ചെങ്കോട്ടൈ വാഞ്ചി അയ്യർ: മലയാളികളുടെ വീരവാഞ്ചി

ആ രംഗം ഒരു മികച്ച ചരിത്ര സിനിമയിലെന്ന പോലെ ഉദ്വേഗഭരിതമായിരുന്നു…

1911 ജൂൺ 17ലെ പുലർകാലത്ത്.

തിരുനെൽവേലി-മണിയാച്ചി മെയിൽ ട്രെയിൻ മണിയാച്ചി ജംഗ്ഷന്റെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ കിടക്കുകയാണ്. തൂത്തുക്കുടിയിൽ നിന്നുള്ള ഇന്തോ-സിലോൺ ബോട്ട് മെയിലിന്റെ വരവും കാത്താണ് ആ കിടപ്പ്. ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിൽ തിരുനെൽവേലി ഡിസ്ട്രിക്റ്റ് കളക്ടർ റോബർട്ട് വില്യം ഡി എസ്കോർട്ട് ആഷെയും ഭാര്യ മേരിയും ഇരിപ്പുണ്ടായിരുന്നു. വേനലവധി ആഘോഷിക്കാൻ തങ്ങൾക്ക് മുന്നേ കൊടൈക്കനാലിലേക്ക് തിരിച്ച മക്കളെ കാണാനുള്ള യാത്രയിലായിരുന്നു അവർ.

ആ സമയം കഷ്ടിച്ച് 25 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു യുവാവ് ആ കമ്പാർട്ടുമെന്റിലേക്ക് നടന്നുചെന്നു. പരമ്പരാഗതമായ പഞ്ചകച്ചവും കോട്ടുമണിഞ്ഞ ആ ചെറുപ്പക്കാരന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. വണ്ടിക്കുള്ളിലേക്ക് കയറിയ അയാൾ കളക്ടറെ നോക്കി അഭിസംബോധന ചെയ്തു:

“ഗുഡ് മോർണിംഗ്, ആഷെ”

അനുവാദമില്ലാതെ അകത്തുകയറിയ അപരിചിതനോട് പുറത്തുപോകാൻ ആഷെ രോഷത്തോടെ ആജ്ഞാപിച്ചു. എന്നാൽ ആ യുവാവ് അവിടെനിന്നും അനങ്ങിയില്ല. പകരം, തന്റെ കോട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന ബ്രൗണിംഗ് ഓട്ടോമാറ്റിക് പിസ്റ്റൾ പുറത്തെടുത്ത് തൊട്ടടുത്തുനിന്ന് അയാൾ ആഷെയ്ക്ക് നേരെ വെടിയുതിർത്തു. ഭയന്നുവിറച്ച ഭാര്യയുടെ കണ്ണുകൾക്ക് മുന്നിലേക്ക് ആ കളക്ടർ ചോരയൊലിപ്പിച്ചു വീണു.

വെടിയുതിർത്തയുടൻ വാഞ്ചി കമ്പാർട്ടുമെന്റിൽ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങി ഓടി. അയാളെ പിടികൂടാൻ പിന്നാലെ ഓടിയവർ അയാളുടെ കയ്യിലെ തോക്ക് കണ്ട് ഭയന്നുപിന്മാറി. ആദ്യം ഒരു സ്ത്രീകളുടെ ശൗചാലയത്തിൽ കയറിയ അയാൾ, അത് മാറിപ്പോയതാണെന്ന് മനസ്സിലാക്കി തൊട്ടടുത്തുള്ള പുരുഷന്മാരുടെ ശൗചാലയത്തിലേക്ക് കയറി അകത്തുനിന്നും വാതിലടച്ചു.

നിമിഷങ്ങൾക്കകം അവിടെയൊരു വെടിയൊച്ച കൂടി മുഴങ്ങി.

പിന്നീട് പോലീസ് വാതിൽ പൊളിച്ചു നോക്കുമ്പോൾ അയാൾ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു. ശത്രുക്കളുടെ കയ്യാൽ പിടിക്കപ്പെടുന്നതിനേക്കാൾ മരണം തിരഞ്ഞെടുത്ത ആ ധീരൻ, തോക്ക് സ്വന്തം വായിലേക്ക് വെച്ച് വെടിയുതിർക്കുകയായിരുന്നു. മരിച്ചുകിടക്കുമ്പോഴും ആ ആയുധം അയാളുടെ കൈകളിൽ തന്നെയുണ്ടായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ അയാളുടെ പോക്കറ്റിൽ നിന്നും ഒരു കത്ത് കണ്ടെടുത്തു. അതിലെ വരികൾ ഇങ്ങനെയായിരുന്നു:

“എന്റെ മാതൃഭൂമിക്കായുള്ള ഒരു ചെറിയ സമർപ്പണമായി ഞാൻ എന്റെ ജീവിതം നൽകുന്നു. ഇതിന് ഞാൻ മാത്രമാണ് ഉത്തരവാദി.

ഇംഗ്ലണ്ടിലെ മ്ലേച്ഛന്മാർ നമ്മുടെ രാജ്യം പിടിച്ചടക്കി, ഹിന്ദുക്കളുടെ സനാതന ധർമ്മത്തെ ചവിട്ടിമെതിച്ച് നശിപ്പിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും ഇംഗ്ലീഷുകാരെ തുരത്തി സ്വരാജ്യം നേടാനും സനാതന ധർമ്മം പുനഃസ്ഥാപിക്കാനും ശ്രമിക്കുന്നുണ്ട്. നമ്മുടെ രാമനും ശിവാജിയും കൃഷ്ണനും ഗുരു ഗോവിന്ദും അർജ്ജുനനുമെല്ലാം എല്ലാ ധർമ്മങ്ങളും സംരക്ഷിച്ച് ഈ മണ്ണ് ഭരിച്ചവരാണ്. എന്നാൽ ഇപ്പോൾ ഇതേ മണ്ണിൽ പശുവിറച്ചി തിന്നുന്ന ഒരു മ്ലേച്ഛനായ ജോർജ്ജ് അഞ്ചാമനെ രാജാവായി വാഴിക്കാൻ അവർ ഒരുങ്ങുന്നു.

ജോർജ്ജ് അഞ്ചാമൻ ഈ രാജ്യത്ത് കാലുകുത്തുന്ന നിമിഷം തന്നെ അദ്ദേഹത്തെ വധിക്കാൻ മൂവായിരം മദ്രാസികൾ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഞങ്ങളുടെ ഉദ്ദേശ്യം മറ്റുള്ളവരെ അറിയിക്കാൻ വേണ്ടി, ഈ കൂട്ടത്തിലെ ഏറ്റവും നിസ്സാരനായ ഞാൻ ഇന്ന് ഈ പ്രവൃത്തി ചെയ്തിരിക്കുന്നു. ഹിന്ദുസ്ഥാനിലെ ഓരോരുത്തരും ഇത് തന്റെ കടമയായി കരുതണം.

ഒരുകാലത്ത് വലിയ ചക്രവർത്തിമാർ ഭരിച്ചിരുന്ന ഈ പുണ്യഭൂമിയിൽ, പശുവിറച്ചി തിന്നുന്ന ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണം ആഘോഷിക്കാൻ പോകുന്ന ആഷെയെ ഞാൻ വധിക്കും. ഈ പവിത്രമായ മണ്ണെ അടിമപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ വിധി എന്തായിരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്.

അവരിലെ ഏറ്റവും നിസ്സാരനായ ഞാൻ, ആഷെയെ കൊന്നുകൊണ്ട് ജോർജ്ജ് രാജാവിന് ഒരു മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു.

വന്ദേമാതരം. വന്ദേമാതരം. വന്ദേമാതരം.

ആർ. വാഞ്ചി അയ്യർ, ചെങ്കോട്ടൈ”

വാഞ്ചിനാഥൻ

ചെങ്കോട്ടയിലെ ബാല്യവും ആദ്യകാല ജീവിതവും

1886ൽ അന്നത്തെ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന ചെങ്കോട്ടയിലാണ് വാഞ്ചിനാഥൻ ജനിക്കുന്നത്. രഘുപതി അയ്യരുടെയും രുക്മിണി അമ്മാളുടെയും മകനായി ജനിച്ച ഒരുകാലത്ത് എല്ലാവരും സ്നേഹത്തോടെ ‘വാഞ്ചി’ എന്ന് വിളിച്ച ആ കുട്ടിയുടെ യഥാർത്ഥ പേര് ശങ്കരൻ എന്നായിരുന്നു. ചെങ്കോട്ടയിലെ ക്ഷേത്രത്തിൽ ഒരു ‘മണിയം’ (ക്ഷേത്രവിചാരിപ്പുകാരൻ) ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. രണ്ട് ആൺകുട്ടികളും നാല് പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിലെ മൂത്ത മകനായിരുന്നു വാഞ്ചി.

ചെങ്കോട്ടയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വാഞ്ചി ഉപരിപഠനത്തിനായി തിരുവനന്തപുരത്തേക്ക് പോയി. തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ അദ്ദേഹം പൊന്നമ്മാളെ വിവാഹം കഴിച്ചു. പിന്നീട് പുനലൂരിലെ തിരുവിതാംകൂർ ഗവൺമെന്റിന്റെ വനംവകുപ്പിൽ ഫോറസ്റ്റ് ഗാർഡായി ജോലിയിൽ പ്രവേശിച്ചു. മാതൃഭാഷയായ തമിഴിന് പുറമെ മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു.

തിരുനെൽവേലിയെ ഉലച്ച രാഷ്ട്രീയ കൊടുങ്കാറ്റ്

വാഞ്ചി ജീവിച്ചതും ജോലി ചെയ്തതും തിരുവിതാംകൂറിലാണെങ്കിലും, അയൽ ജില്ലകളായ തിരുനെൽവേലിയിലും തൂത്തുക്കുടിയിലും ആഞ്ഞടിച്ച രാഷ്ട്രീയ കൊടുങ്കാറ്റുകൾ അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ ദേശീയ ഉണർവിന്റെ കേന്ദ്രബിന്ദു വി. ഒ. ചിദംബരം പിള്ളയായിരുന്നു.

കപ്പലോട്ടിയ തമിഴൻ – വി.ഒ.സി പിള്ള


‘സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി’ എന്ന പേരിൽ ഒരു കപ്പൽ കമ്പനി രൂപീകരിച്ചുകൊണ്ട്, തൂത്തുക്കുടി-കൊളംബോ റൂട്ടിലെ ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ കമ്പനിയുടെ കുത്തകയെ ചിദംബരം പിള്ള നേരിട്ട് വെല്ലുവിളിച്ചു. അതോടൊപ്പം കോറൽ മില്ലിലെ തൊഴിലാളികളുടെ പണിമുടക്ക് വിജയകരമായി നയിച്ചതോടെ അദ്ദേഹം ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി മാറി. ഈ പ്രവർത്തനങ്ങൾ കൊളോണിയൽ ഭരണകൂടത്തെ ഭയപ്പെടുത്തുകയും, അവർ അദ്ദേഹത്തെ വലിയൊരു രാഷ്ട്രീയ ഭീഷണിയായി കാണാൻ തുടങ്ങുകയും ചെയ്തു.

ബ്രിട്ടീഷ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം, തിരുനെൽവേലിയിലും തൂത്തുക്കുടിയിലും ആഞ്ഞടിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ അലയൊലികളെ ചോരയിൽ മുക്കിക്കൊല്ലാൻ മുന്നിൽ നിന്നത് ആഷെ ആയിരുന്നു. വി. ഒ. ചിദംബരം പിള്ള ബ്രിട്ടീഷ് കുത്തകയ്ക്ക് ബദലായി ‘സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി’ ആരംഭിച്ചപ്പോൾ, അതിനെ തകർക്കാൻ ആഷെ തന്റെ സർവ്വ അധികാരങ്ങളും ഉപയോഗിച്ചു. സ്വദേശി കപ്പൽ കമ്പനിക്ക് വൻ ജനപിന്തുണ ലഭിച്ചതോടെ ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ കമ്പനിയുടെ നിലനിൽപ്പ് അപകടത്തിലാവുകയും, ഇത് ആഷെയെ കൂടുതൽ പ്രകോപിതനാക്കുകയും ചെയ്തു.

തുടർന്ന് 1908 ഫെബ്രുവരിയിൽ തൂത്തുക്കുടിയിലെ കോറൽ മില്ലിൽ ആയിരത്തോളം തൊഴിലാളികൾ നടത്തിയ പണിമുടക്ക് സമരത്തെ നേരിടാൻ ആഷെ പ്രവിശ്യയിൽ കടുത്ത നിരോധനാജ്ഞ (Section 144) പ്രഖ്യാപിക്കുകയും കൂടുതൽ പോലീസിനെ ഇറക്കി തൊഴിലാളികളെ ഭയപ്പെടുത്തുകയും ചെയ്തു. ഈ സമരം ഒടുവിൽ തൊഴിലാളികളുടെ വിജയത്തിലാണ് അവസാനിച്ചതെങ്കിലും, സ്വദേശി പ്രസ്ഥാനത്തിന്റെ ഈ മുന്നേറ്റം ആഷെ തന്റെ വ്യക്തിപരമായ പരാജയമായിട്ടാണ് കണ്ടത്.

കാക്കോരിയിലെ വിപ്ലവകാരിയും പിൽക്കാലത്ത് ചരിത്രകാരനുമായി മാറിയ മന്മഥനാഥ ഗുപ്ത തന്റെ പുസ്തകത്തിൽ നിരീക്ഷിക്കുന്നത് പോലെ:
“ബിപിൻ ചന്ദ്ര പാലിന്റെ സന്ദർശനത്തിന്റെ ഫലമായാണ് വിപ്ലവ വീര്യങ്ങൾ മദ്രാസിലേക്ക് വഴിതുറക്കുന്നത്.”

1907ലെ ആ പര്യടനത്തിലുടനീളം ബിപിൻ ചന്ദ്ര പാൽ സ്വരാജ്, സ്വദേശി പ്രസ്ഥാനം, വിദേശ ഉൽപ്പന്ന ബഹിഷ്കരണം എന്നിവയെക്കുറിച്ച് ആവേശഭരിതമായി സംസാരിച്ചു. ഈ പ്രസംഗങ്ങൾ യുവാക്കളെ എത്രത്തോളം സ്വാധീനിച്ചെന്നാൽ, രാജമുദ്രി ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾ ഇതിന്റെ പേരിൽ ശക്തമായ സമരം വരെ നടത്തി. വന്ദേമാതരം ആലപിച്ചതിന്റെ പേരിൽ 138 വിദ്യാർത്ഥികളെ ബ്രിട്ടീഷുകാരനായ കോളേജ് പ്രിൻസിപ്പൽ പുറത്താക്കി. അതിനെതിരെ ശക്തമായ പ്രക്ഷോഭം തന്നെ ആന്ധ്രയിൽ നടന്നു. ജനങ്ങൾ ബിപിൻ ചന്ദ്ര പാലിനെ സ്നേഹത്തോടെ ‘സ്വരാജിന്റെ സിംഹം’ എന്ന് വിളിച്ചു.

1908 മാർച്ചിൽ ബിപിൻ ചന്ദ്ര പാലിന്റെ ജയിൽമോചനം ‘സ്വരാജ്യ ദിന’മായി ആഘോഷിക്കാൻ തീരുമാനിച്ചു. അധികാരികൾ അനുമതി നിഷേധിച്ചിട്ടും വി.ഒ.സി, സുബ്രഹ്മണ്യ ശിവ, പത്മനാഭ അയ്യങ്കാർ എന്നിവർ ദേശസ്നേഹ പ്രസംഗങ്ങളുമായി മുന്നോട്ടുപോയി. തുടർന്ന് 1908 മാർച്ച് 12ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തു. ഈ ജനപ്രിയ നേതാക്കളുടെ അറസ്റ്റിനെത്തൂട്ടർന്ന് തിരുനെൽവേലിയിൽ വൻ ജനകീയ കലാപം പൊട്ടിപ്പുറപ്പെട്ടു. കോപാകുലരായ ജനക്കൂട്ടം തെരുവിലിറങ്ങുകയും സബ് രജിസ്ട്രാർ ഓഫീസ് ഒഴികെയുള്ള എല്ലാ സർക്കാർ കെട്ടിടങ്ങളും ആക്രമിക്കുകയും മുൻസിപ്പൽ ഓഫീസ് ഉൾപ്പെടെയുള്ളവയ്ക്ക് തീയിടുകയും ചെയ്തു. ഈ ജനമുന്നേറ്റത്തെ അടിച്ചമർത്താൻ അന്ന് തൂത്തുക്കുടി സബ് കളക്ടറായിരുന്ന ആഷെയുടെ നേരിട്ടുള്ള ഉത്തരവിലാണ് പോലീസ് കനത്ത മർദ്ദനവും വെടിവെയ്പ്പും അഴിച്ചുവിട്ടത്. കളക്ടർ എൽ.എം. വിഞ്ചിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിലായിരുന്നു അറസ്റ്റ്. ഈ ക്രൂരതകളുടെ ഫലമായി ഇരുപത്തിയേഴോളം തദ്ദേശീയരായ വ്യക്തികളെയാണ് അന്ന് കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിച്ചത്.

ഈ അറസ്റ്റ് തിരുനെൽവേലിയിലും തൂത്തുക്കുടിയിലും വലിയ ജനരോഷത്തിന് കാരണമായി. സർക്കാർ കെട്ടിടങ്ങൾ ആക്രമിക്കപ്പെടുകയും ടെലിഗ്രാഫ് ലൈനുകൾ തകർക്കപ്പെടുകയും ചെയ്തു. എന്നാൽ ആഷെയുടെ നേതൃത്വത്തിൽ പോലീസ് ഈ ജനകീയ മുന്നേറ്റത്തെ അതിക്രൂരമായിട്ടാണ് അടിച്ചമർത്തിയത്. പോലീസിന്റെ വെടിവെപ്പിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. സമരത്തിന് പിന്നാലെ ജനങ്ങൾക്ക് മേൽ വലിയ നികുതികളും പിഴകളും ചുമത്തപ്പെട്ടു. വി.ഒ.സിക്കും സുബ്രഹ്മണ്യ ശിവയ്ക്കും ക്രൂരമായ കഠിനതടവാണ് കോടതി വിധിച്ചത്.

മാത്രമല്ല, വി.ഒ.സിയുടെ സ്വദേശി കപ്പൽ കമ്പനിയെ തകർക്കാൻ ആഷെ സർവ്വശക്തിയും ഉപയോഗിച്ചു. കപ്പലുകൾക്ക് പോർട്ട് അനുമതി നിഷേധിക്കുക, കസ്റ്റംസ്-മെഡിക്കൽ ക്ലിയറൻസുകൾ വൈകിപ്പിക്കുക, ഷെയർഹോൾഡർമാരെയും വ്യാപാരികളെയും ഭീഷണിപ്പെടുത്തുക തുടങ്ങിയ കുതന്ത്രങ്ങളിലൂടെ ഒടുവിൽ ആ സ്വദേശി സംരംഭത്തെ ബ്രിട്ടീഷുകാർ പൂട്ടിപ്പിച്ചു.
തന്റെ ഈ ക്രൂരമായ നടപടികൾ കാരണം വിപ്ലവകാരികളുടെ കണ്ണിലെ ഏറ്റവും വലിയ ശത്രുവായി ആഷെ മാറി. ഇതിന് പിന്നാലെ അദ്ദേഹത്തിന് തിരുനെൽവേലി കളക്ടറായി പ്രമോഷൻ ലഭിച്ചത് ജനങ്ങൾക്കിടയിലെ അമർഷം ഇരട്ടിയാക്കി.

ഭാരത മാതാ സംഘവും പുതുച്ചേരിയിലെ പരിശീലനവും

ഈ സംഭവങ്ങൾ ചെങ്കോട്ടയിലിരുന്ന വാഞ്ചിയുടെ ചോര തിളപ്പിച്ചു. മാതൃഭൂമിയുടെ മോചനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ച അദ്ദേഹം വിപ്ലവ സംഘാടകനായ എരുക്കൂർ നീലകണ്ഠ ബ്രഹ്മചാരിയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പോണ്ടിച്ചേരിയിലെ പത്രപ്രവർത്തകനും വിപ്ലവകാരിയുമായിരുന്ന നീലകണ്ഠൻ യുവാക്കളെ സംഘടിപ്പിച്ച് ‘ഭാരത മാതാ സംഘം’ എന്നൊരു രഹസ്യ സംഘടന രൂപീകരിച്ചിട്ടുണ്ടായിരുന്നു.

തെങ്കാശിയിലുള്ള ‘മഠത്തുക്കടൈ’ ചിദംബരം പിള്ളയുടെ വീട്ടിൽ വെച്ചാണ് സംഘടനയുടെ പ്രധാന യോഗങ്ങളിലൊന്ന് നടന്നത്. ശങ്കരകൃഷ്ണ അയ്യർ, തൂത്തുക്കുടി അറുമുഖം പിള്ള, ‘വന്ദേമാതരം’ സുബ്രഹ്മണ്യ അയ്യർ, ചെങ്കോട്ട ധർമ്മരാജ അയ്യർ, ഓട്ടപ്പിടാരം മാടസാമി പിള്ള, ആലപ്പുഴ ഹരിഹര അയ്യർ എന്നിവരായിരുന്നു ഈ വിപ്ലവ സംഘത്തിലെ പ്രധാനികൾ. തിരുനെൽവേലി, തൂത്തുക്കുടി, ചെങ്കോട്ട, പുനലൂർ, ആലപ്പുഴ, കൂടാതെ ഫ്രഞ്ച് ഭരണത്തിലായിരുന്ന പോണ്ടിച്ചേരി വരെ നീളുന്നതായിരുന്നു ഇവരുടെ രഹസ്യ ശൃംഖല.

ആ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് നീലകണ്ഠ ബ്രഹ്മചാരി ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതകൾക്കെതിരെ ആവേശത്തോടെ സംസാരിച്ചു. ബംഗാളിലും ഉത്തരേന്ത്യയിലും വിപ്ലവ സംഘടനകൾ വളർന്നു കഴിഞ്ഞെന്നും, അവിടുത്തെ യുവാക്കൾ രാജ്യത്തിന് വേണ്ടി ജീവൻ നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തെക്കേ ഇന്ത്യയിൽ അങ്ങനെയൊരു മുന്നേറ്റമില്ലാത്തതിനാൽ അത് കെട്ടിപ്പടുക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തെ തൂത്തെറിയാൻ ജീവൻ കൊടുത്തും സംഘടനയുടെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുമെന്ന് അവർ ഭാരതമാതാവിന് മുന്നിൽ പ്രതിജ്ഞയെടുത്തു.

തെക്കൻ മണ്ണിൽ ഒട്ടനവധി വിപ്ലവ മാസികകളും രഹസ്യ സംഘടനകളും രൂപംകൊണ്ടു. നീലകണ്ഠ ബ്രഹ്മചാരിയും ശങ്കര കൃഷ്ണ അയ്യരും ജനങ്ങളെ വിപ്ലവത്തിലേക്ക് നയിക്കാനായി തെക്കൻ പ്രദേശങ്ങളിലുടനീളം യാത്രകൾ നടത്തി. 1909ൽ ശങ്കര കൃഷ്ണനാണ് നീലകണ്ഠനെ വാഞ്ചി അയ്യർക്ക് പരിചയപ്പെടുത്തുന്നത്. തൊട്ടടുത്ത വർഷം, അതായത് 1910ൽ വി. വി. എസ്. അയ്യരും ഈ കൂട്ടായ്മയുടെ ഭാഗമായി.

വി.വി.എസ്. അയ്യരും വാഞ്ചിയും

വിവിഎസ് അയ്യർ

ലണ്ടൻ ജീവിതകാലത്ത് വിനായക് ദാമോദർ സവർക്കർ, ശ്യാംജി കൃഷ്ണവർമ്മ, മാഡം കാമ തുടങ്ങിയ പ്രമുഖ വിപ്ലവകാരികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു വി. വി. എസ്. അയ്യർ.
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് വാഞ്ചി അയ്യർ പോണ്ടിച്ചേരിയിലെത്തുന്നത്. അവിടെ മൂന്ന് മാസം താമസിച്ച് തോക്ക് ഉപയോഗിക്കാനുള്ള കടുത്ത പരിശീലനം അദ്ദേഹം നേടി. പിന്നീട് നീലകണ്ഠ ബ്രഹ്മചാരിയും വാഞ്ചിനാഥനും ബ്രിട്ടീഷ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഫ്രഞ്ച് അധീനതയിലായിരുന്ന പോണ്ടിച്ചേരിയിലേക്ക് പോയി. അക്കാലത്ത് ഇന്ത്യൻ വിപ്ലവകാരികളുടെ പ്രധാന താവളമായിരുന്നു ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരി.

അവിടെവെച്ചാണ് വാഞ്ചി പ്രമുഖ വിപ്ലവകാരിയായ വി.വി.എസ്. അയ്യരെ പരിചയപ്പെടുന്നത്. ലണ്ടനിലെ ‘ഇന്ത്യ ഹൗസ്’ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഒളിവിൽ കഴിയുകയായിരുന്നു അയ്യർ. ലണ്ടനിൽ വെച്ച് വീര സവർക്കറുടെ കൂടെ ‘അഭിനവ് ഭാരത്’ എന്ന സംഘടനയിൽ പ്രവർത്തിച്ച പരിചയം അയ്യർക്കുണ്ടായിരുന്നു. അയ്യരുടെ തീവ്രമായ വിപ്ലവ ചിന്തകൾ വാഞ്ചിയെ വല്ലാതെ ആകർഷിച്ചു. അയ്യർ വാഞ്ചിക്ക് പിസ്റ്റൾ ഉപയോഗിക്കാനും ലക്ഷ്യം തെറ്റാതെ വെടിവെക്കാനുമുള്ള കടുത്ത പരിശീലനം നൽകി.

ചെങ്കോട്ടയിൽ തിരിച്ചെത്തിയ വാഞ്ചി ഭാരത മാതാ സംഘത്തിന്റെ പ്രവർത്തനം ശക്തമാക്കി. പുതിയ ആളുകളെ ചേർക്കുകയും ബ്രിട്ടീഷ് വിരുദ്ധ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ രഹസ്യ യോഗങ്ങൾ വിളിച്ചുകൂട്ടുകയും ചെയ്തു. വി.ഒ. ചിദംബരം പിള്ളയെയും സുബ്രഹ്മണ്യ ശിവയെയും ജയിലിൽ മൃഗീയമായി പീഡിപ്പിക്കുന്ന വാർത്തകൾ വിപ്ലവകാരികളെ വല്ലാതെ വേദനിപ്പിച്ചു. വി.ഒ.സിയെ ജയിലിൽ ചങ്ങലയ്ക്കിടുകയും എണ്ണയാട്ടുന്ന ചക്ക് തിരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന വിവരങ്ങൾ ജനങ്ങളെ ഞെട്ടിച്ചു. ഇതിനിടയിൽ കളക്ടർ ആഷെയ്ക്ക് വിപ്ലവസംഘം ഒരു കടുത്ത മുന്നറിയിപ്പ് കത്ത് അയച്ചെങ്കിലും അയാൾ അത് വകവെച്ചില്ല.

ഈ രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിലാണ് വാഞ്ചിയുടെ വ്യക്തിജീവിതത്തിൽ ഒരു ദുരന്തമുണ്ടാകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ പൊന്നമ്മാൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും പ്രസവിച്ച് അധികം വൈകാതെ ആ കുഞ്ഞ് മരണപ്പെട്ടു. കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാനായി അടിയന്തരമായി നാട്ടിലേക്ക് വരണമെന്ന് പിതാവ് കത്തയച്ചെങ്കിലും, “ഞാൻ ഇപ്പോൾ മാതൃഭൂമിയുടെ സേവനത്തിലാണ്” എന്ന് പറഞ്ഞുകൊണ്ട് വാഞ്ചി വരാൻ കൂട്ടാക്കിയില്ല.

ഇതിനിടയിൽ ഭാരത മാതാ സംഘത്തിന് മേൽ ബ്രിട്ടീഷ് പോലീസിന്റെ നിരീക്ഷണം ശക്തമായി. അറസ്റ്റ് ഭയന്ന് വാഞ്ചി വീണ്ടും പുതുച്ചേരിയിലേക്ക് പോയി. അവിടെവെച്ച് വിപ്ലവത്തിന്റെ രീതികളെച്ചൊല്ലി നീലകണ്ഠ ബ്രഹ്മചാരിയും വി.വി.എസ്. അയ്യരും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഉടൻ തന്നെ ഒരു സായുധ ആക്രമണം വേണമെന്ന് അയ്യർ വാദിച്ചപ്പോൾ, അത് സംഘടനയെ മൊത്തത്തിൽ ഇല്ലാതാക്കുമെന്ന് ഭയന്ന് നീലകണ്ഠൻ അതിനെ എതിർത്തു. ഈ തർക്കം ഒടുവിൽ രണ്ടുപേരും രണ്ടു വഴിക്ക് പിരിയാൻ കാരണമായി. നീലകണ്ഠൻ വാഞ്ചിയെ അയ്യരുടെ സ്വാധീനത്തിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും വാഞ്ചി അയ്യർക്കൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്.

നീലകണ്ഠ ബ്രഹ്മചാരി

സ്വദേശി പ്രസ്ഥാനത്തെ തകർത്തതിലുള്ള അമർഷവും, പോണ്ടിച്ചേരിയിൽ നിന്ന് ലഭിച്ച ആയുധ പരിശീലനവും വെറുമൊരു പ്രകടനത്തിനപ്പുറം ശക്തമായൊരു നീക്കം വേണമെന്ന ചിന്തയിലേക്കാണ് വാഞ്ചിയെ എത്തിച്ചത്. ഒടുവിൽ വിപ്ലവ സംഘം ആ തീരുമാനത്തിലെത്തി..

തിരുനെൽവേലിയിലെ ബ്രിട്ടീഷ് ക്രൂരതയുടെ പ്രതീകമായ കളക്ടർ ആഷെയെ വധിക്കുക!

ആ വർഷം അവസാനം ദൽഹി ദർബാറിൽ വെച്ച് ജോർജ്ജ് അഞ്ചാമൻ രാജാവിനെ ഇന്ത്യയുടെ ചക്രവർത്തിയായി വാഴിക്കുന്ന ചടങ്ങ് നടക്കാനിരിക്കുകയായിരുന്നു. ഭാരതമണ്ണിൽ വെച്ച് ഒരു വിദേശ രാജാവിന്റെ കിരീടധാരണം നടക്കുന്നത് രാജ്യത്തിന് വലിയൊരു അപമാനമായിട്ടാണ് വിപ്ലവകാരികൾ കണ്ടത്. താൻ വനംവകുപ്പിലെ ജോലി രാജിവെച്ചെന്നും രാജ്യസേവനം മാത്രമാണ് ഇനി ലക്ഷ്യമെന്നും വാഞ്ചി അയ്യരെ അറിയിച്ചു. വി.ഒ.സിയുടെയും സുബ്രഹ്മണ്യ ശിവയുടെയും പീഡനങ്ങൾക്ക് പ്രതികാരമായി താൻ കളക്ടർ ആഷെയെ വധിക്കാൻ പോകുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വാഞ്ചിയുടെ വെടിവെപ്പിലെ കൃത്യത പരിശോധിക്കാൻ കൂട്ടുകാർ ഒരു മരത്തിലിരുന്ന പക്ഷിയെ വെടിവെച്ചിടാൻ ആവശ്യപ്പെട്ടപ്പോൾ, തന്റെ കഴിവ് തെളിയിക്കാൻ വേണ്ടി ഒരു നിരപരാധിയായ ജീവിയെ കൊല്ലാൻ കഴിയില്ലെന്ന് പറഞ്ഞ് വാഞ്ചി അത് നിരസിച്ചു. പകരം അവിടെയുണ്ടായിരുന്ന ഒരു നോക്കുകുത്തിക്ക് നേരെ വെടിയുതിർത്തുകൊണ്ട് തന്റെ ലക്ഷ്യം തെറ്റില്ലെന്ന് അദ്ദേഹം തെളിയിച്ചു.

ആ നിർണായക ദിവസം!

ചെങ്കോട്ടയിൽ തിരിച്ചെത്തിയ വാഞ്ചി തന്റെ സുഹൃത്തുക്കളായ മഠത്തുക്കടൈ പിള്ള, മാടസാമി, മുത്തുസാമി എന്നിവരുമായി ആസൂത്രണം ചർച്ച ചെയ്തു. ജൂൺ 17ന് ആഷെ കൊടൈക്കനാലിലേക്ക് പോകുന്നുണ്ടെന്ന വിവരം സുഹൃത്തായ ശങ്കരകൃഷ്ണൻ വഴിയാണ് വാഞ്ചി അറിയുന്നത്. തിരുനെൽവേലിയിലെ ഒരു ദേവദാസിയായ തായിയുടെ വീട്ടിൽ സർക്കാർ ഉദ്യോഗസ്ഥർ സ്ഥിരമായി വരാറുണ്ടായിരുന്നു. വാഞ്ചിയും സുഹൃത്തുക്കളും അവിടെപ്പോയി അന്വേഷിച്ചാണ് ആഷെയും ഭാര്യയും രാവിലെ 9:30ന്റെ ട്രെയിനിലാണ് യാത്ര ചെയ്യുന്നതെന്ന് ഉറപ്പിച്ചത്.

1911 ജൂൺ 17, ഒരു ശനിയാഴ്ച. രാവിലെ കളക്ടർ ഓഫീസിൽ നിന്നും ആഷെ പുറപ്പെട്ട വിവരം ശങ്കരകൃഷ്ണൻ വന്ന് വാഞ്ചിയെ അറിയിച്ചു. ഭക്ഷണം കഴിച്ച ശേഷം നാലുപേർക്കുമായി ശങ്കരകൃഷ്ണൻ ഒരേ ട്രെയിനിൽ ടിക്കറ്റെടുത്തു. വാഞ്ചി, ശങ്കരകൃഷ്ണൻ, മഠത്തുക്കടൈ ചിദംബരം പിള്ള, മുത്തുസാമി എന്നിവർ സെക്കൻഡ് ക്ലാസിലും കളക്ടറും ഭാര്യയും ഫ്രണ്ട് ക്ലാസിലുമായി യാത്ര തിരിച്ചു. മണിയാച്ചിയിൽ ട്രെയിൻ നിർത്തിയപ്പോൾ വാഞ്ചി ആഷെയുടെ കമ്പാർട്ടുമെന്റിലേക്ക് കയറി. ശങ്കരകൃഷ്ണൻ വാതിലിനടുത്തും മറ്റുള്ളവർ പ്ലാറ്റ്‌ഫോമിലും നിലയുറപ്പിച്ചു. വെടിയൊച്ച കേട്ടതിന് പിന്നാലെ എല്ലാവരും പല ദിശകളിലേക്ക് ഓടി രക്ഷപ്പെട്ടു.

അന്ന് തന്നെയാണ് മഠത്തുക്കടൈ ചിദംബരം പിള്ളയുടെ ഭാര്യ ഒരു കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ഒളിവിൽ പോകേണ്ടി വന്നതിനാൽ സ്വന്തം കുഞ്ഞിനെ കാണാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. വൈകാതെ പോലീസ് ഭാരത മാതാ സംഘത്തിലെ പ്രധാനികളെല്ലാം അറസ്റ്റ് ചെയ്തു.
കൂട്ടത്തിലുണ്ടായിരുന്ന മാടസാമി പോലീസിന് പിടികൊടുക്കാതെ എങ്ങോട്ടോ ഒളിവിൽ പോയി. പിന്നീട് അയാളെക്കുറിച്ച് ആർക്കും ഒരു വിവരവുമുണ്ടായില്ല.

വിചാരണയ്ക്ക് മുൻപ് തന്നെ മറ്റ് രണ്ട് വിപ്ലവകാരികൾ മരണപ്പെട്ടു; ചെങ്കോട്ട ധർമ്മരാജ അയ്യർ വിഷം കഴിച്ചും, പുനലൂരിലെ വക്കീലായിരുന്ന വെങ്കിടേശ്വര അയ്യർ സ്വന്തം തൊണ്ട മുറിച്ചും ജീവനൊടുക്കി.

ബ്രിട്ടീഷ് അധികാരികൾ വാഞ്ചിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാൻ തയ്യാറാകാതെ അവർ തന്നെ സംസ്കരിച്ചു. ആഷെയുടെ മൃതദേഹം പാളയംകോട്ടയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സ്മാരകം നിർമ്മിക്കുകയും ചെയ്തു. എന്നാൽ വാഞ്ചിനാഥന് ഒരു പൊതുസംസ്കാരം പോലും നിഷേധിക്കപ്പെടുകയും, ബ്രിട്ടീഷ് രേഖകളിൽ അദ്ദേഹം ഒരു കൊലപാതകിയായി മാത്രം ചിത്രീകരിക്കപ്പെടുകയും ചെയ്തു. വിപ്ലവത്തിലേക്ക് തിരിഞ്ഞതോടെ വാഞ്ചിയും പിതാവും തമ്മിൽ കടുത്ത അസ്വാരസ്യത്തിലായിരുന്നു. മകൻ നാടിനു വേണ്ടി പോരാടി മരിച്ചു വീണതറിഞ്ഞിട്ടും പിതാവായ രഘുപതി അയ്യർ അദ്ദേഹത്തിന്റെ അന്തിമകർമ്മങ്ങൾ ചെയ്യാൻ പോലും വിസമ്മതിച്ചു എന്നത് ചരിത്രത്തിലെ മറ്റൊരു നോവുന്ന യാഥാർത്ഥ്യമാണ്.

ആഷെയുടെ മരണാനന്തര സ്മാരകങ്ങളും ഇന്ത്യൻ ജനതയുടെ പ്രതിഷേധവും

ചെന്നൈയിലെ സെന്റ് ജോർജ് കത്തീഡ്രലിൽ സ്ഥാപിച്ച ഫലകം

മണിയാച്ചിയിൽ വെച്ച് വാഞ്ചിനാഥന്റെ വെടിയേറ്റ് ആഷെ കൊല്ലപ്പെട്ട വാർത്ത കൊളോണിയൽ ഭരണകൂടത്തെയും ഇന്ത്യയിലെ ഗവൺമെന്റിനെ ഭയപ്പെടുന്ന മിതവാദികളായ ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു. ദക്ഷിണ ഭാരതത്തിൽ കൊല്ലപ്പെട്ട ഒരേയൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു അയാൾ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുന്നതിനായി ആഷെയുടെ ഓർമ്മയ്ക്കായി രണ്ട് പ്രധാന സ്മാരകങ്ങളാണ് അന്നത്തെ ഭരണകൂടം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

ഇതിൽ ആദ്യത്തേത് ആഷെയെ അടക്കം ചെയ്ത പാളയംകോട്ടയിലെ ഇംഗ്ലീഷ് ചർച്ചിനോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പണികഴിപ്പിച്ച കല്ലറ സ്മാരകമായിരുന്നു. രണ്ടാമത്തേത്, തൂത്തുക്കുടി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഗ്രേറ്റ് കോട്ടൺ റോഡിന്റെ കിഴക്കേ അറ്റത്തുള്ള ഒരു പാർക്കിൽ ഒരു വലിയ അഷ്ടകോണ മണ്ഡപം ആഷെയുടെ സ്മാരകമായി പണിതുയർത്തിയതായിരുന്നു.

എന്നാൽ ഈ സ്മാരക നിർമ്മാണത്തിന് പിന്നിൽ ചരിത്രപരമായ ഒരു വലിയ വൈരുദ്ധ്യവും ക്രൂരതയും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഈ സ്മാരകങ്ങൾ പണിയുന്നതിനായി അക്കാലത്ത് പിരിച്ചെടുത്ത 3,002 രൂപയിൽ സിംഹഭാഗവും ഈ നാട്ടിലെ സാധാരണക്കാരായ ഇന്ത്യക്കാരിൽ നിന്നാണ് ബ്രിട്ടീഷുകാർ നിർബന്ധിതമായി ഈടാക്കിയത്. അതിലും വലിയ വിരോധാഭാസം, വി. ഒ. ചിദംബരം പിള്ളയുടെ സ്വദേശി കപ്പൽ കമ്പനിയെ ഒരു കാലത്ത് പിന്തുണയ്ക്കുകയും, എന്നാൽ പിന്നീട് കോടതിയിൽ ആഷെ വധക്കേസിന്റെ വിചാരണ വേളയിൽ ഭയം കാരണം വിപ്ലവകാരികൾക്കെതിരെ ബ്രിട്ടീഷുകാരുടെ സാക്ഷികളായി മാറി മൊഴി നൽകുകയും ചെയ്ത ചില തദ്ദേശീയരായ വ്യക്തികളും ഈ ആഷെ സ്മാരക ഫണ്ടിലേക്ക് പണം നൽകാൻ നിർബന്ധിതരായി എന്നതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വം തങ്ങളുടെ ഒരു ഉദ്യോഗസ്ഥന് നൽകിയ ഈ ആദരവും അതിനായി നടത്തിയ നിർബന്ധിത പിരിവുകളും, വാഞ്ചിനാഥൻ ഉൾപ്പെടെയുള്ള വിപ്ലവകാരികൾ നടത്തിയ പോരാട്ടം എത്രത്തോളം ബ്രിട്ടീഷ് നെഞ്ചകങ്ങളെ ഭയപ്പെടുത്തിയിരുന്നു എന്നതിന്റെ വലിയൊരു തെളിവ് കൂടിയാണ്.

ആഷെ വധക്കേസിനെത്തുടർന്ന് വിപ്ലവകാരികളുടെ വീടുകളിൽ പോലീസ് നടത്തിയ കടുത്ത റെയ്ഡുകളിൽ നിന്നും വിപ്ലവത്തിന്റെ കൃത്യമായ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന ഒട്ടനവധി നിരോധിത ലഘുലേഖകളും രേഖകളും കണ്ടെടുക്കുകയുണ്ടായി. ബ്രിട്ടീഷ് കോടതിയിൽ സമർപ്പിക്കപ്പെട്ട തെളിവുകളിൽ ഏറ്റവും പ്രധാനപ്പെട്ടവ “ഫിരംഗി ഡിസ്ട്രോയർ പ്രസ്സ്” അച്ചടിച്ചിറക്കിയ രണ്ട് ലഘുലേഖകളായിരുന്നു. കൊളോണിയൽ ഭരണകൂടത്തെ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തിയ അവയുടെ യഥാർത്ഥ ഉള്ളടക്കം 1918ലെ റൗലറ്റ് സെഡിഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:

1. “ആര്യന്മാർക്കൊരു ഉപദേശം” (A word of Advice to the Aryans):
ഈ ലഘുലേഖയിലൂടെ യുവാക്കളെ കടുത്ത സായുധ പോരാട്ടത്തിനാണ് വിപ്ലവസംഘടന ആഹ്വാനം ചെയ്തത്. അതിലെ വരികൾ ഇങ്ങനെയായിരുന്നു:
ഈശ്വരസന്നിധിയിൽ പ്രതിജ്ഞ ചെയ്യുക; നിങ്ങളുടെ മാതൃഭൂമിയിൽ നിന്നും പാപിയായ വെള്ളക്കാരനെ നിങ്ങൾ പുറത്താക്കുമെന്നും അവിടെ സ്വരാജ് സ്ഥാപിക്കുമെന്നും. ഫിരംഗി ഭരണം ഈ ഭാരതമണ്ണിൽ നിലനിൽക്കുന്നിടത്തോളം കാലം നിങ്ങളുടെ ജീവിതം വ്യർത്ഥമാണെന്ന് കരുതുക. നിങ്ങളുടെ കൈയിൽ കിട്ടുന്ന വെള്ളക്കാരനായ ഫിരംഗിയെ പട്ടിയെ തല്ലുന്നത് പോലെ തല്ലുക; കത്തിക്ക് കുത്തിയോ, വടി കൊണ്ടടിച്ചോ, കല്ല് കൊണ്ടിടിച്ചോ, കടവുൾ തന്ന കൈകൾ കൊണ്ടോ അവനെ കൊല്ലുക!”

2. “അഭിനവ് ഭാരത് സൊസൈറ്റിയിൽ അംഗമാകാനുള്ള സത്യപ്രതിജ്ഞ” (The Oath of admission into the Abhinav Bharat Society):

വിനായക് ദാമോദർ സവർക്കർ ബോംബെയിൽ സ്ഥാപിച്ച ‘അഭിനവ് ഭാരത് സമാജം’ ദക്ഷിണേന്ത്യയിലേക്ക് വേരുകൾ പടർത്തിയതിന്റെ ഏറ്റവും വലിയ ആധികാരിക തെളിവായിരുന്നു രണ്ടാമതായി കണ്ടെടുത്ത ഈ ലഘുലേഖ. മന്മഥനാഥ ഗുപ്ത ചൂണ്ടിക്കാണിക്കുന്നത് പോലെ, ഈ രേഖകളുടെ പേരുകൾ തന്നെ ഈ ആസൂത്രണത്തിന് പിന്നിലെ വിനായക് സവർക്കറുടെ ശക്തമായ സ്വാധീനത്തെയാണ് അടിവരയിടുന്നത്.

പോണ്ടിച്ചേരിയിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ‘ധർമ്മ’ എന്ന വിപ്ലവ പത്രത്തിലെ ഒരംഗം വഴിയാണ് ഈ രഹസ്യ സത്യപ്രതിജ്ഞാ രേഖകളുടെ പകർപ്പുകൾ തിരുനെൽവേലിയിലെയും തിരുവിതാംകൂറിലെയും വിപ്ലവകാരികൾക്ക് തപാൽ മാർഗ്ഗം അയച്ചു കൊടുത്തത്. പ്രതികൾ ഈ ലഘുലേഖകൾ പരസ്പരം വിതരണം ചെയ്യുകയും രഹസ്യ യോഗങ്ങളിൽ വെച്ച് ഈ പ്രതിജ്ഞകൾ ചൊല്ലി അംഗങ്ങളാവുകയും ചെയ്തിരുന്നു എന്ന് സെഡിഷൻ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തക്കുന്നു.

ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായരുടെ ചരിത്രപരമായ നിരീക്ഷണം

ആഷെ വധക്കേസിനെത്തുടർന്ന് നടന്ന തിരുനെൽവേലി ഗൂഢാലോചനക്കേസിന്റെ വിചാരണ മദ്രാസ് ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ചിന് മുന്നിലാണ് എത്തിയത്. ചീഫ് ജസ്റ്റിസ് ചാർലസ് ആർനോൾഡ് വൈറ്റും ജസ്റ്റിസ് അയ്‌ലിംഗും പ്രതികൾക്കെതിരെ കർശന നിലപാടെടുത്തപ്പോൾ, ആ ബെഞ്ചിലുണ്ടായിരുന്ന ഏക ഇന്ത്യൻ ജഡ്ജിയും പ്രമുഖ മലയാളിയുമായ ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ വിപ്ലവകാരികളുടെ പക്ഷത്തുനിന്നുള്ള രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കിക്കൊണ്ട് ചരിത്രപരമായ ഒരു നിരീക്ഷണം നടത്തി.

ബ്രിട്ടീഷ് ഭരണകൂടത്തെപ്പോലും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ:
“മിസ്റ്റർ ആഷെയുടെ വധം എന്നത് കേവലം അവിചാരിതമായി ഉണ്ടായ ഒന്നല്ല; മറിച്ച് 1908-ൽ തൂത്തുക്കുടിയിലും തിരുനെൽവേലിയിലും ഉണ്ടായ കടുത്ത രാഷ്ട്രീയ ശത്രുതയുടെയും ജനരോഷത്തിന്റെയും നേരിട്ടുള്ള ആഘാതവും പരിണതഫലവുമാണ്. വി. ഒ. ചിദംബരം പിള്ളയ്ക്കും സുബ്രഹ്മണ്യ ശിവയ്ക്കുമെതിരെ അക്കാലത്ത് ആഷെ സ്വീകരിച്ച അടിച്ചമർത്തൽ നടപടികളാണ് ഈ കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ.”

ബ്രിട്ടീഷ് പ്രോസിക്യൂഷൻ ഉന്നയിച്ച വലിയൊരു ഗൂഢാലോചനയുടെ വശം പൂർണ്ണമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വിപ്ലവകാരികളോട് ആഷെ കാണിച്ച ഭരണപരമായ ക്രൂരതകളായിരുന്നു എന്ന് അടിവരയിട്ടു പറഞ്ഞു.

പാരീസിലെ വിപ്ലവ ലിങ്കും സെഡിഷൻ കമ്മിറ്റിയും

ബ്രിട്ടീഷ് ഗവൺമെന്റിന്റെ സെഡിഷൻ കമ്മിറ്റി (Rowlatt Sedition Committee) ഈ കൊലപാതകത്തെ പാരീസിലിരുന്ന് മാഡം കാമ നടത്തിയ പ്രവർത്തനങ്ങളുമായിട്ടാണ് ബന്ധിപ്പിച്ചത്. ഈ കൊലപാതകത്തിന് ആഗോളതലത്തിൽ വലിയ പിന്തുണയാണ് ലഭിച്ചത്. ആഷെ കൊല്ലപ്പെടുന്നതിന് ഒരു മാസം മുൻപ് പാരീസിലിരുന്ന് മാഡം കാമ പുറത്തിറക്കിയിരുന്ന ‘ബന്ദേമാതരം’ പത്രത്തിന്റെ 1911 മേയ് ലക്കത്തിൽ വന്ന വരികൾ ഇങ്ങനെയായിരുന്നു:

“ഒരു യോഗത്തിലോ, ബംഗ്ലാവിലോ, റെയിൽവേയിലോ, തീവണ്ടി മുറിയിലോ എവിടെ വെച്ച് അവസരം ലഭിച്ചാലും ഇംഗ്ലീഷുകാരെ വധിക്കണം. ഉദ്യോഗസ്ഥരെന്നോ സാധാരണക്കാരെന്നോ ഉള്ള വ്യത്യാസം പാടില്ല…”

കൊലപാതകത്തിന് ശേഷം 1911 ജൂലൈയിൽ പുറത്തിറങ്ങിയ ലക്കത്തിൽ, തിരുനെൽവേലിയിൽ വാഞ്ചിനാഥൻ നടത്തിയ ഈ കൊലപാതകം ഭഗവദ്ഗീതയുടെ ഉപദേശങ്ങൾക്ക് അനുസൃതമായി ചെയ്ത പവിത്രമായ ഒന്നാണെന്നാണ് മാഡം കാമ സമർത്ഥിച്ചത്. അവർ പ്രസ്താവിച്ചു:

“ഹിന്ദുസ്ഥാനിൽ നിന്നുള്ള സുവർണ്ണ അടിമകൾ റോയൽ സർക്കസിലെ പ്രകടനക്കാരായി ലണ്ടനിലെ തെരുവുകളിൽ അണിനിരക്കുകയും ഇംഗ്ലണ്ട് രാജാവിന്റെ കാൽക്കൽ പശുക്കളെപ്പോലെ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തപ്പോൾ, നമ്മുടെ ധീരരായ രണ്ട് യുവ നാട്ടുകാർ തിരുനെൽവേലിയിലും മയ്മൻസിംഗിലും തങ്ങളുടെ സാഹസിക പ്രവൃത്തികളിലൂടെ ഹിന്ദുസ്ഥാൻ ഉറങ്ങിയിട്ടില്ലെന്ന് തെളിയിച്ചു.”

ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങ് നടക്കുന്ന അതേ ദിവസം തന്നെ ഈ കൊലപാതകം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് കമ്മിറ്റി വിലയിരുത്തിയത്. ഇതേ സമയത്താണ് ബംഗാളിലെ മൈമൻസിംഗിൽ സബ് ഇൻസ്പെക്ടർ രാജ്കുമാർ റേയും വിപ്ലവകാരികളാൽ കൊല്ലപ്പെടുന്നത്. ആഷെ വധത്തിന് ശേഷം ഒൻപത് പേരെ വിചാരണ ചെയ്ത തിരുനെൽവേലി കേസിന് ശേഷം ഈ പ്രദേശങ്ങളിൽ പിന്നീട് വലിയ സായുധ വിപ്ലവ ശ്രമങ്ങൾ ഉണ്ടായില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. എങ്കിലും, ഈ വിപ്ലവ ചരിത്രത്തിൽ നമ്മൾ കാണാതെ പോകരുതാത്ത വലിയൊരു വശമുണ്ട്.

ചരിത്രത്തിലെ വക്രീകരണങ്ങളും യഥാർത്ഥ സാമൂഹിക വിപ്ലവവും

സമകാലിക രാഷ്ട്രീയത്തിൽ ചില ദ്രാവിഡ വാദികൾ ഈ പോരാട്ടങ്ങളെ കേവലം ഒരു ‘അഗ്രഹാര ജാതിവിരോധമായി’ വക്രീകരിക്കാൻ ശ്രമിക്കാറുണ്ട്. ചില ദ്രാവിഡ രാഷ്ട്രീയ വിവരണങ്ങൾ ആഷെയെ ഒരു സാമൂഹിക പരിഷ്കർത്താവായി ചിത്രീകരിക്കാനും, വാഞ്ചിയുടെ ഈ പോരാട്ടത്തെ കേവലമൊരു ജാതിവിരോധത്തിന്റെ പേരിൽ നടന്ന ഒന്നായി മാറ്റാനും ശ്രമിക്കുന്നു. കുറ്റാലം വെള്ളച്ചാട്ടം എല്ലാ ജനങ്ങൾക്കുമായി തുറന്നുകൊടുത്തത് ആഷെയാണെന്നും, ചെങ്കോട്ട അഗ്രഹാരത്തിലൂടെ ഒരു ഗർഭിണിയായ ദളിത് സ്ത്രീയെ അദ്ദേഹം കൂട്ടിക്കൊണ്ടുപോയതാണ് വാഞ്ചിനാഥനെ പ്രകോപിപ്പിച്ചതെന്നുമാണ് ഈ കഥകൾ.

എന്നാൽ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വസ്തുതകൾ പരിശോധിച്ചാൽ ഈ വാദങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് മനസ്സിലാകും. അക്കാലത്ത് ചെങ്കോട്ടയും കുറ്റാലവുമെല്ലാം തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. ആഷെ ആകട്ടെ മദ്രാസ് പ്രസിഡൻസിയിലെ തിരുനെൽവേലി കളക്ടറുമായിരുന്നു. അതുകൊണ്ട് തന്നെ ചെങ്കോട്ടയിലോ കുറ്റാലത്തോ യാതൊരുവിധ ഭരണാധികാരവും ആഷെയ്ക്കുണ്ടായിരുന്നില്ല.

കൂടാതെ, ചെങ്കോട്ട അഗ്രഹാരതിനുള്ളിലെ നടപ്പാത എന്നത് അക്കാലത്ത് അങ്ങേയറ്റത്ത് അവസാനിക്കുന്ന ഒരു വഴി മാത്രമായിരുന്നു. അതിലൂടെ മറ്റൊരിടത്തേക്ക് ആരെയും കൂട്ടിക്കൊണ്ടുപോകാൻ കഴിയില്ലായിരുന്നു. സ്വന്തം വാദങ്ങളെ പ്രതിഷ്ഠിക്കാൻ ഇതുപോലുള്ള പല നുണകളും അവർ പടച്ചുണ്ടാക്കി

2020ലെ ആഷെയുടെ അനുസ്മരണത്തിൽ നിന്ന്

ഈ ജാതിവിദ്വേഷ കഥകളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നത് മറ്റാരുമല്ല, ഭഗത് സിംഗിന്റെ സഹ വിപ്ലവകാരിയും ചരിത്രകാരനുമായ മന്മഥനാഥ ഗുപ്തയും ഒപ്പം 1918ലെ റൗലറ്റ് സെഡിഷൻ റിപ്പോർട്ടുമാണ്. തിരുനെൽവേലി ഗൂഢാലോചനക്കേസിന്റെ വിധിന്യായം പ്രസ്താവിച്ചുകൊണ്ട് അന്നത്തെ ബ്രിട്ടീഷ് പ്രത്യേക കോടതി ജഡ്ജിമാർ എടുത്തുപറഞ്ഞ, വിചാരണ വേളയിൽ കോടതിയെപ്പോലും അത്ഭുതപ്പെടുത്തിയ ആ സുപ്രധാന വരികൾ സെഡിഷൻ റിപ്പോർട്ടിന്റെ 153-ാം ഖണ്ഡികയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

"ഈ വിപ്ലവ സംഘടനയിലെ അംഗങ്ങൾ എടുത്ത കടുത്ത രഹസ്യ സത്യപ്രതിജ്ഞകളുടെ സ്വഭാവം എത്രത്തോളം ശക്തമായിരുന്നുവെന്നാൽ, ദക്ഷിണേന്ത്യൻ സമൂഹത്തിൽ അക്കാലത്ത് കടുത്ത മതിൽക്കെട്ടുകളായി നിലനിന്നിരുന്ന കടുത്ത ജാതി ചിന്തകളെയും പരസ്പരമുള്ള വിവേചനങ്ങളെയും പൂർണ്ണമായി മറികടക്കാൻ അവിടുത്തെ വിപ്ലവ യുവാക്കൾക്ക് അതിലൂടെ സാധിച്ചു!"

ചരിത്രരേഖകൾ വ്യക്തമാക്കുന്നത് പോലെ, സമൂഹത്തിന്റെ വിവിധ തട്ടുകളിലും തൊഴിലുകളിലും പെട്ട, ഇരുപതുകളിൽ മാത്രം പ്രായമുള്ള ഒരുപറ്റം സാധാരണക്കാരായ യുവാക്കളാണ് മാതൃഭൂമിയുടെ മോചനത്തിനായി ഒന്നിച്ചു കൈകോർത്തത്. ആഷെ വധക്കേസിൽ പോലീസ് പ്രതിചേർത്ത ആ പതിനാല് പേരുടെ പട്ടികയും അവരുടെ പശ്ചാത്തലവും പരിശോധിച്ചാൽ തന്നെ ഈ വിപ്ലവ കൂട്ടായ്മയുടെ ജനകീയ സ്വഭാവം മനസ്സിലാകും.

റൗലറ്റിന്റെ സെഡിഷൻ റിപ്പോർട്ടിൽ നിന്ന്

ഇരുപത്തിയൊന്നു വയസ്സ് മാത്രം പ്രായമുള്ള പത്രപ്രവർത്തകനും തീപ്പൊരി നേതാവുമായ നീലകണ്ഠ ബ്രഹ്മചാരിയായിരുന്നു ഈ വിപ്ലവ സംഘടനയുടെ മുന്നണിപ്പോരാളി. അദ്ദേഹത്തോടൊപ്പം ശങ്കരകൃഷ്ണ അയ്യർ, ബാപ്പു പിള്ള, സാവടി അരുണാചലം പിള്ള, കൗമാരക്കാരനായ അഴകപ്പ പിള്ള തുടങ്ങിയ കർഷകരും; പച്ചക്കറി വ്യാപാരിയായ മാടത്തുകടൈ ചിദംബരം പിള്ളയും, മൺപാത്രക്കച്ചവടക്കാരനായ മുതുകുമാരസ്വാമി പിള്ളയും, വ്യാപാരിയായ വി. ദേശികാചാരിയും അടങ്ങുന്ന സാധാരണ മനുഷ്യരും അണിനിരന്നു.


ഇവർക്ക് പുറമെ ഹരിഹര അയ്യർ എന്ന യുവ വ്യാപാരിയും, സുബ്ബയ്യ പിള്ള എന്ന വക്കീൽ ക്ലർക്കും, ജഗന്നാഥ അയ്യങ്കാർ, വെമ്പു അയ്യർ, പിച്ചുമാനി അയ്യർ എന്നീ പാചകക്കാരും, ‘വന്ദേമാതരം’ സുബ്രഹ്മണ്യ അയ്യർ എന്ന സ്കൂൾ അധ്യാപകനും ഈ വിപ്ലവ സംഘത്തിലെ സജീവ അംഗങ്ങളായിരുന്നു. ബ്രാഹ്മണനായ വാഞ്ചിനാഥനും, വെള്ളാള ജാതിയിൽപ്പെട്ട സുഹൃത്തുക്കളും, മറ്റ് പിന്നാക്ക ജാതികളിൽ പെട്ട കർഷകരും തൊഴിലാളികളുമെല്ലാം ഒന്നിച്ച് ഒരേ ലക്ഷ്യത്തിനായി പോരാടിയപ്പോൾ അക്കാലത്തെ കടുത്ത ജാതിമതിലുകളാണ് അവിടെ തകർന്നുവീണത്.

ഭാരതമാതാവിനെ ബ്രിട്ടീഷ് നുകത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ഒരൊറ്റ ചിന്തയാൽ ജ്വലിച്ചുനിന്ന ഈ പതിനാല് ചെറുപ്പക്കാരുടെ ചരിത്രം, അതുകൊണ്ട് തന്നെ കേവലം രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമല്ല, ദക്ഷിണേന്ത്യൻ സമൂഹത്തിൽ നിലനിന്നിരുന്ന കടുത്ത ജാതിചിന്തകളെയും പരസ്പരമുള്ള വിവേചനങ്ങളെയും പൂർണ്ണമായി മറികടക്കാൻ അവരെ സഹായിച്ച ഒരു സാമൂഹിക മാറ്റത്തിന്റെ തുടക്കം കൂടിയായിരുന്നു.

അതെ, ബ്രാഹ്മണനായ വാഞ്ചിനാഥനും, വെള്ളാളനായ ചിദംബരം പിള്ളയുടെ അണികളും, മറ്റ് പിന്നാക്ക ജാതികളിൽ പെട്ട യുവാക്കളും ഒന്നിച്ച് ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചും, കാളി വിഗ്രഹത്തിനു മുന്നിൽ പ്രതിജ്ഞയെടുത്തും, ചോരകൊണ്ട് തുല്യം ചാർത്തിയും ഒരേ ലക്ഷ്യത്തിനായി പോരാടിയും അക്കാലത്തെ കടുത്ത ജാതിമതിലുകളാണ് അവിടെ തകർത്തുകളഞ്ഞത്. സമൂഹത്തിലെ വിവിധ ജാതികളിലും തട്ടുകളിലും പെട്ട ഒൻപത് പ്രതികളെയാണ് രാജ്യദ്രോഹ കുറ്റത്തിന് അന്ന് കോടതി ഒന്നിച്ച് ശിക്ഷിച്ചത്.

അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യൻ വിപ്ലവകാരികൾ കേവലം രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമല്ല, മന്മഥനാഥ ഗുപ്ത തന്റെ ‘History of the Indian Revolutionary Movement’ എന്ന പുസ്തകത്തിൽ നിരീക്ഷിച്ചതുപോലെ, തങ്ങളുടെ ആഭ്യന്തര ജാതിവിവേചനങ്ങൾക്കെതിരെ കൂടിയുള്ള ഒരു സാമൂഹിക മാറ്റത്തിന്റെ തുടക്കക്കാരായിരുന്നു! ഈ പോരാട്ടത്തെ ജാതീയമായ ഇടുങ്ങിയ ചിന്താഗതിയിലേക്ക് ചുരുക്കുന്നവർ ചരിത്രത്തോട് വലിയ അനീതിയാണ് കാണിക്കുന്നത്.

മന്മഥനാഥ ഗുപ്ത തന്റെ പുസ്തകം അവസാനിപ്പിക്കുന്നത് തികച്ചും യുക്തിസഹമായ ഒരു വിലയിരുത്തലോടെയാണ്.

ബംഗാളിലെ ‘സ്വദേശി പ്രസ്ഥാനം’ പോലെ ശക്തമായൊരു ജനകീയ അടിത്തറ കൂടി അന്ന് തെക്കൻ നാട്ടിൽ ഈ വിപ്ലവകാരികൾക്ക് തുണയായി ഉണ്ടായിരുന്നെങ്കിൽ, ദക്ഷിണേന്ത്യൻ വിപ്ലവചരിത്രത്തിന്റെ വിജയം മറ്റൊന്നാകുമായിരുന്നു.

ഇന്നും ജൂൺ 17ന് ഒരു കൂട്ടം ആളുകൾ ആഷെയുടെ സ്മാരകത്തിൽ വന്ന് അയാൾക്ക് ‘വീര വണക്കം’ അർപ്പിക്കാറുണ്ട്. എന്നാൽ അതേദിവസം രാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയ ആ യുവ വിപ്ലവകാരിയെ തിരുനെൽവേലിക്കാരോ തിരുവിതാംകൂറുകാരോ പോലും ഓർക്കാറുമില്ല.

ദ്രാവിഡ തമിഴർ കക്ഷി 2024ൽ നടത്തിയ ആഷെ അനുസ്മരണം

വാഞ്ചിനാഥൻ അധികാരമോ സമ്പത്തോ വ്യക്തിപരമായ പ്രശസ്തിയോ ആഗ്രഹിച്ചിരുന്നില്ല. ഭാരതാംബയുടെ മോചനത്തിന് വേണ്ടി സ്വന്തം കരിയറും കുടുംബവും ഉപേക്ഷിച്ച്, മരണത്തിലേക്ക് നടന്നുപോയ ആ ദേശസ്നേഹിയുടെ ത്യാഗത്തെ ജാതിവൈരത്തിന്റെ കഥയാക്കി മാറ്റുന്നത് ചരിത്രത്തോടും ആ രക്തസാക്ഷിയോടും ചെയ്യുന്ന വലിയൊരു അനീതിയാണ്. നമുക്ക് വാഞ്ചിനാഥനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം അദ്ദേഹത്തെ വികലമാക്കാതെ യഥാർത്ഥ ചരിത്രത്തോടെ ഓർക്കുക എന്നത് മാത്രമാണ്.

ഇന്നത്തെ താൽക്കാലിക രാഷ്ട്രീയ ലാഭങ്ങൾക്കായുള്ള ഒരു പ്രതീകമായല്ല, മറിച്ച് മാതൃഭൂമിയുടെ അടിമത്തം സഹിക്കാനാവാതെ സ്വന്തം ജീവൻ ബലിനൽകിയ ഒരു ധീരനായ ചെറുപ്പക്കാരനായി വേണം നമ്മൾ വീരവാഞ്ചിയെ എന്നുമോർക്കാൻ. അത്രയെങ്കിലും നീതി സ്വതന്ത്രമായി ശ്വസിക്കുന്ന ഭാരതത്തിലിരുന്ന് നാം അവർക്ക് കൊടുക്കണം.

Leave a comment

Website Powered by WordPress.com.

Up ↑