ഭാരതീയ ജനപദങ്ങൾ ആദിമകാലം മുതൽ ജാതിയിൽ ഭേദം കൽപ്പിച്ചിരുന്നില്ല. ഈ മഞ്ഞണിഞ്ഞ വലിയ പർവ്വതശിഖരങ്ങൾക്ക് ഇപ്പുറമുള്ള സമുദ്രപര്യന്തമായ വിശാലമായ ഭൂമിയിൽ നമുക്ക് സ്ഥിരമായി പാർക്കാം എന്ന് മനുഷ്യൻ തിരിച്ചറിഞ്ഞ കാലം മുതൽ ഇന്നോളം ഈ മണ്ണിലുള്ളവർ അനവധി പരീക്ഷണങ്ങൾ സാമൂഹിക ജീവിതത്തിൽ ചെലവഴിച്ചിട്ടുണ്ട്.
അറിവ് സൂക്ഷിക്കാൻ കഴിവുള്ളവനെ പലനാട്ടിൽ നിന്ന് പല കുലത്തിൽ നിന്ന് നുള്ളിപ്പെറുക്കി ബ്രാഹ്മണനെ ഉണ്ടാക്കിയപ്പോൾ അത് ഭാരതത്തിലെ പുരോഹിത വർഗ്ഗത്തെ സൃഷ്ടിക്കാൻ ആയിരുന്നില്ല; മറിച്ച് മാനവകുലത്തിന്റെ ജീവിക്കുന്ന ലൈബ്രറികളെ നിർമ്മിക്കുകയായിരുന്നു അന്ന്. വാമൊഴിയായി പകർന്നുവന്ന അറിവിനെ സംരക്ഷിക്കാൻ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവരെ സംരക്ഷിക്കാൻ രാജ്യം ഭരിക്കുന്നവനും യോദ്ധാക്കൾക്കും മാത്രമല്ല സകലർക്കും വിധി നിശ്ചയിച്ചിട്ടുണ്ടായിരുന്നു പൂർവികർ.
പരിചിതമല്ലാത്ത ആക്രമണ രീതികളുമായി അധർമ്മികൾ അതിരുകടന്ന് ആർത്തലച്ചെത്തിയപ്പോൾ എന്തിനെയാണോ തങ്ങൾ സംരക്ഷിക്കേണ്ടത് ആ സനാതനത്വത്തെ അനാഥമാക്കി ജാതിഭേദത്തിലേക്ക് നമ്മുടെ സമൂഹം അഴുകിത്തുടങ്ങി. അറിവിനെ സംരക്ഷിക്കേണ്ട ബ്രാഹ്മണനും ബ്രാഹ്മണനെ സംരക്ഷിക്കേണ്ട ക്ഷത്രിയനും ‘കുലധർമ്മം’ മറന്നു. ഇന്ത്യൻ സമൂഹത്തിൽ വിശാലമായ അർത്ഥത്തിൽ പരീക്ഷിക്കപ്പെട്ട ജാതി ഒരു ഫെയിൽഡ് എക്സ്പിരിമെന്റ് ആയി മാറി.
ഈ മണ്ണിൽ ജനിച്ച സകലർക്കും അവകാശപ്പെട്ട സനാതന ധർമ്മത്തെ റീക്ലെയിം ചെയ്യുകയാണ് ബസവേശ്വരൻ മുതൽ നാരായണഗുരുദേവൻ വരെയുള്ള സകല ഋഷ്യീശ്വരന്മാരും ചെയ്തത്. സാമൂഹിക പരിഷ്കർത്താക്കൾ എന്നുള്ള ചെറിയ ലേബൽ ഒട്ടിച്ച് ഈ അവതാര മൂർത്തികളെ ഇന്ന് കണ്ണാടിക്കൂട്ടിൽ ഇരുത്താൻ ഉള്ള ശ്രമം നടത്താറുണ്ട് പലരും.
ഇന്ന് നമുക്ക് ചുറ്റുമുള്ള കമ്മ്യൂണിസ്റ്റുകളിൽ ഹിന്ദുക്കളായവർ നല്ലൊരു പങ്കും ഈശ്വര വിശ്വാസികളാണ്. കേരളത്തിലൊക്കെ ക്ഷേത്രങ്ങൾ ഭരിക്കുന്നത് അവരാണ്.
തുടക്കത്തിൽ അധികാരത്തിനു വേണ്ടി തുഴഞ്ഞു കയറിയ ക്ഷേത്ര സമിതികളിലിരുന്ന് അവരിൽ പലരും ഈ ധർമ്മത്തെ മുറുകെപ്പിടിച്ച് ജീവിക്കാൻ ശീലിച്ചു. പഞ്ചായത്ത് മെമ്പറാവാൻ മാത്രം ജീവിക്കുന്ന അധമജന്മങ്ങളില്ല എന്നല്ല. എങ്കിലും അവരിൽ നിന്നൊക്കെ വ്യത്യസ്തരായി ഈശ്വരഭക്തിയിൽ ജീവിതം സമർപ്പിച്ചിട്ടുണ്ട് അവരിലെ പലരുമിന്ന്..
ജാതി പിഴച്ചുണ്ടായ അധിനിവേശ കാലം കഴിഞ്ഞ് നാമതിനെ സാമൂഹിക സമരസത കൊണ്ട് അഡ്രസ്സ് ചെയ്തു തുടങ്ങിയ സമയത്തും ജാതിയുടെ പഴയ സ്കെൽട്ടനുകളെ തോണ്ടിയെടുത്തു പുറത്തിട്ട് എപ്പോഴും ചർച്ചയ്ക്കുന്നവരാണ് അക്കൂട്ടരിലെ കമ്മ്യൂണിസ്റ്റുകൾ. കുംഭമേളയിൽ സന്യാസിമാരുടെ കാലുകൾക്കിടയിലേക്ക് നോക്കുക എന്നതിനപ്പുറത്തേക്ക് ആ അവശിഷ്ട കമ്മ്യൂണിസ്റ്റുകളും അബദ്ധത്തിന് പോലും തീർത്ഥ സ്നാനം നടത്തുന്ന മനുഷ്യരുടെ ജാതിയെക്കുറിച്ച് ചോദിക്കുന്നില്ല.
ഒരുമിച്ച് ത്രിവേണി സംഗമത്തിലേക്ക് ഇറങ്ങി മുങ്ങി കുളിച്ചർഘ്യം പകർന്ന് തീർത്ഥസ്നാനം നടത്തിയ 60 കോടിയോളം മനുഷ്യരിൽ ഷർട്ട് ഊരിയവരൊക്കെ പൂനൂൽ കാണിക്കാനാണ് എന്നോ തർക്കവും വിതർക്കവും കുതർക്കവും പറയുന്ന ആഘാഡകളിലെ ലക്ഷക്കണക്കിന് സന്യാസിമാർ മുതൽ സാധാരണക്കാരനായ സന്ദേഹവാദി പോലും ചോദിച്ചില്ല.
ഇതാണ് സനാതന ധർമ്മത്തിന്റെ വിരാട് സ്വരൂപം!!
ഒരു കാറ്റ് വീശുന്നതുപോലെ അത് നിങ്ങളിലേക്ക് പടർന്നിറങ്ങും. നിങ്ങൾ ഉണ്ടാക്കിയ പ്രൊപ്പഗണ്ടകളെ തകർത്തെറിയും. സനാതനമായത് നിലനിൽക്കും. സനാതനമായത് മാത്രമേ നിലനിൽക്കൂ..
Leave a comment