നദികൾക്കെന്നെക്കാളുമോർമ കാണണം

കിഴക്കൻ തുർക്കിയിലെ അർമേനിയൻ മലനിരകളിൽ നിന്ന് കാരസു, മുറാത്ത് എന്നീ നദികളുടെ സംഗമമായി ഉത്ഭവിച്ച്, സിറിയയും ഇറാഖും കടന്ന് ഏകദേശം 2,800 കിലോമീറ്ററോളം ദൂരം മണലാരണ്യങ്ങളെ കീറിമുറിച്ച് ഒഴുകുന്ന ഫുറാത്ത് നദിക്ക് ഈ ഭൂമിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഒടുവിൽ ടൈഗ്രിസ് നദിയുമായി ചേർന്ന് ഷാത് അൽ-അറബ് ആയി മാറി പേർഷ്യൻ ഉൾക്കടലിലേക്ക് പതിക്കുന്ന ഈ മഹാജലപ്രവാഹം വെറുമൊരു നദിയല്ല, മറിച്ച് സുമേറിയരും ബാബിലോണിയരും അസീറിയരും അടങ്ങുന്ന ലോകത്തിലെ ഏറ്റവും പുരാതനമായ മനുഷ്യ നാഗരികതകളുടെ ജീവനാഡിയായിരുന്നു.

കളിമൺ പലകകളിൽ സുമേറിയൻ ലിപികൾ വിരിഞ്ഞ കാലം തൊട്ട് മനുഷ്യന്റെ അതിജീവനത്തിന്റെയും സാംസ്കാരിക അസ്തിത്വത്തിന്റെയും പ്രതീകമായ ഈ നദിയുടെ തീരങ്ങളിലാണ് ലോകത്തിലെ ആദ്യത്തെ കവിതകൾ കുറിക്കപ്പെട്ടതും ആദ്യത്തെ നഗരങ്ങൾ കെട്ടിപ്പടുക്കപ്പെട്ടതും. തങ്ങളുടെ വിയർപ്പും അന്നവും ഈ നദിയിലൂടെ ഒഴുകിപ്പോകുന്നത് കണ്ടാണ് തലമുറകളായി ഇറാഖിലെ കർഷകരും തൊഴിലാളികളും ജീവിച്ചത്. ഇറാഖി നാടോടിപ്പാട്ടുകളിൽ ഫുറാത്ത് നദി പലപ്പോഴും ജനങ്ങൾക്ക് ജീവനും അന്നവും നൽകുന്ന ഒരു ‘അമ്മ’യായിട്ടാണ് ചിത്രീകരിക്കപ്പെടാറുള്ളത്.

എന്നാൽ ഈ ശാന്തമായ ഒഴുക്കിന് പിന്നിൽ വിരഹത്തിന്റെയും ത്യാഗത്തിന്റെയും ചോര മണക്കുന്ന വലിയൊരു വൈകാരിക പശ്ചാത്തലമുണ്ട്. ക്രിസ്തുവർഷം 680ൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ ഇമാം ഹുസൈനും അദ്ദേഹത്തിന്റെ കുടുംബവും കർബലയിലെ യുദ്ധക്കളത്തിൽ വെച്ച് യസീദിന്റെ സൈന്യത്താൽ വളയപ്പെട്ടപ്പോൾ, അവർക്ക് കുടിവെള്ളം നിഷേധിച്ചത് ഫുറാത്ത് നദിയിൽ നിന്നായിരുന്നു. നദി കൺമുന്നിൽ ഒഴുകിയിട്ടും ഇമാം ഹുസൈന്റെ ആറുമാസം പ്രായമുള്ള കുഞ്ഞടക്കമുള്ളവർ ദാഹിച്ചു മരിക്കേണ്ടി വന്ന ചരിത്രം ഇറാഖിലെ ജനങ്ങളുടെ മനസ്സിൽ കടുത്ത അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും വലിയൊരു വൈകാരിക പ്രതീകമാണ്.

ഓരോ ഇറാഖിക്കും ഫുറാത്ത് എന്നാൽ ത്യാഗത്തിന്റെ പരകോടിയാണ് എന്ന ഈ സാംസ്കാരിക ബോധ്യത്തിൽ നിന്നാണ് ബാഗ്ദാദിലെ പ്രിന്റിംഗ് പ്രസ് തൊഴിലാളിയായ ഹാദി സാലിഹ് ജന്മം കൊണ്ടത്. ഇരുപതാം വയസ്സിൽ സദ്ദാം ഹുസൈന്റെ ബാത്ത് പാർട്ടി ഫാസിസത്തിനെതിരെ അയാൾ ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെങ്കൊടിയേന്തിയതിന് സദ്ദാമിന്റെ പ്രത്യേക കോടതി ഹാദിക്ക് മരണശിക്ഷ വിധിച്ചു. തൂക്കുമരത്തിന്റെ നിഴലിൽ അഞ്ച് വർഷത്തോളം മരണത്തോട് മല്ലിട്ട് അയാൾ പിന്നീട് 29 വർഷമാണ് സ്വന്തം മാതൃരാജ്യം നഷ്ടപ്പെട്ട് സ്വീഡനിൽ പ്രവാസിയായി കഴിഞ്ഞത്. സ്വന്തം പേര് പോലും ഉപയോഗിക്കാൻ പറ്റാത്ത ആ ഒളിവുകാലത്താണ് തന്റെ നാട്ടിലെ കാറ്റും വെള്ളവുമോർക്കാൻ അയാളൊരു പേര് സ്വീകരിച്ചു.

‘അബു ഫുറാത്ത്’

പശ്ചിമേഷ്യയിലെ ഏറ്റവും ശക്തവും വിപുലവുമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഇറാഖി കമ്മ്യൂണിസ്റ്റ് പാർട്ടി (ICP) എന്ന യാഥാർത്ഥ്യം, അധികാരം കുത്തകയാക്കി വെക്കാൻ ആഗ്രഹിച്ച സദ്ദാം ഹുസൈന്റെയും അദ്ദേഹത്തിന്റെ ബാത്ത് പാർട്ടിയുടെയും ഉറക്കം കെടുത്തിയിരുന്നു. സോവിയറ്റ് യൂണിയന്റെ പുഷ്കല കാലത്ത് അവർക്ക് കൂടുതൽ കരുത്തോടെ അറബ് സമൂഹത്തിൽ ഇടപെടാൻ കഴിഞ്ഞിരുന്നു. സദ്ദാം ഹുസൈൻ അധികാരത്തിന്റെ ഇടനാഴികളിലേക്ക് കടന്നുവന്നതുതന്നെ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിയും അവരുടെ ചോരയൊഴുക്കിയുമായിരുന്നു എന്നത് ചരിത്രത്തിന്റെ കറുത്ത ഏടുകളിലൊന്നാണ്.

​ഇറാഖിന്റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിച്ചമർത്തലുകൾക്ക് തുടക്കം കുറിക്കുന്നത് 1963ലെ ‘റമദാൻ വിപ്ലവം’ എന്നറിയപ്പെടുന്ന ബാത്ത് പാർട്ടി അട്ടിമറിയോടെയാണ്. കമ്മ്യൂണിസ്റ്റ് അനുകൂല നിലപാടുണ്ടായിരുന്ന ജനറൽ അബ്ദുൾ കരീം ഖാസിമിന്റെ ഭരണകൂടത്തെ CIA യുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായത്തോടെ ബാത്ത് പാർട്ടി അട്ടിമറിച്ചപ്പോൾ, അവർ ആദ്യം ലക്ഷ്യമിട്ടത് ഇറാഖിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെയും ബുദ്ധിജീവികളെയും തൊഴിലാളികളെയും ആയിരുന്നു.

അക്കാലത്ത് കേവലം ഒരു ബാത്ത് പാർട്ടി ഗുണ്ടയായിരുന്ന സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ‘നാഷണൽ ഗാർഡ്’ ബാഗ്ദാദിലെ തെരുവുകളിൽ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിപ്പിടിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഹുസൈൻ അൽ-റാദിയെ ബാഗ്ദാദിലെ കുപ്രസിദ്ധമായ ‘ഖസ്ർ അൽ-നിഹായ’ എന്ന തടവറയിലിട്ട് സദ്ദാമിന്റെ പടയാളികൾ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. വിരലുകൾ ഒന്നൊന്നായി മുറിച്ചുമാറ്റിയിട്ടും, ശരീരം ഇരുമ്പ് ദണ്ഡുകൊണ്ട് തല്ലിച്ചതച്ചിട്ടും തന്റെ സഖാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ സലാം ആദിൽ തയ്യാറായില്ല. ഒടുവിൽ ജീവനോടെ അദ്ദേഹത്തെ ചോരയിൽ മുക്കിക്കൊല്ലുകയായിരുന്നു.

ആ ചോരയുടെ മണമുള്ള മണ്ണിലേക്കാണ് 1968ൽ ബാത്ത് പാർട്ടി പൂർണ്ണമായി അധികാരം പിടിച്ചെടുക്കുന്നതും സദ്ദാം ഹുസൈൻ ഇറാഖിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവനാകുന്നതും. ​തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനങ്ങളിലുള്ള സ്വാധീനം മനസ്സിലാക്കിയ സദ്ദാം ഹുസൈൻ, നാഷണൽ പ്രോഗ്രസ്സീവ് ഫ്രണ്ട് എന്ന പേരിൽ അവരുമായി താൽക്കാലികമായ ഒരു സഖ്യമുണ്ടാക്കി ലോകത്തെ പറ്റിക്കാൻ ശ്രമിച്ചു. എന്നാൽ ഈ സഖ്യം കമ്മ്യൂണിസ്റ്റുകാരെ ഒളിഞ്ഞിരുന്ന് നിരീക്ഷിക്കാനും അവരുടെ അംഗങ്ങളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനുമുള്ള സദ്ദാമിന്റെ ചാരക്കണ്ണായ ‘മുഖാബറത്തിന്റെ’ ഒരു കെണി മാത്രമായിരുന്നു.

1970കളുടെ മധ്യത്തോടെ സോവിയറ്റ് യൂണിയനുമായുള്ള ബന്ധം താൽക്കാലികമായി അവസാനിപ്പിച്ച് സദ്ദാം പാശ്ചാത്യ ശക്തികളുമായി അടുത്തതോടെ കമ്മ്യൂണിസ്റ്റ് വേട്ട അതിന്റെ ക്രൂരമായ അടുത്ത ഘട്ടത്തിലേക്ക് കടന്നു. സൈന്യത്തിനുള്ളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചു എന്ന വ്യാജക്കുറ്റം ചുമത്തി 1978ൽ 21 പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളെയാണ് സദ്ദാം ഹുസൈൻ ഒരൊറ്റ ദിവസം തൂക്കിലേറ്റിയത്. പാർട്ടിയുടെ ഓഫീസുകൾ തകർക്കപ്പെട്ടു, പത്രങ്ങൾ നിരോധിക്കപ്പെട്ടു, കമ്മ്യൂണിസ്റ്റ് അനുഭാവിയായ ഏതൊരു സാധാരണക്കാരനെയും വിചാരണ കൂടാതെ കൊലപ്പെടുത്താൻ സദ്ദാം തന്റെ പ്രത്യേക വിപ്ലവ കോടതികൾക്ക് പൂർണ്ണ അധികാരം നൽകി.

​ഈ കിരാതമായ വേട്ടയാടലിനെത്തുടർന്നാണ് ഹാദി സാലിഹ് വടക്കൻ ഇറാഖിലെ ദുർഘടമായ കുർദിഷ് മലനിരകളിൽ അഭയം തേടുന്നത്. കുർദിഷ് സ്വാതന്ത്ര്യ പോരാളികളായ ‘പേഷ്മെർഗ’ സൈനികരുമായി ഇറാഖി കമ്മ്യൂണിസ്റ്റ് പാർട്ടിയും ഹാദി സാലിഹിന്റെ ലേബർ ഗ്രൂപ്പുകളും ഒരു ശക്തമായ സഖ്യം രൂപീകരിച്ചു. സദ്ദാം ഹുസൈൻ അറബ് വംശീയത പറഞ്ഞ് കുർദുകളെ വംശീയമായി അടിച്ചമർത്താൻ നോക്കിയപ്പോൾ, വംശീയതയ്ക്ക് അതീതമായി തൊഴിലാളി വർഗ്ഗ ബോധത്തോടെ അറബിയായ ഹാദി സാലിഹ് കുർദിഷ് ഗ്രാമങ്ങളിൽ ഒളിവിൽ കഴിഞ്ഞു. അവർ അദ്ദേഹത്തിന് അഭയവും ഭക്ഷണവും നൽകി കാത്തുസൂക്ഷിച്ചു.

​ഹാദി സാലിഹ് കുർദിഷ് മേഖലകളിൽ ഒളിവിൽ പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് (1986–1989) സദ്ദാം കുർദുകൾക്കെതിരെ ‘അൽ-അൻഫാൽ’ എന്ന ക്രൂരമായ സൈനിക നടപടി ആരംഭിക്കുന്നത്. ‘കെമിക്കൽ അലി’ എന്നറിയപ്പെടുന്ന സദ്ദാമിന്റെ ജനറലിന്റെ നേതൃത്വത്തിൽ കുർദിഷ് ഗ്രാമങ്ങൾ ഒന്നൊന്നായി ബോംബിട്ട് തകർത്തു.

1988ൽ ഹലബ്ജ നഗരത്തിൽ സദ്ദാമിന്റെ വ്യോമസേന മാരകമായ മസ്റ്റാർഡ് ഗ്യാസും മറ്റിതര രാസആയുധങ്ങളും പ്രയോഗിച്ചപ്പോൾ മിനിറ്റുകൾക്കുള്ളിൽ അയ്യായിരത്തോളം മനുഷ്യരാണ് ശ്വാസം മുട്ടി മരിച്ചു വീണത്. തനിക്ക് അഭയം നൽകിയ ഒരു ജനത വിഷവാതകം ശ്വസിച്ച് പിടഞ്ഞു മരിക്കുന്നത് ദൂരെ മലനിരകളിൽ ഒളിവിലിരുന്ന് ഹാദിക്ക് കാണേണ്ടി വന്നു. ഈ ദൃശ്യങ്ങൾ അദ്ദേഹത്തെ കടുത്ത മാനസികവും വൈകാരികവുമായ തകർച്ചയിലേക്ക് തള്ളിവിട്ടു.

​ഈ ദുരന്തത്തിന് ശേഷം സ്വീഡനിലേക്ക് കടന്ന അദ്ദേഹം തന്റെ സംഘടനയിലൂടെ കുർദിഷ് വംശഹത്യയുടെ വിവരങ്ങൾ യൂറോപ്യൻ യൂണിയനിലും അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷനുകളിലും എത്തിച്ചു. സദ്ദാം ഹുസൈൻ ഇറാഖിലെ മാധ്യമങ്ങളെ പൂർണ്ണമായി വിലക്കിയ സമയത്ത് കുർദിഷ് മലനിരകളിൽ നിന്ന് കടത്തിയ ചോരയും കണ്ണീരും നിറഞ്ഞ വിവരങ്ങൾ ലോകമനസ്സാക്ഷിക്ക് മുന്നിൽ തുറന്നിട്ടത് ഹാദി സാലിഹും അദ്ദേഹത്തിന്റെ സഖാക്കളുമായിരുന്നു.

2003ൽ സദ്ദാം വീണതിനുശേഷം ഹാദി ഇറാഖിൽ തിരിച്ചെത്തിയപ്പോഴും കുർദുകളോടുള്ള തന്റെ കടപ്പാട് അദ്ദേഹം മറന്നില്ല. കുർദുകൾക്ക് സ്വയംഭരണാവകാശമുള്ള ഒരു ‘ഫെഡറൽ ഇറാഖ്’ വരണമെന്ന് ശക്തമായി വാദിച്ച അറബ് നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. കേന്ദ്രീകൃതമായ ഒരു ഏകാധിപത്യത്തിന് ഇനി ഇറാഖിൽ ഒരവസരം ഉണ്ടാകരുത് എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഹാദി രൂപീകരിച്ച ഇറാഖി ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (IFTU) ചരിത്രത്തിലാദ്യമായി കുർദിഷ് തൊഴിലാളി സംഘടനയായ ‘സിൻഡിക്കേറ്റ് യൂണിയൻ ഓഫ് കുർദിസ്ഥാൻ വർക്കേഴ്സിനെ’ തങ്ങളുടെ ദേശീയ സമിതിയിലേക്ക് തുല്യപദവിയോടെ സ്വാഗതം ചെയ്തു.

ഒരു വിപ്ലവ കവിയുടെ വാക്കുകൾ കടമെടുത്താൽ “കുർദിഷ് മലനിരകളിലെ തണുത്ത കാറ്റാണ് പ്രവാസകാലത്ത് എന്റെ നെഞ്ചിലെ തീ അണയാതെ സൂക്ഷിച്ചത്” എന്ന് ഹാദി സാലിഹ് വിശ്വസിച്ചിരുന്നു. സ്വന്തം ജീവൻ നിലനിർത്താൻ അഭയം നൽകിയ കുർദിഷ് മണ്ണും അവിടുത്തെ രക്തസാക്ഷികളും അദ്ദേഹത്തിന്റെ വിപ്ലവജീവിതത്തിന്റെ അവസാന ശ്വാസം വരെ പടർന്നു പന്തലിച്ച വലിയൊരു വൈകാരികതയായിരുന്നു.

എന്നാൽ സദ്ദാം വീണിട്ടും അദ്ദേഹത്തിന്റെ വിനാശകരമായ രഹസ്യപ്പൊലീസിന്റെ അവശിഷ്ടങ്ങളും ബാത്ത് പാർട്ടി തീവ്രവാദികളും ഹാദിയെ വെറുതെ വിട്ടില്ല. 2005 ജനുവരി 4ന് ഒരു കറുത്ത രാത്രിയിൽ ബാഗ്ദാദിലെ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ ഒരു പ്രൊഫഷണൽ ഹിറ്റ് സ്ക്വാഡ് അദ്ദേഹത്തെ കസേരയിൽ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയും ഒടുവിൽ ഒരു ഇലക്ട്രിക് വയർ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. മരണത്തിലേക്ക് നടക്കുമ്പോഴും തന്റെ കൂടെയുള്ള ഒരു തൊഴിലാളിയുടെ പോലും പേരോ ഫയലുകളോ ഹാദി ശത്രുക്കൾക്ക് വിട്ടുകൊടുത്തില്ല.

ഹാദി സാലിഹിന്റെ ദാരുണമായ കൊലപാതകത്തോടെ ഇറാഖിലെ തൊഴിലാളി പ്രസ്ഥാനത്തിന് മേൽ വീണ കരിനിഴൽ അവിടെക്കൊണ്ടും അവസാനിച്ചില്ല. വിപ്ലവത്തിന്റെ ചോര വീണ മണ്ണിൽ നിന്ന് ഒളിച്ചോടാൻ തയ്യാറാകാതിരുന്ന സഹപ്രവർത്തകരെ കാത്തിരുന്നത് കൂടുതൽ ഭീതിദമായ നാളുകളായിരുന്നു. ഹാദി സാലിഹിന്റെ ജീവനറ്റ ശരീരത്തിന് മുന്നിൽ നിന്ന് കരഞ്ഞുതീരും മുൻപാണ്, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും ഇറാഖി ഓയിൽ ആൻഡ് ഗ്യാസ് യൂണിയന്റെ പ്രമുഖ നേതാവുമായ അലി ഹസ്സൻ അബ്ദ് എന്ന അബു ഫഹദ് ബാഗ്ദാദിലെ തെരുവിൽ വെച്ച് ഭീകരരാൽ വെടിയേറ്റു വീഴുന്നത്.

തങ്ങളുടെ പേരുകളും വിലാസങ്ങളും അടങ്ങിയ ഫയലുകൾ സദ്ദാമിന്റെ പഴയ രഹസ്യപ്പൊലീസിന്റെ കൈകളിൽ അകപ്പെട്ടിട്ടുണ്ടെന്ന തിരിച്ചറിവോടെ, ഓരോ ദിവസവും മരണത്തെ മുഖാമുഖം കണ്ടാണ് ബാക്കിയുള്ള സഖാക്കൾ ബാഗ്ദാദിലെ യൂണിയൻ ഓഫീസുകളിലേക്ക് നടന്നുപോയത്. മൊസൂളിലെ യൂണിയൻ പ്രസിഡന്റ് സാദി ഈദാനും ജനറൽ സെക്രട്ടറി മൊയ്ദ് ഹമീദും ക്രൂരമായ തട്ടിക്കൊണ്ടുപോകലുകൾക്കും പീഡനങ്ങൾക്കും ഇരയായപ്പോൾ, കിർക്കുക്കിലെ നോസാദ് ഇസ്മായിൽ പലതവണ വധശ്രമങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തങ്ങൾ ജീവരക്തം നൽകി സ്നേഹിച്ച സ്വന്തം നാട്ടുകാർ തന്നെ തങ്ങളെ ശത്രുക്കളായും അമേരിക്കൻ ചാരന്മാരായും മുദ്രകുത്തുന്നത് കണ്ട് തകർന്ന അബ്ദുള്ള മുഹ്സിനെപ്പോലുള്ള നേതാക്കൾ ഒടുവിൽ ആ ഭയത്തെയും വഞ്ചനയെയും മറികടന്ന് പോരാടാൻ ഉറച്ചുനിൽക്കുകയായിരുന്നു.

കമ്യൂണിസ്റ്റ് ചരിത്രത്തിന്റെ ഏറ്റവും ദയനീയമായ വൈരുദ്ധ്യവും ഒപ്പം വഞ്ചനയും അരങ്ങേറിയത് ഈ കാലഘട്ടത്തിലാണ്. ഇറാഖിലെ തങ്ങളുടെ സ്വന്തം സഹപ്രവർത്തകർ സദ്ദാമിന്റെ കിരാതപ്പടയാൽ വേട്ടയാടപ്പെടുമ്പോഴും കൊല്ലപ്പെടുമ്പോഴും ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഡിവൈഎഫ്ഐയും സദ്ദാം ഹുസൈനെ ഒരു വിപ്ലവ നായകനായി ജനങ്ങൾക്ക് മുന്നിൽ പ്രതിഷ്ഠിക്കുകയായിരുന്നു.

വോട്ടുബാങ്ക് ലക്ഷ്യംവെച്ചുള്ള കേവലമൊരു ‘ന്യൂനപക്ഷ പ്രണയത്തിന്’ വേണ്ടി അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ കടുത്ത വിട്ടുവീഴ്ചകൾക്കാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അന്ന് തയ്യാറായത്. അമേരിക്കൻ വിരുദ്ധത എന്ന ഒറ്റ ലേബലിൽ ഒതുക്കി, സ്വന്തം നാട്ടിലെ കമ്മ്യൂണിസ്റ്റുകാരെ കൊന്നൊടുക്കിയ ഒരു സ്വേച്ഛാധിപതിയെ അവർ വിശുദ്ധനാക്കി മാറ്റി. സദ്ദാം ഹുസൈൻ പ്രത്യേക കോടതിയുടെ വിധിപ്രകാരം 2006 ഡിസംബർ 30ന് തൂക്കിലേറ്റപ്പെട്ടപ്പോൾ കേരളത്തിലെ തെരുവുകളിൽ കരിദിനം ആചരിക്കാനും ഹർത്താലുകൾ നടത്താനും സദ്ദാമിന്റെ ചിത്രങ്ങൾ വെച്ച് അനുശോചന യോഗങ്ങൾ കൂടാനും യുവജന സംഘടനകൾ മത്സരിക്കുകയായിരുന്നു.

മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരിലും ജനങ്ങളെ വൈകാരികമായി ഇളക്കിവിട്ട് വോട്ടുബാങ്ക് ഭദ്രമാക്കാനുള്ള വ്യഗ്രതയിൽ, സദ്ദാമിനെ സാമ്രാജ്യത്വ വിരുദ്ധതയുടെ ഒരേയൊരു രക്തസാക്ഷിയായി അവർ ചിത്രീകരിച്ചു. സാമ്രാജ്യത്വ വിരുദ്ധതയുടെ പ്രതീകമായി സദ്ദാമിനെ ഉയർത്തിക്കാട്ടിയ ഇടതുപക്ഷ വേദികളിലൊന്നും തന്നെ, അദ്ദേഹത്തിന്റെ ആളുകളാൽ ഇലക്ട്രിക് വയറിൽ ശ്വാസംമുട്ടി മരിച്ച ഹാദി സാലിഹിന്റെയോ തൊട്ടുപിന്നാലെ വെടിയേറ്റു വീണ ഓയിൽ യൂണിയൻ നേതാവ് അലി ഹസ്സൻ അബ്ദിന്റെയോ പേരുകൾ ഒരുവരിയിൽ പോലും പരാമർശിക്കപ്പെട്ടതേയില്ല.

കൺമുന്നിൽ മനുഷ്യർ വിഷവാതകം ശ്വസിച്ച് പിടഞ്ഞു മരിച്ച ഹലബ്ജയുടെ ഓർമ്മകളോ, ചോര വാർന്നിട്ടും സഖാക്കളെ ഒറ്റിക്കൊടുക്കാത്ത ഹാദി സാലിഹിന്റെ വിപ്ലവവീര്യമോ കേരളത്തിലെ ഒരു പാർട്ടി വേദികളിലും ചർച്ചയായില്ല. ചരിത്രത്തിന്റെ ഈ മഹാവിസ്മൃതിക്ക് ബദലായിട്ടാണ് പിന്നീട് ഇറാഖിലെ പോരാളികൾ “ഹാദി ഒടുങ്ങിയിട്ടില്ല” എന്ന പുസ്തകം പുറത്തിറക്കി ആ വിപ്ലവചരിത്രത്തെ ജീവനോടെ നിലനിർത്തിയത്. അധികാര രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾക്കും വോട്ടുബാങ്ക് താല്പര്യങ്ങൾക്കും മുന്നിൽ സ്വന്തം സഖാക്കളുടെ ചോരയുടെ വിലപോലും വിസ്മരിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഈ ഇരട്ടത്താപ്പ് ചരിത്രത്തിലെ കറുത്ത അധ്യായമായി ഇന്നും അവശേഷിക്കുന്നു.

സദ്ദാമിനെ നിങ്ങളറിയും.. മാർക്സ് മുതൽ ചെഗുവേര വരെ പലരെയും ഈ കേരളത്തിലേക്ക് അവർ പരിചയപ്പെടുത്തിക്കൊണ്ടുവന്നിട്ടുണ്ട്.. പക്ഷെ, ഹാദി സലേഹ് ആരെന്ന് തന്നെ ലോകം മറന്നു. ആ സഖാവിന്റെ ഒരു ഫോട്ടോ എങ്കിലും അവർ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു നോക്കൂ.. എവിടെപ്പോയി കണ്ടെത്തിയെടുക്കും എന്നൊരു മറുചോദ്യം അന്തരീക്ഷത്തിൽ ബാക്കിയാവും.

പ്രത്യയശാസ്ത്രപരമായ ഈ വഞ്ചനകൾക്കും വിട്ടുവീഴ്ചകൾക്കുമപ്പുറം, അധികാരത്തിന്റെ ഉച്ചിയിൽ നിന്ന് സദ്ദാം ഹുസൈൻ തൂക്കുമരത്തിന്റെ കയറിലേക്ക് വീണപ്പോഴും ഫുറാത്ത് നദി അതിന്റെ വഴിയിലൂടെ ശാന്തമായി ഒഴുകിക്കൊണ്ടേയിരുന്നു. നദികൾക്ക് അതിരുകളോ വംശീയതയോ മതങ്ങളോ ഇല്ല. അവ പ്രകൃതിയുടെ വറ്റാത്ത ജീവന്റെ ഉറവകളാണ്. ഫുറാത്ത് നദി മെസൊപ്പൊട്ടേമിയൻ മണ്ണിൽ സുമേറിയൻ-ബാബിലോണിയൻ സംസ്കാരങ്ങൾക്ക് ജീവനേകിയതുപോലെ, ഭാരതീയ ചിന്തയുടെയും സംസ്കാരത്തിന്റെയും ആത്മാവായി സഹസ്രാബ്ദങ്ങളായി ഒഴുകുന്ന ജലപ്രവാഹമാണ് ഗംഗാ നദി.

മറുവശത്ത്, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാൽ, സാംസ്കാരിക ഭാരതത്തെയും അതിന്റെ പ്രതീകങ്ങളെയും കേവലം ‘ഭാവനാസൃഷ്ടികൾ’ ആയോ അല്ലെങ്കിൽ ‘ബൂർഷ്വാ/ഫ്യൂഡൽ’ ചിന്താഗതികളുടെ ഭാഗമായോ കണ്ട് തള്ളിക്കളഞ്ഞ നിരവധി സന്ദർഭങ്ങൾ കാണാം. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ആദ്യ നാളുകളിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പലരും ഭാരതീയ സംസ്കാരത്തിന്റെ ആഴത്തെക്കാൾ അതിലെ വൈരുദ്ധ്യങ്ങളെയാണ് കൂടുതൽ ചർച്ച ചെയ്തത്.

യൂറോപ്യൻ മാർക്സിസ്റ്റ് വായനകളെ അതേപടി ഇന്ത്യൻ പശ്ചാത്തലത്തിലേക്ക് പകർത്തിവെക്കാൻ ശ്രമിച്ചപ്പോൾ, ഭാരതത്തിന്റെ സാംസ്കാരിക തനിമയും ഗംഗ ഉൾപ്പെടെയുള്ള പുണ്യനദികളും പലപ്പോഴും കേവലം അന്ധവിശ്വാസങ്ങളുടെ പ്രതീകങ്ങളായി മാത്രം ചിത്രീകരിക്കപ്പെട്ടു. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് ഗാന്ധിജിയും നെഹ്‌റുവും ഉൾപ്പെടെ ഭാരതീയ സംസ്കാരത്തിന്റെ വേരുകളെ വാനോളം പുകഴ്ത്തിയപ്പോൾ, കമ്മ്യൂണിസ്റ്റ് ദാർശനികർ അതിനെ വർഗ്ഗസമര സിദ്ധാന്തങ്ങളുടെ ചട്ടക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യാനാണ് ശ്രമിച്ചത്. ഭാരതത്തിന്റെ ആത്മീയ പൈതൃകത്തെയും സാംസ്കാരിക ചിഹ്നങ്ങളെയും പുച്ഛത്തോടെ നോക്കിക്കണ്ട ഇത്തരം തീവ്ര നിലപാടുകൾ, പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യൻ ജനതയുടെ പൊതുബോധത്തിൽ നിന്ന് അകൽച്ചയുണ്ടാക്കാൻ കാരണമായിട്ടുണ്ടെന്നത് ഒരു ചരിത്രവസ്തുതയാണ്.

വംശീയ-മത ചിന്തകൾക്ക് അതീതമായ ഒരു മാനവികതയിൽ വിശ്വസിച്ച, നദികളെയും മനുഷ്യനെയും തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന ഹാദി സാലിഹ്, തന്റെ മൂത്ത മകന് നൽകിയ പേര് പോലും ‘ഫുറാത്ത്’ എന്നായിരുന്നു എന്നത് ചരിത്രത്തിലെ അതിമനോഹരമായ ഒരു നേർക്കാഴ്ചയാണ്.യൂഫ്രട്ടീസ് നദിയുടെ അറബിക് നാമമാണത് എന്ന് ഒടുവിൽ പറയാമെന്നു കരുതി. തന്റെ രണ്ടാമത്തെ മകന് ടൈഗ്രിസ് നദിയെ ഓർമ്മിപ്പിക്കുന്ന ‘റാഫിദ്’ എന്നും അദ്ദേഹം പേരിട്ടു.

ഹാദി സാലിഹ് എന്ന അബു ഫുറാത്ത് തന്റെ നാടിന്റെ നദിയെ നെഞ്ചോട് ചേർത്തുവെയ്ക്കാൻ പഠിപ്പിച്ചത് സദ്ദാമിന്റെ ഫാസിസത്തിനും വിദ്വേഷത്തിനുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ അടയാളമായിട്ടായിരുന്നു. അതേ മൂല്യങ്ങൾ തന്നെയാണ് ഏത് നദിയെ നോക്കുമ്പോഴും മനുഷ്യന് ഉണ്ടാകേണ്ടത്. ഒരു നദിയിൽ വന്ന് വീഴുന്ന മാലിന്യങ്ങളോ, അല്ലെങ്കിൽ ആ നദീതീരത്ത് ജീവിക്കുന്ന ചില മനുഷ്യരുടെ രാഷ്ട്രീയ-സാമൂഹിക തകർച്ചകളോ കണ്ട് ആ നദിയെയും അതിലൂടെ പകർന്നുപോയ വലിയൊരു സംസ്കാരത്തെയും കാർക്കിച്ചു തുപ്പാൻ തുനിയുന്നത് യഥാർത്ഥത്തിൽ മനുഷ്യന്റെ സാംസ്കാരികമായ ദൈന്യതയെയാണ് കാണിക്കുന്നത്.

ഗംഗയായാലും ഫുറാത്തായാലും, അവ മനുഷ്യന് നൽകുന്നത് ഒരേ അതിജീവനത്തിന്റെ പാഠമാണ്. അധികാരത്തിന്റെ അപ്പക്കഷണങ്ങൾ നൊട്ടിനുണയാൻ വേണ്ടി മനുഷ്യർ താൽക്കാലിക ലാഭങ്ങൾക്കായി ഇങ്ങനെ വിദ്വേഷം തുപ്പുമ്പോഴും, നദികൾ മനുഷ്യന്റെ എല്ലാ സ്വാർത്ഥതകളെയും കഴുകിമാറ്റി അവയുടെ വഴിയിലൂടെ ശാന്തമായി ഒഴുകിക്കൊണ്ടേയിരിക്കും.. സംസ്കൃതികളുടെ വറ്റാത്ത ആത്മാവായി.

Leave a comment

Website Powered by WordPress.com.

Up ↑