സവർക്കറെ തളച്ച തടങ്കൽ പാളയങ്ങൾ

യൂറോപ്പിന്റെ ഭൂപടം സ്വന്തം വിരൽത്തുമ്പിൽ മാറ്റി വരച്ച, ലക്ഷക്കണക്കിന് മനുഷ്യർ ആജ്ഞകൾക്കായി കാതോർത്ത നെപ്പോളിയൻ ബോണപ്പാർട്ട് എന്ന മഹാമേരു, ഒടുവിൽ എത്തിച്ചേർന്നത് ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിൽ, ആഫ്രിക്കൻ തീരത്തുനിന്നും രണ്ടായിരത്തോളം കിലോമീറ്റർ അകലെ ആരും കാണാതെ കിടക്കുന്ന ഒരു കൊച്ചു പാറക്കെട്ടിലായിരുന്നു.

മാതൃഭൂമിയായ ഫ്രാൻസിൽ നിന്ന് ആയിരക്കണക്കിന് നാഴികകൾ അകലെ, വിജനമായ സമുദ്രച്ചുഴികൾക്കിടയിൽ പെട്ടുപോയ ആ കൊച്ചു ദ്വീപ് ഒരു മനുഷ്യന്റെ ആത്മാവിനെ നിശ്ശബ്ദമായി കൊന്നുതിന്നാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം കണ്ടെത്തിയ ഏറ്റവും നിഷ്ഠൂരമായ ഇടമായിരുന്നു.

അവിടെ അദ്ദേഹത്തിന്റെ കൈകാലുകളിൽ ബ്രിട്ടീഷുകാർ ചങ്ങലകൾ കോർത്തില്ല, ഇരുണ്ട ജയിൽമുറികളിൽ അടച്ചിട്ടുമില്ല. നടക്കാൻ വിശാലമായ കുന്നിൻചെരുവുകളും, അല്പം ആഡംബരമുള്ള ‘ലോങ്‌വുഡ് ഹൗസ്’ എന്ന വസതിയും, ചെലവിന് പണവും അവർ നൽകി. പുറമെ നോക്കുന്നവർക്ക് അതൊരു വിശ്രമ ജീവിതമായി തോന്നുമായിരുന്നു. എന്നാൽ ആ വീടിന്റെ ഓരോ കോണിലും, അറ്റ്ലാന്റിക്കിൽ നിന്ന് അടിച്ചുവീശിയ ഓരോ തണുത്ത കാറ്റിലും അശാന്തിയുടെ വിഷം കലർന്നിരുന്നു.

തുറന്ന ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കണ്മുന്നിൽ കാണുന്ന സമുദ്രസീമകൾ അദ്ദേഹത്തെ നിരന്തരം സ്വന്തം നിസ്സഹായതയെ ഓർമ്മിപ്പിച്ചു. ‘നീ എത്ര വലിയ വീരനായാലും ഇവിടെനിന്ന് ഒരടി മുന്നോട്ട് വെയ്ക്കാനാവില്ല’ എന്ന് ആ തിരമാലകൾ അദ്ദേഹത്തോട് ഓരോ വട്ടവും വന്ന് പറഞ്ഞുകൊണ്ടിരുന്നു. വിദൂരതയിൽ അലറുന്ന തിരമാലകളുടെ ഇരമ്പലും വീടിന് ചുറ്റും കാവൽ നിന്ന ബ്രിട്ടീഷ് ഭടന്മാരുടെ ബൂട്ടുകളുടെ ശബ്ദവും മാത്രമായിരുന്നു അദ്ദേഹത്തിന് കൂട്ട്.

താൻ പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെ ഓർമ്മകളും, തന്നിൽ നിന്ന് ബലമായി പിരിച്ചെഴുതപ്പെട്ട ജനങ്ങളുടെ സ്നേഹവും, സ്മരണകളിൽ മാത്രം ശേഷിച്ച കുടുംബത്തിന്റെ ഓർമ്മകളും അദ്ദേഹത്തെ അകത്തുനിന്ന് കാർന്നുതിന്നു. കത്തുകളയക്കാനോ, പുറംലോകത്തുനിന്ന് ഒരു വരി പോലും വായിക്കാനോ അനുവാദമില്ലായിരുന്നു. ഒരു രാഷ്ട്രതന്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം അയാളെ വാളുകൊണ്ട് ഛേദിച്ചെറിയുന്നതിനേക്കാൾ ക്രൂരമായിരുന്നു ഈ രാഷ്ട്രീയ വിച്ഛേദനം.

ഒരു കാലത്ത് ലോകത്തിലെ വലിയൊരു ഭൂഖണ്ഡത്തിന്റെ സിംഹാസനത്തിലിരുന്ന ആ മനുഷ്യൻ, ഒടുവിൽ അറ്റ്ലാന്റിക്കിലെ പുകമഞ്ഞിലേക്ക് നോക്കി ദിവസങ്ങൾ എണ്ണി. ഒടുവിൽ, 1821 മേയ് 5ന്, ആ കൊടും ഒറ്റപ്പെടലിന്റെയും വിരഹത്തിന്റെയും ആറാം വർഷത്തിൽ, അറ്റ്ലാന്റിക്കിലെ കല്ലുപാകിയ ആ തടങ്കലിൽ വെച്ച് അദ്ദേഹം അവസാനമായി കണ്ണടച്ചു.

ചോര ചിന്താതെ, ആയുധമെടുക്കാതെ, ഒരു മനുഷ്യന്റെ വലിപ്പത്തെയും ആത്മവീര്യത്തെയും ഭൂപ്രകൃതിയുടെ കൊടും ഒറ്റപ്പെടൽ കൊണ്ട് ഇല്ലാതാക്കാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത, ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഏടായിരുന്നു സെന്റ് ഹെലീനയിലെ ആ തടവുകാലം.

യെമനിലെ ഏദൻ ജയിൽ, ബർമയിലെ മാണ്ഡലെ ജയിൽ, ആന്തമാനിലെ സെല്ലുലാർ ജയിൽ എന്നിവയെല്ലാം ബ്രിട്ടന്റെ ‘ഇന്ത്യ ഓഫീസി’ന്റെ മണ്ണിലെ സെന്റ് ഹെലീനകളായിരുന്നു. ഇന്നു കാണുന്ന രാഷ്ട്രീയ തർക്കങ്ങളിലൊന്നും വിനായക് ദാമോദർ സവർക്കർ കൂടുതൽ കാലം ജയിലിൽ കഴിഞ്ഞിട്ടില്ല എന്ന് ഈ ചരിത്രവിചാരണകളിൽ അഭിപ്രായമുള്ള ഒരാൾ പോലുമില്ല. അതിനു കൃത്യമായ തെളിവാണ് അദ്ദേഹത്തിന്റെ ദീർഘമായ ജയിൽവാസത്തിന്റെ ചരിത്രരേഖകൾ.

വി.ഡി. സവർക്കറുടെ തടവുകാല ചരിത്രം

ബ്രിട്ടീഷ് ഭരണകൂടവും സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടവും അദ്ദേഹത്തെ വിവിധ കാലഘട്ടങ്ങളിൽ തടവിലാക്കിയ പ്രധാന ജയിലുകൾ താഴെ പറയുന്നവയാണ്:

  • ബ്രിക്സ്റ്റൺ ജയിൽ, ലണ്ടൻ (1910 മാർച്ച് 13 – 1910 ജൂലൈ 1): പാരീസിൽ നിന്ന് ലണ്ടനിലെ വാട്ടർലൂ സ്റ്റേഷനിൽ തിരിച്ചെത്തിയപ്പോൾ ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് പാർപ്പിച്ച ജയിൽ.
  • ഡോംഗ്റി ജയിൽ, ബോംബെ (1910 ജൂലൈ – 1910 ഓഗസ്റ്റ്): ലണ്ടനിൽ നിന്ന് ‘എസ്.എസ്. മോറിയ’ കപ്പലിൽ ഇന്ത്യയിൽ എത്തിച്ച ശേഷം ആദ്യം തടവിലാക്കിയത് ഇവിടെയായിരുന്നു.
  • യർവാദ സെൻട്രൽ ജയിൽ, പൂനെ (1910 ഓഗസ്റ്റ് – 1911 ജൂൺ): നാസിക് ഗൂഢാലോചനക്കേസിന്റെ വിചാരണ വേളയിലും, പ്രത്യേക ട്രൈബ്യൂണൽ അമ്പത് വർഷത്തെ ഇരട്ട ജീവപര്യന്തം നാടുകടത്തൽ ശിക്ഷ വിധിച്ച ശേഷവും പാർപ്പിച്ചത് യർവാദയിലാണ്.
  • താനെ സെൻട്രൽ ജയിൽ, മഹാരാഷ്ട്ര (1911 ജൂൺ): ആന്തമാനിലേക്ക് അയക്കുന്നതിന് തൊട്ടുമുമ്പ് താനെ ജയിലിലേക്ക് മാറ്റി.
  • ആന്തമാനിലെ സെല്ലുലാർ ജയിൽ (1911 ജൂലൈ 4 – 1921 മേയ് 2): 10 വർഷത്തെ കാലാപാനിയിലെ കഠിനതടവുകാലം. പ്രധാന ശിക്ഷാ കാലയളവുകൾ താഴെ പറയുന്നവയാണ്:
    • 1911 ജൂലൈ 4: സെല്ലുലാർ ജയിൽ പ്രവേശനം.
    • 1911 ഓഗസ്റ്റ് 30 – 1912 ജനുവരി 15: 6 മാസത്തെ ഏകാന്തതടവ് (Solitary Confinement).
    • 1912 ജൂൺ 11 – 1912 ജൂലൈ 11: 1 മാസത്തെ പ്രത്യേക തടവ് (Separate Confinement).
    • 1912 സെപ്റ്റംബർ 10: 7 ദിവസത്തെ കൈകൾ ഉയർത്തി വിലങ്ങിടൽ (Standing Handcuffs).
    • 1911 – 1921: ചാക്കിൽ എണ്ണയാട്ട്, തെങ്ങിൻ നാര് അടിക്കൽ ഉൾപ്പെടെയുള്ള കഠിന തടവ് (Prison Labour).
  • അലിപ്പൂർ സെൻട്രൽ ജയിൽ, കൊൽക്കത്ത (1921 മേയ്): ആന്തമാനിൽ നിന്ന് തിരികെ ഇന്ത്യൻ പ്രധാനഭൂമിയിലേക്ക് കൊണ്ടുവന്നപ്പോൾ ആദ്യം ബംഗാളിലെ അലിപ്പൂർ ജയിലിൽ പാർപ്പിച്ചു.
  • രത്നഗിരി സ്പെഷ്യൽ ജയിൽ, മഹാരാഷ്ട്ര (1921 മേയ് – 1923 സെപ്റ്റംബർ): അലിപ്പൂരിൽ നിന്ന് മാറ്റിയ ശേഷം രണ്ടേകാൽ വർഷത്തോളം ഇവിടെ തടവിൽ കഴിഞ്ഞു. ‘ഹിന്ദുത്വ’ എന്ന പ്രശസ്തമായ ഗ്രന്ഥം രചിച്ചത് ഈ ജയിൽവാസ കാലത്താണ്.
  • യർവാദ സെൻട്രൽ ജയിൽ, പൂനെ (1923 സെപ്റ്റംബർ – 1924 ജനുവരി 6): രത്നഗിരിയിൽ നിന്ന് മാറ്റി ജയിൽ മോചനത്തിന് തൊട്ടുമുമ്പുള്ള നാല് മാസത്തോളം വീണ്ടും യർവാദ ജയിലിൽ പാർപ്പിച്ചു. മോചന വ്യവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾ നടന്നത് ഇവിടെ വെച്ചാണ്.
  • രത്നഗിരി സ്പെഷ്യൽ ജയിൽ, മഹാരാഷ്ട്ര (1924 ജനുവരി 6 – 1924 ജനുവരി പകുതി വരെ): യർവാഡയിൽ നിന്ന് ഉപാധികളോടെ മോചിപ്പിച്ച് രത്നഗിരിയിലേക്ക് എത്തിച്ചയുടൻ ആദ്യത്തെ ഏതാനും ദിവസങ്ങൾ ഇവിടെ തടവിൽ പാർപ്പിച്ചു.
  • രത്നഗിരിയിലെ തടങ്കൽ/തടവുകാലം (1924 ജനുവരി – 1937 മേയ് 10): സ്പെഷ്യൽ ജയിലിൽ നിന്ന് പുറത്തിറക്കിയ ശേഷം, രാഷ്ട്രീയത്തിൽ പങ്കാളിയാകരുത്, രത്നഗിരി ജില്ല വിട്ടുപോവരുത് എന്നീ കടുത്ത നിബന്ധനകളോടെ 13 വർഷത്തോളം രത്നഗിരിയിൽ തുറന്ന തടങ്കലിൽ പാർപ്പിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ തടങ്കലുകൾ:

  • റെഡ് ഫോർട്ട് തടങ്കൽ പാളയം, ഡൽഹി (1948 ഫെബ്രുവരി – 1949 ഫെബ്രുവരി): ഗാന്ധിവധക്കേസിലെ വിചാരണ വേളയിൽ ചെങ്കോട്ടയിൽ തടങ്കലിൽ കഴിഞ്ഞു. പിന്നീട് കോടതി അദ്ദേഹത്തെ പൂർണ്ണമായും കുറ്റവിമുക്തനാക്കി.
  • ഹിന്ദൽഗ സെൻട്രൽ ജയിൽ, ബെൽഗാം (1950 ഏപ്രിൽ 4 – 1950 ജൂലൈ 13): കരുതൽ തടങ്കൽ നിയമപ്രകാരം തടവിലാക്കപ്പെടുകയും ബോംബെ ഹൈക്കോടതി ഇടപെട്ട് മോചിപ്പിക്കുകയും ചെയ്തു.

എന്തുകൊണ്ട് ബോംബെയോ പൂനെയോ അല്ല? എന്തുകൊണ്ട് രത്നഗിരി?

സവർക്കർ ജനിച്ചതും വളർന്നതും മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഭഗൂർ എന്ന ഗ്രാമത്തിലാണ്. വിദ്യാഭ്യാസത്തിനും വിപ്ലവ പ്രവർത്തനങ്ങൾക്കുമായി പൂനെ, ബോംബെ, ലണ്ടൻ എന്നിവിടങ്ങളിലാണ് അദ്ദേഹം ജീവിച്ചത്. സവർക്കറുടെ കുടുംബത്തിന് പാരമ്പര്യമായി രത്നഗിരിയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. വീട്ടിലെ ഉപ്പുകലമടക്കം സകല സ്വത്തും കണ്ടുകെട്ടിയാണ് സവർക്കർ സഹോദരന്മാരെ ആന്തമാനിലേക്ക് നാടുകടത്തി സെല്ലുലാർ ജയിലിലടയ്ക്കുന്നത്.

അവിടെയാണ് എന്തുകൊണ്ട് കാലാപാനിക്ക് ശേഷം സവർക്കർക്കായി രത്നഗിരി തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്ന ചോദ്യമുയരുന്നത്. വീര സവർക്കറുടെ വിപ്ലവകരവും തീക്ഷ്ണവുമായ ജീവിതത്തിൽ അദ്ദേഹത്തെ രാഷ്ട്രീയമായി തളയ്ക്കാനും നിശ്ശബ്ദനാക്കാനും ബ്രിട്ടീഷ് സാമ്രാജ്യത്വം കണ്ടുവെച്ച ഏറ്റവും തന്ത്രപരമായ തടങ്കൽ കേന്ദ്രമായിരുന്നു രത്നഗിരി.

1924ൽ രത്നഗിരിയിൽ പ്ലേഗ് മഹാമാരി പടർന്നുപിടിച്ചതിനെ തുടർന്ന് സവർക്കർക്ക് നാസിക്കിലേക്ക് സന്ദർശനാനുമതി നൽകുന്നതിനെതിരെ, ‘സവർക്കർ യഥാർത്ഥത്തിൽ ഒരു ഭീഷണിയാണെന്ന്’ ചൂണ്ടിക്കാട്ടി നാസിക് ജില്ലാ മജിസ്ട്രേറ്റിന്റെ എതിർപ്പ് സൂചിപ്പിച്ചുള്ള കുറിപ്പ്

1924ൽ ജയിൽ മോചിതനാക്കുമ്പോൾ സവർക്കർക്ക് സ്വന്തം നാടായ നാസിക്കിലോ പ്രധാന രാഷ്ട്രീയ കേന്ദ്രങ്ങളായ പൂനെയോ മുംബൈയോ തടങ്കലിൽ പാർപ്പിക്കാൻ നൽകാൻ ബ്രിട്ടീഷുകാർ തയ്യാറായില്ല. കാരണം ഈ സ്ഥലങ്ങളെല്ലാം സവർക്കറുടെ ‘അഭിനവ ഭാരത്’ എന്ന സംഘടനയുടെയും ഹിന്ദു മഹാസഭയുടെയും തിലകന്റെ അനുയായികളുടെയും വൻ സ്വാധീനമേഖലകളായിരുന്നു. അവിടെയെത്തിയാൽ അദ്ദേഹം വീണ്ടും വിപ്ലവ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് ബ്രിട്ടീഷുകാർ ഭയന്നു.

അതുകൊണ്ടാണ് അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലാത്ത, തികച്ചും അപരിചിതവും ഒറ്റപ്പെട്ടതുമായ രത്നഗിരിയെ തടങ്കൽ കേന്ദ്രമായി തിരഞ്ഞെടുത്തത്. അക്കാലത്ത് ബോംബെ പ്രവിശ്യയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു രത്നഗിരി. ഒരു വശത്ത് അറബിക്കടലും മറുവശത്ത് ചെങ്കുത്തായ പശ്ചിമഘട്ട മലനിരകളും അതിരിട്ട ഭൂപ്രകൃതി. അന്നവിടെ റെയിൽവേ പാതയോ നല്ല റോഡ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഇന്നുപോലും ഭഗൂരിൽ നിന്ന് റോഡ് മാർഗം രത്നഗിരിയിലെത്താൻ പത്തുമണിക്കൂറോളം യാത്ര ചെയ്യണം.

1924 മുതൽ 1937 വരെ നീണ്ട 13 വർഷത്തെ തടങ്കൽ കാലയളവിലാണ് ഭാര്യ യമുനാബായിയും കുടുംബവും രത്നഗിരിയിലെത്തി അദ്ദേഹത്തോടൊപ്പം ജീവിക്കാൻ തുടങ്ങിയത്. രത്നഗിരിയിൽ അദ്ദേഹം താമസിച്ചത് ഗവൺമെന്റ് നൽകിയ ഔദ്യോഗിക വസതിയിലല്ല. ആദ്യകാലങ്ങളിൽ രത്നഗിരിയിൽ അദ്ദേഹത്തിന് സ്വന്തമായി വീടുണ്ടായിരുന്നില്ല. അതിനാൽ, രത്നഗിരിയിലെ ശിർക്കെ കുടുംബത്തിന്റേതുൾപ്പെടെയുള്ള വിവിധ വാടക വീടുകളിലാണ് സവർക്കറും കുടുംബവും താമസിച്ചിരുന്നത്.

ചരിത്രപരമായ ഒറ്റപ്പെടലും മാനസിക തകർച്ചയും

1870ലെ ഗസറ്റ് പ്രകാരം നഗരത്തിന് പുറത്തുള്ള പീഠഭൂമിയിലായിരുന്നു രത്നഗിരിയിലെ സ്പെഷ്യൽ ജയിൽ സ്ഥിതി ചെയ്തിരുന്നത്. കഠിനശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികളെ ശാരീരികമായും മാനസികമായും തളർത്താനാണ് ഈ ജയിൽ ഉപയോഗിച്ചിരുന്നത്. തടങ്കലിലാക്കുന്നതിന് തൊട്ടുമുമ്പ് ഏഴ് അടിയോളം കട്ടിയുള്ള സുരക്ഷാ മതിലുകളുള്ള ഈ ജയിലിൽ സവർക്കറെ പാർപ്പിച്ച് ബ്രിട്ടീഷുകാർ ഇതിന്റെ കടുപ്പം കാണിച്ചുകൊടുത്തിരുന്നു.

രത്നഗിരിക്ക് മുൻപും പ്രമുഖരായ വ്യക്തികളെ പാർപ്പിച്ച് മാനസികമായി തളർത്തിയ ചരിത്രമുണ്ട്. ബ്രിട്ടീഷുകാർ മ്യാൻമറിലെ അവസാനത്തെ ചക്രവർത്തിയായ തിബാ രാജാവിനെയും കുടുംബത്തെയും നാടുകടത്തി പാർപ്പിച്ചതും രത്നഗിരിയിലായിരുന്നു. 1885ലെ മൂന്നാം ആംഗ്ലോ-ബർമീസ് യുദ്ധത്തിൽ ബർമ്മ കീഴടക്കിയ ശേഷം, സ്വന്തം നാട്ടിൽ നിന്ന് യാതൊരു പിന്തുണയും ലഭിക്കാത്തവിധം ഒറ്റപ്പെടുത്താനാണ് തിബാ രാജാവിനെ 1886-ൽ രത്നഗിരിയിൽ എത്തിച്ചത്.

രത്നഗിരിയിലെ തിബാ പാലസ്

1916ൽ മരിക്കും വരെ 31 വർഷം അദ്ദേഹം അവിടെക്കഴിഞ്ഞു. അതിനായി പണിതതാണ് ഇന്നത്തെ ‘തിബാ പാലസ്’. പുറംലോകവുമായി ബന്ധമില്ലാത്ത അങ്ങേയറ്റത്തെ വിച്ഛേദനവും ഒറ്റപ്പെടലും കാരണം ആളുകളുടെ മാനസിക വീര്യം തകർക്കാൻ രത്നഗിരിയുടെ ഭൂപ്രകൃതിക്ക് സാധിക്കുമെന്ന് ബ്രിട്ടീഷുകാർക്ക് നന്നായറിയാമായിരുന്നു.

ഭൂശാസ്ത്രപരമായ അതിർത്തികളും യാത്രാ തടസ്സങ്ങളും

ഒരു ഭാഗത്ത് അറബിക്കടലും മറുഭാഗത്ത് ദുർഗമമായ സഹ്യനിരകളും ഈ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദുർഘടമായ പ്രദേശമാക്കി രത്നഗിരിക്ക് കുപ്രസിദ്ധി നൽകിയിരുന്നു. അക്കാലത്ത് രാജീവ്ഡാ പെഠ്, കോട്ട, മാണ്ഡവി എന്നീ തുറമുഖങ്ങളായിരുന്നു പ്രധാന ഗതാഗത മാർഗ്ഗങ്ങൾ. ഇവയിൽ ബ്രിട്ടീഷ് പോലീസിന്റെ കടുത്ത കാവലുണ്ടായിരുന്നു.

1880ലെ രത്നഗിരിയുടെ ഭൂപടം

മഴക്കാലത്ത് ഈ തുറമുഖങ്ങൾ 2-3 മാസത്തോളം പൂർണ്ണമായും അടച്ചിടുകയും ചെയ്യും. തുറമുഖം വഴി ബോട്ട് മാർഗ്ഗം മുംബൈയിലേക്കോ ഗോവയിലേക്കോ രക്ഷപ്പെടണമെങ്കിൽ പോലും ഒന്നര ദിവസത്തോളം യാത്ര വേണമായിരുന്നു; ഈ സമയം കൊണ്ട് ബ്രിട്ടീഷ് പോലീസിന് സുഗമമായി പ്രതിയെ പിടികൂടാൻ സാധിക്കുമായിരുന്നു.

പ്രക്ഷോഭ സാധ്യതയില്ലാത്ത അന്തരീക്ഷവും ജനസംഖ്യയും

അക്കാലത്ത് രത്നഗിരിയിലെ ഭൂരിഭാഗം യുവാക്കളും ജോലി തേടി മുംബൈയിലേക്ക് പോയിരുന്നു. അങ്ങനെ മണി ഓർഡറുകളിൽ മാത്രം ചലിച്ചിരുന്ന ഒരു സാമ്പത്തിക വ്യവസ്ഥയായിരുന്നു രത്നഗിരിയെ ചലിപ്പിച്ചിരുന്നത്. അതിനാൽ വലിയൊരു വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ആവശ്യമായ യുവാക്കളുടെ കുറവ് അവിടെയുണ്ടായിരുന്നു. കൂടാതെ, കുറ്റകൃത്യങ്ങൾ കുറഞ്ഞ ശാന്തമായ പ്രദേശമായാണ് ബ്രിട്ടീഷുകാർ രത്നഗിരിയെ കണ്ടിരുന്നത്. അക്കാലത്ത് അവിടെ കൂടുതൽ സ്വാധീനമുണ്ടായിരുന്നത് ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്കായതിനാൽ സവർക്കറുടെ വിപ്ലവ ആശയങ്ങൾക്ക് പെട്ടെന്ന് ജനപിന്തുണ ലഭിക്കില്ല എന്നും ഭരണകൂടം കണക്കുകൂട്ടി.

സിഐഡി നിരീക്ഷണവും സാമ്പത്തിക നിയന്ത്രണവും

മതിലുകളില്ലാത്ത ഒരു ജയിലായിരുന്നു രത്നഗിരി. സവർക്കർക്ക് കൃത്യമായ ഇടവേളകളിൽ പോലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടിയിരുന്നു. രത്നഗിരി ജില്ലാ അതിർത്തി കടക്കാൻ ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി വേണമായിരുന്നു. അദ്ദേഹത്തിന് വരുന്നതും അയക്കുന്നതുമായ എല്ലാ കത്തുകളും സിഐഡി പരിശോധിച്ചു; സന്ദർശകരെ ചോദ്യം ചെയ്തു. ബോംബെ സി.ഐ.ഡി ഡെയ്‌ലി ബുള്ളറ്റിനുകൾ സവർക്കർ ആരെയാണ് കാണുന്നത്, എവിടെയൊക്കെ പോകുന്നു, ആർക്കൊക്കെ കത്തയക്കുന്നു തുടങ്ങിയ വിവരങ്ങൾ അന്നത്തെ സി.ഐ.ഡി ഉദ്യോഗസ്ഥർ ദിവസേന രേഖപ്പെടുത്തി മേലധികാരികൾക്ക് അയച്ചിരുന്ന റിപ്പോർട്ടുകൾ നിറഞ്ഞതായിരുന്നു. മുംബൈയിലെ പഴയ പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയത്തിന് സമീപമുള്ള ബോംബെ ആർക്കൈവ്സിൽ ‘ഹോം സ്‌പെഷ്യൽ ഡിപ്പാർട്ട്‌മെന്റ്’ ഫയലുകളിൽ സവർക്കറുടെ രത്നഗിരി ജീവിതത്തെക്കുറിച്ചുള്ള പോലീസ് നിരീക്ഷണ രേഖകൾ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനോ, പ്രസംഗിക്കാനോ, പത്രപ്രവർത്തനം നടത്താനോ ബാറിസ്റ്ററായി ജോലി ചെയ്യാനോ ഒന്നും അനുവാദമില്ലാതിരുന്നതിനാൽ സ്വന്തമായി വരുമാനമാർഗ്ഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെയുള്ള തടവുകാർക്ക് വേണ്ടി ബ്രിട്ടീഷ് സർക്കാർ നൽകിയിരുന്ന ‘സബ്സിസ്റ്റൻസ് അലവൻസ്’ ആയി അദ്ദേഹത്തിന് പ്രതിമാസം 60 രൂപ അനുവദിച്ചിരുന്നു.

ഭരണകൂടത്തിന്റെ സ്റ്റേറ്റ്യൂട്ടറി ഒബ്‌ളിഗേഷൻ

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് ഡിസ്‌ക്രീഷൻ ഉപയോഗിച്ച്, 1818-ലെ ബംഗാൾ സ്റ്റേറ്റ് പ്രിസനേഴ്‌സ് റെഗുലേഷൻ III അഥവാ അതിന് സമാനമായ 1827-ലെ ബോംബെ സ്റ്റേറ്റ് പ്രിസണേഴ്സ് റെഗുലേഷൻ അനുസരിച്ചാണ് ഈ അലവൻസ് നിർണ്ണയിച്ചു നൽകിയത്.

ബ്രിട്ടീഷ് ഇന്ത്യയിലെ സ്റ്റേറ്റ് പ്രിസനേഴ്‌സ് റെഗുലേഷൻസ് അടിസ്ഥാനമാക്കിയുള്ള ഈ നാടുകടത്തൽ/തടങ്കൽ നിയമങ്ങൾ അനുസരിച്ച്, ഒരാളെ വിചാരണ കൂടാതെ തടങ്കലിലാക്കുകയോ അല്ലെങ്കിൽ ഒരു പ്രത്യേക സ്ഥലത്ത് താമസിപ്പിച്ച് ജോലി ചെയ്യാനോ പ്രാദേശികമായി വരുമാനം ഉണ്ടാക്കാനോ ഉള്ള സ്വാതന്ത്ര്യം തടയുകയോ ചെയ്യുമ്പോൾ (Restraint of Liberty), അയാളുടെയും കുടുംബത്തിന്റെയും നിത്യചെലവിനുള്ള തുക നൽകേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയായിരുന്നു. യുകെയിലെ ജയിലുകളിൽ ഇന്നുമത് നിലവിലുണ്ട്.

സവർക്കറുടെ കാര്യത്തിൽ രത്നഗിരി വിട്ടുപോകാൻ അദ്ദേഹത്തിന് അനുവാദമില്ലായിരുന്നു. വക്കീൽ പണി ചെയ്യാനോ, പത്രപ്രവർത്തനത്തിനോ, മറ്റ് തൊഴിലുകളിലോ രാഷ്ട്രീയത്തിലോ ഏർപ്പെടാനോ ബ്രിട്ടീഷുകാർ അദ്ദേഹത്തെ അനുവദിച്ചില്ല. വരുമാനമാർഗ്ഗങ്ങൾ പൂർണ്ണമായും അടച്ചതിനാൽ, സാമ്പത്തികമായി പട്ടിണിയിലായി അദ്ദേഹം മരണപ്പെടുകയോ വീണ്ടും വിപ്ലവത്തിലേക്ക് തിരിയുകയോ ചെയ്യാതിരിക്കാൻ ബ്രിട്ടീഷ് ബോംബെ ഗവണ്മെന്റ് തുക അനുവദിക്കുകയായിരുന്നു.

1924ലെ നാസിക് ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ട്

സെല്ലുലാർ ജയിലിലെ കഠിനതടവിൽ നിന്ന് ഒഴിവാക്കിയെങ്കിലും, സവർക്കറിലെ വിപ്ലവകാരിയെ പുറത്തുവിടാതെ ഒരു നിശ്ചിത അതിർത്തിക്കുള്ളിൽ തളച്ചിടാൻ ബ്രിട്ടീഷുകാർ കണ്ടെത്തിയ ‘തുറന്ന തടവറ’ തന്നെയായിരുന്നു രത്നഗിരി. എന്നാൽ, അവിടെ സവർക്കറുടെ ജീവിതത്തിലെ രണ്ടാമത്തെ അദ്ധ്യായം ആരംഭിക്കുകയായിരുന്നു. ഈ പ്രതികൂല സാഹചര്യങ്ങളെയും നിയന്ത്രണങ്ങളെയും അതിജീവിച്ച് അദ്ദേഹം തന്റെ മാനസികവീര്യം നിലനിർത്തി. ഈ കാലയളവിനെ അദ്ദേഹം ഹിന്ദു സമൂഹത്തിന്റെ സാമൂഹിക പരിഷ്കരണത്തിനും, അയിത്തോച്ചാടനത്തിനും, ‘പതിത പാവൻ മന്ദിർ’ സ്ഥാപനത്തിനും, വിശിഷ്ടമായ സാഹിത്യരചനകൾക്കും, ഭാഷാ ശുദ്ധീകരണ പ്രവർത്തനങ്ങൾക്കുമായി ഫലപ്രദമായി ഉപയോഗിക്കുകയാണുണ്ടായത്.

Leave a comment

Website Powered by WordPress.com.

Up ↑