അയർലൻഡിലെ ടയറോൺ പട്ടണത്തിൽ, 1867 ഒക്ടോബർ 28-നാണ് മാർഗരറ്റ് എലിസബത്ത് നോബിൾ ജനിച്ചത്. പിതാവായ സാമുവൽ റിച്ച്മൗണ്ടും പിതാമഹനായ റവ. ജോൺ നോബിളും ക്രിസ്തീയ പുരോഹിതന്മാരായിരുന്നു. മേരി ഇസബെൽ ഹാമിൽട്ടൺ ആയിരുന്നു മാതാവ്. 1877-ൽ അച്ഛന്റെ മരണശേഷം അമ്മയുടെ നാടായ അയർലൻഡിലേക്ക് തിരികെവന്ന മാർഗരറ്റിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത് അമ്മയുടെ അച്ഛനായ വലിയ രാഷ്ട്രീയ പ്രവർത്തകനുമായുള്ള അടുപ്പത്തിലൂടെയാണ്. അദ്ദേഹവുമായുള്ള നിരന്തരമായ സംസർഗ്ഗവും സംവാദങ്ങളും അവളുടെ മനസ്സിൽ പതുക്കെ ദേശീയബോധത്തിന്റെ വിത്തുകൾ പാകി.
പാശ്ചാത്യ ലോകത്ത് സ്ത്രീകൾ നവോത്ഥാനത്തിലേക്ക് ഉണരുന്ന പുലരിക്ക് മുന്നേയുള്ള യാമത്തിൽ വിവേകാനന്ദ സ്വാമികൾ കണ്ടെത്തിയ അമൂല്യരത്നമായിരുന്നു ഭഗിനി നിവേദിത. ‘ജനജനനി’ എന്നാണ് രബീന്ദ്രനാഥ ടാഗോർ അവരെ വിശേഷിപ്പിച്ചത്. ഇന്ത്യൻ ജനതയ്ക്കായി, പ്രത്യേകിച്ച് കൊൽക്കത്തയിലെ പ്ലേഗ്, ബംഗാൾ ക്ഷാമം എന്നീ ദുരിതകാലങ്ങളിൽ അവർ ചെയ്ത നിസ്വാർത്ഥ സേവനങ്ങളെയും സ്ത്രീവിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനും നൽകിയ സംഭാവനകളെയും കോർത്തിണക്കുമ്പോൾ അവരുടെ സമർപ്പിത ജീവിതത്തിന്റെ മഹത്വം നമുക്ക് തൊട്ടറിയാം.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പാശ്ചാത്യ സമൂഹങ്ങളിൽ പോലും സ്ത്രീകളുടെ സാമൂഹിക-രാഷ്ട്രീയ അവകാശങ്ങൾ വളരെ പരിമിതമായിരുന്നു. ലോകജനസംഖ്യയുടെ പകുതിയായി നൂറ്റാണ്ടുകളായി ജീവിച്ചിട്ടും സ്ത്രീകൾക്ക് വോട്ടവകാശം പോലും ലഭിക്കുന്നതിനുള്ള പോരാട്ടങ്ങൾ പ്രാരംഭ ഘട്ടത്തിലായിരുന്ന ആ കാലഘട്ടത്തിലാണ്, സ്വാമി വിവേകാനന്ദന്റെ ആഹ്വാനം ഉൾക്കൊണ്ട് മാർഗരറ്റ് എലിസബത്ത് നോബിൾ ഇന്ത്യയിലേക്ക് എത്തുന്നതും ‘നിവേദിത’യായി പുനർജനിക്കുന്നതും.
ഉന്നത വിജയം നേടി, പഠനകാലത്തെ ആഗ്രഹപ്രകാരം 1884-ൽ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച മാർഗരറ്റ്, 1890-ൽ വിംബിൾഡണിലെത്തി തന്റെ ഇരുപത്തഞ്ചാം വയസ്സിൽ സ്വന്തമായി ഒരു വിദ്യാലയം സ്ഥാപിച്ചു. അക്കാലത്ത് സായംകാല ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പണ്ഡിതശ്രേണിയിൽ പ്രശസ്തയായ അവർ, ബെർണാഡ് ഷാ, ഹക്സ്ലി തുടങ്ങിയ പ്രമുഖ എഴുത്തുകാരുമായും ശാസ്ത്രജ്ഞന്മാരുമായും സംവാദങ്ങളിൽ ഏർപ്പെടുകയും സ്ത്രീ ശാക്തീകരണ രംഗത്ത് സജീവ നേതൃത്വം വഹിക്കുകയും ചെയ്തു. കുട്ടിക്കാലത്തെ മതപരമായ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുമ്പോഴും, അറിവ് വർദ്ധിക്കുംതോറും ഉടലെടുത്ത ചിന്തകളും സംശയങ്ങളും അവളുടെ ബൗദ്ധിക മണ്ഡലത്തെ കൂടുതൽ വളർത്തിയെടുത്തു.
ഏകദേശം പതിനെട്ടാം വയസ്സുവരെ അനുഷ്ഠിച്ചിരുന്ന ക്രിസ്തുമത വിശ്വാസങ്ങളിലെ അവ്യക്തതകൾ മാർഗരറ്റിന്റെ മനസ്സിനെ അലട്ടിയിരുന്നുവെങ്കിലും, ബുദ്ധമത ദർശനങ്ങൾ നൽകിയ താൽക്കാലിക ആശ്വാസത്തിനപ്പുറം ഒന്നിനും പൂർണ്ണത തോന്നിയിരുന്നില്ല. 1895 നവംബറിലെ ഒരു ഞായറാഴ്ച ലണ്ടനിലെ ഒരു സത്കാരമുറിയിൽ ‘ഹിന്ദു യോഗി’യായ സ്വാമി വിവേകാനന്ദന്റെ വാക്കുകൾ കേൾക്കാൻ കൂടിയിരുന്ന പതിനാറുപേരുടെ ഗണത്തിൽ മാർഗരറ്റ് എത്തിച്ചേർന്നു. കാഷായ വസ്ത്രവും അത്യുജ്ജ്വലമായ ആകൃതിയും വീരത്വവും ശാന്തിയും തുളുമ്പുന്ന ആ വ്യക്തിത്വത്തിൽ നിന്നും ഒഴുകിയെത്തിയ വാഗ്ധോരണി മാർഗരറ്റിന് ഇതുവരെ അനുഭവിക്കാത്ത അവാച്യമായ അനുഭൂതി നൽകി; അവളുടെ മനസ്സിലെ സകല സംശയങ്ങൾക്കും അവിടെ ഉത്തരങ്ങൾ തെളിഞ്ഞു. പ്രഭാഷണത്തിനിടയിൽ “ഈ ലോകത്തിൽ ഈശ്വരൻ ഉണ്ടെന്ന് ധീരമായി വിളിച്ചു പറയാൻ ഇരുപത് പേരെങ്കിലും വേണം” എന്ന് വജ്രഗംഭീരശബ്ദത്തിൽ സ്വാമിജി നടത്തിയ ആഹ്വാനം അവളുടെ ഹൃദയത്തിൽ ആഴത്തിൽ പതിച്ചു.
സ്വാമിജിയുടെ സത്സംഗം അവളിൽ അവാച്യമായ അനുഭൂതിയും നിസ്വാർത്ഥ സേവന താൽപ്പര്യവും വളർത്തി. അതേസമയം, അവളുടെ കൃത്യതയും നിർഭയത്വവും അടിയുറച്ച ദാർഢ്യവും കണ്ട് ഭാരതത്തിന്റെ നവീകരണത്തിന് അത്തരം ‘പെൺസിംഹങ്ങളെയാണ്’ ആവശ്യം എന്ന് തിരിച്ചറിഞ്ഞ സ്വാമിജി, അവളെ തന്റെ ശിഷ്യയായി ഭാരതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
1898 ജനുവരി 28-ന് കൽക്കത്തയിലെത്തിയ മാർഗരറ്റിനെ സ്വാമിജി ആദരവോടെ സ്വീകരിച്ചു. തുടർന്ന് 1898 മാർച്ച് 25-ന് സ്വാമിജി അവർക്ക് ബ്രഹ്മചര്യ ദീക്ഷ നൽകുകയും ‘ഭഗിനി നിവേദിത’ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അത് അവർക്കൊരു പുതിയ ജന്മമായിരുന്നു. ‘നിവേദിത’ എന്ന പേരിന്റെ അർത്ഥം തന്നെ ‘സമർപ്പിക്കപ്പെട്ടവൾ’ എന്നാണ്. പാശ്ചാത്യ ഭൗതിക സാഹചര്യങ്ങളും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച്, അക്കാലത്ത് പാരതന്ത്ര്യത്തിലും ദാരിദ്ര്യത്തിലും കഷ്ടപ്പെട്ടിരുന്ന ഒരു ജനതയുടെ സേവനത്തിനായി അവർ തന്റെ ജീവിതം പൂർണ്ണമായും സമർപ്പിച്ചു.
അജ്ഞതാന്ധകാരത്തിലും തത്കാലീന സാമൂഹികാചാരങ്ങളിലും കുടുങ്ങിക്കിടന്ന ഭാരതീയ സ്ത്രീകൾക്ക് വിദ്യാഭ്യാസവും ആത്മാഭിമാനവും പകരാൻ അവർ മുന്നിട്ടിറങ്ങി. തുടർന്ന് 1898 നവംബർ 13-ന് കൊൽക്കത്തയിലെ ബഗ്ബസാറിൽ ‘രാമകൃഷ്ണമിഷൻ സിസ്റ്റർ നിവേദിത ഗേൾസ് സ്കൂൾ’ ശ്രീശാരദാദേവി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നവംബർ 14-ന് ക്ലാസുകൾ ആരംഭിച്ചു. ചിത്രരചന, തയ്യൽ, പാവ നിർമ്മാണം തുടങ്ങിയവയായിരുന്നു പ്രാരംഭ പാഠങ്ങൾ. സേവനത്തിലൂടെ എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റിയ അവർക്ക്, “ഫലത്തെക്കുറിച്ച് വ്യാകുലപ്പെടാതെ ലക്ഷ്യത്തിനായി ജീവൻ പോലും ബലികഴിക്കാൻ തയ്യാറാകൂ” എന്ന സ്വാമിജിയുടെ വാക്കുകൾ കർമ്മഭൂമിയിൽ ഒരു വീരാംഗനയെപ്പോലെ പൊരുതി മുന്നേറാനുള്ള വലിയ ഊർജ്ജമായി മാറി.

വിപ്ലവ പ്രസ്ഥാനങ്ങളും ശാസ്ത്രലോകവുമായുള്ള ബന്ധവും
സ്വാമി വിവേകാനന്ദന്റെ വിയോഗത്തിനുശേഷവും നിവേദിത തന്റെ ഗുരുവിന്റെ ദൗത്യം പൂർത്തിയാക്കാൻ ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്നു. ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികൾക്ക് അവർ വലിയൊരു തണലും ഊർജ്ജവുമായിരുന്നു. ബംഗാളിലെ ആദ്യകാല വിപ്ലവ സംഘടനയായിരുന്ന ‘അനുശീലൻ സമിതി’യുടെ പ്രധാന നേതാക്കളായ അരബിന്ദോ ഘോഷ്, ബാരിൻ ഘോഷ്, ജതീന്ദ്രനാഥ് മുഖർജി തുടങ്ങിയവരുമായി നിവേദിതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. വിപ്ലവകാരികൾക്ക് ആശയപരമായ പിന്തുണ നൽകുന്നതിനൊപ്പം, ആയുധങ്ങൾ സൂക്ഷിക്കുന്നതിനും രഹസ്യ പ്രവർത്തനങ്ങൾക്കും അവർ തന്റെ വീടും സ്വാധീനവും ഉപയോഗപ്പെടുത്തി.
പ്രശസ്ത ഭാരതീയ ശാസ്ത്രജ്ഞനായ ജഗദീഷ് ചന്ദ്ര ബോസിനും ഭാര്യ അബല ബോസിനും എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും വലിയൊരു താങ്ങായി നിവേദിത കൂടെയുണ്ടായിരുന്നു. ബോസിന്റെ ഗവേഷണങ്ങൾക്കായി തന്റെ കൈവശമുണ്ടായിരുന്ന സർവ്വസ്വവും നൽകാനും അവർ മടിച്ചില്ല. ശാസ്ത്രവും ദേശീയതയും ഒരുപോലെ വളരണമെന്ന് അവർ ആഗ്രഹിച്ചു.
ദേശീയ പതാകയുടെ പിറവി
ഭാരതത്തിന്റെ ഭാവി പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീജനങ്ങളിലാണെന്ന് അവർ എപ്പോഴും വിശ്വസിച്ചിരുന്നു. “ഭാരതീയരായ നമ്മൾ ഇരുപത്തിനാല് മണിക്കൂറിൽ വെറും പത്തു മിനിട്ടു നേരം ആസേതുഹിമാലയം വരെയുള്ളവർ ഒരുമിച്ചു നിന്നാൽ ഭാരതം സടകുടഞ്ഞെഴുന്നേൽക്കും” എന്ന് അവർ ആഹ്വാനം ചെയ്തു. ഭാരതത്തിനുവേണ്ടി സ്വതന്ത്രമായ ഒരു ദേശീയ പതാകയ്ക്കും അവർ രൂപകല്പന നൽകി. 1906-ഓടെ സിസ്റ്റർ നിവേദിതയാണ് ഇന്ത്യയ്ക്കായി ആദ്യത്തെ ദേശീയ പതാകയ്ക്ക് രൂപകല്പന നൽകിയത്.
- പതാകയുടെ ഘടന: ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങൾ ചേർന്നതായിരുന്നു ആ പതാക. പശ്ചാത്തലത്തിൽ വജ്രായുധത്തിന്റെ ചിത്രവും, നടുവിലായി ‘വന്ദേമാതരം’ എന്ന് ബംഗാളി ലിപിയിൽ എഴുതിയിരുന്നുമായിരുന്നു അത്. കൂടാതെ പതാകയിൽ അഷ്ടകോണത്തോടുകൂടിയ താമരയുടെ ചിഹ്നവും ഉൾപ്പെടുത്തിയിരുന്നു.
- ചിഹ്നങ്ങളുടെ അർത്ഥം: ചുവപ്പ് നിറം സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടങ്ങളെയും രക്തസാക്ഷിത്വത്തെയും സൂചിപ്പിക്കുമ്പോൾ, മഞ്ഞ നിറം വിജയത്തെയും പ്രകാശത്തെയുമാണ് അടയാളപ്പെടുത്തിയത്. ഭാരതീയ പാരമ്പര്യത്തെയും ആത്മീയതയെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു ആ ചിഹ്നങ്ങൾ. ദേശീയ ഐക്യത്തിന്റെയും സ്വാതന്ത്ര്യദാഹത്തിന്റെയും പ്രതീകമെന്ന നിലയിലാണ് സിസ്റ്റർ നിവേദിത താൻ രൂപകല്പന ചെയ്ത പതാകയുടെ നടുവിലായി ‘വന്ദേമാതരം’ രേഖപ്പെടുത്തിയത്.
പിൻ കുറിപ്പ്
വിവേകാനന്ദ സ്വാമികൾ “അടുത്ത അമ്പത് വർഷത്തേക്ക് ഭാരതമാതാവായിരിക്കട്ടെ നമ്മുടെ ഏക ദൈവവും ആരാധനയും” എന്ന് ഉദ്ബോധിപ്പിച്ച് മാതൃഭൂമിയെ ഉപാസിക്കാൻ നൽകിയ ആഹ്വാനത്തെ തന്റെ ജീവിതത്തിലൂടെ സാക്ഷാത്കരിക്കുകയാണ് നിവേദിത ചെയ്തത്.
ഭാരതീയ സ്ത്രീസമൂഹത്തിന് മുന്നിൽ കർത്തൃത്വവും മാതൃത്വവും നേതൃത്വവും സമന്വയിപ്പിച്ച ഒരു ഉത്തമസഫല ജീവിതമാണ് സിസ്റ്റർ നിവേദിത ആവിഷ്കരിച്ചത്. ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സ്ത്രീസമൂഹത്തിനായുള്ള ഒരു ‘ബ്ലൂ പ്രിന്റാ’യി അവരുടെ ചിന്തകൾ മാറി.
വെറും നാൽപ്പത്തിനാല് വത്സരങ്ങൾ മാത്രം നീണ്ടുനിന്ന ആ ധന്യജീവിതത്തിന്റെ പരിസമാപ്തിയിൽ, തന്റെ സർവ്വസ്വവും ഭാരതീയ സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായി രാമകൃഷ്ണ മിഷന് മാറ്റിവെച്ചുകൊണ്ട് ആ കര്മ്മയോഗിനി തന്റെ വിൽപത്രം സാക്ഷാത്കരിച്ചു. 1911 ഒക്ടോബർ 13-ാം തീയതി വെള്ളിയാഴ്ചയുടെ പ്രഭാതത്തിൽ, “വഞ്ചി മുങ്ങുകയാണ്, എന്നാൽ ഞാൻ സൂര്യോദയം കാണും” എന്ന അമരവാചകത്തോടെ ആ മഹാമാതൃത്വം അനശ്വരമായ പരമസത്തയിൽ വിലയം പ്രാപിച്ചു. രാമകൃഷ്ണ-വിവേകാനന്ദ ചൈതന്യത്താൽ ധന്യമായ ആ വിശുദ്ധ ജീവിതവ്രതം ചരിത്രത്തിൽ എന്നും ജ്വലിച്ചുനിൽക്കുന്നു.
Leave a Reply