സാഗരാ പ്രാണ് തല്മലലാ

മകൻ വിപ്ലവത്തിന്റെ കനൽവഴികളിൽ നടന്ന് ജീവിതം തകർത്തുകളയുമോ എന്ന് ഭയന്ന്, അവനെ നേർവഴിക്ക് നടത്താൻ ഒരച്ഛൻ ലണ്ടനിലേക്ക് അയച്ചു. അവിടെയെങ്കിലും ചെന്ന് അവൻ ഡോക്ടറാകാൻ പഠിക്കട്ടെ എന്ന് കരുതി. എന്നാൽ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ലണ്ടനിലെത്തിയ ആ ബംഗാളി ചെറുപ്പക്കാരന് കൂട്ടായി കിട്ടിയത് സിംഹത്തെ അവന്റെ മടയിൽ കയറിത്തന്നെ തീർക്കണമെന്ന് നെഞ്ചുറപ്പോടെ ചിന്തിച്ച, ‘ഇന്ത്യ ഹൗസി’ലെ ആ വിപ്ലവ തീപ്പന്തങ്ങളെയായിരുന്നു! അവിടെ അവനെ കാത്തിരുന്നത് വിപ്ലവകാരികളുടെ രാജകുമാരനായ വിനായക് ദാമോദർ സവർക്കർ ആയിരുന്നു.

ആ യുവാവിനെ ലണ്ടനിലേക്ക് അയച്ച അച്ഛൻ മറ്റാരുമായിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവത്രയങ്ങളായ ‘ലാൽ-ബാൽ-പാൽ’ കൂട്ടുകെട്ടിലെ ‘പാൽ’ ആയ ബിപിൻ ചന്ദ്ര പാൽ ആയിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറയിളക്കിയ സ്വദേശി പ്രസ്ഥാനത്തിന്റെ മുൻനിര പോരാളിയായിരുന്നു ബിപിൻ ചന്ദ്ര പാൽ. വിദേശ സാധനങ്ങൾ ബഹിഷ്കരിക്കാനും ഭാരതീയരുടെ ആത്മാഭിമാനം ഉണർത്താനും ജനങ്ങളോട് ആഹ്വാനം ചെയ്ത തീപ്പൊരി നേതാവ്. ബാലഗംഗാധര തിലകനും ലാലാ ലജ്പത് റായിക്കുമൊപ്പം ചേർന്ന് കോൺഗ്രസിലെ തീവ്രവാദ വിഭാഗത്തിന് നേതൃത്വം നൽകിയ അദ്ദേഹം ‘പൂർണ്ണ സ്വരാജ്’ എന്ന ലക്ഷ്യത്തിനായി ജനങ്ങളെ തെരുവിലിറക്കി.

ബംഗാളിലെ തീക്ഷ്ണമായ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് നിരഞ്ജൻ പാൽ വളർന്നത്. കൗമാരപ്രായത്തിൽ തന്നെ അദ്ദേഹം കടുത്ത ബ്രിട്ടീഷ് വിരുദ്ധനായി മാറി. കൊൽക്കത്തയിലെ തെരുവുകളിൽ വെച്ച് അഹങ്കാരികളായ യൂറോപ്യൻ ഉദ്യോഗസ്ഥരുമായി നിരഞ്ജൻ പലപ്പോഴും കൈയാങ്കളിയിൽ ഏർപ്പെട്ടിരുന്നു. ഒരിക്കൽ ഒരു ട്രാമിൽ വെച്ച് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അദ്ദേഹം നേരിട്ട് ആക്രമിക്കുകപോലുമുണ്ടായി. മകന്റെ ഈ ചോരത്തിളപ്പും സായുധ വിപ്ലവത്തോടുള്ള ആഭിമുഖ്യവും ഒരു അച്ഛൻ എന്ന നിലയിൽ ബിപിൻ ചന്ദ്ര പാലിനെ വല്ലാതെ ആശങ്കപ്പെടുത്തി. മകൻ ജയിലിലാകുകയോ തൂക്കുമരത്തിലേറ്റപ്പെടുകയോ ചെയ്യുമെന്ന് ഭയന്ന അദ്ദേഹം, മകനെ വിപ്ലവത്തിൽ നിന്ന് അകറ്റി ഡോക്ടറാക്കാൻ തീരുമാനിച്ചു.

അങ്ങനെ 1908ൽ ബിപിൻ ചന്ദ്ര പാലും മകൻ നിരഞ്ജൻ പാലും ലണ്ടനിലെത്തി. പണ്ഡിറ്റ് ശ്യാംജി കൃഷ്ണവർമ്മയുടെ ക്ഷണപ്രകാരം ലണ്ടനിൽ പ്രവാസിയായിരുന്ന് സ്വാതന്ത്ര്യാനുകൂല പ്രചാരണം നടത്താനാണ് ബിപിൻ ചന്ദ്ര പാൽ എത്തിയത്. 1906ൽ തന്നെ വിനായക് ദാമോദർ സവർക്കർ ലണ്ടനിലെത്തി ‘ഇന്ത്യ ഹൗസ്’ കേന്ദ്രീകരിച്ച് ശക്തമായ വിപ്ലവ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

അച്ഛൻ വിപ്ലവത്തിൽ നിന്ന് അകറ്റാൻ നോക്കിയെങ്കിലും ലണ്ടനിലെത്തിയ നിരഞ്ജൻ പാൽ നേരെ ചെന്നുകയറിയത് സവർക്കറുടെ വിപ്ലവക്കോട്ടയിലേക്കായിരുന്നു. സ്പാനിഷ്, റഷ്യൻ വിപ്ലവകാരികളിൽ നിന്ന് അതീവ രഹസ്യമായി സംഘടിപ്പിച്ച ബോംബ് നിർമ്മാണ ഫോർമുലകളുടെ നൂറുകണക്കിന് സൈക്ളോസ്റ്റൈൽ പകർപ്പുകൾ തയ്യാറാക്കി ഇന്ത്യയിലെ വിലാസങ്ങളിലേക്ക് ഒളിച്ചുകടത്തുന്ന അപകടം പിടിച്ച ജോലികളിൽ നിരഞ്ജൻ പാലും പങ്കാളിയായി. ഈ രഹസ്യ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ സ്കോട്ട്‌ലൻഡ് യാർഡിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു.

1909 ജൂലൈ മാസത്തിൽ ഇന്ത്യ ഹൗസിലെ സജീവ പ്രവർത്തകനായ മദൻ ലാൽ ധിംഗ്ര ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ കഴ്സൺ വൈലിയെ ലണ്ടനിൽ വെച്ച് വെടിവെച്ചുകൊന്നു. ഇതോടെ ബ്രിട്ടീഷ് പോലീസ് ഇന്ത്യ ഹൗസിനെ പൂർണ്ണമായും വളഞ്ഞു. കൊലപാതകത്തിന്റെ സൂത്രധാരൻ എന്ന് സംശയിക്കപ്പെട്ട സവർക്കർക്ക് നേരെ കടുത്ത നിരീക്ഷണങ്ങളുണ്ടായി. സവർക്കർ ലണ്ടനിൽ നിന്നും 50 മൈൽ അകലെയുള്ള ‘ബ്രൈറ്റൺ’ എന്ന ബീച്ച് നഗരത്തിലേക്ക് മാറിത്താമസിച്ചു. സുഹൃത്തിന് കൂട്ടായി നിരഞ്ജൻ പാലും അവിടെയെത്തി. തന്റെ ആത്മകഥയായ ‘Such is Life’ എന്ന പുസ്തകത്തിൽ നിരഞ്ജൻ പാൽ ആ സന്ദർഭത്തെ വിവരിക്കുന്നുണ്ട്.

ചുറ്റും ആർത്തുവിളിക്കുന്ന ഇംഗ്ലീഷ് കുട്ടികളും അവധിക്കാലം ആഘോഷിക്കുന്ന ജനങ്ങളും. എന്നാൽ സവർക്കറുടെ മനസ്സ് ആ ശാന്തതയിൽ ആയിരുന്നില്ല. അങ്ങകലെ, കടലിനക്കരെയുള്ള തന്റെ അമ്മയെ, ഭാരതമാതാവിനെ ഓർത്ത് ആ വിപ്ലവകാരിയുടെ ഉള്ളം പിടയുകയായിരുന്നു. പെട്ടെന്ന്, ആ കടൽത്തീരത്തിരുന്ന് സവർക്കർ തന്റെ ഉള്ളിലെ വികാരങ്ങൾ വരികളാക്കി മാറ്റി ഈണത്തിൽ ചൊല്ലാൻ തുടങ്ങി.

ഈ കാവ്യജനനത്തിന് സാക്ഷ്യം വഹിച്ച നിരഞ്ജൻ പാൽ ആ നിമിഷം തന്റെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്:

“സവർക്കറുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു, തൊണ്ട ഇടറുന്നുണ്ടായിരുന്നു, ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം വിതുമ്പിക്കരയുകയായിരുന്നു… എങ്കിലും അദ്ദേഹം ആ പാട്ട് പാടിക്കൊണ്ടേയിരുന്നു. അങ്ങനെയാണ് നെഞ്ചുപൊട്ടുന്ന ആ ‘സാഗരാ പ്രാണ തളമളലാ’ എന്ന കവിത ജന്മമെടുത്തത്..”

ആ ബ്രൈറ്റൺ കടൽത്തീരത്ത് വെച്ച് സവർക്കറുടെ ചുണ്ടുകളിൽ നിന്ന് ഉതിർന്നുവീണ, മാതൃരാജ്യത്തോടുള്ള അടക്കാനാവാത്ത പ്രണയത്തിന്റെ ആ വരികൾ മറാഠി സാഹിത്യത്തിലെയും ഇന്ത്യൻ വിപ്ലവചരിത്രത്തിലെയും ഏറ്റവും വലിയ തീപ്പന്തമായി മാറി.

“നേ മജസി നേ പരത മാതൃഭൂമീലാ, സാഗരാ പ്രാണ തളമളലാ…”

(ഓ സമുദ്രമേ, എന്നെ തിരികെ എന്റെ മാതൃഭൂമിയിലേക്ക് എത്തിക്കൂ… നിന്റെ ഈ അലയടികൾ പോലെ എന്റെ ആത്മാവും എന്റെ മാതൃരാജ്യത്തിനായി പിടയുകയാണ്…)

വർഷങ്ങൾക്ക് ശേഷം, സവർക്കർ തടവുശിക്ഷയൊക്കെ കഴിഞ്ഞ് രത്നഗിരിയിലെ വീട്ടുതടങ്കലിൽ നിന്നും 1937ൽ പൂർണ്ണമായി മോചിതനായ കാലത്താണ് നിരഞ്ജൻ പാൽ ഈ ഓർമ്മകൾ എഴുതുന്നത്. 1938 മേയ് 27ലെ ലക്കത്തിൽ, പൂനെയിൽ നിന്ന് ബാലഗംഗാധര തിലകൻ ആരംഭിച്ച പ്രശസ്തമായ ‘The Mahratta’ എന്ന ഇംഗ്ലീഷ് വാരികയിലാണ് “Reminiscences of Savarkar” എന്ന പേരിൽ നിരഞ്ജൻ പാൽ ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.നിരഞ്ജൻ പാൽ ആ ലേഖനത്തിൽ ഇപ്രകാരം കുറിച്ചിട്ടു.

“ആധുനിക ഇന്ത്യയിലെ പ്രഗത്ഭരായ ഒട്ടുമിക്ക ദേശഭക്തരെയും പ്രമുഖ വ്യക്തിത്വങ്ങളെയും കാണാനും അറിയാനും കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമാണ്. എന്നാൽ വിനായക് ദാമോദർ സവർക്കറെപ്പോലെ മാതൃരാജ്യത്തെ ഇത്രയധികം സ്നേഹിച്ച മറ്റൊരു ദേശഭക്തനെ എനിക്ക് ഇന്നേവരെ കാണാൻ കഴിഞ്ഞിട്ടില്ല.”

അച്ഛൻ വിപ്ലവത്തിൽ നിന്ന് അകറ്റാൻ നോക്കിയ മകന്റെ സാന്നിധ്യത്തിൽ, ലണ്ടനിലെ ഒരു കടൽത്തീരത്തിരുന്ന് വിപ്ലവകാരികളുടെ രാജകുമാരൻ നെഞ്ചുപൊട്ടി പാടിയ ഈ ഗീതവും അതിന്റെ ചരിത്രവും, എന്നും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ മായാത്ത പ്രതീകമായി നിലകൊള്ളുന്നു.

കാലങ്ങൾ കടന്നുപോയി, ഭാരതം സ്വാതന്ത്ര്യം നേടി. സവർക്കർ കടൽത്തീരത്തിരുന്ന് നെഞ്ചുപൊട്ടി പാടിയ ആ വരികൾക്ക് സംഗീതത്തിന്റെ അമരത്വം നൽകാൻ സവർക്കർ തിരഞ്ഞെടുത്തത്, അന്ന് കൗമാരം വിട്ടിട്ടില്ലാത്ത ഒരു കൊച്ചു പയ്യനെയായിരുന്നു. ലതാ മങ്കേഷ്കറുടെ സഹോദരനായ മഹാനായ സംഗീതജ്ഞൻ ഹൃദയനാഥ് മങ്കേഷ്കറെ. അച്ഛൻ മരിച്ച ശേഷം വീര സവർക്കർ ആയിരുന്നു ആ കുഞ്ഞുങ്ങളുടെ നാഥൻ. വീരസവർക്കർ നേരിട്ടാണ് ഈ ഗീതം ഈണമിടാൻ ഹൃദയനാഥിനെ ഏൽപ്പിക്കുന്നത്.

​ഹൃദയനാഥ് മങ്കേഷ്കറുടെ സംഗീതസംവിധാനത്തിൽ ലതാ മങ്കേഷ്കറും സഹോദരങ്ങളും ചേർന്ന് പാടിയ ഈ ഗാനം ആകാശവാണിയിലൂടെ പുറത്തുവന്നതോടെ രാജ്യം മുഴുവൻ അത് തരംഗമായി. എന്നാൽ അതിന്റെ പേരിൽ വലിയൊരു വില ഹൃദയനാഥിന് നൽകേണ്ടി വന്നു. രാഷ്ട്രീയ കാരണങ്ങളാൽ അന്നത്തെ ഭരണകൂടം അദ്ദേഹത്തെ ആകാശവാണിയിലെ ജോലിയിൽ നിന്നും പെട്ടെന്ന് പിരിച്ചുവിട്ടു. വീരസവർക്കറുടെ കവിതയ്ക്ക് ഈണമിട്ടു എന്നത് മാത്രമായിരുന്നു അദ്ദേഹം ചെയ്ത ‘കുറ്റം’. ജോലി നഷ്ടപ്പെടുമ്പോഴും സവർക്കറുടെ ആ വരികളോട് അദ്ദേഹം പുലർത്തിയ ആദരവിന് ഭംഗം വന്നില്ല.

ഈ കാവ്യജനനത്തിന്റെ നൂറ്റിപ്പത്തിനാറു വർഷങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി 2025 ഡിസംബറിൽ അന്തമാൻ നിക്കോബാറിലെ ശ്രീ വിജയ പുരത്ത് ‘വാല്യുബിൾ ഗ്രൂപ്പ്’ സ്ഥാപകൻ അമേയ ഹേതെയുടെ നേതൃത്വത്തിൽ “സാഗരാ പ്രാണ തളമളലാ” എന്ന പേരിൽ ഒരു മഹത്തായ സ്മരണാ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു.

​ഇതിന്റെ ഭാഗമായി പോർട്ട് ബ്ലെയറിലെ ബീഡോണാബാദ് കടൽത്തീരത്ത് വീർ സവർക്കറുടെ ഭീമാകാരമായ ഒരു വെങ്കല പ്രതിമ സ്ഥാപിക്കപ്പെട്ടു. മഹാരാഷ്ട്ര ഭൂഷൺ പുരസ്കാര ജേതാവായ പ്രശസ്ത ശില്പി റാം സുതാർ രൂപകൽപ്പന ചെയ്ത ഈ മനോഹരമായ പ്രതിമ മാന്യ സർസംഘചാലക് ഡോ മോഹൻ ഭാഗവത്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ചേർന്ന് രാജ്യത്തിന് സമർപ്പിച്ചു. മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി ആശിഷ് ഷെലാർ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.

പതിറ്റാണ്ടുകൾക്ക് മുൻപ് സവർക്കറുടെ വരികൾ പാടിയതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടിട്ടും ആ ആദരവ് നെഞ്ചിലേറ്റിയ പണ്ഡിറ്റ് ഹൃദയനാഥ് മങ്കേഷ്കറും അദ്ദേഹത്തിന്റെ സഹോദരി ഉഷാ മങ്കേഷ്കറും തൊണ്ണൂറുകളുടെ നിറവിലും ആ വേദിയിലെത്തി. അദ്ദേഹം തന്നെ ഈണമിട്ട വീരസവർക്കറുടെ അനശ്വര ഗീതങ്ങളായ ‘സാഗരാ പ്രാണ തളമളലാ’, ‘ജയോസ്തുതേ’, ‘ജയ് ജയ് ശിവരായ’, ‘ഹേ ഹിന്ദു നൃസിംഹാ’ എന്നിവ അവർ അവിടെ വീണ്ടും അവതരിപ്പിച്ചു.

​അന്ന് ആ വേദിയിലിരുന്ന് അദ്ദേഹം സവർക്കറെ അതീവ വികാരഭരിതനായി അനുസ്മരിച്ചു. സവർക്കർ എന്ന മനുഷ്യന്റെ ഉള്ളിലെ അപാരമായ സ്നേഹവും, മാതൃഭാഷയോടുള്ള ഭക്തിയും, പ്രകൃതിയോടും മനുഷ്യരോടും അദ്ദേഹം കാണിച്ച സഹാനുഭൂതിയും, ഉല്പതിഷ്ണുത്വവും, ആ കവിത്വവുമെല്ലാം നിർവചിക്കുന്ന നിരവധി വ്യക്തിപരമായ അനുഭവങ്ങൾ അദ്ദേഹം ആ സജ്ജന സദസ്സിനോട് പങ്കുവെച്ചു.

കല്ലറയും തൂക്കുമരങ്ങളും മുന്നിൽ കണ്ട് മാതൃഭൂമിക്ക് വേണ്ടി ജീവിതം സമർപ്പിച്ച്, വീടിന്റെ അസ്ഥിവാരം വരെ കണ്ടുകെട്ടപ്പെട്ട്, അര നൂറ്റാണ്ടിന്റെ ഇരട്ട ജീവപര്യന്തത്തടവിന് വിധിച്ചു സകല സ്വത്തും കണ്ടുകെട്ടപ്പെട്ട് നാടുകടത്തപ്പെട്ട ഒരു വിപ്ലവകാരിയുടെ ഉള്ളിൽ എത്രമാത്രം ആർദ്രനായ ഒരു കവിയും സ്നേഹനിധിയായ ഒരു മനുഷ്യനും ഉണ്ടായിരുന്നു എന്ന് ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപ് ഭഗത് സിംഗ് തന്റെ ‘വിശ്വപ്രേം’ എന്ന ലേഖനത്തിൽ എഴുതിയ അതേ വികാരങ്ങൾ പദ്മഭൂഷൺ ഹൃദയനാഥ് മങ്കേഷ്കറുടെ വാക്കുകളിലൂടെ രാജ്യം വീണ്ടുമറിഞ്ഞു.

Leave a comment

Website Powered by WordPress.com.

Up ↑