ഭാവയാമി രഘുരാമം

അയോധ്യയിൽ രാമലല്ലയ്ക്ക് വീണ്ടും ക്ഷേത്രമുയരുന്നതിന് നൂറ്റാണ്ടുകൾക്കുമുമ്പേ, തിരുവിതാംകൂറിന്റെ മണ്ണിൽ രാമായണത്തിന് ഒരു ഭവ്യ മന്ദിരം സംസ്കൃതത്തിൽ തീർത്തിരുന്നു സ്വാതി തിരുനാൾ മഹാരാജാവ്. പത്തൊൻപാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ 1829 മുതൽ 1846 വരെ തിരുവിതാംകൂർ സിംഹാസനത്തിലിരുന്ന് ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിനൊപ്പം സംഗീതത്തിനും സാഹിത്യത്തിനും വലിയ സംഭാവനകൾ നൽകിയ ഭരണാധികാരിയായിരുന്നു അദ്ദേഹം.

നാടുവാഴാൻ കുലത്തിൽ പുരുഷസന്താനമില്ലാതെ വിഷമിച്ച റീജൻറ് റാണി ഗൗരി ലക്ഷ്മിബായിയും ഭർത്താവ് രാജരാജവർമ്മ വലിയ കോയിത്തമ്പുരാനും  ദേവപ്രശ്നവിധിപ്രകാരം ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിനു സമീപം പണിതീർത്ത പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രത്തിൽ വഴിപാടുകളും പൂജകളും നടത്തി ജനിച്ച കുഞ്ഞാണ് ഗർഭശ്രീമാൻ എന്നറിയപ്പെട്ട സ്വാതി തിരുനാൾ രാമവർമ്മ മഹാരാജാവ് എന്ന ചരിത്രവും വിശ്വാസവും പറയുന്നു. ഇരയിമ്മൻ തമ്പി രചിച്ച “ഓമനത്തിങ്കൾക്കിടാവോ” എന്ന താരാട്ടിലെ ഭാഗ്യദ്രുമത്തിൻ ഫലവും ഈശ്വരൻ തന്ന നിധിയും സാക്ഷാൽ ആ ഗർഭശ്രീമാൻ തന്നെയായിരുന്നു.

ഭരണകാര്യങ്ങൾക്കൊപ്പം സംഗീതത്തിനും സാഹിത്യത്തിനും മഹത്തായ സംഭാവനകൾ നൽകിയ ആ രാജശ്രേഷ്ഠൻ കേവലമൊരു വാഗ്ഗേയകാരൻ മാത്രമായിരുന്നില്ല. സംസ്കൃത സാഹിത്യലോകത്ത് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ ഉന്നതനായ ഒരു മഹാകവി കൂടിയായിരുന്നു. കേരള സംസ്കൃത സാഹിത്യചരിത്രത്തിൽ വടക്കുംകൂർ രാജരാജവർമ്മ സ്വാതി തിരുനാളിനെ അടയാളപ്പെടുത്തുന്നത് ഭക്തജനങ്ങളുടെയും കവിരത്നങ്ങളുടെയും നിരയിലാണ്.

അദ്ദേഹത്തിന്റെ ‘ഭക്തിമഞ്ജരി’ എന്ന ഒറ്റ കൃതി മതി ആ സ്ഥാനം നേടിക്കൊടുക്കാനെന്ന് വടക്കുംകൂർ സാക്ഷ്യപ്പെടുത്തുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ സ്വാതി തിരുനാളിന് തുല്യനായി മറ്റൊരു സംസ്കൃതകവി ഉണ്ടായിരുന്നില്ലെന്നാണ് വലിയ കോയിത്തമ്പുരാന്റെ വിലയിരുത്തൽ. മേൽപ്പത്തൂർ നാരായണഭട്ടതിരിയും രാമപാണിവാദനും അടങ്ങുന്ന കേരളത്തിന്റെ സുവർണ സംസ്കൃതകാവ്യപാരമ്പര്യത്തിന്റെ തിളക്കമുള്ള തുടർച്ചയായിരുന്നു അദ്ദേഹം.

നവവിധഭക്തിയെ പ്രതിപാദിക്കുന്ന ഭാഗവതസാരസംഗ്രഹമായ ‘ഭക്തിമഞ്ജരി’ക്ക് പുറമേ, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാഹാത്മ്യം വർണിച്ചുള്ള ‘ശ്യാനന്ദൂരപുരവർണനപ്രബന്ധം’ പോലുള്ള പ്രബന്ധങ്ങളും നിരവധി സ്തോത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പാൽക്കടലിൽ യോഗസമാധിയിൽ അമർന്നിരിക്കുന്ന പത്മനാഭസ്വാമിയുടെ ചൈതന്യമാണ് ശ്രീരാമാവതാരമായി അവതരിച്ചതെന്ന ആത്മീയസങ്കൽപ്പം ഈ കൃതിയിൽ പ്രതിഫലിക്കുന്നു.

ചെറുപ്പം മുതലേ സംസ്കൃതത്തിലും മറ്റ് നിരവധി ഭാഷകളിലും അപാരമായ പാണ്ഡിത്യം നേടിയ സ്വാതി തിരുനാൾ, വാത്മീകി രാമായണം ഉൾപ്പെടെയുള്ള ഹൈന്ദവ ഇതിഹാസങ്ങൾ മൂലരൂപത്തിൽത്തന്നെ പഠിക്കുകയും അതിലെ ദാർശനികത ഉൾക്കൊണ്ടുകൊണ്ട് അവ തന്റെ സംഗീത സാഹിത്യ സപര്യയിൽ ആവിഷ്കരിക്കുകയും ചെയ്തു. തനിക്ക് പകർന്നു തന്ന ആത്മീയഞാനത്തെയും ഭക്തിയെയും തന്റെ കീർത്തനങ്ങളിലൂടെ പുറത്തേക്ക് പ്രവഹിപ്പിക്കുകയായിരുന്നു അദ്ദേഹം. വാല്മീകി രാമായണത്തിന്റെ ഇരുപത്തിനാലായിരത്തോളം ശ്ലോകങ്ങളെയും ആറു കാണ്ഡങ്ങളെയും അതിസംക്ഷിപ്തമായി ഒരൊറ്റ സംസ്കൃത കീർത്തനത്തിൽ ആവാഹിച്ച സംക്ഷേപ രാമായണഭാവമുള്ള കൃതിയാണ് “ഭാവയാമി രാഘുരാമം.”

വാല്മീകി രാമായണത്തിന്റെ സാരാംശം ഒരു വരിപോലും ഭാവച്യുതി വരാതെ സംഗീതത്തിന്റെ അമൃതതത്തിലഭിഷകം ചെയ്ത് സാക്ഷാത്കരിക്കുകയായിരുന്നു ഈ കാവ്യശിൽപത്തിലൂടെ. ബാലകാണ്ഡത്തിലെ അഹല്യാമോക്ഷം മുതൽ യുദ്ധകാണ്ഡത്തിലെ തിളങ്ങുന്ന പട്ടാഭിഷേകം വരെയുള്ള സുവർണനിമിഷങ്ങൾ വെറുമൊരു കഥയെന്നതിലുപരി, ഭക്തന്റെ ഹൃദയത്തിൽ തെളിയുന്ന നിശ്ചല ദൃശ്യങ്ങളുടെ ഒരു ദൃശ്യവിസ്മയമായി ആ കീർത്തനം മാറിമറിയുന്നു. ചരിത്രത്തിന്റെയും ഇതിഹാസത്തിന്റെയും സംഗീതത്തിന്റെയും ഭക്തിയുടെയും സങ്കലനത്തിലൂടെ രൂപം കൊണ്ട ഒന്നാണ് “ഭാവയാമി രാഘുരാമം”.

ആറ് കാണ്ഡങ്ങളും രാഗസൗന്ദര്യവും

രാമന്റെ അയനം: സാകേതം മുതൽ സുവർണമയി ലങ്ക വരെ

തുടക്കത്തിൽ ‘സാവേരി’ രാഗത്തിൽ രൂപകതാളത്തിൽ ഒറ്റ കീർത്തനമായാണ് സ്വാതി തിരുനാൾ ഇത് ചിട്ടപ്പെടുത്തിയത്. പിൽക്കാലത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ സംഗീതകുലപതിയായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ഇതിന്റെ ഓരോ ഭാഗവും രാമായണത്തിലെ ഓരോ കാണ്ഡത്തിന് അനുയോജ്യമായ വ്യത്യസ്ത രാഗങ്ങളിലാക്കി മനോഹരമായ ഒരു രാഗമാലികയായി അവതരിപ്പിച്ചു. ഈ ക്രമീകരണം കൃതിയുടെ ഭാവതീവ്രതയെ പതിന്മടങ്ങ് വർദ്ധിപ്പിച്ചു:

  • ബാലകാണ്ഡം (നാടക്കുറിഞ്ഞി രാഗം): വിശ്വാമിത്രനോടൊപ്പമുള്ള യാഗരക്ഷയും, സരയൂതീരത്തെ ബാല്യകാല സംഭവങ്ങളും, തുടർന്ന് സീതാസ്വയംവരവും ഈ കാണ്ഡത്തിൽ പ്രതിഫലിക്കുന്നു.
  • അയോദ്ധ്യാകാണ്ഡം (ധന്യാസി രാഗം): പിതൃസത്യപരിപാലനത്തിനായി നയിക്കപ്പെടുന്ന വനവാസവും, ഭരതന് ശ്രീരാമൻ പാദുകങ്ങൾ നൽകി യാത്രയാക്കുന്ന വികാരനിർഭരമായ നിമിഷങ്ങളും.
  • ആരണ്യകാണ്ഡം (മോഹനം രാഗം): ദണ്ഡകാരണ്യ പ്രവേശനവും, ശൂർപ്പണഖാ വൃത്തവും, സീതാപഹരണവും ജടായുമോക്ഷവും ഉൾക്കൊള്ളുന്ന സങ്കടസമ്മിശ്രമായ രംഗങ്ങൾ.
  • കിഷ്കിന്ധാകാണ്ഡം (മുഖാരി രാഗം): ഹനുമാനുമായുള്ള അവിസ്മരണീയമായ കൂടിക്കാഴ്ചയും, സുഗ്രീവ സഖ്യവും, വാലി വധവും.
  • സുന്ദരകാണ്ഡം (പൂർവ്വികല്യാണി രാഗം): സമുദ്രം താണ്ടി ലങ്കയിലെത്തുന്ന ഹനുമാന്റെ ദൗത്യവും, അശോകവനത്തിൽ സീതാദേവിയെ കണ്ട് ആശ്വാസവാക്കുകൾ പകർന്നുനൽകുന്ന പ്രകാശപൂരിതമായ ദർശനവും.
  • യുദ്ധകാണ്ഡം (മധ്യമവതി രാഗം): ലങ്കാദഹനവും രാവണവധവും കഴിഞ്ഞുള്ള വിജയാഘോഷവും, പുഷ്പകവിമാനത്തിൽ സീതാസമേതനായി അയോധ്യയിലേക്ക് മടങ്ങിയെത്തുന്ന മംഗളകരമായ സമാപനവും.

ഏഴാമത്തെ കാണ്ഡമായി രാമായണത്തിൽ ഇന്ന് ലഭ്യമായ ഉത്തരകാണ്ഡം ‘പ്രക്ഷിപ്ത’മാണ് എന്ന ചർച്ചകൾ നാം ചെയ്യുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് എന്നു കൂടി ശ്രദ്ധിക്കണം. അന്നേ ഒഴിവാക്കേണ്ടവർ ഒഴിവാക്കിത്തന്നെയാണ് നെല്ലും പതിരും തിരിച്ചിരുന്നത്.

ഈ മഹാകൃതി കർണാടക സംഗീതലോകത്ത് ചിരപ്രതിഷ്ഠ നേടുന്നതിൽ എം. എസ്. സുബ്ബലക്ഷ്മി വഹിച്ച പങ്ക് തുല്യതയില്ലാത്തതാണ്. ശെമ്മാങ്കുടിയുടെ ചിട്ടവട്ടങ്ങളിൽ ഈ രാഗമാലിക റെക്കോർഡുകളിലൂടെയും കച്ചേരിവേദികളിലൂടെയും ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരിലേക്ക് എത്തിച്ചത് എം. എസ്. സുബ്ബലക്ഷ്മിയാണ്.

ഒരു മഹാപ്രതിഭയുടെ ആയുസ്സും ആഴവും

സ്വാതി തിരുനാൾ മുപ്പത്തിമൂന്ന് വർഷം മാത്രമാണ് ഭൂമിയിൽ ജീവിച്ചത്. അതിൽ കേവലം പതിനെട്ട് വർഷത്തെ കർമ്മനിരതമായ ജീവിതത്തിനുള്ളിൽ വിവിധ ഭാഷകളിലായി നാനൂറിലധികം കൃതികളാണ് അദ്ദേഹം സമ്മാനിച്ചത്. സമകാലികരായിരുന്ന ത്യാഗരാജസ്വാമികൾ എൺപതോളം വർഷത്തെ ജീവിതത്തിനിടയിൽ ആറുനൂറ്റിലധികം കീർത്തനങ്ങളും, മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും ദീർഘകാലംകൊണ്ട് നൽകിയ സംഭാവനകൾക്കൊപ്പം ചേർത്തുനോക്കുമ്പോൾ, ആ ഹ്രസ്വകാല ജീവിതത്തിന്റെ മഹാസംഭാവന വിസ്മയകരമാണ്.

സംഗീതം കൊണ്ടൊരു കൊട്ടാരവും, സാഹിത്യം കൊണ്ടൊരു മഹാക്ഷേത്രവും തീർത്ത സ്വാതി തിരുനാൾ എന്ന മഹാകവിയുടെ പ്രതിഭയിലൂടെ, രാമായണം തലമുറകളിലേക്ക് സംഗീതമായി ഒഴുകിയെത്തുന്നത് കാലം സാക്ഷ്യം വഹിക്കുന്നു. 6 കാണ്ഡങ്ങളെ, 534 സർഗ്ഗങ്ങളെ 28 വരികളിൽ സംഗ്രഹിച്ച മഹത്തായ, അതിഗംഭീരമായ പാണ്ഡിത്യത്തെ, ആ അപാംഗലീലാലസിതനായ രഘൂത്തമന്റെ ചരണങ്ങളിൽ സമർപ്പിക്കപ്പെട്ട ഈ സംഗീത സാന്ദ്രമായ അർഘ്യത്തെ, ഭാരതീയ സാംസ്കാരിക ചരിത്രത്തിൽ കുമരിയമ്മന്റെ മൂക്കുത്തിയിലെ രത്നജ്യോതിയെന്ന പോലെ തിളങ്ങിനിൽക്കും..

Leave a comment

Website Powered by WordPress.com.

Up ↑