രാമരാജ്യം: മാവേലി നാടു വാണീടും കാലം

രാമായണ മാസം കഴിഞ്ഞിരിക്കുന്നു.

വായിച്ചുപോരവെ സാകേതരാമൻ, വനവാസകാലത്ത് നഷ്ടപ്പെട്ട ജാനകിയെത്തേടി ഭാരതവർഷമാകെ അലഞ്ഞു; പോരാഞ്ഞ് ദ്വീപസഞ്ചയങ്ങളിലൂടെയും അന്വേഷണം തുടർന്നു. ഒടുവിൽ ചിറകെട്ടി ലങ്കയിലെത്തി, രക്ഷോവിനാശനം നടത്തി, യുദ്ധത്തിൽ ജാനകിയെ വീണ്ടെടുത്തു. മടങ്ങി നന്ദിഗ്രാമത്തിലെത്തി ഭരതനെ കണ്ട്, അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി രാജഭാരം ഏറ്റെടുത്തു. സച്ചിദാനന്ദനും അച്യുതനും അനാമയനും അദ്വയനുമായ ഭഗവാന്റെ പാദപത്മങ്ങളെ ത്രിലോകവാസികളും ഭക്തിയോടെ സേവിച്ചു.

പൂർണ്ണചന്ദ്രനെപ്പോലെയുള്ള മുഖവും നീണ്ട കൈകളും നിലാവുപോലെയുള്ള മന്ദഹാസത്താൽ തിളങ്ങുന്ന ഭാവവുമുള്ള, ആഗ്രഹിച്ചതെല്ലാം നൽകുന്ന അഭിഷേകതീർത്ഥാർദ്രവിഗ്രഹമായ ഭഗവാന്റെ ഈ ദിവ്യരൂപം കൺകുളിർക്കെക്കണ്ടും ധ്യാനിച്ചും സർവ്വജനങ്ങളും ആനന്ദഭരിതരായി കഴിഞ്ഞുകൂടിയെന്ന് രാമാനുജൻ. അയോധ്യയിൽ സിംഹാസനസ്ഥനായ ശേഷം ശ്രീരാമൻ നടപ്പിലാക്കിയ സമത്വസുന്ദരമായ ഭരണകാലത്തെക്കുറിച്ചാണ് പിന്നീട് യുദ്ധകാണ്ഡത്തിലെ രാമരാജ്യവർണ്ണനയിൽ എഴുത്തച്ഛൻ പാടുന്നത്. രാമന്റെ അയനമവസാനിക്കുന്നതിന്റെ ഒരു ഭരതവാക്യം പോലെയാണത്.

രാമരാജ്യത്തെക്കുറിച്ചുള്ള എഴുത്തച്ഛന്റെ ഈ വരികളും, പിന്നീട് പതിനെട്ടോ പത്തൊൻപതോ നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘മാവേലിനാടു വാണീടും കാലം…’ എന്ന മഹാബലിചരിതം ഓണപ്പാട്ടും തമ്മിൽ ആശയപരമായി വലിയ സാമ്യതകളുണ്ട്.

രോഗവും മരണവുമില്ലാത്ത അവസ്ഥയെക്കുറിച്ച് രണ്ടിലും വർണ്ണനയുണ്ട്. രാമായണത്തിൽ എഴുത്തച്ഛൻ “വൈധവ്യദുഃഖം വനിതമാർക്കില്ലൊരു വ്യാധിഭയവുമൊരുത്തർക്കുമില്ലല്ലോ”, “ബാലമരണമകപ്പെടുമാറില്ല” എന്ന് പാടുമ്പോൾ, ഓണപ്പാട്ടിൽ “ആധികൾ വ്യാധികളൊന്നുമില്ല, ബാലമരണങ്ങൾ കേൾപ്പാനുമില്ല” എന്നാണ് വർണ്ണിക്കുന്നത്.

കളവും ചതിയുമില്ലാത്ത സന്മാർഗ്ഗത്തെക്കുറിച്ച് രാമായണത്തിൽ “ദസ്യുഭയവുമൊരേടത്തുമില്ലല്ലോ”, “ഓർക്കയുമില്ല പരദ്രവ്യമാരുമേ” എന്ന് വിവരിക്കുന്നതുപോലെ, ഓണപ്പാട്ടിൽ “കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം, കള്ളപ്പറയും ചെറുനാഴിയും…” എന്ന് പറഞ്ഞു വെക്കുന്നു.

എഴുത്തച്ഛന്റെ രാമരാജ്യവർണ്ണനയും മാവേലിചരിതം ഓണപ്പാട്ടും തമ്മിൽ ഇനിയുമേറെ തുടർസാമ്യതകളുണ്ട്.

പ്രകൃതിയുടെ അനുകൂലാവസ്ഥയും കാർഷിക സമൃദ്ധിയുമാണ് മറ്റൊരു പ്രധാന സമാനത. രാമായണത്തിൽ “സസ്യപരിപൂർണ്ണയല്ലോ ധരിത്രിയും, കാലേ വരിഷിക്കുമല്ലോ ഘനങ്ങളും” എന്ന് എഴുത്തച്ഛൻ പാടുമ്പോൾ, നാടോടികവി ഓണപ്പാട്ടിൽ അത് “വേണ്ടുന്ന നേരം മഴ പെയ്യുന്നു, നെല്ലിനു നൂറു വിളവുമുണ്ട്” എന്ന് അല്പം കൂടി ലളിതമായി വ്യക്തമാക്കുന്നു. കൃത്യസമയത്ത് പെയ്യുന്ന മഴയും അതുവഴിയുണ്ടാകുന്ന ധാന്യസമൃദ്ധിയുമാണ് രണ്ടു കവികളും നാടിന്റെ നന്മയായി കാണുന്നത്.

ജനങ്ങളുടെ സന്മാർഗ്ഗിക ജീവിതവും അപരനോടുള്ള കാരുണ്യവുമാണ് അടുത്ത സാമ്യത. “എല്ലാവനുമുണ്ടനുകമ്പ മാനസേ, നല്ലതൊഴിഞ്ഞുള്ള ചിന്തയില്ലാർക്കുമേ” എന്ന് രാമായണം പ്രജകളുടെ മനഃശുദ്ധിയെയും പരസ്പര സ്നേഹത്തെയും കുറിച്ച് പറയുമ്പോൾ, ഓണപ്പാട്ടിൽ അത് “മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം” എന്ന പ്രശസ്തമായ വരികളായി മാറുന്നു. അസൂയയും വിദ്വേഷവുമില്ലാത്ത, നന്മ മാത്രം മനസ്സിലുള്ള ഒരു ജനതയാണ് രണ്ടു ഭരണകാലങ്ങളുടെയും കരുത്ത്.

അതുപോലെ അന്യായങ്ങളും വഞ്ചനകളുമില്ലാത്ത സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചുള്ള വർണ്ണനയും ശ്രദ്ധേയമാണ്. രാമായണത്തിൽ “ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു, നിന്ദയുമില്ല പരസ്പരമാർക്കുമേ, നോക്കുമാറില്ലാരുമേ പരദാരങ്ങൾ” എന്ന് ജനങ്ങളുടെ ആത്മനിയന്ത്രണത്തെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചും സൂചിപ്പിക്കുമ്പോൾ, ഓണപ്പാട്ടിൽ “ദുഷ്ടരെ പാരിലൊടുക്കുവാൻ വേണ്ടീട്ടു തിഷ്ടതയോടെ വളർന്നൊരിന്നാളിൽ” എന്നും, കള്ളപ്പറയും ചെറുനാഴിയും പോലെയുള്ള വഞ്ചനകളൊന്നും ഒരിടത്തുമില്ലെന്നും ആവർത്തിക്കുന്നു.

ഇസ്ലാമോ-ലെഫ്റ്റ് നിർമ്മിച്ചെടുത്ത കപടസമത്വാഖ്യാനങ്ങളിൽ സാധാരണ കേൾക്കാറുള്ള “ശത്രുവായ അസുരരാജാവിനെ ബ്രാഹ്മണ വേഷത്തിലെത്തിയ വിഷ്ണു വഞ്ചിച്ചു പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി” എന്ന കഥ ആധുനിക കാലത്തെ വ്യാഖ്യാനങ്ങൾ മാത്രമാണ്. ഭാഗവതത്തിൽ വാമനമൂർത്തി ബലിയുടെ തലയിൽ കാൽ വെക്കുന്നത് അഹങ്കാരം ശമിപ്പിച്ച് അനുഗ്രഹിക്കാനാണ്—’മൂർദ്ധ്നി പദം പദം’ എന്ന് ഭാഗവതം.

ഇവിടെ ബലിയെ ശിക്ഷിക്കുകയോ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയോ ചെയ്യുന്നില്ല; പകരം, ദേവേന്ദ്രന്റെ പദവിയേക്കാൾ സുരക്ഷിതവും സമൃദ്ധവുമായ ‘സുതലം’ എന്ന ദിവ്യ ലോകത്തേക്ക് ആദരവോടെ ഉയർത്തുകയാണ് ചെയ്യുന്നത്.

ഭാഗവതത്തിൽ മഹാബലി അസുരനാണെങ്കിലും പരമഭാഗവതനായ പ്രഹ്ലാദന്റെ പേരക്കുട്ടിയാണ്. ബലി ധർമ്മിഷ്ഠനും യാഗങ്ങൾ നടത്തുന്നവനും അത്യന്തം ദാനശീലനുമായിരുന്നു. എന്നാൽ ‘താനാണ് മൂന്നു ലോകവും ജയിച്ചവൻ’ എന്ന ചെറിയൊരു അഹങ്കാരം ബലിക്കുണ്ടായിരുന്നു. അത് മാറ്റി ബലിയെ പൂർണ്ണമായി ഉദ്ധരിക്കാനാണ് ഭഗവാൻ വാമനനായി അവതരിച്ചത്. ബലിയെ പരീക്ഷിക്കാൻ മൂന്നടി മണ്ണ് ചോദിക്കുകയും രണ്ടടികൊണ്ട് ആകാശവും ഭൂമിയും അളക്കുകയും ചെയ്തപ്പോൾ, മൂന്നാമത്തെ അടി വെക്കാൻ സ്ഥലമില്ലാതെ വന്നു. എന്നാൽ സത്യസന്ധനായ ബലി സ്വന്തം ശിരസ്സ് കാണിച്ചുകൊടുത്തു. ബലിയുടെ ഈ ആത്മസമർപ്പണത്തിൽ പ്രീതനായ ഭഗവാൻ പറയുന്നു:

“ആരുടെ മേലാണോ എനിക്ക് അനുഗ്രഹം ചൊരിയേണ്ടത്, അവരുടെ സർവ്വ ഐശ്വര്യവും അതിന്മേലുള്ള അഹങ്കാരവും ഞാൻ ആദ്യം എടുത്തുമാറ്റും. ബലി അതിൽ ജയിച്ചിരിക്കുന്നു.”

മഹാബലിയെ സുതലത്തിലേക്ക് അയച്ച ശേഷം, ഭഗവാൻ വിഷ്ണു ബലിയോട് പറയുന്നത് ഇങ്ങനെയാണ്:

  • വരുന്ന സാവർണി മന്വന്തരത്തിൽ ബലി അടുത്ത ഇന്ദ്രനായി ഭരിക്കും.
  • അതുവരെ സുതലത്തിൽ സകല സുഖഭോഗങ്ങളോടെയും വസിക്കാം.
  • ബലിക്ക് സംരക്ഷണം നൽകാനായി ഭഗവാൻ വിഷ്ണു തന്നെ സുതലത്തിന്റെ വാതിൽക്കൽ ഗദാപാണിയായി കൂടെയുണ്ടാകും.

ആധുനിക രാഷ്ട്രീയാഖ്യാനങ്ങളിൽ വാമനന്റെയും മഹാബലിയുടെയും കഥയിൽ ദേവരും ദൈത്യരും തമ്മിലുള്ള ശത്രുതയും അസുരനായ ബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതുമൊക്കെയാണ് മുഖ്യപശ്ചാത്തലമെങ്കിൽ, മാവേലിചരിതം ഓണപ്പാട്ട് ആ പുരാണകഥയെത്തന്നെ മാറ്റിനിർത്തുന്നു.

“അങ്ങനെതന്നേ വരുന്നുമന്നൻ മാധവൻ ധർമ്മജൻ താനും കൂടി മംഗലമാർന്നങ്ങിരിക്കുന്നു നൽ ചിങ്ങമാസത്തിലെ തിരുവോണത്തുന്നാൾ മാവേലിതാനും വരുമവിടെ പണ്ടേതിനേക്കാൾ മോടിയായി വേണ്ടുന്നതൊക്കെയുമൊരുക്കിടേണം.”

ഇവിടെ മാവേലിയെ ശിക്ഷിക്കുന്ന വിഷ്ണുവിനെയല്ല കാണുന്നത്; മറിച്ച്, നാടുവിട്ടുപോയ മാവേലിയുടെ ഖേദം കണ്ടു മനസ്സലിഞ്ഞ്, തിരുവോണ നാളിൽ മാവേലിക്കൊപ്പം മാധവനും ധർമ്മജനും കൂടെ ഭൂമിയിലേക്ക് എഴുന്നള്ളുകയാണ്. അടിച്ചമർത്തപ്പെട്ട അസുരനായല്ല, “പണ്ടേതിനേക്കാൾ മോടിയായി” പ്രൗഢിയോടെയാണ് മാവേലി തന്റെ ജനങ്ങളെ കാണാൻ വരുന്നത്.

സംസ്കൃത പുരാണപാഠങ്ങളിലെ വിഷ്ണുഭക്തിയെയും ആത്മസമർപ്പണത്തെയും മുൻനിർത്തിയുള്ള കഥാപരിസരവും, പിൽക്കാലത്ത് രൂപപ്പെട്ട സാമൂഹിക-രാഷ്ട്രീയ ആഖ്യാനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഈ രണ്ടു വശങ്ങളും തമ്മിലുള്ള പ്രധാന വൈരുദ്ധ്യങ്ങൾ ഇവയാണ്:

ഭക്തിസങ്കൽപ്പവും രാഷ്ട്രീയ ആഖ്യാനവും: ഭാഗവതത്തിൽ വാമന-ബലി ചരിത്രം കേവലം ഒരു രാജാവിന്റെ വീഴ്ചയല്ല, മറിച്ച് ‘ഈശ്വരനു മുന്നിലെ പൂർണ്ണ ആത്മസമർപ്പണത്തിന്റെ’ ശരണാഗതിയുടെ കഥയാണ്. അസുരകുലത്തിൽ ജനിച്ചെങ്കിലും ബലിയെ ഉത്തമ ഭാഗവതനായും, അഹങ്കാരമൊഴിഞ്ഞ് ഭഗവാനിൽ ലയിച്ച മഹാത്മാവായുമാണ് ഭാഗവതം കാണുന്നത്. ഉത്തരേന്ത്യൻ-ദക്ഷിണേന്ത്യൻ, ആര്യ-ദ്രാവിഡ അല്ലെങ്കിൽ ബ്രാഹ്മണ-ബഹുജന സംഘർഷങ്ങളുടെ പ്രതീകമായി വാമന-മഹാബലി കഥയെ പുനർവ്യാഖ്യാനിക്കുന്ന ശൈലി 19-20 നൂറ്റാണ്ടുകളോടെയാണ് ശക്തമായത്. ഇതിലാണ് ‘ചവിട്ടിത്താഴ്ത്തൽ’, ‘വഞ്ചന’ തുടങ്ങിയ വാചകങ്ങൾ പ്രചാരത്തിലായത്.

സുതലവും പാതാളവും: പുരാണങ്ങളിൽ ‘പാതാളം’ എന്നത് അധോലോകങ്ങളിലൊന്നാണ്. എന്നാൽ ബലിക്ക് ഭഗവാൻ നൽകിയ ‘സുതലം’ എന്നത് സ്വർഗ്ഗത്തേക്കാൾ ഐശ്വര്യമുള്ളതും, വിശ്വകർമ്മാവ് നിർമ്മിച്ചതും, യാതൊരുവിധ ആധികളും രോഗങ്ങളുമില്ലാത്തതുമായ ലോകമാണ്. ഭഗവാൻ തന്നെ അവിടെ വാതിൽക്കൽ ദ്വാരപാലകനായി കാവൽ നിൽക്കുന്നുവെന്നത് ഏതൊരു ഭക്തനും ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായിട്ടാണ് ഭാഗവതം അഷ്ടമസ്കന്ധത്തിൽ വിവരിക്കുന്നത്.

അസുര സങ്കൽപ്പത്തിന്റെ വൈരുദ്ധ്യം: സംസ്കൃത സാഹിത്യത്തിൽ ‘അസുരൻ’ എന്നത് ജന്മം കൊണ്ടുള്ള ഒരു വംശീയ അടയാളമല്ല, മറിച്ച് തമോരജസ് ഗുണങ്ങളുടെ തരംതിരിവാണ്. പ്രഹ്ലാദനും ബലിയും അസുരകുലത്തിൽ ജനിച്ചവരാണെങ്കിലും ധർമ്മിഷ്ഠരും പരമഭക്തരുമായിരുന്നു.

ചുരുക്കത്തിൽ, ഭാഗവതത്തിലെ വൈഷ്ണവ ദർശനവും ഭക്തിമാർഗ്ഗവും മനസ്സിലാക്കാതെ, കഥയെ ആധുനിക വംശീയ/സാമൂഹിക കണ്ണടയിലൂടെ മാത്രം കാണുമ്പോഴാണ് ‘വാമനൻ വഞ്ചകനും ബലി ഇരയുമാണ്’ എന്ന തരത്തിലുള്ള ലളിതവൽക്കരിച്ച ആഖ്യാനങ്ങൾ ഉണ്ടാകുന്നത്. ഭക്തിപ്രസ്ഥാനത്തിന്റെ വക്താവായിരുന്ന എഴുത്തച്ഛനും തന്റെ കൃതികളിൽ ഈ ഈശ്വരീയ ആത്മസമർപ്പണത്തിനാണ് പ്രാധാന്യം നൽകിയിട്ടുള്ളത്.

ഓണമെന്നത് ഏതോ കാലത്ത് നമ്മുടെ നാട് ഭരിച്ചിരുന്നുവെന്നു പറയപ്പെടുന്ന ഒരു രാജാവിന്റെ മാത്രം ഓർമ്മയല്ല; മഹാദേവനും മാധവനും മാവേലിയും പ്രജകളും ഒന്നിച്ചു ചേരുന്ന, വൈകുണ്ഠതുല്യമായ ഒരു ഭഗവത്-ഭക്ത സംഗമമാണ്.

എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണത്തിലൂടെ ഭാരതീയമായ ‘രാമരാജ്യ’ സങ്കൽപ്പത്തെ മലയാളത്തിലേക്ക് ചേക്കേറ്റിയപ്പോൾ, പിൽക്കാലത്തെ നാടോടികവികൾ അതേ സന്മാർഗ്ഗികവും സമത്വസുന്ദരവുമായ ആശയങ്ങളെ കേരളീയ പശ്ചാത്തലത്തിലേക്ക് മാറ്റിപ്രതിഷ്ഠിക്കുകയായിരുന്നു. ശാസ്ത്രീയവും പുരാണപരവുമായ ‘രാമരാജ്യ’ സങ്കൽപ്പം, പിൽക്കാലത്ത് സാധാരണക്കാരായ മനുഷ്യരുടെ വായ്മൊഴികളിലൂടെയും നാടൻ പാട്ടുകളിലൂടെയും സഞ്ചരിച്ച് ‘മാവേലി നാടായി’ പുനർജനിക്കുകയായിരുന്നു.

ഭരണാധികാരിയും ദൈവങ്ങളും പ്രജകളും ഒന്നായി ജീവിക്കുന്ന, അധർമ്മമില്ലാത്ത ഒരു ‘സമൂഹസ്വപ്നമാണ്’ രണ്ടു കൃതികളുടെയും കാതൽ.

ഏവർക്കും ഓണാശംസകൾ…

Leave a Reply

Website Powered by WordPress.com.

Up ↑