ഇന്ന് ഇവിടെ വിപ്ലവകരമായ പ്രത്യേക സാഹചര്യങ്ങളോ ജനകീയ മുന്നേറ്റങ്ങളോ നിലവിലില്ല; ജനങ്ങൾക്കിടയിൽ പ്രതിഷേധം അണപൊട്ടുന്നതോ അവരുടെ സമരങ്ങൾ ഉയർന്ന ഘട്ടത്തിലേക്ക് എത്തുന്നതോ ആയ അവസ്ഥ ഇന്നില്ല.
V. I. Lenin, The Collapse of the Second International (Written: May–June 1915; Published: 1915 in Kommunist No. 1–2; Lenin Collected Works, Vol. 21, Progress Publishers, Moscow).
ഇന്നത്തെ ഈ ഘട്ടത്തിൽ നിങ്ങളുടെ കയ്യിൽ കിട്ടുന്ന ബാലറ്റ് പേപ്പർ എന്നത് ശത്രുക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ പഠിക്കുക. അല്ലാതെ, പാർലമെന്ററി വ്യാമോഹങ്ങളിൽ അഭിരമിച്ച്, ജയിൽവാസം ഭയന്ന് പാർലമെന്റ് സീറ്റുകളിൽ കടിച്ചുതൂങ്ങിനിൽക്കുന്ന അവസരവാദികൾക്ക് സുഖപ്രദമായ പദവികൾ തരപ്പെടുത്താനുള്ള മാർഗ്ഗമായി അതിനെ കാണരുത്!
എന്നാൽ ഓർക്കുക—നാളെ വിപ്ലവ പ്രസ്ഥാനം ആ ബാലറ്റ് പേപ്പർ നിങ്ങളുടെ കയ്യിൽ നിന്ന് മാറ്റി, പകരം നിങ്ങളുടെ കയ്യിലേക്ക് പ്രതിരോധത്തിന്റെ തോക്കുകൾ വെച്ചുതരും; ആ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ മടികാണിക്കരുത്, യുദ്ധത്തെയും വിപ്ലവത്തെയും ഭയന്ന് ഭീരുക്കളെപ്പോലെ വിലപിക്കുന്ന കാപട്യക്കാരുടെ വിലാപങ്ങൾ കേട്ട് പിന്നോട്ട് പോകരുത്!
തൊഴിലാളിവർഗ്ഗത്തിന്റെ മോചനത്തിനായി തീയും വാളും ഉപയോഗിച്ച് പഴയ വ്യവസ്ഥിതികളെ തകർത്തെറിയേണ്ട ഒട്ടനവധി അസമത്വങ്ങൾ ഈ ലോകത്ത് ഇനിയും ബാക്കിയുണ്ട്.
അതുകൊണ്ട്, ജനങ്ങൾക്കിടയിൽ രോഷവും നിരാശയും പുകഞ്ഞുയരുകയും, യഥാർത്ഥമായ ഒരു വിപ്ലവ സാഹചര്യം ഉടലെടുക്കുകയും ചെയ്യുമ്പോൾ—പുതിയ വർഗ്ഗ സംഘടനകളും കൂട്ടായ്മകളും കെട്ടിപ്പടുക്കാൻ സജ്ജരാവുക. വിപ്ലവത്തിന്റെ ആ നിർണ്ണായക ഘട്ടത്തിൽ, നിങ്ങളുടെ കയ്യിലുള്ള ആ ആയുധങ്ങൾ നിങ്ങളുടെ സ്വന്തം ഭരണകൂടത്തിനും ബൂർഷ്വാ വർഗ്ഗത്തിനുമെതിരെ തന്നെ പ്രയോഗിക്കുക!”
1946 സെപ്റ്റംബർ രണ്ടിനാണ് ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഇടക്കാല സർക്കാർ രൂപീകരിക്കുന്നത്. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ അന്ന് അദ്ദേഹം പ്രായോഗികമായി പ്രധാനമന്ത്രിയുടെ ചുമതലയിലാണ് ഇരുന്നത്. തുടർന്ന് 1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ നെഹ്റു രാജ്യത്തിന്റെ ആദ്യത്തെ ഔദ്യോഗിക പ്രധാനമന്ത്രിയായി ചുമതലയേറ്റു.
1948 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കൽക്കട്ടയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രണ്ടാം പാർട്ടി കോൺഗ്രസിലാണ് ‘കൽക്കട്ട തീസിസ്’ അംഗീകരിക്കുന്നത്. ബി.ടി. രണദിവെയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ഈ നയം അനുസരിച്ച് “യേ ആസാദി ഝൂഠി ഹേ” (എന്നു വെച്ചാൽ ഈ സ്വാതന്ത്ര്യം കപടമാണ് എന്ന്) എന്ന് പ്രഖ്യാപിക്കുകയും, ഇന്ത്യൻ ഭരണകൂടത്തെ സായുധ വിപ്ലവത്തിലൂടെ അട്ടിമറിക്കാനും നെഹ്റുവിനെയും പട്ടേലിനെയും പുറത്താക്കാനും പാർട്ടി ആഹ്വാനം ചെയ്തു. ഇതേത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യവ്യാപകമായി നിരോധിക്കപ്പെടുകയും നേതാക്കൾ ഒളിവിൽ പോവുകയും ചെയ്തു.
കൽക്കട്ട തീസിസിനെ തുടർന്ന് പാർട്ടി നിരോധിക്കപ്പെട്ടതോടെ അന്നത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ള ഒളിവിൽ പോയി. 1948 ഓഗസ്റ്റ് 19ന് ആലപ്പുഴയിലെ മുഹമ്മയിൽ കണ്ണർകാട് ഒരു കയർ തൊഴിലാളിയുടെ കുടിലിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് കൃഷ്ണപിള്ളയ്ക്ക് പാമ്പ് കടിയേൽക്കുന്നതും മരണമടയുന്നതും.
ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഒരു ജനാധിപത്യ രാജ്യത്ത്, അധികാരത്തിലേറി പാൽമണം പോലും മാറാത്ത നിയമപരമായ ഒരു സർക്കാരിനെതിരെ ആയുധമെടുത്ത് പോരാടാൻ ആഹ്വാനം ചെയ്യുന്നത് രാജ്യദ്രോഹവും കലാപശ്രമവുമാണ്. അങ്ങനെയെങ്കിൽ, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടേണ്ട ഒരാളെ ഇത്തരത്തിൽ മഹത്വവൽക്കരിക്കുന്നത് തികഞ്ഞ തെറ്റാണ്.
എന്നാൽ കൃഷ്ണപിള്ളയെ അനുകൂലിക്കുന്നവരും ചരിത്രത്തിന്റെ മറ്റൊരു വശം മാത്രം കാണാനും കാണിക്കാനും ആഗ്രഹിക്കുന്നവരും ഈ വസ്തുതകളെ സൗകര്യപൂർവ്വം ഷുഗർകോട്ട് ചെയ്യുകയാണ് പതിവ്. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹം ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തതും, അന്നത്തെ കെപിസിസി പ്രസിഡന്റ് കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന പയ്യന്നൂർ ഉപ്പു സത്യാഗ്രഹ ജാഥയിൽ പങ്കാളിയായതും, പാർട്ടി വളർത്താൻ കേരളത്തിലെ കർഷകരെയും കയർ-ബീഡി തൊഴിലാളികളെയും സംഘടിപ്പിച്ചതും മാത്രമാണ് ഇവർ എപ്പോഴും ജനങ്ങളിലേക്ക് എത്തിക്കുന്നത്.
ചിലരൊക്കെ ‘ബ്രിട്ടീഷുകാർക്കെതിരെ പോരാടി ഒളിവിൽ കഴിയുമ്പോഴാണ്’ പി. കൃഷ്ണപിള്ളയെ പാമ്പ് കടിക്കുന്നത് എന്നു വരെ മൈക്ക് കെട്ടി വെച്ച് ‘ത്യാഗത്തിലും രക്തസാക്ഷിത്വത്തിലും’ പൊതിഞ്ഞു പ്രസംഗിക്കുന്നത് കേൾക്കാം! എന്നാൽ യഥാർത്ഥ ചരിത്രം അതല്ല.
സോവിയറ്റ് യൂണിയന്റെ കങ്കാണിപ്പണിയായിരുന്നു കമ്മ്യൂണിസ്റ്റുകൾ ആദ്യത്തെ മുപ്പതുകൊല്ലക്കാലം ഇന്ത്യയിൽ എടുത്തിരുന്നത്. ഉടൻ കമ്മ്യൂണിസ്റ്റ് രാജ്യമാക്കാൻ ബുദ്ധിമുട്ടായതുകൊണ്ട്, ദേശീയ ബൂർഷ്വാസികൾ നയിക്കുന്ന സ്വാതന്ത്ര്യസമരത്തിന്റെ കൂടെ നടക്കുക; പാർട്ടി വളർത്താൻ വർഗ്ഗ ബഹുജന പ്രസ്ഥാനങ്ങളിൽ പോയി പ്രവർത്തിച്ച് ആ വഴി ആളെക്കൂട്ടുക; നൈസായി ബ്രിട്ടീഷുകാരന്റെ കണ്ണിൽ നിന്ന് രക്ഷപ്പെടുക; ഒടുവിൽ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞാൽ ദേശീയ ബൂർഷ്വാസിയെ പുറത്താക്കി അധികാരം പിടിച്ചെടുക്കുക – ഇതായിരുന്നു തന്ത്രം. ലെനിൻ 1920ൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽ കൊണ്ടുവന്ന കോമിന്റേൺ പ്രമേയമാണ് അവരിവിടെ നടപ്പാക്കാൻ ശ്രമിച്ചത്.
1920 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടന്ന കോമിന്റേണിന്റെ രണ്ടാം കോൺഗ്രസിലെ ലെനിന്റെ പ്രമേയം അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ വളരെ പ്രശസ്തമാണ്. ഇതിൽ ലെനിനും എംഎൻ റോയിയും തമ്മിൽ കൊളോണിയൽ രാജ്യങ്ങളിലെ വിപ്ലവ തന്ത്രങ്ങളെക്കുറിച്ച് വലിയ തർക്കങ്ങൾ നടന്നിരുന്നു. ഇന്ത്യ പോലുള്ള കോളനികളിൽ ആദ്യം സാമ്രാജ്യത്വ വിരുദ്ധ ദേശീയ ബൂർഷ്വാസിയെ പിന്തുണയ്ക്കണമെന്നായിരുന്നു ലെനിന്റെ നിലപാട്. കാരണം കമ്യൂണിസ്റ്റുകളെ അപേക്ഷിച്ച് ജനസ്വാധീനമുള്ള അവർക്ക് ജനങ്ങളെ വലിയ തോതിൽ അണിനിരത്താൻ കഴിയും. ആ സമരത്തിന്റെ മറവിൽ കമ്മ്യൂണിസ്റ്റുകൾക്ക് തങ്ങളുടെ സംഘടനാ അടിത്തറ വികസിപ്പിക്കാം.
എന്നാൽ ഇതിന് ഒരൊറ്റ നിബന്ധനയുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വതന്ത്രമായ അസ്തിത്വവും പ്രത്യയശാസ്ത്രവും ഒരിക്കലും കോൺഗ്രസിന് പണയം വെക്കരുത്. ഭാവിയിൽ അധികാരം പിടിച്ചെടുക്കാൻ പാകത്തിൽ തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ച് പാർട്ടി വളർത്തണം.
ഇവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു ദേശീയ ബൂർഷ്വാസി. കോമിന്റണിന്റെ ഈ “തീസിസ് ഓൺ ദ നാഷണൽ ആൻഡ് കൊളോണിയൽ ക്വസ്റ്റ്യൻസ്” അതേപടി അനുസരിച്ച്, “ദേശീയ പ്രസ്ഥാനത്തിന്റെ കൂടെ നടന്ന് പാർട്ടി വളർത്തുക” എന്ന തന്ത്രം ഇന്ത്യയിലെ സോവിയറ്റ് കങ്കാണികൾ കൃത്യമായി നടപ്പാക്കി. ഇതിനു പിന്നാലെ 1930കളുടെ മധ്യത്തിൽ കോമിന്റേൺ മുന്നോട്ടുവെച്ച ‘ദത്ത്-ബ്രാഡ്‌ലി തീസിസ്’ അനുസരിച്ച് കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസിനുള്ളിൽ നേരിട്ട് കയറി പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ഇ.എം.എസ്സും പി. കൃഷ്ണപിള്ളയുമൊക്കെ കോൺഗ്രസിന്റെ മുൻനിര നേതാക്കളാവുകയും കെ.പി.സി.സി. പിടിച്ചെടുക്കുകയും ചെയ്തത്.
ഒരേസമയം കോൺഗ്രസിന്റെ ദേശീയ ജനപ്രീതി ഉപയോഗിക്കുകയും, അതിനുള്ളിലിരുന്ന് കർഷകരെയും തൊഴിലാളികളെയും പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന തന്ത്രം അവർ വിജയകരമായി നടപ്പാക്കി. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിരോധനത്തിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാൻ കോൺഗ്രസ് എന്ന ‘കവചം’ അവരെ സഹായിച്ചു.
ഇവരുടെയൊക്കെ റിമോട്ട് കൺട്രോൾ സോവിയറ്റ് യൂണിയന്റെ കൈകളിലായിരുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ആദ്യകാലത്ത് മോസ്കോയിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണ് തങ്ങളുടെ നിലപാടുകൾ മാറ്റിമറിച്ചിരുന്നത് എന്ന വിമർശനം മനസ്സിലാക്കാൻ നേതാജിക്കെതിരെയും ക്വിറ്റ് ഇന്ത്യ സമരത്തിനെതിരെയും ഇവർ സ്വീകരിച്ച നിലപാടുകൾ നോക്കിയാൽ മതി.
രണ്ടാം ലോകമഹായുദ്ധം 1939ൽ ആരംഭിക്കുമ്പോൾ ബ്രിട്ടന്റെ യുദ്ധശ്രമങ്ങളെ കമ്മ്യൂണിസ്റ്റുകൾ ശക്തമായി എതിർത്തു. അതിനെ അവർ ‘സാമ്രാജ്യത്വ യുദ്ധം’ എന്ന് വിളിച്ചു. കാരണം അന്നുവരെ സ്റ്റാലിനും ഹിറ്റ്ലറും പരസ്പരം ആക്രമിക്കില്ലെന്ന സഖ്യത്തിലായിരുന്നു. എന്നാൽ 1941ൽ ജർമ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ, മോസ്കോയിൽ നിന്ന് അടുത്ത നിർദ്ദേശം വന്നു. അതോടെ കമ്മ്യൂണിസ്റ്റുകൾക്ക് ഇത് ഒറ്റരാത്രികൊണ്ട് ‘ജനകീയ യുദ്ധം’ ആയി മാറി! അവർ ബ്രിട്ടീഷ് സർക്കാരിനെ പരസ്യമായി പിന്തുണയ്ക്കുകയും ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുക്കുകയും ചെയ്തു.
യുദ്ധാനന്തരം 1947ൽ സോവിയറ്റ് യൂണിയന്റെ പ്രധാന പ്രത്യയശാസ്ത്ര തലവനായിരുന്ന ആന്ദ്രേ ഷദാനോവ് മുന്നോട്ടുവെച്ച ലോകം രണ്ട് ചേരികളായി തിരിഞ്ഞു എന്ന Two camp theory അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ ബിടി രണദിവെ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തത്. നെഹ്റു സർക്കാരിനെ ആംഗ്ലോ-അമേരിക്കൻ ചേരിയുടെ ദല്ലാളായി ചിത്രീകരിച്ച് സായുധമായി അട്ടിമറിക്കാൻ നോക്കിയ ഈ നീക്കം പരാജയപ്പെടുകയും പാർട്ടിക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു.
സ്വാതന്ത്ര്യ സമരത്തിന്റെ വഴിയിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സായുധ വിപ്ലവ വഴിയിലേക്ക് തിരിഞ്ഞ കൃഷ്ണപിള്ളയെ, പട്ടിണിയും ജന്മിത്തവും കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് അധഃസ്ഥിതർക്ക് വേണ്ടി പ്രവർത്തിച്ച ഒരു ‘ജനകീയ നേതാവ്’ എന്ന ലേബലിൽ മാത്രമാണ് പിൽക്കാലത്ത് കമ്മ്യൂണിസ്റ്റുകളും മാർക്സിസ്റ്റുകളും ഉയർത്തിക്കാട്ടിയത്.
ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്ക് മുന്നിൽ കൃഷ്ണപിള്ള ഒളിവിലായിരുന്ന ഒരു പ്രതി തന്നെയാണ്. അന്ന് അവരുടെ വിപ്ലവ അട്ടിമറികൾ വിജയിച്ചിരുന്നെങ്കിൽ ഭാരതം മുഴുവൻ ഇന്ന് മറ്റൊരു ‘കണ്ണൂർ പാർട്ടിഗ്രാമമായി’ മാറുമായിരുന്നു. ഈ രാജ്യം പി.എം. നാരായണന്മാരും, പി. ജയരാജന്മാരും, കൊടി സുനിമാരും, പി. ശശിമാരും, കാരായി രാജന്മാരും, വിക്രമന്മാരുമൊക്കെ ഭരിക്കുന്ന അവസ്ഥയിലേക്ക് എത്തുമായിരുന്നു.
പി കൃഷ്ണപിള്ളയൊന്നും വിചാരിക്കാത്ത തരത്തിൽ അയാളുടെ കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ ജനാധിപത്യത്തിന് കീഴടങ്ങി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു വഴങ്ങി. അങ്ങനെയൊന്നും സ്വപ്നത്തിൽ പോലും സങ്കല്പിക്കാതെയാണ് “സഖാക്കളേ മുന്നോട്ട്” എന്ന് മരണക്കിടക്കയിലും കൃഷ്ണപിള്ള അലറിയത്. അതിന് അവരെ അനുവദിക്കാതിരുന്നത്, ഇന്ന് കമ്മ്യൂണിസ്റ്റുകൾ വരെ ഓരോ ജൂലൈ ഒന്നിനും ‘ഡോക്ടേഴ്സ് ഡേ’ ആയി ആചരിക്കുന്ന പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ഡോ. ബിധാൻ ചന്ദ്ര റോയിയെപ്പോലുള്ള ഇരുമ്പുമുഷ്ടിയുള്ള ഭരണാധികാരികളും സർദാറിന്റെ ഇന്ത്യൻ സൈന്യവുമായിരുന്നു എന്നത് നമ്മൾ മറക്കരുത്.
Leave a comment