1600 ഡിസംബർ 31ന് ബ്രിട്ടനിലെ എലിസബത്ത് ഒന്നാമൻ രാജ്ഞി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഏഷ്യയിൽ കച്ചവടം നടത്താനുള്ള ചാർട്ടർ അനുമതി പത്രം നൽകിയതോടെയാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തുടക്കം. എന്നാൽ 1757ൽ ബംഗാൾ പിടിച്ചടക്കിയതോടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യം കവർന്ന് യഥാർത്ഥ ഭരണാധികാരികളാകുന്നത്. അന്ന് മുതൽ പൂർണ സ്വരാജിലേയ്ക്ക് നാം എങ്ങനെയാണ് അടുത്തത് എന്നറിയുമ്പോഴാണ് പോരാട്ടത്തിന്റെ തീക്കനലിൽ കൂടി നാം സ്വാതന്ത്ര്യം നേടിയെടുത്തതെങ്ങനെ എന്നു തിരിച്ചറിയാൻ കഴിയുന്നത്.
1757 മുതൽ 1977 വരെയുള്ള 220 കൊല്ലങ്ങളെ നമുക്ക് ഒൻപതു ഘട്ടങ്ങളായി തിരിക്കാം.. ആ ഘട്ടങ്ങളിൽ നമുക്ക് എന്തുമാത്രം സ്വാതന്ത്ര്യം ലഭിച്ചിരുന്നു എന്നും ഭരണത്തിൽ നമുക്ക് എത്ര പ്രാതിനിധ്യം ഉണ്ടായിരുന്നു എന്നും നമുക്ക് പരിശോധിക്കാം.
ഘട്ടം 1: 1757 – 1858 (കമ്പനി ഭരണവും അടിമത്തവും)
- പ്രാതിനിധ്യം: 0%
- സ്വാതന്ത്ര്യം: 0%
പ്രധാന വർഷങ്ങളും മാറ്റങ്ങളും:
- 1757 (പ്ലാസ്സി യുദ്ധം – ആദ്യ ഭരണകേന്ദ്രം): ബംഗാൾ നവാബ് സിറാജുദ്ദൗളയെ തോൽപ്പിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ബംഗാളിൽ ആദ്യമായി നേരിട്ട് ഭരണം ആരംഭിച്ചു.
- 1764 (ബക്സാർ യുദ്ധം): ബക്സാർ യുദ്ധത്തിലെ വിജയത്തോടെ ബംഗാൾ, ബീഹാർ, ഒഡീഷ പ്രദേശങ്ങളിൽ നിന്ന് നികുതി പിരിക്കാനുള്ള ‘ദിവാനി’ അവകാശം കമ്പനിക്ക് ലഭിച്ചു.
- 1773 (റെഗുലേറ്റിംഗ് ആക്ട്): കമ്പനി ഭരണത്തിന് മേൽ ബ്രിട്ടീഷ് പാർലമെന്റ് കൊണ്ടുവന്ന ആദ്യ നിയമം. ബെംഗാൾ ഗവർണറെ ബെംഗാൾ ഗവർണർ ജനറലാക്കി വാറൻ ഹേസ്റ്റിംഗ്സിനെ നിയമിച്ചു.
- 1784 (പിറ്റ്സ് ഇന്ത്യ ആക്ട്): കമ്പനിയുടെ ഭരണപരമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ബ്രിട്ടനിൽ ബോർഡ് ഓഫ് കൺട്രോൾ രൂപീകരിച്ചു.
- 1833 (ചാർട്ടർ ആക്ട്): ബെംഗാൾ ഗവർണർ ജനറലിനെ ഇന്ത്യയുടെ ഗവർണർ ജനറലായി ഉയർത്തി. ഇന്ത്യയിലുടനീളം ഒറ്റ കേന്ദ്രീകൃത ഭരണം വന്നു.
- 1858 (വിക്ടോറിയ രാജ്ഞിയുടെ നേരിട്ടുള്ള ഭരണം): 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം കമ്പനി ഭരണം അവസാനിപ്പിച്ച് ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞി നേരിട്ടേറ്റെടുത്തു. ഗവർണർ ജനറലിന് പകരം വൈസ്രോയി പദവി നിലവിൽ വന്നു.
ഘട്ടം 2: 1861 – 1892 (നാമമാത്രമായ പങ്കാളിത്തം)
- പ്രാതിനിധ്യം: നാമനിർദ്ദേശം ചെയ്യപ്പെട്ട രാജാക്കന്മാർക്കും ജമീന്ദാർമാർക്കും മാത്രം
- സ്വാതന്ത്ര്യം: 0%
പ്രധാന വർഷങ്ങളും മാറ്റങ്ങളും:
- 1861 (ഇന്ത്യൻ കൗൺസിൽസ് ആക്ട്): കൗൺസിലുകളിലേക്ക് ചില ഇന്ത്യക്കാരെ ഉൾപ്പെടുത്തി. പ്രവിശ്യകൾക്ക് നിയമനിർമ്മാണ അധികാരം നൽകി അധികാരം വികേന്ദ്രീകരിച്ചു. പ്രവിശ്യകളിൽ പോർട്ട്‌ഫോളിയോ സിസ്റ്റം (വിവിധ വകുപ്പുകൾ) നിലവിൽ വന്നു.
- 1892 (ഇന്ത്യൻ കൗൺസിൽസ് ആക്ട്): കൗൺസിലുകളിലെ അംഗങ്ങളുടെ എണ്ണം കൂട്ടി. ബജറ്റ് ചർച്ച ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള അമിതമായ അധികാരം ഇന്ത്യക്കാർക്ക് നൽകി.
ഘട്ടം 3: 1909 (വോട്ടവകാശത്തിന്റെ തുടക്കം)
- പ്രാതിനിധ്യം: പരിമിതമായ ജനപ്രാതിനിധ്യം (സമ്പന്നർക്ക് മാത്രം വോട്ടവകാശം)
- സ്വാതന്ത്ര്യം: 5%
പ്രധാന വർഷങ്ങളും മാറ്റങ്ങളും:
- 1909 (മിന്റോ-മോർലി പരിഷ്കാരങ്ങൾ): വോട്ടവകാശത്തിലൂടെ നിയമനിർമ്മാണ കൗൺസിലുകളിലേക്ക് കുറച്ച് ഇന്ത്യക്കാർക്ക് തിരഞ്ഞെടുക്കപ്പെടാൻ അവസരം ലഭിച്ചു. മുസ്ലിങ്ങൾക്ക് പ്രത്യേക തിരെഞ്ഞെടുപ്പ് മണ്ഡലങ്ങൾ അനുവദിച്ചു.
ഘട്ടം 4: 1919 – 1932 (പ്രവിശ്യകളിലെ ഭാഗിക പങ്കാളിത്തം)
- പ്രാതിനിധ്യം: ഭാഗിക പ്രാതിനിധ്യം (കേന്ദ്രത്തിൽ രണ്ടു സഭകൾ)
- സ്വാതന്ത്ര്യം: 15%
പ്രധാന വർഷങ്ങളും മാറ്റങ്ങളും:
- 1919 (മൊണ്ടേഗു-ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ): പ്രവിശ്യകളിൽ ദ്വന്ദഭരണം നടപ്പിലാക്കി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രാദേശിക വിഷയങ്ങളുടെ ചുമതല ഇന്ത്യൻ മന്ത്രിമാർക്ക് നൽകി.
- 1928 (നെഹ്‌റു റിപ്പോർട്ട്): മോത്തിലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇന്ത്യക്കാർ സ്വന്തമായി തയ്യാറാക്കിയ ആദ്യ ഭരണഘടനാ കരട് രേഖ.
- 1930 – 1932 (വട്ടമേശ സമ്മേളനങ്ങൾ): ഭരണഘടനാ പരിഷ്കാരങ്ങൾ ചർച്ച ചെയ്യാൻ ലണ്ടനിൽ മൂന്ന് സമ്മേളനങ്ങൾ നടന്നു.
ഘട്ടം 5: 1935 – 1942 (പ്രവിശ്യാ സ്വയംഭരണം)
- പ്രാതിനിധ്യം: 10 – 14% (ജനസംഖ്യയുടെ പത്തിലൊന്നിന് വോട്ടവകാശം)
- സ്വാതന്ത്ര്യം: 40%
പ്രധാന വർഷങ്ങളും മാറ്റങ്ങളും:
- 1935 (ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്): പ്രവിശ്യകളിൽ സ്വയംഭരണം നടപ്പിലാക്കി. 1937-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം പ്രവിശ്യകളിലും ഇന്ത്യൻ മന്ത്രിസഭകൾ അധികാരത്തിൽ വന്നു.
- 1940 (ഓഗസ്റ്റ് ഓഫർ): യുദ്ധത്തിന് ശേഷം ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി നൽകാം എന്ന് ബ്രിട്ടൻ സമ്മതിച്ചു.
- 1942 (ക്രിപ്സ് മിഷൻ): പൂർണ്ണ സ്വാതന്ത്ര്യം നൽകാത്തതിനാൽ ബ്രിട്ടന്റെ ക്രിപ്സ് നിർദ്ദേശങ്ങൾ ഇന്ത്യൻ നേതാക്കൾ തള്ളി.
ഘട്ടം 6: 1946 (സ്വയം ഭരണത്തിലേക്കുള്ള മാറ്റം)
- പ്രാതിനിധ്യം: 80%
- സ്വാതന്ത്ര്യം: 80%
പ്രധാന വർഷങ്ങളും മാറ്റങ്ങളും:
- 1946 (ഇടക്കാല സർക്കാരും ഭരണഘടനാ നിർമ്മാണ സഭയും): ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിച്ചു. ഭരണഘടന തയ്യാറാക്കാൻ ഭരണഘടനാ നിർമ്മാണ സഭ നിലവിൽ വന്നു.
ഘട്ടം 7: 1947 (സ്വാതന്ത്ര്യ പ്രാപ്തി)
- പ്രാതിനിധ്യം: 90%
- സ്വാതന്ത്ര്യം: 100%
പ്രധാന വർഷങ്ങളും മാറ്റങ്ങളും:
- 1947 (ഇന്ത്യൻ സ്വാതന്ത്ര്യ നിയമം): ഓഗസ്റ്റ് 15-ന് ബ്രിട്ടീഷ് ഭരണം അവസാനിച്ചു. ഇന്ത്യ സ്വതന്ത്ര രാജ്യമായി മാറി.
ഘട്ടം 8: 1949 – 1950 (സമ്പൂർണ്ണ റിപ്പബ്ലിക്)
- പ്രാതിനിധ്യം: 100% (സാർവത്രിക വോട്ടവകാശം)
- സ്വാതന്ത്ര്യം: 100%
പ്രധാന വർഷങ്ങളും മാറ്റങ്ങളും:
- 1949 (നവംബർ 26): ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഘടന അംഗീകരിച്ചു.
- 1950 (ജനുവരി 26 – റിപ്പബ്ലിക് ഇന്ത്യ): ഭരണഘടന നിലവിൽ വന്നു. ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറി. എല്ലാവർക്കും സമത്വവും വോട്ടവകാശവും ലഭിച്ചു.
ഘട്ടം 9: 1975 – 1977 (ജനാധിപത്യത്തിന്റെ പരീക്ഷണവും തിരിച്ചുവരവും)
- പ്രാതിനിധ്യം (1975): 0% | സ്വാതന്ത്ര്യം (1975): 0%
- പ്രാതിനിധ്യം (1977): 100% | സ്വാതന്ത്ര്യം (1977): 100%
പ്രധാന വർഷങ്ങളും മാറ്റങ്ങളും:
- 1975 (അടിയന്തരാവസ്ഥ): ജൂൺ 25-ന് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും താൽക്കാലികമായി നഷ്ടപ്പെട്ടു.
- 1977 (തിരിച്ചുവരവ്): അടിയന്തരാവസ്ഥ പ്രക്ഷോഭത്തിനു ശേഷം സ്വാതന്ത്ര്യം പുനഃസ്ഥാപിച്ച് തിരഞ്ഞെടുപ്പ് നടന്നു. ജനങ്ങൾ വോട്ടവകാശത്തിലൂടെ ആദ്യമായി മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ഒരു കോൺഗ്രസ്സിതര സർക്കാരായ ജനതാ പാർട്ടിയെ അധികാരത്തിലേറ്റുകയും ജനാധിപത്യം തിരികെ പിടിക്കുകയും ചെയ്തു.
ഘട്ടം ഘട്ടമായി നാമെങ്ങനെ സ്വരാജ്യം നേടി എന്നു മനസിലാക്കാനാണ് ഇതുപോലെ ഒരു വിവരണം തയാറാക്കിയത്. വിസ്തരിച്ച് എഴുതിയാൽ തീരാത്ത വിഷയമാണെന്നതും അതിന് ഒരുപാട് ദൈർഘ്യമുണ്ടാകും എന്നുള്ളതും പരിഗണിച്ച് ഇങ്ങനെ ഒരു പ്രതലത്തിലേയ്ക്ക് വരച്ചിടുന്നു. 1757-ൽ ബംഗാളിൽ നഷ്ടപ്പെട്ട സ്വാതന്ത്ര്യം 1950-ൽ ഭരണഘടനയിലൂടെ പൂർണ്ണമായി തിരികെ പിടിച്ചതും, 1975ൽ ഏകാധിപത്യം അതിനെ പൂർണമായി പിടിച്ചടക്കിയതും അതിനോട് വീണ്ടും പൊരുതി 1977-ൽ ജനങ്ങൾ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചതുമായ കൃത്യമായ ചിത്രം മുന്നിൽ വയ്ക്കാനാണ് ഇതിലൂടെ ശ്രമിച്ചതും..
Leave a comment