പൊള്ളയായ വിനയപ്രയോഗങ്ങൾ

പലരും പലവഴിക്ക് ഇപ്പോൾ ചർച്ച ചെയ്യുന്ന “Your Obedient Servant” എന്ന പ്രയോഗത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. ഇന്ന് കത്തുകളുടെ അവസാനം നമ്മൾ സാധാരണയായി എഴുതുന്നത് “Yours Truly”, “Yours Sincerely”, “Yours Faithfully” തുടങ്ങിയവയാണ്. ഇവയൊക്കെ വളരെ സാധാരണമായ പ്രയോഗങ്ങളാണ്.

പക്ഷേ ഇവ എവിടെ നിന്നാണ് വന്നത്?

ഇന്ന് കത്തുകളുടെ അവസാനം നമ്മൾ സർവ്വസാധാരണമായി ഉപയോഗിക്കുന്ന വിടവാങ്ങൽ പ്രയോഗങ്ങളുടെ  എറ്റിമോളജിക്കൽ ഷിഫ്റ്റിന് പിന്നിൽ നൂറ്റാണ്ടുകളുടെ ചരിത്രവും വ്യാകരണപരമായ കൗതുകങ്ങളുമുണ്ട്. അതിനായി ഇത്തരം വിനയപ്രയോഗങ്ങളുടെ ചരിത്രപശ്ചാത്തലവും അവ ഉരുത്തിരിഞ്ഞ സാഹചര്യവും തിരഞ്ഞുപോകേണ്ടതുണ്ട്.

ഇന്ന് വിക്ടോറിയൻ കാലത്തെ ഔപചാരിക മര്യാദയുടെ പ്രതീകമായി തോന്നുന്ന ഇത്തരം പ്രയോഗങ്ങൾക്ക് അതിനേക്കാൾ പഴക്കമുള്ള ചരിത്രമുണ്ട്. മധ്യകാല യൂറോപ്പിലെ പ്രഭുക്കന്മാരും ഭരണാധികാരികളും പരസ്പരം അയച്ചിരുന്ന നയതന്ത്ര കത്തിടപാടുകളിൽ തങ്ങളെ അല്പം താഴ്ത്തിക്കെട്ടിയും സ്വീകർത്താവിനെ ബഹുമാനിച്ചും സംസാരിക്കുന്നത് ഒരു സാമൂഹിക ആചാരമായിരുന്നു.

ഇതിന് ചരിത്രത്തിൽ ഒട്ടനവധി തെളിവുകൾ നമുക്ക് കാണാം. 1782-ൽ അമേരിക്കൻ വിപ്ലവത്തിന്റെ അവസാനപാദത്തിൽ ജനറൽ ജോർജ് വാഷിംഗ്ടൺ എഴുതിയ കത്തുകളുടെ അവസാനം ഉപയോഗിച്ചിരിക്കുന്നത് “Most Humble and Obedient Servant” എന്നാണ്. 1633-ൽ മതനിന്ദാ കുറ്റം ചാർത്തി വിചാരണ നേരിട്ടിരുന്ന ഗലീലിയോ എഴുതിയ ലാറ്റിൻ കത്തുപോലും അവസാനിക്കുന്നത് “Humiliso et Obdns Sevs” (Humilis et Oboediens Servus) എന്നാണ്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കോണുകളിൽ നിന്ന് ഇതിന് ധാരാളം ഉദാഹരണങ്ങൾ കിട്ടും. തോമസ് ജെഫേഴ്‌സന്റെയും വിൻസ്റ്റൺ ചർച്ചിലിന്റെയുമൊക്കെ കത്തുകളിൽ ഇതേ ശൈലി കാണാം. അതിലേറ്റവും രസകരമായ ഒന്ന് വിൻസ്റ്റൺ ചർച്ചിലിന്റേതാണ്. 1941 ഡിസംബർ 8ന് ബ്രിട്ടൻ ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ജാപ്പനീസ് അംബാസഡർക്ക് ചർച്ചിൽ അയച്ച ഔദ്യോഗിക കത്തവസാനിച്ചത് “Your obedient servant” എന്നായിരുന്നു! ശത്രുരാജ്യത്തിന് യുദ്ധപ്രഖ്യാപനക്കത്ത് അയക്കുമ്പോഴും “ഞാൻ നിങ്ങളുടെ വിധേയനായ ദാസനാണ്” എന്ന് ഒപ്പിടുന്ന നയതന്ത്ര മര്യാദ.

പഴയകാല കത്തിടപാടുകളിലെ അതേ വിനയപ്രയോഗങ്ങൾ തന്നെയാണ് നമ്മളിന്നും രൂപം മാറ്റി ഉപയോഗിക്കുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ പത്താം ക്ലാസിലെ ഫോമൽ ലെറ്റർ റൈറ്റിംഗിന് പത്തു മാർക്ക് കിട്ടാൻ നമ്മൾ വഴങ്ങിത്തന്ന ഇതേ സാധനങ്ങൾ തന്നെയല്ലേ ഇന്നും ഇമെയിൽ ഒപ്പുകളിൽ നമ്മൾ വാരിവിതറുന്നത്!

ഇവിടെ “Yours” എന്നതിന്റെ വ്യാകരണപരമായ രഹസ്യത്തെക്കുറിച്ച് പലർക്കും തെറ്റിദ്ധാരണയുണ്ട്. സ്കൂളുകളിൽ “Yours” എന്നത് ഒന്നിന്റെ ഉടമസ്ഥാവകാശത്തെ കാണിക്കുന്ന Possessive Pronoun ആണെന്നാണ് പഠിപ്പിക്കാറുള്ളത്. ഉദാഹരണത്തിന്: This book is yours എന്ന പ്രയോഗം. അതുകൊണ്ട് “Yours” എന്നത് “Your Servant” എന്നതിന്റെ ചുരുക്കെഴുത്താണെന്ന് വിചാരിക്കുന്നത് വ്യാകരണപരമായി ശരിയല്ല.

എന്നാൽ, ഇതിന് പഴയ പ്രയോഗവുമായി ബന്ധമില്ലേ എന്ന് ചോദിച്ചാൽ ഉണ്ട് താനും! ആ ബന്ധം വാക്കിന്റെ വ്യാകരണരൂപത്തിലല്ല, മറിച്ച് ചരിത്രത്തിലാണ്. “I am, Sir, your most obedient servant” എന്ന ദീർഘമായ വാചകം കാലക്രമേണ ചുരുങ്ങി “Your servant” എന്നും, പിന്നീട് വെറും “Yours” എന്നും ആയി മാറുകയായിരുന്നു. അതായത്, “Yours truly”, “Sincerely yours” എന്നിവയിലെ “Yours” വ്യാകരണപരമായ ഉടമസ്ഥതയെയല്ല, മറിച്ച് “Your true servant” അല്ലെങ്കിൽ ‘നിങ്ങളുടെ വിശ്വസ്തനായ ദാസൻ’  എന്നതിന്റെ ചരിത്രപരമായ ബാക്കിപത്രത്തെയാണ് സൂചിപ്പിക്കുന്നത്.

ഇംഗ്ലീഷ് ഭാഷാപരിണാമത്തിന്റെ പല ഘട്ടങ്ങളിലൂടെ ഈ പ്രയോഗം രൂപാന്തരം പ്രാപിച്ചിട്ടുണ്ട്:

  • 18-ാം നൂറ്റാണ്ട് (പൂർണ്ണരൂപത്തിന്റെ കാലം): ജോർജ്ജ് വാഷിംഗ്ടണും തോമസ് ജെഫേഴ്സണുമൊക്കെ “Your most obedient and humble servant” എന്ന് പൂർണ്ണമായി എഴുതിപ്പോന്നു. എന്നാൽ ഇതിനിടയിൽ 18-ാം നൂറ്റാണ്ടിൽ തന്നെയാണ് ഇംഗ്ലീഷ് കവിയായ ജോൺ ഗേ കേവലം കാപട്യം നിറഞ്ഞ വിനയത്തിന് പകരം കത്തുകളിൽ ആത്മാർത്ഥതയും സൗഹൃദവും കാണിക്കാൻ “Yours sincerely”, “Yours affectionately” എന്നീ പുതിയ ശൈലികൾക്ക് പ്രചാരം നൽകുന്നത്. അലക്സാണ്ടർ പോപ്പും ജോനാഥൻ സ്വിഫ്റ്റുമൊക്കെ ഇത് ഏറ്റെടുത്തു.
  • 19-ാം നൂറ്റാണ്ടിന്റെ മധ്യം (വിക്ടോറിയൻ ചുരുക്കെഴുത്ത്): വ്യവസായ വിപ്ലവവും ടെലഗ്രാഫിന്റെയും തപാൽ സംവിധാനങ്ങളുടെയും വരവും സന്ദേശങ്ങൾ ചുരുക്കാൻ നിർബന്ധിതരാക്കി. ഇതോടെ ദീർഘമായ പ്രയോഗങ്ങൾ ചുരുങ്ങി വെറും “Yours” എന്ന് മാത്രം ഒപ്പിടുന്ന രീതി വന്നു.
  • 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി (സമത്വചിന്തകൾ): ലോകമഹായുദ്ധങ്ങൾക്ക് ശേഷം സമൂഹത്തിൽ ജനാധിപത്യ മൂല്യങ്ങളും സമത്വചിന്തയും ശക്തിപ്പെട്ടു. “ഞാൻ നിങ്ങളുടെ ദാസനാണ്” എന്ന് പറയുന്നത് പഴഞ്ചനായി തോന്നിയതോടെ ‘Servant’ അങ്ങ് വീണുപോയി. പകരം “Sincerely Yours”, “Yours Truly” എന്നിവ വ്യാപകമായി.
  • 20-ാം നൂറ്റാണ്ടിന്റെ പിൻപകുതി മുതൽ ഇന്നു വരെ: ഇമെയിലുകളുടെയും ആധുനിക ആപ്ലിക്കേഷനുകളുടെയും വരവോടെ “Yours” പോലും ഒഴിവാക്കി “Regards”, “Best regards”, “Sincerely” തുടങ്ങിയ തികച്ചും പ്രൊഫഷണലായ രൂപങ്ങളിലേക്ക് ഇംഗ്ലീഷ് ഭാഷ മാറി.

മലയാളത്തിലും ഭരണഭാഷയുടെയും സംസ്കാരത്തിന്റെയും ഭാഗമായി സമാനമായ വിനയപ്രയോഗങ്ങൾ ഉപയോഗിച്ചിരുന്നു. “ഇപ്രകാരം എന്ന് നിങ്ങളുടെ വിശ്വസ്തനായ…”, “എന്ന് വിധേയനായ…”, “എന്ന് കിങ്കരൻ…” തുടങ്ങിയവ പഴയ കത്തുകളിൽ കാണാം. ബ്രിട്ടീഷുകാരുടെ “Beg to submit”, “Humbly request” എന്നിവ മലയാളത്തിലേക്ക് ആവാഹിച്ചപ്പോഴാണ് നമ്മുടെ ഔദ്യോഗിക കത്തുകളിൽ “താഴ്മയായി അപേക്ഷിക്കുന്നു” കേറിപ്പറ്റിയത്.

ആധുനിക ഭാഷ കൂടുതൽ സമത്വത്തിലധിഷ്ഠിതമായതോടെ ഇന്ന് “താഴ്മയായി അപേക്ഷിക്കുന്നു” എന്നതിന് പകരം “അപേക്ഷിക്കുന്നു” അല്ലെങ്കിൽ “അഭ്യർത്ഥിക്കുന്നു” എന്ന് മാത്രം ഉപയോഗിക്കുന്നതാണ് ഉചിതമായി കരുതപ്പെടുന്നത്.

ഒരിക്കൽ അധികാരത്തിനും പദവിക്കും മുന്നിൽ സ്വയം താഴ്ത്തിക്കാണിക്കുന്നത് വലിയ മര്യാദയായിരുന്നു. ഇന്ന് അതേ ഭാഷ പലപ്പോഴും പൊള്ളയായ വിനയം പോലെ തോന്നിപ്പിക്കുന്നു. വാക്കുകൾ മാത്രമല്ല മാറുന്നത്, വാക്കുകൾ ഉപയോഗിക്കുന്ന സമൂഹവും മാറുകയാണ്.

പത്താം ക്ലാസിൽ മാർക്ക് നേടാൻ പഠിച്ച ആ രണ്ടു വാക്കുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ഈ നൂറ്റാണ്ടുകളുടെ ചരിത്രം ഇനി ഓരോ ഇമെയിൽ സിഗ്നേച്ചറിന് മുകളിലെത്തുമ്പോഴും ഓർമ്മവരുമല്ലോ, അല്ലേ?

Leave a comment

Website Powered by WordPress.com.

Up ↑