഭഗവദ്ഗീതയാണ്. അഭിനവകേരളത്തിന്റെ അകമതിലിന്മേൽ എന്നെന്നേയ്ക്കും കുറിക്കപ്പെട്ട പരിനിർമല സന്ദേശങ്ങൾ അതിൽ അന്തർഭവിച്ചിരിക്കുന്നു. ഇതാ നോക്കു.

“അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.”.

പ്രഥമഘട്ടത്തിൽ കാണാവുന്ന ചില രചനാവിലക്ഷണതകൾ ഇവിടെയൊട്ടും ഇല്ലെന്നുമാത്രമല്ല ഹൃദയംഗമമായ ആത്മാർഥതയും സാരള്യവും പ്രസാദവും ഓളം വെട്ടുകയും ചെയ്യുന്നു. ഈ ഗുണങ്ങൾക്ക് മകുടോദാഹരണമാണ്
“ദൈവമേ കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ”
എന്നാരംഭിക്കുന്ന ദൈവദശകം. കേരളത്തിലെ ബാലരുടെ നാവിൻതലപ്പത്ത് ചാഞ്ചാടുന്ന അതിലെ രസബിന്ദുക്കൾ മറക്കാൻ പ്രയാസം. ‘ആത്മോപദേശശതകം’ കൊണ്ട് മുതിർന്ന കേരളത്തിന്റെ മാനസസാമ്രാജ്യത്തെ കീഴ്പ്പെടുത്തിയ ഗുരുദേവൻ ‘ദൈവദശകം’ കൊണ്ട് ബാലകേരളത്തിന്റെ ഹൃദയവേദിയിൽ കനകധ്വജം നാട്ടിയിരിക്കുന്നു. കൈരളിക്ക് ഉപഹാരം ചെയ്യപ്പെട്ട ആദ്യത്തെ ബാലസാഹിത്യകൃതികളിൽ മുന്തിയതത്രേ ഇത്. താൻ പാടിയതും പറഞ്ഞതും ഉപദേശിച്ചതുമാണ് ഗുരു പ്രവൃത്തി പദ്ധതിയിലൂടെ ആവിഷ്കരിച്ചതെന്ന് ഈ നിരീക്ഷണത്തിൽ നിന്ന് തെളിഞ്ഞിരിക്കുമല്ലോ. വെറും വേഷധാരികളായ സന്യാസിമാരിൽ നിന്നും നാമധാരികളായ ഗുരുക്കന്മാരിൽ നിന്നും അദ്ദേഹം എങ്ങനെ വിഭിന്നനായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പരസ്പര പ്രധാകരങ്ങളായ വചനകർമങ്ങളുടെ സാമരസ്യം സ്പഷ്ടമാക്കുന്നു.

പരോപകാരം’ എന്ന് പഴയ പ്രയോഗമനുസരിച്ചും ലോകസംഗ്രഹം’ എന്ന് ഗീതയുടെ ഭാഷയിലും ജനസേവനം’ എന്ന് ഇന്നത്തെ രാഷ്ട്രീയ ഭാഷയിലും ഉദ്ദേശിക്കുന്നതിന്റെയെല്ലാം ഇരിപ്പിടമായി വിലസുന്നു. സ്വാമികൾ തന്റെ വേദാന്തകൃതികളിൽ എന്തു ചിന്തിച്ചുവോ അവയൊക്കെ ആചരിച്ചുകൊണ്ടാണ് സ്വാമി അഭിനവ കേരളത്തിന്റെ ഗുരുവായത്. അന്യർക്കുള്ള ഉപദേശം സ്വന്തം അനുഷ്ഠാനമാക്കി മാറ്റാത്തവരെ ലോകം നേതൃസ്ഥാനത്തുനിന്ന് എളുപ്പം തള്ളിക്കളയുന്നു. ശ്രീനാരായണനാകട്ടെ ബഹുലക്ഷം ജനത്തിന്റെ ശാശ്വതനേതാവായി ആരാധ്യനായി വിജയിച്ചരുളുന്നു. താൻ സാക്ഷാൽക്കരിച്ച സത്യത്തിന് തന്റെ ചുറ്റുപാടുകളിന്മേൽ എന്തൊക്കെ പ്രതിഫലനം ആകാമോ അവയെല്ലാം സ്വാമിജിയുടെ അദ്വൈതബോധത്തിലുണ്ടായിരുന്നു. ഈ കൃതികൾ അതിന് നിദർശനമായിരിക്കുന്നു.

ശ്രീനാരായണഗുരുവിന്റെ വാങ്മയം ഏതൊക്കെ? ഇന്നും ഗുരുവിന്റെ എല്ലാ രചനകളും കിട്ടിക്കഴിഞ്ഞിട്ടുണ്ടെന്ന് പറയാമോ? സംശയിക്കണം.

ശ്രീനാരായണ ധർമസംഘം കുറേക്കാലമായി പ്രസിദ്ധീകരിച്ചുവരുന്ന “ശ്രീനാരായ ഗുരുദേവ കൃതികൾ” എന്ന സമാഹാരത്തിൽ അൻപത്തിയേഴു കൃതികൾ ഉണ്ട്. പിന്നെ പല ഗവേഷകരും അപൂർവദൃഷ്ടകൃതികൾ പലതും കണ്ടുപി ടിച്ചു. ശ്രീനാരായണ ധർമപരിപാലയോഗം 1978-ൽ പ്രകാശിപ്പിച്ച സമാഹാരത്തിൽ സംസ്കൃതത്തിലും മലയാളത്തിലും തമിഴിലുമായി അൻപത്തെട്ട് ഗദ്യപദ്യകൃതികൾ കാണുന്നു. വിശേഷിച്ച് പദ്യങ്ങൾ സുന്ദരങ്ങളായ പഴയ മലയാള പദങ്ങളും ഗംഭീരങ്ങളായ സംസ്കൃതശബ്ദങ്ങളും കലർന്ന് പാരായണസുഖം നൽകുന്ന പ്രൗഢരചനകളാണ്. “വിശുദ്ധവും ഗംഭീരവുമായ ഈ വാണി ഗഗന ഗംഗപോലെ വിലസുന്നു” എന്ന കുമാരനാശാന്റെ വാക്കുകൾ അർഥലോപം കൂടാതെ ശ്രീനാരായണ സാഹിതിയേയും പറ്റി പറയാവുന്നതാണ്.

ശ്രീനാരായണഗുരുദേവന്റെ മിക്ക കൃതികളും ചിന്താതുരംഗതകൊണ്ട് സാധാരണ വായനക്കാർക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്നവയല്ല. ‘ആത്മോപദേശശതകം’ ആദ്യമായി പ്രസിദ്ധീകരിച്ച കാലത്ത് ഈ സവിശേഷതയെപ്പറ്റി കുമാരനാശാൻ വിവേകോദയം മാസികയിൽ എഴുതുകയും അതിന് ഒരു വ്യാഖ്യാനം ആവശ്യമാണെന്നു സൂചിപ്പിക്കുകയും ഒരു വ്യാഖ്യാനം തുടങ്ങിവയ്ക്കുകയും ചെയ്തിരുന്നു. ആശാൻ എഴുതിയ “ഭാഷ ശുദ്ധ മലയാളവും രചന അതിമനോഹരവും ആയിരുന്നാലും സ്വാമികളുടെ കവിതകൾക്ക് അർത്ഥകൽപ്പനയിൽ പലപ്പോഴും കാണാറുള്ള ഒരു ദുരവഗാഹതയിൽ നിന്ന് ഈ ശതകവും തീരെ മുക്തമല്ല. വിശേഷിച്ച് ഇതിലെ വിഷയവും ദുരവഗാഹമാകുന്നു. അതുകൊണ്ട് സാധാരണക്കാരായ വായനക്കാർക്ക് ഇത് ആദരണീയമായും ഏറെക്കുറെ ആസ്വാദ്യമായും ഇരിക്കുമെങ്കിലും ഉപയുക്തമാവാൻ പ്രയാസമുണ്ട്. ഒരു വ്യാഖ്യാനത്തിൽ ആ വൈഷമ്യം കുറെ ലഘൂകരിക്കപ്പെടാവുന്നതാണ്. മഹാകവിയുടെ സദുദ്ദേശപരിതമായ ആ വ്യാഖ്യാനശ്രമം കഷ്ടിച്ച് മൂന്നു പദ്യങ്ങളോളമേ എത്തിയുള്ളൂ. മറ്റു വേദാന്ത കൃതികൾക്കും സ്തോത്രങ്ങൾക്കും വായനക്കാരുടെ ബുദ്ധിവൈശദ്യത്തിനായി വ്യാഖ്യാനങ്ങൾ വേണമായിരുന്നു.

ഗുരുദേവ കൃതികളിൽ സൂര്യചന്ദ്രന്മാരെ പ്പോലെ ഭാസിക്കുന്ന ആത്മോപദേശശതകത്തിനും ദർശനമാലയ്ക്കും ചില വ്യാഖ്യാനങ്ങൾ പിന്നീട് പുറത്തുവരികയുണ്ടായി. അപ്പോഴും പ്രകൃഷ്ടങ്ങളായ മറ്റു ലഘുകൃതികൾ നിർവ്യാഖ്യാനങ്ങളും അതുമൂലം അധികം പഠിക്കപ്പെടാതെയും ആയിക്കഴിഞ്ഞു. ശോച്യമായ ഈ സ്ഥിതി മാറ്റിയത് ഗുരുദേവഭക്തിയിലും വേദാന്തപാണ്ഡിതിയിലും അനധരിതനായ പ്രൊഫസർ ബാലകൃഷ്ണൻ നായർ “ശിവാരവിന്ദം” എന്ന പേരിൽ ശ്രീനാരായണ സാഹിത്യത്തിന് ഒരു വ്യാഖ്യാനമാല കോർത്ത്ൻചാർത്തിത്തുടങ്ങിയതുമുതൽക്കാണ്. ശ്രീനാരായണസന്ദേശത്തിന് ഒരു നവോത്ഥാനം ഉണ്ടാക്കുവാൻ അതിനു സാധിച്ചു.

വളരെ വർഷങ്ങളായി പ്രൊഫസർ ബാലകൃഷ്ണൻ നായർ ഭാരതീയ വേദാന്തവും ശ്രീനാരായണസാഹിത്യവും പഠിച്ചുകൊള്ളാൻ യത്നിച്ചു തുടങ്ങിയിട്ട്. ഉപനിഷത്തുകളിലേയും ഗൗഡപാദകാരികകളിലേയും ശാങ്കരഭാഷ്യങ്ങളിലേയും ചിന്തകളെ കേരളീയർക്കു പരിചയപ്പെടുത്തി കൊടുക്കാൻ അദ്ദേഹം ചെയ്ത പരിശ്രമങ്ങൾ വിദ്വാന്മാരാൽ വിലമതിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വേദാന്തജ്ഞാനം ഭാസൽക്കരിക്കപ്പെട്ടിരിക്കുന്നത് ശ്രീനാരായണന്റെ വൈദാന്തികങ്ങളായ പ്രകരണങ്ങളേയും മറ്റു ഈശ്വരോൻമുഖങ്ങളായ കൃതികളേയും വ്യാഖ്യാനിച്ച് പടുത്തുയർത്തിയ കീർത്തിസ്തംഭത്തിലാണ്. ഈ വ്യാഖ്യാനങ്ങളിൽ പലതും വെളിച്ചം കണ്ടു തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. അവയിൽ ചിലതിനെ അവതരിപ്പിക്കാനും ചിലതിനെപ്പറ്റി അഭിപ്രായം പറയാനും അന്നേ എനിക്ക് അവസരം കിട്ടിയത് സസന്തോഷം ഞാൻ ഇപ്പോൾ ഓർക്കുന്നു.

കർമവൈചിത്ര്യവൈദഗ്ധ്യത്തോടെ രംഗത്തിൽ വന്ന് ചൊല്ലിയാടി അരനൂറ്റാണ്ടുമുൻപു ഇവിടെ നിന്നു മറഞ്ഞുപോയ ശ്രീനാരായണഗുരുദേവന്റെ യഥാർഥമായ തത്വാധിഷ്ഠാനം എന്താണെന്ന് ഈ വ്യാഖ്യാനങ്ങൾ കേരളീയരെ മെല്ലെ പ്രബുദ്ധരാക്കിക്കൊണ്ടുവരികയാണ്. ഉത്തമനായ ഒരു സമൂഹപരിഷ്കർത്താവിന്റെ വേഷഭൂഷകൾ അണിഞ്ഞ ഒരു വ്യക്തിയായി പത്രപംക്തികളിലൂടെയും പ്രസംഗവേദികളിലൂടെയും വാചാലതയുടെ ഫലമായി കേരളീയർക്കു കുറേക്കാലമായി സുപരിചിതനായിക്കഴിഞ്ഞിരിക്കുന്ന ശ്രീനാരായണന്റെ ആത്മാവിൽ അധികാരത്തോടെയിരിക്കുന്ന ചൈതന്യം ലോക സംപ്രഹോൽസുകനായിരിക്കുന്ന ഒരു ശ്രേഷ്ഠ സന്യാസിയുടേതാണെന്ന് ബോധ്യപ്പെടാൻ ഈ പഠനങ്ങൾ ഉപകരിക്കാതിരിക്കില്ല.

ശ്രീനാരായണൻ നട്ട് തഴപ്പിച്ച മൃതസഞ്ജീവനികളായ ആത്മോപദേശശതകാദി ഗ്രന്ഥങ്ങളുടെ നിത്യോജ്ജീവകമായ ഔഷധവീര്യം കണ്ടുപിടിച്ച് പ്രചരിപ്പിക്കയാണ് ശ്രീബാലകൃഷ്ണൻ നായരുടെ പാവനലക്ഷ്യം. ഈ വ്യാഖ്യാന രചന അദ്ദേഹത്തിന് ഒരു പ്രേമശ്രമമാണെങ്കിലും നമുക്കതിനെ ഒരു ഭഗീരഥ പ്രയ്തനമായിട്ടേ കാണാൻ കഴിയൂ. നമ്മുടെ ഭസ്മീഭവിച്ചുകൊണ്ടിരിക്കുന്ന കങ്കാളപ്രായമായ ജീവിതങ്ങളെ പാതാളഗതങ്ങളായ ചുടുകാടുകളിൽനിന്ന് സമുദ്ധരിച്ച് അവയ്ക്ക് സ്വർഗീയകാന്തി അനുഭവപ്പെടുത്തിക്കൊടുക്കാൻ ഉതകുന്ന ശ്രീനാരായണ ഗംഗയാണ് ഈ ഭഗീരഥൻ ഇവിടെ ഒഴുക്കിയിരിക്കുന്നത്.

പ്രൊഫസർ സുകുമാർ അഴീക്കോട്
1.12.1980

(ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 10 വാല്യങ്ങളായി ശിവഗിരിയിൽനിന്നും പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾ അവയുടെ അവതാരികയായി ഒന്നാം വാല്യത്തിൽ ചേർത്തിരുന്ന പ്രബന്ധത്തിൽ നിന്ന്)

ഒന്നാം ഭാഗം ഇവിടെ വായിക്കാം..
https://wp.me/pbCTfh-cV

നചികേതം

Leave a comment

Website Powered by WordPress.com.

Up ↑