പണ്ട് പണ്ട്, ഒരിടത്ത് ഒരു ഗുരുവും അദ്ദേഹത്തിന് ഒന്നിനൊന്ന് മികച്ച കുറച്ച് ശിഷ്യന്മാരും ഉണ്ടായിരുന്നു. ലോകവിവരമൊഴികെ ബാക്കി എല്ലാ ശാസ്ത്രങ്ങളും മനഃപാഠമാക്കിയ വിവരദോഷികളായിരുന്നു ഈ ശിഷ്യന്മാർ.
അങ്ങനെയിരിക്കെ ഒരു ദിവസം ഗുരുവിന് ദൂരെയൊരു സ്ഥലത്തേക്ക് യാത്ര പോകേണ്ടി വന്നു. ശിഷ്യന്മാരും പല്ലക്കുമേന്തി കൂടെയിറങ്ങി. നടന്നു നടന്ന് കാട്ടുപാതയിലൂടെ പോകുമ്പോൾ, പെട്ടെന്ന് ദാ കിടക്കുന്നു ഗുരുവിന്റെ കമണ്ഡലു താഴെ!
വള്ളിപ്പടർപ്പിൽ തട്ടി വീണതാണ്. ശിഷ്യന്മാർ ഇതു കണ്ടെങ്കിലും ആരും അങ്ങോട്ട് നോക്കിയതു പോലുമില്ല. അവർ പാട്ടും പാടി പല്ലക്കും ചുമന്ന് മുന്നോട്ട് തന്നെ നടന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പൂജ ചെയ്യാനായി ഗുരു നോക്കിയപ്പോഴല്ലേ കാര്യം മനസ്സിലാവുന്നത്..
സാധനം കയ്യിലില്ല!
”ഡേയ്… എന്റെ കമണ്ഡലു എവിടെ?” ഗുരു ചോദിച്ചു.
”അത് വഴിയിൽ എവിടെയോ വീണുപോയെന്നു തോന്നുന്നു ഗുരോ…” മൂത്ത ശിഷ്യൻ പല്ലിളിച്ചുകൊണ്ട് പറഞ്ഞു.
”അയ്‌ഷെരി.. വീണിട്ട് നിങ്ങളാരും അത് എടുത്തില്ലേ?!” ഗുരുവിന് ദേഷ്യം വന്നു.
”അതിന് അങ്ങ് ഞങ്ങളോട് അത് എടുക്കാൻ പറഞ്ഞിട്ടില്ലായിരുന്നല്ലോ! അങ്ങയുടെ അനുവാദമില്ലാതെ ഞങ്ങൾ ഒന്നും ചെയ്യില്ലെന്ന് അവിടേക്ക് അറിവുള്ളതാണല്ലോ?” മറ്റൊരു ശിഷ്യൻ വിനയകുനിതനായി കൈകൂപ്പി.
ഗുരു തലയ്ക്ക് കൈവച്ചുപോയി. ഒടുവിൽ ദേഷ്യം കടിച്ചമർത്തി അദ്ദേഹം പറഞ്ഞു:
“ഇനിയെങ്കിലും ഓർത്തു വെച്ചോ, എന്റെ കയ്യിൽ നിന്നോ ഈ പല്ലക്കിൽ നിന്നോ എന്ത് താഴെപ്പോയാലും, അത് ചോദിക്കാൻ നിൽക്കാതെ അപ്പപ്പോൾ എടുത്ത് അകത്തു വെക്കണം! കേട്ടല്ലോ?”
”ശരി ഗുരോ.. അങ്ങ് അങ്ങനെ ഇച്ഛിക്കുന്നുവെങ്കിൽ!” ശിഷ്യന്മാർ ഒരേ സ്വരത്തിൽ ആ കമന്റിന് ലൈക്കടിച്ചു.
അങ്ങനെ യാത്ര തുടർന്നു. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ പല്ലക്ക് വലിക്കുന്ന കുതിരയ്ക്ക് ഒരു ‘അടിയന്തര ശങ്ക’. കുതിര വഴിയിൽ നല്ല ശറേന്ന് ചൂടോടെ ചാണകമിട്ടു.
ഇത് കണ്ടതും ‘ഉടൽ മണ്ണുക്ക് ഉയിര് ആശാനുക്ക്’ എന്നു വിളിച്ചോണ്ട് ഒരു ശിഷ്യൻ ചാടിവീണു. “ആഹാ! ഗുരുവിന്റെ കൽപ്പനയുണ്ട്, താഴെ വീഴുന്നതൊക്കെ എടുത്ത് അകത്തു വെക്കാൻ!” അവൻ ഒട്ടും മടിച്ചില്ല, രണ്ട് കൈയും നീട്ടി ആ ചൂടുചാണകം അപ്പാടെ വാരിയെടുത്ത് നേരെ ഗുരു ഇരിക്കുന്ന പല്ലക്കിനകത്തേക്ക് അങ്ങ് വെച്ചുകൊടുത്തു!
നാറ്റം സഹിക്കാനാവാതെ ഗുരു കണ്ണ് തള്ളി എഴുന്നേറ്റു.
“എന്താടാ ഇത്?!”
”ഗുരോ.. അങ്ങു കൽപ്പിച്ചതല്ലേ, താഴെ വീഴുന്നതെന്തും എടുത്തകത്തു വെയ്ക്കാൻ. കുതിരയുടെ കൂടെ വന്നതല്ലേ ഈ ചാണകവും, അതാ എടുത്തു വെച്ചത്!”
കൃതർത്ഥതയോടെ ശിഷ്യനിളിച്ചു.
ഗുരുവിന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായി. ഇളകിക്കുഴഞ്ഞ കുതിരച്ചാണകം ദേഹത്താകെയായി.. അദ്ദേഹം പനിപിടിച്ച പോലെ കോപത്താൽ വിറച്ചു.
ഒടുവിൽ പല്ലക്ക് നിർത്തിച്ച് ഒരു പനയോലക്കെട്ടെടുത്ത് തുല്യം ചാർത്തി ഒരു ലിസ്റ്റുണ്ടാക്കി.
”ഇനി മുതൽ ഈ ലിസ്റ്റിലുള്ള സാധനങ്ങൾ മാത്രമേ താഴെ വീണാൽ എടുക്കാവൂ!”
ലിസ്റ്റ് വായിച്ച് മനസിലുറപ്പിച്ച് ശിഷ്യന്മാർ പല്ലക്കുമായി വീണ്ടും യാത്ര തുടർന്നു.
പോണ വഴിയിൽ ഒരു വലിയ പുഴയുണ്ടായിരുന്നു. അതിനു കുറുകെ ഒരു പഴയ തടിപ്പാലം. പാലത്തിലൂടെ പല്ലക്ക് കടന്നുപോകുമ്പോൾ കഷ്ടകാലത്തിന് പല്ലക്കൊന്ന് ആടിയുലഞ്ഞു.
പിടിവിട്ട ഗുരു നേരെ താഴേക്ക് “പൊത്തോ!” എന്ന് പറഞ്ഞ് പുഴയിലെ വെള്ളത്തിലേക്കങ്ങ് വീണു!
വെള്ളത്തിൽ വീണ ഗുരു കൈകാലിട്ടടിച്ച് കുടിച്ച വെള്ളം തുപ്പിത്തള്ളി അരക്കവിൾ ശ്വാസം കൂടി വലിചിച്ചെടുക്കുന്നതിനിടയിൽ നിലവിളിച്ചു:
“രക്ഷിക്കണേ… ഞാൻ മുങ്ങിപ്പോകുന്നേ…”
ശിഷ്യന്മാർ പല്ലക്ക് താഴെ വെച്ചു. മൂത്ത ശിഷ്യൻ പതുക്കെ കയ്യിലിരുന്ന ബുക്ക് നിവർത്തി തലയും ചൊറിഞ്ഞു കൊണ്ട് ഉറക്കെ വായിക്കാൻ തുടങ്ങി..
“ലിസ്റ്റ് നോക്കട്ടെടാ…
കമണ്ഡലു, യോഗദണ്ഡ്, പുസ്തകം, പല്ലക്കിന്റെ കർട്ടൻ.. മ്ഹും, ഇതിലൊന്നും ഗുരുവില്ല. അപ്പോൾ നമ്മൾ ഗുരുവിനെ തൊട്ടാൽ ശാസ്ത്രവിരുദ്ധമാകും!”
”അതെ, ഗുരുവചനം നിന്ദിച്ച് ബുക്കിൽ ഇല്ലാത്തതൊന്നും നമ്മളെടുക്കരുത്!” മറ്റുള്ളവരും തലയാട്ടി സമ്മതിച്ചു.
അവർ വെള്ളത്തിൽ കിടന്നു പിടയുന്ന ഗുരുവിനെ നോക്കി ദയനീയമായി കൈവീശി കാണിച്ചിട്ട്, പല്ലക്കും ചുമന്ന് നേരെ ആശ്രമത്തിലേക്ക് നടന്നു!
ഒടുവിൽ പുഴക്കരയിൽ അലക്കിക്കൊണ്ടിരുന്ന നാട്ടുകാരാണ് വെള്ളത്തിൽ കിടന്ന് മുങ്ങാംകുഴിയിടുന്ന ഗുരുവിനെ കണ്ട് “ഏതോ വലിയ പരൽമീനാണെന്ന്” കരുതി തോർത്തിൽ കോരി കരയിലേയ്ക്കിട്ടത്.
.
തുണിയിൽ നിന്നും വെള്ളം ഇറ്റിറ്റുവീണ്, ദേഷ്യം കൊണ്ട് പല്ല് കടിച്ചുകൊണ്ട്, വഴിയിൽ കണ്ട ഒരു കപ്പത്തണ്ടും കുത്തിപ്പിടിച്ച് ഗുരു ഒരുവിധത്തിൽ ആശ്രമത്തിൽ വലിഞ്ഞെത്തി.
നോക്കുമ്പോൾ ദാ ശിഷ്യന്മാർ ആശ്രമത്തിന്റെ തിണ്ണയിൽ വട്ടത്തിലിരുന്ന് സുഖമായി പകിട കളിക്കുകയാണ്. ഗുരുവിനെ കണ്ടതും മൂത്തവൻ കയ്യിലിരുന്ന പകിടയും കളഞ്ഞ് അത്ഭുതത്തോടെ വിളിച്ചുപറഞ്ഞു.
”എടാ നോക്കളിയാ.. നമ്മുടെ ഗുരു ചത്തില്ല..”
ഗുരുവിന്റെ കണ്ണുകളിൽ നിന്ന് തീപ്പൊരി പാറി..
ലവലേശം ഭയമില്ലാതെ അടുത്ത ശിഷ്യൻ അരികിലേക്ക് വന്നു:
“ഗുരോ, എന്നാലും.അങ്ങേയ്ക്ക് ആ ലിസ്റ്റിൽ അങ്ങയുടെ പേരു കൂടി എഴുതാമായിരുന്നു? എങ്കിൽ ഞങ്ങൾ എപ്പഴേ വലിച്ചു കേറ്റി വീട്ടിൽ കൊണ്ടു പോന്നേനേ”
ഗുരുവിന് കൺട്രോൾ പോയി. അദ്ദേഹം കയ്യിലിരുന്ന കപ്പത്തണ്ട് ദൂരേക്ക് വലിച്ചെറിഞ്ഞ്, അറിയാവുന്ന ഗീർവാണമൊക്കെ കെട്ടഴിച്ചങ്ങ് കാച്ചി..
” കോപ്പ്.. എനിക്ക് ഏത് നേരത്താണോ എന്തോ.. നിന്നെയൊക്കെ പഠിപ്പിച്ച എന്നെ വേണം ആദ്യം തല്ലാൻ!”
ഇതും പറഞ്ഞ് ഗുരു ബോധംകെട്ട് തിണ്ണയിലേക്ക് മലർന്നടിച്ച് വീണു.
അപ്പോഴുണ്ട് അടുത്ത ശിഷ്യൻ പതുക്കെ ലിസ്റ്റ് ഒന്നുകൂടി നിവർത്തി നോക്കി
“ഏയ്, പേരില്ല!”
Leave a comment