അടിയന്തരാവസ്ഥയെ പ്രസവിക്കാൻ നിന്ന അമ്മായിയമ്മയെപ്പറ്റി സോണിയാ രാജീവിനുള്ള ആവലാതികൾ അവരുടെ പുസ്തകം എഴുതിക്കൊടുത്തയാൾ ആവുംവിധമൊക്കെ ഒപ്പിച്ചെടുത്തിട്ടുണ്ട്. അതിലാണ് വിനായക് സവർക്കറെക്കുറിച്ച് പ്രസ്തുത പുസ്തകത്തിൽ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സവർക്കറുടെ സഹോദരപൗത്രൻ സത്യകി സവർക്കർ വക്കീൽ നോട്ടീസ് അയച്ചത്. Belonging: A Journey of Love എന്ന പേരിലിറങ്ങിയ പുസ്തകത്തിലെ പരാമർശങ്ങൾ ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും സവർക്കറുടെ പ്രതിച്ഛായയ്ക്ക് ഹാനികരമാണെന്നും നോട്ടീസിൽ ആരോപിക്കുന്നു. അതിൽ 201-ാം പേജിൽ കാണുന്ന പരാമർശം ഇതാണ്:

സാധ്യമായ എല്ലാ പ്രത്യാഘാതങ്ങളും വിലയിരുത്തി അവർ ആശങ്കാകുലയും അങ്കലാപ്പിലുമായിരുന്നു. ഒരു സംഭാഷണത്തിനിടെ, രാജിവെക്കുന്നതിനെക്കുറിച്ച് താൻ മുമ്പ് പറഞ്ഞ കാര്യങ്ങൾ രാജീവ് ഒരിക്കൽ കൂടി അവരെ ഓർമ്മിപ്പിച്ചപ്പോൾ ഞങ്ങൾ അവരുടെ പഠനമുറിയിലായിരുന്നു.
“ഞാൻ രാജിവെച്ചാൽ, പാർട്ടി പിളർന്ന് ചിതറിപ്പോകും, ആർ.എസ്.എസ് അവരുടെ ഇഷ്ടത്തിന് കാര്യങ്ങൾ നടപ്പിലാക്കും,” അവർ മറുപടി പറഞ്ഞു. “നമുക്ക് എങ്ങനെയാണ് അത് അനുവദിക്കാനാകുക? സ്വാതന്ത്ര്യസമരത്തിലുടനീളം നമ്മൾ അവരോട് പൊരുതി. ഇത്രയും കാലം നമ്മൾ അവരോട് പോരാടി. അവർ ഈ രാജ്യത്തെ നശിപ്പിക്കാൻ പോവുകയാണ്.” അവർക്ക് അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല. “എനിക്ക് ഈ ആളുകളെ അറിയാം. എനിക്ക് അവരുടെ ചരിത്രം അറിയാം. അവരുടെ ലക്ഷ്യം എന്താണെന്ന് എനിക്കറിയാം; അവർക്ക് പാർട്ടിയെ ഇല്ലാതാക്കണം. അവർ ഏതറ്റം വരെയും പോകാൻ മടിക്കില്ല.”
ആർ.എസ്.എസിന്റെ രാഷ്ട്രീയത്തോടുള്ള അവരുടെ വിദ്വേഷത്തിന് സ്വാതന്ത്ര്യസമരത്തോളം പഴക്കമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികളുടെ കയ്യിൽ നിന്ന് കോൺഗ്രസ് സ്വാതന്ത്ര്യ സമര സേനാനികൾ മർദ്ദനങ്ങളും തടവും അനുഭവിക്കുമ്പോൾ, വിനായക് ദാമോദർ സവർക്കറെപ്പോലുള്ള ആർ.എസ്.എസ്സിന്റെ മുതിർന്ന പ്രത്യയശാസ്ത്രജ്ഞർ തങ്ങളുടെ കൊളോണിയൽ യജമാനന്മാർക്ക് ദയാഹർജികൾ എഴുതി നൽകുകയായിരുന്നുവെന്നും, അവരുടെ അംഗങ്ങൾ ബ്രിട്ടീഷ് അധികാരികൾക്ക് ഒറ്റുകാരായി ഒത്തുകളിക്കുകയായിരുന്നുവെന്നും അവർ കരുതി. മറ്റു മതവിഭാഗങ്ങളിലുള്ളവർ രണ്ടാംകിട പൗരന്മാരായി മാറുന്ന ഒരു ഹിന്ദു രാഷ്ട്രം എന്ന തങ്ങളുടെ ലക്ഷ്യത്തിന് മുന്നിലെ പ്രധാന തടസ്സമായി ആർ.എസ്.എസ് എപ്പോഴും കോൺഗ്രസിനെയും അതിന്റെ മൂല്യങ്ങളെയും കണ്ടിരുന്നു. അവരുടെ മുഖ്യ പ്രത്യയശാസ്ത്രജ്ഞർ തങ്ങളുടെ എഴുത്തുകളിലും പ്രസംഗങ്ങളിലും ഹിറ്റ്ലറോടും ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നയങ്ങളോടുമുള്ള ആരാധന പ്രകടിപ്പിച്ചിരുന്നു. അധികാരം ഒരിക്കലെങ്കിലും അവരുടെ കൈകളിൽ വീഴാൻ അനുവദിച്ചാൽ അവരുടെ വിഭാഗീയവും പിന്തിരിപ്പനും സ്വേച്ഛാധിപത്യപരവുമായ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ ഐക്യത്തെ അപകടത്തിലാക്കുമെന്ന് കോൺഗ്രസ് എപ്പോഴും കരുതിയിരുന്നു. താൻ ഫാസിസ്റ്റ് ശക്തികളായി കണക്കാക്കിയിരുന്നവരുടെ അക്രമ തന്ത്രങ്ങളെക്കുറിച്ച് പ്രസംഗങ്ങളിലും റാലികളിലും സമ്മേളനങ്ങളിലും അവർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതാണ് രത്നചുരുക്കം. എഴുതിവെച്ചിരിക്കുന്ന അബദ്ധങ്ങൾ എണ്ണാൻ പറഞ്ഞാൽ എണ്ണം തെറ്റിപ്പോകും.
1975 ജൂൺ 12-ന് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻഹ, 1971-ൽ റായ്ബറേലിയിൽ നിന്ന് ലോക്സഭയിലേക്ക് ഇന്ദിരാഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത് അസാധുവായി പ്രഖ്യാപിച്ചു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123(7) പ്രകാരം തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയതായി കണ്ടെത്തി, ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പൊതുപദവികൾ വഹിക്കുന്നതിൽ നിന്നും അവരെ വിലക്കി. രാജ്യത്ത് പുതിയൊരു ക്രമീകരണം നടത്തുന്നതിനായി വിധി നടപ്പിലാക്കുന്നതിന് കോടതി 20 ദിവസത്തെ സാവകാശം അനുവദിച്ചു. ഈ വിധി ഇന്ദിരാഗാന്ധിയുടെ പ്രധാനമന്ത്രി പദവിയെ നേരിട്ട് ബാധിക്കുന്നതായിരുന്നു. അവർ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു.
വിധി വന്നതിന്റെ പന്ത്രണ്ടാം ദിവസം, 1975 ജൂൺ 24-ന് സുപ്രീം കോടതി അവധിക്കാല ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പ്രധാനമന്ത്രിയായി തുടരാമെങ്കിലും പാർലമെന്റിൽ എം.പി എന്ന നിലയിൽ വോട്ട് ചെയ്യാനോ വേതനം വാങ്ങാനോ കഴിയില്ല എന്ന വ്യവസ്ഥയോടെ ഉപാധികളോടെയുള്ള ഭാഗിക സ്റ്റേ അനുവദിച്ചു. (വിധി വന്നത് ജൂൺ 22-നാണ് എന്നാണ് ബുക്കിൽ—ഓർമ്മക്കുറവാകും, പ്രായമൊക്കെ ആയില്ലേ).
പിറ്റേന്ന് ജൂൺ 25-ന് ജയപ്രകാശ് നാരായണൻ സർക്കാരിനെതിരെ “സമ്പൂർണ്ണ വിപ്ലവത്തിന്” ആഹ്വാനം ചെയ്തതിന്റെ പിന്നാലെ രാംലീലാ മൈതാനി റാലി നടന്നു. അന്ന് രാത്രി ഇന്ദിരാഗാന്ധി “ജനാധിപത്യ മൂല്യങ്ങളും പൗരസ്വാതന്ത്ര്യങ്ങളും” സംരക്ഷിക്കാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലിലടച്ചു. അതോടെ ഭരണഘടനയിലെ ആർട്ടിക്കിൾ 19, ഹേബിയസ് കോർപ്പസ് തുടങ്ങിയവ ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ നിർത്തിവെക്കുകയും, ലക്ഷക്കണക്കിന് പ്രതിപക്ഷ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും ജയിലിലടയ്ക്കുകയും, കടുത്ത മാധ്യമ സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്തു. 1977-ലെ ഷാ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അടിയന്തരാവസ്ഥക്കാലത്തെ അധികാര ദുർവിനിയോഗവും നിർബന്ധിത വന്ധ്യംകരണവും വ്യക്തമാക്കുന്നുണ്ട്.
പ്രതിപക്ഷ നേതാക്കളെല്ലാം ജയിലിലായിരുന്ന 1975 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ പാർലമെന്റിൽ പിന്നെ ഇന്ദിരയുടെ തേരോട്ടമായിരുന്നു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരാഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയപ്പോൾ, അന്ന് കോടതി അവധിക്കാലമായിരുന്നു. അതിനാൽ അവധിക്കാല ജഡ്ജിയായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ, താൽക്കാലികമായി ഒരു ഭാഗിക സ്റ്റേ മാത്രമാണ് നൽകിയത്. അപ്പീലിന്മേലുള്ള വിശദമായ വാദം പിന്നീട് പൂർണ്ണ ബെഞ്ച് കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അങ്ങനെ, ഇന്ദിരാഗാന്ധിയുടെ അപ്പീലിന്മേൽ 1975 ഓഗസ്റ്റ് 11-ന് അവധിക്കാലത്തിന് ശേഷം അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ച് അന്തിമ വാദം തുടങ്ങാൻ ലിസ്റ്റ് ചെയ്യുന്നു.
ഭരണഘടനാപരമായി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് മാസത്തിനകം പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ടായിരുന്നു. ജൂലൈ 21-ന് അടിയന്തരാവസ്ഥയ്ക്ക് ശേഷം പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേർത്തു. അപ്പോഴേക്കും ഏതാണ്ട് എല്ലാ പ്രതിപക്ഷ എം.പി.മാരും ജയിലിലായി. അടൽ ബിഹാരി വാജ്പേയി, എൽ.കെ. അദ്വാനി, മധു ദന്തവതെ, ജ്യോതിർമയി ബസു തുടങ്ങി നിരവധി നേതാക്കളെ MISA നിയമപ്രകാരം ജയിലിലടച്ചു കഴിഞ്ഞിരുന്നു. എതിർപ്പില്ല—പ്രതിപക്ഷമേയില്ല.
പാർലമെന്റ് കൂടിയതിന്റെ പിറ്റേന്നു തന്നെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ഇരുസഭകളും അംഗീകാരം നൽകി. അതിന്റെ തൊട്ടടുത്ത ദിവസം ഇന്ദിര 38-ാം ഭരണഘടനാ ഭേദഗതി പാസ്സാക്കി. രാഷ്ട്രപതി പ്രഖ്യാപിക്കുന്ന ഒരു അടിയന്തരാവസ്ഥയും, രാഷ്ട്രപതിയോ ഗവർണർമാരോ പുറപ്പെടുവിക്കുന്ന ഓർഡിനൻസുകളും ഒരു കോടതിയിലും ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് ഈ ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്തു. മുൻകാല പ്രാബല്യത്തോടെയാണ് ഈ ഭേദഗതി നടപ്പിലാക്കിയത്. ആ ഭേദഗതി ബിൽ ഓഗസ്റ്റ് 1-ന് രാഷ്ട്രപതി ഒപ്പിട്ടു.
പിന്നാലെ അലഹബാദ് ഹൈക്കോടതി തന്നെ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വകുപ്പുകൾക്ക് മുൻകാല പ്രാബല്യത്തോടെ മാറ്റിയെഴുതി. 1951-ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തു. അലഹബാദ് ഹൈക്കോടതി വിധിയിൽ തന്നെ കുറ്റക്കാരിയെന്ന് കണ്ടെത്തിയ കാരണങ്ങളെ “നിയമപരമായി തന്നെ” ഇല്ലാതാക്കുന്നതിനായി മുൻകാല പ്രാബല്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നത്.
ഔദ്യോഗികമായി രാജിവെക്കുന്നതിന് മുമ്പ് തന്നെ യശ്പാൽ കപൂർ എന്ന ഗസറ്റഡ് ഉദ്യോഗസ്ഥനെ തന്റെ തിരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിക്കാൻ ഉപയോഗിച്ചു എന്നതായിരുന്നു കോടതിയുടെ പ്രധാന കണ്ടെത്തൽ. കൂടാതെ, തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾക്ക് വേദികൾ നിർമ്മിക്കാനും ലൗഡ് സ്പീക്കറുകൾക്ക് വൈദ്യുതി എത്തിക്കാനും മറ്റും സ്റ്റേറ്റ് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ സഹായം നേടിയതും കുറ്റകരമായി കോടതി കണ്ടെത്തി. സർക്കാർ ഉദ്യോഗസ്ഥരുടെ രാജി സംബന്ധിച്ച സെക്ഷൻ 123(7) ഭേദഗതി ചെയ്ത്, ഒരു സർക്കാർ ഉദ്യോഗസ്ഥൻ രാജി സമർപ്പിച്ച തീയതിക്ക് പകരം ആ രാജി സർക്കാർ സ്വീകരിച്ച് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതിയാണ് സർവീസിൽ നിന്ന് വിരമിച്ചതായി കണക്കാക്കേണ്ടതെന്ന് നിയമം മാറ്റി. അങ്ങനെ യശ്പാൽ കപൂർ വിഷയത്തിൽ ഹൈക്കോടതി വിധി മറികടക്കാനുള്ള വകുപ്പ് ഒപ്പിച്ചു.
ഇന്ന് ചാണകം, പശു എന്നൊക്കെ മെഴുകുന്ന കോൺഗ്രസുകാരുടെ തിരഞ്ഞെടുപ്പ് ചിഹ്നം അന്ന് കൈപ്പത്തിയല്ല, പശുവും കിടാവും ആയിരുന്നു. ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കൃത്രിമമായി കണക്കാക്കാൻ കഴിയില്ലെന്ന് ഈ ഭേദഗതിയിലൂടെ വ്യക്തമാക്കി. ഹിന്ദുമത വിശ്വാസികൾ പശുവിനെ പുണ്യമായി കാണുന്നതിനാൽ, ‘പശുവും കിടാവും’ എന്ന ചിഹ്നം ഉപയോഗിച്ചത് മതവികാരം ചൂഷണം ചെയ്യലാണെന്ന് എതിർസ്ഥാനാർത്ഥിയായ രാജ് നരേൻ തന്റെ ഹർജിയിൽ വാദിച്ചിരുന്നു; തന്റെ ചിഹ്നം മതപരമാണെന്ന ആരോപണം മറികടക്കാൻ വേണ്ടി അതും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾക്കായി വേദി നിർമ്മിക്കുക, സുരക്ഷയൊരുക്കുക, വൈദ്യുതി-വെള്ളം എന്നിവ ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാർ ഉദ്യോഗസ്ഥർ ചെയ്യുന്ന സഹായങ്ങൾ ‘തിരഞ്ഞെടുപ്പ് അഴിമതി’യുടെ പരിധിയിൽ വരില്ലെന്ന് നിയമത്തിൽ കൂട്ടിച്ചേർത്തു. ഇനിയിപ്പോ, തിരഞ്ഞെടുപ്പ് കൃത്രിമത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പോലും, അയോഗ്യത ആറ് വർഷത്തേക്ക് നിർബന്ധമായും വേണമെന്നില്ലെന്നും, അത് കുറയ്ക്കാനോ ഒഴിവാക്കാനോ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും വ്യവസ്ഥ ചെയ്തു. എങ്ങനുണ്ട്! ഈ മാറ്റങ്ങളെല്ലാം 1975 ഓഗസ്റ്റിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പുകൾക്കും, അന്ന് കോടതികളുടെ പരിഗണനയിലിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പ് കേസുകൾക്കും ബാധകമാണെന്ന് നിയമത്തിൽ പ്രത്യേകം എഴുതിച്ചേർത്തു. ഈ നിയമഭേദഗതിയാണ് പിന്നീട് സുപ്രീം കോടതിയിൽ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് സാധുവാക്കാൻ നിയമപരമായ അടിത്തറ നൽകിയത്.
1975 ഓഗസ്റ്റ് 4-ന് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാജ്യസഭ ബിൽ പാസ്സാക്കി. 1975 ഓഗസ്റ്റ് 6-ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമം ഔദ്യോഗികമായി നിലവിൽ വന്നു. സുപ്രീം കോടതിയിൽ ഇന്ദിരാഗാന്ധിയുടെ അപ്പീൽ പരിഗണനയ്ക്ക് എടുക്കുന്നതിന് അഞ്ചു ദിവസം മുന്നേ ആ ഭേദഗതി സീൽ ചെയ്തു വെച്ചു.
തൊട്ടുപിന്നാലെ ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും നിർണ്ണായകവും വിവാദപരവുമായ ഭേദഗതി ഇന്ദിരാഗാന്ധി കൊണ്ടുവന്നു—39-ാം ഭരണഘടനാ ഭേദഗതി. 1975 ഓഗസ്റ്റ് 10-നാണ് ഇത് നിലവിൽ വന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ എന്നിവരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിശോധിക്കാനുള്ള സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും അധികാരം ഈ ഭേദഗതിയിലൂടെ റദ്ദാക്കി. പകരം പാർലമെന്റ് നിശ്ചയിക്കുന്ന ഒരു പ്രത്യേക സമിതിക്ക് മാത്രമേ ഇത് പരിശോധിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്തു. അതിന്റെ ക്ലോസ് 4-ൽ അലഹബാദ് ഹൈക്കോടതി വിധി അസാധുവാണെന്നും, ഇന്ദിരാഗാന്ധിയുടെ 1971-ലെ തിരഞ്ഞെടുപ്പ് വിജയം സാധുവാണെന്നും ഭരണഘടനയിൽ തന്നെ നേരിട്ട് എഴുതിച്ചേർത്തു.
പിറ്റേന്ന്, ഓഗസ്റ്റ് 11-ന് സുപ്രീം കോടതിയിൽ ഇന്ദിരാഗാന്ധിയുടെ അപ്പീൽ പരിഗണനയ്ക്ക് എടുത്തു. ഗവൺമെന്റ് പ്രസ്സിലെ കല്ലച്ചിൽ മഷിപോലും ഉണങ്ങാത്ത ആ പുതിയ നിയമങ്ങളും ഭരണഘടനാ ഭേദഗതികളും സുപ്രീം കോടതി ജഡ്ജിമാർക്ക് മുന്നിൽ ഹാജരാക്കപ്പെട്ടു. തുടർന്ന് മാസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ, 1975 നവംബർ 7-ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് കോടതിക്ക് പരിശോധിക്കാനാവില്ല എന്ന 39-ാം ഭേദഗതിയിലെ വിവാദ ഭാഗം (ക്ലോസ് 4) ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയെങ്കിലും, മുൻകാല പ്രാബല്യത്തോടെ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് നിയമഭേദഗതിയുടെ (Act 40 of 1975) ആനുകൂല്യത്തിൽ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം കോടതി ശരിവെച്ചു.
ഇതാണ് രാഹുൽ ഗാന്ധി പോക്കറ്റിൽ ഇട്ടു നടക്കുന്ന “അവന്റച്ഛമ്മേടെ ഭരണഘടന”.
ഇതിനെ വെളുപ്പിക്കാൻ പറ്റിയ ഗോസ്റ്റ് റൈറ്റർമാരൊന്നും ഇന്നില്ല. കാരണം അടിയന്തരാവസ്ഥയുടെ അൻപതാം കൊല്ലത്തിലും അന്ന് കൗമാരവും താരുണ്യവും രാഷ്ട്രത്തിന്റെ രണ്ടാം സ്വാതന്ത്ര്യസമരത്തിനുവേണ്ടി ബലിദാനം ചെയ്തവർ ഇന്നും ജീവനോടെ ഇരിപ്പുണ്ട്. അതുകൊണ്ട് അവരൊക്കെ ചത്തു മണ്ണടിയുന്ന വരെയെങ്കിലും ഇമ്മാതിരി തള്ളുകൾ കണിശമായി വിമർശിക്കപ്പെടുകതന്നെ ചെയ്യും.
Leave a Reply