ലൂട്ടിൻസ് ഡൽഹിയിലെ സായാഹ്നങ്ങൾക്ക് എപ്പോഴും ഒരു പ്രത്യേകതയുണ്ട്. പടുകൂറ്റൻ ഗുൽമോഹർ മരങ്ങൾക്കിടയിലൂടെ വീശുന്ന കാറ്റിന് അധികാരത്തിന്റെയും ഉപജാപകതയുടെയും അതുമല്ലെങ്കിൽ വെറുമൊരു പഴയ സ്കോച്ചിന്റെ സുഗന്ധമായിരിക്കും. ഈ നഗരത്തിലെ രാഷ്ട്രീയ കോറിഡോറുകൾ എത്രയോ തരം മനുഷ്യരെ കണ്ടിരിക്കുന്നു. പരസ്പരം പുഞ്ചിരിക്കുകയും പിന്നിൽനിന്ന് കുത്തുകയും ചെയ്യുന്നവർ, പ്രത്യയശാസ്ത്രത്തിന്റെ പേരിൽ പരസ്യമായി വിഴുപ്പലക്കുന്നവർ. എന്നാൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ വലിയ നാടകവേദി ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യവും അതിശയിപ്പിക്കുന്നതുമായ ഒരു ബന്ധമായിരുന്നു നരേന്ദ്ര മോദിയും പ്രണബ് മുഖർജിയും തമ്മിൽ ഉരുത്തിരിഞ്ഞത്.
ഒരു വശത്ത് രാഷ്ട്രീയത്തിന്റെ പരമ്പരാഗത തറവാടായ കോൺഗ്രസിന്റെ വിശ്വസ്തനായ കാവലാൾ, നെഹ്റൂവിയൻ സോഷ്യലിസത്തിന്റെ ജീവിക്കുന്ന എൻസൈക്ലോപീഡിയയായിരുന്ന ‘പ്രണബ് ദാ’. മറുഭാഗത്ത് ഡൽഹിയുടെ അധികാരകേന്ദ്രങ്ങളിലേക്ക് ഒട്ടും പരിചിതമല്ലാത്ത വഴിയിലൂടെ വന്ന് കൊടുങ്കാറ്റായി മാറിയ ഹിന്ദു ദേശീയവാദിയായ നരേന്ദ്ര മോദി. പ്രത്യയശാസ്ത്രപരമായി നോക്കിയാൽ ഇവർ കിഴക്കും പടിഞ്ഞാറുമാണ്, ഒരിക്കലും ഒന്നിക്കാൻ സാധ്യതയില്ലാത്ത രണ്ട് തീരങ്ങൾ.
എന്നാൽ, ഈ വൈരുദ്ധ്യങ്ങളെ അവർ കൈകാര്യം ചെയ്ത രീതിയാണ് അവരെ ശ്രദ്ധിക്കുന്നവരെ അത്ഭുതപ്പെടുത്തിയത്. അത് ഭാരതീയമായ ഒരു കുടുംബ സങ്കൽപ്പത്തെ ഓർമ്മിപ്പിക്കുന്ന ഒന്നായിരുന്നു. ഒരു യഥാർത്ഥ ഭാരതീയ കുടുംബത്തിൽ കാരണവരും മക്കളും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ വീടിയുടെ ഉമ്മറപ്പടി കടന്ന് പുറത്താരെങ്കിലും നോക്കുമ്പോൾ അവിടെ കാണുക പരസ്പരമുള്ള ബഹുമാനവും ആഴത്തിലുള്ള സ്നേഹവുമായിരിക്കും. ഈ രണ്ടു നേതാക്കളും ചെയ്തത് അതാണ്. ഇന്ത്യൻ ജനാധിപത്യത്തെ അവർ തങ്ങളുടെ കുടുംബമായി കണ്ടു.
തന്റെ അച്ഛന്റെ ഡയറിക്കുറിപ്പുകളെക്കുറിച്ച് പ്രണബ് ദായുടെ മകൾ ശർമ്മിഷ്ഠ മുഖർജി എഴുതിയത് മറകളില്ലാതെയാണ്. അധികാരം ഏറ്റെടുക്കുന്നതിന് മുൻപും ശേഷവും, പ്രണബ് ദായെ കാണുമ്പോഴൊക്കെ നരേന്ദ്ര മോദി ഭാരതീയമായ പരമ്പരാഗത ശൈലിയിൽ അദ്ദേഹത്തിന്റെ പാദങ്ങൾ തൊട്ട് വണങ്ങുമായിരുന്നു. ഒരു വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ സമുന്നതനായ നേതാവായിരുന്ന രാഷ്ട്രപതിയുടെ മുന്നിൽ ഇത്തരത്തിൽ വിനയാന്വിതനാകുന്നത് വെറുമൊരു രാഷ്ട്രീയ നാടകമായിരുന്നില്ല. ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തോടെ സഭയിലെത്തിയ ആ കാലത്ത് അവർ രണ്ടു പേർക്കും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്നും അതിൽ ഒരു ‘പരുക്കൻ’ ഗുജറാത്തിക്ക് ബംഗാളി ഭദ്രലോകിലെ മുതിർന്ന കാരണവരോടുള്ള ആത്മാർത്ഥമായ ആദരവുണ്ടായിരുന്നു.
നരേന്ദ്രഭായ് തന്നെ പലപ്പോഴും വികാരാധീനനായി പറഞ്ഞിട്ടുണ്ട്, ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ താനൊരു ‘വഴിപോക്കനെ’ പോലെയായിരുന്നപ്പോൾ, പ്രണബ് ദായുടെ വിരലുകളിൽ പിടിച്ചാണ് താൻ പലതും പഠിച്ചതെന്ന്. അധികാരത്തിന്റെ ഈ കൊടും ചൂടിലും പ്രണബ് ദാ മോദിയോട് പറയുമായിരുന്നത്രെ:
“മോദി, താനിത്തിരി വിശ്രമിക്കണം. എന്തിനാണ് ഇങ്ങനെ ഓടിനടക്കുന്നത്? പരിപാടികളൊക്കെ അല്പം കുറച്ച് ആരോഗ്യം കൂടി നോക്കൂ.”
രാഷ്ട്രീയ വൈരത്തിനപ്പുറം, ഒരു ജേഷ്ഠന്റെ അല്ലെങ്കിൽ അച്ഛന്റെ കരുതൽ ഈ വാക്കുകളിൽ തുടിക്കുന്നുണ്ട്. ഇതിനെപ്പറ്റി മറ്റുള്ളവർ പലതും പറഞ്ഞു. “ഇതൊരു രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടാണ്” എന്ന് ഇടതും വലതും പിറുപിറുത്തു. എന്നാൽ അവർക്ക് ഭാരതീയമായ ആ ‘എക്സ്പീരിയൻസ്’ മനസ്സിലായിരുന്നില്ല. പ്രണബ് മുഖർജി ഒരിക്കലും ഒരു ‘റബ്ബർ സ്റ്റാമ്പ്’ ആയിരുന്നില്ല താനും. സർക്കാരിന്റെ ഓർഡിനൻസുകളെ അദ്ദേഹം ചോദ്യം ചെയ്തു, വിയോജിപ്പുകൾ രേഖപ്പെടുത്തി. എന്നാൽ അത് ഒരിക്കലും കുടുംബത്തിന്റെ അന്തസ്സ് കെടുത്തുന്ന രീതിയിൽ ചന്തയിൽ അങ്ങോട്ടുമിങ്ങോട്ടും വാരിവലിച്ചെറിഞ്ഞിട്ടില്ല.
ഭാരതീയ ജനാധിപത്യത്തിന്റെ സൗന്ദര്യം അതിന്റെ വൈവിധ്യത്തിലാണ്. ആ വൈവിധ്യത്തെ പരസ്പരം ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ്, 2019-ൽ മോദി സർക്കാർ പ്രണബ് ദായ്ക്ക് ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ഭാരതരത്ന’ നൽകി ആദരിച്ചത്. ഒരു കോൺഗ്രസുകാരന് ബിജെപി സർക്കാർ ഭാരതരത്ന നൽകുക! ലൂട്ടിൻസിലെ പ്രബലന്മാർക്ക് അതൊരു ഞെട്ടലായിരുന്നിരിക്കാം, എന്നാൽ സംഘപശ്ചാത്തലത്തിൽ സമൂഹത്തെ സംഘടിപ്പിക്കാനിറങ്ങിയവർക്കാർക്കും അത്ഭുതമൊന്നും തോന്നിയില്ല.
കാരണം, അവർക്കിടയിലെ വിയോജിപ്പുകളെ അന്തസ്സോടെ കൈകാര്യം ചെയ്യാൻ അവർക്ക് അറിയാമായിരുന്നു. രാഷ്ട്രീയമെന്നത് കേവലം അധികാരക്കൈമാറ്റങ്ങൾ മാത്രമല്ല, അത് മനുഷ്യബന്ധങ്ങളുടെയും പരസ്പര ബഹുമാനത്തിന്റെയും കൂടെ കലയാണെന്ന് ഇവർ കാണിച്ചുതന്നു. പ്രണബ് ദാ രാഷ്ട്രപതി ഭവന്റെ പടിയിറങ്ങിയപ്പോൾ നരേന്ദ്ര മോദി എഴുതിയ ഹൃദയസ്പർശിയായ കത്തിൽ പറഞ്ഞത്, പ്രണബ് ദായുടെ ജ്ഞാനവും സ്നേഹവും തനിക്ക് തന്ന ശക്തിയെക്കുറിച്ചാണ്.
”നിങ്ങൾ എനിക്ക് ഒരു പിതാവിനെപ്പോലെയായിരുന്നു”
ഒരു ഔദ്യോഗിക കത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് തികച്ചും വ്യക്തിപരമായ ഭാഷയിലാണ് മോദി കത്ത് ആരംഭിച്ചത്. മൂന്ന് വർഷം മുൻപ് താൻ ഡൽഹിയിൽ ഒരു ‘അന്യനായി’ ഇവിടേയ്ക്ക് കടന്നുവന്നപ്പോൾ തനിക്ക് ലഭിച്ച വലിയ പിന്തുണയെക്കുറിച്ച് മോദി അനുസ്മരിച്ചു.
”മാറ്റങ്ങളുടെ ആ കാലഘട്ടത്തിൽ എനിക്ക് താങ്ങായി നിന്നത് നിങ്ങളുടെ ജ്ഞാനവും മാർഗ്ഗനിർദ്ദേശവും കരുത ലുമായിരുന്നു. ഒരു സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന എനിക്ക് ഡൽഹിയുടെ രാഷ്ട്രീയം തികച്ചും അന്യമായിരുന്നു. എന്നാൽ ആ സമയത്ത് ഒരു പിതാവിന്റെയോ മുതിർന്ന സഹോദരന്റെയോ സ്ഥാനത്ത് നിന്ന് നിങ്ങൾ എന്നെ നയിച്ചു,” അദ്ദേഹമെഴുതി.
മോദിയുമായി പ്രണബ് ദാ സ്ഥാപിച്ചെടുത്ത ആ കുടുംബതുല്യമായ ഊഷ്മളതയാണ്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജനസമ്പർക്ക സ്വഭാവത്തിന് ഭരണഘടനയുടെ പരമോന്നത പീഠത്തിലേക്ക് വഴിതുറന്നത്. സമൂഹത്തെയാകെ ഒന്നിപ്പിക്കാൻ ഇറങ്ങിത്തിരിച്ച സംഘത്തിന്, മാന്യതയിലൂടെയും ബഹുമാനത്തിലൂടെയും അപരന്റെ ഹൃദയം നേടിയെടുക്കുന്ന ശൈലി പണ്ടേ വശമുള്ളതാണ്.
അതുകൊണ്ടുതന്നെ, 2015 നവംബർ 9-ന് മോഹൻ ഭാഗവത് റൈസീന ഹില്ലിലെ രാഷ്ട്രപതി ഭവന്റെ പടവുകൾ കയറിയത് അപ്രതീക്ഷിതമായിരുന്നില്ല. എന്നാൽ, ലൂട്ടിയൻസിലെ രാഷ്ട്രീയ വൃത്തങ്ങൾക്ക് അത് തികച്ചും ‘അപ്രതീക്ഷിതമായ ഒരു പ്രഹരം’ തന്നെയായിരുന്നു. തന്റെ ഭാര്യ ശുഭ്രാ മുഖർജിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാനും ദീപാവലി ആശംസകൾ നേരാനുമായി സമയം ചോദിച്ച ഭാഗവതിനെ സ്വീകരിക്കാൻ പ്രണബ് ദാ ഒട്ടും മടിച്ചില്ല.
മുപ്പതു മിനിറ്റ് നീണ്ട ആ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന ഔദ്യോഗിക ചിത്രങ്ങളിൽ കണ്ടത് രണ്ട് രാഷ്ട്രീയ ധ്രുവങ്ങൾ തമ്മിലുള്ള ഹസ്തദാനമല്ലായിരുന്നു. മറിച്ച്, പരസ്പര ബഹുമാനത്തോടെ സംസാരിക്കുന്ന രണ്ട് ഭാരതീയരെയായിരുന്നു. ഡൽഹിയിലെ അലിഖിതമായ ‘രാഷ്ട്രീയ അസ്പർശ്യത’യുടെ മതിലുകളിൽ ആദ്യത്തെ വിള്ളൽ വീണത് ആ സുരക്ഷാ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചു നടന്ന കൂടിക്കാഴ്ചയിലൂടെയായിരുന്നു.
ഈ ബന്ധത്തിന്റെ അടുത്ത അധ്യായം കുറിക്കപ്പെട്ടത് രണ്ട് വർഷങ്ങൾക്ക് ശേഷമാണ്. പ്രണബ് ദാ തന്റെ രാഷ്ട്രപതി കാലാവധി പൂർത്തിയാക്കി പടിയിറങ്ങാൻ ഒരുങ്ങുന്ന 2017 ജൂൺ 18. തന്റെ സുഹൃത്തായ മോഹൻ ഭാഗവതിനെ അദ്ദേഹം രാഷ്ട്രപതി ഭവനിലേക്ക് ഒരു ഔദ്യോഗിക പ്രസിഡൻഷ്യൽ ലഞ്ചിന് ക്ഷണിച്ചു.
ചില രാഷ്ട്രീയ നിരീക്ഷകർ കരുതിയത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ട് എന്തോ വലിയ തന്ത്രങ്ങൾ മെനയാനാണ് ഈ വിരുന്ന് എന്നായിരുന്നു. എന്നാൽ, അവർക്ക് പ്രണബ് ദായുടെ ഭാരതീയ മനസ്സ് മനസ്സിലായിരുന്നില്ല. ഭാരതീയമായ ഒരു തറവാട്ടിൽ, വഴക്കിട്ടു പിരിഞ്ഞ ജേഷ്ഠനും അനിയനും ഒരുമിച്ച് ഊണുകഴിക്കാൻ ഇരുന്നാൽ എങ്ങനെയുണ്ടാകും? ആ വിരുന്നിൽ രാഷ്ട്രീയം ഒട്ടും വിളമ്പിയിരുന്നില്ല. പ്രണബ് ദാ മോഹൻജിയ്ക്ക് നേരെ നീട്ടിയത് കടുത്ത രാഷ്ട്രീയ ചോദ്യങ്ങളായിരുന്നില്ല, മറിച്ച് സ്നേഹം ചാലിച്ച ബംഗാളി വിഭവങ്ങളായിരുന്നു.
ആ മേശപ്പുറത്തിരുന്ന് അവർ സംസാരിച്ചത് ഭാരതത്തിന്റെ വൈവിധ്യത്തെക്കുറിച്ചും, ചരിത്രത്തിന്റെ ആഴങ്ങളെക്കുറിച്ചും മാത്രമായിരുന്നു. വിയോജിപ്പുകളെ ശത്രുതയില്ലാതെ ആലിംഗനം ചെയ്യുന്ന ഭാരതീയ കുടുംബത്തിന്റെ അതേ അനുഭവം. ആ വിരുന്നിൽ വെച്ചാണ് ഭാഗവത് പ്രണബ് ദായോട് ആ ചരിത്രപരമായ ആവശ്യം ഉന്നയിച്ചത്: “അങ്ങ് നാഗ്പൂരിലെ ഞങ്ങളുടെ ആസ്ഥാനം സന്ദർശിക്കണം.”
സ്വന്തം പാർട്ടിയിൽ നിന്നും മകളിൽ നിന്നും വരെ കടുത്ത സമ്മർദ്ദങ്ങളും എതിർപ്പുകളും ഉണ്ടായിട്ടും, പ്രണബ് ദാ 2018 ജൂൺ 7ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തേക്ക് വന്നിറങ്ങി. തൃതീയ വർഷ സംഘ ശിക്ഷാ വർഗിന്റെ സമാപന ചടങ്ങിലെ മുഖ്യാതിഥിയായി.
അദ്ദേഹത്തെ സ്വീകരിക്കാനായി പോകുന്നത് സംഘത്തിന്റെ അന്നത്തെ സഹ സർകാര്യവാഹ് ആയിരുന്ന ഭാഗയ്യാജിയായിരുന്നു. വിനയത്തോടെ തന്റെ കേന്ദ്രം കൊൽക്കത്തയിലായിരുന്നു എന്ന് അദ്ദേഹം പരിചയപ്പെടുത്തിയപ്പോൾ, പതിറ്റാണ്ടുകളായി ഭവതാരിണിയുടെ മണ്ണും മനസ്സുമറിയുന്ന പ്രണബ് ദാ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു:
”Hindus in Kolkata are in danger.”
അവിടെയെത്തിയ പ്രണബ് ദാ ആദ്യം ചെയ്തത് സംഘ സ്ഥാപകൻ ഡോ. കെ.ബി. ഹെഡ്ഗേവാറിന്റെ ജന്മഗൃഹം സന്ദർശിക്കുകയായിരുന്നു. കൽക്കട്ട മെഡിക്കൽ കോളേജിലെ ആ പഴയ വിപ്ലവകാരിയുടെ വീട്ടിൽ അവിടെയുള്ള സന്ദർശക പുസ്തകത്തിൽ അദ്ദേഹം സ്വന്തം കൈപ്പടയിൽ കുറിച്ച വരികൾ ഡൽഹിയിലെ പല രാഷ്ട്രീയക്കാരുടെയും ഉറക്കം കെടുത്തിക്കളഞ്ഞു:
Today I came here to pay my respect and homage to a great son of Mother India
”ഇന്ന് ഞാൻ ഇവിടെ വന്നത് ഭാരതാംബയുടെ മഹാനായ ഈ പുത്രന് എന്റെ ആദരവും പ്രണാമവും അർപ്പിക്കാനാണ്.”
തുടർന്ന് വേദിയിൽ മോഹൻ ഭാഗവതിനൊപ്പം ഇരിക്കുമ്പോഴും പ്രണബ് ദാ തന്റെ തനിമ ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിച്ചു. ശിക്ഷാർത്ഥികളെയും ആയിരക്കണക്കിന് വരുന്ന സംഘ അനുഭാവികളെയും കാര്യകർത്താക്കളെയും രാജ്യത്തെയും സാക്ഷി നിർത്തി അദ്ദേഹം തന്റെ മുപ്പത്തിയഞ്ചു മിനിറ്റ് നീണ്ട പ്രസംഗത്തിൽ സംസാരിച്ചത് ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ചാണ്.
അദ്ദേഹം പറഞ്ഞു:
”നമ്മുടെ ദേശീയത എന്നത് ഒരു മതത്തിലോ, ഒരു ഭാഷയിലോ, ഒരു വംശത്തിലോ അധിഷ്ഠിതമല്ല. അത് സഹിഷ്ണുതയിലും ഉൾക്കൊള്ളലിലുമാണ് നിലനിൽക്കുന്നത്. ഭാരതത്തിന്റെ ആത്മാവ് ബഹുസ്വരതയിലാണ്.”
ആർഎസ്എസ് വേദിയിൽ നിന്നുകൊണ്ട് തന്നെ സംഘത്തിന്റെ ആശയങ്ങളോട് സൌമ്യമായി വിയോജിക്കാനും, എന്നാൽ അവരെ ബഹുമാനിക്കാനും പ്രണബ് ദായ്ക്ക് കഴിഞ്ഞത് അദ്ദേഹം ജനാധിപത്യത്തെ ഒരു തറവാടായി കണ്ടതുകൊണ്ടാണ്. തൊട്ടടുത്തിരുന്ന മോഹൻ ഭാഗവത് പുഞ്ചിരിയോടെയാണ് അത് കേട്ടത്. അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കുകയും ചെയ്തു:
“പ്രണബ് ദാ ഇവിടെ വന്നത് അദ്ദേഹത്തിന്റെ ആശയങ്ങൾ മാറ്റാനല്ല, ഞങ്ങൾ അദ്ദേഹത്തെ ക്ഷണിച്ചതും ഞങ്ങളുടെ ആശയങ്ങൾ മാറ്റാനല്ല. ഭാരതീയമായ സംവാദത്തിന്റെ സംസ്കാരമാണ് ഇത്.”
കാലം കടന്നുപോയി; 2020ൽ കോവിഡ് കാലത്തെ മരണത്തിന്റെ ഭീഷണമായ ആ കൊടുങ്കാറ്റിൽ ആ ജ്ഞാനവൃദ്ധൻ വിടവാങ്ങിയപ്പോൾ ഇന്ത്യൻ രാഷ്ട്രീയം വികാരാധീനമായി. രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം അവർ കാത്തുസൂക്ഷിച്ച ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കിക്കൊണ്ട് നരേന്ദ്ര മോദി കുറിച്ചു:
”അദ്ദേഹം ഒരേസമയം പണ്ഡിതനും സമുന്നതനായ ഒരു ഭരണാധികാരിയുമായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തെ സ്നേഹിച്ചിരുന്നു.”
അതേ ആദരവോടെ മോഹൻ ഭാഗവതും സംഘവും ഒരൊറ്റ സ്വരത്തിൽ പ്രണബ് ദായെ അനുസ്മരിച്ചു:
”സംഘത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം കേവലമൊരു അതിഥിയായിരുന്നില്ല; മറിച്ച്, ഒരു വഴികാട്ടിയും മുതിർന്ന കാരണവരുമായിരുന്നു. രാഷ്ട്രീയ അസ്പർശ്യതകളില്ലാത്ത അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറകൾക്ക് മാതൃകയാണ്.”
പാശ്ചാത്യ രാജ്യങ്ങളിലെ ജനാധിപത്യം എന്നത് പലപ്പോഴും ‘ഒന്നുകിൽ നീ, അല്ലെങ്കിൽ ഞാൻ’ എന്ന ദ്വന്ദത്തിലാണ്, അവരുടെ ശത്രുതയിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. പടിഞ്ഞാറുനിന്ന് കെട്ടിയിറക്കിയ അത്തരം രാഷ്ട്രീയ സങ്കൽപ്പങ്ങളിൽ നിങ്ങൾക്കിന്നുമത് കാണാം. ഹിന്ദു ദേശീയവാദികൾ അധികാരത്തിലെത്തിയത് കൊണ്ടു മാത്രം ബംഗാളിൽ നീണ്ട പതിനഞ്ചു കൊല്ലങ്ങൾക്ക് ശേഷം ഒരു രാഷ്ട്രീയ പ്രവർത്തനം പുനരാരംഭിക്കാൻ കഴിഞ്ഞതിൽ കേവലം അവകാശവാദങ്ങൾ മുഴക്കി നടക്കുന്ന പലരെയും ഇന്ന് ഈയിടത്തിൽ വ്യാപകമായി കാണാൻ സാധിക്കും. ഫാസിസ്റ്റുകളെന്നു ചാപ്പ കുത്തിയവരുടെ മുന്നിൽ ഇളിഭ്യച്ചിരിയോടെ കൊടിപിടിച്ചു നടക്കുന്നവർ. അവർക്കിത് അത്ഭുതമായിരിക്കും.
എന്നാൽ ഭാരതീയ ജനാധിപത്യം ഒരു വലിയ കുടുംബം പോലെയാണ്. അതിൽ പല ആശയങ്ങളുണ്ടാകും, കടുത്ത വിയോജിപ്പുകളുണ്ടാകും; എങ്കിലും എല്ലാവരും ഭാരതാംബയുടെ മക്കളാണെന്ന ബോധം അതിന്റെ ഉള്ളിലുണ്ടാകും.
മോദി പ്രണബ് ദായുടെ കാൽതൊട്ട് വണങ്ങിയതും, പ്രണബ് ദാ ഭാഗവതിന് വിരുന്നൊരുക്കിയതും, ഒടുവിൽ നാഗ്പൂരിലെ വേദിയിൽ അവർ ഒരുമിച്ചിരുന്നതുമെല്ലാം ആ ഒരൊറ്റ തറവാടിന്റെ ഭാരതീയമായ അനുഭവമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ രാഷ്ട്രീയ നഭസ്സിൽ ഹിന്ദു ദേശീയവാദികൾ നിവർന്നുനിന്ന് വിളിച്ചുപറഞ്ഞ ആശയങ്ങളോട് ഈ മുഹൂർത്തങ്ങൾക്കെല്ലാം വലിയ കടപ്പാടുണ്ട്.
Leave a comment