കലിംഗദേശത്തിന്റെ വിണ്ണിൽ കരിമേഘങ്ങൾ ഉരുണ്ടുകൂടിയ ഒരു സന്ധ്യയായിരുന്നു അത്. കിഴക്കൻ കടലിൽ നിന്നും വീശിയടിച്ച തണുത്ത കാറ്റിന് എവിടെയോ രക്തത്തിന്റെ മണമുണ്ടായിരുന്നു. പുരിയിലെ മഹാക്ഷേത്രത്തിന് അഭിമുഖമായി നിൽക്കുന്ന കൊട്ടാരത്തിന്റെ ജനാലയ്ക്കൽ, അനംഗഭീമ ദേവൻ മൂന്നാമൻ ചിന്താകുലനായി നിന്നു. അദ്ദേഹത്തിന്റെ ദൃഷ്ടി ദൂരെ, ഇരുളിൽ മങ്ങിത്തുടങ്ങിയ നീലക്കടലിലായിരുന്നെങ്കിലും മനസ്സ് കഴിഞ്ഞുപോയ നൂറ്റാണ്ടുകളിലൂടെയും വരാനിരിക്കുന്ന യുദ്ധങ്ങളുടെ കാഹളത്തിലൂടെയും പായുകയായിരുന്നു.
“മഹാരാജൻ…”
പതിഞ്ഞ സ്വരത്തിലുള്ള വിളി കേട്ട് അനംഗഭീമൻ തിരിഞ്ഞുനോക്കി. പ്രധാനമന്ത്രിയും വിശ്വസ്ത സൈന്യാധിപനുമായ സാമന്തവിഷ്ണു ആയിരുന്നു അത്. കൈകളിൽ പഴയ ചില ചെമ്പുതകിടുകൾ ഉണ്ടായിരുന്നു.
“എന്താണ് വിഷ്ണു? ഈ അസമയത്ത്?” രാജാവ് ചോദിച്ചു.
”നമ്മുടെ പൂർവ്വികരെക്കുറിച്ചുള്ള ശാസനങ്ങൾ വായിക്കുകയായിരുന്നു പ്രഭു,” വിഷ്ണു ആ ചെമ്പുതകിടുകളിലേക്ക് വിരൽചൂണ്ടി.
“അനന്തവർമ്മൻ ചോഡഗംഗ ദേവന്റെ കാലത്തെ ലിഖിതങ്ങളാണിത്. കർണ്ണാടകത്തിലെ കോലാഹലപുരത്തുനിന്നും സഹോദരന്മാരോടൊപ്പം കലിംഗത്തിലേക്ക് യാത്രതിരിച്ച കാമാർണ്ണവ മഹാരാജാവിനെക്കുറിച്ച് ഇതിൽ പറയുന്നുണ്ട്. അഞ്ചാം നൂറ്റാണ്ടിൽ കലിംഗത്തിൽ വേരൂന്നിയ നമ്മുടെ പൂർവ്വ ഗംഗാ രാജവംശത്തിന്റെ വീരഗാഥകൾ…”
രാജാവിന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു.
“നമ്മൾ ഗംഗാപുത്രന്മാരാണ് വിഷ്ണു. സ്വർഗ്ഗത്തുനിന്നും ഭാഗീരഥിയെ ഭൂമിയിലേക്ക് കൊണ്ടുവന്ന ഭഗീരഥ മഹാരാജാവിന്റെ സൂര്യവംശ പരമ്പര. ആ പുണ്യനദിയുടെ തീരത്തുനിന്നും ദക്ഷിണേന്ത്യയിലേക്ക് കുടിയേറിയ നമ്മുടെ പൂർവ്വികർ ഗംഗാദേവിയോടുള്ള ആദരവുകൊണ്ടാണ് ഈ വംശത്തിന് ‘ഗംഗാ’ എന്ന പേര് നൽകിയത്. അതുകൊണ്ടുതന്നെയാണ് ചോഡഗംഗ ദേവനും നരസിംഹ ദേവനും നാമുമെല്ലാം ആ പേര് അഭിമാനത്തോടെ നെഞ്ചിലേറ്റുന്നത്.”
പെട്ടെന്ന് അനംഗഭീമന്റെ മുഖം ഗൗരവമുള്ളതായി.
“പക്ഷേ, ആ പേരിന്റെ അന്തസ്സ് കാക്കാൻ ഇന്നത്തെ കലിംഗത്തിന് കഴിയുമോ എന്നതാണ് ചോദ്യം. ഉത്തരേന്ത്യയിൽ നിന്നും യവനന്മാരുടെ കുതിരക്കുളമ്പടികൾ ഇങ്ങോട്ട് കേൾക്കുന്നുണ്ട്.”
വർഷം AD 1230. പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മഹാമണ്ഡപം ജനനിബിഡമായിരുന്നു. കലിംഗത്തിലെ സാമന്തന്മാരും പൂജാരിമാരും ഗോത്രത്തലവന്മാരും ഒത്തുകൂടിയിരിക്കുന്നു. അനംഗഭീമ ദേവനെ മഹാരാജാവായി അഭിഷേകം ചെയ്യാനുള്ള ചടങ്ങുകളാണ് നടക്കുന്നത്.
സ്വർണ്ണക്കിരീടവുമായി മുഖ്യ പൂജാരി മുന്നോട്ട് വന്നു. എന്നാൽ അനംഗഭീമൻ കൈയുയർത്തി അദ്ദേഹത്തെ തടഞ്ഞു. മണ്ഡപത്തിൽ അവിശ്വസനീയമായ ഒരു നിശബ്ദത പടർന്നു.
“എന്താണിത് മഹാരാജൻ? അഭിഷേക ചടങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ട്,” പൂജാരി ആശ്ചര്യത്തോടെ ചോദിച്ചു.
“ഇല്ല!” അനംഗഭീമന്റെ ശബ്ദം ആ മണ്ഡപത്തിൽ മുഴങ്ങി.
“ഈ കലിംഗദേശത്തിന് ഒരൊറ്റ ചക്രവർത്തിയേയുള്ളൂ. അത് ആ നീലാചലത്തിൽ വാഴുന്ന ജഗന്നാഥനാണ്! ഈ അനംഗഭീമൻ ഇനിയൊരിക്കലും സ്വയം മഹാരാജാവായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് മുതൽ ഈ രാജ്യം ഭഗവാൻ ജഗന്നാഥന് സമർപ്പിക്കുന്നു. ഇത് ഭഗവാന്റെ ‘പുരുഷോത്തമ സാമ്രാജ്യം’ ആണ്. ഞാൻ അദ്ദേഹത്തിന്റെ വെറുമൊരു ‘റൗത്ത’ മാത്രമാണ്.”
സദസ്സിൽ അനാംഗദേവന്റെ ഗുണഗണങ്ങളുയർന്നു. വിഷ്ണു അത്ഭുതത്തോടെ തന്റെ രാജാവിനെ നോക്കി. ആ പ്രഖ്യാപനത്തിന് പിന്നിലെ രാഷ്ട്രീയ തന്ത്രം വിഷ്ണുവിന് മനസ്സിലായി. പരസ്പരം പോരടിക്കുന്ന പ്രാദേശിക സാമന്തന്മാരെയും വ്യത്യസ്ത ജാതികളെയും ഗോത്ര വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ ‘ജഗന്നാഥൻ’ എന്ന ഒരൊറ്റ വികാരത്തിനപ്പുറം മറ്റൊന്നിനും കഴിയില്ലെന്ന് ആ ദീർഘദർശിയായ ഭരണാധികാരി തിരിച്ചറിഞ്ഞിരുന്നു.
കലിംഗത്തെ കീഴ്പ്പെടുത്തുക എന്നത് ഡൽഹി സുൽത്താനേറ്റിന്റെയും ബംഗാളിലെ ഖിൽജി ഭരണാധികാരികളുടെയും വലിയൊരു സ്വപ്നമായിരുന്നു. ബംഗാളിലെ തുർക്കിഷ് സുൽത്താനായ ഗിയാസുദ്ദീൻ ഇവാജ് ഷാ കലിംഗം പിടിച്ചെടുക്കാൻ വൻ സൈന്യവുമായി അതിർത്തി കടന്നു.
രാജകൊട്ടാരത്തിലേക്ക് ഓടിക്കിതച്ചു വന്ന ദൂതൻ വിളിച്ചുപറഞ്ഞു:
“പ്രഭു! ബംഗാളിൽ നിന്നുള്ള മുസ്ലീം സൈന്യം അതിർത്തി കടന്നിരിക്കുന്നു. തുലുക്കന്മാരുടെ ലക്ഷക്കണക്കിന് കുതിരപ്പടയാളികളാണ് വരുന്നത്!”
അനംഗഭീമൻ ശാന്തനായിരുന്നു. അദ്ദേഹം വിഷ്ണുവിന്റെ തോളിൽ കൈവെച്ചു. “വിഷ്ണു, ഭഗവാൻ ജഗന്നാഥന്റെ മണ്ണ് അശുദ്ധമാക്കാൻ ആരെയും അനുവദിക്കരുത്. കലിംഗത്തിന്റെ സൈന്യത്തെ നയിക്കൂ!”
മഹാനദിയുടെ തീരത്ത് വെച്ച് ഇരുസൈന്യങ്ങളും ഏറ്റുമുട്ടി. കലിംഗ സൈന്യത്തിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ ഗിയാസുദ്ദീന്റെ തുർക്കിഷ് പടയ്ക്ക് പിടിച്ചുനിൽക്കാനായില്ല. സാമന്തവിഷ്ണുവിന്റെ ചടുലമായ യുദ്ധതന്ത്രങ്ങൾ ശത്രുസൈന്യത്തെ ചിതറിയോടിച്ചു.
എങ്കിലും കലിംഗത്തിന് സമാധാനമുണ്ടായിരുന്നില്ല. ‘മാദള പഞ്ചി’ എന്ന ക്ഷേത്രരേഖകളിൽ എഴുതിവെച്ച കറുത്ത ദിനങ്ങളെക്കുറിച്ച് രാജാവ് ഓർത്തു. മുൻപ് യവനന്മാരുടെ ആക്രമണമുണ്ടായപ്പോൾ ഭഗവാന്റെ വിഗ്രഹം സുരക്ഷിതമാക്കാൻ പൂജാരിമാർക്ക് അടവികളിലേക്ക് ഓടിയൊളിക്കേണ്ടി വന്നിട്ടുണ്ട്. ഭക്തരനുഭവിച്ച ക്രൂരതകൾ ഇനിയൊരിക്കലും ആവർത്തിച്ചുകൂടാ എന്ന് അനംഗഭീമൻ ഉറപ്പിച്ചു.
ഭാരതത്തിലെ പരമപാവനമായ കാശി സുൽത്താൻമാരുടെ ആക്രമണത്തിൽ തകർക്കപ്പെട്ട വാർത്തയറിഞ്ഞ് വിതുമ്പിയ മനസ്സുമായി അനംഗഭീമൻ ഒരു പുതിയ നഗരം പണിതു. മഹാനദിയുടെ തീരത്ത്, കട്ടക്കിൽ അദ്ദേഹം നിർമ്മിച്ച ആ പുതിയ കോട്ടയ്ക്ക് ഒരു പേരിട്ടു.’അഭിനവ വാരണാസി കട്ടക്’. അവിടെ അദ്ദേഹം ഒരു പുരുഷോത്തമ ക്ഷേത്രവും സ്ഥാപിച്ചു.
കാലം കടന്നുപോയി. അനംഗഭീമന് ശേഷം അദ്ദേഹത്തിന്റെ മകൻ നരസിംഹദേവൻ ഒന്നാമൻ അധികാരമേറ്റു. അച്ഛന്റെ പ്രതിരോധ തന്ത്രങ്ങളേക്കാൾ ആക്രമണോത്സുകമായ നയമായിരുന്നു നരസിംഹന്റേത്.
“നമ്മൾ പ്രതിരോധിക്കുക മാത്രമല്ല, ശത്രുവിന്റെ കോട്ടയിൽ ചെന്ന് അവരെ തകർക്കുകയാണ് വേണ്ടത്,” നരസിംഹദേവൻ തന്റെ സൈന്യത്തോട് ഗർജ്ജിച്ചു.
അദ്ദേഹം തന്റെ പടയുമായി ബംഗാളിലെ തുർക്കി-അഫ്ഗാൻ കോട്ടയായ ലഖ്‌നൗതിയിലേക്ക് AD 1243ൽ മാർച്ച് ചെയ്തു. അവിടെയുണ്ടായിരുന്ന മംലൂക് ഗവർണറായ തുഗ്രൽ തുഗൻ ഖാനെ പരാജയപ്പെടുത്തി. ചരിത്രത്തിലെ സമാനതകളില്ലാത്ത സൈനിക മുന്നേറ്റമായിരുന്നു അത്.
ശത്രുക്കളെ അവരുടെ മണ്ണിൽ ചെന്ന് തകർത്തുതരിപ്പണമാക്കിയ ആ വിജയത്തിന്റെ പ്രതീകമായിട്ടാണ് നരസിംഹദേവൻ ഒന്നാമൻ ലോകപ്രസിദ്ധമായ കോണാർക്കിലെ സൂര്യക്ഷേത്രം പണിതുയർത്തിയത്.സൂര്യഭഗവാന്റെ ഭീമാകാരമായ രഥത്തിന്റെ ആകൃതിയിലുള്ള ഈ മഹാക്ഷേത്രം കേവലമൊരു ആരാധനാലയം മാത്രമല്ല, കലിംഗത്തിന്റെ സൈനിക വീര്യത്തിന്റെയും വിജയത്തിന്റെയും ഒരു വിജയസ്മാരകം കൂടിയാണ്. ഉത്തരേന്ത്യ മുഴുവൻ സുൽത്താന്മാരുടെ കാൽക്കീഴിലമർന്നപ്പോഴും കലിംഗം തലയുയർത്തിപ്പിടിച്ചു നിന്നത് അനംഗഭീമൻ നട്ടുവളർത്തിയ ആ വീര്യത്തിന്റെ തണലിലായിരുന്നു.
പുരിയിലെ രഥയാത്ര സത്യയുഗം മുതൽക്കേ ഉള്ളതാണെന്നാണ് ഐതിഹ്യം. ചോഡഗംഗ ദേവന്റെ കാലത്തും അത് നടന്നിരുന്നു. എന്നാൽ അനംഗഭീമ ദേവൻ ആ ഉത്സവത്തെ ഒരു ദേശീയ പ്രസ്ഥാനമാക്കി മാറ്റി.
ഒരു വൈകുന്നേരം രഥനിർമ്മാണ കേന്ദ്രത്തിൽ എത്തിയ അനംഗഭീമൻ തന്റെ ശിൽപ്പികളോട് പറഞ്ഞു: “ഈ രഥങ്ങൾ മരത്തടിക്കൂട്ടങ്ങളല്ല. ഇത് നമ്മുടെ രാജ്യത്തിന്റെ ഒരുമയുടെ പ്രതീകമാണ്. ഈ മണ്ണിലെ ഓരോ പ്രജയ്ക്കും അവരുടെ നാഥനെ നേരിൽ കാണാനുള്ള വഴിയാണിത്. ജഗന്നാഥൻ തെരുവിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ മക്കളെ കാണാനാണ്.”
ക്ഷേത്രത്തിലെ പൂജാവിധികളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ‘ഛത്തീസ് നിജോഗ്’ എന്ന 36 സേവക കൂട്ടായ്മകളുടെ ഒരു വ്യവസ്ഥിതി രൂപീകരിച്ചു. ഓരോ ജാതിയിലും വിഭാഗത്തിലും പെട്ട ജനങ്ങൾക്ക് രഥയാത്രയിലും ക്ഷേത്രത്തിലും കൃത്യമായ പങ്കാളിത്തം നൽകി. കാടുകളിൽ നിന്ന് വൻമരങ്ങൾ സുരക്ഷിതമായി കൊണ്ടുവരാൻ പ്രത്യേക വ്യവസ്ഥയുണ്ടാക്കി.
പൂജാരിമാർ മുതൽ സമൂഹത്തിൽ ഏറ്റവും പിന്നാക്കം നിന്നിരുന്ന സാധാരണ തൊഴിലാളികൾ വരെ അടങ്ങുന്നതായിരുന്നു ഈ വ്യവസ്ഥിതി. ക്ഷേത്രത്തിലെ മുഖ്യ പൂജാദി കർമ്മങ്ങൾ നിർവ്വഹിക്കുന്ന ഒഡിയ ബ്രാഹ്മണർ, ക്ഷേത്ര ഭരണവും കണക്കെഴുത്ത് കാര്യങ്ങളും സുരക്ഷയും നോക്കുന്ന കരണന്മാർ, ഖണ്ഡായത്തുകൾ, രഥനിർമ്മാണവും ആഭരണപ്പണികളും നടത്തുന്ന മഹാറാണമാർ, രൂപകാരന്മാർ, ബനിയകൾ, നിത്യേന തിടപ്പള്ളിയിൽ മഹാപ്രസാദം തയ്യാറാക്കുന്ന സുആറുകൾ, ഗുഡിയകൾ,, പ്രസാദത്തിനാവശ്യമായ മൺപാത്രങ്ങൾ നൽകുന്ന കുശവർ, പൂമാലകൾ ഒരുക്കുന്ന മാലികൾ, വസ്ത്രങ്ങൾ വൃത്തിയാക്കുന്ന ധോബകൾ തുടങ്ങിയ പരമ്പരാഗത തൊഴിൽ ജാതികളും ഇതിൽ ഉൾപ്പെടുന്നു.
ഇവരെക്കൂടാതെ, രഥയാത്രയുടെ സമയത്ത് ഭഗവാന്റെ തിരുശരീരത്തിന്റെ പൂർണ്ണമായ ചുമതലയും പരിചരണവും വഹിക്കുന്ന അതീവ പ്രാധാന്യമുള്ള ദയിതാപതികൾ എന്ന വനവാസികൾ എന്നിവരടങ്ങിയ ഒരു വിപുലമായ ജനകീയ കൂട്ടായ്മയായിരുന്നു ഈ വ്യവസ്ഥിതിയുടെ ജീവനാഡി. ഇവരാണ് ഭഗവാന്റെ ഏറ്റവും അടുത്ത അംഗരക്ഷകർ. രഥയാത്രയുടെ സമയത്ത് വിഗ്രഹം രഥത്തിലേക്ക് മാറ്റുന്നതും, ഭഗവാന് സുഖമില്ലാത്ത ‘അനസര കാലത്ത്’ പനിയ്ക്കുള്ള മരുന്നും പരിചരണവും നൽകുന്നതും ഈ ഗോത്രവിഭാഗക്കാരാണ്. ഇതിൽ ഒരാളില്ലെങ്കിൽപ്പോലും പുരി ക്ഷേത്രത്തിലെ പൂജകളോ രഥയാത്രയോ പൂർത്തിയാക്കാൻ കഴിയില്ലെന്ന അവസ്ഥയുണ്ടാക്കി,
രഥത്തിന്റെ കയറുകളിൽ പിടിച്ചുകൊണ്ട് അനംഗഭീമൻ ആകാശത്തേക്ക് നോക്കി മനസ്സിൽ പറഞ്ഞു:
“ഈ കയറുകളിൽ പിടിക്കുന്ന കൈകൾക്ക് ജാതിയില്ല, ഭേദമില്ല. ഇവർ ഒരൊറ്റ സാമ്രാജ്യത്തിന്റെ മക്കളാണ്… പുരുഷോത്തമ സാമ്രാജ്യത്തിന്റെ മക്കൾ!”
ചുറ്റും ഉയർന്നുകേട്ട ‘ജയ് ജഗന്നാഥ്’ എന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ മന്ത്രധ്വനി കലിംഗത്തിന്റെ കാറ്റിൽ അലയടിച്ചു കൊണ്ടിരുന്നു. സുൽത്താന്മാരുടെ വാളുകൾക്ക് തകർക്കാൻ കഴിയാത്തവിധം ആ ജനതയെ ഒന്നിപ്പിച്ചത് ഒരു രാജാവിന്റെ ദീർഘവീക്ഷണവും ജഗന്നാഥൻ എന്ന ആ മഹാവികാരവുമായിരുന്നു. നൂറ്റാണ്ടുകൾക്കിപ്പുറം ഇന്നിതാ വീണ്ടുമൊരു രഥോത്സവം വന്നണയുന്നു. അനവധി കരങ്ങൾ ജഗന്നാഥന്റെ രഥം വലിയ്ക്കാൻ വ്രതം നോൽക്കുന്നു.
ജയ് ജഗന്നാഥ്!!
Leave a comment