ഭരണഘടനയുടെ നട്ടെല്ല് പിടുങ്ങി മൗലിക സ്വാതന്ത്ര്യത്തെ കിഴുക്കിയെടുത്ത് ചവിട്ടിപ്പിടിച്ച അടിയന്തരാവസ്ഥക്കാലം.. ഇന്ന് അറുപത് തികഞ്ഞവന് മാത്രമറിയുന്ന, കോൺഗ്രസുകാരൻ ഇവർ കൂടി കാലം കൊണ്ടുപോയെങ്കിലെന്നു ഇന്നും പ്രാർത്ഥിച്ചു കഴിയുന്ന ആ അസുരകാലത്ത്, കീഴടങ്ങി ആ കാലിൽ കെട്ടിപ്പിടിച്ചു കിടന്ന പ്രതിപക്ഷ പ്രസ്ഥാനങ്ങളെയല്ലാത്ത സകല മനുഷ്യരെയും അർദ്ധരാത്രിയിൽ ജയിലിലടച്ചു.. പത്രമാരണ നിയമത്തിലൂടെ പിറ്റേന്ന് മുതലുള്ള സകല പത്രങ്ങളെയും സെൻസർ ചെയ്ത് ഈച്ചപോലുമറിയാതെ വാർത്തകളെ കെട്ടിത്തൂക്കിക്കൊന്ന്, കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ പത്രപ്രവർത്തകരുടെ നെഞ്ചിൽ ചവിട്ടി മൈറ്റി ഇന്ദിര ഇന്ത്യ ഭരിച്ച കാലം.
ഗുരുവായൂരിലെ പ്രതിജ്ഞ
ഇന്ദിരാഗാന്ധിയുടെ കിരാത ഭരണം അവസാനിപ്പിക്കാതെ താനിനി അഴിച്ചിട്ട മുടി കെട്ടുകയില്ല എന്നും ചെരുപ്പ് ധരിക്കുകയില്ല എന്നു പ്രഖ്യാപിച്ച ഒരു സ്ത്രീയുണ്ടായിരുന്നു ഗുരുവായൂർ.. രാധാ ബാലകൃഷ്ണൻ. രാധച്ചേച്ചി.. ഫോട്ടോ ബാലേട്ടന്റെ സഹധർമ്മിണി.. ഗുരുവായൂരിലെ പടിഞ്ഞാറെ നടയിലുണ്ടായിരുന്ന ആണിടത്ത് ബാലേട്ടന്റെ ഉണ്ണികൃഷ്ണാ പിക്ചർ മാർട്ട് ആയിരുന്നു തൊള്ളായിരത്തി അമ്പതുകൾ മുതൽ സംഘത്തെ സംബന്ധിച്ചിടത്തോളം ഇൻഫർമേഷൻ കേന്ദ്രങ്ങളിലൊന്ന്. ഗുരുവായൂരിലെ ആദ്യകാല സ്വയംസേവകരിലൊരാൾ. ആ ദമ്പതികൾ തങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പം ആണ് സംഘനിർദേശത്തിൽ ഈ പോരാട്ടത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.
ചരിത്രപരമായ വിധിന്യായം
1975 ജൂൺ 25നാണ് അധികാര വെറി പൂണ്ട് സ്വേച്ഛാധിപത്യ മനോഭാവത്തോടെ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഭരണഘടനയുടെ 352-ാം വകുപ്പനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. 1977 മാർച്ച് 21 വരെ നീണ്ടുനിന്ന ഈ ഇരുണ്ട നാളുകൾക്ക് പിന്നിൽ ഒരു കോടതിവിധിയുടെ ചരിത്രവുമുണ്ടായിരുന്നു.
1971-ൽ നടന്ന റായ്ബറേലിയിലെ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് ജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി രാജ് നാരായണൻ നൽകിയ കേസിൽ 1975 ജൂൺ 12-ന് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻഹ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്തുകൊണ്ട് വിധി പുറപ്പെടുവിച്ചു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്നതായിരുന്നു കുറ്റം. റദ്ദ് ചെയ്യുക മാത്രമല്ല, അടുത്ത 6 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.
കോൺഗ്രസ്സും ഇന്ദിരയും വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി. ജൂൺ 24-ന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിലിരുന്ന മലയാളിയായ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ ചരിത്രപരമായ വിധി പ്രസ്താവിച്ചു. കേസ് ശരിവെച്ചെങ്കിലും ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും പാർലമെന്റ് യോഗങ്ങളിൽ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാൽ പാർലമെന്റിൽ സംസാരിക്കാനോ നടപടികളിൽ വോട്ട് ചെയ്യാനോ അനുവാദമുണ്ടായിരുന്നില്ല. ഈ അനിശ്ചിതത്വത്തെ തുടർന്നാണ് അതിനടുത്ത ദിവസം ഇന്ദിരയെന്ന ഇന്ത്യൻ ഹിറ്റ്ലർ അനധികൃതമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഡ്രാക്കുള ഭരണവും നരനായാട്ടും
‘ഇതിനെതിരെ ഒരു ഈച്ച പോലും പറക്കില്ല.. ഒരു നായ പോലും കുരക്കില്ല’ എന്നാണ് അടിയന്തരാവസ്ഥയെ കുറിച്ച് അന്ന് ഇന്ദിരാഗാന്ധി പറഞ്ഞത്. പക്ഷേ ആ കാലഘട്ടത്തിൽ ഭാരതമൊട്ടാകെ അടിയന്തരാവസ്ഥയെ എതിർത്ത ലക്ഷക്കണക്കിന് ആളുകൾ കൊടിയ പീഡനങ്ങൾക്കും ജയിൽ ശിക്ഷയ്ക്കും വിധേയരായി.
നേതാക്കന്മാർ എന്ന് തോന്നിയവരെയെല്ലാം, അനുയായികളുമായി യാതൊരുവിധ ആശയവിനിമയവും സാധ്യമല്ലാത്തവിധം, അറസ്റ്റ് ചെയ്തു ജയിലിലാക്കുകയും പത്ര മാധ്യമങ്ങളുടെയെല്ലാം വായ മൂടിക്കെട്ടുകയും ജഡ്ജിമാരെ പോലും സ്വാധീനിക്കുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ആശ്രിതർ എന്ന് തോന്നിയവരെ സർവ്വതന്ത്ര സ്വാതന്ത്ര്യത്തോടെ അഴിച്ചുവിട്ടു. അക്രമങ്ങളുടെയും താന്തോന്നിത്തരങ്ങളുടെയും വിളനിലമായി നാട് മാറിക്കൊണ്ടിരുന്നു. ഇന്ദിരാഗാന്ധി എന്ന ഭരണകർത്താവിന്റെ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി, ജനാധിപത്യവും മനുഷ്യാവകാശവും എല്ലാം കാറ്റിൽ പറത്തി, ബ്രിട്ടീഷുകാരേക്കാൾ ക്രൂരമായ ‘ഡ്രാക്കുള’ ഭരണം ഭാരതത്തിൽ വിളയാടിയ കാലമായിരുന്നു അത്.
കേരളത്തിലും സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയോടെ കടുത്ത ഭീകരതയാണ് അഴിച്ചുവിട്ടത്. അന്ന് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ് പാർട്ടിയും ചങ്ങാത്തത്തിലാണ്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്റെയും ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെയും മൗനസമ്മതത്തോടെ പോലീസും ഭരണപക്ഷത്തെ കോൺഗ്രസ് – മുസ്ലീം ലീഗ് നേതാക്കളും എതിരാളികളെ മൃഗീയമായി അടിച്ചമർത്തി. ആർ.എസ്.എസ് പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പോലീസിന്റെ മൃഗീയ പീഡനങ്ങൾക്കിരയായി. സംസ്ഥാനത്തൊട്ടാകെ 7,314-ഓളം പേരെയാണ് ജയിലിലടച്ചത്.
അന്നത്തെ ഉണ്ണിയാർച്ചമാർ
ഇന്നത്തെ തലമുറ മറന്നുപോയ അന്നത്തെ ഉണ്ണിയാർച്ചകളായിരുന്നു ടി. പി. വിനോദിനിയമ്മ, എം. ദേവകിയമ്മ, രാധാ ബാലകൃഷ്ണൻ, ഡോ. വിമല തുടങ്ങിയ നിർഭയരായ സ്ത്രീരത്നങ്ങൾ. കേരളത്തിലെ മഹിളാ പൊതുപ്രവർത്തന രംഗത്ത് ജ്വലിച്ചുനിന്ന വ്യക്തിത്വങ്ങളായിരുന്നു ഇവർ.
1971-ൽ ജനസംഘം മഹിളാ വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ നടക്കുമ്പോൾ, ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ അവിചാരിത മുഹൂർത്തമായതിനാൽ രാധച്ചേച്ചിക്ക് അതിൽ പങ്കാളിയാകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, പ്രസവം കഴിഞ്ഞ് ഒരു മാസം തികയുമ്പോഴേക്കും കൈക്കുഞ്ഞുമായി സംസ്ഥാന സമിതി യോഗത്തിനെത്തി സംഘടനയോടുള്ള തൻ്റെ സമർപ്പണം തെളിയിച്ച വിപ്ലവകാരിയായിരുന്നു രാധച്ചേച്ചി. അന്ന് അവരുടെ കയ്യിലിരുന്ന ആ കുഞ്ഞായിരുന്നു നിവേദിത!
ലഘുലേഖകൾ പോലും കൈവശം വെക്കുന്നത് കുറ്റകരമായിരുന്ന ആ കാലത്ത്, ഇന്ദിരാഗാന്ധിയുടെ ഭീകര ഭരണത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന സന്ദേശവുമായി വിനോദിനിച്ചേച്ചിയുടെയും നേതൃത്വത്തിൽ രാധച്ചേച്ചിയും സുശീലേടത്തിയും ഉൾപ്പെടുന്ന വനിതാ നേതാക്കൾ രഹസ്യമായി വീടുകൾ തോറും കയറിയിറങ്ങി പ്രവർത്തിച്ചു.
പ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ അക്രമങ്ങൾക്കും ഭീഷണികൾക്കും ഇവർ ഇരയായി. എന്നാൽ ഇതിലൊന്നും ഭയപ്പെടാതെ ‘മിന്നൽ പോലെ പ്രത്യക്ഷപ്പെടുക, പ്രസംഗിക്കുക, പെട്ടെന്ന് മറയുക’ എന്ന തന്ത്രത്തിലൂടെ ഇവർ പ്രതിഷേധങ്ങൾ തുടർന്നുകൊണ്ടിരുന്നു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരി
അതിനിടെ പാലക്കാട് ജില്ലയിൽ നടന്ന ഒരു പ്രതിഷേധ യോഗത്തിൽ വെച്ച് പോലീസ് അവരെ വളഞ്ഞുപിടിക്കുകയും രാധച്ചേച്ചിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്ന് ആ അമ്മയുടെ മാറോട് ചേർന്ന് ഒരു മൂന്നു വയസ്സുകാരിയുണ്ടായിരുന്നു. അമ്മയുടെ സാരിത്തുമ്പിൽ നിന്ന് പിടിവിടാതെ ആ കുഞ്ഞ് ജയിലിലേക്ക് പോയി.. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരിയായി.. പാലക്കാട് കോട്ട ജയിലിലടയ്ക്കപ്പെട്ട് സകലമനുഷ്യർക്കുമുള്ള സ്വാതന്ത്ര്യത്തെ മരവിപ്പിച്ച ഇന്ദിരയുടെ മാരണ കാലത്ത് ഒരു മാസക്കാലം തടവിൽ കഴിഞ്ഞു.
സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങൾ
അടിയന്തരാവസ്ഥയുടെ കാലം കഴിഞ്ഞിട്ടും ആ പോരാട്ട വീര്യം അടങ്ങിയില്ല. ഗുരുവായൂർ ഊട്ടുപുരയിൽ നിലനിന്നിരുന്ന ജാതിവിവേചനത്തിനെതിരെ കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച ചരിത്രപ്രസിദ്ധമായ പദയാത്രയ്ക്ക് സംഘപരിവാറിന്റെ പൂർണ്ണ പിന്തുണയും സ്വീകരണവുമാണുണ്ടായിരുന്നത്. പദയാത്ര ഗുരുവായൂരിലെത്തിയപ്പോൾ സമസ്ത ഹൈന്ദവ വിഭാഗങ്ങളെയും ഒന്നിപ്പിച്ചു നിർത്തി, ആ സാമൂഹിക നീതി പോരാട്ടത്തിന്റെ മുന്നണിയിൽ നിൽക്കാൻ വിനോദിനിയമ്മയ്ക്കും ദേവകിയമ്മയ്ക്കും ഡോ. ആര്യാദേവിക്കും ഡോ. വിമലയ്ക്കും ഒപ്പം രാധാ ബാലകൃഷ്ണനുമുണ്ടായിരുന്നു. സ്വന്തം മക്കളെയും കൈപിടിച്ചാണ് അന്നും അവർ ആ സാമൂഹിക മാറ്റത്തിന് കാവൽ നിന്നത്.
അര നൂറ്റാണ്ടിനു ശേഷമുള്ള ചരിത്രനിയോഗം
അന്ന് ഇന്ദിരാഗാന്ധിയുടെ തടവറയ്ക്കുള്ളിൽ അമ്മയുടെ നെഞ്ചോടു ചേർന്ന് കിടന്ന ആ മൂന്ന് വയസ്സുകാരി പെൺകുട്ടിയാണ് ഇന്ന് അര നൂറ്റാണ്ടിനു ശേഷം, ഭാരതത്തിലെ 1.45 ബില്യൺ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീസമൂഹത്തിന്റെ അവകാശപ്പോരാട്ടങ്ങളെ നയിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ദേശീയ വനിതാ കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് നിവേദിത സുബ്രഹ്മണ്യന് എല്ലാ ഭാവുകങ്ങളും..
Leave a comment