പാകിസ്താൻ റഫറണ്ടവും റാവുത്തർമാരും മാപ്പിളമാരും

1945 ഡിസംബറിലും 1946 ജനുവരിയിലും നടന്ന പൊതുതിരഞ്ഞെടുപ്പുകളാണ് “പാകിസ്താൻ റഫറണ്ടം” എന്നറിയപ്പെട്ടത്. “മുസ്ലിം ലീഗിന് വോട്ട് ചെയ്താൽ അത് പാകിസ്താന് നൽകുന്ന വോട്ടാണ്” എന്ന ഒരൊറ്റ മുദ്രാവാക്യത്തിലാണ് ജിന്ന ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

മുസ്ലിം സംവരണ സീറ്റുകളിൽ കോൺഗ്രസിന്റെ പിന്തുണയോടെ മത്സരിച്ചത് ദേശീയവാദി മുസ്ലിം സ്ഥാനാർത്ഥികളും, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, മജ്‌ലിസ്-ഇ-അഹ്റാർ, ഖുദായ് ഖിദ്മത്ഗാർ, ഓൾ ഇന്ത്യ മുസ്ലിം മജ്‌ലിസ് തുടങ്ങിയ സംഘടനകളുടെ സഖ്യവുമായിരുന്നു. വിഭജനത്തെ എതിർത്ത ഇവരെ എല്ലാം ചേർത്ത് പൊതുവായി “ദേശീയവാദി മുസ്ലിങ്ങൾ” എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

1945 ഡിസംബറിൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ മുസ്ലിം സംവരണമുള്ള 30 സീറ്റുകളിൽ 30-ഉം മുസ്ലിം ലീഗ് തൂത്തുവാരി. 1946 ജനുവരിയിൽ പ്രവിശ്യാ നിയമസഭകളിൽ ആകെയുള്ള 492 മുസ്ലിം സീറ്റുകളിൽ 425 എണ്ണത്തിലും മുസ്ലിം ലീഗ് വിജയിച്ചു. ഏകദേശം 87% വോട്ടുകളാണ് അവർ നേടിയത് ഇന്നത്തെ പാകിസ്താനിലുള്ള വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ മാത്രമാണ് കോൺഗ്രസ്-ഖുദായ് ഖിദ്മത്ഗാർ സഖ്യത്തിന് ഭൂരിപക്ഷം നേടാനായത്. മദ്രാസ് പ്രവിശ്യയിലെ മുസ്ലിം സീറ്റുകൾ മുഴുവൻ മുസ്‌ലിംലീഗ് അന്നത്തെ ശുഷ്കമായ പ്രത്യേക വോട്ടർപട്ടികയുപയോഗിച്ചു നടന്ന തിരഞ്ഞെടുപ്പിൽ തൂത്തുവാരി.

1945-ലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പ് രേഖയിലെ മുസ്ലിം സംവരണ മണ്ഡലങ്ങളുടെ കണക്കുകൾ അന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലേക്ക് കൃത്യമായി വിരൽചൂണ്ടുന്നതാണ്. വടക്കൻ മദ്രാസ് മണ്ഡലത്തിൽ ആകെയുണ്ടായിരുന്ന 3,090 വോട്ടർമാരിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ മിസ്റ്റർ റഹിംതുല 2,372 വോട്ടുകൾ നേടി വിജയിച്ചപ്പോൾ, എതിർ സ്ഥാനാർത്ഥിയായ മിസ്റ്റർ അബ്ദുൾ ഖുദ്ദൂസിന് വെറും 129 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 11,116 വോട്ടർമാരുണ്ടായിരുന്ന തെക്കൻ മദ്രാസിൽ, പിന്നീട് വിഭജനത്തിന് ശേഷം കറാച്ചിയിലേക്ക് താമസം മാറ്റിയ പ്രമുഖ തുകൽ വ്യാപാരി ജനാബ് എം.ജെ. ജമാൽ മൊയ്തീൻ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മലബാർ മേഖല ഉൾപ്പെടുന്ന വെസ്റ്റ് കോസ്റ്റ് ആൻഡ് ദി നീൽഗിരിസ് മണ്ഡലത്തിലാകട്ടെ, ആകെയുള്ള 8,707 വോട്ടർമാരിൽ 6,300 വോട്ടുകൾ നേടി ഹാജി അബ്ദുൾ സത്താർ ഹാജി ഇസാഖ് സേട്ട് വിജയിച്ചപ്പോൾ, എതിരാളിയായ മുസ്ളീം മജ്‌ലിസിലെ മിസ്റ്റർ കുഞ്ഞിക്കോയ പാലാട്ടിന് 632 വോട്ടുകൾ മാത്രമാണ് നേടാനായത്.

ഈ തുച്ഛമായ വോട്ടുകൾ കൊണ്ടാണ് ഇവരൊക്കെ ഇന്ത്യയെ വെട്ടിമുറിക്കാനുള്ള വിധിയെഴുതിയത് എന്നോർക്കണം.

ഈ ഔദ്യോഗിക രേഖ നിർണ്ണായകമായ മൂന്ന് ചരിത്ര സത്യങ്ങളെയാണ് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം തെളിയിക്കുന്നത്. ഒന്നാമതായി, വെസ്റ്റ് കോസ്റ്റിൽ വെറും 8,707 വോട്ടർമാർ മാത്രമുണ്ടായിരുന്നതുപോലെ, വളരെ പരിമിതമായ വോട്ടർമാർ മാത്രം പങ്കെടുത്ത ഈ പ്രത്യേക വോട്ടർപട്ടിക തിരഞ്ഞെടുപ്പിലൂടെയാണ് സത്താർ സേട്ടും ജമാൽ മൊയ്തീൻ സാഹിബും അടങ്ങുന്ന വൻകിട വ്യവസായികളും കച്ചവടക്കാരും കേന്ദ്ര അസംബ്ലിയിലേക്ക് എത്തിയത്; അതായത് അന്നത്തെ രാഷ്ട്രീയ നേതൃത്വം വ്യാപാര പ്രമുഖരുടെ കൈകളിലായിരുന്നു.

രണ്ടാമതായി, മദ്രാസിലെ മുസ്ലിം സീറ്റുകൾ പൂർണ്ണമായി മുസ്ലിം ലീഗ് തൂത്തുവാരിയതിന്റെ ഔദ്യോഗിക തെളിവാണ് ഈ രേഖ. മൂന്നാമതായി, 1945-ൽ മലബാറിലെയും മദ്രാസിലെയും മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് സെൻട്രൽ അസംബ്ലിയിലെത്തിയ ഇതേ പ്രമുഖരാണ്, പിന്നീട് 1946-ലും 1947-ലുമെല്ലാം പാകിസ്താൻ വാദത്തിനും തുടർന്ന് ഭരണഘടനാ നിർമ്മാണ സഭയിലെ നാടകീയമായ രാഷ്ട്രീയ മാറ്റങ്ങൾക്കും നേതൃത്വം നൽകിയത് എന്ന ചരിത്രപരമായ തുടർച്ചയും ഇതിലൂടെ നമുക്ക് വ്യക്തമാകും.

1946 ജനുവരിയിലെ പ്രവിശ്യാ നിയമസഭാ വിജയത്തിന്റെ തുടർച്ചയായാണ്, ഇന്ത്യ വിഭജിക്കുന്നതിന് മുൻപ് 1946 ജൂലൈ മാസത്തിൽ അവിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ ആകെയുള്ള 296 സീറ്റുകളിൽ 73 സീറ്റുകളിലാണ് മുസ്ലിം ലീഗ് വിജയിച്ചത്. മദ്രാസ് പ്രസിഡൻസിയിലെ സംവരണ സീറ്റുകളിൽ നിന്ന് മുസ്ലിം ലീഗ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട പ്രമുഖർ ഇവരായിരുന്നു:

  • ഹാജി അബ്ദുൾ സത്താർ ഹാജി ഇസാഖ് സേട്ട് (തലശ്ശേരി)
  • ഖാൻ ബഹദൂർ ബി. പോക്കർ (തലശ്ശേരി)
  • മഹ്ബൂബ് അലി ബെയ്ഗ് സാഹിബ് ബഹദൂർ(വിജയവാഡ)
  • കെ.ടി.എം. അഹമ്മദ് ഇബ്രാഹിം സാഹിബ് ബഹദൂർ (തിരുനെൽവേലി)

1946 ഡിസംബറിൽ ആദ്യമായി ഭരണഘടനാ നിർമ്മാണ സഭ സമ്മേളിച്ചപ്പോൾ, ‘പ്രത്യേക രാഷ്ട്രം’ എന്ന പാകിസ്താൻ ആവശ്യത്തിൽ ഉറച്ചുനിന്ന മുസ്ലിം ലീഗ് കേന്ദ്ര നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം മദ്രാസിൽ നിന്നുള്ളവർ ഉൾപ്പെടെ ഈ 73 അംഗങ്ങളും ആ സഭ പൂർണ്ണമായി ബഹിഷ്കരിക്കുകയാണ് ചെയ്തത്. എന്നാൽ, 1947 ജൂൺ 3-ലെ മൗണ്ട്ബാറ്റൺ പദ്ധതി പ്രകാരം ഇന്ത്യയും പാകിസ്താനും വിഭജിക്കാൻ തീരുമാനമായതോടെ സ്ഥിതി മാറി. പാകിസ്താൻ പ്രദേശങ്ങളായ സിന്ധ്, പഞ്ചാബ് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള ലീഗ് അംഗങ്ങൾ പാകിസ്താൻ സഭയിലേക്ക് മാറി. എന്നാൽ ഇന്ത്യയിൽ തന്നെ തുടരുന്ന മദ്രാസ്, ബോംബെ, യു.പി., ബിഹാർ തുടങ്ങിയ പ്രവിശ്യകളിൽ നിന്നുള്ള ഏകദേശം 28 മുസ്ലിം ലീഗ് അംഗങ്ങളുടെ കാര്യത്തിൽ പുതിയൊരു രാഷ്ട്രീയ സാഹചര്യം ഉടലെടുത്തു.

അതുവരെ പാകിസ്താൻ എന്ന പ്രത്യേക രാഷ്ട്രത്തിന് വേണ്ടി ശക്തമായി വാദിക്കുകയും, അതിനായി മുസ്ലിം ലീഗിനെ അണിനിരത്തുകയും ചെയ്ത അതേ നേതാക്കൾ തന്നെയാണ് വിഭജനത്തിന് ശേഷം പെട്ടെന്ന് ഇന്ത്യയിൽ തന്നെ തുടരാൻ തീരുമാനിച്ചതും ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിൽ അംഗങ്ങളായി തുടർന്നതും. വലിയ ധനികരും ഭൂപ്രഭുക്കന്മാരും വ്യാപാരികളുമായിരുന്ന ഈ നേതാക്കൾ, തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഈ മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കിയാണ് തന്ത്രപരമായി ഇന്ത്യൻ യൂണിയനിൽ തന്നെ തുടരാൻ തീരുമാനിച്ചത്.

ഇന്ത്യൻ ജനതയെ മുൾമുനയിൽ നിർത്തി പാകിസ്താൻ നേടിയെടുത്ത ശേഷം ജിന്ന പാകിസ്താനിലേക്ക് പോയെങ്കിലും, ഇന്ത്യയിൽ ബാക്കിയായ മുസ്ലീങ്ങളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ഭരണഘടനയിലൂടെ അവകാശങ്ങൾ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിഞ്ഞ് ഇവർ യാതൊരു കുറ്റബോധവുമില്ലാതെ ഇന്ത്യൻ സഭയിൽ സജീവമായി.1947 ജൂലൈ 14-ന് സഭയിൽ ഒപ്പിടാനെത്തിയ ഇവരുടെ സാന്നിധ്യം വലിയ ചർച്ചകൾക്കും ചോദ്യങ്ങൾക്കും വഴിവെച്ചിരുന്നു. ഭരണഘടനാ നിർമ്മാണ സഭയുടെ നാലാം സമ്മേളനത്തിൽ ഹാജി അബ്ദുൾ സത്താർ ഹാജി ഇസാഖ് സേട്ട് ഉൾപ്പെടെയുള്ള അംഗങ്ങൾ തങ്ങളുടെ ക്രെഡൻഷ്യലുകൾ സമർപ്പിച്ച് രജിസ്റ്ററിൽ ഒപ്പിടാൻ എഴുന്നേറ്റപ്പോൾ, ഡൽഹിയിൽ നിന്നുള്ള സഭാംഗമായ ലാലാ ദേശബന്ധു ഗുപ്ത ശക്തമായ ഒരു പോയിന്റ് ഓഫ് ഓർഡറുമായി രംഗത്തുവന്നു.

​“ബഹുമാന്യനായ അംഗം രജിസ്റ്ററിൽ ഒപ്പിടുന്നതിന് മുൻപ്, അദ്ദേഹം ഇപ്പഴും ദ്വിരാഷ്ട്ര സിദ്ധാന്തത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന് ഈ സഭയോട് വ്യക്തമാക്കാൻ ആവശ്യപ്പെടുന്നത് ന്യായമല്ലേ?” എന്ന് അദ്ദേഹം ചോദിച്ചു. തുടർന്ന് അദ്ദേഹം കൂട്ടിച്ചേർത്തു: “ഒരു പരമാധികാര സഭയെന്ന നിലയിലും, ഇപ്പോൾ തീരുമാനിക്കപ്പെട്ട വിഭജനത്തിന്റെ പശ്ചാത്തലത്തിലും, നാം ഈ വിഷയം മുഴുവൻ പുനഃപരിശോധിക്കേണ്ടതുണ്ട്. നാം പാസാക്കിയ ഒബ്ജക്ടീവ്സ് റെസല്യൂഷനെ (Objectives Resolution) അംഗീകരിക്കാത്ത ഒരാൾക്ക് ഈ രജിസ്റ്ററിൽ ഒപ്പിടാൻ അർഹതയുണ്ടോ എന്ന് നാം ഇവിടെ വ്യവസ്ഥ ചെയ്യേണ്ടതുണ്ട്.”

ഇതുപോലെയുള്ള കടുത്ത ചോദ്യങ്ങളും എതിർപ്പുകളും ഉയർന്നു വന്നെങ്കിലും, ഇന്ത്യയിൽ തന്നെ തുടരാൻ തീരുമാനിച്ച പ്രമുഖർ യാതൊരു കുറ്റബോധവുമില്ലാതെ ഇന്ത്യൻ സഭയിൽ സജീവമായി.

“1947 ജൂലൈ 14-ന് സഭയിൽ ഒപ്പിടാനെത്തിയ ഇവരുടെ സാന്നിധ്യം വലിയ ചർച്ചകൾക്കും ചോദ്യങ്ങൾക്കും വഴിവെച്ചിരുന്നു. ഹാജി അബ്ദുൾ സത്താർ സേട്ട് രജിസ്റ്ററിൽ ഒപ്പിടാൻ എഴുന്നേറ്റപ്പോൾ, ‘ഇദ്ദേഹം ഇപ്പോഴും ദ്വിരാഷ്ട്ര സിദ്ധാന്തത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന് സഭയോട് വ്യക്തമാക്കണം’ എന്ന് ഡൽഹിയിൽ നിന്നുള്ള അംഗം ലാലാ ദേശബന്ധു ഗുപ്ത ആവശ്യപ്പെട്ടു. തുടർന്ന് സംസാരിച്ച ബി. പോക്കർ സാഹിബ് സഭയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ‘ഒരു തുള്ളി രക്തം പോലും ചിന്താതെയാണ് ഇന്ത്യയ്ക്കും പാകിസ്താനും സ്വാതന്ത്ര്യം ലഭിച്ചത്‘ എന്ന പോക്കറുടെ പ്രസ്താവനയെ സഭാംഗങ്ങൾ ‘അല്ല, അല്ലേയല്ല’ എന്ന് ആക്രോശിച്ചുകൊണ്ട് തള്ളിക്കളഞ്ഞു. ഇന്ത്യ ചുരുങ്ങിപ്പോയതിലും പാകിസ്താൻ രൂപീകരിക്കപ്പെട്ടതിലും പലർക്കും വേദനയുണ്ടാകാമെന്നും, കോൺഗ്രസും ലീഗും സമ്മതിച്ച കാര്യമായതിനാൽ ഇനി അതിനെച്ചൊല്ലി കരഞ്ഞിട്ട് കാര്യമില്ലെന്നും പോക്കർ പരിഹസിച്ചു. പോക്കർ പറഞ്ഞു “മുമ്പ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ഭൂപ്രദേശം ചുരുങ്ങിപ്പോയതിലും, ‘പാകിസ്താൻ’ എന്ന മറ്റൊരു രാജ്യം രൂപീകരിക്കപ്പെട്ടതിലും പലർക്കും വലിയ വേദനയുണ്ടാകുമെന്ന് എനിക്കറിയാം. എന്നാൽ കോൺഗ്രസും മുസ്ലിം ലീഗും എന്ന രണ്ട് പ്രബല സംഘടനകൾ തമ്മിലുള്ള ധാരണപ്രകാരമാണ് ഈ വിഭജനം നടന്നത്. ഇരു സംഘടനകളും അംഗീകരിച്ച സ്ഥിതിക്ക് ഇനി ഇതിനെച്ചൊല്ലി കരഞ്ഞിട്ട് കാര്യമില്ല“

പ്രമേയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് സഭയെ പ്രകോപിപ്പിച്ച പോക്കറിനെതിരെ ബംഗാളിലെ ദേബി പ്രസാദ് ഖൈത്താൻ പോയിന്റ് ഓഫ് ഓർഡർ ഉന്നയിക്കുകയും, സഭാധ്യക്ഷൻ ഡോ. രാജേന്ദ്ര പ്രസാദ് മൂന്ന് തവണ താക്കീത് നൽകുകയും ചെയ്തു. ഒടുവിൽ, ഇന്ത്യൻ യൂണിയനിലെ വിശ്വസ്തരായ പൗരന്മാരായി സഹകരിക്കണമെന്ന കെ.എം. മുൻഷിയുടെ അഭ്യർത്ഥനയോട് പ്രതികരിച്ചുകൊണ്ട്, മുസ്ലിം ലീഗ് അംഗങ്ങൾ ഈ സഭയോട് വിശ്വസ്തതയോടെ സഹകരിക്കുമെന്നും, എന്നാൽ മറുഭാഗത്തുനിന്നും അത്തരത്തിലുള്ള അനുകൂലമായ സഹകരണം തങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും പോക്കർ വ്യക്തമാക്കികൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്..”

ഭരണഘടനാ നിർമ്മാണ സഭയിലെ മദ്രാസ് പ്രാതിനിധ്യവും വിഭജനാനന്തര മാറ്റങ്ങളും

1946-ൽ ക്യാബിനറ്റ് മിഷൻ പ്ലാൻ പ്രകാരം ഓരോ പ്രവിശ്യയ്ക്കും ജനസംഖ്യാനുപാതികമായി സീറ്റുകൾ നിശ്ചയിച്ചപ്പോൾ, മദ്രാസ് പ്രവിശ്യയ്ക്ക് ആകെ 49 സീറ്റുകളാണ് (45 ജനറൽ + 4 മുസ്ലിം സീറ്റുകൾ) ഉണ്ടായിരുന്നത്. ആ 4 മുസ്ലിം സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ ഹാജി അബ്ദുൾ സത്താർ ഹാജി ഇസാഖ് സേട്ട്, ബി. പോക്കർ, മഹ്ബൂബ് അലി ബെയ്ഗ്, കെ.ടി.എം. അഹമ്മദ് ഇബ്രാഹിം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടത്.

അന്ന് മദ്രാസ് നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന എം. മുഹമ്മദ് ഇസ്മായിൽ ആദ്യഘട്ടത്തിൽ ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമായിരുന്നില്ല. എന്നാൽ 1947 ഓഗസ്റ്റിൽ ഇന്ത്യയും പാകിസ്താനും വിഭജിക്കപ്പെട്ടതോടെ, പഴയ ക്യാബിനറ്റ് മിഷൻ പ്ലാനിലെ സീറ്റ് വിഭജന വ്യവസ്ഥകൾ അസാധുവായി. തുടർന്ന് 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം, അവശേഷിച്ച ഇന്ത്യയിലെ പ്രവിശ്യകളുടെ ജനസംഖ്യയ്ക്കനുസരിച്ച് ഭരണഘടനാ നിർമ്മാണ സഭയിലെ സീറ്റുകൾ വീണ്ടും കണക്കുകൂട്ടി. ഈ പുതിയ കണക്കുകൂട്ടലിൽ മദ്രാസ് പ്രവിശ്യയുടെ ആകെ സീറ്റുകളുടെ എണ്ണം 5 പുതിയ സീറ്റുകൾ വർദ്ധിച്ച് 49-ൽ നിന്ന് 54 ആയി ഉയർന്നു. ആ വർദ്ധിച്ച സീറ്റുകളിൽ ഒരു മുസ്ലിം സംവരണ സീറ്റും ഉൾപ്പെട്ടിരുന്നു. അങ്ങനെയാണ് മദ്രാസിലെ മുസ്ലിം സീറ്റുകളുടെ എണ്ണം 4-ൽ നിന്ന് 5 ആയി മാറിയതും, അവിടെ പുതിയൊരു ഒഴിവ് ഉണ്ടായതും.

1946-ലെ തിരഞ്ഞെടുപ്പിൽ മദ്രാസ് പ്രവിശ്യാ നിയമസഭയിലെ ആകെയുള്ള 28 മുസ്ലിം സംവരണ സീറ്റുകളിൽ 28-ഉം പാകിസ്താൻ റഫറണ്ടത്തിന് അനുകൂലമായി വോട്ട് ചെയ്ത് മുസ്ലിം ലീഗ് തൂത്തുവാരിയിരുന്നു. അതായത്, മദ്രാസ് നിയമസഭയിലുണ്ടായിരുന്ന മുഴുവൻ മുസ്ലിം എം.എൽ.എമാരും മുസ്ലിം ലീഗുകാർ തന്നെയായിരുന്നു; അവിടെ കോൺഗ്രസിന് ഒരൊറ്റ മുസ്ലിം എം.എൽ.എ പോലും ഉണ്ടായിരുന്നില്ല.

പുതുതായി അനുവദിച്ച ആ അഞ്ചാമത്തെ മുസ്ലിം സീറ്റിലേക്ക് 1948-ൽ തിരഞ്ഞെടുപ്പ് വന്നപ്പോൾ, വോട്ട് ചെയ്യേണ്ട 28 പേരും ഇസ്മായിൽ സാഹിബിന്റെ സ്വന്തം പാർട്ടിയായ മുസ്ലിം ലീഗിന്റെ എം.എൽ.എമാരായിരുന്നു. കോൺഗ്രസിന്റെ ഔദാര്യം കൊണ്ടല്ല, മറിച്ച് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ‘പ്രത്യേക വോട്ടർപട്ടിക’ എന്ന ആ പഴയ നിയമത്തിന്റെ ആനുകൂല്യത്തിൽ, 1946-ൽ പാകിസ്താന് വേണ്ടി വോട്ട് പിടിച്ച അതേ 28 മുസ്ലിം ലീഗ് എം.എൽ.എമാരുടെ വോട്ടിലൂടെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുകൊണ്ട്, അങ്ങനെയാണ് ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിൽ ഇസ്മായിൽ റാവുത്തർ എത്തിയത്. രസകരമായ വസ്തുത എന്തെന്നാൽ, പിന്നീട് ഭരണഘടനാ നിർമ്മാണ സഭയിൽ ഇതേ ‘പ്രത്യേക വോട്ടർപട്ടിക’ തുടരണമെന്ന് വാദിച്ചതും ഇസ്മായിൽ റാവുത്തറും പോക്കർ മാപ്പിളയും തന്നെയായിരുന്നു, എന്നാൽ സഭ അത് തള്ളിക്കളയുകയാണ് ചെയ്തത്.

അതേസമയം, അബ്ദുൾ സത്താർ സേട്ട് പാകിസ്താനിലേക്ക് പോയതുകൊണ്ടുണ്ടായ രാജിയുടെ ഒഴിവിലേക്കാണ് മലബാറിൽ നിന്നുള്ള എ.കെ. കുഞ്ഞുമൊയ്തീൻ തിരഞ്ഞെടുക്കപ്പെട്ടത്. ഭരണഘടനാ നിർമ്മാണ സഭയിലെ മദ്രാസ് പ്രതിനിധികളിൽ ജിന്നയുടെ വിളികേട്ട് പാകിസ്താനിലേക്ക് ഹിജ്‌റ ചെയ്ത ഏക വ്യക്തി ഹാജി അബ്ദുൾ സത്താർ സേട്ട് മാത്രമാണ്. ബാക്കിയുണ്ടായിരുന്ന അഞ്ച് പ്രമുഖരും പുതിയ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യവുമായി പൊരുത്തപ്പെട്ട് ഇവിടെത്തന്നെ നിൽക്കുകയും, ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

മദ്രാസ് പ്രസിഡൻസിയിലെ പ്രമുഖ തുകൽ-മാംസ വ്യവസായി ആയിരുന്ന എം. മുഹമ്മദ് ഇസ്മായിലിനും സഹോദരൻ കെ.ടി.എം. അഹമ്മദ് ഇബ്രാഹിമിനും ദക്ഷിണേന്ത്യയിൽ വലിയ വ്യാപാര സാമ്രാജ്യമാണുണ്ടായിരുന്നത്. തങ്ങളുടെ കച്ചവട താൽപ്പര്യങ്ങളും സ്വാധീനവും സംരക്ഷിക്കാൻ ഇന്ത്യയിൽ തന്നെ തുടരുന്നതാണ് ബുദ്ധിയെന്ന് തിരിച്ചറിഞ്ഞ ഇവർ, വിഭജനത്തിന് പിന്നാലെ ഭരണഘടനാ സഭയിൽ പ്രവേശിച്ചെങ്കിലും തങ്ങളുടെ പഴയ രാഷ്ട്രീയ ശൈലി ഉപേക്ഷിച്ചിരുന്നില്ല.

1948 ഡിസംബർ 30-ന് ഭരണഘടനാ നിർമ്മാണ സഭയിൽ നടന്ന ചർച്ചയിൽ, കേന്ദ്രത്തിന്റെ അധികാരങ്ങൾ വെട്ടിച്ചുരുക്കി പ്രവിശ്യകൾക്ക് കൂടുതൽ അധികാരം നൽകണമെന്ന കെ.ടി.എം. അഹമ്മദ് ഇബ്രാഹിമിന്റെ ഭേദഗതിയെ മുഹമ്മദ് ഇസ്മായിലും ബി. പോക്കർ സാഹിബും പിന്തുണച്ചപ്പോൾ ടി.ടി. കൃഷ്ണമാചാരിയും ഡോ. ബി.ആർ. അംബേദ്കറും ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. “ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ പ്രസിഡന്റും ജിന്നയുടെ യഥാർത്ഥ പിൻഗാമിയുമായ മുഹമ്മദ് ഇസ്മായിലും കൂട്ടരും, വിഭജനത്തിന് മുൻപ് പാകിസ്താന് വേണ്ടി ഉയർത്തിയ അതേ പ്രവിശ്യാധികാര വാദങ്ങൾ തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത്” എന്ന് ടി.ടി.കെ തുറന്നടിച്ചു. “മുസ്ലിം ലീഗ് അംഗങ്ങൾ തങ്ങളുടെ പഴയ രാഷ്ട്രീയ തത്വചിന്ത ഇതുവരെ ഉപേക്ഷിച്ചിട്ടില്ല” എന്നായിരുന്നു അംബേദ്കറുടെ വിമർശനം.

1948 ഡിസംബർ 30-ന് ഭരണഘടനാ നിർമ്മാണ സഭയിൽ ടി.ടി. കൃഷ്ണമാചാരി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗമാണിത്:

“സർ, കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ പ്രവിശ്യകൾക്ക് കൂടുതൽ അധികാരം നൽകാനും, എക്സിക്യൂട്ടീവ് മേഖലയിൽ കേന്ദ്രത്തിന്റെ അധികാരങ്ങൾ പ്രായോഗികമായി ഇല്ലാതാക്കാനും ലക്ഷ്യമിടുന്ന, എന്റെ ബഹുമാന്യ സുഹൃത്ത് മിസ്റ്റർ കെ.ടി.എം. അഹമ്മദ് ഇബ്രാഹിം അവതരിപ്പിക്കുകയും മിസ്റ്റർ മുഹമ്മദ് ഇസ്മായിലും മിസ്റ്റർ പോക്കറും ശക്തമായി പിന്തുണയ്ക്കുകയും ചെയ്ത മറ്റൊരു അപൂർണ്ണമായ ഭേദഗതിയിലേക്ക് ഞാൻ ശ്രദ്ധ തിരിക്കുകയാണ്. സർ, ഈ ബഹുമാന്യ അംഗങ്ങൾ വളരെ പ്രധാനപ്പെട്ട വ്യക്തികളാണെന്ന് സഭയ്ക്ക് അറിയാം; പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ പ്രസിഡന്റും മിസ്റ്റർ ജിന്നയുടെ യഥാർത്ഥ പിൻഗാമിയുമായ മിസ്റ്റർ മുഹമ്മദ് ഇസ്മായിൽ. അദ്ദേഹം ഒരു രാഷ്ട്രീയ പ്രസ്താവന നടത്തുമ്പോൾ, അതിന് യാതൊരു വിലയുമില്ലെന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയില്ല. ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് ഇത്രയധികം വിശദമായി തയ്യാറാക്കിയതിനും, മുൻകാലങ്ങളിൽ പ്രവിശ്യാ സ്വയംഭരണത്തിന് ഇത്രയധികം ഊന്നൽ നൽകിയതിനും, 1946 മെയ് 16-ലെ ക്യാബിനറ്റ് മിഷൻ പ്രസ്താവനയ്ക്ക് ഈ രാജ്യം സമ്മതിച്ചതിനും പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്, മുസ്ലിം ലീഗിന് തങ്ങൾ നിയന്ത്രിച്ചിരുന്ന പ്രവിശ്യകളിൽ പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്നതായിരുന്നു. സർ, രാജ്യം രണ്ടായി വിഭജിക്കപ്പെട്ടതോടെ ആ സാഹചര്യം ഇപ്പോൾ നിലവിലില്ല; അത് വിസ്മൃതിയിലായിക്കഴിഞ്ഞു. അതിനാൽ, പ്രവിശ്യകളുടെ അധികാരങ്ങളെ കവർന്നെടുക്കാൻ യാതൊരു ശ്രമവും ഇല്ലാതിരുന്നിട്ടും, പ്രവിശ്യകൾക്ക് കൂടുതൽ അധികാരം വേണമെന്ന പഴയ പ്രക്ഷോഭം എന്റെ ബഹുമാന്യ സുഹൃത്ത് ആദ്യം മുതൽ വീണ്ടും തുടങ്ങുകയാണെന്ന് എനിക്ക് തോന്നുന്നു.”

സ്വതന്ത്ര ഭാരതത്തിലെ ആദ്യ മൂന്ന് പ്രധാനമന്ത്രിമാരുടെയും മന്ത്രിസഭകളിൽ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ടി.ടി. കൃഷ്ണമാചാരി ഇവിടെ എം. മുഹമ്മദ് ഇസ്മായിൽ റാവുത്തരെ വിശേഷിപ്പിക്കുന്നത് “President of the Muslim League in India and the virtual successor to Mr. Jinnah“ എന്നാണ്—അതായത്, ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ പ്രസിഡന്റും മിസ്റ്റർ ജിന്നയുടെ യഥാർത്ഥ പിൻഗാമിയും!

പ്രവിശ്യാ സ്വയംഭരണത്തെക്കുറിച്ചുള്ള ഈ വാദങ്ങൾക്ക് പിന്നിൽ ഒരു ചരിത്രമുണ്ടെന്ന് ഡോ. ബി.ആർ. അംബേദ്കറും ചൂണ്ടിക്കാണിക്കുന്നു. 1930-ലെ വട്ടമേശ സമ്മേളനം മുതൽ തുടങ്ങിയതാണ് ഈ വാദം. സിന്ധ്, പഞ്ചാബ്, ബംഗാൾ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകളിൽ തങ്ങളുടെ ആധിപത്യം നിലനിർത്താൻ വേണ്ടി ബ്രിട്ടീഷ് കാലത്തെ 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലെ 126-ാം വകുപ്പിൽ കേന്ദ്രത്തിന്റെ അധികാരം വെട്ടിച്ചുരുക്കാൻ മുസ്ലിം ലീഗ് അന്നത്തെ ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റിനെക്കൊണ്ട് പ്രത്യേക ഇളവുകൾ ചെയ്യിപ്പിച്ചെടുക്കുകയായിരുന്നു എന്ന് അംബേദ്കർ ഓർമ്മിപ്പിക്കുന്നു.

“ഇന്നത്തെ ഇന്ത്യൻ യൂണിയനിൽ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകൾ ഒന്നുമില്ലാത്തതിനാൽ, ഞങ്ങൾ ഈ ഭേദഗതി കൊണ്ടുവരുന്നത് മുസ്ലിം ലീഗിന്റെ താൽപ്പര്യങ്ങൾക്ക് വേണ്ടിയല്ല” എന്ന് ബി. പോക്കർ എതിർവാദം ഉന്നയിച്ചപ്പോൾ അംബേദ്കർ നൽകിയ മറുപടി എത്രമാത്രം പ്രസക്തമാണ്: “ഈ പ്രസ്താവന സത്യമാണെങ്കിലും, മുസ്ലിം ലീഗ് അംഗങ്ങൾ തങ്ങളുടെ പഴയ രാഷ്ട്രീയ തത്വചിന്തയും ശൈലിയും ഇതുവരെ ഉപേക്ഷിച്ചിട്ടില്ല എന്നാണ് എന്റെ പരാതി. പാകിസ്താനും മുസ്ലിം പ്രവിശ്യകളും നിലവിലുണ്ടായിരുന്ന കാലത്തെ വാദങ്ങൾ തന്നെയാണ് അവർ ഇപ്പോഴും ആവർത്തിക്കുന്നത്.” വിഭജനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും, മദ്രാസിൽ നിന്നുള്ള മുസ്ലിം ലീഗ് നേതാക്കളായ ഇസ്മായിൽ സാഹിബും പോക്കർ സാഹിബും അഹമ്മദ് ഇബ്രാഹിമും തങ്ങളുടെ പഴയ പ്രവിശ്യാധികാര വാദങ്ങളും കേന്ദ്ര വിരുദ്ധ നിലപാടുകളും മാറ്റിയിട്ടില്ലെന്നും, ഭരണഘടനാ നിർമ്മാണ സഭയിലും അവർ പഴയ ലീഗ് രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് നടത്തിയതെന്നും ഈ ഔദ്യോഗിക രേഖ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കുന്നു.

ഭരണഘടനാ നിർമ്മാണ സഭയ്ക്ക് പുറത്തുള്ള മദ്രാസ് പ്രവിശ്യയിലെ മറ്റ് ചില പ്രമുഖ മുസ്ലിം ലീഗ് നേതാക്കളും വ്യാപാരികളും വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് പോയിരുന്നു. മദ്രാസിലെ പ്രമുഖ തുകൽ വ്യാപാരിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ജമാൽ മുഹമ്മദ് വിഭജനത്തിന് ശേഷം കറാച്ചിയിലേക്ക് താമസം മാറ്റി. മദ്രാസ് മേയറും മുസ്ലിം ലീഗ് നേതാവുമായിരുന്ന അബ്ദുൾ ഹമീദ് ഖാന്റെ കുടുംബത്തിലെ ചിലർ പാകിസ്താനിലേക്ക് പോയെങ്കിലും, അദ്ദേഹം ഇന്ത്യയിൽ തന്നെ തുടർന്നു. തലശ്ശേരിയിലെയും കണ്ണൂരിലെയും കച്ചി മേമൻ, ബൊഹ്‌റ വിഭാഗങ്ങളിൽപ്പെട്ട സത്താർ സേട്ടിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി സമ്പന്ന വ്യാപാരി കുടുംബങ്ങൾ കറാച്ചിയിലേക്ക് കച്ചവടവും താമസവും മാറ്റിയിരുന്നു. എന്നാൽ മലബാറിലെ സാധാരണ മാപ്പിളമാരോ സീതി മാപ്പിള, ഉപ്പി മാപ്പിള, ബാഫഖി തങ്ങൾ തുടങ്ങിയ പ്രാദേശിക ലീഗ് നേതാക്കളോ പാകിസ്താനിലേക്ക് പോയില്ല.

സത്താർ സേട്ടിന്റെ നയതന്ത്ര യാത്രയും ഇസ്മായിൽ റാവുത്തറുടെ മഞ്ചേരിയിലേക്കുള്ള കൂടുമാറ്റവും

അന്ന് വരെ മാപ്പിളമാരിൽ ഏറ്റവും മുന്തിയ നേതാവ് ഉപ്പി മാപ്പിളയോ, സീതി സാഹിബോ, പോക്കർ മാപ്പിളയോ, സി.എച്ച്. മുഹമ്മദ് കോയയോ ഒന്നുമല്ലായിരുന്നു; മറിച്ച്, സത്താർ സേട്ടായിരുന്നു ഈ മാപ്പിള മില്ലത്തിന്റെ ഖാഇദ്-ഇ-മില്ലത്ത്. ജിന്നയോടൊപ്പം 1940-ലെ പാകിസ്താൻ പ്രമേയം മുതൽ മദ്രാസിന്റെ പ്രതിനിധിയായി ഓൾ ഇന്ത്യ മുസ്ലിം ലീഗിന്റെ പ്രവർത്തക സമിതിയിലിരുന്ന ഒരേയൊരാളും അയാളായിരുന്നു. 1948-ൽ അബ്ദുൾ സത്താർ സേട്ട് പാകിസ്താനിലേക്ക് ഹിജ്‌റ ചെയ്തു. ജിന്നയുമായുള്ള അടുത്ത ബന്ധം അയാളെ നേരിട്ട് പാകിസ്താന്റെ ഈജിപ്തിലെ അംബാസഡറായി നിയമിക്കുന്നതിലേക്ക് എത്തിച്ചു. ഫ്രഞ്ച് മാഹിയിൽ ജനിച്ച് തലശ്ശേരിയിലെ പ്രശസ്തമായ വാധ്യാർ പീടികയിൽ വളർന്ന ഹാജി അബ്ദുൾ സത്താർ സേട്ട്, പാകിസ്താന്റെ വിദേശനയത്തിലും നയതന്ത്ര രംഗത്തും അതിനിർണ്ണായകമായ പങ്കാണ് വഹിച്ചത്. ഈജിപ്തിലേക്കും, പിൽക്കാലത്ത് ഈജിപ്തും സിറിയയും ഉൾപ്പെടുന്ന യുണൈറ്റഡ് അറബ് റിപ്പബ്ലിക്കായപ്പോഴും സത്താർ സേട്ട് അവിടെല്ലാം പാകിസ്താന്റെ അംബാസഡറായി. അറബ് ലോകവുമായി പാകിസ്താന് ബന്ധമുണ്ടാക്കുന്നതിൽ കച്ചി മേമൻ-യെമനി മാപ്പിള പാരമ്പര്യമുള്ള സത്താർ സേട്ട് പ്രധാന പങ്കുവഹിച്ചു. പിന്നീട് ദീർഘകാലം സൗദി അറേബ്യയിലും, ശേഷം സിലോണിലും പാകിസ്താന്റെ നയതന്ത്ര പ്രമുഖനായി അയാൾ സേവനമനുഷ്ഠിച്ചു.

അതേസമയം, ഇന്ത്യയിൽ തുടർന്ന മിയാഖാൻ മുഹമ്മദ് ഇസ്മായിൽ റാവുത്തർ 1948 മാർച്ചിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രഥമ പ്രസിഡന്റായി. 1952 മുതൽ 1958 വരെ മദ്രാസിൽ നിന്ന് രാജ്യസഭാംഗമായി പ്രവർത്തിച്ച റാവുത്തർ, 1956-ൽ കേരള സംസ്ഥാനം രൂപീകൃതമായതോടെ തന്റെ രാഷ്ട്രീയ തട്ടകം സുരക്ഷിത മണ്ഡലമായ മലബാറിലേക്ക് മാറ്റി. തുടർന്ന് 1962, 1967, 1971 എന്നീ മൂന്ന് തിരഞ്ഞെടുപ്പുകളിലും മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് റാവുത്തർ തുടർച്ചയായി വിജയിച്ചു.

തലശ്ശേരിയിലെ ഒരു കച്ചവട കുടുംബത്തിൽ ജനിച്ച്, അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ ഉന്നത നേതൃനിരയിലെത്തി, പിന്നീട് പാകിസ്താന്റെ പ്രമുഖ നയതന്ത്രജ്ഞനായി ഉയർന്ന സത്താർ സേട്ടിനെക്കുറിച്ചും, തിരുനെൽവേലിയിൽ നിന്ന് പാകിസ്താൻ വാദത്തിന് നേതൃത്വം നൽകി ഒടുവിൽ മഞ്ചേരിയുടെ എം.പിയായി മാറിയ ഇസ്മായിൽ റാവുത്തറുടെ രാഷ്ട്രീയ മെയ്വഴക്കത്തെക്കുറിച്ചും കേരളത്തിലെ മുസ്ലിം ലീഗ് ഇന്ന് ബോധപൂർവ്വം മൗനം പാലിക്കുകയാണ്.

References:

1. Primary Archival & Official Records

  • Quaid-i-Azam Papers / Jinnah Papers, Vol.17 (1941): K.T.M. Ahmed Ibrahim (Honorary Secretary, Madras Presidency Muslim League) to M.A. Jinnah, Letter dated 9 August 1941 (National Archives of Pakistan / Jinnah Papers, edited by Z.H. Zaidi).
  • National Archives of India (1945): Summary of Election to the Central Legislative Assembly, 1945 — Statistical records and Detailed Statement of Muhammadan Constituencies in Madras Presidency (North Madras, South Madras, and West Coast & the Nilgiris).
  • Constituent Assembly Debates (Official Report): Volume VII, 30 December 1948 (Part I) — Debates on Draft Article 60 (Executive power of the Union) featuring speeches and exchanges between T.T. Krishnamachari, Dr. B.R. Ambedkar, B. Pocker Sahib Bahadur, K.T.M. Ahmed Ibrahim, and M. Muhammad Ismail.
  • Constituent Assembly of India (1946–1948): List of Members of the Constituent Assembly of India (showing initial 1946 Cabinet Mission allocation for Madras Presidency and post-Partition re-allocation under the Indian Independence Act, 1947).
  • Government of India Act, 1935: Section 126 (2) regarding Central executive directions to Provinces on Concurrent List subjects.

2. Books & Historical Studies

  • More, J.B.P. (1997). The Political Evolution of Muslims in Tamilnadu and Madras, 1930–1947. Orient Longman. (മദ്രാസ് പ്രസിഡൻസിയിലെ മുസ്ലിം ലീഗ് രാഷ്ട്രീയത്തെയും, തുകൽ വ്യാപാരികളുടെ സ്വാധീനത്തെയും, എം. മുഹമ്മദ് ഇസ്മായിൽ, കെ.ടി.എം. അഹമ്മദ് ഇബ്രാഹിം, ജമാൽ മൊയ്തീൻ എന്നിവരുടെ പങ്കിനെയും കുറിച്ചുള്ള ആധികാരിക പഠനം).
  • Wright, Theodore P., Jr. (1966). The Muslim League in South India since Independence: A Study in Minority Group Political Strategies. American Political Science Review, Vol. 60, No. 3. (സ്വാതന്ത്ര്യാനന്തരം മദ്രാസ്-മലബാർ മേഖലകളിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്വീകരിച്ച രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ചുള്ള പഠനം).
  • McPherson, Kenneth (1969). The Social Background and Politics of the Muslims of Tamil Nad, 1901–1937. Indian Economic & Social History Review.
  • Menon, V.P. (1957). The Transfer of Power in India. Orient Longman. (1945–46 തിരഞ്ഞെടുപ്പുകൾ, ക്യാബിനറ്റ് മിഷൻ പ്ലാൻ, 1947 ജൂൺ 3-ലെ മൗണ്ട്ബാറ്റൺ പദ്ധതി എന്നിവയുടെ ഔദ്യോഗിക വിവരണം).
  • രണ്ടത്താണി, ഡോ. ഹുസൈൻ / കുഞ്ഞാലി, ഡോ. വി. — മലബാറിലെ മാപ്പിള രാഷ്ട്രീയ ചരിത്രവും തലശ്ശേരി-കണ്ണൂർ മേഖലകളിലെ വ്യാപാര കുടുംബങ്ങളുടെ (കച്ചി മേമൻ, ബൊഹ്‌റ വിഭാഗങ്ങൾ) ചരിത്രവും സംബന്ധിച്ച പഠനങ്ങൾ.

3. പാർലമെന്ററി-തിരഞ്ഞെടുപ്പ് രേഖകൾ (Parliamentary & Election Commission Records)

  • Election Commission of India (ECI): Statistical Reports on General Elections to the Lok Sabha (1962, 1967, 1971) — Manjeri Parliamentary Constituency (M. Muhammad Ismail).
  • Rajya Sabha Secretariat: Who’s Who / Members Biographical Sketches (1952–1958) — M. Muhammad Ismail (Madras). B Pocker Bahadurl (Madras).
  • Ministry of Foreign Affairs, Government of Pakistan: Diplomatic Archives (1948–1958) — Records of Haji Abdus Sattar Haji Ishaq Seth’s tenure as Ambassador of Pakistan to Egypt (United Arab Republic), Saudi Arabia, and High Commissioner to Ceylon.

4. Digital Archives

  • Constitution of India (constitutionofindia.net): Constituent Assembly Debates Digital Archive (Volume VII, 30 December 1948).
  • Indian Kanoon (indiankanoon.org): Constituent Assembly Debates Document Fragments (30 December 1948).

Leave a Reply

Website Powered by WordPress.com.

Up ↑