ചരിത്രാന്വേഷണത്തിൽ മറുപുറത്തു സംഭവിച്ചതെന്തെന്നറിയാൻ താൽപര്യമുള്ളവർക്ക് വേണ്ടി.
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ദ്വിതീയ സർസംഘ്ചാലക് ആയിരുന്ന പൂജനീയ ഗുരുജി, ഗാന്ധി ജന്മ ശതാബ്ദിയോടനുബന്ധിച്ച് 1969 ഒക്ടോബർ 6 ന് സാംഗ്ലിയിൽ നടന്ന ഒരു പരിപാടിയിൽ ചെയ്ത പ്രസംഗത്തിന്റെ വിവർത്തനം.
ഇന്ന് സുപ്രധാനവും പവിത്രവുമായ ഒരു അവസരത്തിലാണ് നാം ഒരുമിച്ചു കൂടിയിട്ടുള്ളത്. നൂറു വർഷങ്ങൾക്കു മുൻപ് സൗരാഷ്ട്രയിൽ ദിവസമാണ് ഒരു ബാലൻ ജനിച്ചത്. ആ ദിവസം അനേകം ബാലന്മാർ ജനിച്ചിരിക്കാം. എന്നാൽ നാം അവരിലാരുടെയും ജന്മ ശതാബ്ദി ആഘോഷിക്കുന്നില്ല. മഹാത്മാ ഗാന്ധിയുടെ ജനനവും സാധാരണ വ്യക്തിയുടേത് പോലെത്തന്നെയാണ് ഉണ്ടായത്. എന്നാൽ അദ്ദേഹം തന്റ്റെ കർത്തവ്യവും മനസ്സിലെ സ്നേഹവും കൊണ്ട് പരമ ശ്രേഷ്ഠ പുരുഷന്റെ പദവിയിലേക്കുയർന്നു. അദ്ദേഹത്തിന്റെ ജീവിതം മുന്നിൽ വച്ച് നാം നമ്മുടെ ജീവിതത്തെ അതിനനുസരിച്ചു രൂപപ്പെടുത്തുക. നമുക്ക് അദ്ദേഹത്തിന്റെ ജീവിതത്തെ എത്ര കൂടുതൽ അനുകരിക്കാമോ അത്രയും ചെയ്യുക.
ഇവിടെ പ്രാതഃ സ്മരണ ചൊല്ലുക എന്ന ഒരു പഴയ രീതിയുണ്ട്. നമ്മുടെ പവിത്രമായ കാര്യങ്ങളെയും രാഷ്ട്രത്തിലെ മഹദ് വ്യക്തികളെയും സ്മരിക്കുകയാണ് പ്രാതഃ സ്മരണയുടെ നാം ചെയ്യുന്നത്. പ്രാതഃ സ്മരണയിൽ പുതിയ വ്യക്തികളെ ഉൾപ്പെടുത്തുന്ന പ്രവൃത്തി പല നൂറ്റാണ്ടുകളായി നിന്നുപോയിരിക്കുകയായിരുന്നു. സംഘം ഇത് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇന്ന് വരെയുള്ള മഹദ് വ്യക്തികളെ ഉൾപ്പെടുത്തി ഭാരത ഭക്തി സ്തോത്രം തയ്യാറാക്കിയിട്ടുണ്ട്. നമ്മുടെ ഈ പ്രാതഃ സ്മരണയിൽ വന്ദനീയ വ്യക്തി എന്ന നിലയിൽ മഹാത്മാ ഗാന്ധിയെ വ്യക്തമായി പരാമർശിക്കുന്നുണ്ട്.
ലോകമാന്യ ബാലഗംഗാധര തിലകന് ശേഷം മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ആ ദിശയിൽ വളരെയധികം പരിശ്രമിക്കുകയും ചെയ്തു. ഇംഗ്ളീഷുകാരുടെ ഭരണം ഇല്ലാതാക്കണം, രാജ്യത്തെ സ്വതന്ത്രമാക്കണം , സ്വ തന്ത്രത്തിൽ നടക്കുന്നതിന് എന്ത് വില കൊടുക്കേണ്ടി വരുമോ അത് നാം കൊടുക്കുമെന്ന ആവേശം വിദ്യാഭ്യാസം നേടിയവരുടെയും അല്ലാത്തവരുടെയും മനസ്സിൽ ഊട്ടിയുറപ്പിച്ചു. അദ്ദേഹം മണ്ണിൽ നിന്ന് സ്വർണ്ണം വിളയിച്ചു. സാധാരണക്കാരിൽ അസാധാരണത്വം സൃഷ്ടിച്ചു. ഈ അന്തരീക്ഷം മുറുകി വന്നതുകൊണ്ടാണ് ഇംഗ്ളീഷ്കാർക്ക് പോവേണ്ടി വന്നത്.
സത്യഗ്രഹത്തിന്റെ ഒന്നാമത്തെ പരീക്ഷണം
ഭാരതത്തിൽ വന്ന് സ്വാതന്ത്ര്യ സമരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുൻപ് അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ വക്കീൽ പണി ചെയ്യുകയായിരുന്നു. അന്ന് അവിടെ ഇംഗ്ളീഷുകാരുടെ സാമ്രാജ്യമായിരുന്നു. അവിടത്തെ നീഗ്രോകൾ ഇംഗ്ളീഷുകാരുടെ മർദ്ദനത്തിന്റെ ഇരകളായിരുന്നു. അവരെ മനുഷ്യരായി കണക്കാക്കാൻ പോലും ഇംഗ്ളീഷുകാർ തയ്യാറായിരുന്നില്ല. തങ്ങളുടെ മേൽ കറുത്തവർക്കാരുടെ നിഴൽ പോലും പതിയരുത് എന്നായിരുന്നു അവരുടെ രീതിയും പെരുമാറ്റവും. മഹാത്മജി ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ ഉദ്ദേശിച്ച് സത്യഗ്രഹം എന്ന സമരമുറയുടെ പ്രഥമ പരീക്ഷണം ആഫ്രിക്കയിൽ നടത്തി.
ഞാൻ ഉറച്ച ഹിന്ദു
മഹാത്മജി ആഫ്രിക്കയിൽ നൽകിയ പാഠം നാം മറന്നു പോയതുപോലെ അദ്ദേഹം രാജ്യത്തിന് നൽകിയ പാഠവും നാം വിസ്മരിച്ചിരിക്കുന്നു. ഈ രാജ്യത്തിലെ എല്ലാ ജനങ്ങളും ഭാരത മാതാവിന്റെ സന്താനങ്ങൾ ആണെന്നും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നാം പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഹിന്ദു ധർമ്മത്തിൽ നിന്നാണ് അദ്ദേഹത്തിന് ഈ ഭാവമുണ്ടായത്. ഞാൻ ഉറച്ച ഹിന്ദുവാണ്. അതിനാൽ മനുഷ്യരെ മാത്രമല്ല സമസ്ത ജീവ ലോകത്തെയും സ്നേഹിക്കുന്നു എന്നദ്ദേഹം പറയുമായിരുന്നു .അദ്ദേഹത്തിന്റെ ജീവിതത്തിലും രാഷ്ട്രീയത്തിലും ‘ന ഹിംസ്യാത് സർവ്വഭൂതാനി ‘ എന്ന തത്വത്തിനനുസരിച്ച് സത്യത്തിനും അഹിംസക്കും പ്രാധാന്യം ലഭിച്ചു. ഇത് ഉറച്ച ഹിന്ദുത്വം കൊണ്ട് തന്നെയാണ് സാധിച്ചത്.
മാനവതയുടെ പ്രപഞ്ച ദർശനം.
മഹാത്മജി നമ്മുടെ സമാജത്തിൽ കാണപ്പെടുന്ന ദോഷങ്ങൾ ഇല്ലാതാക്കാൻ കഠിനപ്രയത്നം ചെയ്തു. അതിനുവേണ്ടി ആളുകളുടെ എതിർപ്പ് സഹിച്ചു. ദോഷങ്ങൾ ഇല്ലാതാകാനും സമാജം ഒറ്റ മനസ്സാകാനും നാം പരിശ്രമിക്കണം .
ശ്രീരാമകൃഷ്ണ പരമഹംസരെ കുറിച്ച് ഒരു ശിഷ്യൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
അദ്ദേഹം ഒരിക്കൽ ഒരു കിണറ്റിൻ കരയിൽ വെള്ളം കുടിക്കാൻ പോയി. അവിടെ വെള്ളം കോരിക്കൊണ്ടിരുന്ന ആൾ ‘മഹാരാജ് താങ്കൾ ബ്രാഹ്മണനാണ് എന്ന് തോന്നുന്നു ഞാൻ ഹരിജനാണ് . ഞാൻ എങ്ങനെ താങ്കൾക്കു വെള്ളം തരും ? ‘ എന്ന് ചോദിച്ചു.
‘ അതുകൊണ്ടെന്താണ് ? രാമ നാമം കൊണ്ട് കല്ലുപോലും മോക്ഷം പ്രാപിച്ചു . നിങ്ങളാണെങ്കിൽ മനുഷ്യനാണ്. രാമ നാമം ജപിക്കുക. വെള്ളം തരിക ‘ എന്ന് ശ്രീരാമകൃഷ്ണ ദേവൻ പറഞ്ഞു. രാമ നാമം ജപിച്ചു കൊണ്ട് പരമഹംസർക്ക് വെള്ളം കൊടുത്തു.
ശ്രീരാമകൃഷ്ണന്റെ ഈ ചിന്തയുടെ പ്രത്യക്ഷമായ ആചരണം തന്നെയായിരുന്നു ഗാന്ധിജിയുടെ ജീവിതം.
ഗാന്ധിജിയുടെ പ്രവചനം
ഹിന്ദു ധർമ്മത്തിന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ ‘Future of Hinduism’ എന്ന പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ഹിന്ദുധർമ്മം തടഞ്ഞു നിൽക്കാത്ത , ആഗ്രഹത്തിനനുസരിച്ചു മുന്നേറുന്ന സത്യാന്വേഷണ മാർഗ്ഗമാണ്. ഇന്ന് ഈ ധർമ്മം ക്ഷീണിതമായി , മുന്നോട്ടു പോവാൻ സഹായകമാവും എന്ന പ്രതീതി ഉണർത്തുന്നില്ല. നാം ക്ഷീണിച്ചിരിക്കുകയാണ് എന്നതാണ് ഇതിന്റെ കാരണം. എന്നാൽ ധർമ്മം ക്ഷീണിച്ചിട്ടില്ല. നമ്മുടെ ഈ ക്ഷീണം ഇല്ലാതാവുന്ന നിമിഷം ഹിന്ദുമതത്തിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള വിസ്ഫോടനം നടക്കും. ഹിന്ദുധർമ്മം സ്വന്തം ശക്തിയും പ്രകാവശവും കൊണ്ട് ലോകത്തിൽ തിളങ്ങി നില്ക്കും”
മഹാത്മാ ഗാന്ധിയുടെ ഈ പ്രവചനം പൂർത്തിയാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
ഗാന്ധിജിയിൽ നിന്ന് പഠിക്കുക
മഹാത്മജിയെ ഓർക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് ശീലവും സ്വത്വവും സ്വഭാവവും വളർത്തിയെടുക്കണം. ഇന്ന് നാം അവയെ അവഗണിക്കുകയാണ്. മഹാത്മജിയുടെ ജീവിതത്തിൽ നിന്ന് പഠിക്കാൻ പറ്റുന്ന പല കാര്യങ്ങളുമുണ്ട്. നാം അവ പഠിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് സത്യത്തെ മുറുകെ പിടിക്കാൻ പഠിക്കണം . എല്ലാവരോടും ആത്മീയത പുലർത്തുന്ന സ്വഭാവം നാം കൈവരിക്കണം. തെറ്റായ വഴിയിലൂടെ ധനം കൈവരിക്കുന്നതിനുള്ള വാഞ്ഛ നാം കൈവെടിയണം. നമുക്കൊരു വ്യക്തിയെയും ദുഃഖ വിമുക്തനാക്കുവാൻ പരിശ്രമിക്കേണ്ടതുണ്ട്. നാം ‘മാതൃ ദേവോ ഭവ’ ‘പിതൃ ദേവോ ഭവ’ ‘അതിഥി ദേവോ ഭവ ‘ എന്നൊക്കെ പറയുന്ന പോലെ ദരിദ്രരായ ആൾക്കാരുടെ ദാരിദ്ര്യം മാറ്റുന്നതിനായി ‘ദരിദ്ര ദേവോ ഭവ എന്നും അജ്ഞാനികളുടെ അജ്ഞാനം മാറ്റുന്നതിനായി അജ്ഞാനി (മൂർഖ) ദേവോ ഭവ എന്നും പറയണം എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. സ്വാമിജിയുടെ ഈ നിർദ്ദേശവും മഹാത്മാ ഗാന്ധിയുടെ പ്രത്യക്ഷ പെരുമാറ്റവും രണ്ടും ഒന്നുതന്നെയാണ്.
രാജ്യത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം വേണം , സാമ്പത്തിക സ്വാതന്ത്ര്യവും വേണം. അതുപോലെ ആർക്കും ആരെയും അപമാനിക്കാൻ കഴിയാത്ത , വിവിധ സമ്പ്രദായങ്ങളിലും മതങ്ങളിലും ഉള്ള ആളുകൾക്ക് ഒരുമിച്ച് കഴിയാൻ സാധിക്കുന്ന തരത്തിലുള്ള മത സ്വാതന്ത്ര്യം വേണം. വിദേശീയ ആശയങ്ങളുടെ അടിമത്തത്തിൽ നിന്ന് മോചനം ഉണ്ടാവണം. ഇതായിരുന്നു ഗാന്ധിജി പഠിപ്പിച്ചത്. ഞാൻ പലതവണ ഗാന്ധിജിയെ കണ്ടിട്ടുണ്ട്. അദ്ദേഹവുമായി പലതും ചർച്ച ചെയ്തിട്ടുമുണ്ട്. അദ്ദേഹം പ്രകടിപ്പിച്ച ആശയങ്ങൾ പഠിച്ചിട്ടാണ് ഞാൻ ഇത് പറയുന്നത്. അതുകൊണ്ട് മനസ്സിന്റെ അനുഭൂതിയുടെ എനിക്ക് ഗാന്ധിജിയോട് നിതാന്തമായ ആദരവുണ്ട്.
ഗാന്ധിജിയുമായുള്ള അവസാനത്തെ കൂടിക്കാഴ്ച.
മഹാത്മജിയെ ഞാൻ അവസാനമായി കണ്ടത് 1947 ലായിരുന്നു. ഡൽഹിയിൽ ലഹള പൊട്ടിപ്പുറപ്പെട്ടു. ഞാൻ ആ സമയത്തു സമാധാനം പുനഃ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്യുകയായിരുന്നു. ആഭ്യന്തര മന്ത്രി സർദാർ പട്ടേലും ഇതിനായി പ്രവർത്തിച്ചുകൊണ്ടിരുന്നു . ആ കാര്യത്തിൽ അദ്ദേഹത്തിന് വിജയവും കിട്ടി. അങ്ങനെയൊരു അന്തരീക്ഷത്തിലാണ് എന്റെയും ഗാന്ധിജിയുടെയും കൂടിക്കാഴ്ച നടന്നത്.
ഗാന്ധിജി ചോദിച്ചു: ” നോക്കൂ ഇതെന്തെല്ലാമാണ് നടക്കുന്നത് ? “
” നമ്മുടെ ദൗർഭാഗ്യമാണ് . ഞങ്ങൾ പോയിക്കഴിഞ്ഞാൽ നിങ്ങൾ പരസ്പരം ആക്രമിക്കും എന്ന് ഇംഗ്ളീഷുകാർ പറയുമായിരുന്നു. ഇന്ന് അതുതന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ലോകത്ത് നമ്മുടെ അന്തസ്സ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അത് തടയണം ” എന്ന് ഞാൻ പറഞ്ഞു.
ഗാന്ധിജി അന്നത്തെ പ്രാർത്ഥനാ സഭയിൽ എന്റെ പേര് ഗൗരവതരമായ വാക്കുകളാൽ പരാമർശിച്ച് എന്റെ വിചാരം ആളുകൾക്ക് പറഞ്ഞു കൊടുക്കുകയും രാജ്യത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന അപമാനം തടയണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ആ മഹാത്മാവിന്റെ മുഖത്തുനിന്നും എന്നെ ഗൗരവപൂർവ്വം പരാമർശിച്ചു എന്നത് എന്റെ മഹാഭാഗ്യം ആണ്. ഈ ബന്ധങ്ങളെല്ലാം കൊണ്ടുതന്നെയാണ് നാം അദ്ദേഹത്തെ അനുകരിക്കണം എന്ന് ഞാൻ പറയുന്നത്.
ഹിന്ദു ധർമ്മത്തെ ഉണർത്തണം
മഹാത്മജി പറഞ്ഞിട്ടുള്ള കാര്യങ്ങൾ പ്രാവർത്തികമാവണമെങ്കിൽ ആ രീതിയിലുള്ള പരിശീലനം നൽകുന്ന മഹത്തായ ഹിന്ദു ധർമ്മത്തെ വീണ്ടും ഉണർത്തിയെ പറ്റൂ. ധർമ്മം കൂടാതെയുള്ള മനുഷ്യ സമാജം തമ്മിൽ കടിപിടി കൂടുന്ന ശ്വാനന്മാരുടെ കൂട്ടമാവും. ഇതിൽനിന്നു രക്ഷ നേടുന്നതിന് സ്വാർത്ഥത്തെ നിയന്ത്രിച്ച് സമാജവുമായി പൂർണ്ണമായി താദാത്മ്യം പ്രാപിച്ച് , മിഥ്യാഭിമാനം ഉപേക്ഷിച്ച് സമസ്ത മനുഷ്യ സമുദായത്തെയും സ്നേഹിക്കുന്നതിനായി ഹിന്ദുധർമ്മത്തിൽ അടിയുറച്ച അഭിമാനത്തോടെ ഈ ഭാരത ഭൂമിയെ വീണ്ടും കെട്ടിപ്പടുക്കണം. ഹിന്ദു ധർമ്മത്തെ ഉണർത്തി ഓരോ വ്യക്തിയിലും അതിന്റെ മഹിമ സ്ഥാപിക്കണം. ലോകത്തെയാകെ സ്നേഹിക്കുന്ന സർവ്വ സമന്വയകരമായ രാജ്യം, ഒരു ആദർശ സമാജം എന്നീ നിലകളിൽ ഈ ലോകത്ത് ഉയർന്നു നിൽക്കും എന്ന തീരുമാനം ഇന്ന് നാമെടുക്കണം. അപ്പോഴേ മഹാത്മജിയെപ്പോലുള്ള പ്രാതഃ സ്മരണീയനായ വ്യക്തിയുടെ പുണ്യസ്മരണ ശരിയായ അർത്ഥത്തിൽ നമുക്കുണ്ടാവൂ. ഭാരത ഭക്തി സ്തോത്രം ചൊല്ലുമ്പോൾ പ്രാതഃ സ്മരണീയനും ആദരണീയനും ആയ വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോടുള്ള എന്റെ വികാരങ്ങളെ ഞാൻ വ്യക്തമാക്കുന്നു. ഇന്ന് നിങ്ങളുടെയെല്ലാം മുമ്പാകെ ഞാൻ എന്റെ വികാരം പ്രകടമാക്കിയിരിക്കുകയാണ്.
ശ്രീഗുരുജി സാഹിത്യ സർവ്വസ്വം : ഭാഗം 1 , പുറം 215 – 223
Courtesy : K K Manoj
Leave a Reply