അഭി: കൂട്ടത്തിൽ ആദ്യം കൊഴിഞ്ഞവൻ

2026 ആഗസ്ത് 31ന് വിടപറഞ്ഞ ആത്മസുഹൃത്തിന് എഴുതിയ കുറിപ്പ്

ഒരിക്കലും ആഗ്രഹിക്കാത്ത ഒരു ചരമക്കുറിപ്പാണിത്..

MC റോഡ് തുടങ്ങുന്ന കേശവദാസപുരത്തെ കുന്നിൻ മുകളിലുള്ള മഹാത്മാഗാന്ധി കോളേജിലേക്ക് ഞങ്ങളെല്ലാം ഒരുമിച്ചാണ് നടന്നു കയറിയത്. ഞാനും അനീഷേട്ടനും അഭിയും ജയദേവും സതീശനും വിനീതും ഹരീഷും ഒക്കെ അങ്ങനെ 2005ൽ ആ കലാലയ മുത്തശ്ശിയുടെ ഭാഗമായി.

അന്ന് വിഭാഗ് കാര്യാലയത്തിൽ താമസിച്ചാണ് കോളേജിലേയ്ക്ക് വരുന്നത്. സംഘത്തിന്റെ വിദ്യാർത്ഥി കാര്യകർത്താക്കളായിരുന്നു ഞങ്ങളിൽ പലരും. ചില ദിവസങ്ങളിൽ കോളേജ് കഴിഞ്ഞ് നെട്ടയത്തേയ്ക്ക് പോയാൽ രാത്രിശാഖയ്ക്ക് ശേഷം അഭിയുടെ വീട്ടിൽ കൂടിയാൽ, രാവിലെ ആറുമണിക്ക് ബാലശാഖയും കഴിഞ്ഞാണ് ഞങ്ങൾ മടങ്ങാറുള്ളത്. അന്ന് അരുണേട്ടൻ കൊല്ലം നഗർ പ്രചാരകാണ്. ഒരു കുമാർ ആയിരുന്നു അന്ന് ആശ്രമം ശാഖാ കാര്യവാഹ്, അഭി മുഖ്യശിക്ഷകും.

2006ൽ ചൊവ്വര ശ്രീമൂലനഗരം അകവൂർ സ്‌കൂളിൽ നടന്ന പ്രഥമ വർഷ സംഘശിക്ഷാ വർഗിൽ തിരുവനന്തപുരം മഹാനഗരത്തിൽ നിന്ന് ഞാനും അഭിയും പങ്കെടുത്തിരുന്നു. എന്നാൽ പതിന്നാലാം ദിവസം അച്ഛൻ ICUവിലായതിനെ തുടർന്ന് എനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഞാൻ കൊണ്ടുപോയ ദണ്ഡ അഭിയുടെ കയ്യിലായിരുന്നു പിന്നീട്. അടുത്ത കൊല്ലം ഞാനും ജയദേവും പ്രഥമ വർഷ വർഗിനായി പേരാമംഗലത്തേക്ക് പോയി; അഭി ദ്വിതീയ വർഷത്തിനായി ഊട്ടിയിലേക്കും. 2008ൽ ഞാനും ദ്വിതീയ വർഷം പൂർത്തിയാക്കി.

മൂന്നര മണിക്ക് ക്യാമ്പസ് വിട്ടാൽ ഞങ്ങൾക്കെല്ലാം സ്വന്തം നാട്ടിൽ അഞ്ചര മണിക്ക് സായം ശാഖകൾ എടുക്കാനുണ്ട്. അതുകൊണ്ട് വേഗം ഒരുമിച്ചു കൂടി ആ സായന്തനങ്ങളിൽ പിരിയും. തിരിച്ചു നടന്നിറങ്ങുന്നതിനിടയിൽ എന്തെല്ലാം പറഞ്ഞിരിക്കുന്നു.

കോളേജ് ശാഖാ ഗണത്തിൽ ഞങ്ങളെല്ലാം ഒരുമിച്ചാണ് ചുമതലയിൽ എത്തുന്നത്. ശാരീരിക് വിഭാഗിൽ അഭിയും ബൗദ്ധിക് വിഭാഗിൽ ഞാനും. ഇരുപതുപേരടങ്ങുന്ന ശാഖാ ഗണമായിരുന്നു അന്ന് കോളേജിൽ. എല്ലാ കാര്യവിഭാഗങ്ങൾക്കും പ്രത്യേക കാര്യകർത്താക്കളും ഗണവും ഉണ്ടായിരുന്നു.

അച്ഛന്റെ പഴയ ഫുൾക്കൈ ഷർട്ടുകൾ സൈസ് ചെറുതാക്കി ഒറ്റമുണ്ടുമുടുത്ത് തോളിലൊരു തുണിസഞ്ചിയുമായി ക്യാംപസിൽ ജീവിച്ചിരുന്ന കാലം. പത്തുരൂപ മൂന്നുപേർ ചേർന്ന് പങ്കൊപ്പിച്ചാൽ നേരെ ക്യാന്റീനിൽ പോയി ആന്റിയുടെ കരുണ നിറഞ്ഞ കണ്മുന്നിലിരുന്ന് ആവോളം ഭക്ഷണം പകുത്തുവാരി കഴിച്ചിരുന്ന കാലം. അശോക മരച്ചുവട്ടിലെ സിമന്റ് ബെഞ്ചുകളിൽ ആദർശ നിശ്വാസങ്ങൾ പങ്കുവെച്ചിരുന്ന കാലം. അതായിരുന്നു ഞങ്ങളുടെ കളരി. ഞങ്ങളെ സ്വയംസേവകരും അസാധ്യമാണെന്ന് കരുതുന്നവയെ സധൈര്യം കൈയേൽക്കാൻ കരുത്തും ആത്മവിശ്വാസവുമുള്ള കാര്യകർത്താക്കളുമാക്കി മാറ്റിയാണ് അവിടെ നിന്നു ഞങ്ങളെ ഇറക്കി വിട്ടത്.

ക്യാമ്പസിലെ ബുധനാഴ്ചകളിലെ ശാരീരിക് വർഗുകൾ, ചൊവ്വാഴ്ചകളിലെ ബൗദ്ധിക് വർഗുകൾ, അഗസ്ത്യ കൂടത്തിന്റെ താഴ്‌വരയിലെ വനവാസി സെറ്റിൽമെന്റുകളിലേക്കുള്ള ഒരു പകൽ നീണ്ട ട്രക്കിങ്ങും അവിടുത്തെ സേവാ പ്രകല്പങ്ങളിലെ താമസവും, പരമേശ്വർജിയുടെ സാന്നിധ്യത്തിൽ ബോധിയുടെ കന്യാകുമാരി സഹൽ, അനീഷേട്ടന്റെ വാളകം പൊലിക്കോട്ടെ വീട്ടിലേയ്ക്കുള്ള യാത്ര, ക്യാമ്പസിലെ രാത്രികൾ, സംഘർഷങ്ങൾ, കോളേജ് ഓഡിറ്റോറിയത്തിൽ നടന്നിരുന്ന ഗുരുപൂജകളും ഗുരുദക്ഷിണാ സമർപ്പണങ്ങളും രണ്ടായിരം പേരുടെ രക്ഷാബന്ധനവും. വ്യാഴാഴ്ച തോറുമുള്ള അഞ്ഞൂറ് പേര് പങ്കെടുക്കുന്ന കോളേജ് ശാഖ. അങ്ങനെ ഓർമകളെന്തെല്ലാം അഭീ..

മൂന്നാം വർഷത്തെ ശാഖാഗണം ആയിരുന്നു ജീവിതത്തിൽ ഇന്നേവരെ ഒരുമിച്ചു പ്രവർത്തിച്ചതിൽ ഏറ്റവും കാര്യക്ഷമമായ കാര്യകർതൃ ഗണം. അനീഷേട്ടൻ ശാഖാ കാര്യവാഹ്, ജയദേവ് സഹ കാര്യവാഹ്. അഭി മുഖ്യ ശിക്ഷക്, വിഷ്ണു ശാരീരിക് പ്രമുഖ്, ഞാൻ ബൗദ്ധിക് പ്രമുഖ്, പ്രേമൻ.. അനൂപ് സേവാപ്രമുഖ്, വിനീത് സമ്പർക്കം അരവിന്ദ് വ്യവസ്‌ഥ.. NV രാജേഷ്, ശ്രീരാജ്, ഓരോ വിഷയത്തിനും ശിക്ഷകന്മാർ. 13 ഡിപ്പാർട്ട്‌മെന്റിൽ 39 ഗടനായകന്മാർ.. എല്ലാവരും സക്രിയരായ ഒരു ഗണം.

അടിമുടി സംഘം… അടിമുടി ആത്മവിശ്വാസത്തിന്റെ പ്രതിരൂപം! അതായിരുന്നു അഭി..

കർശനമായ ശാരീരിക് പരിശീലനത്തിലൂടെ വാർത്തെടുത്ത വജ്രസമാനമായ ശരീരം. പൗരുഷമൊത്ത രൂപം. ഗാംഭീര്യം നിറഞ്ഞ ഭാവം. വജ്രഘാതം, ചമത്കാരം, ത്വര, സഹജമായ പ്രയോഗങ്ങൾ എന്നിവ വർഗുകളിൽ ചൊല്ലിക്കൊടുക്കാൻ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് പ്രയോഗ സിദ്ധയിൽ നെഞ്ചുവിരിച്ചു നിൽക്കുന്ന അഭിയുടെ രൂപമാണ്. സിദ്ധതയിൽ അമർന്നുനിന്ന്, ‘സിംഹധ്വജ ചതുഷ്‌ക’ ചെയ്ത് പറന്നിറങ്ങുമ്പോൾ ആരും കണ്ണുമിഴിച്ചു നിന്നുപോകും.

2008ൽ ഞങ്ങൾ കോളേജിൽ നിന്നിറങ്ങി. അക്കൊല്ലം കോളേജ് ശാഖാ വാർഷിക ബൈഠക്കിൽ മാന്യ നന്ദേട്ടൻ ആണ് പങ്കെടുത്തത്. നിരന്തരം സംഘത്തിന് പ്രചാരകന്മാരെ നൽകിയിരുന്ന എംജി കോളേജിൽ നിന്ന് ചരിത്രത്തിൽ ആദ്യമായി സംഘത്തിനായി മുഴുവൻ സമയം നൽകാൻ തീരുമാനിച്ചത് അന്ന് കോളേജ് ശാഖയിൽ നിന്ന് നാല് സ്വയംസേവകരാണ്. ഇംഗ്ലീഷ് വിഭാഗത്തിൽ നിന്ന് കെ.എസ്. അനീഷ്ജി, മലയാളത്തിൽ നിന്ന് ജയദേവ്, ഹിസ്റ്ററിയിൽ നിന്ന് അഭി, കെമിസ്ട്രിയിൽ നിന്ന് ഞാനും.

സാഹചര്യങ്ങൾ അനുവദിക്കാത്തതിനാൽ അക്കൊല്ലം ഞാനും ജയദേവും സ്ഥാനീയ കാര്യകർത്താക്കളായി തുടർന്നു. ജില്ലാ വാർഷിക ബൈഠക്കിലേക്ക് കൊണ്ടുപോയ എന്റെ പെട്ടി വിസ്‌താരക് പ്രശിക്ഷണത്തിനു പോകാതെ മറ്റു മാറ്റമൊന്നുമില്ലാതെ വീട്ടിൽ തിരിച്ചെത്തി. പിന്നീട് അഭി അരുണേട്ടന് പിന്നാലെ കൊല്ലം നഗര പ്രചാരകനായി. അനീഷേട്ടൻ പന്തളത്തേക്കും പോയി. ജയദേവ് താലൂക്ക് സഹ ശാരീരിക് ശിക്ഷൺ പ്രമുഖായപ്പോൾ ഞാൻ എൻജിനീയറിങ് പഠനത്തിനായി പോണ്ടിച്ചേരിയിലേക്ക് തിരിച്ചു.

അന്നൊക്കെ കടുത്ത സംഘർഷങ്ങളുടെ കാലമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ നിന്ന് രാഖി വലിച്ചു പൊട്ടിക്കുന്ന ആ കാലത്തും ഞങ്ങൾ തന്റേടത്തോടെ, ആരെയും കൂസാതെ നടന്നു.ഞങ്ങൾ അരയിൽ പരതേണ്ടാത്തത് അവരുടെയുമാവശ്യമായി. ഒറ്റയ്ക്കാകുന്നിടത്ത് ആളുകൂടി വളയുന്നിടത്തെ ഓരോ എസ്കേപ്പും പരസ്പരം പറഞ്ഞു ചിരിച്ചു. എന്നിട്ടും ചതിയിൽ പെട്ടപ്പോൾ ആദ്യം ഓടിയെത്തിയവരിൽ അരുണേട്ടനുണ്ടായിരുന്നു. പിന്നാലെ കൊല്ലത്തു നിന്ന് അഭിയും. ആ രാത്രി അവനുറങ്ങിയിട്ടില്ല.

യുവകേസരി സേവസമിതിയുടെ വിവേകാനന്ദ സാർദ്ധശതി ആഘോഷങ്ങൾ ആരംഭിക്കുന്ന സമയത്ത് രാമകൃഷ്ണമിഷനിൽ നിന്ന് ഒരു പങ്കാളിത്തം വേണം എന്നാഗ്രഹിച്ചു. അഭിയാണ് ഡോക്ടർ സ്വാമിയേ നിർദേശിച്ചത്. അദ്ദേഹത്തെ കാണാൻ പോകുന്നതും അഭി തന്ന അപ്പോയിന്റിമെന്റ് വെച്ചിട്ടാണ്‌.

ഏറ്റവുമൊടുവിൽ, തിരുവനന്തപുരം വിഭാഗ് കാര്യാലയത്തിനടുത്ത് ഒരു കാര്യകർത്താവിന്റെ അച്ഛന്റെ മരണാനന്തര ചടങ്ങിലാണ് കുടുംബസമേതം ഞങ്ങൾ ഒന്നിച്ചു കണ്ടുമുട്ടിയത്. ഇലക്ഷനിടയ്ക്ക് നെട്ടയത്തുള്ള ഒരു കുടുംബത്തെ പരിചയപ്പെട്ടപ്പോ അഭിയോട് അവരെപ്പറ്റി തിരക്കാനായിരുന്നു അവസാനം സംസാരിച്ചത്. രണ്ടു ദിവസം മുന്നേ പ്രതീക്ഷിക്കാതെ ജയദേവിന്റെ മെസേജ് വന്നു. നീ അറിഞ്ഞോ എന്നു ചോദിച്ച്.. ഒരു പേഴ്‌സനൽ വിസിറ്റിൽ ബാംഗ്ലൂരിൽ ആയിരുന്നു. നാട്ടിലെത്തിയാൽ ഞാൻ നേരിട്ടു പോയി അന്വേഷിക്കാം എന്നു മാത്രം പറഞ്ഞു. ഇന്ന് രാവിലെ പക്ഷെ വന്നത് അവനില്ലെന്ന വാർത്തയാണ്..

അപൂർവ്വമായി മാത്രം ചിരിക്കുന്ന, എന്നാൽ ചിരിച്ചാൽ നിഷ്‌കളങ്കമായി കുടുകുടെ ചിരിക്കുന്ന നിഷ്കളങ്കമായി സ്നേഹിക്കുന്ന സംഘഭക്തിയുടെയും കാര്യകർതൃ ശേഷിയുടെയും തുല്യം വയ്ക്കാനാവാത്ത മാതൃകയായ ഒരു മനുഷ്യൻ ജീവിതത്തിൽ നിന്നും മറഞ്ഞു. നിന്റെ ആ മുഖം എന്നും ഓർമ്മയിലുണ്ടാകും…

അഭി.. എങ്കിലും ഈ വഴി നമ്മൾ ഒരുമിച്ചു നടന്നു തീർത്തില്ലല്ലോടാ..

Leave a Reply

Website Powered by WordPress.com.

Up ↑