തസ്കരവിദ്യരുടെ തലക്കെട്ടുകൾ

വർഷം 1987.

ഞാൻ ഒരു ദിവസം ഗോൾഡൻ ഗേറ്റ് പാലത്തിലൂടെ നടക്കുകയായിരുന്നു. അപ്പോഴതാ ഒരാൾ അവിടെനിന്ന് താഴേക്ക് ചാടാൻ നിൽക്കുന്നു.

ഞാൻ ഓടിച്ചെന്ന് പറഞ്ഞു: ‘നിൽക്കൂ! ചാടരുത്!’
‘ആരും എന്നെ സ്നേഹിക്കുന്നില്ല,’ അയാൾ പറഞ്ഞു.
ഞാൻ ചോദിച്ചു: ‘ദൈവം നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലേ?’
‘ഞാൻ വിശ്വസിക്കുന്നുണ്ട്,’ അയാൾ പറഞ്ഞു.
ഞാൻ ചോദിച്ചു: ‘നിങ്ങൾ ക്രിസ്ത്യാനിയാണോ അതോ പഗനാണോ?’
‘ക്രിസ്ത്യാനിയാണ്.’

ഞാൻ പറഞ്ഞു: ‘ഞാനും! നിങ്ങൾ പ്രൊട്ടസ്റ്റന്റാണോ അതോ കത്തോലിക്കനാണോ?’
‘പ്രൊട്ടസ്റ്റന്റാണ്.’
ഞാൻ പറഞ്ഞു: ‘ഞാനും! നിങ്ങൾ ബാപ്റ്റിസ്റ്റാണോ അതോ മെത്തഡിസ്റ്റാണോ?’
‘ബാപ്റ്റിസ്റ്റാണ്.’
ഞാൻ പറഞ്ഞു: ‘ഹോ അത്ഭുതം! ഞാനും! നിങ്ങൾ ദൈവത്തിന്റെ ബാപ്റ്റിസ്റ്റ് സഭയാണോ (Baptist Church of God) അതോ ക്രിസ്തുവിന്റെ ബാപ്റ്റിസ്റ്റ് സഭയാണോ (Baptist Church of Christ)?’
‘ദൈവത്തിന്റെ ബാപ്റ്റിസ്റ്റ് സഭയാണ്.’

ഞാൻ പറഞ്ഞു: ‘ഞാനും! നിങ്ങൾ യഥാർത്ഥ ദൈവത്തിന്റെ ബാപ്റ്റിസ്റ്റ് സഭയാണോ (Original Baptist Church of God) അതോ നവീകരിച്ച ദൈവത്തിന്റെ ബാപ്റ്റിസ്റ്റ് സഭയാണോ (Reformed Baptist Church of God)?’
‘നവീകരിച്ച ദൈവത്തിന്റെ ബാപ്റ്റിസ്റ്റ് സഭയാണ്.’
ഞാൻ പറഞ്ഞു: ‘എന്ത് ദൈവാനുകൂല്യം! ഞാനും! നിങ്ങൾ നവീകരിച്ച ദൈവത്തിന്റെ ബാപ്റ്റിസ്റ്റ് സഭ (കൗൺസിൽ ഓഫ് 1879) ആണോ, അതോ നവീകരിച്ച ദൈവത്തിന്റെ ബാപ്റ്റിസ്റ്റ് സഭ (കൗൺസിൽ ഓഫ് 1912) ആണോ?’

‘നവീകരിച്ച ദൈവത്തിന്റെ ബാപ്റ്റിസ്റ്റ് സഭ (കൗൺസിൽ ഓഫ് 1912) ആണ്,’ അയാൾ പറഞ്ഞു.
അപ്പോൾ ഞാൻ ആക്രോശിച്ചു: “ചാവെടാ നന്ദികെട്ട ദ്രോഹീ..!” എന്ന് പറഞ്ഞ് ഞാൻ അയാളെ പാലത്തിൽ നിന്ന് താഴേക്ക് തള്ളി!

ഇമോ ഫിലിപ്സിന്റെ “E=mo²” എന്ന പ്രശസ്തമായ കോമഡി ആൽബത്തിലാണ് ഈ ബിറ്റ് ആദ്യമായി വരുന്നത്.. വെറുമൊരു ഫലിതത്തിനപ്പുറം, ഇമോ ഫിലിപ്സ് ജീവിച്ചിരുന്ന കാലഘട്ടത്തിലെ അമേരിക്കൻ സാമൂഹിക-മത പശ്ചാത്തലത്തിന്റെ ശക്തമായ ഒരു പ്രതിഫലനമായിരുന്നു ഈ കോമഡി. എൺപതുകളിൽ അമേരിക്കയിൽ ടെലിവിഷൻ വഴിയുള്ള ക്രിസ്തീയ സുവിശേഷ പ്രസംഗകർക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. റൊണാൾഡ് റീഗന്റെ പ്രസിഡന്റ് കാലഘട്ടത്തിൽ തീവ്ര യാഥാസ്ഥിതിക മതഗ്രൂപ്പുകൾക്ക് ഭരണത്തിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനം ലഭിച്ചു. കോടിക്കണക്കിന് ഡോളറിന്റെ വരുമാനമുള്ള വലിയൊരു ബിസിനസ്സായി അത് മാറി.

ഒരുപക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആ.ത്മഹ.ത്യ ചെയ്യുന്ന ഇടങ്ങളിലൊന്നാണ് സാൻ ഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലം. അവിടെയാണ് ഈ കഥ അവതരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും ലിബറലും വൈവിധ്യങ്ങളുള്ളതുമായ ഒരു നഗരത്തിൽ വെച്ച്, കടുത്ത യാഥാസ്ഥിതിക ചിന്താഗതിക്കാരനായ ഒരാൾ മറ്റൊരുവനെ ‘വിശ്വാസത്തിന്റെ’ പേരിൽ കൊലപ്പെടുത്തുന്നു എന്ന വൈരുദ്ധ്യമാണ് ഇമോ ഈ ലൊക്കേഷനിലൂടെ പരിഹസിച്ചത്.

കത്തോലിക്കർക്ക് പോപ്പിന്റെ കീഴിൽ ശക്തമായ ഒരൊറ്റ നേതൃത്വമുള്ളപ്പോൾ, പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ ആയിരക്കണക്കിന് ഉപവിഭാഗങ്ങളും സ്വതന്ത്ര സഭകളുമുണ്ട്. ബാപ്റ്റിസ്റ്റ്, മെത്തഡിസ്റ്റ്, ലൂഥറൻ എന്നിങ്ങനെ പോകുന്ന ഈ ഗ്രൂപ്പുകൾ ഒരേ ദൈവത്തെ വിശ്വസിക്കുമ്പോഴും, സഭയുടെ ഭരണഘടനയിലെ ചെറിയൊരു മാറ്റത്തിന്റെയോ പ്രാർത്ഥനാ രീതിയുടെയോ പേരിൽ പരസ്പരം ‘നരകത്തിൽ പോകുന്നവർ’ എന്ന് മുദ്രകുത്തി വെറുത്തിരുന്നു. ഈ അന്ധതയെയാണ് ഇമോ അതിശയോക്തി കലർത്തി അവതരിപ്പിച്ചത്.

​തമാശയിൽ നിന്ന് ലോകോത്തര മതവിമർശനത്തിലേക്ക്
​വിശ്വാസത്തിന്റെ പേരിൽ മനുഷ്യൻ എത്രത്തോളം അന്ധനാകാം എന്ന് കാണിക്കാൻ ഇതിലും മികച്ച മറ്റൊരു ഉദാഹരണമില്ല. ഒടുവിലത്തെ ചോദ്യം വരെ രണ്ടുപേരും 99% ഒരേ ചിന്താഗതിക്കാരാണ്. പക്ഷേ ബാക്കി വന്ന ആ 1% വ്യത്യാസത്തിന്റെ പേരിൽ അതുവരെ തോന്നിയ ‘സഹോദര സ്നേഹം’ പെട്ടെന്ന് ‘കൊലപാതക വാസനയായി’ മാറുന്നു.

​അറിയപ്പെടുന്ന യുക്തിവാദിയായ റിച്ചാർഡ് ഡോക്കിൻസ് 2006ൽ പ്രസിദ്ധീകരിച്ച തന്റെ ‘ദി ഗോഡ് ഡെലൂഷൻ’ എന്ന പുസ്തകത്തിൽ മതപരമായ അസഹിഷ്ണുതയെക്കുറിച്ച് പറയാൻ ഇമോ ഫിലിപ്സിന്റെ ഈ തമാശ കൃത്യമായി എടുത്തുദ്ധരിച്ചിട്ടുണ്ട്.

കാലം കുറച്ചു കഴിഞ്ഞപ്പോൾ ഈ കഥ നമ്മുടെ നാട്ടിലുമെത്തി.

വർഷം 2017.

ഒരാൾ ഒരു പാലത്തിൽനിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഭാവിക്കുന്നത് കണ്ട് മറ്റൊരാൾ ഓടിച്ചെന്ന് അയാളെ തടഞ്ഞു: “നിൽക്കൂ! ചാടരുത്!”
“ആരും എന്നെ സ്നേഹിക്കുന്നില്ല,” അയാൾ പരിതപിച്ചു.
“ദൈവം നിങ്ങളെ സ്നേഹിക്കുന്നുണ്ട്,” മറ്റേയാൾ പറഞ്ഞു. “നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലേ?”
“ഞാൻ വിശ്വസിക്കുന്നുണ്ട്.”

“നിങ്ങൾ മുസ്ലിമാണോ അതോ അല്ലയോ?”
“ഞാൻ മുസ്ലിമാണ്.”
“ഞാനും! നിങ്ങൾ സുന്നിയാണോ അതോ ഷിയയാണോ?”
“സുന്നിയാണ്.”
“അൽഹംദുലില്ലാഹ്, ഞാനും! നിങ്ങൾ ദേവ്‌ബന്ദിയാണോ അതോ ബറേൽവിയാണോ?”
“ബറേൽവിയാണ്.”
“സുബ്ഹാനല്ലാഹ്, ഞാനും! നിങ്ങൾ തൻസീഹിയാണോ അതോ തക്ഫീരിയാണോ?”
“തൻസീഹിയാണ്.”
“മാഷാ അല്ലാഹ്, ഞാനും! നിങ്ങൾ തൻസീഹി അസ്മാതിയാണോ അതോ തൻസീഹി ഫറാഹതിയാണോ?”
“തൻസീഹി ഫറാഹതിയാണ്.”

“അല്ലാഹുവിനു സ്തുതി, ഞാനും! നിങ്ങൾ തൻസീഹി ഫറാഹതി ജാമിഅ ഉലൂം അജ്മീർ ആണോ, അതോ തൻസീഹി ഫറാഹതി ജാമിഅ ഉൽ നൂർ മേവാത് ആണോ?”
“തൻസീഹി ഫറാഹതി ജാമിഅ ഉൽ നൂർ മേവാത് ആണ്.”

അപ്പോൾ മറ്റേയാൾ ആക്രോശിച്ചു: “എങ്കിൽ ചാവെടാ കാഫിറേ!”
അവൻ അയാളെ താഴെയുള്ള അഗാധതയിലേക്ക് തള്ളിയിട്ടു.

അരുന്ധതി റോയ്
(The Ministry of Utmost Happiness)

അരുന്ധതി സൂസൻ റോയിക്ക് ഇസ്ലാമിക ഉമ്മത്തിന്റെ പ്രാധാന്യം മുസ്ളീമുങ്ങൾക്ക് മനസിലാക്കിക്കൊടുക്കാൻ ഇതിലും മികച്ച ഒരു പ്ളോട്ട് കിട്ടില്ലല്ലോ. നമുക്ക് കാര്യം നടന്നു കിട്ടിയാൽ മതി. ഇന്ഷാ അല്ലാഹ്..

Leave a comment

Website Powered by WordPress.com.

Up ↑