ആ പാറയിൽ..

ലക്ഷ്മണേട്ടൻ കന്യാകുമാരിയിലെ ദീർഘമായ ചരിത്രം പഠിക്കുന്നവരുടെ മുന്നിൽ ഇതിഹാസമായി ഉയർന്നു നിന്നുകൊണ്ട് ഇഹലോകത്തു നിന്നു വിടവാങ്ങി. കന്യാകുമാരിയിലെ കുമരിയമ്മന്റെ തപം പതിഞ്ഞ ശ്രീപാദപ്പാറയിൽ ഇന്നുയർന്നു നിൽക്കുന്ന വിശ്വവിജയിയുടെ സ്മാരകശിലാസൗധം വെള്ളയിൽ കടപ്പുറത്തെയും പയ്യോളി കടപ്പുറത്തെയും കൊയിലാണ്ടി കടപ്പുറത്തെയും സ്വയംസേവകരുടെ ധീരതയുടെ കൂടി പ്രതീകമാണ്. അതിലൊരാളാണ് ലക്ഷ്മണേട്ടൻ.

2011ൽ വിവേകാനന്ദ കേന്ദ്രത്തിലേയ്ക്കൊരു യാത്ര പോകണമെന്ന് മനസ്സു പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ യുവകേസരി സേവാസമിതി രജിസ്റ്റർ ചെയ്യുന്നത് അപ്പോഴാണ്. സ്വാമിജിയുടെ സാർദ്ധശതി ആഘോഷങ്ങളും സേവസമിതിയുടെ ഔദ്യോഗികമായ ഉദ്ഘാടനവും ഒരുമിച്ചാക്കാം എന്നു വെച്ചു. എൻ ആർ മധുച്ചേട്ടനെ ഉദ്‌ഘാടകനാക്കി. മാന്യ പരമേശ്വർജിയെ സേവാ പ്രോജക്ടുകളുടെ സമാരംഭത്തിനായി വിശിഷ്ടാതിഥിയായി സങ്കൽപ്പിച്ചു. പ്രിൻസ് ആദിത്യവർമയെ വിശിഷ്ടാതിഥിയായി പോയി കണ്ടു ക്ഷണിച്ചു.

ഇവർക്കൊക്കെ നൽകാനുള്ള മോമന്റോ സ്വാമിജികളുടെ രൂപം തന്നെ ആയെങ്കിലെന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് വിവേകാനന്ദ കേന്ദ്രത്തിലേക്ക് യാത്ര തീരുമാനിക്കുന്നത്. അപ്പോഴാണ് അന്ന് ഓണലൈനിലെ സംഘപക്ഷത്തുള്ളവരുടെ സേവാ കൂട്ടായ്മയായ പാഞ്ചജന്യം ആ മാസത്തെ സേവാപരിപാടിയായി കന്യാകുമാറിയിലേയ്ക്ക് പോകാനും ലക്ഷ്മനേട്ടനെ ആദരിക്കാനും തീരൂമണിക്കുന്നത്. അങ്ങനെ ആ ഡിസംബറിൽ രണ്ടു ദിവസത്തെ വിവേകാനന്ദ കേന്ദ്രത്തിലെ യാത്രയായി ഞങ്ങൾ അവിടെ കൂടി.

അന്നത്തെ ജോലിയൊക്കെ തീർത്ത് ലക്ഷ്മണേട്ടൻ തന്റെ ആ കുടുസ്സു മുറിയിലെത്തിയപ്പൊ ഞങ്ങളാ നിലത്ത് പോയിരുന്നു കഥകൾ കേട്ടു. വെള്ളയിൽ ശാഖയിലെ യുവാവായ മുഖ്യശിക്ഷകൻ കോഴിക്കോട് ജില്ലാ പ്രചാരകന്റെ മുറിയിലിരുന്ന് സംഘനിർദേശമനുസരിച്ച് തെക്കേ മുനമ്പിലേയ്ക്ക് വള്ളം തുഴയാൻ തീരുമാനിച്ച കഥ. ഒരു ഗണഗീതത്തിന്റെ കരുത്തിൽ കടലിൽ അലമാലകളെ വെല്ലുവിളിച്ചുയർന്നു നിന്ന ആ പാറയിൽ കയ്യേറ്റം നിത്യവൃത്തിയാക്കിയവരുടെ ആകാശം ഭേദിച്ച കോണ്ക്രീറ്റ് കുറ്റിയെ ഒരിക്കലും സൂര്യോദയം കാണിക്കാതെ കൂടത്തിനടിച്ചു കടലിലെറിഞ്ഞ കഥ. ദൗത്യം തീർത്തത് തീരത്തേക്ക് പാഞ്ഞു തുഴഞ്ഞു ചെന്ന് അവിടെ ആയിരം പേരുടെ പങ്കായക്കൂട്ടത്തെ അവരഞ്ചുപേർ തോളിൽ അഞ്ചു ദണ്ഡയും കൊണ്ട് പ്രഹാർ സിദ്ധയിൽ അമർന്നിരുന്ന കഥ. കാലയാമിനിയുടെ ശരികളുടെയും ശരികേടുകളുടെയും അമർഷം പൊട്ടിയ ആ രാത്രിയിൽ ആ കഥകളിങ്ങനെ ഒഴുകി വന്നു.

നിറഞ്ഞ മനസ്സോടെ ഞങ്ങളെല്ലാം കിടക്കാൻ പോയി.  പിറ്റേന്ന് പാറയിൽ ചെല്ലുമ്പോ ചെറിയൊരു ശമ്പളത്തിൽ അരനൂറ്റാണ്ട് തികച്ചിരുന്ന അവിടെ ഒരു തന്റെ ചെറിയ ജോലിയുമായി അന്നും ലക്ഷ്മണേട്ടനുണ്ട്.

ഞാൻ ആ ചിത്രം നോക്കുകയായിരുന്നു കയ്യിൽ. പഴയ ഹാർഡ് ഡിസ്കുകളിൽ എവിടെയെങ്കിലുമുണ്ടാവണം. കയ്യിലൊരു മഞ്ഞ സഞ്ചിയും നെറ്റിയിലൊരു ഭസ്മക്കുറിയുമായി ഞങ്ങളോടൊപ്പം നിൽക്കുന്ന സർവ സാധാരക്കാരനായ ലക്ഷമണേട്ടന്റെ..

Leave a comment

Website Powered by WordPress.com.

Up ↑