ബംഗാൾ: അശാന്തിയുടെ രാഷ്ട്രീയ സംഘർഷഭൂമി

ഒരു ദേശത്തിന്റെ രാഷ്ട്രീയ സംസ്കാരം രൂപപ്പെടുന്നതിൽ അവിടുത്തെ സാമൂഹികവും സാമ്പത്തികവുമായ ദുരന്തങ്ങൾക്ക് വലിയ പങ്കുണ്ട്. പശ്ചിമ ബംഗാളിന്റെ ഇന്നത്തെ അക്രമ രാഷ്ട്രീയത്തിന്റെ വേരുകൾ കിടക്കുന്നത് തൊള്ളായിരത്തി നാല്പതുകൾ മുതൽ ആ നാട്ടിലെ ജനങ്ങൾ അനുഭവിച്ച സമാനതകളില്ലാത്ത പട്ടിണിയിലും വർഗീയ ചോരപ്പുഴയിലും അതിനുശേഷമുണ്ടായ കടുത്ത പ്രത്യയശാസ്ത്ര യുദ്ധങ്ങളിലുമാണ്. ഓരോ ഇലക്ഷനുകൾക്ക് മുൻപും ശേഷവും പിന്നെ ഇടവേളകൾക്കിടയിലും നിരന്തരമായി വിജയിച്ചവന്റെ രാഷ്ട്രീയം പരാജയപ്പെട്ടവന്റെ ജീവനും സ്വത്തും മാനവും എടുക്കുന്ന ശീലം ആദ്യം ചെയ്തത് കോൺഗ്രസാണ്‌.. കോൺഗ്രസ് തോറ്റപ്പോൾ ആ പൈതൃകം കമ്മ്യൂണിസം ഏറ്റെടുത്തു.. അതിനിടയിൽ മാവോയിസം കുറച്ച് വേദികൾ ആടിത്തിമർത്തു.. അതിന്റെ മൂർദ്ധന്യത്തിന്റെയും ഉച്ചിയിൽ അടിച്ചു തൃണമൂൽ കോൺഗ്രസ് കൊന്നു കളിയാടി..

രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ ജനദ്രോഹ നയങ്ങൾ കാരണം ബംഗാളിൽ പട്ടിണിമരണങ്ങൾ ആരംഭിച്ചു. 1942ൽ ജപ്പാൻ ബർമ്മ പിടിച്ചടക്കിയതോടെ ബംഗാളിലേക്കുള്ള അരി ഇറക്കുമതി നിലച്ചു. ഇതിന് പിന്നാലെ ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയ Denial Policy ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടു. ജപ്പാൻ സൈന്യത്തിന് ഇതൊന്നും കിട്ടാതിരിക്കാൻ ബംഗാളിലെ വഞ്ചികളും ധാന്യശേഖരവും നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുകയായിരുന്നു അതിന്റെ കാതൽ. ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ബംഗാളിലെ ധാന്യങ്ങൾ യൂറോപ്പിലെ തങ്ങളുടെ സൈന്യത്തിനായി പൂഴ്ത്തിവെക്കാൻ ഉത്തരവിട്ടു. ഇതിന്റെ ഫലമായി മുപ്പത് ലക്ഷത്തിലധികം മനുഷ്യരാണ് കൊൽക്കത്തയിലെ തെരുവുകളിൽ പട്ടിണി കിടന്ന് മരിച്ചത്. ഈ ദുരന്തം ബംഗാളി സമൂഹത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തോടും നിലവിലുണ്ടായിരുന്ന ജമീന്ദാരി വ്യവസ്ഥിതിയോടും കടുത്ത അമർഷം ഉണ്ടാക്കി. പട്ടിണി കിടന്ന് മരിക്കുന്നതിനേക്കാൾ നല്ലത് ആയുധമെടുത്ത് പോരാടുന്നതാണെന്ന ചിന്ത ജനങ്ങളിലേക്ക് പടരാൻ ഇത് കാരണമായി.

ഇതിനു പിന്നാലെ പാകിസ്താൻ എന്ന രാജ്യം നേടിയെടുക്കാൻ ഭരണഘടനാപരമായ ചർച്ചകൾ കൊണ്ട് കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഹമ്മദലി ജിന്ന 1946 ഓഗസ്റ്റ് 16ന് Direct Action Day ആഹ്വാനം ചെയ്തു. അന്ന് ബംഗാളിൽ ഭരിച്ചിരുന്നത് ഹുസൈൻ ഷഹീദ് സുഹ്‌റവർദിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് സർക്കാരായിരുന്നു. സർക്കാരിന്റെ പരോക്ഷ പിന്തുണയോടെ കൊൽക്കത്തയിൽ ആരംഭിച്ച അക്രമം വൻ ഹിന്ദു-മുസ്ലീം വർഗീയ കലാപമായി മാറി. ഇത് ചരിത്രത്തിൽ ‘The Great Calcutta Killings’ എന്നാണ് അറിയപ്പെടുന്നത്. ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ഭൂരിപക്ഷ സമുദായത്തിന് നേരെ വ്യാപകമായ അക്രമം നടന്നു. എന്നാൽ പിന്നീട് ഹിന്ദുക്കൾ സംഘടിക്കുകയും ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. കേവലം മൂന്നു ദിവസം കൊണ്ട് പതിനായിരത്തോളം മനുഷ്യർ കൊൽക്കത്തയിൽ മാത്രം കശാപ്പ് ചെയ്യപ്പെട്ടു. ഇതോടെ സാധാരണക്കാരായ ജനങ്ങൾക്കിടയിലും ‘അക്രമം’ ഒരു പ്രതിരോധ മാർഗ്ഗമായി മാറി.

1947 ഓഗസ്റ്റിൽ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ ബംഗാളും രണ്ടായി മുറിക്കപ്പെട്ടു. സമ്പന്നമായ കാർഷിക മേഖലകൾ കിഴക്കൻ ബംഗാളിലായിരുന്നു. അവയെല്ലാം അങ്ങനെ ഒരു സുപ്രഭാതത്തിൽ പാകിസ്താന്റെ ഭാഗമായി. വ്യവസായശാലകളും കൊൽക്കത്ത തുറമുഖവും ഇന്ത്യയുടെ പശ്ചിമ ബംഗാൾ ഭാഗത്തുമായി. അതിർത്തി കടന്ന് ലക്ഷക്കണക്കിന് ഹിന്ദു അഭയാർത്ഥികൾ കൊൽക്കത്തയിലേക്കും പരിസരപ്രദേശങ്ങളിലേക്കും ഒഴുകിയെത്തി. ഈ വലിയ ജനസംഖ്യയെ ഉൾക്കൊള്ളാൻ പശ്ചിമ ബംഗാളിന് കഴിഞ്ഞില്ല. വീണ്ടും പട്ടിണിയും കറിഞ്ചന്തയും തൊഴിലില്ലായ്മയും സംസ്ഥാനത്തെ വിഴുങ്ങി. സ്വാതന്ത്ര്യം കിട്ടിയിട്ടും ജനങ്ങളുടെ ദാരിദ്ര്യത്തിന് മാറ്റമൊന്നും വന്നില്ല.

ഇന്ന് വലിയ ആരാധനയൊക്കെ കാണിക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നെഹ്‌റു സർക്കാരിന്റെ നയങ്ങളോട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. 1948 ഫെബ്രുവരിയിൽ കൊൽക്കത്തയിൽ വെച്ച് അവിഭക്ത സിപിഐയുടെ രണ്ടാം പാർട്ടി കോൺഗ്രസിൽ ബി.ടി. രണദിവെ ആ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണദിവേ അവതരിപ്പിച്ച രാഷ്ട്രീയ നയമാണ് ‘കൽക്കട്ട തീസീസ്’ അല്ലെങ്കിൽ ‘രണദിവെ ലൈൻ’ എന്നറിയപ്പെടുന്നത്.

‘യെ ആസാദി ഝൂട്ടാ ഹേ’ അഥവാ ‘ഇന്ത്യക്ക് ഇപ്പോ ലഭിച്ച ഈ സ്വാതന്ത്ര്യം വ്യാജമാണ്’ എന്നും നെഹ്‌റു സർക്കാർ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റാണ് എന്നും രണ്ടാം പ്രതി കോണ്ഗ്രസ് പ്രഖ്യാപിച്ചു. അതിനാൽ റെയിൽവേ സമരങ്ങളും, കർഷക പ്രക്ഷോഭങ്ങളും വഴി സായുധ വിപ്ലവത്തിലൂടെ ഈ സർക്കാരിനെ അട്ടിമറിക്കണം എന്നായിരുന്നു സ്വാതന്ത്ര്യം കിട്ടി നാലുമാസം പോലുമാകാത്ത ഒരു രാജ്യത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപനം. ഈ ആഹ്വാനത്തെ തുടർന്ന് ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സായുധ സമരങ്ങളിലേക്ക് കടന്നു. പോലീസിനെ ആക്രമിക്കൽ, സർക്കാർ ഓഫീസുകൾ തകർക്കൽ, ബോംബേറ് എന്നിവ പതിവായി. എന്നാൽ ഭരണാധികാരിയായിരുന്ന കോൺഗ്രസ് മുഖ്യമന്ത്രി ഡോ. ബിസി റോയ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പടിഞ്ഞാറൻ ബംഗാളിൽ നിരോധിക്കുകയും കമ്യൂണിസ്റ്റ് അക്രമികളെ ക്രൂരമായി വേട്ടയാടി ജയിലിലടക്കുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തരം ബംഗാളിൽ കോൺഗ്രസ് ഭരണത്തിൽ വന്നതോടെയാണ് ‘അധികാരം നിലനിർത്താനുള്ള’ രാഷ്ട്രീയ അക്രമങ്ങൾ ശക്തമാകുന്നത്. ഈ കാലഘട്ടത്തിൽ വിഭജനവും ഭരണമാറ്റവും കാരണമുണ്ടായ ഭക്ഷ്യക്ഷാമത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ കോണ്ഗ്രസിന് നേരെ വലിയ ജനരോഷമുയർന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ വലിയ സമരങ്ങൾ നടത്തി അത് തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള അവസരമാക്കി മാറ്റി. ഈ ഘട്ടങ്ങളിൽ​ കോൺഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന ബിസി റോയ്, പ്രഫുല്ല ചന്ദ്ര സെൻ എന്നിവരുടെ കാലത്ത് ഈ ഇടതുപക്ഷ സമരങ്ങളെ പോലീസ് സേനയെയും സ്വന്തം ഗുണ്ടകളെയും ഉപയോഗിച്ച് കോൺഗ്രസ് ക്രൂരമായി അടിച്ചമർത്തി. ഇത് ബംഗാളിന്റെ മണ്ണിൽ രാഷ്ട്രീയ ചേരിതിരിവ് രൂക്ഷമാക്കി.

ബംഗാൾ ആഭ്യന്തര കലഹങ്ങളിലൂടെ കടന്നുപോകുന്ന ഇതേ സമയത്താണ് 1949 ഒക്ടോബറിൽ അയൽരാജ്യമായ ചൈനയിൽ മാവോ സെതൂങ്ങിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം വിജയിക്കുന്നത്. ചൈനയിലെ കർഷകരെ സംഘടിപ്പിച്ചു കൊണ്ട് മാവോ നടത്തിയ സായുധ ഗറില്ലാ പോരാട്ടത്തിന്റെ വിജയം ബംഗാളിലെ തീവ്ര കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാർക്ക് വലിയ ആവേശമായി. ഇന്ത്യയിലും ‘സോവിയറ്റ് മാതൃക’യിലുള്ള നഗരകേന്ദ്രീകൃത വിപ്ലവമല്ല, മറിച്ച് ‘ചൈനീസ് മാതൃക’യിലുള്ള ഗ്രാമീണ കർഷക സായുധ കലാപമാണ് വേണ്ടതെന്ന ചിന്ത ബംഗാളിലെ കമ്യൂണിസ്റ്റുകൾക്കിടയിൽ ശക്തമായി. ഇതാണ് പിൽക്കാലത്ത് 1967ൽ ബംഗാളിലെ നക്സൽബാരി പ്രസ്ഥാനത്തിലേക്ക് വഴിമാറുന്നതും ബംഗാൾ രാഷ്ട്രീയത്തെ ചോരക്കളമാക്കുന്നതും.

ബംഗാൾ രാഷ്ട്രീയത്തെ ഏറ്റവും കൂടുതൽ അക്രമത്തിലേക്ക് തള്ളിവിട്ട ദശകമായിരുന്നു എന്തിനു ശേഷം. ചാരു മജൂംദാറിന്റെ നേതൃത്വത്തിൽ വടക്കൻ ബംഗാളിലെ നക്സൽബാരിയിൽ ഭൂവുടമകൾക്കെതിരെ സായുധ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. 1972ൽ കോൺഗ്രസ് നേതാവ് സിദ്ധാർത്ഥ് ശങ്കർ റേ മുഖ്യമന്ത്രിയായതോടെ നക്സലൈറ്റുകളെയും കമ്മ്യൂണിസ്റ്റുകാരെയും അടിച്ചമർത്താൻ മൃഗീയമായ നടപടികൾ തന്നെ സ്വീകരിച്ചു. ഈ കാലഘട്ടത്തിൽ കോൺഗ്രസ് പ്രവർത്തകരും നക്സലൈറ്റുകളും കമ്മ്യൂണിസ്റ്റുകാരും തെരുവുകളിൽ പരസ്പരം കൊന്നൊടുക്കി. യൂത്ത് കോൺഗ്രസ് ഈ സ്റ്റേറ്റ് സ്പോൺസേർഡ് അക്രമങ്ങൾക്ക് സജീവമായി നേതൃത്വം നൽകി.

1977ൽ ​ജ്യോതി ബസുവിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിൽ വന്നതോടെ അക്രമങ്ങളുടെ സ്വഭാവം മാറി. തെരുവ് യുദ്ധങ്ങൾക്ക് പകരം ഭരണം ഉപയോഗിച്ച് അക്രമങ്ങളെ അവരുടെ തനതു സ്വഭാവമനുസരിച്ച് ഇൻസ്റ്റിറ്റ്യൂഷണലൈസ് ചെയ്യാൻ സിപിഎമ്മിന് കഴിഞ്ഞു. അങ്ങനെ അവർ സൃഷ്ടിച്ച ​പാർട്ടി ഗ്രാമങ്ങളിൽ തങ്ങൾക്ക് വിരുദ്ധമായ രാഷ്ട്രീയ ചിന്താഗതിയുള്ളവരെ ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യം ഇടതുപക്ഷം സൃഷ്ടിച്ചു.

1970ലെ ​സൈൻബാരി കൊലപാതകം, ബംഗ്ലാദേശിൽ നിന്നുള്ള ദളിത് അഭയാർത്ഥികൾക്കെതിരെ ജ്യോതി ബസു സർക്കാർ നടത്തിയ ക്രൂരമായ പോലീസ് നടപടിയുടെ സംഭവിച്ച 1979ലെ മരിച്ഝാപ്പി കൂട്ടക്കൊല, 1982ൽ ആനന്ദമാർഗി സന്യാസിമാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവങ്ങൾ,​ 2006 മുതൽ സിംഗൂരും നന്ദിഗ്രാമും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സിപിഎം സർക്കാരും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും തമ്മിൽ നടന്ന ചോരക്കളിയും വരെ വിപുലമായിരുന്നു ആ എപ്പിസോഡ്. ഇതോടെയാണ് ബംഗാളിലെ മാർക്സിയൻ ഉരുക്കുകോട്ട തകർന്നു വീണത്.

ഭരണം മാറിയെങ്കിലും ബംഗാളിലെ രാഷ്ട്രീയ സംസ്കാരത്തിന് മാറ്റമുണ്ടായില്ല. സിപിഎമ്മിന്റെ താഴെത്തട്ടിലുള്ള പ്രാദേശിക ഗുണ്ടകൾ കൂട്ടത്തോടെ തൃണമൂലിലേക്ക് ചേക്കേറി. പതിയെ കോൺഗ്രസും ഇടതുപക്ഷവും ബംഗാളിൽ ദുർബലമാവുകയും ബിജെപി പ്രധാന പ്രതിപക്ഷമാവുകയും ചെയ്തതോടെ അക്രമങ്ങൾ തൃണമൂലും ബിജെപിയും തമ്മിലായി മാറി.

ചുരുക്കത്തിൽ, ബംഗാളിന്റെ മണ്ണിൽ രാഷ്ട്രീയ അക്രമങ്ങൾ എന്നത് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല. അതൊരു തുടർച്ചയാണ്. ബ്രിട്ടീഷുകാരൻ വിതച്ച പട്ടിണി ഭരണകൂടങ്ങളോടുള്ള വെറുപ്പായി മാറിയപ്പോൾ, മുസ്ലീം ലീഗ് തെരുവിൽ കാട്ടിയ വർഗീയ ചോരക്കളി സാധാരണക്കാരനെപ്പോലും ആയുധമെടുക്കാൻ പഠിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം വന്ന അഭയാർത്ഥി പ്രവാഹവും ദാരിദ്ര്യവും ഉണ്ടാക്കിയ ജനരോഷത്തെ, കൃത്യമായ പ്രത്യയശാസ്ത്രത്തിന്റെ ലേബലൊട്ടിച്ച് സായുധ വിപ്ലവത്തിലേക്ക് തിരിച്ചുവിടുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്തത്.
അധികാരം നിലനിർത്താൻ കോൺഗ്രസ് കാട്ടിയ ഭരണകൂട ഭീകരതയെയും ഗുണ്ടാ സംസ്കാരത്തെയും, പിന്നീട് വന്ന മുപ്പത്തിനാല് വർഷത്തെ മാർക്സിസ്റ്റ് ഭരണം ഗ്രാമതലങ്ങളിൽ വരെ വേരോട്ടമുള്ള ഒരു വ്യവസ്ഥാപിത സംവിധാനമാക്കി ഇൻസ്റ്റിറ്റ്യൂഷണലൈസ് ചെയ്തു. കമ്മ്യൂണിസ്റ്റ് പൈതൃകത്തിന്റെ ആ ഗുണ്ടാപ്പടയെ അതേപടി ആവാഹിച്ചുകൊണ്ടാണ് തൃണമൂൽ കോൺഗ്രസും ഇത്രയും കാലം കൊന്നു കളിയാടിയത്.

ബംഗാളിന്റെ സിംഹാസനത്തിൽ ആരാണോ ഇരിക്കുന്നത്, അവർ തങ്ങളുടെ അധികാരം കാക്കാൻ ചോരയെ ഒരു രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു ഇതുവരെയുള്ള ചരിത്രം. എന്നാൽ, ചരിത്രത്തിലാദ്യമായി ഒരു ഭരണമാറ്റം വഴി ബിജെപി ബംഗാളിൽ അധികാരത്തിൽ വന്നപ്പോൾ ഈ ചോരക്കളിക്ക് ഒരു തടസ്സമുണ്ടായി. കാലങ്ങളായി ബംഗാൾ കണ്ടുവന്ന ‘വിജയിച്ചവന്റെ പ്രതികാര രാഷ്ട്രീയം’ ഇത്തവണ ആവർത്തിക്കപ്പെട്ടില്ല. കൂട്ടത്തിലേക്ക് കടന്നുവന്ന് കൊലവിളിയുമായി ഒരവസരം കാത്തിരുന്നവരോട്, “ആ പണിക്ക് നിൽക്കുന്നവർക്ക് ഈ പാർട്ടിയിൽ സ്ഥാനമില്ല” എന്ന് ആദ്യമേ പറയാൻ ബിജെപി നേതൃത്വത്തിന് കഴിഞ്ഞു.

തൃണമൂലുകാരനെയും കമ്മ്യൂണിസ്റ്റുകാരനെയും തിരഞ്ഞുപിടിച്ച് കൊന്ന് പകരം വീട്ടാൻ വേണ്ടി മാത്രം പാർട്ടിയിലേക്ക് വലിഞ്ഞുകയറാൻ നോക്കിയ ക്രിമിനലുകൾക്ക് മുന്നിൽ “അടുത്ത മൂന്നു മാസത്തേക്ക് പുതിയ മെമ്പർഷിപ്പില്ല” എന്ന് പ്രഖ്യാപിച്ച് സംഘടനയുടെ വാതിലുകൾ അവർ കൊട്ടിയടച്ചു. ഒപ്പം, ക്രമസമാധാനം ഉറപ്പാക്കാൻ ലക്ഷക്കണക്കിന് കേന്ദ്രസേനയെ സംസ്ഥാനത്തുടനീളം വിന്യസിക്കുകയും, അതിർത്തി ഗ്രാമങ്ങളിൽ കാവലൊരുക്കാൻ ബി.എസ്.എഫിന് കൃത്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.

ഇന്നേവരെ തങ്ങളെ “അക്രമികൾ” എന്ന് വിളിച്ച് ചാപ്പയടിക്കാൻ നോക്കിയ അതേ രാഷ്ട്രീയ ഇടനാഴികളിലേക്ക് നോക്കി, ബംഗാളിന്റെ തെരുവുകളിൽ സമാധാനം ഉറപ്പാക്കിക്കൊണ്ട് ഈ പ്രസ്ഥാനം മറുപടി നൽകുകയാണ്. ഇന്ന് ആ തെരുവുകളിൽ ശാന്തി പൂത്തുലയുകയാണ് എന്നതൊക്കെ അതിവായനയാണ്. പക്ഷെ പതിറ്റാണ്ടുകളായി ബംഗാൾ കണ്ടു ശീലിച്ച അക്രമത്തിന്റെ രാഷ്ട്രീയ സംസ്കാരത്തെ, വിവേകാനന്ദന്റെ കാവി മണ്ണിൽ, ഡോ. ഹെഡ്ഗേവാറിന്റെ വിപ്ലവമണ്ണിൽ, അരവിന്ദന്റെയും ബാഘാ ജതിന്റെയും പുളിൻ ദാസിന്റെയും ബീനാ ദാസിന്റെയും സച്ചിന്ദ്ര സന്യാലിന്റെയും അശുതോഷ് ലാഹിരിയുടെയും എംഎൻ റോയിയുടെയും സൂര്യ സെന്നിന്റെയും നേതാജിയുടെയും ശ്യാമപ്രസാദിന്റെയും ജീവൻ തുടിക്കുന്ന ആ വംഗഭൂമിയിൽ തിരുത്തിയെഴുതി. അവരേതു ശാന്തി പുലരാനാണോ ആയുധങ്ങളെടുത്തത്, ദുർഗ്ഗാമാതാവിൻറെ ശതസഹസ്രഹസ്തങ്ങളായത്, ആ മാതാവിൻറെ ആദർശ വിഗ്രഹങ്ങളായ കേശവന്റെ മാനസപുത്രന്മാർ തങ്ങളുടെ കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ തിരുത്തിയെഴുതുന്ന കാഴ്ചയാണ് ഇന്ന് ബംഗാൾ കാണുന്നത്.

നചികേതം

Leave a comment

Website Powered by WordPress.com.

Up ↑