ശങ്കരാദ്വൈതിയായ നാരായണൻ

‘ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മരിച്ച മഹാത്മാവായ ശ്രീ നാരായണഗുരുവിന്റെ (അദ്ദേഹത്തെക്കുറിച്ച് ആന്‍ഡ്രൂസ് ഞങ്ങളോട് നേരത്തെ പറഞ്ഞിട്ടുണ്ട്), സമൂഹ നന്മയ്ക്കുവേണ്ടി തന്റെ മഹത്തായ മേധാശക്തിയെ നിയോഗിച്ച കര്‍മ്മകുശലനായ ഒരു ജ്ഞാനി ആയിരുന്നു ഈ ആചാര്യന്‍, ശിഷ്യനും അധഃകൃതനെന്നു ഞാന്‍ കരുതുന്ന ആളും, തെക്കേ ഇന്ത്യയിലെ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ ഒരു സ്‌കൂളിന്റെ മേധാവിയുമായ ഒരു പി. നടരാജൻ…..

സംസ്‌കൃത പണ്ഡിതനായ ഗുരു ഇന്ത്യയില്‍ പലയിടത്തും സഞ്ചരിച്ചതിനും അനേക കാലത്തെ തപസ്സിനും ശേഷം തന്റെ നിയോഗത്തെ ഏറ്റെടുക്കുകയും ഏതാണ്ട് ഇരുപതു ലക്ഷം അനുയായികളെ സ്വാധീനിക്കുകയും ചെയ്തു. ബംഗാളികളെ അപേക്ഷിച്ച്, എന്റെ ധാരണയ്ക്ക് വിപരീതമായി, ഈ തെക്കേ ഇന്ത്യക്കാര്‍ തങ്ങളുടെ ഗുരുവിനെപ്പോലെ യുക്തിവിചാരത്തോട് ആഭിമുഖ്യമുള്ളവരും കുറഞ്ഞപക്ഷം ബൗദ്ധികമായ ദൈവഭക്തി ഉള്ളവരുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ബംഗാളിന്റെ വികാരതരളിതമായ ഭക്തിയെ നാരായണഗുരു വിശ്വാസത്തിലെടുത്തിരുന്നില്ല. മനുഷ്യന്റെ വിവേകത്തെയും യുക്തിബോധത്തെയുമാണ് അദ്ദേഹം പ്രഘോഷിച്ചിരുന്നത്. വ്യക്തികളില്‍ നന്മ വര്‍ത്തിക്കുന്നത് ഓരോരുത്തരെയും അവരുടേതായ സ്‌നേഹസൗഹൃദത്തില്‍ മനസ്സിലാക്കുമ്പോഴാണ്. നിരന്തര സഞ്ചാരിയായിരുന്ന അദ്ദേഹം വൈകുന്നേരങ്ങളില്‍ അവരെത്തേടി അവരുടെ അത്താഴത്തിനു ശേഷം ചെല്ലുകയും നിരന്തരമായ ഇടപെടലുകളില്‍ കൂടി സൗഹൃദം, ഉന്നത മൂല്യങ്ങള്‍, ശുദ്ധമായ നര്‍മം, വാത്സല്യം എന്നിവയാല്‍ അവര്‍ പുലര്‍ത്തിയിരുന്ന അന്ധവിശ്വാസങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്തു.

എന്നാല്‍, അദ്ദേഹം വിശ്വസിച്ചിരുന്ന പരമവും നിരതിശയവുമായ ശങ്കരാദ്വൈതം ഈ സാധാരണ മര്‍ത്യര്‍ക്കു അപ്രാപ്യമായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ ഒരു സംഗതി.

ഇങ്ങനെയാണെങ്കിലും, പരോക്ഷമായി അദ്വൈതതത്ത്വത്തെ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ചില അമ്പലങ്ങളെ സാമൂഹ്യസേവന മന്ദിരങ്ങളാക്കാനും, സാധാരണക്കാരെ വിഗ്രഹങ്ങളുടെ നിരര്‍ത്ഥകത ബോദ്ധ്യപ്പെടുത്താനും, തല്‍ സ്ഥാനത്ത് കേവലം ഒരു കണ്ണാടി പ്രതിഷ്ഠിച്ചുകൊണ്ട് – ഉപയോഗശൂന്യമായ വിശദീകരണങ്ങള്‍ ഒന്നും കൂടാതെ മനുഷ്യാത്മാവും ദൈവവുമായുള്ള താദാത്മ്യം ആഴത്തിലും എളുപ്പത്തിലും മനസ്സിലാക്കാനുള്ള ഈയൊരു പ്രതീകത്തിലൂടെ – അതിന്റെ മുന്‍പില്‍ തൊഴുകൈയ്യോടെ ഭക്തരെ നിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹം മഹാനായ ഒരു മനുഷ്യപരിഷ്‌കര്‍ത്താവും അനേകം ശിഷ്യരുടെ ആചാര്യനും അവരെ പൊതുവേദികളില്‍ തനിക്കു പകരം സംസാരിക്കുന്നതിന് പ്രാപ്തരാക്കി അവരിലൂടെ തന്റെ വാദങ്ങളും പ്രമാണങ്ങളും ജനങ്ങളിലേക്ക് ചൊരിയുന്നവനും ആയിരുന്നു.”

(റൊമെയ്ന്‍ റോളണ്ട് അദ്ദേഹത്തിന്റെ ഡയറിയിൽ 14 ജനുവരി 1929-ന് കുറിച്ചിട്ടത്. സിഎഫ് ആൻഡ്രൂസിനെയും നടരാജ ഗുരുവിനെയും പറ്റി ആണ് അദ്ദേഹം സൂചിപ്പിച്ചത്. )

Leave a comment

Website Powered by WordPress.com.

Up ↑