“മൂഢൻമാരെ, നിങ്ങളറിയുന്നുണ്ടോ, വിശ്വോത്തരമായ ഹൈന്ദവ സംസ്കാരത്തിന്റെ പൈതൃകം പേറുന്നവരാണു നമ്മൾ. ഈ ഭാരതഭൂമിയിൽ ജനിച്ചവരൊക്കെ ഋഷിമാരുടെയും ദേവൻമാരുടെയും സന്തതി പരമ്പരകളാണ്. ഹിമാലയത്തിലെവിടെയോ ഒറ്റത്തുള്ളിയായി പിറവിയെ ടുക്കുന്ന ഗംഗ, സഹസ്രക്കണക്കിനു നാഴികകൾ പിന്നിട്ട് കൈത്തോടു കൾക്കും ജനപദങ്ങൾക്കും ജന്മം നൽകിക്കൊണ്ട് മഹാപ്രവാഹമായി ഭാരതമെങ്ങും പടരുന്നതുപോലെ, ഒരേയൊരു ചോരത്തുള്ളിയിൽനിന്നു പിറവിയെടുത്ത നാം, സ്വസഹോദരനെ അയിത്തക്കാരനെന്നും ഹീനനെന്നും മേച്ഛനെന്നും വിളിച്ച് അടച്ചാക്ഷേപിച്ച് പടിയിറക്കുന്നു. അവന്റെ ആത്മാവുകളിൽ മുറിവുകളേല്പിക്കുന്നു.
നായ്ക്കൾക്കും കുറുനരികൾക്കും പേടികൂടാതെ നടക്കാവുന്ന നിരത്തുകളിൽ പോലും അവരെ നിങ്ങൾ അടിച്ചോടിക്കുന്നു. മണ്ണിൽ കുഴിയുണ്ടാക്കി അതിൽ കഞ്ഞിയൊഴിച്ചു കൊടുക്കുന്നു. അവന്റെ അധ്വാനഫലം കൊണ്ട് പത്തായം നിറയ്ക്കുന്ന നിങ്ങൾ എന്തിനിത്ര ക്രൂരത കാട്ടുന്നു, ഈ പാവങ്ങളോട്?
ഓർത്തു കൊള്ളൂ മണ്ടൻമാരേ, കാലം പൊളിച്ചെഴുത്തു തുടങ്ങിക്കഴിഞ്ഞു. മഹാ കാലത്തിന്റെ ഉരുക്കുവിരലുകൾ എല്ലാം വലിച്ചുപൊളിക്കും. അയിത്തക്കാരനെന്നു പറഞ്ഞ് നിങ്ങൾ അടിച്ചിറക്കുന്ന മനുഷ്യാത്മാവിനെ സ്വീകരിക്കാൻ ലണ്ടനിൽനിന്ന് മിഷണറിമാരെത്തിയിട്ടുണ്ട്. അവർ നിങ്ങളുടെ സഹോദരങ്ങളെ മതം മാറ്റി അയിത്തത്തിന്റെ നാറുന്ന കരിമ്പടപ്പുതപ്പ് എടുത്തുമാറ്റി ‘മനുഷ്യ’രാക്കിക്കൊണ്ടുപോകും. അത് സംഭവിക്കാതിരിക്കണമെങ്കിൽ ഞാനിതാ മുന്നറിയിപ്പ് തരുന്നു. അത് സംഭവിക്കാതിരിക്കണമെങ്കിൽ സ്വസഹോദരനെ ജാതിയായിട്ടല്ലാതെ മനുഷ്യനായിട്ട് കാണാൻ പഠിക്കുക”
കിഴക്കേകോട്ടയിൽ നിന്നുകൊണ്ട് അടിയാളരുടെ വേദഗുരു സദാനന്ദ സ്വാമികൾ ഇങ്ങനെ വിളിച്ചു പറഞ്ഞപ്പോൾ തോമസ് വാധ്യാരെയും കൂട്ടി പുത്തരിക്കണ്ടത്തെ പുല്ലു വളർന്ന വയലിൽ ഒളിച്ചിരുന്നു കൊണ്ട് വെങ്ങാനൂരിലെ നീലകേശിയുടെ പൂജാരി അയ്യന്റെ മകൻ കാളി ഇതൊന്ന് അബ്സോർബ് ചെയ്യാൻ പണിപ്പെടുകയായിരുന്നു.
ടി എ മാത്യൂസ് എഴുതിയ “ആചാര്യ അയ്യൻകാളി’ എന്ന ജീവചരിത്ര ത്തിൽ സദാനന്ദസ്വാമിയെ അവതരിപ്പിക്കുന്നത് ഇങ്ങനെ നാടകീയഭാവനയോടെയാണ്..
“കൊടുങ്കാറ്റുകളെ പ്രതിരോധിച്ച് പർവ്വതം പോലെ ഉറച്ചുനിൽക്കാൻ അയ്യൻകാളിക്കു പ്രചോദനം നൽകിയത് സദാനന്ദസ്വാമികളാണ്. ക്രിസ്തു വിന്റെ ആഗമനത്തിനു മുമ്പ് മരുഭൂമിയിൽ നിന്നെത്തിയ സ്നാപക യോഹന്നാനെപ്പോലെയായിരുന്നു സദാനന്ദസ്വാമികൾ. മരവുരിയുടുത്ത് പുൽച്ചാടികളെ ചവച്ചുതിന്ന് മണൽക്കാടിനോട് പ്രസംഗിച്ചു നടന്ന സ്നാപക യോഹന്നാൻ, യഹൂദിയായിലെ തെരുവുകളിലിറങ്ങി വായ് തുറന്നപ്പോൾ യഹൂദവർഗ്ഗം കിടിലം കൊണ്ടു. അവർ അതുവരെ കേട്ടിട്ടില്ലാത്ത സ്വരം; അറിഞ്ഞിട്ടില്ലാത്ത സിദ്ധാന്തം; വാക്കുകൾ വാൾമുനയായ് ചുറ്റിത്തിരിഞ്ഞു.
സദാനന്ദസ്വാമികൾ തിരുവനന്തപുരത്ത് കിഴക്കേക്കോട്ട വാതിലിൽ നിന്നുകൊണ്ട് ഗർജ്ജിച്ചു. ധൃതിപ്പെട്ടു കടന്നുപോകുന്നവരുടെ കാലുകളിൽ ചങ്ങല വീണു. അപരിചിതമായ ആ സ്വരത്തിനുടമ ഒരു സന്ന്യാസിയാണെന്നു കണ്ടപ്പോൾ ശ്രോതാക്കൾക്കു കൗതുകം വർദ്ധിച്ചു. സ്വാമിയുടെ കണ്ണുകളിൽ അഗ്നിയുണ്ടായിരുന്നു. സ്വരത്തിന് വജ്രസൂചിയുടെ കാഠിന്യവും.
കിഴക്കേക്കോട്ട വാതിലിൽ സ്വാമിയുടെ പ്രഭാഷണം കേൾക്കാൻ തിക്കിത്തിരക്കിയവർക്കിടയിൽ സാൽവേഷൻ ആർമിയുടെ ചുവന്ന കുപ്പായവും കുരിശടയാളവും ധരിച്ചൊരാൾ നിൽപ്പുണ്ടായിരുന്നു. ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് അയിത്തം മാറിയ തോമസ് വാദ്ധ്യാർ. അയ്യൻകാളിയുടെ ഒരു ബന്ധുതന്നെ. താൻ കേട്ടതൊക്കെ മനസ്സിൽ സൂക്ഷിച്ചു കെടാതെ അദ്ദേഹം അയ്യൻകാളിക്ക് പകർന്നു. എങ്ങനെയെങ്കിലും സ്വാമിയുടെ പ്രസംഗം കേൾക്കണമെന്ന് അയ്യൻകാളിയും കൂട്ടരും തീരുമാനിച്ചു.
പക്ഷേ, തിരുവനന്തപുരം നഗരത്തിൽ കാൽ കുത്താൻ സവർണർ അനുവദിച്ചിട്ടു വേണ്ടേ പ്രഭാഷണം കേൾക്കാൻ. പക്ഷേ, അയ്യൻകാളി അതിനൊരു വഴി കണ്ടെത്തി. കിഴക്കേക്കോട്ടയ്ക്ക് എതിർ വശത്ത് പുത്തരിക്കണ്ടം മൈതാനം അന്ന് പുല്ലാന്നിയും പനിക്കുറയും കാടുമൂടി കിടക്കുന്ന ഒരു വയൽ ആയിരുന്നു. അടുത്ത ദിവസം സദാനന്ദ സ്വാമി പ്രഭാഷണം തുടങ്ങും മുമ്പുതന്നെ അയ്യൻകാളിയും കൂട്ടരും പാത്തും പതുങ്ങിയും എത്തി. പുല്ലാനിക്കാടുകൾക്കിടയിൽ ഒളിച്ചിരുന്നു. അവിടെ ഇരുന്നുകൊണ്ട് സ്വാമി പറഞ്ഞതൊക്കെ അയ്യൻകാളി മനസ്സിൽ ഒപ്പിയെടുത്തു.
അക്ഷരാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തതിനാൽ ഒന്നും വായിച്ചറിയാൻ അവസരം ലഭിച്ചിട്ടില്ലാത്ത അയ്യൻകാളിക്ക്, അറിവിന്റെ ഒരു പുതിയ ലോകം കാട്ടിക്കൊടുക്കുകയായിരുന്നു താനറിയാതെ തന്നെ സദാനന്ദസ്വാമി. ഒടുവിൽ ഇരുട്ടിന്റെ മറപറ്റി പുല്ലാനിക്കാടുകൾക്കിടയിൽനിന്ന് നൂഴ്ന്നിറങ്ങി, വെങ്ങാനൂർക്കു മടങ്ങുമ്പോൾ അയ്യൻ കാളിയുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. സദാനന്ദസ്വാമി കെട്ടഴിച്ചുവിട്ട പ്രഭാഷണക്കൊടുങ്കാറ്റുകൾക്കൊടുവിൽ 1904-ൽ തന്നെ തിരുവനന്തപുരത്ത് കവടിയാറിൽ ഹൈന്ദവമഹാസമ്മേളനം കൂടുകയുണ്ടായി.
അവിടെയും തോമസ് വാദ്ധ്യാർ നിശ്ശബ്ദനായി ശ്രോതാവായി. പ്രച്ഛന്നവേഷനായി ജനക്കൂട്ട ത്തിനിടയിൽ നിന്നും പ്രഭാഷണങ്ങൾ വള്ളിപുള്ളി വിടാതെ അദ്ദേഹം അയ്യൻകാളിയുടെ കാതിൽ അന്നുതന്നെ പകർന്നുകൊണ്ടിരുന്നു. ഏഴു ദിവസം നീണ്ടു നിന്ന സമ്മേളനത്തിന്റെ അവസാനവേളയിൽ സദാനന്ദ സ്വാമി വെങ്ങാനൂർക്ക് ക്ഷണിക്കപ്പെട്ടു” (പുറം 142 143).
വെങ്ങാനൂരിലെത്തിയ സദാനന്ദസ്വാമികൾ അവിടുത്തെ പാവങ്ങളോടു സംസാരിച്ചതും അതിനു മറുപടിയായി അയ്യൻകാളി പ്രതികരിച്ചതും ടി എ. മാത്യുസ് ചിത്രീകരിക്കുന്നുണ്ട്.
അയ്യന്‍കാളിയില്‍ മേധാശക്തിയുള്ള ഒരു സംഘാടകനെ കണ്ടെത്തിയ സദാനന്ദസ്വാമി അദ്ദേഹത്തെ നേതാവായി വാഴിച്ച്, പാച്ചല്ലൂരില്‍ ബ്രഹ്മനിഷ്ഠാമഠം ചിത്‌സഭയുടെ ഒരു സംഘടന രൂപീകരിച്ചതായി സാധുജനപരിപാലനസംഘം നേതാവും അയ്യന്‍കാളിയുടെ ചെറുമകനുമായ ടി.കെ. അനിയന്‍ രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്തെ വെങ്ങാനൂര്‍, പാച്ചല്ലൂര്‍, പട്ടം, തിരുവല്ലം, കണ്ണന്മൂല എന്നിവിടങ്ങളില്‍ ചിത്‌സഭയുടെ ഉപസംഘങ്ങളായി സദാനന്ദസ്വാമി പുലയസമാജങ്ങള്‍ സ്ഥാപിച്ചിരുന്നതായി ‘സദാനന്ദവിലാസം’ (1906) രേഖകളിലുണ്ട്.
വെങ്ങാനൂര്‍-പാച്ചല്ലൂര്‍ പുലയസമാജങ്ങള്‍ സ്വാമി സന്ദര്‍ശിക്കുന്നതും അവിടങ്ങളില്‍ ക്ഷേത്രംപണിക്കുള്ള നടപടികള്‍ ആരംഭിക്കുന്നതും മാസികയില്‍ സൂചിപ്പിക്കുന്നുണ്ട്. ‘അവകാശങ്ങള്‍ ആരും കനിഞ്ഞുതരില്ല. അവ സംഘടിതശക്തിയിലൂടെ നേടിയെടുക്കണ’മെന്ന് സ്വാമി അയ്യന്‍കാളിയേയും അനുയായികളേയും ഉപദേശിച്ചതായി ടി.കെ. അനിയന്‍ എഴുതിയിട്ടുണ്ട്. അയ്യങ്കാളിയുടെ മകള്‍ കെ തങ്കമ്മയുടെയും തിരുക്കൊച്ചി നിയമസഭാ സ്പീക്കറായിരുന്ന ടി.ടി കേശവന്‍ ശാസ്ത്രികളുടെയും മകനാണ് ടികെ അനിയന്‍.
1913 ഡിസംബറില്‍ ചെങ്ങന്നൂരില്‍ നടന്ന ബ്രഹ്മനിഷ്ഠാ സമ്മേളനത്തില്‍, സദാനന്ദസ്വാമിയുടെ പ്രസംഗം കേള്‍ക്കാന്‍ അയ്യായിരത്തിലധികം ദളിതര്‍ വന്നുചേര്‍ന്നതായി മാസികയില്‍ കാണുന്നു. 1904 ല്‍ സദാനന്ദസ്വാമി-അയ്യന്‍കാളി സഖ്യം സ്ഥാപിച്ച സാധുജന സംഘടന നാമമാത്രമായെങ്കിലും 1907 ല്‍ അയ്യന്‍കാളി ‘സാധുജനപരിപാലന സംഘം’ സ്ഥാപിച്ചപ്പോള്‍ അതിനു പേരു കൊടുത്തത് ‘സദാനന്ദവിലാസം’ എന്നായിരുന്നുവെന്ന് സംഘത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റും അയ്യന്‍കാളിയുടെ ചെറുമകനുമായ പി. ശശിധരന്‍ ഐപിഎസ് രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. ഈ വൈചാരിക ഉണർവ്വോടെയാണ് അയ്യൻകാളി തന്റെ വൻ പോരാട്ടങ്ങളിലേക്ക് കടക്കുന്നത്.
കാശ്മീരശൈവത്തിന്റെ ശങ്കരദർശനത്തിന്റെ അഗസ്ത്യഹൃദയത്തിന്റെ മണ്ണായ മലയാളനാട്ടിൽ ധർമ്മം കാലഗതിയിൽ ദുഷിച്ചപ്പോൾ പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും പ്രാഥമികവിദ്യാഭ്യാസംപോലും നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിലാണ് നാല് മുതല്‍ പത്ത് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കണമെന്ന ശാസനയുമായി തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ‘മാഗ്നാകാര്‍ട്ട’ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ റീജന്റ് റാണി ഗൌരി പാര്‍വതിഭായിയുടെ ആ വിദ്യാഭ്യാസ ശാസനം പുറത്തുവരുന്നത്.
വിദ്യാഭ്യാസ ചെലവുകള്‍ മുഴുവന്‍ ബജറ്റില്‍ വകയിരുത്തി വഹിക്കേണ്ട ശാസനം അന്നത്തെ കാലത്തെ സംബന്ധിച്ചിടത്തോളം ഒരു സാഹസം തന്നെയായിരുന്നു. എല്ലാ സ്കൂളുകളിലും സംസ്ഥാനസര്‍ക്കാര്‍ ശമ്പളം നല്‍കുന്ന രണ്ട് അധ്യാപകര്‍ ഉണ്ടായിരിക്കണമെന്ന നിയമം തന്നെ നിലവില്‍വന്നു..
“വിവേചനമോ പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ എല്ലാവര്‍ക്കും ജ്ഞാനസമ്പാദനത്തിന് ഉതകും വിധവും അങ്ങനെ അവര്‍ നല്ല പൌരന്മാരും നല്ല പൊതുസേവകരുമായി രാജ്യത്തിന്‍റെ പുരോഗതിക്കും സദ്‌പേരിനുമായി പ്രവർത്തിക്കുന്നതിനുമായി സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും വിദ്യാഭ്യാസത്തിന്റെ പൂര്‍ണചെലവ് സംസ്ഥാനം വഹിക്കേണ്ടതാണ്..”
ചുരുക്കിപ്പറഞ്ഞാല്‍ സമൂഹം ഒരുമിച്ച് വിദ്യാഭ്യാസച്ചെലവിനുള്ള തുക നല്‍കുന്ന രീതി നടപ്പിലാക്കിയതിലൂടെ വിദ്യാഭ്യാസം നേടുകയെന്ന അവകാശത്തിന്‍റെ ആദ്യത്തെ ഔദ്യോഗിക അംഗീകാരമായി അത് മാറി. ആദ്യത്തെ ‘റൈറ്റ് ടു എജ്യുക്കേഷൻ ആക്റ്റ്’. ഇരുന്നൂറ്റി ഒൻപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1817 ജൂണ്‍ മാസം പതിനേഴിനാണ് വിപ്ലവകരമായ ഈ തീരുമാനം പുറത്തു വരുന്നത്.
പക്ഷെ ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന് അന്നും തെളിഞ്ഞു. പിന്നെയും നൂറോളം വർഷം കഴിഞ്ഞുപോയി. പാവപ്പെട്ടവനും പിന്നാക്കക്കാരനും വിദ്യാഭ്യാസം നേടാനുള്ള അവകാശം സംരക്ഷിക്കാന്‍ മികച്ച മേല്‍മുണ്ടെടുത്തു തോളിലിട്ട് വെള്ള ബനിയനെടുത്തിട്ട് കിന്നരിത്തലപ്പാവണിഞ്ഞു കുങ്കുമക്കുറിയിട്ട് വെങ്ങാനൂരെ അയ്യന്റെ മകന്‍ കാളി വില്ലുവണ്ടിയേറി വന്നു.

“തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ സൗകര്യം നല്‍കിയില്ലെങ്കില്‍ കാണായ പാടങ്ങളെല്ലാം മുടിപ്പുല്ല് കുരുപ്പിക്കും” എന്നദ്ദേഹം പ്രഖ്യാപിച്ചു. അതാണ് കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം. ആഴ്ചയില്‍ ഒരു ദിവസത്തെ ഒഴിവു ദിനവും കൂലി വർദ്ധനവുമായിരുന്നു ആ സമരത്തിന്‍റെ മറ്റു രണ്ട് ആവശ്യങ്ങള്‍. പട്ടിണിയും ജന്മികളുടെ സില്‍ബന്തികളുടെ ക്രൂരമായ മര്‍ദ്ദനവുമേറ്റിട്ടു പോലും മുടവൂര്‍ പ്പാറ മുതല്‍ വിഴിഞ്ഞം വരെ വിശാലമായി നീണ്ടുകിടന്ന പാടങ്ങളിലേയ്ക്ക് ഒരു പുലയക്കുടിയില്‍ നിന്നുപോലും പണിക്കിറങ്ങാന്‍ അതേറ്റു പറഞ്ഞ കീഴാള ജനത തയാറായില്ല.അതൊരു തുടക്കമായിരുന്നു.
പൊതുവിദ്യാലയങ്ങളില്‍ അധകൃതന്‍റെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ജാതീയ അടിസ്ഥാനങ്ങളിലുള്ള വിദ്യാലയങ്ങള്‍ മനുഷ്യനെ കൂടുതല്‍ ഭിന്നിപ്പിക്കുമെന്നും മുഖ്യധാരയില്‍ എത്താനുള്ള ശ്രമങ്ങളെ ഇല്ലാതാക്കുമെന്നും ആ ക്രാന്തദര്‍ശി മനസ്സിലാക്കി. ഒരുമിച്ചിരുന്നു പഠിക്കാന്‍ അവകാശമില്ലാത്ത ബാലരാമപുരം ഊരൂട്ടമ്പലം സ്കൂളിലേയ്ക്ക് പൂജാരി അയ്യന്‍റെ മകള്‍ പഞ്ചമിയുടെ കൈപിടിച്ച് അയ്യന്‍കാളി നെഞ്ചു വിരിച്ചു കയറിച്ചെന്നു. ബാക്കി ചരിത്രമാണ്.. ഇന്ന് നമ്മളെല്ലാം ഒരു സ്കൂളിലിരുന്നു പഠിക്കുന്നതിനു കാരണമായ ചരിത്രം.
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഉച്ചക്കഞ്ഞിയും മുഴുവന്‍ ഫീസ് ഇളവു ചെയ്യുകയും ചെയ്യണം എന്ന്‍ 1922 ഫെബ്രുവരി 27ന് ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം വാദിച്ചു. ഉയര്‍ന്ന സാമ്പത്തിക നിലവാരമുള്ള മുസ്ലീം വിദ്യാർത്ഥികൾക്ക് പോലും ഫീസില്‍ പകുതി സൌജന്യം നല്‍കിയിരുന്ന സാഹചര്യത്തില്‍ പുലയക്കുട്ടികള്‍ക്ക് മുഴുവന്‍ സൗജന്യവും അനുവദിക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു.
“പുലയരാജാവെന്നു” തന്നെ വിശേഷിപ്പിച്ച മഹാത്മാ ഗാന്ധിയോട് “എന്‍റെ സമുദായത്തില്‍ നിന്നും പത്ത് ബിഎക്കാരുണ്ടായിക്കാണണം എന്നുള്ളതാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹം” എന്ന് വൈകാരികമായി അദ്ദേഹം പറഞ്ഞ് നിര്‍ത്തിയതില്‍ ഒരുപാട് വേദനകളുടെ പാഠങ്ങളുണ്ട്. കേരള ചരിത്രത്തില്‍ ഒരു നൂറ്റാണ്ട് നിറഞ്ഞു നിന്ന ഈ മനുഷ്യനെപ്പറ്റി ഒരു വാക്ക് പറയാതെ “മലയാളികളുടെ മാതൃഭൂമി”യെഴുതിയ ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട് പോലും ഒഴിഞ്ഞുനിന്നത് നവോത്ഥാനത്തട്ടിപ്പിലെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങളെ പൊതിഞ്ഞു വെയ്ക്കാന്‍ മാത്രമാണ്.
ചരിത്രത്തെ പോക്കറ്റടിക്കാന്‍ നടക്കുന്ന ഇന്റലക്ച്വൽ ഫ്രോഡുകളുള്ള കേരളത്തില്‍ ഇതൊക്കെ ഇടക്ക് ഓര്‍ക്കുന്നത് നല്ലതാണ്..അല്ലെങ്കില്‍ മാറ് മറയ്ക്കാന്‍ മാത്രമല്ല മലയാളിക്ക് മുള്ളാന്‍ പോലും അവകാശം നേടിത്തന്നത് തങ്ങളാണെന്നുപറഞ്ഞു പോക്കറ്റടിക്കാർ ഇനിയുമിറങ്ങും.
അവഗണനയുടെ കടമ്പകള്‍ കടന്ന് അവകാശപ്പോരാട്ടങ്ങളുടെ തീപ്പന്തമാകുന്ന ഏതൊരു കാര്യകര്‍ത്താവിനും മാതൃകയാണ് അയ്യന്‍കാളി ഗുരുദേവന്റെ ജീവിതം. ഇന്ന്‍ അദ്ദേഹത്തിന്റെ സ്മൃതിദിനത്തിൽ ഒരായിരം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
അവലംബങ്ങൾ
1. കേരളചരിത്രം, എ. ശ്രീധരൻ മേനോൻ, ഡി.സി. ബുക്സ്, 1967
2. Missing Chapter in the History of Universal Schooling, N. P. Chekkutty, 2005
3. മഹാത്മാ അയ്യൻകാളി: നവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രം, എ. ആർ. മോഹനകൃഷ്ണൻ, ബുദ്ധ ബുക്സ്, 2013
4. ഓർക്കപ്പെടാതെ ആ പ്രഖ്യാപനം, ജോർജ് മാത്യു, മലയാള മനോരമ
5. അടിയാളരുടെ വേദഗുരു, ഡോ. സുരേഷ് മാധവ്, കറന്റ് ബുക്സ്
6. ആചാര്യ അയ്യൻകാളി, ടി. എ. മാത്യൂസ്, അവന്തി പബ്ലിക്കേഷൻസ്
7. സദാനന്ദവിലാസം, ബ്രഹ്മനിഷ്ഠാ മഠം, 1906–1913 (വിവിധ ലക്കങ്ങൾ)
8. ശ്രീമൂലം പ്രജാസഭ നടപടിവിവരങ്ങൾ, തിരുവിതാംകൂർ സർക്കാർ, 1922
9. തിരുവിതാംകൂർ വിദ്യാഭ്യാസ ശാസനം, 1817
Leave a comment