കണ്ണന്റെ കാളിന്ദിയായും താജ്മഹലിന്റെ താളമായുമെല്ലാം കവികൾ വാഴ്ത്തിപ്പാടിയ നദിയാണ് യമുന. ആഗ്രയുടെ ഓളമായും, അതിന്റെ തീരങ്ങളിൽ മനോഹരമായ മനുഷ്യസംസ്കൃതിയുടെ അടയാളങ്ങളായും പല പ്രതീകങ്ങളും തല ഉയർത്തി നിൽക്കുന്നുണ്ട്. കലിന്ദ പർവ്വതത്തിൽ നിന്നും ഉത്ഭവിക്കുന്നതിനാൽ ‘കാളിന്ദി’യെന്നു പേർ കൊണ്ട, കാളിയൻ തിമിർത്താടിയതുകൊണ്ട് ‘കാളിമ നിറഞ്ഞ നദി’ എന്നറിയപ്പെട്ടിരുന്ന യമുനയിൽ, വെളുത്ത മേഘതുല്യമായ മാലിന്യപ്പതയുടെ കൂമ്പാരം നിറയുന്ന കാഴ്ചയാണ് കുറച്ചുകാലങ്ങളായി നാം കണ്ടുവരുന്നത്.
ഭാരതീയ പുരാണങ്ങളിൽ സൂര്യപുത്രിയും യമഭഗിനിയുമായ പുണ്യനദിയായാണ് യമുന ആരാധിക്കപ്പെടുന്നത്. ഹൈന്ദവ സംസ്കൃതിയിലെ മോക്ഷദായികകളായ ഏഴു നദികളിൽ ഗംഗാനദി കഴിഞ്ഞാൽ ഭാരതത്തിൽ ഏറ്റവും കൂടുതൽ പുണ്യമായി കരുതപ്പെടുന്ന നദിയാണ് യമുന. കൽത്തുറങ്കിൽ പിറന്ന നവജാതശിശുവായ ശ്രീകൃഷ്ണനെ വസുദേവർ ഗോകുലത്തിലേക്ക് കൊണ്ടുപോകുമ്പോൾ, യമുന നദി രണ്ടായി പിരിഞ്ഞ് വഴി നൽകിയതായി ഭാഗവതം പറയുന്നു. അമ്പാടിയിൽ ബാലലീലകളാടിയ ബാലകൃഷ്ണന്റെ പാദസ്പർശമേറ്റതോടെ യമുന അതീവ പരിശുദ്ധയായി തീർന്നു എന്നാണ് സങ്കല്പം.
ദീപാവലിക്ക് ശേഷം വരുന്ന ദ്വിതീയ നാളിൽ യമുന തന്റെ സഹോദരനായ യമനെ വീട്ടിലേക്ക് ക്ഷണിച്ച് സൽക്കരിച്ചുവെന്നൊരു സങ്കൽപ്പമുണ്ട്. യമദ്വിതീയയെന്നും ഭായ് ദൂജ് എന്നുമെല്ലാം പ്രാദേശിക ഭേദമനുസരിച്ച് ആചരിക്കപ്പെടുന്ന ഈ ദിവസം സഹോദരിയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുകയും യമുനയിൽ സ്നാനം ചെയ്യുകയും ചെയ്യുന്നവർക്ക് അകാലമൃത്യു ഉണ്ടാകില്ലെന്ന് യമൻ വരം നൽകിയത്രെ. പ്രയാഗ്രാജിൽ വെച്ച് യമുന ഗംഗയോടും അദൃശ്യനദിയായ സരസ്വതിയോടും ചേരുന്ന ത്രിവേണിസംഗമസ്ഥാനം ഏറെ പവിത്രമായി കരുതപ്പെടുന്നു.
യമുന നേരിടുന്ന മലിനീകരണ പ്രതിസന്ധി
യമുന നദിക്ക് ആകെ 1,376 കിലോമീറ്റർ നീളമുണ്ടെങ്കിലും ഡൽഹിയിലൂടെ കടന്നുപോകുന്നത് വെറും 22 കിലോമീറ്റർ മാത്രമാണ്. വസിറാബാദ് മുതൽ ഓഖ്ല വരെയുള്ള ഈ ഭാഗം നദിയുടെ ആകെ നീളത്തിന്റെ ഏകദേശം രണ്ട് ശതമാനം മാത്രമേ വരൂ. എന്നാൽ, യമുനയിലുള്ള ആകെ മാലിന്യത്തിന്റെ 71 മുതൽ 76 ശതമാനം വരെ നദിയിലേക്ക് എത്തുന്നത് ഈ ചെറിയ ഭാഗത്തുനിന്നാണ്. ഡൽഹിയിൽ ദിവസവും ഏകദേശം 792 മുതൽ 964 ദശലക്ഷം ഗാലൻ (MGD) വരെ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ 150 മുതൽ 200 ദശലക്ഷം ഗാലനിലധികം മലിനജലം യാതൊരു ശുദ്ധീകരണവുമില്ലാതെ ദിവസവും നേരിട്ട് നദിയിലേക്ക് ഒഴുകുകയാണ്.

ഡൽഹിയിലെ 22-ഓളം വലിയ അഴുക്കുചാലുകൾ വഴിയാണ് പ്രധാനമായും മാലിന്യം യമുനയിലേക്ക് എത്തുന്നത്. ഇതിൽ നജഫ്ഗഡ് അഴുക്കുചാൽ വഴി മാത്രം ഡൽഹിയിലെ ആകെ മലിനജലത്തിന്റെ ഏകദേശം 60 ശതമാനവും നദിയിലെത്തുന്നു. ഷാഹ്ദര, ബരാപുള്ള എന്നിവയാണ് മറ്റ് പ്രധാന അഴുക്കുചാലുകൾ. ഇതിനു പുറമെയാണ് സ്വീവർ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത നൂറുകണക്കിന് അനധികൃത കോളനികളിൽ നിന്നും ചേരികളിൽ നിന്നുമുള്ള ഗാർഹിക മലിനജലം മഴവെള്ളച്ചാലുകളിലൂടെ നേരിട്ട് യമുനയിലെത്തുന്നത്. ഡൽഹിക്ക് പുറമെ ഹരിയാനയിലെയും ഉത്തർപ്രദേശിലെയും വ്യവസായ ശാലകളിൽ നിന്നും നഗരങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളും ഹിൻഡൻ നദിയിലൂടെയും ഹരിയാനയിലെ വ്യാവസായിക ചാലുകൾ വഴിയുമെല്ലാം യമുനയിലേക്ക് ഒഴുകുന്നുണ്ട്.
നദിയിലെ മാലിന്യത്തിന്റെ സിംഹഭാഗവും വീടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യങ്ങളും അടുക്കള മാലിന്യങ്ങളുമാണ്. ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കോളിഫോം ബാക്ടീരിയകൾ വെള്ളത്തെ അതീവ അപകടകരമാക്കുന്നു. വീടുകളിലും അലക്കുശാലകളിലും വ്യവസായങ്ങളിലും ഉപയോഗിക്കുന്ന ഡിറ്റർജന്റുകളിൽ നിന്നുള്ള ഫോസ്ഫേറ്റും സർഫാക്റ്റന്റുകളുമാണ് എല്ലാ വർഷവും മഞ്ഞുകാലത്ത് യമുനയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന വിഷലിപ്തമായ വെളുത്ത പതയ്ക്ക് പ്രധാന കാരണം.
ഡൈയിംഗ് യൂണിറ്റുകൾ, ഇലക്ട്രോപ്ലേറ്റിംഗ് ഫാക്ടറികൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയിൽ നിന്നുള്ള ലെഡ്, ക്രോമിയം, അമോണിയ തുടങ്ങിയ ഘനലോഹങ്ങളും വിഷരാസവസ്തുക്കളും ശുദ്ധീകരിക്കാതെ നദിയിലേക്ക് ഒഴുക്കുന്നുണ്ട്. അതിനു പുറമെ മൈക്രോപ്ലാസ്റ്റിക്സ് ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ, പൂജാ അവശിഷ്ടങ്ങൾ, പ്ലാസ്റ്റർ ഓഫ് പാരീസ് വിഗ്രഹങ്ങൾ, തീരപ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നുള്ള കീടനാശിനികളുടെയും രാസവളങ്ങളുടെയും അവശിഷ്ടങ്ങൾ എന്നിവയും നദിയിൽ കലരുന്നു.
സാധാരണ ശുദ്ധജലത്തിൽ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് (BOD) 3 mg/L-ൽ താഴെയായിരിക്കണം. എന്നാൽ ഡൽഹിയിലെ യമുനയിൽ ഇത് പലയിടത്തും 30 mg/L-നും മുകളിലാണ്. അതുകൊണ്ടുതന്നെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് യമുനയുടെ ഈ ഭാഗത്തെ ഏറ്റവും ഗുരുതരമായ ‘Priority I’ മലിനീകരണ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, വേനൽക്കാലത്ത് ഹത്നികുണ്ഡ് ബാരേജിൽ നിന്ന് ആവശ്യത്തിന് ശുദ്ധജലം തുറന്നുവിടാത്തതിനാൽ സ്വാഭാവിക നീരൊഴുക്ക് കുറഞ്ഞ് നദിക്ക് സ്വയം ശുദ്ധീകരിക്കാനുള്ള ശേഷിയും നഷ്ടപ്പെട്ടിരിക്കുന്നു.
ഡൽഹി രാഷ്ട്രീയവും യമുനയും: ഒരു ചരിത്രരേഖ
1952-ൽ ഡൽഹിയിൽ ആദ്യമായി നിയമസഭ രൂപീകരിക്കപ്പെട്ടപ്പോൾ കോൺഗ്രസ് അധികാരത്തിൽ വന്നു. അന്ന് ഡൽഹിയുടെ പ്രഥമ മുഖ്യമന്ത്രിയാകേണ്ടിയിരുന്ന പ്രമുഖ സ്വാതന്ത്ര്യസമര സേനാനി ദേശബന്ധു ഗുപ്ത, 1951 നവംബറിൽ കൊൽക്കത്തയിലുണ്ടായ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. മഹാത്മാഗാന്ധിയുടെ മകൻ ദേവദാസ് ഗാന്ധി യാത്ര ചെയ്യേണ്ടിയിരുന്ന ടിക്കറ്റിലാണ് അദ്ദേഹം അന്ന് യാത്ര ചെയ്തിരുന്നത്. തുടർന്ന് ചൗധരി ബ്രഹ്മ പ്രകാശ് 1955 വരെയും, ശേഷം ഗുർമുഖ് നിഹാൽ സിംഗ് 1956-ലെ സംസ്ഥാന പുനഃസംഘടന നിയമപ്രകാരം ഡൽഹി നിയമസഭ ഇല്ലാതായി കേന്ദ്രഭരണ പ്രദേശമായി മാറുന്നത് വരെയും മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചു.
പിന്നീടങ്ങോട്ട് 1956 നവംബർ മുതൽ 1993 നവംബർ വരെയുള്ള 37 വർഷക്കാലം ഡൽഹിയിൽ നിയമസഭ നിലവിലുണ്ടായിരുന്നില്ല. ഈ കാലയളവിൽ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സംവിധാനം വഴിയും 1966 മുതൽ ഡൽഹി അഡ്മിനിസ്ട്രേഷൻ ആക്ട് പ്രകാരം നിയമസഭയ്ക്ക് പകരമായി രൂപീകരിച്ച മെട്രോപൊളിറ്റൻ കൗൺസിൽ വഴിയുമാണ് ഭരണം നടന്നിരുന്നത്. ഡൽഹിയിൽ നിയമസഭ ഇല്ലാതിരുന്ന 1956 നവംബർ മുതൽ 1993 നവംബർ വരെയുള്ള 37 വർഷക്കാലയളവിൽ ഭൂരിഭാഗം സമയവും കേന്ദ്രം ഭരിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെയായിരുന്നു. ഏകദേശം 32 വർഷത്തോളം കോൺഗ്രസ് സർക്കാരുകളും, ബാക്കി 5 വർഷത്തോളം വിവിധ കോൺഗ്രസ് ഇതര സർക്കാരുകളുമാണ് കേന്ദ്രത്തിൽ അധികാരത്തിലിരുന്നത്.
1993-ൽ ഡൽഹി നിയമസഭ പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. 1998-ൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. ഷീല ദീക്ഷിത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി 15 വർഷം കോൺഗ്രസ് ഡൽഹി ഭരിച്ചു. 2013 ഡിസംബറിൽ കോൺഗ്രസിന്റെ പിന്തുണയോടെ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിച്ചു. എന്നാൽ 49 ദിവസത്തിന് ശേഷം 2014 ഫെബ്രുവരിയിൽ സർക്കാർ രാജിവെച്ചു. തുടർന്ന് ഒരു വർഷത്തോളം ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 2015 ഫെബ്രുവരിയിലും 2020 ഫെബ്രുവരിയിലും നടന്ന തിരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തോടെ എഎപി അധികാരത്തിൽ വന്നു. അരവിന്ദ് കെജ്രിവാളും അദ്ദേഹം അഴിമതിക്കേസിൽ തീഹാർ ജയിലിലായപ്പോൾ അതിഷി മർലേനയും മുഖ്യമന്ത്രിമാരായി.
മാറിമാറിവന്ന സർക്കാരുകളും യമുനയും: എന്തുകൊണ്ട് മാലിന്യം കൂടി?
ദശാബ്ദങ്ങളായി മാറിമാറി വന്ന എല്ലാ സർക്കാരുകളും യമുന നദിയുടെ ശുചീകരണം തങ്ങളുടെ പ്രധാന വാഗ്ദാനമായി ഉയർത്തിപ്പിടിച്ചിരുന്നു. 1993-ൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ‘യമുന ആക്ഷൻ പ്ലാൻ’ ആരംഭിച്ചതു മുതൽ കോടിക്കണക്കിന് രൂപയാണ് ഈ ലക്ഷ്യത്തിനായി ചെലവഴിക്കപ്പെട്ടത്. 1998 മുതൽ 2013 വരെയുള്ള ഷീല ദീക്ഷിത്തിന്റെ 15 വർഷത്തെ ഭരണകാലത്ത്, വലിയ അഴുക്കുചാലുകളിലെ മലിനജലം തടഞ്ഞുനിർത്തി ശുദ്ധീകരിക്കുന്നതിനായി ‘ഇന്റർസെപ്റ്റർ സ്വീവർ പോലുള്ള വൻകിട പദ്ധതികൾ ആവിഷ്കരിക്കുകയും പുതിയ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ (STPs) നിർമ്മിക്കുകയും ചെയ്തു.
തുടർന്ന് അധികാരത്തിൽ വന്ന അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ യമുന ശുചീകരണത്തെ തങ്ങളുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാക്കി മാറ്റി. 2025-ഓടെ യമുനയിൽ മുങ്ങിക്കുളിക്കാൻ സാധിക്കുന്ന തരത്തിൽ നദിയെ ശുദ്ധീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും, നിലവിലുള്ള പ്ലാന്റുകളുടെ നവീകരണത്തിനും പുതിയവ നിർമ്മിക്കുന്നതിനുമായി പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. എങ്കിലും, നിശ്ചിത സമയപരിധിക്കുള്ളിൽ ഈ ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചില്ല എന്നത് വലിയ രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെച്ചു.
ഇത്തരത്തിൽ ഓരോ സർക്കാരും കോടികൾ ചെലവഴിച്ചിട്ടും യമുനയിലെ മാലിന്യം കുറയുന്നതിന് പകരം വർദ്ധിച്ചുവരാൻ പ്രധാനമായും ചില അടിസ്ഥാന കാരണങ്ങളുണ്ട്. ഡൽഹിയിലേക്കുള്ള കുടിയേറ്റവും ജനസംഖ്യാ വർദ്ധനവും അതിവേഗത്തിലായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപംകൊണ്ട നൂറുകണക്കിന് അനധികൃത കോളനികളിൽ സ്വീവർ ലൈനുകൾ ഇല്ലാത്തതിനാൽ അവിടുത്തെ ഗാർഹിക മാലിന്യങ്ങൾ നേരിട്ട് അഴുക്കുചാലുകളിലേക്കും നദിയിലേക്കും ഒഴുകി. പ്രഖ്യാപിക്കപ്പെടുന്ന ശുദ്ധീകരണ പ്ലാന്റുകളുടെ നിർമ്മാണം പലപ്പോഴും വർഷങ്ങളോളം വൈകി. കൂടാതെ, ഡൽഹി സർക്കാർ, മുനിസിപ്പൽ കോർപ്പറേഷൻ, കേന്ദ്ര ഏജൻസികൾ, അയൽ സംസ്ഥാനങ്ങൾ എന്നിവർക്കിടയിലുണ്ടായ രാഷ്ട്രീയ തർക്കങ്ങളും ഏകോപനമില്ലായ്മയും പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി.
സ്വാഭാവിക നീരൊഴുക്കിന്റെ കുറവ് മറ്റൊരു പ്രതിസന്ധിയായിരുന്നു. ജലസേചനത്തിനും കുടിവെള്ളത്തിനുമായി ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തിരിച്ചുവിടുന്നതിനാൽ ഡൽഹിയിലേക്കുള്ള നദിയുടെ സ്വാഭാവിക ഒഴുക്ക് (E-flow) ഗണ്യമായി കുറഞ്ഞു. ഒഴുക്കില്ലാത്തതിനാൽ നദിക്ക് സ്വയം ശുദ്ധീകരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. ഡൽഹിയിലെയും അയൽ സംസ്ഥാനങ്ങളിലെയും അനധികൃത ചെറുകിട ഫാക്ടറികൾ രാസമാലിന്യങ്ങൾ ശുദ്ധീകരിക്കാതെ ചാലുകളിലേക്ക് ഒഴുക്കുന്നത് പൂർണ്ണമായി തടയാൻ സാധിച്ചില്ല. മലിനജലം ഉത്പാദിപ്പിക്കപ്പെടുന്ന വേഗതയ്ക്കനുസരിച്ച് അവ ശുദ്ധീകരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതാണ് യമുനയെ ഇന്നത്തെ ഗുരുതരാവസ്ഥയിൽ എത്തിച്ചത്.
പുതിയ ഭരണകൂടത്തിന്റെ പുതിയ പ്രതീക്ഷകൾ
2025 ഫെബ്രുവരിയിൽ രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം യമുന നദി ശുചീകരിക്കുന്നതിനായി വിവിധ പദ്ധതികളും നടപടികളും ആരംഭിച്ചിട്ടുണ്ട്. അധികാരമേറ്റ ഉടൻ തന്നെ നദിയിലെ ഉപരിതല മാലിന്യങ്ങളും പായലുകളും നീക്കം ചെയ്യുന്നതിനായി ട്രാഷ് സ്കിമ്മറുകൾ, വീഡ് ഹാർവെസ്റ്ററുകൾ, ഡ്രെഡ്ജിംഗ് യന്ത്രങ്ങൾ എന്നിവ വിന്യസിച്ചു. നദിയുടെ പ്രധാന ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. അതോടൊപ്പം, നദിയിലേക്ക് നേരിട്ട് മാലിന്യം ഒഴുകിയെത്തുന്ന നജഫ്ഗഡ്, ഷാഹ്ദര തുടങ്ങിയ പ്രധാന അഴുക്കുചാലുകളിലെ മലിനജലം തടയുന്നതിനും ശുദ്ധീകരണ പ്ലാന്റുകളിലേക്ക് വഴിതിരിച്ചുവിടുന്നതിനുമുള്ള നടപടികൾ ആരംഭിച്ചിരുന്നു.
നിലവിലുള്ള മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ (STPs) ശേഷി വർദ്ധിപ്പിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനുമായി പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. വ്യാവസായിക മാലിന്യങ്ങൾ നദിയിലേക്ക് ഒഴുക്കുന്ന ഫാക്ടറികൾക്കെതിരെ കർശന നടപടിയെടുക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനു പുറമെ, സബർമതി റിവർ ഫ്രണ്ടിന്റെ മാതൃകയിൽ യമുനയുടെ തീരങ്ങൾ സൗന്ദര്യവൽക്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി മൂന്ന് വർഷത്തെ കർമ്മപദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസണുകളിൽ വിഗ്രഹ നിമജ്ജനം മൂലമുണ്ടാകുന്ന മലിനീകരണം ഒഴിവാക്കാൻ നദിക്ക് പുറത്ത് കൃത്രിമ കുളങ്ങൾ നിർമ്മിക്കാനും തീരുമാനമെടുത്തു.
ഈ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത പകർന്നുകൊണ്ട് 2026 ഒക്ടോബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും ചേർന്ന് യമുന ശുചീകരണത്തിനായി ₹8,941 കോടി രൂപയുടെ 43 പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. 2029 മെയ് മാസത്തോടെ യമുന പൂർണ്ണമായും ശുചീകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ പുതിയ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓഖ്ലയിൽ നിർമ്മിച്ച കൂറ്റൻ മലിനജല ശുദ്ധീകരണ പ്ലാന്റ്. ₹1,161 കോടി ചെലവിൽ പ്രതിദിനം 124 ദശലക്ഷം ഗാലൻ (MGD) ശേഷിയുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്ലാന്റാണ് ഇത്. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയും ഡൽഹി ജൽ ബോർഡും സംയുക്തമായി നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ 70 ലക്ഷത്തോളം ആളുകൾക്ക് പ്രയോജനം ലഭിക്കും.
കൂടാതെ, ഔട്ടർ ഡൽഹിയിലെ 358 അനധികൃത കോളനികളിലും 113 ഗ്രാമങ്ങളിലുമായി ₹3,113.67 കോടി ചെലവിൽ 29 പുതിയ വികേന്ദ്രീകൃത ശുദ്ധീകരണ പ്ലാന്റുകളും (DSTPs) സ്വീവേജ് പമ്പിംഗ് സ്റ്റേഷനുകളും സ്ഥാപിക്കുന്നുണ്ട്. നരേല, ബവാന, കാഞ്ചവാല, ബിജ്വാസൻ, തിക്രി കലാൻ എന്നിവിടങ്ങളിലെ 36.29 ലക്ഷം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
അതോടൊപ്പം ഏകദേശം ₹1,691 കോടി ചെലവിൽ 1,034 കിലോമീറ്റർ നീളത്തിൽ പുതിയ സ്വീവർ ലൈനുകൾ സ്ഥാപിക്കുന്ന പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ഇത് 25.82 ലക്ഷം ആളുകൾക്ക് പ്രയോജനപ്പെടും. 1935-ലും 1955-ലും സ്ഥാപിച്ച പഴയ പ്ലാന്റുകൾക്ക് പകരമായി ചന്ദ്രവാളിൽ ₹298.3 കോടി ചെലവിൽ 477 MLD ശേഷിയുള്ള പുതിയ ജലശുദ്ധീകരണ പ്ലാന്റിനും തറക്കല്ലിട്ടു. ഇത് 22 ലക്ഷത്തോളം ആളുകൾക്ക് ശുദ്ധജലം ലഭ്യമാക്കും.
കേന്ദ്ര സർക്കാർ, ഡൽഹി സർക്കാർ, ഉത്തർപ്രദേശ്, ഹരിയാന എന്നീ നാല് സർക്കാരുകളുടെയും സംയുക്ത സഹകരണത്തോടെയാണ് മലിനജലം യമുനയിലേക്ക് ഒഴുകുന്നത് തടയാനും ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുമുള്ള ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. നേരത്തെ ആരംഭിച്ച യന്ത്രവൽകൃത മാലിന്യ നീക്കത്തിനും അഴുക്കുചാൽ നിയന്ത്രണത്തിനും പുറമെ, വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് രേഖ ഗുപ്ത സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്.
പുരാണത്തിൽ വിഷം തുപ്പി യമുനയിലെ ജലം വിഷമയമാക്കിയ കാളിയൻ എന്ന സർപ്പത്തിന്റെ അസംഖ്യം ഫണങ്ങളെ ഭഗവാൻ മർദ്ദിച്ച് യമുനനദിയെ ശുദ്ധീകരിച്ചു. ഇന്ന് യമുനയുടെ വീണ്ടെടുപ്പ് എന്നത് സാംസ്കാരികമായും സാമൂഹികമായും ഏറെ പ്രാധാന്യമുള്ള ഒരു കടമ്പയാണ്. കോടിക്കണക്കിന് ജനങ്ങളുടെ ആരോഗ്യത്തിന്റെയും ഒരു സംസ്കാരത്തിന്റെയും നിലനിൽപ്പിന്റെ പ്രശ്നമാണത്. പദ്ധതികളും പ്രഖ്യാപനങ്ങളും കടലാസിൽ ഒതുങ്ങാതെ കൃത്യമായ ഏകോപനത്തോടെയും നിശ്ചയദാർഢ്യത്തോടെയും നടപ്പിലാക്കിയാൽ 2029-ൽ തെളിനീരൊഴുകുന്ന യമുന എന്ന സ്വപ്നം യാഥാർത്ഥ്യമാകും.
Leave a Reply