ഇന്ദിരാഗാന്ധിക്ക് ജനിച്ച തുഗ്ലക്ക്

ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും കറുത്ത അധ്യായമാണ് 1975-ലെ അടിയന്തരാവസ്ഥ. പൗരാവകാശങ്ങൾ പൂർണ്ണമായും നിഷേധിക്കപ്പെട്ട ആ 18 മാസങ്ങളിൽ ഭരണകൂടം ജനങ്ങൾക്കു മേൽ അഴിച്ചുവിട്ട ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു ‘നിർബന്ധിത വന്ധ്യംകരണം’. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി രാജ്യത്തുടനീളം അടിച്ചേൽപ്പിച്ചത്.

അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവാണ് രാജ്യത്തിന്റെ ദാരിദ്ര്യത്തിന് കാരണമെന്ന വാദമാണ് സഞ്ജയ് ഗാന്ധിയും കൂട്ടരും ഉയർത്തിയത്. അദ്ദേഹത്തിന്റെ അധികാര കേന്ദ്രമായിരുന്ന ‘മാരുതി ലിമിറ്റഡ്’ ഓഫീസിൽ വെച്ചാണ് ഇതിനുള്ള പദ്ധതികൾ തയ്യാറായത്. തുടർന്ന്, രാജ്യത്തെ പുരുഷന്മാരിൽ വന്ധ്യംകരണ ശസ്ത്രക്രിയ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ ഉത്തരവിറങ്ങി.

സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും പോലീസുകാർക്കുമെല്ലാം പ്രതിമാസം നിശ്ചിത എണ്ണം ആളുകളെ വന്ധ്യംകരണത്തിന് എത്തിക്കണമെന്ന ‘ടാർഗെറ്റ്’ നൽകി. ടാർഗെറ്റ് തികച്ചില്ലെങ്കിൽ ശമ്പളം തടയുമെന്നും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നുമായിരുന്നു ഭീഷണി. സ്വന്തം ജോലി രക്ഷിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ ചേരികളിലും തെരുവുകളിലും ഇറങ്ങി ദരിദ്രരെ വേട്ടയാടാൻ തുടങ്ങി. അവിവാഹിതരായ ചെറുപ്പക്കാർ, പ്രായമായവർ, ഭിക്ഷാടകർ എന്നിവരെയെല്ലാം വഴികളിൽ നിന്നും ബസ്സുകളിൽ നിന്നും ബലമായി പിടിച്ച് വാനുകളിൽ കയറ്റി ക്യാമ്പുകളിലേക്ക് കൊണ്ടുപോയി.

റേഷൻ കാർഡോ ഡ്രൈവിംഗ് ലൈസൻസോ പുതുക്കണമെങ്കിൽ പോലും വന്ധ്യംകരണ സർട്ടിഫിക്കറ്റ് വേണമെന്ന അവസ്ഥയായി. യാതൊരു ശുചിത്വവുമില്ലാത്ത സ്കൂളുകളിലും താൽക്കാലിക ടെന്റുകളിലുമാണ് ശസ്ത്രക്രിയകൾ നടത്തിയത്. ഉപകരണങ്ങൾ അണുവിമുക്തമാക്കാത്തതിനാൽ ഭൂരിഭാഗം പേർക്കും കടുത്ത അണുബാധയും ടെറ്റനസും ബാധിച്ചു. പരിചയമില്ലാത്ത മെഡിക്കൽ വിദ്യാർത്ഥികൾ വരെ ശസ്ത്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ടതോടെ പലർക്കും ആന്തരിക രക്തസ്രാവമുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമമോ മരുന്നുകളോ നൽകാതെ ആളുകളെ ഇറക്കിവിട്ടു. ശാരീരികമായ തകർച്ചയ്ക്കൊപ്പം, ബലം പ്രയോഗിച്ച് നടപ്പിലാക്കിയ ഈ ക്രൂരത അന്നത്തെ യുവാക്കളിൽ വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. ഷണ്ഡന്മാരെന്ന വിളിപ്പേരിൽ ജീവിതം നശിച്ചുപോയവരും ആത്മഹത്യ ചെയ്തവരും അനവധിയാണ്.

ഈ അനീതിക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ പോലീസ് ക്രൂരമായി വെടിയുതിർത്തു. 1976 ഒക്ടോബറിൽ ഉത്തർപ്രദേശിലെ മുസാഫർനഗറിലും ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലും നടന്ന സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. മുസാഫർനഗറിൽ ആളെ പിടിച്ചുകൊണ്ടുപോകുന്നത് തടയാൻ നോക്കിയ ജനക്കൂട്ടത്തിനു നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ അൻപതിലേറെ പേരാണ് കൊല്ലപ്പെട്ടത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ അധികാരത്തിൽ വന്ന സർക്കാരിന്റെ നിർദ്ദേശപ്രകാരം മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.സി. ഷാ അധ്യക്ഷനായ കമ്മീഷനാണ് ഈ അതിക്രമങ്ങൾ അന്വേഷിച്ചത്. 1978ൽ സമർപ്പിച്ച ഷാ കമ്മീഷൻ റിപ്പോർട്ട് പ്രകാരം അടിയന്തരാവസ്ഥക്കാലത്ത് 1.07 കോടിയിലധികം വന്ധ്യംകരണ ശസ്ത്രക്രിയകൾ നടന്നു! 1975-76 കാലത്ത് 26.42 ലക്ഷം നടന്നിടത്ത്, പദ്ധതി തീവ്രമാക്കിയ 76-77 കാലത്ത് അത് 81.32 ലക്ഷമായി കുതിച്ചുയർന്നു. സർക്കാരിന്റെ സ്വന്തം ലക്ഷ്യത്തേക്കാൾ 190% അധികമായിരുന്നു ഇത്.

ക്വാട്ട തികയ്ക്കാൻ വേണ്ടി പ്രായപൂർത്തിയാകാത്ത കുട്ടികളെയും 70-75 വയസ്സുള്ള വൃദ്ധന്മാരെയും വരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. അവിവാഹിതരെ ബലമായി വന്ധ്യംകരിച്ചതിനെക്കുറിച്ച് 548 പരാതികൾ കമ്മീഷന് ലഭിച്ചു. ഒരേ വ്യക്തിയെത്തന്നെ ഒന്നിലധികം തവണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സംഭവങ്ങളുമുണ്ടായി. സിവിൽ ഉദ്യോഗസ്ഥർ ഡോക്ടർമാരുടെ എതിർപ്പുകൾ പൂർണ്ണമായി അവഗണിച്ചു. ഹരിയാനയിലെ ഉട്ടാവർ ഗ്രാമം പോലീസ് വളഞ്ഞ് 800-ഓളം പുരുഷന്മാരെ ബലമായി പിടിച്ചുകൊണ്ടുപോയ സംഭവം നടുക്കുന്നതായിരുന്നു. ശസ്ത്രക്രിയയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ 1,774 മരണങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും യഥാർത്ഥ സംഖ്യ ഇതിലും എത്രയോ മുകളിലാണെന്ന് സ്വതന്ത്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

മൗലികാവകാശങ്ങൾ റദ്ദാക്കപ്പെടുകയും ‘മിസ’ നിയമപ്രകാരം 35,000ത്തോളം രാഷ്ട്രീയ നേതാക്കളും സാധാരണക്കാരും വിചാരണ കൂടാതെ തടവിലാക്കപ്പെടുകയും ചെയ്തു. പത്രസ്വാതന്ത്ര്യം തടഞ്ഞു; വാർത്തകൾ സെൻസർ ചെയ്യാൻ ഡൽഹിയിലെ പത്ര ഓഫീസുകളിലേക്കുള്ള വൈദ്യുതി പോലും വിച്ഛേദിച്ചു. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു ഭരണഘടനാ വിരുദ്ധ സംഘമാണ് രാജ്യത്തെ ഉദ്യോഗസ്ഥ സംവിധാനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നും കമ്മീഷൻ കണ്ടെത്തി.

ഈ ക്രൂരതകൾ ജനങ്ങളിൽ വമ്പിച്ച രോഷമാണ് ഉണ്ടാക്കിയത്. 1977ൽ അടിയന്തരാവസ്ഥ പിൻവലിച്ച ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്കും കോൺഗ്രസിനും നേരിടേണ്ടി വന്ന ചരിത്രപരമായ പരാജയത്തിന്റെ പ്രധാന കാരണം ഈ നിർബന്ധിത വന്ധ്യംകരണമായിരുന്നു.

ഒരു ജനാധിപത്യ രാജ്യത്ത് ഭരണകൂടം എങ്ങനെ വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറി എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഷാ കമ്മീഷൻ റിപ്പോർട്ട്. ഈ ദുരന്തത്തിന് ശേഷമാണ് ഇന്ത്യയിലെ കുടുംബസൂത്രണ പദ്ധതികൾ പൂർണ്ണമായും വ്യക്തികളുടെ ‘സ്വമേധയാ ഉള്ള തീരുമാനത്തിന്’ വിട്ടുകൊടുക്കാൻ സർക്കാരുകൾ നിർബന്ധിതരായത്.

എന്നാൽ, ആ പഴയ ഭീതിയുടെ നിഴൽ കാരണം, ഇന്ന് രാജ്യം നേരിടുന്ന ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചോ അനിയന്ത്രിതമായ വർദ്ധനവിനെക്കുറിച്ചോ നിയമപരമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഭരണകൂടങ്ങൾ മടിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന മുദ്രാവാക്യങ്ങൾ പലയിടത്തും വിസ്മരിക്കപ്പെടുമ്പോഴും, അന്നത്തെ അടിയന്തരാവസ്ഥ നൽകിയ പാഠങ്ങൾ കാരണം ശക്തമായ നടപടികളിലേക്ക് കടക്കാൻ ഇന്നത്തെ ജനാധിപത്യ സർക്കാരുകൾ ഭയപ്പെടുന്നു.

Leave a comment

Website Powered by WordPress.com.

Up ↑