യവദ്വീപത്തിലെ പ്രപഞ്ചരഹസ്യം

​ഭാരതീയ സംസ്കാരവും പുരാവൃത്തങ്ങളും കടൽ കടന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സാംസ്കാരിക ഘടനയിൽ എത്രത്തോളം ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ജീവസ്സുറ്റ ഉദാഹരണമാണ് ഇന്തോനേഷ്യയിലെ സാംസ്കാരിക തലസ്ഥാനമായ യോഗ്യകാർത്ത.

​യോഗ്യകാർത്ത നഗരവും സുൽത്താനേറ്റും ഔദ്യോഗികമായി രൂപപ്പെടുന്നത് 1755 സെപ്റ്റംബർ 13നാണ്. അന്ന് ഇന്തോനേഷ്യ ഡച്ച് അധിനിവേശത്തിന് കീഴിലായിരുന്നു. ഡച്ചുകാരുമായി ഒപ്പിട്ട ‘ജിയന്തി ഉടമ്പടി’ പ്രകാരം പഴയ മാതാരം രാജ്യം വിഭജിക്കപ്പെടുകയും, മങ്കുഭൂമി രാജകുമാരൻ പുതിയൊരു രാജവംശം സ്ഥാപിക്കുകയും ചെയ്തു. അന്ന് അദ്ദേഹം തന്നെയാണ് തന്റെ പുതിയ തലസ്ഥാനത്തിന് ‘ങായോഗ്യകാർത്ത ഹാദിനിങ്ഗ്രാത്’ എന്ന് പേരിട്ടത്.

​’യോഗ്യകാർത്ത’ എന്ന പേര് രൂപപ്പെട്ടിരിക്കുന്നത് അയോധ്യ എന്ന പുണ്യനഗരത്തിന്റെ പേരിൽ നിന്നാണെന്ന് ഇന്തോനേഷ്യൻ ചരിത്രകാരന്മാരും ഭാഷാശാസ്ത്രജ്ഞരും അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട്. 1755ൽ മങ്കുഭൂമി രാജകുമാരനായ സുൽത്താൻ ഹമെങ്കുബുവോനൊ ഒന്നാമൻ ഈ നഗരം സ്ഥാപിക്കുമ്പോൾ, അദ്ദേഹം മനഃപൂർവ്വം തിരഞ്ഞെടുത്ത പേരായിരുന്നു ഇത്. ​

​ശ്രീരാമന്റെ ജന്മദേശവും ധർമ്മരാജ്യത്തിന്റെ പ്രതീകവുമായ ‘അയോധ്യ’ എന്ന സംസ്‌കൃത പദത്തിന് ‘യുദ്ധം ചെയ്ത് കീഴടക്കാൻ കഴിയാത്തത്’ അല്ലെങ്കിൽ ‘അജയ്യമായത്’ എന്നാണ് അർത്ഥം. ജാവനീസ് ഭാഷാ ശൈലിയിലേക്കും ഉച്ചാരണത്തിലേക്കും മാറിയപ്പോൾ ‘അയോധ്യ’ എന്നത് ‘യോഗ്യ’ ആയി രൂപാന്തരപ്പെട്ടു. ഇതിനോട് ‘പ്രവർത്തിക്കപ്പെട്ടത്’ അല്ലെങ്കിൽ ‘നഗരം/കോട്ട’ എന്ന അർത്ഥം വരുന്ന ‘കാർത്ത’ എന്ന പദം കൂടി ചേർന്നാണ് ‘യോഗ്യകാർത്ത’ ഉണ്ടായത്. ലളിതമായി പറഞ്ഞാൽ, “ശ്രീരാമന്റെ അയോധ്യ പോലെ ധർമ്മത്താൽ അഭിവൃദ്ധി പ്രാപിച്ച, കീഴടക്കാനാവാത്ത നഗരം” എന്നാണ് ഈ നാമകരണത്തിലൂടെ സുൽത്താൻ വിഭാവനം ചെയ്തത്. ​

​പ്രാദേശിക ജാവനീസ് ഭാഷയിൽ ഈ നഗരത്തിന്റെ യഥാർത്ഥ ഔദ്യോഗിക നാമം ‘ങായോഗ്യകാർത്ത ഹാദിനിങ്ഗ്രാത്’ എന്നാണ്. ജാവനീസ് വ്യാകരണ നിയമപ്രകാരം ഒരു വാക്കിന്റെ മുന്നിൽ ‘Nga’ എന്ന് ചേർക്കുന്നത് ഒരു പ്രത്യേക സ്ഥലത്തെയോ രാജ്യത്തെയോ സൂചിപ്പിക്കാനാണ്. പഴയ ജാവനീസ് ഗ്രന്ഥങ്ങളിൽ അയോധ്യയെ ‘Yogya’ എന്നും, അതിലേക്ക് പ്രവിശ്യ എന്ന അർത്ഥത്തിൽ ‘Nga-‘ ചേർത്ത് ‘Ngayogyakarta’ എന്നും എഴുതിപ്പോന്നു. ഇന്നും കൊട്ടാരത്തിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ജാവനീസ് ഭാഷയിൽ ഈ പേരാണ് ഉപയോഗിക്കുന്നത്.

​ഇസ്‌ലാമിന്റെ വരവിനു മുൻപ്, മധ്യ ജാവ ഭരിച്ചിരുന്ന മാതാരം രാജവംശത്തിന്റെ കാലത്ത് എഴുതപ്പെട്ട ഏറ്റവും പഴയ ജാവനീസ് കാവ്യമാണ് ‘കാകവിൻ രാമായണം’. ഈ പുരാതന ജാവനീസ് കൃതിയിൽ അയോധ്യാ നഗരത്തെ വിശേഷിപ്പിക്കാൻ ‘യോഗ്യ’ എന്ന പദം ആവർത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്. ഈ പഴയ ജാവനീസ് സാഹിത്യ സ്വാധീനത്തിൽ നിന്നാണ് പിൽക്കാലത്ത് സുൽത്താൻ തന്റെ നഗരത്തിന് ഈ പേര് തിരഞ്ഞെടുത്തത്. രാമായണവുമായുള്ള ഈ ബന്ധം ജാവനീസ് രാജവംശങ്ങളും ചരിത്രകാരന്മാരും തങ്ങളുടെ ഔദ്യോഗിക രേഖകളിൽ തന്നെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

​ഇന്തോനേഷ്യയിലെ രാമായണ സ്വാധീനം കേവലം ഒരു നഗരത്തിന്റെ പേരിൽ മാത്രം ഒതുങ്ങുന്നതല്ല. ഒൻപതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ‘കാകവിൻ രാമായണം’ അവിടുത്തെ ജനങ്ങളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണ്. വാല്മീകി രാമായണത്തോട് ഏറെ സാമ്യമുള്ളതാണെങ്കിലും, ജാവനീസ് സംസ്കാരത്തിനും തദ്ദേശീയമായ തത്ത്വചിന്തകൾക്കും അനുസൃതമായ ചില മാറ്റങ്ങൾ ഇതിലുണ്ട്. യോഗ്യകാർത്തയിലെ ജനങ്ങൾക്ക് രാമനും സീതയും ഹനുമാനുമൊക്കെ സ്വന്തം നാട്ടിലെ പുരാതന വീരപുരുഷന്മാരാണ്.

​വാല്മീകി രാമായണത്തിലെ കിഷ്കിന്ധാ കാണ്ഡത്തിൽ സുഗ്രീവൻ സീതയെ തിരയാൻ വാനരന്മാരെ വിവിധ ദിക്കുകളിലേക്ക് അയക്കുമ്പോൾ ‘യവദ്വീപം’ എന്ന ജാവയെക്കുറിച്ച് കൃത്യമായി പരാമർശിക്കുന്നുണ്ട്. ഏഴ് മഹത്തായ രാജ്യങ്ങളും സ്വർണ്ണഖനികളുമുള്ള സമ്പന്നമായ ഒരു ദ്വീപായിട്ടാണ് രാമായണം അന്ന് ജാവയെ വിശേഷിപ്പിച്ചത് എന്നത് ചരിത്രപരമായ മറ്റൊരു കൗതുകമാണ്.

​വിശ്വസ്തതയുടെ ചോരയൊഴുക്കിയ അക്ഷരങ്ങൾ: ‘ഹനാചരാക’
​ഇന്തോനേഷ്യയിലെ ജാവനീസ് ഭാഷയ്ക്ക് സ്വന്തമായി ഒരു പരമ്പരാഗത ലിപിയുണ്ട്. അതിനെ ‘അക്ഷര ജാവ’ അല്ലെങ്കിൽ ‘ഹനാചരാക’ എന്ന് വിളിക്കുന്നു. നമ്മുടെ മലയാളം അക്ഷരമാലയെപ്പോലെ തന്നെ, ഇതും ഇന്ത്യയിലെ പുരാതന ബ്രാഹ്മി ലിപിയിൽ നിന്ന് രൂപപ്പെട്ടതാണ്. ദക്ഷിണേന്ത്യയിലെ പല്ലവ ലിപി വഴി രൂപമാറ്റം സംഭവിച്ചാണ് ഇത് ജാവയിലെത്തിയത്. അതുകൊണ്ട് തന്നെ ഇതിന്റെ ഘടനയ്ക്ക് ഭാരതീയ ഭാഷാ ലിപികളുമായി വലിയ സാദൃശ്യമുണ്ട്.

​നമ്മുടെ ‘ക-ഖ-ഗ-ഘ’ ക്രമത്തിന് പകരം, ജാവനീസ് അക്ഷരമാല തുടങ്ങുന്നത് “ഹ-ന-ച-ര-ക” (Ha-na-ca-ra-ka) എന്നാണ്. അക്ഷരമാലയിലെ ആദ്യത്തെ 20 വ്യഞ്ജനങ്ങൾ ചേർത്തുവെച്ചാൽ അതൊരു മനോഹരമായ കവിതയായി മാറും! ജാവനീസ് പുരാണത്തിലെ ‘അജി സാക’ എന്ന രാജാവിന്റെ വിശ്വസ്തരായ രണ്ട് സേവകർ തമ്മിലുണ്ടായ യുദ്ധത്തെയും അവരുടെ ദുരന്തപൂർണമായ മരണത്തെയും കുറിച്ചുള്ളതാണ് ഈ വരികൾ:

​Ha-na-ca-ra-ka (രണ്ട് ദൂതന്മാരുണ്ടായിരുന്നു)
Da-ta-sa-wa-la (അവർ തമ്മിൽ തർക്കമുണ്ടായി)
Pa-dha-ja-ya-nya (രണ്ടുപേരും ഒരുപോലെ ശക്തരായിരുന്നു)
Ma-ga-ba-tha-nga (ഒടുവിൽ രണ്ടുപേരും മരിച്ചുവീണു)

​ഇന്ന് ദൈനംദിന കാര്യങ്ങൾക്കും സ്കൂൾ വിദ്യാഭ്യാസത്തിനും ഔദ്യോഗിക ആവശ്യങ്ങൾക്കും ഇന്തോനേഷ്യയിൽ ലാറ്റിൻ ലിപിയാണ് ഉപയോഗിക്കുന്നതെങ്കിലും, യോഗ്യകാർത്തയിലെ റോഡ് സൈനുകളിലും, കൊട്ടാര രേഖകളിലും, സാംസ്കാരിക കേന്ദ്രങ്ങളിലും ഈ പരമ്പരാഗത ജാവനീസ് ലിപി ഇന്നും അഭിമാനത്തോടെ ഉപയോഗിച്ചുവരുന്നു.

​പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത ജാവനീസ് കൊട്ടാരം കവിയായ രാദെൻ ങബേഹി യാസാദിപുര ഒന്നാമൻ രചിച്ച ചരിത്രകാവ്യമാണ് ‘ബാബാദ് ജിആന്തി’. 1755-ലെ ജിആന്തി ഉടമ്പടിക്ക് ശേഷം മങ്കുഭൂമി രാജകുമാരൻ യോഗ്യകാർത്ത സുൽത്താനേറ്റ് സ്ഥാപിച്ചതിനെക്കുറിച്ച് ഇതിൽ വ്യക്തമായി വിവരിക്കുന്നുണ്ട്. പുതിയ തലസ്ഥാനത്തിന് പേരിടുമ്പോൾ അത് രാമായണത്തിലെ ശ്രീരാമന്റെ നഗരമായ ‘അയോധ്യ’ മാതൃകയാക്കിയാണ് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ഇതിൽ കൃത്യമായി അടയാളപ്പെടുത്തുന്നു.

​ഇസ്‌ലാമിന്റെ കടന്നുവരവോടെ ജാവയിലെ പഴയ പല ഹൈന്ദവ-ബുദ്ധിസ്റ്റ് സാഹിത്യഗ്രന്ഥങ്ങളും വിസ്മൃതിയിലേക്ക് പോയിരുന്നു. പഴയ ജാവനീസ് ഭാഷയിലുണ്ടായിരുന്ന ഈ ക്ലാസിക് കൃതികളെ പുതിയ ജാവനീസ് ഭാഷയിലേക്ക് പുനരാവിഷ്കരിക്കുകയും ജനകീയമാക്കുകയും ചെയ്തത് യാസാദിപുരയാണ്. പ്രശസ്തമായ പൗരാണിക ജാവനീസ് രാമായണത്തെ അദ്ദേഹം ‘സെരത് രാമ’ എന്ന പേരിൽ പുനഃസൃഷ്ടിച്ചു. ഭാരതീയ മഹാഭാരത കഥയെ അടിസ്ഥാനമാക്കി ‘സെരത് ഭാരതയുദ്ധ’ എന്ന കാവ്യവും അദ്ദേഹം രചിച്ചു. വിദ്വേഷവും യുദ്ധവുമില്ലാത്ത ‘ധർമ്മരാജ്യം’ എന്ന ഭാരതീയ സങ്കൽപ്പങ്ങളെ ജാവനീസ് സമൂഹത്തിന് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്തത് അദ്ദേഹത്തിന്റെ കൃതികളായിരുന്നു.

​രാമായണ സംസ്കാരത്തിനൊപ്പം യോഗ്യകാർത്ത എന്ന നഗരത്തെ ലോകോത്തരമാക്കുന്ന മറ്റൊരു സവിശേഷത കൂടിയുണ്ട്; അവിടുത്തെ വിസ്മയകരമായ നഗരസൂത്രണം. വടക്ക്-തെക്ക് ദിശയിൽ കൃത്യം നേർരേഖയിൽ നീണ്ടുകിടക്കുന്ന ഒരു അദൃശ്യ അച്ചുതണ്ടിനെ അഥവാ ‘കോസ്മോളജിക്കൽ ആക്സിസിനെ’ അടിസ്ഥാനമാക്കിയാണ് ഈ നഗരം വിഭാവനം ചെയ്തിരിക്കുന്നത്. ജാവനീസ് ഭാഷയിൽ ഇതിനെ ‘സുമ്പു ഫിലോസോഫിസ്’  എന്ന് വിളിക്കുന്നു.

​പ്രകൃതിശക്തികളും മനുഷ്യനും ദൈവവും തമ്മിലുള്ള അപൂർവ്വമായ സമതുലിതാവസ്ഥയെ അടയാളപ്പെടുത്തക്കുന്ന ഈ ആറ് കിലോമീറ്റർ നീളമുള്ള അദൃശ്യരേഖ പ്രകൃതിയിലെ മൂന്ന് പ്രധാന ശക്തികേന്ദ്രങ്ങളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്:

​വടക്കേ അറ്റത്ത് പ്രപഞ്ചത്തിന്റെ കേന്ദ്രമായ ‘മേരു പർവ്വത’ത്തിന്റെ പ്രതീകവും ‘അഗ്നി’ എന്ന പുരുഷത്വത്തിന്റെ അടയാളവുമായ മേരാപി അഗ്നിപർവ്വതം.

​തെക്കേ അറ്റത്ത് ജാവനീസ് പുരാണങ്ങളിലെ കടൽദേവതയായ ‘ന്യായ് റോറോ കിഡുൽ’ വസിക്കുന്ന, സ്ത്രീത്വത്തിന്റെ പ്രതീകമായ ഇന്ത്യൻ മഹാസമുദ്രം.

​ഈ രണ്ടു പ്രപഞ്ചശക്തികൾക്കും കൃത്യം നടുവിലായി പ്രകൃതിയെയും ഈശ്വരനെയും പ്രജകളെയും കൂട്ടിയിണക്കുന്ന മധ്യബിന്ദുവായി സുൽത്താന്റെ കൊട്ടാരമായ ‘കെരാട്ടൺ’ നിലകൊള്ളുന്നു. പ്രജാക്ഷേമ തത്പരനായ ഒരു ഭരണാധികാരി എങ്ങനെയായിരിക്കണം എന്നതിന് സുൽത്താൻമാർ മാതൃകയാക്കുന്നത് രാമായണത്തിലെ ശ്രീരാമന്റെ ഭരണരീതികളെയാണ്.

​ഭൂമിശാസ്ത്രപരമായ ഈ ഘടനയ്ക്ക് പിന്നിൽ അതിശയിപ്പിക്കുന്ന ഒരു ആത്മീയ തത്ത്വചിന്ത കൂടിയുണ്ട്. ജാവനീസ് മിസ്റ്റിസിസത്തിലെ ‘സംഗ്രഹ് ബൂമി’ എന്ന മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള ആത്മീയ പ്രയാണത്തെയാണ് ഈ അച്ചുതണ്ട് സൂചിപ്പിക്കുന്നത്. “നാം എവിടെ നിന്ന് വന്നു, എങ്ങോട്ട് പോകുന്നു” എന്നാണ് അത് ചർച്ച ചെയ്യുന്നത്.

​തെക്കേ അറ്റത്തുനിന്നുള്ള യാത്ര ഒരു കുഞ്ഞിന്റെ ജനനത്തെയും, വളർച്ചയെയും, യൗവനത്തിലെ ലൗകിക മോഹങ്ങളെയും സൂചിപ്പിക്കുമ്പോൾ, വടക്കേ അറ്റത്തുള്ള ‘തുഗു’ ഗോപുരത്തിൽ നിന്നും കൊട്ടാരത്തിലേക്കുള്ള മാലിയോബോറോ തെരുവ് മനുഷ്യൻ ലൗകിക മോഹങ്ങൾ വെടിഞ്ഞ് ഈശ്വരനിലേക്ക് മടങ്ങുന്ന മരണാനന്തര പ്രയാണത്തെ അടയാളപ്പെടുത്തുന്നു. ഇവിടെയാണ് ഭാരതീയ അദ്വൈത ചിന്തയോട് ചേർന്നുനിൽക്കുന്ന ‘മനുഗ്ഗലിങ് കവുലോ ഗുസ്തി’ (സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ലയനം) എന്ന പരമമായ തത്ത്വം ജാവനീസ് ജനത ദർശിക്കുന്നത്.

​ഈ അച്ചുതണ്ടിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ഇന്നും നഗരമധ്യത്തിൽ വലിയ ആധുനിക നിർമ്മിതികളോ വികസനങ്ങളോ സുൽത്താനും ജനങ്ങളും അനുവദിക്കാറില്ല. ഒരു നഗരത്തെ വെറുമൊരു വാസസ്ഥലമായല്ല, മറിച്ച് പ്രപഞ്ചശാസ്ത്രവും ആത്മീയതയും ഒത്തുചേരുന്ന ഒരു ജീവനുള്ള പ്രപഞ്ചമായിട്ടാണ് അവർ കാണുന്നത്. ഈ അപൂർവ്വവും പൗരാണികവുമായ നഗരദർശനം മുൻനിർത്തിയാണ് 2023 സെപ്റ്റംബറിൽ യുനെസ്കോ  യോഗ്യകാർത്തയുടെ ഈ ഫിലോസഫിക്കൽ അച്ചുതണ്ടിനെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.

​മുസ്ലീം ഭൂരിപക്ഷ നഗരമാണെങ്കിലും യോഗ്യകാർത്തയുടെ ശ്വാസത്തിൽ ഇന്നും രാമായണമുണ്ട്. യോഗ്യകാർത്തയ്ക്ക് സമീപമുള്ള പ്രശസ്തമായ പ്രമ്പനൻ ശിവക്ഷേത്രത്തിന്റെ ചുവരുകളിൽ രാമായണ കഥകൾ മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്. കൂടാതെ, പ്രമ്പനൻ ഓപ്പൺ തിയേറ്ററിൽ നൂറുകണക്കിന് കലാകാരന്മാർ അണിനിരന്ന്, പരമ്പരാഗത ജാവനീസ് നൃത്ത രൂപത്തിൽ രാമായണം അവതരിപ്പിക്കുന്ന ‘രാമായണ ബാലെ’ ലോകപ്രശസ്തമായ ഒരു കാഴ്ചയാണ്. തലമുറകളായി അവർ ഈ കലാരൂപം നെഞ്ചേറ്റുന്നു.

​ഹിന്ദു മഹാസാഗരത്തിന്റെ കിഴക്കേ അറ്റത്ത്, കടലുകൾക്കപ്പുറം ഇന്നും ഒരു നഗരം അതിന്റെ പേരിനാലും സംസ്കാരത്താലും രാമരാജ്യത്തിന്റെ സ്മരണകൾ ജീവനോടെ നിലനിർത്തുന്നു എന്നത് ചരിത്രത്തിലെ ഏറ്റവും അത്ഭുതകരവും മനോഹരവുമായ ഒരു ഏടാണ്.

Leave a comment

Website Powered by WordPress.com.

Up ↑