തമിഴ് വിഘടനവാദവും മുസ്ളീംലീഗും

ദക്ഷിണേഷ്യയിലെ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്നവർക്കായി നിർദ്ദേശിക്കപ്പെട്ട ഒരു വിഘടനവാദി സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ പേരായിരുന്നു ദ്രാവിഡ നാട്, ദ്രാവിഡസ്ഥാൻ അല്ലെങ്കിൽ ദ്രാവിഡദേശം (Dravidadesa). ഇ. വി. രാമസാമിയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസ് പാർട്ടിയും സി. എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകവുമാണ് ഈ ആവശ്യത്തെ പ്രധാനമായും പിന്തുണച്ചിരുന്ന രാഷ്ട്രീയ പാർട്ടികൾ.

പശ്ചാത്തലം

തമിഴ് സമൂഹത്തിലും ഭരണത്തിലും ബ്രാഹ്മണർക്കുണ്ടായിരുന്ന ആധിപത്യം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ ആരംഭിച്ച ബ്രാഹ്മണവിരുദ്ധ പ്രസ്ഥാനത്തിലാണ് ദ്രാവിഡ നാട് എന്ന ആശയത്തിന്റെ വേരുകളുള്ളത്. സമത്വം, കൂടുതൽ അധികാരങ്ങൾ, നിയന്ത്രണം എന്നിവയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല ആവശ്യങ്ങൾ. എന്നാൽ കാലക്രമേണ, ഇത് തമിഴ് ജനതയ്ക്കായി ഒരു സ്വതന്ത്ര രാജ്യം വേണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഘടനവാദ പ്രസ്ഥാനമായി മാറി. 1921-ൽ മദ്രാസ് പ്രസിഡൻസിയിൽ അധികാരത്തിൽ വന്ന ജസ്റ്റിസ് പാർട്ടിയായിരുന്നു ഈ പ്രസ്ഥാനത്തെ പിന്തുണച്ച പ്രധാന രാഷ്ട്രീയ പാർട്ടി.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രാഹ്മണേതര തമിഴരാണ് തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളിലെ യഥാർത്ഥ നിവാസികളെന്ന് ബ്രാഹ്മണവിരുദ്ധരായ തമിഴ് നേതാക്കൾ വാദിക്കാൻ തുടങ്ങി. മറുവശത്ത്, ബ്രാഹ്മണരെ മർദ്ദകരായി മാത്രമല്ല, ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളെപ്പോലെ ഒരു വിദേശ ശക്തിയായും അവർ ചിത്രീകരിച്ചു. ആര്യൻ അധിനിവേശക്കാരായി അദ്ദേഹം വിശേഷിപ്പിച്ച ബ്രാഹ്മണരുടെ വരവിനു മുൻപ് തമിഴ് സമൂഹത്തിൽ യാതൊരുവിധ സാമൂഹിക വിഭജനങ്ങളും ഉണ്ടായിരുന്നില്ലെന്ന് പ്രമുഖ തമിഴ് നേതാവായ ഇ. വി. രാമസാമി പ്രസ്താവിച്ചു. പെരിയാർ ഒരു യുക്തിവാദിയായിരുന്നു (നവനാസ്തികൻ). ഹൈന്ദവ ഭൂതകാലത്തെ കൂടുതൽ സുദൃഢവും ആധുനികവുമായ രീതിയിൽ പുനഃസ്ഥാപിക്കാനുള്ള ഒരു പഴയകാല ആഗ്രഹമായാണ് അയാൾ ഇന്ത്യൻ ദേശീയതയെ കണ്ടത്.

1925-ൽ ഇവി രാമസ്വാമി ‘സ്വാഭിമാന പ്രസ്ഥാനം’ (സുയ മരിയാദൈ ഇയക്കം) ആരംഭിച്ചു. 1930-ഓടെ ഇവി രാമസ്വാമി കൂടുതൽ തീവ്രമായ “ആര്യൻ വിരുദ്ധത” രൂപപ്പെടുത്തി. 1935-ൽ അയാൾ ജസ്റ്റിസ് പാർട്ടിയിൽ ചേർന്നു. ജസ്റ്റിസ് പാർട്ടിയും സ്വാഭിമാന പ്രസ്ഥാനവും തമ്മിലുള്ള ബന്ധം ബ്രാഹ്മണവിരുദ്ധ, ‘ഉത്തരേന്ത്യൻ’ വിരുദ്ധ വികാരങ്ങളെ കൂടുതൽ ശക്തമാക്കി.

1937–38 കാലഘട്ടത്തിൽ, കോൺഗ്രസിന്റെ സി. രാജഗോപാലാചാരി മദ്രാസ് പ്രസിഡൻസിയുടെ മുഖ്യമന്ത്രിയായപ്പോൾ സ്കൂളുകളിൽ ഹിന്ദിയും ഹിന്ദുസ്ഥാനിയും പുതിയ വിഷയങ്ങളായി പരിചയപ്പെടുത്തി. ശക്തമായ സ്വതന്ത്ര ഭാഷാ സ്വത്വമുണ്ടായിരുന്ന തമിഴ് സംസാരിക്കുന്ന പ്രദേശത്ത് ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. സർക്കാർ വിദ്യാലയങ്ങളിൽ കോൺഗ്രസ് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ആര്യൻ ഗൂഢാലോചനയുടെ മറ്റൊരു തെളിവായി പെരിയാർ പ്രചരിപ്പിച്ചു.

വിഘടനവാദ പ്രസ്ഥാനം

ഇ.വി. രാമസാമിയും സി.എൻ. അണ്ണാദുരൈയും തുടക്കത്തിൽ തമിഴ്‌നാടിന്റെ സ്വാതന്ത്ര്യത്തിനാണ് ആഹ്വാനം ചെയ്തത്. 1938 ഒക്ടോബറിൽ സേലത്ത് നടന്ന ഒരു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അന്നത്തെ സ്വാഭിമാന പ്രസ്ഥാന തലവനായ ഇ.വി.ആർ പറഞ്ഞു:

“സിലോണും (ശ്രീലങ്ക) ബർമ്മയും ഇന്ത്യയിൽ നിന്ന് വേറിട്ടുനിൽക്കാൻ തീരുമാനിച്ചതുപോലെ, തമിഴരുടെ സ്വാതന്ത്ര്യം നിലനിർത്താനുള്ള മികച്ച വഴി, ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിൽ നിന്നും നിർദ്ദേശിത അഖിലേന്ത്യാ ഫെഡറേഷനിൽ നിന്നും വേർപിരിയുന്നതിനായി പോരാടുകയാണ്”.

1938 ഡിസംബറിൽ അയാൾ ജസ്റ്റിസ് പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാടിനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് വേർപെടുത്തുക എന്നതായിരിക്കും പാർട്ടിയുടെ പ്രധാന ആവശ്യമെന്ന് ഇവി രാമസ്വാമി പ്രഖ്യാപിച്ചു. 1944-ൽ ജസ്റ്റിസ് പാർട്ടി പുനഃസംഘടിപ്പിക്കപ്പെടുകയും ‘ദ്രാവിഡർ കഴകം’ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. ജസ്റ്റിസ് പാർട്ടിയിൽ തമിഴരല്ലാത്ത നിരവധി നേതാക്കൾ ഉണ്ടായിരുന്നതിനാൽ, തമിഴ്‌നാട് സ്വാതന്ത്ര്യം എന്ന ആഹ്വാനം ‘ദ്രാവിഡ നാട്’ എന്നാക്കി മാറ്റി.

1938-ൽ മദ്രാസിൽ വെച്ച് നടന്ന ജസ്റ്റിസ് പാർട്ടിയുടെ 14-ാമത് കോൺഫെഡറേഷനിൽ ദ്രാവിഡ നാടിന്റെ മുന്നോടിയായ നിയമങ്ങളും ചട്ടങ്ങളും അംഗീകരിച്ചു. ലക്ഷ്യങ്ങൾ ഇപ്രകാരം നിർവ്വചിക്കപ്പെട്ടു:

  • സാമൂഹിക, സാമ്പത്തിക, വ്യവസായ, വാണിജ്യ മേഖലകളിൽ പൂർണ്ണ സ്വരാജും ദ്രാവിഡ നാടിനായി പൂർണ്ണ നിയന്ത്രണവും നേടുക.
  • ദ്രാവിഡരല്ലാത്ത വിദേശികളുടെ ചൂഷണത്തിൽ നിന്നും ആധിപത്യത്തിൽ നിന്നും ദ്രാവിഡ നാടിനെയും ദ്രാവിഡരെയും മോചിപ്പിക്കുക.
  • ദ്രാവിഡ നാടിലെ പൗരന്മാർക്ക് ജാതിയുടെയും വർഗ്ഗത്തിന്റെയും അതിൽ നിന്നുള്ള അസമത്വങ്ങളുടെയും പേരിൽ യാതൊരു വിവേചനവുമില്ലാതെ നിയമത്തിലും സമൂഹത്തിലും തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുക.
  • മതം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുടെ പേരിൽ ദ്രാവിഡ ജനതയ്ക്കിടയിലുള്ള വ്യത്യാസങ്ങളും അന്ധവിശ്വാസങ്ങളും നീക്കം ചെയ്യുകയും വിശാലമായ കാഴ്ചപ്പാടും ബുദ്ധിപരമായ വളർച്ചയുമുള്ള ഒരു സമൂഹമായി അവരെ ഒരുമിപ്പിക്കുകയും ചെയ്യുക.
  • ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെയും ജാതി, മത, വർഗ്ഗ വ്യത്യാസങ്ങളുള്ള ആളുകൾ പൂർണ്ണ വിശ്വാസത്തോടും സന്മനസ്സോടും കൂടി പാർട്ടിയുമായി സഹകരിക്കുന്നതുവരെയും എല്ലാ മേഖലകളിലും ആനുപാതിക പ്രാതിനിധ്യം നേടുക.

അങ്ങനെ, “സ്വയംഭരണത്തിന് മുൻപ് സ്വാഭിമാനം വരണം” എന്നും പെരിയാർ പ്രസ്താവിച്ചു.

സൃഷ്ടിക്കാൻ ഉദ്ദേശിച്ച പ്രത്യേക ദ്രാവിഡ നാടിന്റെ ‘സവിശേഷതകൾ’ പെരിയാർ വിവരിച്ചത് ഇപ്രകാരമാണ്:

  • അന്നത്തെ മദ്രാസ് പ്രസിഡൻസി ഉൾപ്പെടുന്ന പ്രദേശം.
  • സംസ്ഥാനത്ത് പ്രവേശിക്കാൻ പാസ്‌പോർട്ട് സംവിധാനം.
  • മറ്റ് പ്രവിശ്യകളിൽ നിന്നുള്ള ചരക്കുകൾക്ക് നികുതിയും പെർമിറ്റോട് കൂടിയുള്ള പ്രവേശനവും.
  • ദ്രാവിഡ നാടിന്റെ ആവശ്യത്തിനും സൗകര്യത്തിനും അനുസരിച്ച് അതിർത്തി നിർണ്ണയം.
  • പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ നിലവിലുള്ള പ്രതിരോധ സംവിധാനം തുടരുക.
  • ഈ പ്രദേശത്തിനുള്ളിലെ മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ തുടങ്ങിയവർക്ക് മതസ്വാതന്ത്ര്യം ഉറപ്പുനൽകുകയും ചെയ്തു.

1939 ഡിസംബർ 17-ലെ പ്രസംഗത്തിൽ പെരിയാർ ഇ.വി.ആർ, മുൻപത്തെ “തമിഴർക്ക് തമിഴ്‌നാട്” എന്ന മുദ്രാവാക്യം മാറ്റി “ദ്രാവിഡർക്ക് ദ്രാവിഡ നാട്” എന്ന മുദ്രാവാക്യം ഉയർത്തി. 1940 ഓഗസ്റ്റ് 24-ന് തിരുവാരൂരിൽ നടന്ന ജസ്റ്റിസ് പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് തമിഴ്‌നാട് സ്വാതന്ത്ര്യ പ്രസ്ഥാനം ദ്രാവിഡ നാട് സ്വാതന്ത്ര്യ പ്രസ്ഥാനമായി രൂപാന്തരപ്പെട്ടത്. ദ്രാവിഡ സംസ്കാരവും കലയും സാമ്പത്തിക രംഗവും സംരക്ഷിക്കുന്നതിനായി, ബ്രിട്ടീഷുകാർ ഉപഭൂഖണ്ഡം വിട്ടുപോകുന്നതുവരെ മദ്രാസ് പ്രവിശ്യയെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് വേർപെടുത്തി ഒരു പ്രത്യേക യൂണിറ്റായി ഭരിക്കണമെന്ന് ഒരു പ്രമേയം പാസാക്കി. ബ്രിട്ടീഷുകാർ പോയിക്കഴിഞ്ഞാൽ മദ്രാസ് പ്രവിശ്യ ഒരു സ്വതന്ത്ര രാജ്യമായി മാറും. അങ്ങനെ തമിഴ്‌നാട് സ്വാതന്ത്ര്യ പ്രസ്ഥാനമായി തുടങ്ങിയത് ദ്രാവിഡ നാട് സ്വാതന്ത്ര്യ പ്രസ്ഥാനമായി മാറി. ആ സമയത്ത് ഇ. വി. രാമസാമിയും സി. എൻ. അണ്ണാദുരൈയും ജസ്റ്റിസ് പാർട്ടി അംഗങ്ങളായിരുന്നു.

പെരിയാർ ഇ.വി.ആറിന്റെ നേതൃത്വത്തിൽ 1944-ൽ ജസ്റ്റിസ് പാർട്ടി ‘ദ്രാവിഡർ കഴകം’ ആയി മാറി. തിരുച്ചിറപ്പള്ളിയിൽ നടന്ന ദ്രാവിഡർ കഴകം സംസ്ഥാന സമ്മേളനത്തിൽ സി. എൽ. അണ്ണാദുരൈ സ്വതന്ത്ര ദ്രാവിഡ നാടിനായുള്ള വാദങ്ങൾ വിശദീകരിച്ചു. അദ്ദേഹത്തിന്റെ ദീർഘമായ പ്രസംഗത്തിൽ നിന്നുള്ള ചില പ്രസക്തഭാഗങ്ങൾ:

“ഇന്ത്യ ഒരു വൻകരയാണ്, അതിനെ വേറെവേറെ രാജ്യങ്ങളായി വിഭജിക്കണം. അത് ഒരൊറ്റ സർക്കാരിന് കീഴിൽ ആയിരിക്കേണ്ട ആവശ്യമില്ല.” “ഭാവിയിലെ രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കാൻ ഇന്ത്യയെ വംശീയമായ അതിർവരമ്പുകളിൽ വിഭജിക്കണം.” “ഒരൊറ്റ ഇന്ത്യയ്ക്ക് കീഴിൽ ആര്യൻ ആധിപത്യം വളരുന്നു. മറ്റ് വംശങ്ങൾ നശിപ്പിക്കപ്പെടുന്നു.” “ഇന്ത്യയെ വേറെവേറെ രാജ്യങ്ങളായി വിഭജിക്കുന്നത് ഓരോരുത്തർക്കും അവരവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് സാമ്പത്തിക വളർച്ച കൈവരിക്കാൻ സഹായിക്കുകയും ഒരു പ്രദേശം മറ്റൊരു പ്രദേശത്തിന്റെ സമ്പത്ത് തട്ടിയെടുക്കുന്നത് തടയുകയും ചെയ്യും.”

1947 ഒക്ടോബർ 14-ന് കടലൂരിൽ വെച്ച് ‘ദ്രാവിഡ നാട് സെപ്പറേഷൻ കോൺഫെറൻസ്’ നടന്നു. പ്രശസ്ത തമിഴ് പണ്ഡിതനും മുൻ കോൺഗ്രസ് നേതാവുമായ വി. കല്യാണ സുന്ദരം (തിരു വി. ക) ആര്യ-ദ്രാവിഡ പ്രശ്നത്തെക്കുറിച്ച് ദീർഘമായി പ്രസംഗിച്ചു. ദ്രാവിഡ നാട് ഒരു സ്വതന്ത്ര രാജ്യമാകണമെന്ന പ്രമേയം പാസാക്കി.

1947 സെപ്റ്റംബർ 8-ന്, ദ്രാവിഡസ്ഥാൻ വിഭജന സമ്മേളനത്തിന്റെ സ്വീകരണ സമിതി അധ്യക്ഷനായിരുന്ന എം. എസ്. ഷണ്മുഖസുന്ദരം, അഖിലേന്ത്യാ മുസ്ലിം ലീഗ് നേതാവും പാകിസ്താന്റെ ഗവർണർ ജനറലുമായിരുന്ന എം. എ. ജിന്നയ്ക്ക് ഒരു കത്തെഴുതുകയുണ്ടായി. പാകിസ്ഥാൻ നാഷണൽ ആർക്കൈവ്സിലെ ‘ജിന്ന പേപ്പേഴ്സ്’ (F. 65-GG/146) രേഖകളിൽ ഉൾപ്പെട്ടിട്ടുള്ള ഈ കത്ത്, അക്കാലത്തെ ദ്രാവിഡ പ്രസ്ഥാനവും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയ സഹകരണത്തിലേക്ക് വെളിച്ചം വീശുന്നതാണ്. 1947 സെപ്റ്റംബർ 14-ന് കടലൂർ ജങ്ഷനിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനത്തിന് ജിന്നയുടെ പിന്തുണയും ആശംസാസന്ദേശവും അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു ഈ കത്ത്. മുൻ മദ്രാസ് മന്ത്രി എസ്. മുതിയ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഡോ. എ. കൃഷ്ണസാമി ഉദ്ഘാടനം നിർവഹിക്കുമെന്നും പെരിയാർ ഇ.വി. രാമസാമി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്നും അദ്ദേഹം ജിന്നയെ അറിയിച്ചു.

പാകിസ്ഥാൻ നാഷണൽ ആർക്കൈവ്സിലെ
‘ജിന്ന പേപ്പേഴ്സ്’രേഖ (F. 65-GG/146)

ജിന്നയുടെ നേതൃത്വത്തിൽ പുതിയൊരു ചരിത്രം പിറവിയെടുത്തതുപോലെ, ദക്ഷിണേന്ത്യയിലും സ്വതന്ത്ര ‘ദ്രാവിഡസ്ഥാൻ’ എന്ന ലക്ഷ്യം നേടിയെടുക്കാൻ കഴിഞ്ഞാൽ അതൊരു വലിയ വിജയമായിരിക്കുമെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക ലീഗ് നേതാവായ ജനാബ് എം. മുഹമ്മദ് ഇസ്മായിൽ തങ്ങളുടെ ആവശ്യത്തെ പിന്തുണച്ചതും, ‘കതിരവൻ’ എന്ന തമിഴ് പത്രത്തിലേക്ക് ജിന്ന അയച്ച ടെലിഗ്രാം സന്ദേശവും അണികളിൽ വലിയ ആവേശം സൃഷ്ടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമ്മേളനത്തിൽ പങ്കാളികളാകുന്ന മുസ്ലീങ്ങളെയും ദ്രാവിഡരെയും അഭിസംബോധന ചെയ്തുകൊണ്ട് ഒരു സന്ദേശം കൂടി അയച്ചു നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

ഈറോഡിൽ നടന്ന ദ്രാവിഡർ കഴകം സമ്മേളനത്തിൽ വി. കല്യാണ സുന്ദരം ദ്രാവിഡ നാടിന്റെ ഒരു ഭൂപടം അനാച്ഛാദനം ചെയ്തു.

അറിഞ്ചർ അണ്ണാ എന്ന് ജനപ്രിയമായി അറിയപ്പെട്ടിരുന്ന സി. എൻ. അണ്ണാദുരൈ, ദ്രാവിഡർ കഴകത്തിൽ നിന്ന് വേർപിരിഞ്ഞ് 1949 സെപ്റ്റംബർ 17-ന് ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചു. മറ്റ് പല ഡി.കെ നേതാക്കളും അദ്ദേഹത്തോടൊപ്പം ചേർന്നു. ഈ പിളർപ്പിന് കാരണം ആശയപരമായ അഭിപ്രായവ്യത്യാസമായിരുന്നില്ല, മറിച്ച് ഡി.കെ നേതാവായ ഇ. വി. രാമസാമിയോടുള്ള വ്യക്തിപരമായ പരാതികളായിരുന്നു. ദ്രാവിഡ നാടിന്റെ സ്വാതന്ത്ര്യത്തിനായി ഡി.എം.കെ പ്രവർത്തിക്കുമെന്ന് അണ്ണാദുരൈ പ്രസ്താവിച്ചു. വർഷങ്ങളോളം, ഡി.എം.കെ തങ്ങളുടെ രൂപീകരണ ദിനമായ സെപ്റ്റംബർ 17 തമിഴ്‌നാട്ടിലുടനീളം യോഗങ്ങൾ സംഘടിപ്പിച്ചുകൊണ്ട് “ദ്രാവിഡ നാട് വിടുതലൈ ദിനം” (മോചന ദിനം) ആയി ആചരിച്ചു പോന്നു. ദ്രാവിഡ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഇരട്ടക്കുഴൽ തോക്കുപോലെയാണ് ഡി.കെയും ഡി.എം.കെയുമെന്ന് അണ്ണാദുരൈ പറഞ്ഞു.

1950 നവംബർ 8-ന് മദ്രാസിൽ നടന്ന മദ്രാസ് സ്റ്റേറ്റ് ഡി.എം.കെ സ്റ്റുഡന്റ്സ് കോൺഫെറൻസ്, ദ്രാവിഡ നാടിന്റെ സ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്യുന്ന പ്രമേയം പാസാക്കി.

1951 ഡിസംബർ 12-16 തീയതികളിൽ ഡി.എം.കെ സംസ്ഥാന സമ്മേളനം നടന്നു. അണ്ണാദുരൈ പാർട്ടി പതാക ഉയർത്തിയപ്പോൾ സദസ്സിൽ നിന്ന് “ദ്രാവിഡർക്ക് ദ്രാവിഡ നാട്” എന്ന മുദ്രാവാക്യങ്ങൾ ഉയർന്നു. പിന്നീട് അണ്ണാദുരൈയും മറ്റ് ഡി.എം.കെ നേതാക്കളും സ്വതന്ത്ര ദ്രാവിഡ നാടിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

1952, 1957, 1962 തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ഡി.എം.കെ നേതാക്കൾ സ്വതന്ത്ര ദ്രാവിഡ നാടിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നു. 1952-ലെ പൊതുതിരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥികളെയും മറ്റ് പാർട്ടി സ്ഥാനാർത്ഥികളെയും പിന്തുണച്ചു.

1961 ജൂലൈ 13-16 തീയതികളിൽ മധുരൈയുടെ പ്രാന്തപ്രദേശമായ തിരുപ്പറങ്കുണ്ട്രത്തിൽ ഡി.എം.കെ തങ്ങളുടെ മൂന്നാം ജനറൽ കോൺഫെറൻസ് നടത്തി. ഒന്നാം ദിവസം പാർട്ടി ജനറൽ സെക്രട്ടറി സി. എൻ. അണ്ണാദുരൈ പാർട്ടി പതാക ഉയർത്തിയപ്പോൾ “ദ്രാവിഡർക്ക് ദ്രാവിഡ നാട്” എന്ന ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങി. നാല് ദിവസം നീണ്ടുനിന്ന സമ്മേളനത്തിലുടനീളം പാർട്ടി പ്രവർത്തകരിൽ നിന്ന് ഇത്തരം മുദ്രാവാക്യങ്ങൾ കേൾക്കാമായിരുന്നു. പാർട്ടി നേതാക്കൾ നടത്തിയ പ്രസംഗങ്ങളിൽ സ്വതന്ത്ര ദ്രാവിഡ നാടിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ടായിരുന്നു. നാലാം ദിനം നടത്തിയ സമാപന പ്രസംഗത്തിൽ “നമ്മുടെ സ്വാതന്ത്ര്യത്തിനായി” കഠിനാധ്വാനം ചെയ്യാൻ അണ്ണാദുരൈ എല്ലാവരോടും ആഹ്വാനം ചെയ്തു.

വരാനിരിക്കുന്ന 1962-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കമായി 1961 ഡിസംബർ 16, 17 തീയതികളിൽ തുണിമില്ലുകളുടെ നഗരമായ കോയമ്പത്തൂരിൽ ഡി.എം.കെ ‘സ്പെഷ്യൽ ഇലക്ഷൻ കോൺഫെറൻസ്’ നടത്തി. ഈ രണ്ടു ദിവസത്തെ പരിപാടിയിലുടനീളം “ദ്രാവിഡർക്ക് ദ്രാവിഡ നാട്” എന്ന മുദ്രാവാക്യങ്ങൾ കേൾക്കാമായിരുന്നു, കൂടാതെ എല്ലാ പ്രസംഗകരും സ്വതന്ത്ര ദ്രാവിഡ നാടിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

1962 സെപ്റ്റംബർ 22-ന് മദ്രാസ് നഗരത്തിൽ ദ്രാവിഡ മുന്നേറ്റ കഴകം “ദ്രാവിഡ നാട് സ്വാതന്ത്ര്യ ദിനാഘോഷം” (ദ്രാവിഡ നാട് വിടുതലൈ വിഴാ) ആഘോഷിച്ചു. ഈ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ രണ്ട് ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. പൊതുയോഗത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. എന്നാൽ, സ്വാതന്ത്ര്യ ആവശ്യം ഉപേക്ഷിച്ചില്ലെങ്കിൽ പാർട്ടിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് നിരോധിക്കുമെന്ന് ഭാരത സർക്കാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന്, 1963 നവംബർ 13-ന് ഡി.എം.കെ തങ്ങളുടെ സ്വാതന്ത്ര്യ ആവശ്യം ഉപേക്ഷിച്ചു!

1952-ലെ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തേണ്ടതില്ലെന്ന് ഡി.എം.കെ തീരുമാനിച്ചിരുന്നു. 1951 നവംബർ 17-ന് മധുരൈയിൽ നടന്ന ഡി.എം.കെ ജനറൽ കൗൺസിൽ യോഗത്തിൽ, ദ്രാവിഡ നാടിന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പുനൽകുന്ന മറ്റ് പാർട്ടി സ്ഥാനാർത്ഥികളെയും സ്വതന്ത്ര സ്ഥാനാർത്ഥികളെയും ഡി.എം.കെ പിന്തുണയ്ക്കുമെന്ന് പ്രമേയം പാസാക്കി. തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ ഡി.എം.കെ പ്ലാൻ ചെയ്തിരുന്നെങ്കിലും, ഈ ഉറപ്പിൽ ഒപ്പിടാൻ കമ്മ്യൂണിസ്റ്റ് പാർട്ടി വിസമ്മതിച്ചതിനാൽ പിന്തുണ പിൻവലിച്ചു. എന്നാൽ ഈ ഉറപ്പിൽ ഒപ്പുവെച്ച 45 സ്വതന്ത്ര സ്ഥാനാർത്ഥികളെ ഡി.എം.കെ പിന്തുണയ്ക്കുകയും അവരിൽ പകുതിയിലധികം പേർ നിയമസഭയിലേക്ക് വിജയിക്കുകയും ചെയ്തു. വിജയിച്ച ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു ശ്രീ സുയംപ്രകാശം. അദ്ദേഹവും ഡി.എം.കെ പിന്തുണയോടെ ജയിച്ച മറ്റ് 20 പേരും ചേർന്ന് ‘ദ്രാവിഡ പാർലമെന്ററി പാർട്ടി’ രൂപീകരിക്കുകയും ഒരു യൂണിറ്റായി പ്രവർത്തിക്കുകയും ചെയ്തു. വെറും 20 അംഗങ്ങൾ മാത്രമുണ്ടായിരുന്നതിനാൽ അവർക്ക് വലിയ കാര്യങ്ങളൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

1957-ലെ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താൻ 1956 ഡിസംബർ 29-ന് ഡി.എം.കെ ജനറൽ കൗൺസിൽ തീരുമാനിച്ചു. സ്വതന്ത്ര ദ്രാവിഡ നാട് എന്ന ആവശ്യമടങ്ങുന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രികയുമായാണ് അവർ മത്സരിച്ചത്. നിയമസഭയിലേക്ക് 15 സീറ്റുകളും ഇന്ത്യൻ പാർലമെന്റിലേക്ക് 2 സീറ്റുകളും ഡി.എം.കെ നേടി.

1961 ഡിസംബർ 16-17 തീയതികളിൽ കോയമ്പത്തൂരിൽ ഡി.എം.കെ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രത്യേക സമ്മേളനം നടത്തി. ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ഡി.എം.കെ നേതാക്കൾ സംസാരിച്ചു. “ദ്രാവിഡർക്ക് ദ്രാവിഡ നാട്” എന്ന മുദ്രാവാക്യങ്ങൾ സമ്മേളനത്തിലുടനീളം മുഴങ്ങി കേട്ടിരുന്നു. ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യമെന്ന ആവശ്യം ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെട്ടിരുന്നു. 1962 ഫെബ്രുവരി 17-നും 24-നും ഇടയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡി.എം.കെ തങ്ങളുടെ സീറ്റുകൾ മൂന്നിരട്ടിയിലധികമാക്കി, സംസ്ഥാന നിയമസഭയിലേക്ക് 50 സീറ്റുകളും ഇന്ത്യൻ പാർലമെന്റിലേക്ക് 7 സീറ്റുകളും നേടി.

തിരുച്ചെങ്കോട് മണ്ഡലത്തിലെ പാർലമെന്റ് അംഗമായിരുന്ന കോൺഗ്രസ് പാർട്ടിയിലെ ഡോ. സുബ്ബരായൻ മറ്റൊരു ചുമതല ഏറ്റെടുക്കാൻ രാജിവെച്ചതിനെ തുടർന്ന് 1962 ഓഗസ്റ്റ് 11-ന് അവിടെ ഒരു ഉപതിരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ് പാർട്ടിയും ഡി.എം.കെയും തമ്മിൽ നേരിട്ടുള്ള മത്സരമായിരുന്നു അത് അതായത് രണ്ടു സ്ഥാനാർത്ഥികൾ മാത്രം. കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രചാരണത്തിനെത്തിയ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ, ഡി.എം.കെ ഒരു വിഘടനവാദ പാർട്ടിയാണെന്നും അതായത് ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവർ ആണെന്നും അതിനാൽ ജനങ്ങൾ അവർക്ക് വോട്ട് ചെയ്യരുതെന്നും തിരഞ്ഞെടുപ്പ് റാലികളിൽ പറഞ്ഞു. എന്നാൽ അതിനുള്ള ശക്തമായ മറുപടിയായി ജനങ്ങൾ ഡി.എം.കെയ്ക്ക് വോട്ട് ചെയ്യുകയും ഡി.എം.കെ സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തു. ഇത് “വിഘടനവാദത്തിന്റെ (സ്വാതന്ത്ര്യത്തിന്റെ) വിജയം” ആണെന്ന് ഡി.എം.കെ നേതാക്കൾ അവകാശപ്പെട്ടു.

ഡി.എം.കെ സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ സി. എൻ. അണ്ണാദുരൈ 1962-ൽ ഇന്ത്യൻ പാർലമെന്റിന്റെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1962 മേയ് 1-ന് നടത്തിയ തൻ്റെ കന്നിപ്രസംഗത്തിൽ, അണ്ണാദുരൈ ദ്രാവിഡ നാടിന്റെ സ്വാതന്ത്ര്യത്തിനായുള്ള ഡി.എം.കെയുടെ ആവശ്യം ആവർത്തിച്ചു. അദ്ദേഹം പറഞ്ഞു: “ദ്രാവിഡർ സ്വയംനിർണ്ണയാവകാശം ആവശ്യപ്പെടുന്നു… ദക്ഷിണേന്ത്യയ്ക്കായി ഒരു പ്രത്യേക രാജ്യം ഞങ്ങൾ ആഗ്രഹിക്കുന്നു.”

പാർലമെന്റിലെ തന്റെ കന്നിപ്രസംഗത്തെക്കുറിച്ച് ചെന്നൈയിലെ ഒരു പൊതുയോഗത്തിൽ സംസാരിക്കവേ അണ്ണാദുരൈ പറഞ്ഞു: “പാർലമെന്റിന്റെ ഉപരിസഭയിൽ ഞാൻ സംസാരിച്ച ദ്രാവിഡ നാട് എന്ന ആവശ്യത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു.”

മറ്റൊരു സന്ദർഭത്തിൽ, ഇന്ത്യൻ പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അണ്ണാദുരൈ പറഞ്ഞു: “കന്യാകുമാരി മുതൽ ഹിമാലയം വരെ രാമനെയും കൃഷ്ണനെയും ആരാധിക്കുന്നതിനാൽ ഇന്ത്യ ഒരൊറ്റ രാജ്യമാണെന്ന് നിങ്ങൾ പറയുന്നു. യേശുക്രിസ്തു യൂറോപ്പിലുടനീളം ആരാധിക്കപ്പെടുന്നുണ്ട്, എന്നിട്ടും യൂറോപ്പിൽ നിരവധി രാജ്യങ്ങളുണ്ട്.”

ദ്രാവിഡ നാടിനായുള്ള പ്രസ്ഥാനം 1940-കൾ മുതൽ 1960-കൾ വരെ അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു, എന്നാൽ തമിഴ് ആധിപത്യത്തെക്കുറിച്ചുള്ള ഭയം കാരണം തമിഴ്‌നാടിന് പുറത്ത് ഇതിന് പിന്തുണ കണ്ടെത്താനായില്ല. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ച 1956-ലെ സംസ്ഥാന പുനഃസംഘടന നിയമം ഈ ആവശ്യത്തെ കൂടുതൽ ദുർബലപ്പെടുത്തി.

തകർച്ച

ഡി.എം.കെയ്ക്കുള്ളിൽ ദ്രാവിഡ നാടിനായുള്ള പിന്തുണ കുറഞ്ഞത് 1956-ലെ തിരുച്ചി പാർട്ടി സമ്മേളനം മുതലാണ്. 1957-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി തീരുമാനിച്ചപ്പോഴായിരുന്നു അത്. ഡി.എം.കെയ്ക്കുള്ളിലെ ഒരു വിഭാഗത്തെ നയിച്ചിരുന്ന ഇ.വി.കെ. സമ്പത്ത്, ദ്രാവിഡ നാട് എന്നത് “പ്രായോഗികമല്ല” എന്ന് വാദിച്ചു. എന്നിരുന്നാലും, തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടി ദ്രാവിഡ നാടിനെ ഒരു “ദീർഘകാല ലക്ഷ്യമായി” പ്രഖ്യാപിച്ചിരുന്നു. ഒരു സ്വതന്ത്ര രാജ്യത്തിനായുള്ള അവരുടെ ആവശ്യത്തിന്റെ ഗൗരവത്തെ രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുകയും, ഒരു പ്രത്യേക ദ്രാവിഡ നാടിനായുള്ള ആവശ്യം വെറുമൊരു അനുബന്ധ വിഷയവും വൈകാരികമായ പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാനുള്ള ഒരു മുദ്രാവാക്യം മാത്രമാണെന്നും പ്രസ്താവിച്ചു. 1957-ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാന നിയമസഭയിലെ 205 സീറ്റുകളിൽ 15 എണ്ണം മാത്രമാണ് ഡി.എം.കെയ്ക്ക് നേടാനായത്.

1960-ൽ, അണ്ണാദുരൈയുടെ അസാന്നിധ്യത്തിൽ നടന്ന യോഗത്തിൽ രാമൻ ഉൾപ്പെടെയുള്ള ഡി.എം.കെ നേതാക്കൾ പാർട്ടി പരിപാടിയിൽ നിന്ന് ദ്രാവിഡ നാട് എന്ന ആവശ്യം ഒഴിവാക്കാൻ തീരുമാനിച്ചു. രാഷ്ട്രീയ ശാസ്ത്രജ്ഞനായ സ്റ്റെൻ വിഡ്മാം എഴുതുന്നു: “പാർട്ടി ദ്രാവിഡ നാട് ആവശ്യത്തിൽ നിന്ന് എത്രത്തോളം അകന്നുവോ, അത്രത്തോളം കൂടുതൽ പിന്തുണ പാർട്ടിക്ക് ലഭിച്ചതായി തോന്നുന്നു.” 1962-ലെ തിരഞ്ഞെടുപ്പിൽ ഡി.എം.കെ തങ്ങളുടെ സീറ്റുകൾ മൂന്നിരട്ടിയിലധികമാക്കി നിയമസഭയിൽ 50 സീറ്റുകൾ നേടി, എന്നാൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റാൻ കഴിഞ്ഞില്ല.

1960 സെപ്റ്റംബർ 17-ന് “ദ്രാവിഡ നാട് വിഭജന ദിനം” ആചരിച്ചു, ഇത് അണ്ണാദുരൈയുടെയും കൂട്ടാളികളുടെയും അറസ്റ്റിൽ കലാശിച്ചു. ഒരു സ്വതന്ത്ര തമിഴ് രാജ്യം എന്ന ആവശ്യം ഇന്ത്യയ്ക്ക് ഒരു വിഭജന ഭീഷണിയായി കണക്കാക്കപ്പെട്ടു, കൂടാതെ ശ്രീലങ്കയിലെ സിംഹള രാഷ്ട്രീയക്കാർക്കിടയിലും ഇത് ആശങ്കകൾ ഉയർത്തി. 1962-ൽ ഒരു സിംഹള എം.പി പാർലമെന്റിൽ പ്രസ്താവിച്ചു: “ദ്രാവിഡസ്ഥാനിൽ സിംഹളർ ന്യൂനപക്ഷമാണ്. ദ്രാവിഡസ്ഥാൻ ഭൂരിപക്ഷത്തിനെതിരെ ഞങ്ങൾ ഞങ്ങളുടെ ദേശീയ നിലനിൽപ്പിനായുള്ള പോരാട്ടം നടത്തുകയാണ്.”

1963-ൽ, നാഷണൽ ഇന്റഗ്രേഷൻ കൗൺസിലിന്റെ ‘കമ്മിറ്റി ഓൺ നാഷണൽ ഇന്റഗ്രേഷൻ ആൻഡ് റീജിയണലിസം’ ശുപാർശ പ്രകാരം, ഇന്ത്യൻ പാർലമെന്റ് ഭരണഘടനയുടെ 16-ാം ഭേദഗതി ഏകകണ്ഠമായി പാസാക്കി. “പ്രാദേശിക, ഭാഷാപരമായ വിശ്വസ്തതകൾ മൂലമുണ്ടാകുന്ന വിഘടനവാദ പ്രവണതകളെ തടയുന്നതിനും ഇന്ത്യയുടെ ഐക്യവും പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനും” വേണ്ടിയാണ് ഇത് കൊണ്ടുവന്നത്. സ്വതന്ത്ര ദ്രാവിഡസ്ഥാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വിഘടനവാദ പ്രസ്ഥാനത്തിനുള്ള പ്രതികരണമായിരുന്നു ഇത്.

1963-ൽ നടന്ന പാർട്ടി സമ്മേളനത്തിൽ, ഡി.എം.കെ വിഘടനവാദ ആവശ്യം ഔദ്യോഗികമായി ഉപേക്ഷിച്ചു, എന്നാൽ വിഭജന ആവശ്യത്തിലേക്ക് നയിച്ച പ്രശ്നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ദ്രാവിഡ നാട് ആവശ്യം ഉപേക്ഷിക്കുന്നതിൽ ഇന്തോ-ചൈന യുദ്ധം ഒരു നിർണ്ണായക ഘടകമായിരുന്നില്ല; 1962-ന് മുൻപ് തന്നെ പ്രായോഗികമായി ദ്രാവിഡ നാട് ആവശ്യം ഉപേക്ഷിച്ചിരുന്നതായി പ്രമുഖ ഡി.എം.കെ നേതാക്കളായ ഇറ ചെഴിയനും മുരശോലി മാരനും പ്രസ്താവിച്ചിട്ടുണ്ട്. ആ സമയത്ത് തമിഴ്‌നാട്ടിൽ ദ്രാവിഡ നാടിന് ആവശ്യമായ പിന്തുണയില്ലായിരുന്നുവെന്നും അതിനാൽ ഈ ആവശ്യം തുടരുന്നതിൽ അർത്ഥമില്ലെന്ന് നിഗമനത്തിലെത്തുകയായിരുന്നുവെന്നും മാരൻ വ്യക്തമാക്കി. അദ്ദേഹം പ്രഖ്യാപിച്ചു: “ഞാൻ ആദ്യം തമിഴനാണ്, എന്നാൽ ഞാൻ ഒരു ഇന്ത്യക്കാരനുമാണ്. സാംസ്കാരിക ദേശീയതയ്ക്ക് സ്ഥാനമുണ്ടെങ്കിൽ രണ്ടിനും ഒരുമിച്ച് നിലനിൽക്കാൻ കഴിയും.” കന്നഡ, തെലുങ്ക്, മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ പോയിട്ട് തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളിൽ പോലും ഈ നയത്തിന് പിന്തുണയില്ലാത്തപ്പോൾ ദ്രാവിഡ നാട് ആവശ്യം തുടരുന്നത് അസാധ്യമാണെന്ന് ഇറ ചെഴിയൻ പ്രഖ്യാപിച്ചു. ദ്രാവിഡ നാട് ആവശ്യം ഒഴിവാക്കിക്കൊണ്ട് പുതിയ പാർട്ടി പരിപാടി എഴുതിയ കമ്മിറ്റിയിൽ ചെഴിയൻ അംഗമായിരുന്നു. തമിഴ്‌നാടിന് ഉയർന്ന തലത്തിലുള്ള സ്വയംഭരണാവകാശം ആവശ്യപ്പെടുന്നതാണ് കൂടുതൽ പ്രായോഗികമെന്ന് ചെഴിയൻ പറഞ്ഞു.

ദ്രാവിഡ നാടിനായുള്ള ആവശ്യം ഉപേക്ഷിക്കാൻ ഡി.എം.കെ തീരുമാനിച്ചതിനുശേഷം, അവർ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു, തുടർന്നുണ്ടായ 1967-ലെ തിരഞ്ഞെടുപ്പിൽ 1962-ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ തലകീഴായി മാറി. 1962-ൽ കോൺഗ്രസ് ഭൂരിപക്ഷം സീറ്റുകളും നേടിയപ്പോൾ ഡി.എം.കെയ്ക്ക് 50 സീറ്റുകൾ മാത്രമാണ് നേടാനായത്. 1967-ൽ ഡി.എം.കെ 138 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോൾ കോൺഗ്രസിന് 50 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. സി. എൻ. അണ്ണാദുരൈ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡി.എം.കെ അധികാരത്തിൽ വന്നു.

ഡി.എം.കെയ്ക്ക് ജനപ്രിയരും വിഘടന വാദത്തിലൂടെ ജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന നേതാക്കളും അതിലൂടെ വൻ ജനപിന്തുണയുമുണ്ടായിരുന്നു. ദ്രാവിഡ നാടിനായിട്ടുള്ള ഒരു സിവിലിയൻ ലംഘന പ്രസ്ഥാനത്തിൽ ജയിലിൽ പോകാൻ തയ്യാറുള്ള അസംഖ്യം തമിഴ് വിഘടന വാദികൾ ഡി.എം.കെ അണികളിൽ ഉണ്ടായിരുന്നു. അവർക്ക് വിഘടനവാദി പ്രസ്ഥാനത്തെ വളർത്താൻ കഴിയുമായിരുന്നു. 1962-ലെ പൊതുതിരഞ്ഞെടുപ്പിന്റെയും തിരുച്ചെങ്കോട് ഉപതിരഞ്ഞെടുപ്പിന്റെയും ഫലങ്ങൾ അവരെ കൂടുതൽ ആത്മാവിശ്വാസത്തിലാക്കി. എന്നാൽ ഭാരത സർക്കാരിന്റെ ആദ്യ ഭീഷണിയിൽ തന്നെ ഡി.എം.കെ നേതാക്കൾ അത് ഉപേക്ഷിച്ചു.

Leave a Reply

Website Powered by WordPress.com.

Up ↑