ഭഗത് സിങ്ങിന്റെ വധശിക്ഷ, ഒരു പത്രപ്രവർത്തകന്റെ ഓർമ്മക്കുറിപ്പ്

1931 മാർച്ച് 23. ലാഹോർ സെൻട്രൽ ജയിൽ അന്ന് കനത്ത അസ്വസ്ഥതയിലായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ ക്രൂരമായ നിയമങ്ങൾക്കടിപ്പെട്ട് പത്രപ്രവർത്തകനായ വീരേന്ദ്രയും അന്ന് അതേ ജയിലിൽ തടവിലുണ്ട്. നഗരത്തിലെ തെരുവുകളിലും ജയിലിന്റെ ഇടനാഴികളിലും വല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു. വിധി കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ആ മൂന്ന് ധീരവിപ്ലവകാരികളുടെയും അവസാന പ്രഭാതമായിരുന്നു അത്.

വീരേന്ദ്ര തന്റെ ഓർമ്മകളിൽ കുറിക്കുന്നു:
“ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്ദേവും തൂക്കുമരത്തിലേക്ക് നടന്ന ആ ചരിത്രദിനത്തിൽ, അവർക്കൊപ്പം അതേ ജയിലിൽ കഴിയാൻ കഴിഞ്ഞത് എന്റെ ഭാഗ്യമോ അതോ നിർഭാഗ്യമോ എന്നറിയില്ല.”

​പ്രിവി കൗൺസിലും അവരുടെ അപ്പീൽ തള്ളിയതോടെ, പ്രത്യേകിച്ച് ഭഗത് സിങ് ലവലേശം ഭയമില്ലാതെ കരുണഹർജി നിരസിച്ചതോടെ, മരണം ഏതൊക്കെയോ നിമിഷങ്ങളിൽ കാത്തുനിൽപ്പുണ്ടെന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. രാജ്ഗുരുവിനെയും സുഖ്ദേവിനെയും ക്ഷൗരം ചെയ്യാനും ഞങ്ങളുടെ അടുത്തേക്ക് വരാറുമുണ്ടായിരുന്ന ബർക്കത്ത് എന്ന ബാർബറായിരുന്നു ഞങ്ങളുടെ ഒരേയൊരു വിവരസ്രോതസ്സ്. ഭഗത് സിങ് അപ്പോഴേക്കും തന്റെ വിപ്ലവകാലത്തെപ്പോലെ മുടി വീണ്ടും വളർത്താൻ തുടങ്ങിയിരുന്നു. മാർച്ച് 20ന് വന്നപ്പോൾ തന്നെ ബർക്കത്ത് ഒരു സൂചന തന്നിരുന്നു,

“അവസാന നിമിഷങ്ങൾ അടുത്തു കഴിഞ്ഞു.”

ജയിൽ അധികൃതരുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ അസ്വാഭാവികതകൾ അവൻ മണത്തറിഞ്ഞിരുന്നു.

​ഞങ്ങളുടെ സെല്ലുകൾക്ക് മുന്നിലുള്ള തുറസ്സായ മൈതാനത്ത് പെട്ടെന്ന് വിറകുകൾ വന്നു നിറയാൻ തുടങ്ങി. തൂക്കിലേറ്റിയ ശേഷം അവരുടെ ഭൗതികശരീരങ്ങൾ ജയിലിനകത്തു തന്നെ ദഹിപ്പിക്കാനാണോ ഈ ഒരുക്കമെന്ന് ഞങ്ങൾ ഭയന്നു. കണ്ടുമുട്ടിയ ജയിൽ ജീവനക്കാരോടൊക്കെ ചോദിച്ചെങ്കിലും ആരും ഒന്നും തുറന്നുപറയാൻ തയ്യാറായില്ല. എങ്കിലും ജയിലിനകത്ത് ഒരു അസാധാരണ യുദ്ധകാല പരിഭ്രാന്തി പ്രകടമായിരുന്നു.

​ജയിൽ മതിലുകൾക്ക് പുറത്ത് ലാഹോർ നഗരം ശ്വാസമടക്കി നിൽക്കുകയായിരുന്നു. വസന്തകാലത്തിന്റെ വരവ് പോലും ആരും അറിഞ്ഞില്ല. ഒരു മഹാദുരന്തം വരാനിരിക്കുന്നു എന്ന യാഥാർത്ഥ്യം നഗരവാസികളുടെ ഹൃദയം മരവിപ്പിച്ചു കളഞ്ഞു. തലേന്ന് രാത്രി വീശിയടിച്ച പൊടിക്കാറ്റ് പോലും വരാനിരിക്കുന്ന വിധിക്കു മുന്നിലെന്നോണം ശാന്തമായി അടങ്ങിയിരുന്നു. ഇനി ആകെയുള്ളത് കുടുംബാംഗങ്ങളുടെ അവസാന കൂടിക്കാഴ്ചയാണ്.. തങ്ങളുടെ പ്രിയപ്പെട്ട മക്കളെ അവസാനമായി ഒരു നോക്ക് കാണാൻ അവർ ഉടൻ എത്തിയേക്കും.

​വീരേന്ദ്ര എഴുതുന്നു:
​മാർച്ച് 23ലെ പത്രങ്ങളിൽ വന്നിരുന്നത് വിപ്ലവകാരികളുടെ വധശിക്ഷ അടുത്ത ദിവസം, അതായത് മാർച്ച് 24നാണെന്നാണ്. അതുകൊണ്ട് ബന്ധുക്കൾക്ക് മാർച്ച് 23ന് വന്ന് അവസാനമായി അവരെ കാണാമായിരുന്നു. ജയിൽ ചട്ടപ്രകാരം തൂക്കിക്കൊല്ലൽ സാധാരണയായി വേനൽക്കാലത്ത് രാവിലെ 7 മണിക്കും ശീതകാലത്ത് രാവിലെ 8 മണിക്കുമാണ് നടക്കാറുള്ളത്. കൂടാതെ, വധശിക്ഷയുള്ള ദിവസം മൃതദേഹങ്ങൾ പുറത്തേക്ക് കൊണ്ടുപോകുന്നത് വരെ മറ്റ് തടവുകാരെയെല്ലാം സെല്ലുകളിൽ പൂട്ടിയിടണമെന്നാണ് നിയമം.
​അതുകൊണ്ടുതന്നെ മാർച്ച് 24 രാവിലെയായിരിക്കും ആ ദുരന്തം നടക്കുകയെന്ന് വീരേന്ദ്രയും കൂട്ടരും ഉറച്ചു വിശ്വസിച്ചു. എന്നാൽ, വിധി മറ്റൊന്നായിരുന്നു. ജയിലിലെ ഒരു സാധാരണ ജീവനക്കാരനായ ബർക്കത്ത് എന്ന ബാർബർ അവരെ ആ ദുഃഖഭരിതമായ കാത്തിരിപ്പിൽ നിന്നും ഞെട്ടിച്ചുകൊണ്ട് ഓടിയെത്തി.

​അങ്ങനെയിരിക്കെ, മാർച്ച് 23 ഉച്ചയ്ക്ക് ഏകദേശം രണ്ടു മണിയോടെ ബർക്കത്ത് കണ്ണീരൊഴുക്കിക്കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. വിറയ്ക്കുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു:

“സബ് കുച്ച് ഖത്തം ഹോ ഗയാ [എല്ലാം കഴിഞ്ഞു]. സർദാർ പറയുകയായിരുന്നു അവർ മിക്കവാറും ഇന്ന് തന്നെ തൂക്കിലേറ്റുമെന്ന്. അദ്ദേഹം നിങ്ങൾ രണ്ടുപേർക്കും വന്ദേമാതരം അറിയിച്ചിട്ടുണ്ട്.”

​ബർക്കത്തിന്റെ വാക്കുകൾ കേട്ട് വീരേന്ദ്രയും എഹ്സാൻ ഇലാഹിയും തകർന്നുപോയി. ഒടുവിൽ ആ വധശിക്ഷ വന്നെത്തിയെന്ന് വിശ്വസിക്കാൻ പോലുമാകാതെ അവർ വിതുമ്പി. നിശ്ചിത സമയത്തിനും മുൻപേ അവരെ മരണത്തിലേക്ക് തള്ളിവിടാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ ആ ചതിയെക്കുറിച്ച് അവരുടെ ചിന്തകൾ കാടുകയറി. പുറത്ത് ജനരോഷം ആളിപ്പടരുന്നത് ഭയന്ന്, ബ്രിട്ടീഷുകാർ വധശിക്ഷ രഹസ്യമായി 12 മണിക്കൂർ മുന്നോട്ട് നീട്ടുകയായിരുന്നു!

​വികാരം അടക്കിപ്പിടിച്ച്, തങ്ങൾക്ക് ആ ധീരനായ സഖാവിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും വാങ്ങിത്തരാൻ വീരേന്ദ്ര ബർക്കത്തിനോട് ആവശ്യപ്പെട്ടു. അരമണിക്കൂറിനുള്ളിൽ അവൻ തിരിച്ചെത്തി. അവന്റെ കൈകളിൽ ഒരു കറുത്ത ഫൗണ്ടൻ പേനയും ഒരു ചീർപ്പുമുണ്ടായിരുന്നു. ആ ചീർപ്പിൽ മൂർച്ചയില്ലാത്ത ഏതോ ഉപകരണം കൊണ്ട് ഭഗത് സിങ് തന്റെ പേര് കൊത്തിവെച്ചിരുന്നു. എഹ്സാൻ ഇലാഹി ആ പേനയും വീരേന്ദ്ര ആ ചീർപ്പും തങ്ങളുടെ ജീവനേക്കാൾ വിലപ്പെട്ട സ്മരണികയായി നെഞ്ചോട് ചേർത്തു.
​സമയം വല്ലാതെ ഇഴഞ്ഞുനീങ്ങുന്നതായി തോന്നി.

വൈകുന്നേരമായപ്പോഴേക്കും ലാഹോർ സെൻട്രൽ ജയിലിന്റെ പ്രധാന കവാടത്തിന് പുറത്ത് വൻ പോലീസ് സന്നാഹം തമ്പടിച്ചു കഴിഞ്ഞിരുന്നു.
​സാധാരണയായി എല്ലാ ദിവസവും വൈകുന്നേരം 7 മണിക്കാണ് ചീഫ് വാർഡൻ ഛത്തർ സിങ് ഞങ്ങളെ സെല്ലുകളിലാക്കി പൂട്ടാറുള്ളത്. എന്നാൽ അന്ന് അദ്ദേഹം വൈകുന്നേരം 4 മണിക്ക് തന്നെ എത്തി. എന്തുകൊണ്ടാണ് ഇത്ര നേരത്തെ വന്നതെന്ന് ചോദിച്ചപ്പോൾ ആ വൃദ്ധൻ വിതുമ്പിപ്പോയി; അദ്ദേഹത്തിന് സംസാരിക്കാൻ കഴിഞ്ഞില്ല. മിനിറ്റുകൾക്ക് ശേഷം സ്വയം നിയന്ത്രിച്ച് അദ്ദേഹം പറഞ്ഞു:

“അന്ത്യം വന്നെത്തിക്കഴിഞ്ഞു. ആ മൂന്നുപേരെയും ഇന്ന് വൈകുന്നേരം 7 മണിക്ക് തൂക്കിലേറ്റും. ഇനി ഒന്നിനും അവരെ രക്ഷിക്കാനാകില്ല.”

​ഞങ്ങളെ പൂട്ടിയിട്ട് വാർഡൻ നടന്നുപോയി. ഞങ്ങൾ ഞങ്ങളുടെ കട്ടിലുകളിൽ ഒരു വാക്കുപോലും മിണ്ടാനാകാതെ മൂകമായി ഇരുന്നു. ഞങ്ങളെ സഹായിക്കാനുണ്ടായിരുന്ന മറ്റൊരു വിചാരണത്തടവുകാരനോട് അന്ന് രാത്രി അടുപ്പ് കൂട്ടേണ്ടതില്ലെന്ന് ഞങ്ങൾ പറഞ്ഞു. കടുത്ത വിങ്ങലോടെ കാത്തിരിക്കാനേ ഞങ്ങൾക്ക് കഴിയുമായിരുന്നുള്ളൂ. ആ വലിയ ജയിലിന്റെ ഓരോ കോണിലും മരണത്തിന്റേതായ ഒരു ഭയാനക നിശബ്ദത പടർന്നുപിടിച്ചു.

​തൂക്കിലേറ്റപ്പെടേണ്ട മൂന്നുപേരെയും പതിനാലാം നമ്പർ വാർഡിലായിരുന്നു പാർപ്പിച്ചിരുന്നത്. ഞങ്ങളുടെ സെല്ലിൽ നിന്നും ഏകദേശം ഒരു ഫർലോങ്, ഏതാണ്ട് 200 മീറ്റർ ദൂരമുണ്ടായിരുന്നു അങ്ങോട്ട്. അതുകൊണ്ട് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് പെട്ടെന്ന് അറിയാൻ കഴിഞ്ഞില്ല. എന്നാൽ പതിനാലാം നമ്പറിന് തൊട്ടടുത്ത് കഴിഞ്ഞിരുന്ന രണ്ടാമത്തെ ലാഹോർ ഗൂഢാലോചനക്കേസിലെ പ്രതികൾക്ക് കാര്യങ്ങൾ വ്യക്തമായി കാണാമായിരുന്നു.

​വൈകുന്നേരം 7 മണിക്ക് തൊട്ടുമുമ്പ് ഭഗത് സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും സെല്ലിൽ നിന്നും പുറത്തിറക്കി തൂക്കുമരം ലക്ഷ്യമാക്കി നടത്തിച്ചു. നടന്നുപോകുമ്പോൾ അവർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു:

“ഇങ്ക്വിലാബ് സിന്ദാബാദ്!”

അതുകേട്ടതും തൊട്ടടുത്ത വാർഡിലെ വിപ്ലവകാരികൾ ഇരട്ടി വീര്യത്തോടെ ആ മുദ്രാവാക്യം ഏറ്റുവിളിച്ചു. നിമിഷങ്ങൾക്കകം ലാഹോർ ജയിലിന്റെ ആകാശം “ഇങ്ക്വിലാബ് സിന്ദാബാദ്” എന്ന ധീരധ്വനികളാൽ പ്രകമ്പനം കൊണ്ടു. ഞങ്ങൾക്കും അതിനൊപ്പം ചേരാതിരിക്കാനായില്ല. രാഷ്ട്രീയ തടവുകാരല്ലാത്ത സാധാരണ തടവുകാർ പോലും ആ വിപ്ലവവീര്യത്തിൽ പങ്കുചേർന്ന് ഉറക്കെ വിളിക്കാൻ തുടങ്ങിയതോടെ ജയിൽ ഒന്നടങ്കം ഇളകിമറിഞ്ഞു.

അതിനുശേഷം, അവിടെ ഭയാനകമായ ഒരു നിശബ്ദത പടർന്നു. അന്ന് രാത്രി ലാഹോർ സെൻട്രൽ ജയിലിൽ ഒരാൾ പോലും ഭക്ഷണം കഴിച്ചില്ല; ആരുടെയും കണ്ണുകളിലേക്ക് ഉറക്കം വന്നതുമില്ല.
​ആ അസാധാരണ മനുഷ്യരുടെ അവസാന നിമിഷങ്ങൾ എങ്ങനെയായിരുന്നു എന്നറിയാൻ എല്ലാവരുടെയും ഹൃദയം തുടിക്കുകയായിരുന്നു. ജയിലിൽ നേരിട്ടുണ്ടായിരുന്ന ചീഫ് വാർഡൻ ഛത്തർ സിങ്ങിന് മാത്രമേ അതിന് മറുപടി നൽകാൻ കഴിയുമായിരുന്നുള്ളൂ.

പിറ്റേന്ന് രാവിലെ 7 മണിക്ക് ഞങ്ങളുടെ സെല്ലിന്റെ പൂട്ടുകൾ തുറക്കാൻ അദ്ദേഹം വന്നപ്പോൾ ഞങ്ങൾ ചോദ്യങ്ങളുമായി വളഞ്ഞു. പക്ഷേ, അദ്ദേഹത്തിന് സംസാരിക്കാൻ കഴിഞ്ഞില്ല; ആ മനുഷ്യൻ പൊട്ടിക്കരഞ്ഞുപോയി. കവിളിലൂടെ കണ്ണീരൊഴുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

“ഞാൻ ഒരു സർക്കാർ ജീവനക്കാരനാണ്, ഔദ്യോഗിക ജീവിതത്തിൽ ഒരുപാട് തൂക്കിക്കൊല്ലലുകൾ കണ്ടിട്ടുമുണ്ട്. പക്ഷേ, മരണത്തെ ഇത്രയും ധീരതയോടെ, പുഞ്ചിരിയോടെ നേരിടുന്ന മനുഷ്യരെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.”

​തൂക്കുമരത്തിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് ഭഗത് സിങ്ങുമായി നടന്ന ഒരു വൈകാരിക സംഭവം ഛത്തർ സിങ് വിവരിക്കുകയുണ്ടായി. മരണവസ്ത്രം ധരിച്ച് ഭഗത് സിങ് സെല്ലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഛത്തർ സിങ് അദ്ദേഹത്തോട് ഒരു അഭ്യർത്ഥന നടത്തി.
​ജീവിതത്തിൽ ഇനി ഏതാനും മിനിറ്റുകൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ ‘വാഹേ ഗുരു’വിനെ (ദൈവത്തെ) ഒന്ന് പ്രാർത്ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതുകേട്ട് ഭഗത് സിങ് ഉച്ചത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു:

“സർദാർ ജി, എന്റെ ജീവിതത്തിലുടനീളം ഞാൻ അവനെ ഓർത്തിട്ടില്ല. പാവപ്പെട്ടവരോടും പീഡിപ്പിക്കപ്പെടുന്നവരോടും ഉള്ള ക്രൂരതകൾ കണ്ട് ഞാൻ പലപ്പോഴും അവനെ ശകാരിച്ചിട്ടുമുണ്ട്. ഇപ്പോൾ, മരണം എന്റെ തൊട്ടു മുന്നിൽ വന്നു നിൽക്കുമ്പോൾ ഭയം കൊണ്ട് ഞാൻ അവനെ വിളിച്ചാൽ, ഈ യുവാവ് വലിയൊരു കള്ളനും ഭീരുവുമാണെന്ന് അവൻ കരുതും. എന്നാൽ അവനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളിൽ ഞാൻ ഉറച്ചുനിന്നാൽ, ഈ യുവാവ് സത്യസന്ധനും ധീരനുമായിരുന്നു എന്ന് അവൻ പറയും.”

ഇതും പറഞ്ഞ് ഭഗത് സിങ് തൂക്കുമരത്തിലേക്ക് നടന്നു.

​ഭഗത് സിങ്ങിന്റെ അനന്തരവളായ വിരേന്ദർ സിന്ധു അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നുണ്ട്:
​സെല്ലിൽ ഇരിക്കുമ്പോൾ ഭഗത് സിങ് ‘ദി ലൈഫ് ഓഫ് ലെനിൻ’ (ലെനിന്റെ ജീവചരിത്രം) വായിക്കുകയായിരുന്നു. ഏതാനും പേജുകൾ കൂടി ബാക്കിയുള്ളപ്പോഴാണ് സെല്ലിന്റെ പൂട്ട് തുറന്നതും തൂക്കിലേറ്റാൻ സമയമായെന്ന് അധികൃതർ അറിയിച്ചതും. ഭഗത് സിങ് മറുപടി നൽകി:

“കാത്തിരിക്കൂ, കുറച്ച് പേജുകൾ കൂടി വായിച്ചു തീർക്കാനുണ്ട്. ഒരു വിപ്ലവകാരി മറ്റൊരു വിപ്ലവകാരിയെ സന്ദർശിക്കുകയാണല്ലോ.”

വായന പൂർത്തിയാക്കി അദ്ദേഹം പുസ്തകം വച്ച ശേഷം ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞു:

“ചലോ, ലെറ്റ്സ് ഗോ [വരൂ, പോകാം].”

ജയിൽ അധികൃതരെല്ലാം തലതാഴ്ത്തി അങ്ങേയറ്റം സങ്കടത്തോടെയാണ് നിന്നത്, എന്നാൽ മരണത്തിലേക്ക് നടന്നുപോകുന്ന ആ യുവാക്കളുടെ മുഖത്ത് ഒരിറ്റ് ഭയമോ സങ്കടമോ ഉണ്ടായിരുന്നില്ല. തങ്ങളെ കൈവിലങ്ങ് അണിയിക്കരുതെന്നും മുഖം മൂടരുതെന്നും ഭഗത് സിങ് ആവശ്യപ്പെട്ടു. ആ അഭ്യർത്ഥനകൾ അംഗീകരിക്കപ്പെട്ടു. അപ്പോഴേക്കും രാജ്ഗുരുവും സുഖ്ദേവും പുറത്തെത്തിയിരുന്നു. അവർ പരസ്പരം കെട്ടിപ്പിടിച്ചു..

ഭഗത് സിങ് നടുവിലും, സുഖ്ദേവ് ഇടതുവശത്തും, രാജ്ഗുരു വലതുവശത്തുമായി പരസ്പരം കൈകൾ കോർത്ത് അവർ നടന്നു. ഒരു നിമിഷം അവർ പാതയിൽ നിശ്ചലമായി നിന്ന്, ലാൽ ചന്ദ് ഫലക് എഴുതിയ ആ പ്രശസ്തമായ വിപ്ലവഗാനം ഉറക്കെ പാടി:

“ദിൽ സേ നിക് ലേഗീ നാ മർ കർ ഭീ വതൻ കീ ഉൾഫത്, മേരീ മിട്ടീ സേ ഭീ ഖുശ്ബൂ-ഏ-വഫാ ആയേഗീ” (മരണശേഷവും എന്റെ ഹൃദയത്തിൽ നിന്ന് മാതൃരാജ്യത്തോടുള്ള പ്രണയം മാഞ്ഞുപോകില്ല, എന്റെ മണ്ണിൽ നിന്നും വിശ്വസ്തതയുടെ സുഗന്ധം ഉയർന്നുവരും).

​വാർഡന്റെ നേതൃത്വത്തിൽ ജയിൽ ഉദ്യോഗസ്ഥരാൽ ചുറ്റപ്പെട്ട് അവർ ആ അവസാന പടവുകൾ കയറി. തൂക്കുമറിയുടെ വാതിൽ തുറന്നപ്പോൾ ലാഹോർ ഡെപ്യൂട്ടി കമ്മീഷണറും മുഹമ്മദ് അക്ബർ എന്ന ഉദ്യോഗസ്ഥനും അവിടെയുണ്ടായിരുന്നു. ഭഗത് സിങ് ആ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ നേർക്ക് നടന്നുചെന്ന് പറഞ്ഞു:

“മിസ്റ്റർ മജിസ്ട്രേറ്റ്, ഇന്ത്യൻ വിപ്ലവകാരികൾക്ക് തങ്ങളുടെ പരമോന്നതമായ ലക്ഷ്യത്തിന് വേണ്ടി എത്ര സന്തോഷത്തോടെ മരണത്തെ പുൽകാൻ കഴിയുമെന്ന് ഇന്ന് നേരിൽ കാണാൻ സാധിച്ചതിൽ താങ്കൾ ഭാഗ്യവാനാണ്.”

​ഒരു ഇന്ത്യൻ മജിസ്‌ട്രേറ്റും ആ ക്രൂരതയ്ക്ക് സാക്ഷിയാകാൻ തയ്യാറായിരുന്നില്ല. ഇന്ത്യയുടെ പ്രിയപുത്രനായ ഭഗത് സിങ് അത്രമേൽ ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു. ഒടുവിൽ മറ്റുള്ളവരെല്ലാം വിസമ്മതിച്ച ആ കറുത്ത പത്രത്തിൽ ഒപ്പുവെക്കാൻ വന്നത് നവാബ് മുഹമ്മദ് അഹമ്മദ് ഖാൻ കസൂരി എന്ന ഓണററി മജിസ്‌ട്രേറ്റായിരുന്നു.

കാലത്തിന്റെ കാവ്യനീതിയാകാം, കൃത്യം നാൽപ്പതിലധികം വർഷങ്ങൾക്ക് ശേഷം ഭഗത് സിങ്ങിനെ തൂക്കിലേറ്റിയ അതേ സ്ഥലത്തുവെച്ച് തന്നെ ഇയാളും വെടിയേറ്റു കൊല്ലപ്പെട്ടു. തങ്ങളെ യുദ്ധത്തടവുകാരായി പ്രഖ്യാപിക്കണമെന്നും ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് വെടിവെച്ചു കൊല്ലണമെന്നുമുള്ള വിപ്ലവകാരികളുടെ ആവശ്യം നിരസിക്കപ്പെട്ടിരുന്നു. കാലാ മസിഹ് എന്ന ജല്ലാദനായിരുന്നു(ആരാച്ചാർ) വധശിക്ഷ നടപ്പാക്കാൻ എത്തിയത്. ഇയാളുടെ മകൻ താരാ മസിഹാണ് പിൽക്കാലത്ത് പാകിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയെ തൂക്കിലേറ്റിയത്.

​മൂവരും പ്ലാറ്റ്‌ഫോമിൽ കയറി കയറുകൾക്ക് താഴെ ഉറച്ചുനിന്നു. സ്വന്തം കൈകൾ കൊണ്ട് അവർ ആ മരണക്കയറുകൾ കഴുത്തിൽ അണിഞ്ഞു. ഭഗത് സിങ്ങിന് കയർ അണിയാൻ ചെറിയ ബുദ്ധിമുട്ട് നേരിട്ടപ്പോൾ ജല്ലാദൻ മുന്നോട്ടുവന്ന് അത് ശരിയാക്കിക്കൊടുത്തു. ഒടുവിൽ ആ ലിവർ തിരിഞ്ഞു, പാദത്തിനടിയിലെ പലകകൾ ഇരുവശത്തേക്കും നീങ്ങി. ആ മൂന്ന് ജീവനുകൾ ഭാരതാംബയുടെ പാദങ്ങളിൽ ശാശ്വത നിദ്രയിലാണ്ടു.

​സമയം വൈകുന്നേരം 7.33.

ഭഗത് സിങ്ങിന് അപ്പോൾ വെറും ഇരുപത്തിമൂന്ന് വയസ്സും അഞ്ച് മാസവും ഇരുപത്താറ് ദിവസവും മാത്രമായിരുന്നു പ്രായം!

​ജയിലിന് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടാൻ തുടങ്ങിയതോടെ, ഇരുട്ടിന്റെ മറവിൽ പിൻവാതിലിലൂടെ മൃതദേഹങ്ങൾ ഒളിപ്പിച്ചു കടത്തി. ആ ധീരന്മാരുടെ ഭൗതികശരീരങ്ങൾ കഷണങ്ങളാക്കി മുറിച്ച് ചാക്കുകളിൽ നിറച്ചു. ഈ ചാക്കുകൾ പിന്നീട് ഒരു ട്രക്കിൽ കയറ്റി ഫിറോസ്പൂരിലെ സത്‌ലജ് നദിക്കരയിലെത്തിച്ച് വേഗം ദഹിപ്പിച്ചു.

അവിടെ നിന്ന് പകുതി വെന്ത മൃതദേഹാവശിഷ്ടങ്ങൾ ഭഗത് സിങ്ങിന്റെ സഹോദരിയും ലാലാ ലജ്പത് റായിയുടെ മകളും ഉൾപ്പെടെയുള്ളവർ പിന്നീട് വീണ്ടെടുത്തു. ഇന്ത്യയിലെ ഏറ്റവും ധീരരായ ആ രക്തസാക്ഷികൾക്ക് അർഹമായ രീതിയിലുള്ള അവസാന ആദരാഞ്ജലികൾ ലാഹോറിൽ, രാവി നദിയുടെ തീരത്ത് ജനലക്ഷങ്ങളെ സാക്ഷി നിർത്തി അർപ്പിച്ചു.

​വീരേന്ദ്ര തന്റെ പുസ്തകത്തിൽ ആ നിമിഷം ഓർക്കുന്നു:

ജയിൽ നിയമപ്രകാരം തൂക്കിലേറ്റുന്നതിന് മുമ്പ് ബന്ധുക്കൾക്ക് തടവുകാരെ കാണാൻ അനുവാദമുണ്ട്. മാർച്ച് 23ന് ഭഗത് സിങ്ങിന്റെ പിതാവിനെ മകൻ അടുത്ത ദിവസം തൂക്കിലേറ്റപ്പെടുമെന്ന് അറിയിച്ചിരുന്നു, അതിനാൽ അന്ന് അവർക്ക് അവസാന കൂടിക്കാഴ്ച നടത്താമായിരുന്നു. സർദാർ കിഷൻ സിങ് തന്റെ മുത്തശ്ശനും മുത്തശ്ശിയും അമ്മാവന്മാരും അമ്മായിമാരും ഉൾപ്പെടെയുള്ള എല്ലാ ബന്ധുക്കളോടും ഒപ്പം ജയിലിന്റെ കവാടത്തിലെത്തി. എന്നാൽ അദ്ദേഹത്തിനും ഭാര്യയ്ക്കും (ഭഗത് സിംഹിന്റെ അമ്മയ്ക്ക്) മാത്രമേ കാണാൻ അനുവാദമുള്ളൂ എന്ന് അധികൃതർ നിലപാടടുത്തു.

എല്ലാ ബന്ധുക്കളെയും കാണാൻ അനുവദിക്കണമെന്ന് അദ്ദേഹം ജയിൽ അധികൃതരോട് തർക്കിച്ചെങ്കിലും മാതാപിതാക്കളെ മാത്രമേ അനുവദിക്കാവൂ എന്നാണ് മേലധികാരികളുടെ ഉത്തരവെന്ന് അവർ വ്യക്തമാക്കി. അതോടെ സർദാർ കിഷൻ സിങ് തന്റെ മകനെ കാണാൻ വിസമ്മതിച്ചു.. എല്ലാത്തിനുമുപരി, അദ്ദേഹം ഭഗത് സിങ്ങിന്റെ പിതാവായിരുന്നു, തന്റെ ഒരു ബലഹീനതയും ബ്രിട്ടീഷുകാർക്ക് മുന്നിൽ കാണിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. മകനെ കാണാതെ അവരെല്ലാം കനത്ത ഹൃദയത്തോടെ ജയിൽ കവാടത്തിൽ നിന്ന് മടങ്ങി.

​വൈകുന്നേരം ലാഹോറിലെ മോരി ദർവാസയ്ക്ക് സമീപം ഒരു വലിയ പൊതുയോഗം നടക്കുകയായിരുന്നു. സർദാർ കിഷൻ സിങ് താനും കുടുംബവും മകനെ കാണാതെ മടങ്ങിപ്പോന്നതിനെക്കുറിച്ച് ജനക്കൂട്ടത്തോട് വികാരാധീനനായി സംസാരിച്ചു. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആരോ ഒരാൾ ഓടിവന്ന് അദ്ദേഹത്തിന്റെ കാതിൽ മന്ത്രിച്ചു.. ആ മൂന്ന് പേരെയും തൂക്കിലേറ്റിക്കഴിഞ്ഞുവെന്ന്.

സർദാർ കിഷൻ സിങ് ഒരു നിമിഷം നിശ്ചലനായി.

പിന്നീട് സ്വയം നിയന്ത്രിച്ചുകൊണ്ട് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു: “ചെയ്യാൻ ഉദ്ദേശിച്ച കാര്യം അവന്മാർ ചെയ്തുകഴിഞ്ഞു എന്ന് ഞാൻ ഇപ്പോൾ അറിഞ്ഞു. ഞാൻ ഭഗത് സിങ്ങിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പോവുകയാണ്. എല്ലാവരും ശാന്തതയും സമാധാനവും പാലിക്കുക. പ്രതിഷേധങ്ങൾ ഒന്നും പാടില്ല.”

പക്ഷേ, ആര് കേൾക്കാനായിരുന്നു അത്?

അദ്ദേഹത്തിന് എങ്ങനെ തന്റെ മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ കഴിയും? അത് അപ്പോഴേക്കും സത്‌ലജ് നദിക്കരയിലുള്ള ഹുസൈനിവാലയിലേക്ക് ചിതയിലെരിക്കാൻ പാതിരാത്രിയിൽ കൊണ്ടുപോയ്ക്കൊണ്ടിരിക്കുകയായിരുന്നു.

​അങ്ങനെ നമ്മുടെ വിപ്ലവചരിത്രത്തിലെ ഏറ്റവും മഹത്തായ, ജ്വലിച്ചുനിന്ന ഒരു അധ്യായത്തിന് അവിടെ തിരശ്ശീല വീണു.

​(ചന്ദർ മോഹനും ജ്യോത്സ്ന മോഹനും ചേർന്നെഴുതിയ ‘പ്രതാപ്: എ ഡിഫയന്റ് ന്യൂസ്പേപ്പർ’ എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം)

Note: ചിത്രത്തിൽ, ഒരു സാധാരണ കയറുകട്ടിലിൽ വിലങ്ങുകളണിഞ്ഞ് ഇരിക്കുന്ന 19 വയസ്സുകാരനായ ഭഗത് സിംഗിനെയാണ് കാണാൻ കഴിയുക. അദ്ദേഹത്തിന് മുന്നിൽ കസേരയിലിരുന്ന് ചോദ്യം ചെയ്യുന്ന വെളുത്ത യൂണിഫോമും തലപ്പാവുമണിഞ്ഞ ഉദ്യോഗസ്ഥനാണ് ഗോപാൽ സിംഗ് പന്നു.1926 ഒക്ടോബർ 25നുണ്ടായ ലാഹോർ ദസറ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെടുത്തിയാണ് ബ്രിട്ടീഷ് പോലീസ് ഭഗത് സിംഗിനെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. 1927 മേയ് 29 മുതൽ ജൂലൈ 4 വരെയുള്ള കാലയളവിൽ അദ്ദേഹം ലാഹോർ റെയിൽവേ പോലീസ് സ്റ്റേഷനിൽ തടവിലായിരുന്നു. ചോദ്യം ചെയ്യൽ നടക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ തന്നെ വളരെ രഹസ്യമായി പകർത്തിയതാണ് ഈ ഫോട്ടോ.

നചികേതം

Leave a comment

Website Powered by WordPress.com.

Up ↑