IUML എങ്ങനെയുണ്ടായി?

പി ഖാലിദ് എഴുതിയ കെഎം സീതിയുടെ ജീവചരിത്രത്തിൽ നിന്ന്

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ടുള്ള ഒരു ഭരണമാറ്റത്തിലൂടെ വേണം ഇന്ത്യയിലെ സാമുദായിക പ്രശ്നത്തിനും മുസ്ലിം ന്യൂനപക്ഷ പ്രശ്നത്തിനും പരിഹാരം കാണുവാൻ എന്നതായിരുന്നല്ലോ ലാഹോർ പ്രമേയത്തിന്റെ കാതൽ. പാകിസ്ഥാൻ പ്രമേയം എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നതെങ്കിലും ഈ ആശയമായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം. പ്രമേയത്തിൽ പറഞ്ഞ കാര്യങ്ങൾ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ നേടിയെടുക്കുക എന്നതായിരുന്നു മുസ്ലിം ലീഗിന്റെ അജണ്ടയും.

അതിനാൽ തന്നെ കോൺഗ്രസിന്റെ നിയമ ലംഘന സമരങ്ങളോട് മുസ്ലിം ലീഗിന് ആഭിമുഖ്യമൊന്നും ഉണ്ടായിരുന്നില്ല. 1947 വരെ ഇത്തരം മാർഗ്ഗത്തിലൂടെയായിരുന്നു സർവ്വേന്ത്യാ മുസ്ലിം ലീഗ് പ്രവർത്തിച്ചിരുന്നതും. കോൺഗ്രസിന്റെ സമ്മർദ്ദത്തിന് വഴിങ്ങി ലാഹോർ പ്രമേയം തിരസ്കരിക്കാതിരിക്കാനായിരുന്നു മുസ്ലിം ലീഗിന്റെ നിരന്തര സമരങ്ങൾ. നിയമ ലംഘനം പോലുള്ള സമരമുറകൾ സ്വാതന്ത്ര്യപ്രാപ്തിയെന്ന അന്തിമ ലക്ഷ്യത്തെ പിറകോട്ടടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് വിശ്വസിച്ചു. 1942 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുണ്ടായ ക്വിറ്റ് ഇന്ത്യാ സമരം അത് ശരിവെക്കുകയും ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരം ഇന്ത്യയുടെ പല ഭാഗങ്ങളിലും ആക്രമാത്മകമായി. ചിലസ്ഥലങ്ങളിൽ രജിസ്ട്രാപ്പീസുകൾ കത്തിച്ചു. നാട്ടിൽ പലവിധ അനിഷ്ടസംഭവങ്ങളും അരങ്ങേറി. ഇത് കാരണമാണ് സ്വാതന്ത്ര്യ സമ്പാദനം പിന്നെയും നീണ്ടുപോയത്.

(സിംപിൾ… ക്വിറ്റ് ഇന്ത്യ സമരത്തിന് മുസ്ലിം ലീഗ് എതിരായിരുന്നു)

ലാഹോർ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ 1946 ൽ മുസ്ലിം ലീഗ് ഇന്ത്യയൊട്ടും ഡയറക്ട് ആക്ഷൻ ഡേ ആയി ആചരിക്കുവാൻ ആഹ്വാനം ചെയ്തു. മലബാറിലുടനീളം പ്രസ്തുത ദിനം സമുചിതമായിത്തന്നെ ആചരിച്ചു. പ്രസ്തുത സമരദിനാചരണത്തെക്കുറിച്ച് സീതി സാഹിബ് പറഞ്ഞു:

“ലാഹോർ പ്രമേയം ആസൂത്രണം ചെയ്ത പദ്ധതിയനുസരിച്ചുള്ള ഒരു ഭരണമാറ്റം കൈവരുവാനുള്ള സർവ്വ ത്യാഗങ്ങളും സഹിക്കുവാനുള്ള സന്നദ്ധത പ്രഖ്യാപിക്കുവാൻ വേണ്ടിയായിരുന്നു ഇത്തരത്തിലൊരു ദിനം ആചരിക്കപ്പെട്ടത്. മലബാറിന്റെ എല്ലാ ഭാഗങ്ങളിലും പ്രസ്തുത ദിനം വളരെ സമുചിതമായി തന്നെ ആചരിക്കപ്പെട്ടു. ഗംഭീരങ്ങളായ യോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു.

എന്നാൽ ഒരു സ്ഥലത്തു പോലും അനിഷ്ടകരങ്ങളായ ഒരൊറ്റ സംഭവം പോലും ഉണ്ടായില്ല. എത്രയും സമാധാനപരമായിട്ടാണ് പ്രസ്തുത ദിനം ആചരിക്കപ്പെട്ടത്. മുമ്പ് ചിലപ്പോഴെങ്കിലും ചില അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ പോലും അതീവ സമാധാനപരമായിട്ടാണ് ദിനം ആചരിക്കപ്പെട്ടത്. ലീഗ് സാമുദായിക വിദ്വേഷം പരത്തുകയാണെന്ന അപവാദത്തിന്റെ അടിസ്ഥാനമില്ലായ്മ ഇത് നല്ലപോലെ തെളിയിക്കുന്നുണ്ട്.”

(ഗ്രെയ്റ്റ് കൽക്കട്ട കില്ലിംഗ് പോലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വംശഹത്യ മലബാറിൽ ഉണ്ടായില്ലത്രേ!)

ഈ സമരത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച സംസ്ഥാന-കേന്ദ്ര നിയമസഭാ അംഗങ്ങളെ മുസ്ലിം ലീഗ് സെക്രട്ടറി ലിയാഖത്തലി ഖാൻ ഡൽഹിയിലേക്ക് ക്ഷണിച്ചു. 1946 ഏപ്രിൽ മാസത്തിൽ ഡൽഹിയിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ വെച്ച് അംഗങ്ങൾ ഒരു പ്രതിജ്ഞ ചെയ്തു. പാകിസ്ഥാൻ പ്രാപ്തിക്ക് വേണ്ടി മുസ്ലിം ലീഗ് ആവശ്യപ്പെടുന്ന എല്ലാ ത്യാഗങ്ങളും ചെയ്യാൻ തയ്യാറാണെന്ന് അവിടെ വെച്ച് ലീഗ് അംഗങ്ങൾ പ്രതിജ്ഞ ചെയ്തു.

പ്രസ്തുത യോഗത്തിൽ സീതിസാഹിബും മലബാർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അലിരാജയും പങ്കെടുത്തു. യോഗം കഴിഞ്ഞ് നേതാക്കൾ നാടിൽ തിരിച്ചെത്തി ഏതാനും ആഴ്ച കഴിഞ്ഞപ്പോൾ എല്ലാവരുടെയും ആദരവിന് പാത്രീഭൂതനായിരുന്ന അലിരാജ മരണപ്പെട്ടു. 1946 മെയ് 5 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രാജാസാഹിബിന്റെ മരണത്തെതുടർന്ന് മലബാർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റായി സത്താർ സേട്ടു സാഹിബിനെ തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായിരുന്ന സീതിസാഹിബിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

1947 ജൂൺ മാസത്തിൽ മദിരാശിയിൽ നിന്നും ഒരു സംഘം മുസ്ലിം ലീഗ് നേതാക്കൾ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് എം. മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ ജിന്നയെ സന്ദർശിച്ചിരുന്നു. പാകിസ്ഥാൻ നേടിയെടുക്കാനുണ്ടായ സമരത്തിന് പിന്തുണ നൽകിയതിന് ദക്ഷിണേന്ത്യയോട് ജിന്ന നന്ദി പറഞ്ഞു. ആറ് കോടിയിലധികം മുസ്ലീങ്ങൾ പാകിസ്ഥാനിൽ പെട്ടുവെങ്കിലും നാല് കോടിയിലധികം മുസ്ലീങ്ങൾ അപ്പോഴും ഇന്ത്യൻ യൂണിയനിൽ തന്നെ ഉണ്ടായിരുന്നു. സംഘടിത ശക്തിക്ക് ഊനം തട്ടാതെ രാജ്യത്തെ സേവിക്കാൻ ജിന്ന നേതാക്കളോട് ആഹ്വാനം ചെയ്തു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യൻ മുസ്ലീങ്ങൾ തികച്ചും നിസ്സഹായമായ ഒരു അവസ്ഥയിലേക്കാണ് എറിയപ്പെട്ടത്. ആരും തുണക്കാനില്ലാതെ നേതൃത്വം നൽകാൻ നേതാക്കളില്ലാതെ അവർ അലഞ്ഞു. ജിന്നക്ക് തൊട്ടുതാഴെ രണ്ടാം എന്ന നിലയിൽ പരിഗണിക്കപ്പെട്ടിരുന്ന നവാബ് മുഹമ്മദ് ഇസ്മായിൽ ഖാൻ യു.പി.യിൽ നിന്നും ഉള്ള ഉന്നത ശീർഷനായ നേതാവായിരുന്നെങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇന്ത്യൻ മുസ്ലീങ്ങളെ നയിക്കാൻ അദ്ദേഹം മുന്നോട്ടു വന്നില്ല.

മറ്റൊരു പ്രമുഖ നേതാവായിരുന്ന ചൗധരി ഖലിഖുസ്സമാനാകട്ടെ സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്നു. ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും ഏറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. സിന്ധിലെ അഭയാർത്ഥി പ്രശ്നം ചർച്ച ചെയ്യാൻ ഗാന്ധിജിയുടെ അഭ്യർത്ഥന പ്രകാരം അദ്ദേഹം പാകിസ്ഥാനിലേക്ക് പോയതായിരുന്നു. എന്നാൽ ജിന്നസാഹിബിന്റെ ചില നിലപാടുകൾ കാരണം അദ്ദേഹത്തിന് പാകിസ്ഥാനിൽ തുടരേണ്ടി വന്നു. പാകിസ്ഥാനിലേക്ക് പോയ അദ്ദേഹം പിന്നീട് തിരിച്ചു വന്നിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ ഇന്ത്യയായിരുന്നു.

(കേട്ടപ്പോ കണ്ണു നിറഞ്ഞു പോയി)

പിന്നീട് ഉണ്ടായത് ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏകനേതാവായിരുന്ന സത്താർ സേട്ടു സാഹിബായിരുന്നു. മുഹമ്മദലി ജിന്നയുമായി ലിയാഖത്തലിഖാനുമായി ഇതിനകം ഒരു അടുത്ത ബന്ധം തന്നെ സേട്ടു സാഹിബിന് ഉണ്ടായിരുന്നതിനാൽ അദ്ദേഹവും പാകിസ്ഥാനിലേക്ക് പോയി. ചുരുക്കത്തിൽ ഒരു നാഥിയില്ലാതെ അലയാൻ വിധിക്കപ്പെട്ടവരെപ്പോലെയായി ഇന്ത്യൻ മുസ്ലീങ്ങൾ.

പാകിസ്ഥാൻ നേടിയെടുത്തതോടെ മുസ്ലിം ലീഗിന്റെ ആവശ്യം കഴിഞ്ഞിരിക്കുന്നുവെന്ന ചിന്താഗതി അവശേഷിച്ച ചില നേതാക്കൾ വെച്ചുപുലർത്തുകയും കൂടി ചെയ്തതോടുകൂടി മുസ്ലീങ്ങളുടെ അവസ്ഥ കൂടുതൽ പരിതാപകരമായി.

പ്രമുഖരെല്ലാം പാകിസ്ഥാനിലേക്ക് പോയി. അവശേഷിച്ചവർ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു. പിന്നെയുമൊരു കൂട്ടർ ഭരണവിഭാഗത്തിന്റെ സുഖതാവളങ്ങളിൽ സുരക്ഷിതത്വം കണ്ടു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിം ലീഗ് കമ്മിറ്റികൾ ഇല്ലാതായി. 1947 ഒക്ടോബർ അവസാനത്തെ വെള്ളിയാഴ്ച ഡൽഹിയിൽ ‘മുസ്ലിം ലീഗ് പിരിച്ചുവിടൽ’ ദിനം തന്നെ കൊണ്ടാടി. എന്നാൽ സാധാരണക്കാരായ മുസ്ലിംകളുടെ മനസ്സിൽ അപ്പോഴും ലീഗ് മരിച്ചിരുന്നില്ല. നേതാക്കൾ നിഷ്ക്രിയരും അപകർഷതാബോധത്തിനടിമപ്പെട്ടവരുമായത് സാധാരണക്കാരായ മുസ്ലിംകളെ ബാധിച്ചിരുന്നില്ല. ഇത്തരമൊരു ആപത്ഘട്ടത്തിൽ അനുയായികളെ നിഷ്കരുണം ഒഴിവാക്കുന്ന നേതാക്കൾ ലോകചരിത്രത്തിൽതന്നെ അപൂർവ്വമാണെന്ന് ജി.എം. ബനാത്‌വാല എഴുതിയ ‘മുസ്ലിംലീഗ് ആസാദ് കി ബാദ്’ എന്ന ഗ്രന്ഥത്തിൽ പറയുന്നതായി എം.സി. ഇബ്രാഹിം വടകര തന്റെ ‘സി.എച്ച്. മുഹമ്മദ് കോയ – രാഷ്ട്രീയജീവചരിത്ര’ത്തിൽ പരാമർശിക്കുന്നുണ്ട്.

(അതൊക്കെ കഴിഞ്ഞ് 75 കൊല്ലം കഴിഞ്ഞിട്ടും മുസ്ലിം പേജിന്റെ ഒരു കൊടിപോലും എന്തുകൊണ്ടാണ് ബംഗാളിലോ പഞ്ചാബിലോ.. എന്തിന്.. മഹാരാഷ്ട്രയിലോ ഉത്തർ പ്രദേശിലോ പോലും ഉയർത്താൻ പറ്റാത്തത് എന്തു കൊണ്ടാണ് എന്നു മനസിലായില്ലേ)

പലയിടങ്ങളിലും ലീഗിനെ കുഴിച്ചുമൂടുന്നതിൽ അവിടങ്ങളിലെ നേതാക്കൾ മുൻകൈ എടുത്തു എന്നത് വിസ്മയാവഹം തന്നെയായിരുന്നു. അനിശ്ചിതത്വവും അശരണവുമായ ഈ കാലഘട്ടത്തിലാണ് ദൈവനിയോഗമെന്നോണം രണ്ട് ദക്ഷിണേന്ത്യൻ നേതാക്കൾ ഇന്ത്യൻ മുസ്ലിംകളുടെ ആശാദീപമായി അവരുടെ പ്രതീക്ഷയുടെ ആകാശത്ത് നിറഞ്ഞു കത്തുവാൻ തുടങ്ങിയത്. മുഹമ്മദ് ഇസ്മായിൽ സാഹിബ്, കെ.എം. സീതിസാഹിബ് എന്നിവരായിരുന്നു ആ പ്രിയപുത്രന്മാർ.

മുസ്ലിം ലീഗ് പിരിച്ചുവിടുക എന്നത് തലക്ക് മത്ത് പിടിച്ച പോലെയായിരുന്നു പലർക്കും. ബംഗാളിലെ മുൻപ്രധാനമന്ത്രി എച്ച്.എസ്. സുഹർവർദിയും ഇതേ ആശയം തലക്ക് പിടിച്ച മുസ്ലിം ലീഗ് നേതാവായിരുന്നു. നവംബർ മാസത്തിന്റെ കുളിരുന്ന ദിനങ്ങളായ 9, 10 തീയതികളിൽ അദ്ദേഹം കൽക്കത്തയിലെ സ്വന്തം വസതിയിൽ ഒരു കൺവെൻഷൻ വിളിച്ചുകൂട്ടി. ആദരണീയനായിരുന്ന മുല്ല്രാജാൻ മുഹമ്മദ് സാഹിബായിരുന്നു കൺവെൻഷന്റെ സ്വാഗതസംഘം സെക്രട്ടറി.

ഇന്ത്യയിൽ മുസ്ലിം ലീഗിന്റെ ഭാവിയെക്കുറിച്ച് ആലോചിക്കാനായിരുന്നു കൺവെൻഷൻ. അവശേഷിച്ചിരുന്ന ലീഗ് നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കാനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയിരുന്നു.

കുളിരുന്ന ദിനങ്ങളാണെങ്കിലും കൺവെൻഷൻ വിയർപ്പിക്കുന്നതായി മാറി. മദിരാശി സംസ്ഥാനത്തെ പ്രതിനിധീകരിച്ചു മുഹമ്മദ് ഇസ്മായിൽ സാഹിബും കെ.എം. സീതിസാഹിബുമായിരുന്നു കൺവെൻഷനിൽ പങ്കെടുത്തത്.

മുസ്ലിം ലീഗ് പിരിച്ചുവിടാനും പകരം മറ്റൊരു സംഘടന പടുത്തുണ്ടാക്കാനുമായിരുന്നു സുഹർവർദിയുടെ പദ്ധതി. സെയ്ദ്. എച്ച്. ലാഹ്‌രിയെ പോലുള്ള നേതാക്കൾ ഈ നിർദ്ദേശത്തിന് പിന്തുണയും നൽകിയിരുന്നു.

മുസ്ലിം ലീഗിനെ കുഴിച്ചുമൂടുവാൻ അവസാനത്തെ കല്ലും ഉയർത്തിപ്പിടിച്ച സുഹർവർദിയുടെ കരങ്ങളിൽ നിന്നും ആ കല്ലുകൾ സീതിസാഹിബിന്റെയും ഇസ്മായിൽ സാഹിബിന്റെയും ദൈവികാനുഗ്രഹമുള്ള, മാസ്മരികവും വശ്യവുമായ വാക്കുകളുടെ ശരമേറ്റ് തെറിച്ചുപോയി.

മുസ്ലിം ലീഗ് ഇന്ത്യയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യം അവർ യുക്തിപൂർവ്വം വിവരിച്ചപ്പോൾ സദസ്സ് വീർപ്പടക്കി അതു കേട്ടു. അവസാനം കൺവെൻഷന്റെ പൊതുവികാരം തന്നെ സീതിസാഹിബിന്റെയും ഇസ്മായിൽസാഹിബിന്റെയും ആശയങ്ങളായി മാറുന്നതാണ് കൺവെൻഷനിൽ കണ്ടത്.

മുസ്ലിം ലീഗ് പിരിച്ചുവിടാനുള്ള അവകാശം ഈ കൺവെൻഷനില്ല. അത് തീരുമാനിക്കേണ്ടത് സർവ്വേന്ത്യാ മുസ്ലിം ലീഗ് വർക്കിംഗ് കമ്മിറ്റിയാണ്. സർവ്വേന്ത്യാ മുസ്ലിം ലീഗ് കൗൺസിലിനോട് യോഗം വിളിച്ചു ചേർക്കാൻ അഭ്യർത്ഥിക്കുന്ന ഒരു പ്രമേയം വേണമെങ്കിൽ ഈ കൺവെൻഷൻ പാസാക്കാമെന്ന സീതിസാഹിബിന്റെയും ഇസ്മായിൽ സാഹിബിന്റെയും വാദങ്ങൾക്കു മുമ്പിൽ സ്തംഭിച്ചുനിൽക്കാനേ സുഹർവർദിക്ക് കഴിഞ്ഞുള്ളൂ. വളരെ പ്രതീക്ഷയോടെ അദ്ദേഹം തുടങ്ങിവെച്ച കൺവെൻഷൻ ശീട്ടുകൊട്ടാരം പോലെ തകർന്നുവീണു.

യോഗാവവസാനം അദ്ദേഹം പരിതപിച്ചു: “ഞാൻ വളരെ ആശയോടെ തുടങ്ങിുവെച്ച കൺവെൻഷൻ തെക്ക് നിന്ന് വന്നെത്തിയ രണ്ട് ദ്രാവിഡർ തകർത്തുുകളഞ്ഞു.” നിരാശനായ സുഹർവർദിയും ഏതാനും അനുചരന്മാരും പാകിസ്ഥാനിലേക്ക് പോയി. സുഹർവർദിയുടെ കൺവെൻഷനിലെ തീരുമാനമനുസരിച്ച് 1947 ഡിസംബർ 15 ന് സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ യോഗം ജിന്നാസാഹിബിന്റെ അധ്യക്ഷതയിൽ കറാച്ചിയിൽ ചേർന്നു.

സർവ്വേന്ത്യാ മുസ്ലിം ലീഗിലെ ഇന്ത്യൻ യൂണിയനിൽപെട്ട മെമ്പർമാർ ചേർന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൗൺസിലും പാകിസ്ഥാനിലെ മെമ്പർമാർ ചേർന്ന് പാകിസ്ഥാൻ മുസ്ലിം ലീഗ് കൗൺസിലും നിലവിൽ വന്നതായി ഗണിക്കേണ്ടതാണെന്ന് ഒരു പ്രമേയത്തിലൂടെ തീർച്ചപ്പെടുത്തി.

ഭാവി പരിപാടികൾ ആവിഷ്കരിക്കുവാൻ അതത് കമ്മിറ്റികളുടെ യോഗം വിളിച്ചുകൂട്ടുവാനും കൺവീനർമാരെ നിയമിക്കുകയും ചെയ്തു. പാകിസ്ഥാൻ മുസ്ലിം ലീഗിന്റെ കൺവീനറായി നവാബ്സാദാ ലിയാഖത്ത് അലിഖാനെയും ഇന്ത്യൻ മുസ്ലിം ലീഗിന്റെ കൺവീനറായി ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിനെയും തെരഞ്ഞെടുത്തു.

പ്രസ്തുത യോഗത്തിൽ മുസ്ലിം ലീഗ് വിഭജിക്കപ്പെടാതെ നിലനിർത്തണമെന്ന സുഹർവർദിയുടെ വാദം അത്ഭുതമുളവാക്കുന്നതായിരുന്നു. കൽക്കട്ടയിൽ മുസ്ലിം ലീഗ് പിരിച്ചുവിടാൻ കൺവെൻഷൻ വിളിച്ചതും ഇതേ സുഹർവർദി തന്നെയായിരുന്നല്ലോ.

ജിന്നാസാഹിബ് രോഗാതുരനും അവശനുമായിരുന്നു. തന്റെ സ്വകാര്യ ഡോക്ടറുമൊന്നിച്ചായിരുന്നു അദ്ദേഹം കൗൺസിലിൽ അധ്യക്ഷത വഹിക്കാൻ എത്തിയിരുന്നത്. മദിരാശി സംസ്ഥാനത്തുനിന്നും ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്, കെ.എം. സീതിസാഹിബ്, കെ.ടി.എം. അഹമ്മദ് ഇബ്രാഹിം, എൻ.എം. അൻവർ, എ.കെ. ജമാലി എന്നിവരും ബോംബെയിൽനിന്ന് ഹാജി ഹസനലി പി. ഇബ്രാഹിം, എ.എം. ഖാൻ, ഹാഫിസ്ഖാ, ഷംസുദ്ദീൻ, ബീഹാറിൽനിന്ന് ഹസൻ ഇമാം, ഉത്തർപ്രദേശിൽനിന്ന് മഹ്മൂദാബാദ്‌രാജ സെയ്ദ്. എച്ച്. ലാഹ്രി, റിസ്‌വാനുള്ള എന്നിവർ ഉൾപ്പെടെ ഭൂരിപക്ഷം കൗൺസിലർമാരും പങ്കെടുത്തു.

കൗൺസിൽ തീരുമാനപ്രകാരം പാർട്ടി പാകിസ്ഥാൻ മുസ്ലിം ലീഗെന്നും ഇന്ത്യൻ മുസ്ലിം ലീഗെന്നും വിഭജിക്കപ്പെട്ടു. ഇന്ത്യൻ മുസ്ലിം ലീഗിന്റെ കൺവീനറായി ഖാഇദെ മില്ലത്തിനെയും പാകിസ്ഥാൻ മുസ്ലിം ലീഗിന്റെ കൺവീനറായി ലിയാഖത്തലിഖാനെയും തെരഞ്ഞെടുത്തു.

(നേതൃസ്മൃതി: കെ.എം. സീതി സാഹിബ്, പി. ഖാലിദ്, പേജ് 190-191)

(അങ്ങനെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഓരോ ഖാഇദെ മില്ലത്തുകളെ വീതം കിട്ടി.. ഒന്നു സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ പാകിസ്ഥാൻ കൺവീനറും രണ്ടാമൻ ഇന്ത്യൻ യൂണിയന്റെ കൺവീനറും.)

Leave a Reply

Website Powered by WordPress.com.

Up ↑