കമ്മ്യൂണിസ്റ്റുകൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജിയെ പിന്തുണച്ചിരുന്നില്ല എന്ന് മാത്രമല്ല, ഇന്ത്യയിൽ ഒരു സോഷ്യലിസ്റ്റ് വിപ്ലവം സാധ്യമാകുന്നതിന് ഏറ്റവും വലിയ വെല്ലുവിളി ഗാന്ധിജിയും ഗാന്ധിസവുമാണെന്ന് അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ രാഷ്ട്രീയപ്പോരാട്ടത്തിന്റെ നിർണ്ണായക ഘട്ടങ്ങളിലെല്ലാം സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ തിട്ടൂരങ്ങൾക്കനുസരിച്ച് നിലപാടെടുക്കുകയായിരുന്നു ഇവിടെയുള്ള കമ്മ്യൂണിസ്റ്റുകൾ.
ജനങ്ങളെ തങ്ങളിലേക്ക് ആകർഷിക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ ശേഷിയെ ഗാന്ധിജിയുടെ വ്യക്തിപ്രഭാവം പൂർണ്ണമായും നിഷ്പ്രഭമാക്കിക്കളഞ്ഞു എന്നതാണ് അവരെ ചൊടിപ്പിച്ചത്. ഇന്ത്യയിലെ തൊഴിലാളികളും കർഷകരും ആയുധമേന്തിയുള്ള വിപ്ലവത്തിലേക്ക് തിരിയുന്നതിന് തടസ്സമായി നിലകൊണ്ടത് ഗാന്ധിജിയുടെ ‘അഹിംസ’, ‘ആത്മീയത’, ‘രാമരാജ്യം’ തുടങ്ങിയ സങ്കൽപ്പങ്ങളായിരുന്നു.
സ്വകാര്യ സ്വത്ത് സമൂഹ നന്മയ്ക്കായി വിനിയോഗിക്കണമെന്ന ഗാന്ധിയൻ ‘ട്രസ്റ്റീഷിപ്പ്’ സിദ്ധാന്തവും “തൊഴിലുടമയും തൊഴിലാളിയും സഹോദരങ്ങളാണ്” എന്ന വർഗ്ഗ സമന്വയ കാഴ്ചപ്പാടും, തൊഴിലാളികളുടെ വിപ്ലവവീര്യം ചോർത്തിക്കളയുന്ന ഒരു ‘ആശയപരമായ മയക്കുമരുന്ന്’ ആണെന്ന് അവർ ആരോപിച്ചു. വർഗ്ഗസമരത്തിലൂടെ സമ്പത്തിന്റെ പുനർവിതരണം കമ്മ്യൂണിസ്റ്റുകൾ ലക്ഷ്യമിട്ടപ്പോൾ, വർഗ്ഗ സമന്വയത്തിലൂടെ സാമൂഹിക നീതി ഉറപ്പാക്കാനാണ് ഗാന്ധിജി ശ്രമിച്ചത്.
ചരിത്രപരമായ എതിർപ്പിന്റെ നാൾവഴികൾ (1920–1950)
ഗാന്ധിയോടുള്ള ഈ ആശയപരമായ വിരോധം വർഷങ്ങൾ നീണ്ട ദീർഘമായ വ്യവഹാരങ്ങളിലൂടെയാണ് വികസിച്ചത്. 1915-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ഗാന്ധിജി ചമ്പാരൻ, ഖേഡ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയനായി, 1920 ഓഗസ്റ്റ് 1-ന് ‘നിസ്സഹകരണ പ്രസ്ഥാനത്തിന്’ തുടക്കമിട്ടു. കൃത്യം അതേ സമയത്താണ്, 1920 ജൂലൈ 25-ന് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസിൽ ലെനിനും എം.എൻ. റോയും തമ്മിൽ ചരിത്രപ്രസിദ്ധമായ സംവാദം നടക്കുന്നത്.

(മുന്നിൽ വി.ഐ. ലെനിനും, പിറകിലായി ഏറ്റവും ഉയരത്തിൽ എം.എൻ. റോയും)
പ്രായോഗികവാദിയായ ലെനിന്റെ ‘നാഷണൽ ആൻഡ് കൊളോണിയൽ ക്വസ്റ്റ്യൻ’ എന്ന പ്രബന്ധത്തിലൂടെ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ കോളനി രാജ്യങ്ങളിലെ ‘ദേശീയ ബൂർഷ്വാസിക്ക്’—ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന് കമ്മ്യൂണിസ്റ്റുകാരിട്ട സോവിയറ്റ് ഓമനപ്പേരാണിത്—ഒരു പുരോഗമനപരമായ പങ്കുവഹിക്കാനുണ്ട് എന്നായിരുന്നു വാദിച്ചത്. അടിമരാജ്യങ്ങളിൽ നിന്ന് സാമ്രാജ്യത്വത്തെ പുറത്താക്കാൻ അവിടുത്തെ ദേശീയ ബൂർഷ്വാസിയെ കമ്മ്യൂണിസ്റ്റുകൾ താത്കാലികമായി പിന്തുണയ്ക്കണമെന്ന് ലെനിൻ നിർദ്ദേശിച്ചു.
എന്നാൽ മോസ്കോവിൽ വെച്ച് ലെനിനെ ഖണ്ഡിച്ച് സമർപ്പിച്ച സപ്ലിമെന്ററി പ്രബന്ധത്തിൽ, കൊളോണിയൽ രാജ്യങ്ങളിലെ ദേശീയ ബൂർഷ്വാസിയെന്നു പറയുന്നത് ഒട്ടും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് എം.എൻ. റോയ് വാദിച്ചു. തങ്ങളുടെ സ്വകാര്യ സ്വത്തിനും താല്പര്യങ്ങൾക്കും സംരക്ഷണം തേടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സെന്ന ദേശീയ ബൂർഷ്വാസി ഏതുനിമിഷവും ബ്രിട്ടീഷുകാരുമായി ഒത്തുതീർപ്പിലെത്തുമെന്നും, അതിനാൽ വിപ്ലവനേതൃത്വം കർഷകരുടെയും തൊഴിലാളികളുടെയും സംഘടനകൾ ഏറ്റെടുക്കണമെന്നുമായിരുന്നു റോയിയുടെ വാദം.
1922-ൽ പുറത്തിറങ്ങിയ “ഇന്ത്യ ഇൻ ട്രാൻസിഷൻ” എന്ന പുസ്തകത്തിലൂടെ എം.എൻ. റോയ് ഗാന്ധിജിയെ പേരെടുത്തു പറഞ്ഞു തന്നെ “പിന്തിരിപ്പൻ ബൂർഷ്വാ രാഷ്ട്രീയക്കാരൻ” എന്ന് ചാപ്പയടിച്ചു. ഗാന്ധിജി ഉപയോഗിച്ച രാമരാജ്യവും ആധ്യാത്മിക ചിഹ്നങ്ങളും പ്രാർത്ഥനായോഗങ്ങളുമെല്ലാം ജനങ്ങളെ ഫ്യൂഡൽ ചിന്താഗതികളിൽ തളച്ചിടാനേ സഹായിക്കൂ എന്ന് റോയ് ആരോപിച്ചു. ചൗരി ചൗരാ സംഭവത്തെത്തുടർന്ന് നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി പെട്ടെന്ന് നിർത്തിവെച്ചപ്പോൾ, വിപ്ലവം അതിരുകടക്കുമെന്ന് ഭയന്ന് ബൂർഷ്വാസിയുടെ താല്പര്യം സംരക്ഷിക്കാൻ ഗാന്ധിജി ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയതാണെന്ന് കമ്മ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ചു.
1928-ൽ സ്റ്റാലിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ “തീവ്ര ഇടതുപക്ഷ ലൈൻ” സ്വീകരിച്ചതോടെ, അതുവരെ കോൺഗ്രസിനുള്ളിൽ തന്ത്രപൂർവ്വം ചേർന്നുനിന്നുകൊണ്ട് പ്രവർത്തിച്ചിരുന്ന ശൈലി കമ്മ്യൂണിസ്റ്റുകൾ അവസാനിപ്പിച്ചു. അതോടെ ഗാന്ധിജിയെയും കോൺഗ്രസിനെയും “സോഷ്യൽ ഫാസിസ്റ്റുകൾ” എന്നും “സാമ്രാജ്യത്വത്തിന്റെ ഒക്കച്ചങ്ങാതികൾ” എന്നും അവർ ഔദ്യോഗികമായിത്തന്നെ മുദ്രകുത്തി. ഇടതുപക്ഷ അനുഭാവം വെച്ചുപുലർത്തിയിരുന്ന ജവഹർലാൽ നെഹ്റുവിനെയും സുഭാഷ് ചന്ദ്രബോസിനെയും വരെ “വ്യാജ റാഡിക്കലുകൾ” എന്ന് ചാപ്പയടിച്ച് തള്ളിക്കളഞ്ഞതോടെ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ നിന്ന് കമ്മ്യൂണിസ്റ്റുകൾ പൂർണ്ണമായും ഒറ്റപ്പെട്ടു.
അന്ന് ദേശീയനേതാക്കൾക്കെതിരെ പ്രയോഗിച്ച അതേ ചാപ്പയടി തന്ത്രം തന്നെയാണ്, ഇന്ന് തങ്ങളോട് വിയോജിക്കുന്ന എല്ലാവരെയും ‘സങ്ഘി’ എന്ന് മുദ്രകുത്താൻ കമ്മ്യൂണിസ്റ്റുകൾ ഇന്നും തുടരുന്നത്; ഇതിന്റെ വേരുകൾ ചെന്നുനിൽക്കുന്നത് അന്നത്തെ സോവിയറ്റ് തിട്ടൂരങ്ങളിലായിരുന്നു എന്നത് നിഷേധിക്കാനാവാത്ത ചരിത്രവസ്തുതയാണ്.

(റഫറൻസ്: ‘The National WWII Museum’)
രണ്ടാം ലോകമഹായുദ്ധകാലത്ത് പരസ്പരം പങ്കുകച്ചവടത്തിലായിരുന്ന ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ, അതുവരെ ‘സാമ്രാജ്യത്വ യുദ്ധ’മെന്ന് കമ്മ്യൂണിസ്റ്റുകൾ വിളിച്ച പോരാട്ടം പെട്ടെന്ന് ‘ജനകീയ യുദ്ധമായി’ മാറി. സോവിയറ്റ് നിർദ്ദേശാനുസരണം ബ്രിട്ടനെ പിന്തുണച്ച കമ്മ്യൂണിസ്റ്റുകൾ, 1942-ൽ ഗാന്ധിജി പ്രഖ്യാപിച്ച ക്വിറ്റ് ഇന്ത്യ സമരത്തെ പരസ്യമായി തള്ളിപ്പറയുകയും ഒറ്റുകൊടുക്കുകയും ചെയ്തു. സി.പി.ഐ ജനറൽ സെക്രട്ടറി പി.സി. ജോഷി, ബ്രിട്ടീഷ് ആഭ്യന്തര അംഗം സർ റീജിനൽഡ് മക്സ്വെല്ലിന് എഴുതിയ കത്തുകളിലൂടെ പാർട്ടി നിരോധനം നീക്കാൻ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമായി, സ്വാതന്ത്ര്യസമരത്തെ പരാജയപ്പെടുത്താൻ കമ്മ്യൂണിസ്റ്റുകൾ ബ്രിട്ടീഷുകാരുടെ ചാരന്മാരായിപ്പോലും പ്രവർത്തിച്ചു. നേതാജിയുടെ INA ഭടന്മാരെയും, അതിർത്തി കടന്നെത്തിയ വിപ്ലവകാരികളെയും, ഒളിവിൽ കഴിഞ്ഞിരുന്ന സ്വാതന്ത്ര്യസമര സേനാനികളെയും ബ്രിട്ടീഷ് പോലീസിന് പിടിച്ചു കൊടുക്കാൻ പോലും കമ്മ്യൂണിസ്റ്റ് കേഡറുകൾ തയ്യാറായി.
1944 ജൂൺ 11-ന് പി.സി. ജോഷിക്ക് അയച്ച കത്തിൽ, കമ്മ്യൂണിസ്റ്റുകൾ ബ്രിട്ടീഷുകാരെ സഹായിച്ച് സ്വാതന്ത്ര്യസമര നേതാക്കളെ അറസ്റ്റ് ചെയ്യിച്ചതിനെയും, പാർട്ടിയുടെ വിദേശബന്ധങ്ങളെയും, രഹസ്യ സാമ്പത്തിക ഇടപാടുകളെയും കുറിച്ച് ഗാന്ധിജി നേരിട്ട് ചോദ്യം ചെയ്തിരുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളെ ഒറ്റിുകൊടുക്കുന്ന കമ്മ്യൂണിസ്റ്റ് ഇരട്ടത്താപ്പിനെ കൃത്യമായി തുറന്നുകാട്ടുന്നതായിരുന്നു ഗാന്ധിജിയുടെ ഈ ചോദ്യങ്ങൾ.

കമ്മ്യൂണിസ്റ്റുകൾ ബ്രിട്ടീഷ് സർക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായി, നെഹ്റുവും ഗാന്ധിജിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ജയിലിലായിരുന്ന സമയത്ത് കമ്മ്യൂണിസ്റ്റുകൾ ബ്രിട്ടീഷ് പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ചാരന്മാരായി പ്രവർത്തിച്ചു എന്ന ശക്തമായ വിമർശനമുണ്ട്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഒളിവിൽ പോരാട്ടം നയിച്ച ജയപ്രകാശ് നാരായൺ, അച്യുത് പട്വർദ്ധൻ, അരുണ ആസഫ് അലി, തുടങ്ങിയ സോഷ്യലിസ്റ്റ്-കോൺഗ്രസ് നേതാക്കളുടെ വിവരങ്ങൾ ബ്രിട്ടീഷ് അധികാരികൾക്ക് ചോർത്തി നൽകി. കേരളത്തിലെ വക്കം ഖാദർ, അനന്തൻ നമ്പ്യാർ മുതലായ INA ഭടന്മാരും ഈ നീക്കത്തിലാണ് മലബാർ തീരത്തു വെച്ച് പിടിയിലായത്. പിന്നീട് ഈ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് 1945-ൽ കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി കമ്മ്യൂണിസ്റ്റുകളെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നത്.
1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോഴും “യേ ആസാദി ജൂഠാ ഹെ” എന്ന മുദ്രാവാക്യമുയർത്തി, അത് ബ്രിട്ടീഷ് സാമ്രാജ്യത്വവും ഗാന്ധിയുടെ ബൂർഷ്വാസിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പാണെന്ന് അവർ ആരോപിച്ചു. 1948 ജനുവരി 30-ന് ഗാന്ധിജി കൊല്ലപ്പെട്ടു. കൃത്യം നാലാഴ്ച കഴിഞ്ഞപ്പോൾ ഫെബ്രുവരി 28-ന് കൽക്കട്ടയിൽ ഒത്തുചേർന്ന കമ്മ്യൂണിസ്റ്റുകൾ, ലെനിൻ ഇരുപതുകളിൽ പറഞ്ഞതുപോലെ ‘ദേശീയ ബൂർഷ്വാസി’യെ ആക്രമിച്ചു പുറത്താക്കാനുള്ള സമയമാണിതെന്ന് ആവേശഭരിതരായി സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്യുന്ന കൊൽക്കത്ത തീസിസ് അംഗീകരിച്ചു.
ഒടുവിൽ 1950-കളുടെ മധ്യത്തോടെയാണ് ഗാന്ധിജി സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ വഹിച്ച ചരിത്രപരമായ പങ്കിനെ അംഗീകരിക്കാനും, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തങ്ങൾ തുടർന്നുവന്ന തീവ്ര സമീപനം ഒരു ചരിത്രപരമായ പിഴവായിരുന്നു എന്ന് തുറന്നു സമ്മതിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറായത്.
ജനകീയതയും ഇന്നത്തെ വ്യാജസ്നേഹവും

(കടപ്പാട്: റഷ്യ ഇൻ ഇന്ത്യ, ട്വിറ്റർ)
അതുവരെ ഉപരിവർഗ്ഗത്തിന്റെ സദസ്സുകളിൽ ഒതുങ്ങിനിന്ന രാഷ്ട്രീയത്തെ ഗ്രാമങ്ങളിലെ കർഷകരിലേക്കും തൊഴിലാളികളിലേക്കും സ്ത്രീകളിലേക്കും ഇറക്കിവെച്ച്, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനത്തെ സൃഷ്ടിച്ചത് ഗാന്ധിജിയായിരുന്നു. ചർക്കയും ഉപ്പുകുറുക്കലും പ്രാദേശിക ഭാഷയുമെല്ലാം സാധാരണക്കാരന് പ്രാപ്യമായ രാഷ്ട്രീയ ആയുധങ്ങളായി മാറി. ഈ ജനകീയ അടിത്തറയെയാണ് കമ്മ്യൂണിസ്റ്റുകൾ ഭയന്നതും എതിർത്തതും. ഹൈന്ദവ ആധ്യാത്മികതയെ രാഷ്ട്രീയവുമായി കൂട്ടിയണക്കി, അത് ജനകീയ സമരമാർഗ്ഗമാക്കി മാറ്റി വിജയകരമായി നടപ്പിലാക്കിയ ആദ്യത്തെ പ്രായോഗിക രാഷ്ട്രതന്ത്രജ്ഞനായിരുന്നു മഹാത്മാഗാന്ധി. കമ്മ്യൂണിസ്റ്റുകൾ ഉൾപ്പെടെയുള്ള പ്രത്യയശാസ്ത്ര എതിരാളികൾക്ക് പോലും ഗാന്ധിജിയുടെ ഈ തീവ്രമായ ജനകീയ പിന്തുണയെയും സ്വാധീനത്തെയും നിഷേധിക്കാൻ സാധിച്ചിരുന്നില്ല.
ഇന്ന് ഗാന്ധിവധം എന്ന രാഷ്ട്രീയോപകരണത്തിനും ബക്കറ്റ് പിരിവിന് ശേഷം ഏതേത് നിറങ്ങളിലുള്ള ഗാന്ധിത്തലകളുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്തുമ്പോഴുമല്ലാതെ കമ്മ്യൂണിസ്റ്റുകൾ ഗാന്ധിയെ ഓർക്കാറില്ല. ജീവനുള്ള ഗാന്ധിയേക്കാൾ, മരിച്ച ഗാന്ധിക്കാണ് രാഷ്ട്രീയ വിപണിയിൽ മൂല്യമുള്ളത് എന്ന് തിരിച്ചറിയുന്ന ഒരു കച്ചവടക്കാരന്റെ ഉള്ളിൽ ഉറഞ്ഞുകൂടിയ കപടസ്നേഹം മാത്രമാണ് ഇന്നും കമ്മ്യൂണിസ്റ്റുകൾക്ക് ഗാന്ധിയോടുള്ളത്.
Leave a comment