ചില മനുഷ്യർ!

“ദേശസ്നേഹികളായ ഭാരതീയ യുവാക്കളെ ക്രൂരമായി തൂക്കിലേറ്റിയതിനും നാടുകടത്തിയതിനും ഒരു എളിയ പ്രതികാരമായി ഞാൻ കഴിഞ്ഞ ദിവസം ഇംഗ്ലീഷുകാരുടെ രക്തം ചിന്താൻ ശ്രമിച്ചു എന്നത് ഞാൻ സമ്മതിക്കുന്നു. ഈ ശ്രമത്തിൽ എന്റെ മനഃസാക്ഷിയോടല്ലാതെ മറ്റാരോടും ഞാൻ ആലോചിച്ചിട്ടില്ല; എന്റെ കർത്തവ്യത്തോടല്ലാതെ മറ്റാരുമായും ഞാൻ ഗൂഢാലോചന നടത്തിയിട്ടുമില്ല.

അന്യന്റെ തോക്കിൻമുനയിൽ അടിച്ചമർത്തപ്പെട്ടു കഴിയുന്ന ഒരു രാഷ്ട്രം ശാശ്വതമായ ഒരു യുദ്ധാവസ്ഥയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. നിരായുധരാക്കപ്പെട്ട ഒരു ജനതയ്ക്ക് പരസ്യമായ ഒരു പോരാട്ടം അസാധ്യമായതിനാൽ, ഞാൻ നിങ്ങൾ നിനച്ചിരിക്കാത്തപ്പോൾ ആക്രമിച്ചു; ആയുധങ്ങൾ നിഷേധിക്കപ്പെട്ടതിനാൽ, ഞാനെന്റെ പിസ്റ്റൾ പുറത്തെടുത്ത് വെടിവച്ചു.

ഒരു ഹിന്ദുവെന്ന നിലയിൽ, എന്റെ രാജ്യത്തിന് നേരിടുന്ന അപമാനം എന്റെ ഈശ്വരന്മാർക്കു നേരെയുള്ള അപമാനമായി ഞാൻ കരുതുന്നു. ഭാരതത്തിന്റെ ലക്ഷ്യം ശ്രീരാമന്റെ ലക്ഷ്യമാണ്! ഭാരതത്തിനായുള്ള സേവനം ശ്രീകൃഷ്ണനായുള്ള സേവനമാണ്! സമ്പത്തിലും ബുദ്ധിയിലും ദരിദ്രനായ എന്നെപ്പോലൊരു മകന് ഭാരതാംബയ്ക്ക് സമർപ്പിക്കാൻ സ്വന്തം രക്തമല്ലാതെ മറ്റൊന്നുമില്ല, അതിനാൽ അവളുടെ ബലിപീഠത്തിൽ ഞാനത് സമർപ്പിച്ചിരിക്കുന്നു.

ഇന്ന് ഭാരതത്തിന് ആവശ്യമുള്ള ഒരേയൊരു പാഠം എങ്ങനെ മരിക്കണമെന്ന് പഠിക്കുക എന്നതാണ്, അത് പഠിപ്പിക്കാനുള്ള ഒരേയൊരു വഴി സ്വയം മരണം വരിച്ചു കാണിച്ചു കൊടുക്കുക എന്നതാണ്. അതിനാൽ ഞാൻ മരണത്തെ പുല്കുന്നു, എന്റെ ബലിദാനത്തിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു!
ഈ സ്വാഭാവികമല്ലാത്ത ബന്ധം അവസാനിച്ചില്ലെങ്കിൽ ഹിന്ദുജനരാശിയും ഇംഗ്ലീഷ് വംശവും നിലനിൽക്കുന്നിടത്തോളം കാലം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഈ സ്വാതന്ത്ര്യപ്പോരാട്ടം തുടരുക തന്നെ ചെയ്യും.

ഈശ്വരനോടുള്ള എന്റെ ഏക പ്രാർത്ഥന ഇതാണ്: എന്റെ അമ്മയുടെ മകനായി ഞാൻ വീണ്ടും ജനിക്കുകയും, ഈ വിശുദ്ധ ലക്ഷ്യം വിജയിച്ച്, മനുഷ്യകുലത്തിന്റെ നന്മയ്ക്കും ഈശ്വരന്റെ മഹത്വത്തിനുമായി അവൾ സ്വതന്ത്രയായി നിൽക്കുന്നതുവരെ ഈ ലക്ഷ്യത്തിനായി വീണ്ടുമെന്നെ സ്വയം ബലിയർപ്പിക്കുകയും ചെയ്യേണമേ!

വന്ദേ മാതരം!”

Leave a comment

Website Powered by WordPress.com.

Up ↑