നേരിട്ടറിയും മുൻപേ തന്നെ നമ്മളിൽ ചിലരോട് കടുത്ത വിദ്വേഷം തോന്നാറുണ്ട്. എന്റെ അത്തരം ആളുകളുടെ പട്ടികയിൽ വളരെക്കാലമായി ഏറ്റവും മുന്നിലുണ്ടായിരുന്ന പേരായിരുന്നു ഗുരു ഗോൾവൽക്കറുടേത്. അതിന് കാരണങ്ങളുമുണ്ടായിരുന്നു. വർഗ്ഗീയ കലാപങ്ങളിൽ ആർഎസ്എസിനുള്ള പങ്ക്, മഹാത്മാഗാന്ധിയുടെ വധം, ഇന്ത്യയെ ഒരു മതേതര രാജ്യത്തിൽ നിന്നും ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന അവരുടെ പ്രഖ്യാപനങ്ങൾ… ഒന്നും എനിക്ക് മറക്കാൻ കഴിയുമായിരുന്നില്ല. എങ്കിലും ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഈയൊരു അവസരം എനിക്ക് നിഷേധിക്കാൻ കഴിഞ്ഞില്ല.
യൂണിഫോം ധരിച്ച സ്വയംസേവകരുടെ ഒരു വലിയ സുരക്ഷാ വലയത്തിലേക്കായിരിക്കും ഞാൻ ചെന്നു കയറുക എന്നാണ് ഞാൻ കരുതിയത്. എന്നാൽ അവിടെ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. എന്തിന്, എന്റെ വണ്ടിയുടെ നമ്പർ കുറിച്ചെടുക്കാൻ സിഐഡി വേഷത്തിലുള്ള ഒരാളെ പോലും അവിടെ കണ്ടില്ല. അതൊരു സാധാരണ ഇടത്തരം അപ്പാർട്ട്മെന്റ് ആയിരുന്നു. ഉള്ളിൽ ഒരു പൂജ നടക്കുന്നുണ്ടെന്ന തോന്നുമാറ് പുറത്ത് വരിവരിയായി ചെരിപ്പുകൾ ഊരിയിട്ടിരിക്കുന്നു. അഗർബത്തിയുടെ സുഗന്ധം, അകത്തളങ്ങളിൽ നിന്നും സ്ത്രീകളുടെ അടക്കിപ്പിടിച്ച സംസാരങ്ങളും പാത്രങ്ങൾ കൈകാര്യം ചെയ്യുന്ന ഒച്ചകളും കേൾക്കാം. ചെറിയൊരു മുറിയിൽ കറകളില്ലാത്ത വെള്ള കുർത്തയും ധോത്തിയും ധരിച്ച ഡസനിലധികം പുരുഷന്മാർ ഇരിക്കുന്നുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ബ്രാഹ്മണർക്ക് മാത്രം സാധ്യമാകുന്ന തരത്തിൽ അത്രയേറെ വൃത്തിയോടെ അലക്കി വെളുപ്പിച്ച വസ്ത്രങ്ങൾ.
അവിടെയായിരുന്നു ഗുരു ഗോൾവൽക്കർ.. അറുപതുകളുടെ മധ്യത്തിലെത്തിയ ഒരു മെലിഞ്ഞ മനുഷ്യൻ. തോളൊപ്പം ചുരുണ്ടുകിടക്കുന്ന കറുത്ത മുടി, വായ മൂടിക്കിടക്കുന്ന മീശ, താടിയിൽ നിന്നും നീണ്ടു കിടക്കുന്ന നരച്ച താടിരോമങ്ങൾ. ബൈഫോക്കൽ കണ്ണടയ്ക്കുള്ളിലൂടെ തിളങ്ങുന്ന കറുത്ത കണ്ണുകളും ഒരിക്കലും മായാത്ത ഒരു പുഞ്ചിരിയും ആ മുഖത്തുണ്ടായിരുന്നു. സ്തനാർബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് അടുത്തിടെ മാത്രം വിധേയനായ ഒരാളാണെന്ന് തോന്നാത്ത വിധം അദ്ദേഹം അങ്ങേയറ്റം ആരോഗ്യവാനും പ്രസന്നനുമായി കാണപ്പെട്ടു. കണ്ടപ്പോൾ എനിക്ക് തോന്നിയത് അദ്ദേഹം ഒരു “ഇന്ത്യൻ ഹോ ചി മിൻ” നെപ്പോലെ ഇരിക്കുന്നു എന്നാണ്.
അദ്ദേഹം ഒരു ഗുരുവായതുകൊണ്ട് തന്നെ, ഒരു ശിഷ്യനെപ്പോലെയുള്ള വണക്കം അദ്ദേഹം എന്നിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടാകാം എന്ന് എനിക്ക് തോന്നി. എന്നാൽ അതിനൊന്നും അദ്ദേഹം എനിക്ക് അവസരം നൽകിയില്ല. ഞാൻ അദ്ദേഹത്തിന്റെ പാദങ്ങൾ തൊട്ട് വന്ദിക്കാൻ കുനിഞ്ഞതും, തന്റെ മെലിഞ്ഞ വിരലുകളാൽ അദ്ദേഹം എന്റെ കൈകളിൽ പിടിച്ചുകയറ്റി, എന്നെ തടഞ്ഞു. എന്നിട്ട് സ്നേഹത്തോടെ വലിച്ച് അദ്ദേഹത്തിനരികിലെ ഇരിപ്പിടത്തിൽ ഇരുത്തി.
“താങ്കളെ കാണാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്,” അദ്ദേഹം പറഞ്ഞു. “വളരെക്കാലമായി ഞാൻ ഇതിനായി ആഗ്രഹിക്കുന്നു.”
അദ്ദേഹത്തിന്റെ ഹിന്ദി തികച്ചും ശുദ്ധമായിരുന്നു.
“എനിക്കും,” ഞാൻ പരുങ്ങലോടെ മറുപടി നൽകി. “താങ്കളുടെ ‘ബഞ്ച് ഓഫ് ലെറ്റേഴ്സ്’ വായിച്ചതുമുതൽ…”
“‘ബഞ്ച് ഓഫ് തോട്ട്സ്’,” അദ്ദേഹം എന്നെ തിരുത്തി. ആ പുസ്തകത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം അറിയാൻ അദ്ദേഹം താല്പര്യപ്പെട്ടില്ല. പകരം എന്റെ ഒരു കൈ തന്റെ കൈക്കുള്ളിലാക്കി പതുക്കെ തട്ടിക്കൊണ്ട് ചോദിച്ചു: “പറയൂ?” അദ്ദേഹം ആകാംക്ഷയോടെ എന്നെ നോക്കി.
“എവിടെ നിന്ന് തുടങ്ങണം എന്ന് എനിക്കറിയില്ല. താങ്കളുടെ സംഘടന പരസ്യപ്രചാരണങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്ന ഒന്നാണെന്നും വളരെ രഹസ്യസ്വഭാവമുള്ളതാണെന്നും കേട്ടിട്ടുണ്ട്.”
“ഞങ്ങൾ പരസ്യപ്രചാരണം ആഗ്രഹിക്കുന്നില്ല എന്നത് സത്യമാണ്, എന്നാൽ ഞങ്ങളിൽ ഒളിച്ചുവെക്കാൻ തക്കതായ യാതൊരു രഹസ്യവുമില്ല. താങ്കൾക്ക് എന്നോട് എന്ത് വേണമെങ്കിലും ചോദിക്കാം.”
“ജാക്ക് കുറാന്റെ ‘The RSS and Hindu Militarism’ എന്ന പുസ്തകത്തിൽ താങ്കളുടെ പ്രസ്ഥാനത്തെക്കുറിച്ച് ഞാൻ വായിച്ചിരുന്നു. അതിൽ പറയുന്നത്…”
“അതൊരു പക്ഷപാതപരമായ വിവരണമാണ്,” ഗുരുജി എന്റെ വാക്കുകളെ തടസ്സപ്പെടുത്തിക്കൊണ്ട് പറഞ്ഞു. “അനീതി നിറഞ്ഞതും തെറ്റായതുമായ കാര്യങ്ങൾ… അദ്ദേഹം എന്നെയും മറ്റു പലരെയും തെറ്റായി ഉദ്ധരിച്ചിരിക്കുകയാണ്. ഞങ്ങളുടെ പ്രസ്ഥാനത്തിൽ സൈനികവൽക്കരണം ഇല്ല. ഞങ്ങൾ വിലമതിക്കുന്നത് അച്ചടക്കത്തെയാണ്… അത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്.”
കുറാൻ യൂറോപ്പിലും ആഫ്രിക്കയിലും സിഐഎ പ്രവർത്തനങ്ങളുടെ തലവനായിരുന്നു എന്ന് വിവരിക്കുന്ന ഒരു ലേഖനം ഞാൻ വായിച്ചിരുന്ന കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. “ഞാൻ ഇത് ഒരിക്കലും സംശയിച്ചിരുന്നില്ല,” തികച്ചും നിഷ്കളങ്കമായി ഞാൻ പറഞ്ഞു. “കഴിഞ്ഞ ഇരുപത് വർഷമായി എനിക്ക് അദ്ദേഹത്തെ അറിയാവുന്നതാണ്.”
ഗുരുജി എന്നെ നോക്കി പുഞ്ചിരിച്ചു. “ഇത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല,” അദ്ദേഹം പറഞ്ഞു. ആ പരാമർശം കുറാൻ സിഐഎ ആണെന്നതിനെക്കുറിച്ചായിരുന്നോ അതോ എന്റെ നിഷ്കളങ്കതയെക്കുറിച്ചായിരുന്നോ എന്ന് എനിക്ക് മനസ്സിലായില്ല.
“ആർ.എസ്.എസിനെക്കുറിച്ച് എന്നെ അലട്ടുന്ന ഒരു കാര്യമുണ്ട്. താങ്കൾ അനുവദിക്കുകയാണെങ്കിൽ ഞാൻ അത് തികച്ചും തുറന്നു പറയാം.”
“ധൈര്യമായി പറയൂ!”
“ന്യൂനപക്ഷങ്ങളോടുള്ള താങ്കളുടെ നിലപാടാണ് അത്, പ്രത്യേകിച്ചും ക്രിസ്ത്യാനികളോടും മുസ്ലീങ്ങളോടും.”
“മതപരിവർത്തനത്തിനായി അവർ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളോടല്ലാതെ, ക്രിസ്ത്യാനികളോട് ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. രോഗികൾക്ക് മരുന്ന് നൽകുമ്പോഴോ വിശക്കുന്നവർക്ക് ആഹാരം നൽകുമ്പോഴോ ആ സാഹചര്യം മുതലെടുത്ത് അവർക്കിടയിൽ മതം പ്രചരിപ്പിക്കാൻ അവർ ശ്രമിക്കരുത്. ഇന്ത്യൻ ചർച്ചുകളെ വത്തിക്കാന്റെ നിയന്ത്രണങ്ങളിൽ നിന്നും മാറ്റി സ്വതന്ത്രമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നു എന്നറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.”
“അപ്പോൾ മുസ്ലീങ്ങളുടെ കാര്യമോ?”
“അവരുടെ കാര്യത്തിൽ എന്താണ്?”
“പല മുസ്ലീങ്ങൾക്കും ഇന്ത്യയോടും പാകിസ്താനോടും ഇരട്ട വിശ്വസ്തതയുണ്ടെന്ന ചിന്ത പലരുടെയും മനസ്സിലുണ്ട്. അതിന് ചരിത്രപരമായ കാരണങ്ങളുണ്ടെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. അതിന് മുസ്ലീങ്ങളെപ്പോലെ തന്നെ ഹിന്ദുക്കളും കുറ്റക്കാരാണ്. വിഭജനത്തിന് ശേഷം തങ്ങൾ അനുഭവിച്ച അരക്ഷിതാവസ്ഥയിൽ നിന്നുമാണ് അത് ഉണ്ടാകുന്നത്. എന്തായാലും, കുറച്ചുപേർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്താൻ കഴിയില്ലല്ലോ.”
“ഗുരുജി, ആറുകോടി ഇന്ത്യൻ മുസ്ലീങ്ങളാണ് നമുക്കൊപ്പമുള്ളത്,” ഞാൻ അല്പം വികാരാധീനനായി സംസാരിച്ചു തുടങ്ങി. “നമുക്ക് അവരെ ഇല്ലാതാക്കാൻ കഴിയില്ല, അവരെ ഇവിടുന്ന് ഓടിച്ചു വിടാനും കഴിയില്ല, അവരെ മതം മാറ്റാനും കഴിയില്ല. ഇത് അവരുടെയും വീടാണ്. അവർ ഇവിടെ സുരക്ഷിതരാണെന്ന് നമ്മൾ ഉറപ്പുവരുത്തണം.. അവർക്ക് നമ്മൾ വേണമെന്ന തോന്നൽ ഉണ്ടാക്കണം. സ്നേഹം കൊണ്ട് വേണം നമ്മൾ അവരെ കീഴടക്കാൻ. ഇത് ഒരു…”
“ഞാൻ ഈ ക്രമം നേരെ തിരിക്കും,” അദ്ദേഹം എന്നെ തടസ്സപ്പെടുത്തി. “സത്യം പറഞ്ഞാൽ, മുസ്ലീങ്ങളോടുള്ള ഒരേയൊരു ശരിയായ നയം സ്നേഹം കൊണ്ട് അവരുടെ വിശ്വസ്തത നേടിയെടുക്കുക എന്നതാണെന്ന് ഞാൻ പറയും.”
ഞാൻ ഒരു നിമിഷം സ്തബ്ധനായിപ്പോയി. അദ്ദേഹം വെറുതെ വാക്കുകൾ കൊണ്ട് കളിക്കുകയാണോ? അതോ അദ്ദേഹം ഉദ്ദേശിച്ചത് തന്നെയാണോ ഈ പറയുന്നത്? അദ്ദേഹം തന്റെ പ്രസ്താവന വിശദീകരിച്ചു: “ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രതിനിധി സംഘം എന്നെ കാണാൻ വന്നിരുന്നു. ഞാൻ അവരോട് പറഞ്ഞു.. മുസ്ലീങ്ങൾ തങ്ങൾ ഒരിക്കൽ ഇന്ത്യ ഭരിച്ചിരുന്നവരാണെന്ന കാര്യം മറക്കണം. അവർ വിദേശ മുസ്ലീം രാജ്യങ്ങളെ തങ്ങളുടെ മാതൃരാജ്യമായി കാണരുത്. അവർ ഭാരതീയതയുടെ മുഖ്യധാരയിലേക്ക് വരണം.”
“എങ്ങനെ?”
“നമ്മൾ കാര്യങ്ങൾ അവർക്ക് വിശദീകരിച്ചു കൊടുക്കണം. ചിലപ്പോഴൊക്കെ മുസ്ലീങ്ങൾ ചെയ്യുന്ന കാര്യങ്ങളോട് ദേഷ്യം തോന്നാം, എന്നാൽ ഹിന്ദുക്കളുടെ രക്തത്തിൽ ആരോടും ദീർഘകാലം വിദ്വേഷം വെച്ചുകൊണ്ടിരിക്കാനുള്ള സ്വഭാവമില്ല.”
“കാലം ഒരു വലിയ വൈദ്യനാണ്. ഞാൻ ഒരു ശുഭാപ്തിവിശ്വാസിയാണ്, ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം ഒത്തുപോവാൻ പഠിക്കുമെന്ന് തന്നെ ഞാൻ കരുതുന്നു.”
അപ്പോഴേക്കും ചായയെത്തി. ചായ കുടിക്കാൻ ഗുരുജി ഉപയോഗിച്ച ഗ്ലാസ് മഗ്ഗ് എന്റെ ശ്രദ്ധ തിരിച്ചു. മറ്റുള്ളവരെപ്പോലെ എന്തുകൊണ്ടാണ് അദ്ദേഹം പോർസലൈൻ കപ്പുകളിൽ ചായ കുടിക്കാത്തത് എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഞാൻ എവിടെപ്പോയാലും ഈ മഗ്ഗ് കൂടെക്കൂട്ടാറുണ്ട്, എപ്പോഴും ഇതിലാണ് കുടിക്കാറുള്ളത്.”
ആർഎസ്എസിനായി ജീവിതം സമർപ്പിച്ച അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായിയായ ഡോ. തട്ടെ അതിന് കാരണം വിശദീകരിച്ചു: “പോർസലൈൻ പാത്രങ്ങൾ ഉപയോഗിക്കുന്തോറും അതിന്റെ തിളക്കം നഷ്ടപ്പെടുകയും ഉള്ളിലെ കളിമണ്ണ് പുറത്തുവരുകയും ചെയ്യും. ആ കളിമണ്ണിൽ അണുക്കൾ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്.”
ഞാൻ വീണ്ടും എന്റെ വിഷയത്തിലേക്ക് തന്നെ മടങ്ങി വന്നു.
“ലോകം മുഴുവൻ മതമില്ലായ്മയിലേക്കും അജ്ഞേയവാദത്തിലേക്കും തിരിയുമ്പോൾ താങ്കൾ എന്തുകൊണ്ടാണ് മതത്തിൽ ഇത്രയധികം വിശ്വാസമർപ്പിക്കുന്നത്?”
“ഹിന്ദുമതം ശക്തമായ അടിത്തറയുള്ളതാണ്, കാരണം അതിന് പ്രത്യേകിച്ചൊരു മതപ്രമാണമോ നിർബന്ധിത നിയമങ്ങളോ ഇല്ല. ഇതിനു മുൻപും അത് അജ്ഞേയവാദികളെ കണ്ടിട്ടുണ്ട്. മറ്റേതൊരു മതവ്യവസ്ഥയേക്കാളും നന്നായി ഈ നിരീശ്വരവാദ തരംഗത്തെ അതിജീവിക്കാൻ അതിന് കഴിയും.”
“താങ്കൾക്ക് എങ്ങനെയാണ് അത് പറയാൻ കഴിയുക? തെളിവുകൾ നേരെ തിരിച്ചാണല്ലോ. ഇന്ന് ലോകത്ത് ശക്തമായി നിലനിൽക്കുന്നതും ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നതുമായ മതങ്ങൾ കടുത്ത മതപ്രമാണങ്ങളിൽ അധിഷ്ഠിതമായ കത്തോലിക്കാ മതവും ഇസ്‌ലാം മതവുമൊക്കെയാണ്.”
“അതൊരു താൽക്കാലിക പ്രതിഭാസം മാത്രമാണ്. അജ്ഞേയവാദം അവയെ വിഴുങ്ങും, എന്നാൽ അത് ഹിന്ദുമതത്തെ ബാധിക്കില്ല. നിഘണ്ടുക്കളിൽ പറയുന്ന അർത്ഥത്തിലുള്ള ഒരു മതമല്ല നമ്മുടേത്; ഇതൊരു ധർമ്മമാണ്, ഒരു ജീവിതരീതിയാണ്. അജ്ഞേയവാദത്തെ വളരെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ ഹിന്ദുമതത്തിന് സാധിക്കും.”
ഞാൻ ഗുരുജിയുടെ വിലപ്പെട്ട സമയത്തിൽ നിന്നും പകുതിയിലധികം മണിക്കൂറുകൾ എടുത്തു കഴിഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് ഒട്ടും തന്നെ അക്ഷമ പ്രകടമായിരുന്നില്ല. ഞാൻ പോകാനായി എഴുന്നേറ്റപ്പോൾ, വീണ്ടും എന്റെ കൈകളിൽ പിടിച്ചുകൊണ്ട് അദ്ദേഹം എന്നെ പാദങ്ങളിൽ തൊട്ട് വന്ദിക്കുന്നതിൽ നിന്നും വിലക്കി.
എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയോ? തോന്നി എന്ന് തന്നെ ഞാൻ സമ്മതിക്കുന്നു. തന്റെ വീക്ഷണങ്ങൾ എന്റെ മേൽ അടിച്ചേൽപ്പിക്കാൻ അദ്ദേഹം ശ്രമിച്ചതേയില്ല. താൻ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹം തയ്യാറാണെന്ന ഒരു തോന്നൽ എന്നിൽ ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നാഗ്പൂരിലെ അവരുടെ ആസ്ഥാനം സന്ദർശിക്കാനും കാര്യങ്ങൾ നേരിട്ട് കണ്ടുമനസ്സിലാക്കാനുമുള്ള അദ്ദേഹത്തിന്റെ ക്ഷണം ഞാൻ സ്വീകരിച്ചു. ഒരുപക്ഷേ, ഹിന്ദു-മുസ്ലീം ഐക്യമാണ് ആർഎസ്എസിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിക്കാൻ എനിക്ക് കഴിഞ്ഞേക്കും… അതോ ഞാൻ വെറുമൊരു നിഷ്കളങ്കനായ സർദാർജി മാത്രമാണോ?
Reference:
Guru Golwalkar, God & His Messengers (1972)
From ‘Me, the Jokerman: Enthusiasms, Rants and Obsessions’
Written by Khushwant Singh
Leave a comment