വോട്ടവകാശം ഉപയോഗിക്കുകയെന്നത് ജനാധിപത്യ പ്രക്രിയയുടെ മർമ്മമാണ്. അതുകൊണ്ടാണ് വോട്ടിംഗിനെ വെറുമൊരു അവകാശമായി അവഗണിക്കാതെ, ഭരണകൂടത്തെയും രാജ്യത്തിന്റെ ദിശയെയും നിർണ്ണയിക്കാൻ ഓരോ പൗരനും നൽകപ്പെട്ടിട്ടുള്ള പരമാധികാര ശക്തിയായി നാം വ്യാഖ്യാനിക്കുന്നത്. വോട്ട് ചെയ്യാനുള്ള അവകാശം ഇന്ന് നമുക്ക് തികച്ചും സ്വാഭാവികമായ ഒന്നാണ്. എന്നാൽ, പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും തുല്യമായ വോട്ടവകാശം എന്നത് പെട്ടെന്നൊരു ദിവസം അനുവദിച്ചുകിട്ടിയതൊന്നുമല്ല. കൊളോണിയൽ കാലത്തെ പരിമിതികളിൽ നിന്ന് തുടങ്ങി പ്രവിശ്യാ ഭരണത്തിലും സംപൂർണ സ്വരാജിലേയ്ക്കും നീണ്ട നിരവധി പോരാട്ടങ്ങളിലൂടെയാണ് ഭാരതം ഇന്നത്തെ ജനാധിപത്യ രാഷ്ട്രമായി മാറിയത്.
പരിമിതമായ പ്രാരംഭവും സ്ത്രീകളുടെ വോട്ടവകാശവും (1909–1935)
ഇന്ത്യയിൽ തിരഞ്ഞെടുപ്പ് എന്ന തത്വം ബ്രിട്ടീഷുകാർ ആദ്യം അവതരിപ്പിക്കുന്നത് 1909-ൽലെ മോർലി-മിന്റോ പരിഷ്കാരങ്ങളിലൂടെയാണ്. എന്നാൽ ഇതിനെ സാർവത്രിക വോട്ടവകാശമായി കാണാൻ കഴിയില്ല. വൻകിട ഭൂവുടമകൾക്കും, കൂടിയ തുക നികുതി അടയ്ക്കുന്നവർക്കും, പ്രത്യേക ബിരുദമുള്ളവർക്കും മാത്രമായിരുന്നു അന്ന് വോട്ട് ചെയ്യാൻ യോഗ്യത. രാജ്യത്തെ ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് അന്ന് വോട്ടവകാശം ഉണ്ടായിരുന്നത്.
എങ്കിലും സാമ്രാജ്യത്വ ഭരണത്തിന്റെ ആദ്യഘട്ടങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശം തീർത്തും നിഷേധിക്കപ്പെട്ടിരുന്നു. ഇന്ഗ്ലണ്ടിൽ പോലും 30 വയസ്സിന് മുകളിൽ പ്രായമുള്ള, നിശ്ചിത സ്വത്ത് വകകളുള്ള സ്ത്രീകൾക്ക് മാത്രമാണ് 1918ൽ ആദ്യമായി വോട്ടവകാശം ലഭിച്ചത്. ഇതോടെ ഏകദേശം 85 ലക്ഷത്തോളം സ്ത്രീകൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം കിട്ടി. ഭാരതത്തിലും വോട്ടവകാശത്തിനായി ഉയർന്ന ആവശ്യങ്ങളെ തുടർന്ന്, 1919ലെ മോണ്ടെഗ്യൂ-ചെംസ്ഫോർഡ് പരിഷ്കാരങ്ങളിലൂടെ വോട്ടവകാശമുള്ളവരുടെ എണ്ണം മൂന്ന് ശതമാനത്തിലേക്ക് ഉയർത്തുകയും, തീരുമാനമെടുക്കാനുള്ള അധികാരം പ്രവിശ്യാ നിയമസഭകൾക്ക് വിടുകയും ചെയ്തു.
ഇതേത്തുടർന്ന് 1921ൽ മദ്രാസ് പ്രസിഡൻസിയാണ് ഇന്ത്യയിൽ ആദ്യമായി സ്ത്രീകൾക്ക് പരിമിതമായ രീതിയിൽ വോട്ടവകാശം അനുവദിച്ചത്. എന്നാൽ ഇത് ഉയർന്ന സ്വത്തോ വിദ്യാഭ്യാസ യോഗ്യതയോ ഉള്ള വനിതകൾക്ക് മാത്രമായി ചുരുങ്ങി. മിലിസെന്റ് ഫോസെറ്റിന്റെ നേതൃത്വത്തിലുള്ള ‘സഫ്രജിസ്റ്റുകളും’, എമിലിൻ പാൻഖർസ്റ്റിന്റെ നേതൃത്വത്തിലുള്ള ‘സഫ്രജറ്റുകളും’ നടത്തിയ പതിറ്റാണ്ടുകൾ നീണ്ട കഠിനമായ പോരാട്ടങ്ങളുടെയും തെരുവ് പ്രക്ഷോഭങ്ങളുടെയും ഫലമായാണ് ഇംഗ്ലണ്ടിൽ സ്ത്രീകൾക്ക് ഈ അവകാശം നേടിയെടുക്കാൻ സാധിച്ചത്. 1928 ജൂലൈ രണ്ടിന് നിലവിൽ വന്ന Equal Franchise Act എന്ന നിയമത്തോടെയാണ് പുരുഷന്മാർക്ക് തുല്യമായി 21 വയസ്സ് തികഞ്ഞ എല്ലാ സ്ത്രീകൾക്കും സ്വത്തുക്കളുടെ നിബന്ധനകളൊന്നുമില്ലാതെ സാർവത്രിക വോട്ടവകാശം ഇംഗ്ലണ്ടിൽ ലഭിക്കുന്നത്.
തുടർന്ന് 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് വഴി വോട്ടവകാശം 10 മുതൽ 14 ശതമാനത്തിലേക്ക് വിപുലീകരിക്കുകയും, ഭർത്താക്കന്മാർക്ക് സ്വത്തുള്ളവർക്കും സാക്ഷരരായ സ്ത്രീകൾക്കും വോട്ടവകാശം നൽകുകയും ചെയ്തെങ്കിലും അന്നത്തെ വനിതാ ജനസംഖ്യയുടെ അഞ്ച് ശതമാനത്തോളം ആളുകൾക്ക് മാത്രമേ വോട്ട് ചെയ്യാൻ യോഗ്യത ലഭിച്ചിരുന്നുള്ളൂ. ഭൂരിപക്ഷം സാധാരണക്കാർക്കും അത് നിഷേധിക്കപ്പെട്ടു തന്നെകിടന്നു.
സ്വാതന്ത്ര്യവും സാർവത്രിക വോട്ടവകാശവും (1950)
1950 ജനുവരി 26ന് സ്വതന്ത്ര ഇന്ത്യ സ്വന്തം ഭരണഘടന നടപ്പിലാക്കിയതോടെയാണ് യഥാർത്ഥ ജനാധിപത്യപരമായ മാറ്റം ഉണ്ടാകുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശത്തിനായി വലിയ പ്രക്ഷോഭങ്ങൾ നടത്തേണ്ടി വന്നപ്പോൾ, സ്വതന്ത്ര ഇന്ത്യ ഭരണഘടനയുടെ തുടക്കം മുതൽ തന്നെ ജാതി, മത, ലിംഗ, സ്വത്ത് വ്യത്യാസങ്ങളില്ലാതെ 21 വയസ്സ് തികഞ്ഞ എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും ‘സാർവത്രിക വോട്ടവകാശം’ ഉറപ്പുനൽകി. എങ്കിലും, ഒരു രാജ്യത്തിന്റെ ഭാവി നിശ്ചയിക്കാൻ 21 വയസ്സ് വരെ കാത്തിരിക്കണമെന്ന വ്യവസ്ഥയ്‌ക്കെതിരെ അധികം വൈകാതെ യുവാക്കളുടെ ശബ്ദമുയർന്നു തുടങ്ങി.
18 വയസ്സിലെ വോട്ടവകാശം: പ്രക്ഷോഭങ്ങളുടെ ചരിത്രം (1969–1988)
വോട്ടവകാശ പ്രായം 21ൽ നിന്ന് 18 ആയി കുറയ്ക്കാനുള്ള പോരാട്ടം രണ്ടു പതിറ്റാണ്ടോളം തെരുവുകളിലും പാർലമെന്റിലും ഒരുപോലെ സജീവമായിരുന്നു.
- പ്രക്ഷോഭത്തിന്റെ തുടക്കം (1969–1970): 1960കളുടെ അവസാനത്തോടെ യുവാക്കളുടെ രാഷ്ട്രീയ പങ്കാളിത്തം പ്രധാന ചർച്ചയായി. 1970 സെപ്റ്റംബർ 27ന് ഡൽഹിയിൽ നടന്ന വൻ പ്രകടനത്തിൽ, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സർക്കാരിന് സമർപ്പിച്ച അവകാശ പത്രികയിൽ “18 വയസ്സിൽ വോട്ടവകാശം” എന്നത് പ്രധാന ആവശ്യമായി മുന്നോട്ടുവെച്ചു. “വിദ്യാർത്ഥികൾ നാളത്തെ പൗരന്മാരല്ല, ഇന്നത്തെത്തന്നെ പൗരന്മാരാണ്” എന്ന മുദ്രാവാക്യവുമായി ക്യാമ്പസുകളിൽ ശക്തമായ ചർച്ചകൾ ഉയന്നുവന്നു.
- പാർലമെന്ററി ഇടപെടലുകൾ (1970–1972): തെരുവിൽ പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ സഭയ്ക്കുള്ളിൽ ജനസംഘം നേതാക്കൾ ഈ വിഷയം കൃത്യമായി ഉന്നയിച്ചു. 1970-71 കാലഘട്ടത്തിലെ തിരഞ്ഞെടുപ്പ് പരിഷ്കരണതിനായുള്ള പാർലമെന്റ് സംയുക്ത സമിതിയിൽ അംഗങ്ങളായിരുന്ന അടൽ ബിഹാരി വാജ്പേയിയും ലാൽ കൃഷ്ണ അദ്വാനിയും ഈ ആവശ്യത്തിനായി നിലകൊണ്ടു. 1972-ൽൽ സമർപ്പിച്ച റിപ്പോർട്ടിൽ, 18-21 പ്രായക്കാരെ ഒഴുവാക്കാൻ തക്ക ന്യായമായ കാരണങ്ങളൊന്നുമില്ലെന്നും വോട്ടവകാശ പ്രായം 18 ആക്കണമെന്നും സമിതി ഔദ്യോഗികമായി ശുപാർശ ചെയ്തു.
- പ്രമേയങ്ങളും ജനകീയ പ്രസ്ഥാനങ്ങളും (1973–1975): 1973-ൽ ABVP സംഘടിപ്പിച്ച ‘ലോക് അഭിയാൻ’ പ്രചാരണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഒപ്പുശേഖരണവും മാർച്ചുകളും നടന്നു. 1973 ഡിസംബർ 21-ന് എ. ബി. വാജ്പേയി ലോക്‌സഭയിൽ ഇതിനായി ഒരു സ്വകാര്യ പ്രമേയം അവതരിപ്പിക്കുകയും, 1972ലെ JPC ശുപാർശകൾ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് 1974 മാർച്ച് 1ന് നടന്ന ചർച്ചയ്‌ക്കൊടുവിൽ കോണ്ഗ്രസിന് ഭൂരിപക്ഷമുള്ള സഭ ആ പ്രമേയം തള്ളി. തുടർന്ന് 1974-75 കാലഘട്ടത്തിൽ ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ നടന്ന ബിഹാർ പ്രസ്ഥാനത്തിലും അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിലും വോട്ടവകാശ പരിഷ്കരണം ഒരു പ്രധാന ആവശ്യമായി മാറി.
- 1980കളിലെ പോരാട്ടവും ഭരണഘടനാ ഭേദഗതിയും (1980–1988): 1980കളിലും ക്യാമ്പസുകൾ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങൾ തുടർന്നു. ഒടുവിൽ 1988 ഡിസംബറിൽ 61-ാം ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ വന്നപ്പോൾ, 1972ലെ JPC ശുപാർശകൾ ചൂണ്ടിക്കാട്ടി സഭയിൽ ഈ ഭേദഗതിക്ക് പിന്തുണ ലഭിച്ചു. അങ്ങനെ ഭരണഘടനയിലെ ആർട്ടിക്കിൾ 326 ഭേദഗതി ചെയ്യപ്പെടുകയും, 1989-ലെ പൊതുതിരഞ്ഞെടുപ്പിൽ 18 വയസ്സ് തികഞ്ഞ ഇന്ത്യൻ യുവാക്കൾ ആദ്യമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്തു.
നിരവധി വിദ്യാർത്ഥി മുന്നേറ്റങ്ങളുടെയും ഭരണഘടനാപരമായ ഇടപെടലുകളുടെയും തുടർച്ചയായാണ് ഇന്ന് നാം അനുഭവിക്കുന്ന വോട്ടവകാശം രൂപപ്പെട്ടത്. ബ്രിട്ടീഷ് കാലത്തെ പരിമിതമായ വോട്ടവകാശത്തിൽ നിന്ന് തുടങ്ങി ഭരണഘടനാപരമായ ഭേദഗതിയിലൂടെ 18 വയസ്സിലെ അവകാശത്തിലേക്ക് എത്തിയ ഈ ചരിത്രം, ഭാരതീയ ജനാധിപത്യത്തിന്റെ വികാസ പരിണാമങ്ങളുടെ ഇന്ഫോഗ്രാഫിക്‌സ് ആണ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്..
Leave a comment