വിദ്യാഭാസ വകുപ്പ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ ഫ്രീഡം ക്വിസ് ചോദ്യാവലിയില്‍ വീരസവർക്കറെ കുറിച്ച് ഒരു ചോദ്യം ഇടംപിടച്ചത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു അപൂർവതയാണ്. സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ‘ഫ്രീഡം ക്വിസ് 2026’ ക്വിസിൽ ടൈ ബ്രേക്കർ ക്വസ്റ്റ്യൻസ് എന്ന തലക്കെട്ടിന് കീഴിൽ അഞ്ചാമതായാണ് ബ്രിട്ടിഷുകാരുടെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര് എന്ന ചോദ്യം ചോദിച്ചിരിക്കുന്നത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലേക്കായാണ് ഈ ചോദ്യാവലി തയാറാക്കിയത്.
ആ ഒരൊറ്റ ചോദ്യം കൊണ്ട്, എത്രായിരം കോട്ടമതിലുകൾ കൊണ്ട് കെട്ടിപ്പൊതിഞ്ഞു സംരക്ഷിച്ച പ്രൊപ്പഗണ്ടയാണ് മലയാള മണ്ണിൽ തകർന്നു വീണത്!
ഏറ്റവുമധികം കാലം ബ്രിട്ടീഷ് തടവറയിൽ കഴിഞ്ഞ ഇന്ത്യൻ വിപ്ലവകാരിയാര്..?
ഉത്തരം ഒന്നേയുള്ളൂ – വീര സവർക്കർ..!
13 മാർച്ച് 1910 മുതൽ 10 മെയ് 1937 വരെ..
തുടർച്ചയായി ഏതാണ്ട് പതിനായിരം ദിവസങ്ങൾ..
കൃത്യമായി പറഞ്ഞാൽ 9,920 ദിനങ്ങൾ. നീണ്ട 27 കൊല്ലവും ഒരു മാസവും 27 ദിവസവും..!
ഇനി നിങ്ങൾ വായിക്കേണ്ടത് 1918ലെ ജസ്റ്റിസ് റൗലറ്റിന്റെ സെഡിഷൻ കമ്മിറ്റി റിപ്പോർട്ടാണ്. അതിനുള്ളിൽ, ബ്രിട്ടീഷുകാരന്റെ ഭാഷയിൽത്തന്നെ, അന്നുവരെ അഖണ്ഡ ഭാരതത്തെ മുഴുവൻ വിറപ്പിച്ച ധീരന്മാരുടെ കഥകൾ നിങ്ങൾക്ക് വായിക്കാം.
വിപ്ലവം ചുമ്മാ പ്രസംഗത്തിൽ മാത്രം പ്രയോഗിക്കുന്ന കമ്യൂണിസമൊക്കെ ഈ നാട്ടിൽ ഒരു പ്രസ്ഥാനമായി മാറുംമുമ്പേ ജീവൻ ബലി നൽകിയവരാണ് ഇവിടുത്തെ വിപ്ലവകാരികൾ.
അതി വിശാലമായ ആ പ്രസ്ഥാനങ്ങളിൽ ഏറ്റവും തീവ്രമെന്ന് അവർ രേഖപ്പെടുത്തിയ രണ്ട് പ്രസ്ഥാനങ്ങളാണ് ബംഗാളിലെ അനുശീലൻ സമിതിയും ബോംബെയിലെ അഭിനവ ഭാരതും.
ഈ രണ്ട് പ്രസ്ഥാനങ്ങളെയും ബ്രിട്ടീഷുകാർ അടിച്ചമർത്തിയത് നൂറുകണക്കിന് വിപ്ലവകാരികളെ തൂക്കിലേറ്റിയും വെടിവെച്ചുകൊന്നും, അവരുടെ അടുക്കളയിലെ ഉപ്പുകലമടക്കം സകല സ്വത്തുക്കളും കണ്ടുകെട്ടിയും, യെമനിലെ ഏദൻ ജയിലിലേക്കും ബർമ്മയിലെ മണ്ഡാലെ ജയിലിലേക്കും ആന്തമാനിലെ കാലാപാനിയിലേക്കും നാടുകടത്തിയുമൊക്കെയാണ്.
അക്കാലത്ത് അന്തർദേശീയ തലത്തിൽ വരെ വലിയ ചർച്ചകളുയർത്തിയ വീരസവർക്കറുടെ അറസ്റ്റ് സംഭവിക്കുന്നത് വലിയൊരു ചരിത്ര പശ്ചാത്തലത്തിലാണ്. 1909-ൽ ലണ്ടനിൽ വച്ച് സർ കഴ്‌സൺ വൈലിയെ മദൻ ലാൽ ധീംഗ്ര വധിച്ചതിനെത്തുടർന്ന്, വിപ്ലവ കേന്ദ്രമായ ‘ഇന്ത്യ ഹൗസിന്’ മേൽ ബ്രിട്ടീഷ് പോലീസ് കടുത്ത നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. അറസ്റ്റ് ഒഴിവാക്കാനും അന്താരാഷ്ട്ര തലത്തിൽ പിന്തുണയുറപ്പിച്ചു വിപ്ലവപ്രവർത്തനങ്ങൾ തുടരാനുമായി 1910 ജനുവരിയിൽ സവർക്കർ ഫ്രാൻസിലെ പാരീസിലേക്ക് മാറി.
എന്നാൽ, താൻ വിദേശത്ത് സുരക്ഷിതനായി കഴിയുമ്പോൾ ഇന്ത്യയിലും ലണ്ടനിലും തന്റെ സഹപ്രവർത്തകരെ ബ്രിട്ടീഷ് പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. കൂട്ടാളികൾ തടവറയിൽ കിടക്കുമ്പോൾ താൻ മാറിനിൽക്കുന്നത് ഭീരുത്വമാണെന്ന് കരുതിയ അദ്ദേഹം, പ്രമുഖ വിപ്ലവകാരിയായ മേഡം ഭിക്കാജി കാമ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെ വിലക്ക് വകവെക്കാതെ, ബ്രിട്ടീഷ് പോലീസിനെ നേരിടാനും കോടതിയെത്തന്നെ വിപ്ലവ പ്രചാരണ വേദിയാക്കി മാറ്റാനുമായി ലണ്ടനിലേക്ക് മടങ്ങാൻ തീരുമാനിച്ചു..
വീരസവർക്കറുടെ അറസ്റ്റ്, ശിക്ഷ, തടങ്കൽ പുനഃപരിശോധന എന്നിവയുടെ പ്രധാന വഴികൾ താഴെ കൊടുക്കുന്നു..
13 മാർച്ച് 1910: പാരീസിൽ നിന്ന് ലണ്ടനിൽ തിരിച്ചെത്തിയ അദ്ദേഹത്തെ ബ്രിട്ടീഷ് പോലീസ് വാട്ടർലൂ റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്തു. തുടർന്ന് ലണ്ടനിലെ കുപ്രസിദ്ധമായ ബ്രിക്സ്റ്റൺ ജയിലിൽ തടവിലാക്കി.
08 ജൂലൈ 1910: വിചാരണയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനിടെ ‘എസ്.എസ്. മോറിയ’ കപ്പലിന്റെ ഇടുങ്ങിയ ഒരു പോർട്ട്‌ഹോളിലൂടെ ചാടി ഫ്രഞ്ച് തീരത്തേക്ക് സാഹസികമായി രക്ഷപ്പെട്ടെങ്കിലും, ബ്രിട്ടീഷ് പോലീസ് നിയമവിരുദ്ധമായി വീണ്ടും പിടികൂടി.
24 ഡിസംബർ 1910: ആദ്യത്തെ 25 വർഷത്തെ ജീവപര്യന്തം നാടുകടത്തൽ ശിക്ഷ വിധിക്കപ്പെട്ടു.
31 ജനുവരി 1911: രണ്ടാമതും 25 വർഷത്തെ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വ ചരിത്രത്തിൽ ഒരേ കേസിൽ 50 വർഷം നീണ്ട രണ്ട് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഒരേയൊരു വ്യക്തിയായി സവർക്കർ മാറി.
04 ജൂലൈ 1911: അന്തമാനിലെ സെല്ലുലാർ ജയിലിലേക്ക് പ്രവേശിപ്പിച്ചു.
04 ജൂൺ 1919: ബ്രിട്ടീഷ് സർക്കാർ രാഷ്ട്രീയ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചെങ്കിലും, സവർക്കർ സഹോദരന്മാരെ ‘അപകടകാരികളായ ഗൂഢാലോചനക്കാർ’ എന്ന് വിശേഷിപ്പിച്ച് പൊതുമാപ്പിൽ നിന്ന് ഒഴിവാക്കാൻ ബോംബെ സർക്കാർ ഉത്തരവിട്ടു.
24 ഡിസംബർ 1919: രാജകീയ പൊതുമാപ്പ് നടപ്പിലാക്കുകയും ബാരീന്ദ്ര ഘോഷ് ഉൾപ്പെടെ പല തീവ്രവിപ്ലവകാരികൾക്കും മോചനം ലഭിക്കുകയും ചെയ്തു. എന്നാൽ സവർക്കർ സഹോദരന്മാർ കാലാപാനിയിൽ തുടർന്നു.
21 മേയ് 1921: കഠിനമായ ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് സവർക്കറെയും സഹോദരനെയും അന്തമാനിൽ നിന്ന് തിരികെ ഇന്ത്യൻ ഹൃദയഭൂമിയിലേക്ക് കൊണ്ടുവന്നു.
1921 – 1923: അലിപ്പൂർ, രത്നഗിരി ജയിലുകളിൽ തടവിൽ കഴിഞ്ഞു.
06 ജനുവരി 1924: യെർവാഡ ജയിലിൽ നിന്ന് മോചിതനാവുകയും, രാഷ്ട്രീയത്തിൽ പങ്കെടുക്കരുത്, രത്നഗിരി വിട്ടുപോകരുത് എന്നീ വ്യവസ്ഥകളോടെ 5 വർഷത്തേക്ക് രത്നഗിരിയിൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു.
30 ഡിസംബർ 1929: 5 വർഷത്തെ ആദ്യ തടങ്കൽ കാലാവധി അവസാനിച്ചെങ്കിലും, നിയന്ത്രണങ്ങൾ 2 വർഷത്തേക്ക് കൂടി ബ്രിട്ടീഷുകാർ നീട്ടി നൽകി.
22 ഡിസംബർ 1932: പെരുമാറ്റം തൃപ്തികരമല്ലെന്നും മോചിപ്പിക്കുന്നത് പൊതുസമാധാനത്തിന് ഭീഷണിയാണെന്നും കാണിച്ച് തടങ്കൽ നിയന്ത്രണങ്ങൾ വീണ്ടും 2 വർഷത്തേക്ക് നീട്ടി.
മേയ് 1934: പുതിയ ആയുധ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും തടങ്കൽ തുടരുകയും ചെയ്തു.
07 ഡിസംബർ 1934: പെരുമാറ്റം തൃപ്തികരമല്ലെന്ന കാരണം പറഞ്ഞ് തടങ്കൽ നിയന്ത്രണങ്ങൾ 2 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.
10 മേയ് 1937: രത്നഗിരിയിലെ തടങ്കലിൽ നിന്നും എല്ലാവിധ രാഷ്ട്രീയ, യാത്രാ നിബന്ധനകളിൽ നിന്നും നിബന്ധനകളില്ലാതെ പൂർണ്ണമായി മോചിതനായി.
1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം പ്രവിശ്യാ ഭരണകൂടങ്ങൾക്ക് കൂടുതൽ സ്വയംഭരണാവകാശം ലഭിക്കുകയും പ്രവിശ്യകളിൽ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ശക്തമായ ജനകീയ-രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി, അന്ന് ബോംബെ ഭരിച്ചിരുന്ന സർ ധൻജിഷാ കൂപ്പറിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക ഭരണകൂടം സവർക്കറുടെ തടങ്കൽ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബി. ജി. ഖേറിന്റെ നേതൃത്വത്തിലുള്ള ആദ്യ കോൺഗ്രസ് മന്ത്രിസഭ അധികാരത്തിലെത്തുന്നത്.
1937 മേയിൽ സ്വതന്ത്രനായ സവർക്കറെ കോൺഗ്രസിലേക്ക് ക്ഷണിക്കാനായി അന്നത്തെ ബോംബെ പ്രവിശ്യാ കോൺഗ്രസ് നേതാക്കളായ എൻ. സി. കേൽക്കർ, കാകാസാഹെബ് ഗാഡ്ഗിൽ തുടങ്ങിയവർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. എന്നാൽ, കോൺഗ്രസിന്റെ അഹിംസാ നയങ്ങളോടും അപ്പീസ്‌മെന്റ് (പ്രീണന) രാഷ്ട്രീയത്തോടും യോജിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സവർക്കർ ആ ക്ഷണം നിരസിച്ചു.
തുടർന്ന് അഹമ്മദാബാദിൽ നടന്ന ഹിന്ദു മഹാസഭ സമ്മേളനത്തിൽ വെച്ച് അദ്ദേഹം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷുകാർ കൊണ്ടുവന്ന ‘കമ്യൂണൽ അവാർഡി’നോട് കോൺഗ്രസ് സ്വീകരിച്ച നിഷ്പക്ഷ നിലപാടിനെയും, മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള വിഭാഗങ്ങളോട് കാണിച്ച പ്രീണന നയങ്ങളെയും അദ്ദേഹം ശക്തമായി വിമർശിച്ചു. ഭൂരിപക്ഷ സമൂഹത്തിന്റെ അവകാശങ്ങൾ ബലികഴിക്കുകയാണെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
സ്കൂളുകളിലും ഔദ്യോഗിക ചടങ്ങുകളിലും ‘വന്ദേമാതരം’ ആലപിക്കുന്നതിനെ ചൊല്ലി ബോംബെ നിയമസഭയിലും പുറത്തും വലിയ തർക്കങ്ങൾ നടന്നു. ഗാനത്തിലെ ചില വരികൾ ഒഴിവാക്കണമെന്ന വാദങ്ങളെ സവർക്കറും അനുയായികളും ശക്തമായി എതിർത്തു. വന്ദേമാതരം പൂർണ്ണരൂപത്തിൽത്തന്നെ ആലപിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷം 1948ലും 1950ലും വീര സവർക്കർ രണ്ടു തവണ സ്വതന്ത്ര ഇന്ത്യയിലെ കോൺഗ്രസ് സർക്കാരിന്റെ കീഴിൽ ജയിലിൽ അടയ്ക്കപ്പെടുകയുണ്ടായി. 1948ൽ മഹാത്മാഗാന്ധി വധക്കേസിൽ ഗൂഢാലോചന ആരോപിക്കപ്പെട്ട് ചെങ്കോട്ടയിൽ തടവിലാക്കപ്പെട്ടെങ്കിലും, ഒരു വർഷത്തെ വിചാരണയ്ക്ക് ശേഷം തെളിവുകളില്ലാത്തതിനാൽ പ്രത്യേക കോടതി അദ്ദേഹത്തെ പൂർണ്ണമായി കുറ്റവിമുക്തനാക്കി.
പിന്നീട് 1950ൽ പാകിസ്താൻ പ്രധാനമന്ത്രി ലിയാഖത് അലി ഖാൻ നെഹ്രുവുമായി കരാർ ഒപ്പിടാൻ വന്ന സന്ദർശനവേളയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്ന ഭയത്താൽ പ്രിവന്റീവ് ഡിറ്റൻഷൻ നിയമപ്രകാരം ബെൽഗാം ജയിലിൽ അടച്ചെങ്കിലും, ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കോടതി ഇടപെട്ട് ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ മോചിപ്പിച്ചു.
”സവർക്കർ സഹോദരന്മാർ ജയിലിലായതോടെയാണ് ബോംബെയിലെ വിപ്ലവ പ്രസ്ഥാനത്തിന് അവസാനമായത്” എന്ന് ബ്രിട്ടീഷുകാർ എഴുതിവെക്കുമ്പോൾ നാം മനസ്സിലാക്കണം; എന്തിനാണ് വീര വിനായക ദാമോദര സവർക്കറെ ‘വിപ്ലവകാരികളുടെ രാജകുമാരൻ’ എന്ന് ലോകം വിശേഷിപ്പിച്ചതെന്ന്!
Leave a comment