“നിങ്ങൾക്കറിയാമോ, ഇന്ത്യ ഭരിക്കുന്ന അവസാനത്തെ ഇംഗ്ലീഷുകാരൻ ഞാനാണ്.“
അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞനും ഇന്ത്യയിലെ യു.എസ് അംബാസഡറുമായിരുന്ന ജോൺ കെന്നത്ത് ഗാൽബ്രെയ്ത്തിനോടാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു തമാശരൂപേണ ഇങ്ങനെ പറഞ്ഞത്. തന്റെ ജീവിതത്തിന്റെ സായന്തനത്തിലാണ് നെഹ്റു ഗാൽബ്രെയ്ത്തിനെ പരിചയപ്പെടുന്നത്. 1961 മുതൽ 1963 വരെയുള്ള കാലഘട്ടത്തിലാണ് ഗാൽബ്രെയ്ത്ത് അമേരിക്കൻ അംബാസഡറായി ഇന്ത്യയിൽ സേവനമനുഷ്ഠിച്ചത്. തികച്ചും സ്വകാര്യവും സൗഹൃദപരവുമായ ഒരു സംഭാഷണ വേളയിൽ, ഇംഗ്ലീഷ് സംസ്കാരം, ചരിത്രം, വിദ്യാഭ്യാസം എന്നിവയാൽ താൻ എത്രത്തോളം സ്വാധീനിക്കപ്പെട്ടിരുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് നെഹ്റു ഈ വാക്കുകൾ പറഞ്ഞത്.
ഭാരതത്തിൽ ഇംഗ്ലീഷ് ഗവേണസുമാരുടെ സംരക്ഷണയിൽ വളർന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, തന്റെ 15-ാമത്തെ വയസ്സിലാണ് ഇംഗ്ലണ്ടിലേക്ക് പോകുന്നത്. 1905 മുതൽ 1912 വരെയുള്ള ഏകദേശം 7 വർഷക്കാലത്തെ ബ്രിട്ടൻ വാസത്തിനിടയിൽ നെഹ്റു ഹാരോ സ്കൂൾ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ഇന്നർ ടെംപിൾ ലണ്ടൻ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് 23-ാമത്തെ വയസ്സിൽ ഭാരതത്തിലേക്ക് മടങ്ങിയെങ്കിലും, ഇംഗ്ലണ്ടിൽ ദീർഘകാലം പഠിച്ചുവളർന്നതിനാൽ തന്റെ ചിന്തകളിലും ജീവിതരീതികളിലും പ്രകടമായിരുന്ന ബ്രിട്ടീഷ് സ്വാധീനത്തെ സ്വയം പരിഹസിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ഒരു ആത്മവിമർശനമായിട്ടാണ് ഈ വാചകം വിലയിരുത്തപ്പെടുന്നത്.
ഗാൽബ്രെയ്ത്ത് തന്റെ ‘Name-Dropping: From F.D.R. On’ എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിലാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ പ്രശസ്തരായ രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവർത്തകരെയും കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങളുടെയും ഉപന്യാസങ്ങളുടെയും ഒരു സമാഹാരമാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെക്കുറിച്ച് വളരെ ലളിതമായും ആസ്വാദ്യകരമായും മനസ്സിലാക്കാൻ സഹായകമായ ഈ പുസ്തകത്തിൽ ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്, ജോൺ എഫ്. കെന്നഡി, ലിൻഡൻ ബി. ജോൺസൺ തുടങ്ങിയ യു.എസ് പ്രസിഡന്റുമാരുടെ അണിയറക്കഥകളും അവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ചില ഉൾക്കാഴ്ചകളും ഗാൽബ്രെയ്ത്ത് പങ്കുവെക്കുന്നുണ്ട്.
ഇന്ത്യയിൽ തിരിച്ചെത്തിയ നെഹ്റു, ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യത്തെ സ്വതന്ത്രമാക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി തന്റെ 32-ാമത്തെ വയസ്സിലാണ് ആദ്യമായി ജയിലിലാകുന്നത്. മഹാത്മാഗാന്ധി രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രിൻസ് ഓഫ് വെയിൽസിന്റെ ഭാരത സന്ദർശനം ബഹിഷ്കരിക്കാൻ ജനങ്ങളെ സംഘടിപ്പിച്ചതിന് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ ആദ്യമായി തടങ്കലിലാക്കി. അലഹബാദിലെ മഹമൂദ് മൻസിൽ ബംഗ്ലാവിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെയും പിതാവ് മോത്തിലാൽ നെഹ്റുവിനെയും അറസ്റ്റ് ചെയ്ത് അലഹബാദിലെ നൈനി സെൻട്രൽ ജയിലിലേക്കയച്ചു.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു നൈനി ജയിലിൽ കഴിഞ്ഞത് ഒരു സാധാരണ ക്രിമിനൽ തടവുകാരന്റെ രീതിയിലായിരുന്നില്ല. അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം രാഷ്ട്രീയ തടവുകാരെ Class A, B, C എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായാണ് തരംതിരിച്ചിരുന്നത്. ജവഹർലാൽ നെഹ്റുവും പിതാവ് മോത്തിലാൽ നെഹ്റുവും സമ്പന്നരും അഭിഭാഷകരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ആയിരുന്നതിനാൽ അവർക്ക് ജയിലിൽ ‘A ക്‌ളാസ്’ തടവുകാരുടെ പദവിയാണ് ബ്രിട്ടീഷുകാർ നൽകിയത്.
സാധാരണ തടവുകാരെപ്പോലെ കഠിനതടവോ പാറപൊട്ടിക്കലോ ഒന്നും അവർക്ക് ചെയ്യേണ്ടിവന്നില്ല; പകരം വായനയ്ക്കും എഴുത്തിനുമുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു. അവിടെവെച്ചാണ് നെഹ്റു വിപുലമായി പുസ്തകങ്ങൾ വായിച്ചതും ദീർഘമായ കത്തുകളും കുറിപ്പുകളും എഴുതിത്തുടങ്ങിയതും. പിന്നീട് Glimpses of World History, An Autobiography തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങളായി മാറിയതിന്റെ തുടക്കം ഇവിടെയായിരുന്നു. ഈ ജയിൽവാസത്തിനിടയിലാണ് അദ്ദേഹം ദിവസവും സന്ത് തുളസീദാസിന്റെ ‘രാമചരിതമാനസം’ വായിക്കുന്ന ശീലവും ആരംഭിക്കുന്നത്.
കേസിലെ ചില സാങ്കേതിക പിഴവുകൾ കാരണം 1922 മാർച്ച് 3ന് ബ്രിട്ടീഷുകാർ അദ്ദേഹത്തെ താൽക്കാലികമായി മോചിപ്പിച്ചു. എന്നാൽ സമരം അവസാനിച്ചിരുന്നില്ല. പുറത്തിറങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ, വിദേശ വസ്ത്രങ്ങൾ വിൽക്കുന്ന കടകൾക്ക് മുന്നിൽ പിക്കറ്റിംഗ് സംഘടിപ്പിച്ചതിന് 1922 മേയ് 11ന് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തവണ അദ്ദേഹത്തെ അയച്ചത് ലഖ്‌നൗ ജില്ലാ ജയിലിലേക്കായിരുന്നു.
സ്വന്തമായി വസ്ത്രം ധരിക്കാനും, ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കാനും, കത്തുകൾ അയക്കാനും നിയന്ത്രണങ്ങളോടെ അനുവാദമുണ്ടായിരുന്നുവെങ്കിലും, ജയിൽമുറിയുടെ ഏകാന്തതയും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള വേർപിരിയലും അദ്ദേഹത്തെ മാനസികമായി കഠിനമായി ബാധിച്ചിരുന്നു. ലഖ്‌നൗ ജയിലിലിരുന്ന് 1922 സെപ്റ്റംബർ 1ന് ഗാന്ധിജിക്ക് എഴുതിയ ദീർഘമായ കത്തിലാണ്, തന്റെ മുൻപത്തെ തടവുകാലത്ത് നൈനി ജയിലിൽ വെച്ച് രാമായണത്തിലെ ‘സുന്ദരകാണ്ഡം’ വരെ വായിച്ചുതീർത്ത ഓർമ്മ അദ്ദേഹം പങ്കുവെക്കുന്നത്:
“ഞാൻ സുന്ദരകാണ്ഡം നൈനിയിൽ വെച്ച് പൂർത്തിയാക്കിയതുപോലെ, ബാക്കി ഭാഗവും ഏകദേശം ഇരുപതു ദിവസത്തിനുള്ളിൽ വായിച്ചുതീർക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; ബാക്കി ഭാഗങ്ങൾ സുഗമമായി വായിച്ചുപോകാൻ കഴിയുന്നവയുമാണ്.
എല്ലാ ദിവസവും രാവിലെ രാമായണം വായിക്കുന്നത് വലിയൊരു ആനന്ദമാണ്. രാത്രിയിലെ ശാന്തമായ ഒരു പുലർകാല വേള ഇത് വായിക്കാനായി തിരഞ്ഞെടുത്താൽ, തുളസീദാസിന്റെ ആ സ്നേഹപ്രവാഹത്തിൽ ഒരാൾ അലിഞ്ഞുചേർന്നുപോകും. രാമായണം രാമന്റെ കാവ്യരൂപത്തിലുള്ള ഒരു ചരിത്രത്തേക്കാൾ ഉപരി, ഒരു ആത്മീയ ആത്മകഥയാണ്.”
ഡോ. നാരായൺ ഭാസ്‌കർ ഖരേ
നെഹ്റുവിന്റെ ആംഗ്ലോഫൈൽ പശ്ചാത്തലവും പാശ്ചാത്യ ആശയങ്ങളോടുള്ള താല്പര്യവും പ്രഭുകുടുംബ പാരമ്പര്യ ശീലങ്ങളും അദ്ദേഹത്തെ സഹപ്രവർത്തകരിൽ പലരുടെയും കണ്ണിൽ തികച്ചും ഒരു “ബ്രിട്ടീഷുകാരനായി” തോന്നിപ്പിച്ചിരുന്നു. എന്നാൽ, നെഹ്റുവിന്റെ മതേതര നയങ്ങളെയും പാശ്ചാത്യ ശൈലിയെയും കടന്നാക്രമിക്കാൻ ഹിന്ദു മഹാസഭയുടെ പ്രമുഖ നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന പഴയൊരു കോണ്ഗ്രസ്സുകാരനായ ഡോ. എൻ.ബി. ഖരെ ഉന്നയിച്ച രാഷ്ട്രീയ ആരോപണം അദ്ദേഹത്തിന്റെ ആത്മവിമർശനത്തെക്കാൾ ഒരുപടി കൂടി കടന്നുപോയി:
“വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും, സംസ്കാരം കൊണ്ട് മുസ്ലിമും, ജനനം കൊണ്ട് യാദൃച്ഛികമായി മാത്രം ഹിന്ദുവുമായ വ്യക്തിയാണ് നെഹ്റു.” എന്നദ്ദേഹം ആരോപിച്ചു. 1959-ൽ ഡോ. എൻ.ബി. ഖരെ തന്റെ ‘My Political Memoirs’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ, നെഹ്റുവിനെക്കുറിച്ചുള്ള തന്റെ വിമർശനാത്മക നിരീക്ഷണമായി ഈ വാചകം രേഖപ്പെടുത്തുകയുണ്ടായി.
എന്നാൽ, രാഷ്ട്രീയ വിമർശകർ എന്തൊക്കെ ആരോപണങ്ങളുന്നയിച്ചാലും, ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’ എന്ന തന്റെ പുസ്തകത്തിൽ ഭാരതീയ ഇതിഹാസങ്ങളെക്കുറിച്ച് നെഹ്റു കുറിച്ചിട്ട നിരീക്ഷണങ്ങൾ അദ്ദേഹത്തിലെ ആഴമുള്ള ഭാരതീയ ചിന്തകനെയാണ് വരച്ചു കാട്ടുന്നത്. 1942–1945 കാലഘട്ടത്തിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അഹമ്മദ്നഗർ കോട്ടയിൽ തടവിൽ കഴിഞ്ഞപ്പോഴാണ് നെഹ്റു ഈ പുസ്തകമെഴുതിയത്.
“ഭാരതത്തിന്റെ കൈവശമുള്ള ഏറ്റവും വലിയ നിധി എന്താണെന്നും, അവളുടെ ഏറ്റവും മികച്ച പൈതൃകം എന്താണെന്നും എന്നോട് ചോദിച്ചാൽ, അത് സംസ്കൃത ഭാഷയും സാഹിത്യവും അതിൽ അടങ്ങിയിരിക്കുന്നതെല്ലാമാണെന്ന് ഞാൻ ഒട്ടും മടി കൂടാതെ മറുപടി പറയും. ഇത് ഉദാത്തമായൊരു പൈതൃകമാണ്; ഇത് നിലനിൽക്കുകയും നമ്മുടെ ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്നിടത്തോളം കാലം, ഭാരതത്തിന്റെ അടിസ്ഥാനപരമായ പ്രതിഭയും നിലനിൽക്കും. നമ്മുടെ വംശം ബുദ്ധനെയും ഉപനിഷത്തുകളെയും മഹത്തായ ഇതിഹാസങ്ങളെയും (രാമായണവും മഹാഭാരതവും) വിസ്മരിക്കുകയാണെങ്കിൽ, ഭാരതം ഭാരതമല്ലാതായി മാറും.”
ബ്രിട്ടീഷുകാർ പടച്ച ആര്യൻ അധിനിവേശ സിദ്ധാന്തത്തിന്റെ സ്വാധീനം കൂടിയുണ്ടായിരുന്ന നെഹ്റു തന്റെ പുസ്തകത്തിലെ ‘ഇതിഹാസങ്ങൾ: ചരിത്രം, പാരമ്പര്യം, ഐതിഹ്യം’ എന്ന അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്:
“ഭാരതീയ പ്രാചീന സംസ്കാരത്തിലെ ഏറ്റവും മഹത്തായ രണ്ട് ഇതിഹാസങ്ങളാണ് രാമായണവും മഹാഭാരതവും. നൂറ്റാണ്ടുകളിലൂടെയായിരിക്കാം ഇവ ഇന്നത്തെ രൂപത്തിലേക്ക് വളർന്നു വന്നത്. ഇൻഡോ-ആര്യന്മാരുടെ ആദ്യകാല ജീവിതവും, അവരുടെ അതിരുകൾ വികസിച്ചതും, ആഭ്യന്തര യുദ്ധങ്ങളുമൊക്കെയാണ് ഇതിലെ പ്രധാന വിഷയങ്ങൾ. ഈ രണ്ടെണ്ണത്തോളം ജനമനസ്സുകളിൽ ഇത്രയധികം തടസ്സമില്ലാത്തതും വ്യാപകവുമായ സ്വാധീനം ചെലുത്തിയ മറ്റേതെങ്കിലും പുസ്തകങ്ങളെക്കുറിച്ച് എനിക്കറിയില്ല. അതിപുരാതന കാലം മുതൽ ആരംഭിച്ചതാണെങ്കിലും, ഭാരതീയരുടെ ജീവിതത്തിൽ അവ ഇന്നും ജീവസ്സുറ്റൊരു ശക്തിയായി നിലകൊള്ളുന്നു.”
“ഏറ്റവും ഉയർന്ന ചിന്തകന്മാർ മുതൽ അക്ഷരാഭ്യാസമില്ലാത്ത സാധാരണ ഗ്രാമീണർ വരെയുള്ള, സാംസ്കാരികമായ വ്യത്യസ്ത തലങ്ങളിലുള്ള എല്ലാവരുടെയും ആവശ്യങ്ങളെ ഒരുമിച്ച് തൃപ്തിപ്പെടുത്തുന്ന തനതായ ഭാരതീയ രീതിയെയാണ് അവ പ്രതിനിധീകരിക്കുന്നത്. പലവിധത്തിൽ വിഭജിക്കപ്പെടുകയും ജാതികളായി തരംതിരിക്കപ്പെടുകയും ചെയ്ത വൈവിധ്യമുള്ള ഒരു സമൂഹത്തെ ഒന്നിച്ചുനിർത്താനും, അവരുടെ അഭിപ്രായവ്യത്യാസങ്ങളെ സമന്വയിപ്പിക്കാനും, വീരപാരമ്പര്യത്തിന്റെയും ധാർമ്മിക ജീവിതത്തിന്റെയും ഒരു പൊതു പശ്ചാത്തലം അവർക്ക് നൽകാനുമുള്ള പുരാതന ഭാരതീയരുടെ രഹസ്യം എന്താണെന്ന് മനസ്സിലാക്കാൻ ഇവ നമ്മെ സഹായിക്കുന്നു.”
“എന്റെ അമ്മയോ വീട്ടിലെ മുതിർന്ന സ്ത്രീകളോ പറഞ്ഞുതന്ന ഈ ഇതിഹാസ കഥകളാണ് എന്റെ ബാല്യകാലത്തെ ആദ്യകാല ഓർമ്മകളിൽ ചിലത്… കൂടാതെ, എല്ലാ വർഷവും രാമായണ കഥ വീഥികളിൽ അവതരിപ്പിച്ചിരുന്ന ജനകീയ നാടകങ്ങളിലേക്ക് എന്നെ കൊണ്ടുപോകുമായിരുന്നു; വലിയ ജനക്കൂട്ടമാണ് അത് കാണാനും ഘോഷയാത്രകളിൽ പങ്കുചേരാനും എത്തിയിരുന്നത്.”
“പാരമ്പര്യവും ഐതിഹ്യവും ചരിത്രവുമായി കൂട്ടിക്കലർത്തപ്പെടുമ്പോൾ ജനമനസ്സുകളിൽ അവ ചരിത്രത്തേക്കാൾ വലിയ യാഥാർത്ഥ്യമായി മാറുന്നു. ശാസ്ത്രീയ ചരിത്രപഠനത്തിന് ഇതൊരു പോരായ്മയാണെന്ന് തോന്നാമെങ്കിലും, ജനങ്ങൾക്ക് ഒരു പൊതു സാംസ്കാരിക പശ്ചാത്തലം നൽകാൻ ഇത് സഹായിച്ചു. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളേക്കാൾ കൂടുതൽ, ജനങ്ങൾ സത്യമെന്ന് വിശ്വസിച്ച ആശയങ്ങളാണ് അവരുടെ ചിന്തകളെയും സംസ്കാരത്തെയും നിർണ്ണയിച്ചത്. ഭാരതത്തിൽ ചരിത്രപരമായ വിവരങ്ങളേക്കാൾ വലിയ സ്വാധീനം ചെലുത്തിയത് ഈ ആദർശ കഥാപാത്രങ്ങളാണ്.”
“രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങൾ ജനങ്ങളുടെ ധാർമ്മിക വിദ്യാഭ്യാസത്തിന്റെ അടിത്തറയായി മാറി. രാമനും കൃഷ്ണനും ജനങ്ങളുടെ പ്രിയപ്പെട്ട വീരനായകന്മാരായി. സീത സഹനത്തിന്റെയും സ്ത്രീത്വത്തിന്റെ പ്രൗഢിയുടെയും ഉദാത്ത മാതൃകയായി നിലകൊണ്ടു. നൂറ്റാണ്ടുകളായി ഭാരതീയ സ്ത്രീകൾക്ക് അവരുടെ പ്രതിസന്ധികളിൽ ആശ്വാസവും ശക്തിയും പകർന്നുനൽകിയത് സീതയുടെ കഥയാണ്. ശക്തരായ പുരുഷന്മാരും പ്രതാപികളായ സ്ത്രീകളും നിറഞ്ഞ ഈ കഥാപാത്രങ്ങൾ കേവലം പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ഭാരതീയരുടെ ദൈനംദിന ജീവിതത്തിന്റെയും ചിന്തകളുടെയും ഭാഗമായി മാറി.”
ബ്രിട്ടനിൽ ആറ്റ്ലിയുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ 1945 സെപ്റ്റംബർ 19-ന് അന്നത്തെ വൈസ്രോയ് വേവൽ പ്രഭു റേഡിയോയിലൂടെ ഒരു പ്രധാന പ്രഖ്യാപനം നടത്തി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച പശ്ചാത്തലത്തിൽ, ഇന്ത്യയിൽ ഉടൻ തന്നെ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കുമെന്നും അതിനായുള്ള തിരഞ്ഞെടുപ്പ് 1945-46 ശൈത്യകാലത്ത് നടത്തുമെന്നുമായിരുന്നു രത്നചുരുക്കം. പ്രധാന രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തി ഒരു ഇടക്കാല സർക്കാർ നിലവിൽ വരും എന്ന പ്രഖ്യാപനം കൂടിയെത്തിയതോടെ സ്വാതന്ത്ര്യം ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായി.
“സ്വതന്ത്ര ഇന്ത്യ ഏതുതരം രാഷ്ട്രമായിരിക്കണം? അതിന്റെ സാമ്പത്തിക-സാമൂഹിക നയം എന്തായിരിക്കണം?” എന്ന് കോൺഗ്രസിനുള്ളിൽ തന്നെ ആഴത്തിലുള്ള ചർച്ചകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 1945 ഒക്ടോബറിൽ ഗാന്ധിജിയും നെഹ്റുവും തമ്മിൽ സ്വതന്ത്ര ഇന്ത്യയുടെ ഭാവി രൂപരേഖയെക്കുറിച്ച് പ്രശസ്തമായ കത്തിടപാടുകൾ നടക്കുകയുണ്ടായി.
ഗാന്ധിജിയെഴുതി: “ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ, അത് ഗ്രാമങ്ങളിലാണ് ജീവിക്കേണ്ടത്, കൊട്ടാരങ്ങളിലല്ല… രാമരാജ്യം എന്നാൽ ഗ്രാമസ്വരാജാണ്.”
നെഹ്റു മറുപടി നൽകി: “താങ്കൾ പറയുന്ന ഗ്രാമസ്വരാജും ആത്മീയ സങ്കല്പങ്ങളും ആധുനിക ലോകത്ത് എത്രത്തോളം പ്രായോഗികമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സാംസ്കാരികമായും സാങ്കേതികമായും പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളെ അത്രമേൽ മഹത്വവൽക്കരിക്കേണ്ടതില്ല. പാവപ്പെട്ടവരുടെ ദാരിദ്ര്യം മാറ്റാൻ ഭൗതികവും ശാസ്ത്രീയവുമായ പുരോഗതി തന്നെ വേണം.”
ഗാന്ധിജി ആത്മാവിലൂടെയും ധാർമ്മികതയിലൂടെയും ഇന്ത്യയെ കണ്ടപ്പോൾ, നെഹ്റു ചരിത്രത്തിലൂടെയും ശാസ്ത്രത്തിലൂടെയും ഇന്ത്യയെ കണ്ടു. രാമൻ എന്ന പ്രതീകം ഗാന്ധിജിക്ക് ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ആത്മീയ ഊർജ്ജമായിരുന്നുവെങ്കിൽ, നെഹ്റുവിന് അത് ഭാരതീയ സംസ്കാരത്തിലെ മഹത്തായ ഒരു ഇതിഹാസം മാത്രമായിരുന്നു. ആധുനിക ഭാരതത്തിന്റെ കെട്ടിപ്പടുക്കലിന് രാമനേക്കാൾ പ്രയോജനം ചെയ്യുക യന്ത്രങ്ങളും ശാസ്ത്രവും ജനാധിപത്യ സ്ഥാപനങ്ങളും മാത്രമാണെന്ന് നെഹ്റു ഉറച്ചുവിശ്വസിച്ചു.
എന്തൊക്കെ രാഷ്ട്രീയ ആരോപണങ്ങളുയർന്നാലും, സ്വന്തം പശ്ചാത്തലത്തിലും ജീവിതരീതിയിലും എത്രത്തോളം പാശ്ചാത്യ സ്വാധീനമുണ്ടായിരുന്നിട്ടും, ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഇത്തരം ഉദാത്തമായ സാഹിത്യങ്ങളിലും അതിലെ ധാർമ്മിക മൂല്യങ്ങളിലുമാണെന്ന് ജവഹർലാൽ നെഹ്റു തിരിച്ചറിഞ്ഞിരുന്നു. നൈനി ജയിലിന്റെ ഏകാന്തതയിൽ തുളസീദാസിന്റെ രാമചരിതമാനസത്തിൽ ആത്മീയ ആശ്വാസം കണ്ടെത്തിയ ചെറുപ്പക്കാരനും, ‘ഡിസ്കവറി ഓഫ് ഇന്ത്യ’യിൽ രാമായണത്തെ സാംസ്കാരിക ഐക്യത്തിന്റെ അടിത്തറയായി വിലയിരുത്തിയ ചിന്തകനും ഒന്നിച്ചു അടിവരയിടുന്നത് ഈയൊരു ചരിത്ര സത്യത്തെയാണ്.
റഫറൻസുകൾ / References
1. Galbraith, John Kenneth. Name-Dropping: From F.D.R. On. Boston: Houghton Mifflin Company, 1999.
2. Nehru, Jawaharlal. The Discovery of India. Calcutta: Signet Press, 1946.
3. Nehru, Jawaharlal. An Autobiography: With Musings on Recent Events in India. London: John Lane, The Bodley Head, 1936.
4. Khare, Narayan Bhaskar. My Political Memoirs or Autobiography. Nagpur: J.R. Joshi, 1959.
5. Nehru, Jawaharlal. Selected Works of Jawaharlal Nehru, First Series, Vol. 1, edited by S. Gopal, pp. 248-251. Orient Longman, 1972.
6. Galbraith, John Kenneth. Ambassador’s Journal: A Personal Account of the Kennedy Years. Boston: Houghton Mifflin Company, 1969.
7. The Collected Works of Mahatma Gandhi (CWMG), Vol. 81, pp. 319-321 New Delhi: Publications Division, Ministry of Information and Broadcasting.
8. In The Transfer of Power 1942–7, Vol. VI, edited by Nicholas Mansergh, pp. 282-283. London: Her Majesty’s Stationery Office (HMSO), 1976.
Leave a comment