കേവലം മുപ്പത്തിയൊമ്പതാം വയസ്സിൽ 1902ൽ സ്വാമി വിവേകാനന്ദൻ തന്റെ ഭൗതികശരീരം വെടിഞ്ഞു. ബേലൂർ മഠത്തിൽ അപ്പോൾ രാത്രി സമയം 9:10. അക്കാലത്ത് ബേലൂർ മഠത്തിലോ ചുറ്റുമുള്ള ഗ്രാമങ്ങളിലോ വൈദ്യുതി ഉണ്ടായിരുന്നില്ല. ഒരു ടെലിഫോൺ കണക്ഷൻ മാത്രമാണുണ്ടായിരുന്നത്. അക്കാലത്ത് ബേലൂർ മഠത്തിലോ ചുറ്റുമുള്ള ഗ്രാമങ്ങളിലോ വൈദ്യുതി ഉണ്ടായിരുന്നില്ല. ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ കുറവായിരുന്നിട്ടും, തൊട്ടടുത്ത ദിവസങ്ങളിൽ അന്നത്തെ പ്രമുഖ പത്രങ്ങളായ ‘ദി അമൃത ബസാർ പത്രിക’, ‘ദി സ്റ്റേറ്റ്സ്മാൻ’ തുടങ്ങിയവയെല്ലാം ഈ മഹാസന്യാസിയുടെ വിയോഗവാർത്ത വലിയ പ്രാധാന്യത്തോടെയാണ് ജനങ്ങളിലെത്തിച്ചത്. പ്രമുഖ നേതാവായിരുന്ന സുരേന്ദ്രനാഥ ബാനർജി തന്റെ ‘ദി ബംഗാളി’ പത്രത്തിലൂടെ അതീവ ഹൃദയസ്പർശിയായ അനുശോചനമാണ് രേഖപ്പെടുത്തിയത്.
ജൂലൈ 5ന് ബേലൂർ മഠത്തിൽ നടന്ന സ്വാമിജിയുടെ അന്ത്യകർമ്മങ്ങളിൽ കൊൽക്കത്തയിലെ നൂറുകണക്കിന് പ്രമുഖരും സാധാരണക്കാരുമായ ജനങ്ങൾ പങ്കെടുത്തു. സിസ്റ്റർ നിവേദിത, പ്രശസ്ത ശാസ്ത്രജ്ഞൻ ജഗദീഷ് ചന്ദ്ര ബോസ്, പ്രമുഖ ബംഗാളി ചിന്തകരും രാഷ്ട്രീയ നേതാക്കളും മഠത്തിലെത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. പിൽക്കാലത്ത് മഹാത്മാഗാന്ധി, ബാലഗംഗാധര തിലകൻ, സുഭാഷ് ചന്ദ്രബോസ്, ജെആർഡി ടാറ്റാ, എംഎൻ റോയ്, വീരസവർക്കർ, മഹർഷി അരബിന്ദോ, രാജാ മഹേന്ദ്രപ്രതാപസിങ് തുടങ്ങിയ യുഗപ്രഭാവന്മാരെല്ലാം സ്വാമിജിയുടെ സ്വാധീനത്തെ പലകുറി വാഴ്ത്തിയിട്ടുണ്ട്.
എന്നാൽ തന്റെ ചുരുങ്ങിയ ജീവിതകാലമത്രയും സ്വാമി വിവേകാനന്ദന് നേരിടേണ്ടി വന്നത് കടുത്ത അപമാനങ്ങളും അവഗണനകളും ആവർത്തിച്ചുള്ള തിരസ്കരണങ്ങളുമായിരുന്നു. തന്റെ പിതാവിന്റെ വേർപാടിനുശേഷം കുടുംബസ്വത്തിനെച്ചൊല്ലി ബന്ധുക്കളുമായി ഉണ്ടായ നിയമതർക്കങ്ങളിൽ അദ്ദേഹം കുടുങ്ങിപ്പോയി. അതിനായി അനേകം തവണ അദ്ദേഹത്തിന് കോടതിപ്പടികൾ കയറിയിറങ്ങേണ്ടി വന്നു.
അക്കാലത്ത് അദ്ദേഹത്തിന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. എല്ലാ ദിവസവും രാവിലെ അമ്മയെയും സഹോദരങ്ങളെയും ഊട്ടാൻ വീട്ടിൽ അരിയൊ പരിപ്പോ എണ്ണയോ ഉപ്പോ ഇല്ലെന്നറിഞ്ഞുകൊണ്ട്, ജോലി അന്വേഷിച്ച് അദ്ദേഹം തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞു. പല ദിവസങ്ങളിലും അദ്ദേഹം അമ്മയോട് പറയും: “അമ്മേ, ഇന്ന് എനിക്ക് വേണ്ടി ഭക്ഷണമുണ്ടാക്കേണ്ട. എന്നെ ഒരു സുഹൃത്ത് സൽക്കാരത്തിന് ക്ഷണിച്ചിട്ടുണ്ട്.” എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ ഒരു ക്ഷണമൊരിക്കലുണ്ടായിരുന്നില്ല. തന്റെ കുടുംബത്തിന് ആഹാരം ലഭിക്കാൻ വേണ്ടി അദ്ദേഹം പലപ്പോഴും പട്ടിണി കിടന്നു. ഇത് ഭാവനയ്ക്കുമപ്പുറമുള്ള യാഥാർത്ഥ്യമാണ്.
ദാരിദ്ര്യം അദ്ദേഹത്തെ ജീവിതത്തിലുടനീളം വേട്ടയാടി. 23-ാം വയസ്സിൽ ഈശ്വരചന്ദ്ര വിദ്യാസാഗർ സ്ഥാപിച്ച മെട്രോപൊളിറ്റൻ ഇൻസ്റ്റിറ്റ്യൂഷനിൽ അദ്ദേഹത്തിന് ഒരു അധ്യാപക ജോലി ലഭിച്ചു. എന്നാൽ വിദ്യാസാഗറിന്റെ മരുമകൻ കൂടിയായ അവിടുത്തെ പ്രധാനാധ്യാപകനായ സൂര്യകുമാർ അധികാരിയ്ക്ക് നരേന്ദ്രനാഥ ദത്തയോട് വിദ്വേഷമുണ്ടായിരുന്നു. നരേന്ദ്രൻ നന്നായി പഠിപ്പിക്കുന്നില്ലെന്ന വ്യാജാരോപണമുന്നയിച്ച് അദ്ദേഹം നരേന്ദ്രനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അസാധാരണമായ ബുദ്ധിവൈഭവവും പാണ്ഡിത്യവും വാക്ചാതുരിയും ഉണ്ടായിട്ടുകൂടി ഇതായിരുന്നു അവസ്ഥ! അങ്ങനെ അദ്ദേഹം വീണ്ടും തൊഴിൽരഹിതനായി.
ഭാരതത്തിലും വിദേശത്തും ഒരുപോലെ അദ്ദേഹം വിശപ്പിന്റെ കഠിനവേദന അനുഭവിച്ചു. ശ്രീരാമകൃഷ്ണ പരമഹംസരുടെ സമാധിക്ക് ശേഷം വരാഹനഗറിലെ തകർന്നുവീഴാറായ ഒരു പഴയ വീട്ടിലാണ് ആദ്യത്തെ മഠം ആരംഭിക്കുന്നത്. കയ്യിൽ ഒരു പൈസ പോലുമില്ല. പല ദിവസങ്ങളിലും മഠത്തിൽ ആഹാരം പാകം ചെയ്യാൻ ഒന്നുമുണ്ടാകില്ല. ഒരു സന്യാസി പുറത്തുപോയി ഭിക്ഷാടനം നടത്തി കൊണ്ടുവരുന്ന ഒന്നോ രണ്ടോ പിടി അരി കൊണ്ടാണ് അവിടുത്തെ എല്ലാവരും വിശപ്പടക്കിയിരുന്നത്. പലപ്പോഴും അത് ഒന്നിനും തികയാതെ വരികയും, ദിവസങ്ങളോളം അവർ പട്ടിണി കിടക്കുകയും ചെയ്യുമായിരുന്നു.
പിന്നീട് അമേരിക്കയിലും ലണ്ടനിലും വെച്ച് തന്റെ ശിഷ്യർക്കും സുഹൃത്തുക്കൾക്കും എഴുതിയ കത്തുകളിലും അദ്ദേഹം ഈ വരികൾ ആവർത്തിക്കുന്നുണ്ട്. ആഡംബരപൂർണ്ണമായ പാശ്ചാത്യ ജീവിതത്തിനിടയിലും തന്റെ പഴയ സന്യാസകാലത്തെ കഷ്ടപ്പാടുകൾ തനിക്ക് കരുത്തുനൽകിയതെങ്ങനെയെന്ന് വിശദീകരിക്കാൻ അദ്ദേഹം ഇത് എഴുതുകയായിരുന്നു.
”എത്രയോ ദിവസങ്ങൾ ഞാൻ ആഹാരമില്ലാതെ കഴിച്ചുകൂട്ടിയിരിക്കുന്നു. ഒരുപക്ഷേ ഇന്ന് ഞാൻ മരിച്ചുപോകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ ആ നിമിഷങ്ങളിൽ ഞാൻ എഴുന്നേറ്റ് നിന്ന് ‘ജയ് ബ്രഹ്മൻ!’ എന്ന് അത്യുച്ചത്തിൽ വിളിച്ചുപറയും. എന്നിട്ട് പ്രഖ്യാപിക്കും: ‘എനിക്ക് ഭയമില്ല. മരണത്തെയോ വിശപ്പിനെയോ ഞാൻ അറിയുന്നില്ല. ദാഹത്തിനപ്പുറമുള്ളവനാണ് ഞാൻ. എന്നെ തകർക്കാൻ ഈ ലോകത്തിന് എന്ത് ശക്തിയാണുള്ളത്?’ തുടർന്ന് എല്ലാവരും ചേർന്ന് ഭജനകൾ പാടി വിശപ്പിനെ മറികടക്കുകയും ചെയ്യുമായിരുന്നതിനെ പറ്റി ഇതിൽ വിവരിക്കുന്നുണ്ട്.
വിദേശത്തായിരുന്നപ്പോൾ പോലും, സ്വന്തം നാട്ടുകാരനും ബ്രഹ്മസമാജത്തിന്റെ വലിയ നേതാവുമായിരുന്ന പ്രതാപ് ചന്ദ്ര മജൂംദാർ, ഷിക്കാഗോ പ്രസംഗത്തിന് ശേഷം സ്വാമിജിക്ക് ലഭിച്ച അതിരറ്റ ജനപ്രീതിയിൽ അസൂയ പൂണ്ട് കള്ളക്കഥകൾ പ്രചരിപ്പിച്ചു. വിവേകാനന്ദന് നിരവധി ഭാര്യമാരും കുട്ടികളുമുണ്ടെന്നും, അദ്ദേഹം വെറുമൊരു തട്ടിപ്പുകാരനാണെന്നും ചൂതാടി നടക്കുകയാണെന്നും കാണിച്ച് അമേരിക്കൻ മാദ്ധ്യമങ്ങളിലും അയാളുടെ അനുയായികൾക്കിടയിലും വ്യാജപ്രചരണങ്ങൾ അഴിച്ചുവിട്ടു.
ലോകമെമ്പാടും കീർത്തി നേടിയ ശേഷം രോഗബാധിതനായ സ്വാമിജി കൊൽക്കത്തയിൽ തിരിച്ചെത്തിയപ്പോൾ, ചില യാഥാസ്ഥിതിക വിഭാഗങ്ങൾ അദ്ദേഹത്തിന്റെ കായസ്ഥ പശ്ചാത്തലത്തെയും കടൽ കടന്നുള്ള യാത്രയെയും ചൂണ്ടിക്കാട്ടി എതിർപ്പുകൾ ഉയർത്തിയിരുന്നു. എങ്കിലും കൊൽക്കത്ത ടൗൺ ഹാളിൽ രാജാ ബിനയ കൃഷ്ണ ദേവിന്റെ നേതൃത്വത്തിൽ വലിയൊരു വിഭാഗം ജനങ്ങൾ അദ്ദേഹത്തിന് അർഹമായ രീതിയിൽ തന്നെ ഭീമമായ വരവേൽപ്പ് നൽകി ആദരിച്ചു..
1898 ആയപ്പോഴേക്കും അമേരിക്കക്കാർ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും എഴുത്തുകളിലും ആകൃഷ്ടരായി അദ്ദേഹത്തെ നെഞ്ചിലേറ്റിയപ്പോൾ, സ്വന്തം മാതൃരാജ്യത്തെ ഭൂരിപക്ഷവും അദ്ദേഹത്തോട് തികഞ്ഞ ഉദാസീനതയാണ് കാണിച്ചത്.
അതേ വർഷം തന്നെ, രോഗബാധിതനായ സ്വാമിജി കൊൽക്കത്തയിലെ സദർ സ്ട്രീറ്റിലുള്ള പ്രശസ്ത ഡോക്ടർ റസിക് ലാൽ ദത്തിന്റെ ക്ലിനിക്കിൽ ചികിത്സ തേടി. ആ ഡോക്ടർ കൺസൾട്ടേഷൻ ഫീസായി നാൽപ്പത് രൂപയും മരുന്നുകൾക്കായി പത്ത് രൂപയും ഈടാക്കി. അക്കാലത്ത് അതൊരു വൻ തുകയായിരുന്നു. ബേലൂർ മഠത്തിന്റെ ആവശ്യത്തിനായി സമാഹരിച്ച ഫണ്ടിൽ നിന്നാണ് സ്വാമി ബ്രഹ്മാനന്ദ ആ തുക നൽകിയത്.
അക്കാലത്ത് ബാലി-ബേലൂർ മുൻസിപ്പാലിറ്റി ബേലൂർ മഠത്തിന്മേൽ ഒരു ‘വിനോദ നികുതി’ ചുമത്തുക വരെ ചെയ്തു! ചിലരാകട്ടെ ആ മഠത്തെ പരിഹസിക്കുകയും, അത് മടിയന്മാരായ യുവാക്കളുടെ താവളമാണെന്ന് അധിക്ഷേപിക്കുകയും ചെയ്തു. ‘ബിചിത്ര ആനന്ദ’, ‘ബീബി-കാ-ആനന്ദ’ എന്നിങ്ങനെയുള്ള അപമാനപ്പേരുകൾ വിളിച്ച് അവർ സന്യാസിമാരെ ആക്ഷേപിച്ചു. ഒരുപക്ഷേ ഇതുകൊണ്ടൊക്കെയായിരിക്കാം, തന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
”ഈ വിവേകാനന്ദൻ എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാൻ മറ്റൊരു വിവേകാനന്ദന് മാത്രമേ സാധിക്കൂ.”
ഇന്ന് സ്വാമി വിവേകാനന്ദൻ ഭാരതത്തിലും ലോകമെമ്പാടും അങ്ങേയറ്റം ആദരിക്കപ്പെടുന്നു. എന്നാൽ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം അനുഭവിച്ചത് ദാരിദ്ര്യവും അപമാനവും അവഗണനയും മാത്രമായിരുന്നു. ഇന്നത്തെ ഈ വലിയ ആദരപ്രകടനങ്ങൾ അദ്ദേഹം കാണുകയാണെങ്കിൽ, ഇതൊക്കെ വെറും കാപട്യമാണെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളയുമായിരുന്നോ?
”എന്റെ ദൗത്യം ഈ ഭാരതമണ്ണിലെ പരസ്പരമുള്ള കലഹങ്ങൾ തീർക്കുകയെന്നതാണ്. ഭേദചിന്തകൾ മറന്ന് പരസ്പരം കൈകോർക്കുക. ആത്മീയതയുടെ ആ പൊതു അടിത്തറയിൽ നിന്നുകൊണ്ട് നമുക്ക് നമ്മുടെ സമൂഹത്തെ പുനർനിർമ്മിക്കാം. വരും തലമുറയ്ക്കായി നമുക്ക് പ്രവർത്തിക്കാം.”
1897ൽ ലാഹോറിൽ വെച്ച് ‘ഹിന്ദുധർമ്മത്തിന്റെ സാമാന്യ ഭൂമിക’ എന്ന വിഷയത്തിൽ സംസാരിക്കവെ വിവേകാനന്ദൻ ഹിന്ദുസമൂഹത്തിന് നൽകിയ പ്രധാന സന്ദേശം ഇതായിരുന്നു. ഭൂതകാലത്തെക്കുറിച്ചുള്ള വെറും അഭിമാനപ്രകടനങ്ങൾക്കപ്പുറം, ജാതി-ഭേദ ചിന്തകൾ പൂർണ്ണമായി വെടിഞ്ഞ്, സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള ദരിദ്രരിലും ആതുരരിലും ‘നാരായണനെ’ ദർശിച്ചുകൊണ്ട് സേവനത്തിനിറങ്ങാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ഈയൊരു ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചതും.
അദ്ദേഹം പഞ്ചനദിക്കരയിലെ പുരാതന തീരത്ത് ആ സർക്കസ് കൂടാരത്തിൽ കാതോർത്തിരുന്ന നിർന്നിമേഷരായ നിശ്ശബ്ദരോട് തുടർന്ന് ചൊല്ലി..
“മറ്റുള്ളവരുടെ കുറ്റങ്ങൾ ചെന്നു ചൂണ്ടിക്കാണിക്കുന്നതിനു മുമ്പ് കൂടുതൽ ആലോചിക്കണം. സ്വാന്തത്തിൽ സത്യം നേരിട്ടു കാണാൻ ശ്രമിക്കുന്നിടത്തോളം അനുഭൂതിയിലേക്കുള്ള അവരവരുടെ മാർഗ്ഗം അവരവർ അവലംബിച്ചുകൊള്ളട്ടെ വിശാലവും സൃഷ്ടവുമായ സത്യം കാണപ്പെടുമ്പോൾ, ഭാരതത്തിലെ സിദ്ധന്മാരെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുള്ള സത്യം സാക്ഷാത്കരിച്ചിട്ടുള്ളവരെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുള്ള, ആ അദ്ഭുതാനന്ദം നേരിട്ടറിഞ്ഞുകൊള്ളും.
ആ ഹൃദയത്തിൽ നിന്ന് സ്നേഹത്തിന്റെതായ വാക്കുകളേ പുറപ്പെടൂ. സ്നേഹസാരമായ ഭഗവാൻ ആ ഹൃദയത്തെ തൊട്ടു കഴിഞ്ഞിരിക്കയാണല്ലോ. അപ്പോൾ, അപ്പോൾ മാത്രമേ, വിഭാഗീയകലഹങ്ങളെല്ലാം തീരൂ. അപ്പോൾ ഹിന്ദു എന്ന വാക്കുതന്നെ, ഹിന്ദുവെന്ന പേരുള്ളവരെയെല്ലാം തന്നെ, ഹൃദയത്തിലേക്ക് കൊണ്ടുവന്ന് ആശ്ലേഷിക്കാനും, തീവ്രമായി സ്നേഹിക്കാനും നാം പ്രാപ്തരാകും.
എന്റെ വാക്കുകൾ ശ്രദ്ധിക്കുക; ഹിന്ദുവെന്ന വാക്കുതന്നെ കരുത്തേറിയ ഒരു വൈദ്യുതാഘാതം നിങ്ങൾക്കുളവാക്കുമ്പോൾ, ഉളവാക്കുമ്പോൾ മാത്രമേ, നിങ്ങൾ ഹിന്ദുവാകൂ. ഹിന്ദുവെന്ന് അറിയപ്പെടുന്നവൻ, ഏതു രാജ്യത്തു നിന്നെങ്കിലും വരട്ടെ, നമ്മുടെ ഭാഷയോ മറ്റേതെങ്കിലും ഭാഷയോ സംസാരിക്കട്ടെ, ഉടനടി നിങ്ങളോട് ഏറ്റവും അടുത്തവനും നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവനുമാകുമ്പോൾ, ആകുമ്പോൾ മാത്രമേ, നിങ്ങൾ ഒരു ഹിന്ദുവാകൂ.
ഹിന്ദുവെന്നപേരുള്ള ഏതൊരുവന്റെയും കഷ്ടതകൾ നിങ്ങളുടെ കരളിൽ കടന്ന് നിങ്ങളുടെ കഷ്ടതയിൽപ്പെട്ടിരിക്കുന്നു എന്ന തോന്നലുളവാക്കുമ്പോൾ മാത്രമേ, നിങ്ങൾ ഒരു ഹിന്ദുവാകൂ. ഈ പ്രസംഗാരംഭത്തിൽ ഞാൻ നിർദ്ദേശിച്ച നിങ്ങളുടെ മഹാനായ ഗുരു ഗോവിന്ദസിംഹനെപ്പോലെ, ഹിന്ദുക്കൾക്കുവേണ്ടി എല്ലാം സഹിക്കാൻ ഒരുക്കമാകുമ്പോൾ, ഒരുക്കമാകുമ്പോൾ മാത്രമേ, നിങ്ങൾ ഒരു ഹിന്ദുവാകൂ.
സ്വദേശത്തിൽനിന്നു ബഹിഷ്കരിക്കപ്പെട്ടു. സ്വദേശ പീഡകരോടുള്ള പോരാട്ടത്തിൽ ഹിന്ദുമതത്തിന്റെ സംരക്ഷണത്തിനായി സ്വന്തം രക്തം ചൊരിഞ്ഞു. പോർക്കളത്തിൽ പുത്രന്മാർ കൊല്ലപ്പെട്ടതായി കണ്ടു; – അതേ, ആർക്കുവേണ്ടി സ്വന്തം രക്തവും ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും രക്തവും ചിന്തിയോ, അവരാൽ പരിത്യക്ത ആ മഹാഗുരുവിന്റെ ഈ ദൃഷ്ടാന്തം. അദ്ദേഹം മുറിവേറ്റ സിംഹത്തെപ്പോലെ, ശാന്തമായി മരിക്കാൻ പോർക്കളത്തിൽനിന്ന് തെക്കോട്ടു പിൻവാങ്ങി. പക്ഷേ, കൃതഘ്നരായി തന്നെ പരിത്യജിച്ചവർക്കെതിരായി, ഒരു ശാപവചസ്സും ആ നാവിൽനിന്നു വീണില്ല!
എന്റെ വാക്കുകൾ ശ്രദ്ധിക്കൂ. സ്വരാജ്യത്തിന്നെന്തെങ്കിലും നന്മ ചെയ്യണമെങ്കിൽ നിങ്ങളിൽ ഓരോരുത്തനും ഓരോ ഗുരുഗോവിന്ദനാകേണ്ടിയിരിക്കുന്നു. നിങ്ങളുടെ നാട്ടുകാർക്കുള്ള ആയിരം കുറ്റങ്ങൾ കാണാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. പക്ഷേ അവർക്കും ഹിന്ദുരക്തമാണുള്ള തെന്നു ധരിക്കണം. നിങ്ങൾക്ക് ആരാധ്യരായ ഒന്നാമത്തെ ഈശ്വരന്മാരാണവർ. അവരുടെ പ്രവൃത്തികളെല്ലാം നിങ്ങളെ ഉപദ്രവിക്കാനായിട്ടാണെങ്കിൽത്തന്നെ, അവരൊക്കെ നിങ്ങളെ ശപിക്കയാണെങ്കിൽത്തന്നെ, നിങ്ങൾ അവർക്കു സ്നേഹവചസ്സുകളാണ്. അയച്ചുകൊടുക്കേണ്ടത്.
അവർ നിങ്ങളെ തുരത്തിവിട്ടാൽ, പ്രബലസിംഹമായ ആ ഗോവിന്ദ സിംഹനെപ്പോലെ, ഏകാന്തതയിൽ കിടന്നു മരിക്കാൻ പിൻവാങ്ങുക. ഇത്തരക്കാരനാണ് ഹിന്ദുവെന്ന പേരിന് യോഗ്യൻ. എല്ലായ്പ്പോഴും ഇത്തരത്തിലൊരു ആദർശമാണ് നമ്മുടെ മുമ്പിൽ വേണ്ടത്. നമുക്കു കലഹായുധങ്ങളെല്ലാം ദൂരെ വലിച്ചെറിയാം. ഉത്കൃഷ്ടമായ ഈ സ്നേഹപ്രവാഹം ചുറ്റുപാടും പ്രസരിപ്പിക്കാം…
…എത്ര സഹസ്രാബ്ദങ്ങളാണ് നിങ്ങളുടെ രക്തത്തിൽ കലർന്നിട്ടുള്ളതെന്ന് ഈശ്വരനേ അറിയാവൂ. സവിശേഷത ആർജ്ജിച്ചിട്ടുള്ള ഈ ജനതാജീവിതം ഒരു സവിശേഷസരണിയിൽ ക്കൂടി എത്ര സഹസ്രാബ്ദങ്ങളായി ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന് ഈശ്വരനേ അറിയാവൂ. മിക്കവാറും വൻകടലിനോടടുത്ത ഈ വമ്പിച്ച പ്രവാഹം ഹിമാലയത്തിലെ മഞ്ഞുകട്ടകളിലേക്കു മടങ്ങണമെന്നാണോ. നിങ്ങൾ പറയാൻ പോകുന്നത്? അസാദ്ധ്യം. അതിനു ശ്രമിച്ചാൽ, അതു ഛിന്നഭിന്നമാകയേയുള്ളു.
അതുകൊണ്ട് ജനതയുടെ ജീവിത പ്രവാഹത്തിനു വഴി കൊടുക്കുക. ഈ വമ്പിച്ച പ്രവാഹത്തിന്റെ പുരോഗതി മുടക്കുന്ന പ്രതിബന്ധങ്ങൾ എടുത്തുമാറ്റുക. അതിന്റെ വഴി വെടിപ്പാക്കുക. സരണി നിർമ്മലമാക്കുക. അപ്പോൾ, തനതു തള്ളൽ കൊണ്ട് അതു വെളിയിലേക്കു കുതിച്ചുകൊള്ളും. നമ്മുടെ ജനതയുടെ പ്രയാണം തുടരുകയും ചെയ്യും.”
ജീവിച്ചിരുന്ന കാലത്ത് നേരിടേണ്ടി വന്ന കഠിനമായ പട്ടിണിയോ, ജാതീയമായ അധിക്ഷേപങ്ങളോ, ചതികളോ ഒന്നും തന്നെ അദ്ദേഹത്തിന്റെ ആത്മവീര്യത്തെ തെല്ലും ബാധിച്ചിരുന്നില്ല. ബാഹ്യമായ ഈ കഷ്ടപ്പാടുകൾക്കൊന്നും അദ്ദേഹത്തിന്റെ ആത്മീയതേജസ്സിനെയോ സമൂഹത്തെ ഉദ്ധരിക്കാനുള്ള തീക്ഷ്ണമായ ദൃഢനിശ്ചയത്തെയോ തടഞ്ഞുനിർത്താൻ കഴിഞ്ഞതുമില്ല. അതുകൊണ്ട് തന്നെ, ഇന്നത്തെ നമ്മുടെ ആദരവുകൾ വെറും കാപട്യമാകാതിരിക്കണമെങ്കിൽ, അദ്ദേഹം കാണിച്ചുതന്ന ആ സേവനവഴിയിലൂടെ സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുക മാത്രമാണ് നാം ചെയ്യേണ്ടത്.
മാനവസേവയാണ് മാധവസേവ
ജനസേവയാണ് ജനാർദനസേവ
നരസേവയാണ് നാരായണസേവ
വന്ദേ വിവേകാനന്ദം!!!
Leave a comment