രാഷ്ട്രപതി ഭവനിൽ മീറ്റിംഗിനു പോകുന്ന വഴി വി.പിയുടെ കാർ തടഞ്ഞു നിർത്തി ഐപി എസ്സുകാരനായ ബുച്ച് ഒരു കത്തു കൊടുത്തു.(സ്റ്റേറ്റ് മിനിസ്റ്റ്രിയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹമാണ് തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ പ്രാരംഭ ചർച്ചകൾ നടത്തിയത്). സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടേതായിരുന്നു ആ കത്ത്. അടുത്ത രണ്ടു ദിവസത്തിനു മുൻപ് ഹൈദരാബാദിലെ ഒരു കോൺവെന്റിൽ എഴുപത് വയസ്സ് പ്രായം ചെന്ന കന്യാസ്ത്രീകളെ റസ്സാക്കർമാർ ബലാൽക്കാരം ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്. വി.പി മേനോൻ ചെന്നയുടനെ ആ കത്ത് രാജാജിയെ ഏൽപ്പിച്ചു. അത് അദ്ദേഹം വായിച്ചിട്ട് പറഞ്ഞു:
“എന്തൊരു ശുഭലക്ഷണം”
രാഷ്ട്രപതി ഭവനിൽ നെഹ്രുവും പട്ടേലും എത്തിക്കഴിഞ്ഞതോടെ യോഗം ആരംഭിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഹൈദരാബാദിലെ സ്ഥിതിഗതികൾ വിവരിച്ച രാജാജി ഇന്ത്യയുടെ സൽപ്പേര് രക്ഷിക്കാൻ ഒരു തീരുമാനമെടുക്കാൻ വൈകരുതെന്ന് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്രരംഗത്ത് ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതത്തെപ്പറ്റിയായിരുന്നു നെഹ്രുവിന് പറയാനുണ്ടായിരുന്നത്.
അപ്പോൾ ബ്രിട്ടീഷ് ഹൈക്കമ്മീഷണറിൽ നിന്നുകിട്ടിയ ബ്രഹ്മാസ്ത്രം രാജാജി പ്രയോഗിച്ചു. നെഹ്രു കത്തു വാങ്ങി വായിച്ചു. അദ്ദേഹത്തിന്റെ മുഖം ചുവന്നു. കഷണ്ടിത്തലയിലെ ഞരമ്പുകൾ വിജൃംഭിച്ചു. ക്ഷോഭം കൊണ്ട് വാക്കുകൾ തന്നെ പുറത്തു വരാതായി. കസേരയിൽ നിന്ന് ചാടിയെണീറ്റ് മേശയിൽ കൈകൊണ്ടടിച്ചു.
“ഇനി ഒരുനിമിഷം താമസിക്കാൻ പാടില്ല; ഇവറ്റകളെ മര്യാദ പഠിപ്പിക്കാൻ.”
നെഹ്രു പറഞ്ഞു തീർന്നയുടൻ വി.പി മേനോനോടായി രാജാജി പറഞ്ഞു:
“വി.പി ഉടനെ സേനാധിപനെ അറിയിക്കൂ.പരിപാടി പ്രകാരം പ്രവർത്തിക്കാൻ.”
ആ മുറിയിൽനിന്നുതന്നെ ജനറൽ ബുഷറെ ഫോണിൽ വിളിച്ച് നിർദ്ദേശം നൽകി. രണ്ട് കയ്യും തലയ്ക്കുതാങ്ങി നെഹ്രു അവിടെ ഇരുന്നു. രാജാജി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു:
“ക്യാൻസർ ആണെങ്കിൽ അത് മുറിച്ചു കളയുക തന്നെ വേണം.”

അവിടെ നിന്നും ഓഫീസിലേക്ക് മടങ്ങിയ വി.പി മേനോൻ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ ഏർപ്പാട് ചെയ്തു. അക്കാലത്ത് പാകിസ്ഥാനിലെ സർവ്വസൈന്യാധിപനും ബ്രിട്ടീഷുകാരനായിരുന്നു. ഇന്ത്യൻ നേതാക്കളോട് അയാൾക്ക് കടുത്ത ശത്രുതയുണ്ടായിരുന്നു. ഇന്ത്യയിലെ കരസൈന്യാധിപനായി ജനറൽ ലാർ രുഹാർട്ടിൽനിന്നും സ്ഥാനം ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെ കൂറുപുലർത്തുമെന്നു ദൈവനാമത്തിൽ സത്യപ്രതിജ്‌ഞ ചെയ്ത ബുഷെർ വി.പിയിൽനിന്നും നിർദ്ദേശം കിട്ടിയ ഉടൻ രാജേന്ദ്രസിംഗിനെ വിവരമറിയിച്ചു. അന്ന് രാത്രി മൂന്നുമണിക്ക് ആക്ഷൻ ആരംഭിക്കാൻ ജനറൽ ചൗധരിക്ക് രാജേന്ദ്ര സിംഗ് കൽപ്പനയും നൽകി. വൈകിട്ട് ഏഴുമണിയായപ്പോൾ ബുഷെർ കറാച്ചിയുമായി ബന്ധപ്പെടുകയും പാക്കിസ്ഥാനിലെ സർവ്വസൈന്യാധിപനുമായി സംസാരിക്കുകയും ചെയ്തു. സംഭാഷണം ഫ്രഞ്ച് ഭാഷയിലായിരുന്നു.
അടുത്ത ദിവസം രാവിലെ പത്തുമണിക്ക് വി.പി മേനോൻ ബുഷെറിന്റെ മുറിയിൽ കയറിച്ചെന്നു. ഹൈദരാബാദ് ആക്ഷനെക്കുറിച്ച് അറിയാനായിരിക്കണം വി.പി വന്നതെന്നു കരുതി ബുഷെർ അതുവരെയുള്ള വിവരങ്ങളെല്ലാം നൽകി. അപ്പോൾ വി.പി പറഞ്ഞു:
“അതെല്ലാം ഞാനറിഞ്ഞു കഴിഞ്ഞു. ഞാൻ വന്നത് മറ്റൊരു കാര്യത്തിനാണ്. നിങ്ങൾ ഇന്നലെ വൈകിട്ട് പാക്കിസ്ഥാനിലെ സർവ്വ സൈന്യാധിപനുമായി ഫോണിൽ സംസാരിച്ചോ?”
അദ്ദേഹത്തിന്റെ ചോദ്യം കേട്ട് ബുഷെറിന്റെ മുഖം വിവർണ്ണമായി.
“വി.പി ഞങ്ങൾ സ്നേഹിതന്മാർ തമ്മിൽ സംസാരിക്കരുതെന്നാണോ?”
“വെറുമൊരു സുഹൃദ് സംഭാഷണമായിരുന്നോ?”
“സംശയമുണ്ടോ?”
“എങ്കിൽ നിങ്ങളെന്തിന് ഫ്രഞ്ചുഭാഷയിൽ സംസാരിച്ചു?”
“നിങ്ങൾ ഫോണും ടേപ്പ് ചെയ്ത് തുടങ്ങിയാ?”
“വേണ്ടിവന്നാൽ അതും ചെയ്യണ്ടേ? സത്യത്തിൽ സുഹൃദ് സംഭാഷണം തന്നെയായിരുന്നോ?”
“തീർച്ചയായും”
അപ്പോൾ ഒരു കടലാസ്സ് ബുഷെറിന് വി.പി.മേനോൻ കൊടുത്തു. ഫോണിൽ നടന്ന സംഭാഷണവും അതിന്റെ ഇംഗ്ലീഷ് പരിഭാഷയുമായിരുന്നു ആ കടലാസ്സിൽ. അതിങ്ങനെയായിരുന്നു:
ബുഷെർ: “ഹൈദരാബാദ് ആക്രമണം ഇന്നു രാത്രി തുടങ്ങുന്നു. അധികദിവസം നീണ്ടുനിൽക്കില്ല.എന്തെങ്കിലും ചെയ്യണമെങ്കിൽ ഉടൻ ചെയ്തു കൊള്ളൂ”.
പാകിസ്ഥാൻ സൈന്യാധിപൻ:” നന്ദി. ലിയാഖത്ത് ആലിയെ അറിയിക്കാം. ജിന്ന മരണാസന്നനായി കിടക്കുകയാണ്”.
ബുഷെർ: “ഞാൻ എന്റെ ഡ്യൂട്ടി ചെയ്തു. ശേഷം നിങ്ങളുടെ കൈയിൽ “.
ഫോൺ ടേപ്പ് ചെയ്തതിൽ പരിഭവിച്ച ബുഷെർ ഞെട്ടിവിറച്ചു. വിയർത്തു ഖിന്നനായി.
“വി.പി തെറ്റുപറ്റി. മാപ്പ് ചോദിക്കുന്നു”.
വി.പി മേനോൻ അപ്പോൾ ചോദിച്ചു:
“നിങ്ങളല്ലേ ഇന്ത്യയോട് കൂറുപുലർത്തുമെന്ന് ദൈവത്തിന്റെ പേരിൽ ബൈബിൾ തൊട്ട് പ്രതിജ്ഞ ചെയ്തത്?”
ബുഷെർ, “വി.പി ദയവായി എന്നെ രക്ഷിക്കൂ.എന്തു പ്രായശ്ചിത്തത്തിനും ഞാൻ തയ്യാറാണ്. നാണം കെടുത്തരുത്. പൂർവ്വകാല സൗഹൃദം ഓർത്ത് സഹായിക്കൂ”.
“വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാൽ ഞാൻ രാജിവെയ്ക്കുന്നു.ഉടൻ രാജി സ്വീകരിക്കണം ” എന്ന ബുഷെറിന്റെ കത്തും വാങ്ങി വി.പി. മേനോൻ മടങ്ങിപ്പോയി. തുടർന്ന് ബുഷെറിന്റെ സ്ഥാനത്ത് ജനറൽ കരിയപ്പയെ കരസേനാ മേധാവിയായി നിയമിച്ചു.

നെഹ്രുവും പട്ടേലും പലകാര്യങ്ങളിലും ഭിന്നാഭിപ്രായക്കാരായിരുന്നു. നെഹ്രുവിന്റെ സമീപനത്തിലെ പാളിച്ചകൾ പട്ടേൽ ചൂണ്ടിക്കാണിച്ചിരുന്നു. ഉത്തരപൂർവേന്ത്യയിൽ ഇന്നുണ്ടായിരിക്കുന്ന എല്ലാ വിപത്തുകൾക്കും നെഹ്രുവിന്റെ നയമായിരുന്നു കാരണമെന്ന് സമ്മതിക്കാൻ ഇപ്പോൾ പലരും തയ്യാറാണ്.
പക്ഷേ, അന്ന് ഉത്തരപൂർവ്വദേശം മറ്റ് സംസ്ഥാനങ്ങളെപ്പോലെ കൈകാര്യം ചെയ്യാതെ നെഹ്രു വിദേശകാര്യ മന്ത്രാലയത്തിൻ കീഴിലാക്കിയപ്പോൾ അതിനാലുണ്ടാകുന്ന ഭവിഷ്യത്തുകൾ പട്ടേൽ ശക്തിയുക്തം ചൂണ്ടിക്കാട്ടിയെങ്കിലും നെഹ്രുവിനെ എതിർക്കാൻ മന്തിസഭയിൽ മറ്റാരുമുണ്ടായില്ല. ഉത്തരപൂർവ്വദേശം കൈകാര്യം ചെയ്യുന്നത് വിദേശകാര്യമന്ത്രാലയമാകയാൽ തങ്ങൾ ഇന്ത്യക്കാരല്ലെന്നും തങ്ങളുടെ രാജ്യം ഇന്ത്യയിൽനിന്നും വ്യത്യസ്തമാണെന്നും ആ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ക്രിസ്ത്യൻ മിഷണറിമാർക്ക് വളരെ എളുപ്പമായി. ആ പ്രദേശങ്ങളിലെ ഭരണഭാരം ഏറ്റെടുത്ത് നടത്താൻ ഒരു പുതിയ സർവ്വീസും നെഹ്രു ആരംഭിച്ചു. ഇന്ത്യൻ ഫ്രൊണ്ടിയർ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്, ഇന്ത്യൻ ഫോറിൻ സർവ്വീസിൽ ആദ്യകാലത്തുണ്ടായ തെരഞ്ഞെടുപ്പു പോലെയാണ് ഈ സർവ്വീസിലേക്കും ഉദ്യോഗസ്ഥന്മാരെ തെരഞ്ഞെടുത്തത്. അതുമൂലം ഒന്നുരണ്ടു പേരൊഴിച്ച് ആ സർവ്വീസിൽ പ്രവേശിച്ചവരിൽ മിക്കവാറും അപ്രശസ്തരും ഭരണപരിചയമില്ലാത്തവരുമായിരുന്നു. അവരുടെ അപ്രാപ്തമായ ഭരണവും മേൽനോട്ടവുമാണ് നാഗാലാൻഡിലും മിസോറാമിലും മണിപ്പൂരിലും ആസ്സാം മലയോരങ്ങളിലുമുണ്ടായ ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മൂലകാരണമായിത്തീർന്നത്.
പട്ടേലും നെഹ്രുവുമായി അനുസ്യൂതം ഉണ്ടായിക്കൊണ്ടിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഒടുവിൽ നെഹ്രുവിനെ സംബന്ധിച്ചിടത്തോളം വ്യക്തിവൈരാഗ്യത്തിൽ കലാശിച്ചു. മഹാനായ നെഹ്രുവിന് വ്യക്തിവൈരാഗ്യമില്ലായിരുന്നെങ്കിൽ താഴെപ്പറയുന്ന രണ്ടുകാര്യങ്ങൾ സംഭവിക്കില്ലായിരുന്നു.
സർദ്ദാർ പട്ടേൽ അന്തരിച്ച ദിവസം രണ്ടുകുറിപ്പുകൾ സംസ്ഥാന കാര്യ മന്ത്രാലയത്തിന് നെഹ്രു അയച്ചു. അവ എത്തിയത് വി.പി.മേനോന്റെ കൈയിലായിരുന്നു. ഒന്നാമത്തെ കുറിപ്പ് പട്ടേൽ ഉപയോഗിച്ചിരുന്ന കാഡിലാക് കാർ അടുത്ത ദിവസം രാവിലെ വിദേശ കാര്യാലയത്തിൽ എത്തിക്കണമെന്നതായിരുന്നു.
ബോംബേയിൽ വെച്ചാണ് പട്ടേൽ അന്തരിച്ചത്. പട്ടേലിന്റെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥന്മാർ ആരെങ്കിലും പോകുന്നുണ്ടെങ്കിൽ അത് അവരുടെ സ്വയം ചെലവിൽ തന്നെ ആയിരിക്കണമായിരുന്നു രണ്ടാമത്തെ കുറിപ്പ്.
ഈ കുറിപ്പ് കിട്ടിയ ഉടനെ തന്റെ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും വി.പി. മേനോൻ വിളിച്ചു വരുത്തി. നെഹ്രുവിന്റെ കുറിപ്പിനെപറ്റി യാതൊന്നും പറയാതെ ആർക്കെല്ലാം ശവസംസ്കാരചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം ചോദിച്ചു. പത്തു പന്ത്രണ്ടുപേർക്ക് ആഗ്രഹമുണ്ടായിരുന്നു. അവരുടെ പേരുവിവരങ്ങൾ ശേഖരിച്ച്, ബോംബെയിൽ അവർക്ക് പോയി വരാനുള്ള വിമാന ടിക്കറ്റുകൾ അദ്ദേഹം സ്വന്തം ചെലവിൽ വാങ്ങിക്കൊടുത്തു. ഈ സംഭവം നെഹ്രുവിനെ ചൊടിപ്പിച്ചു “
“ആരോടും പരിഭവമില്ലാതെ-ഒരു കാലഘട്ടത്തിന്റെ കഥ”
എം കെ കെ നായരുടെ ആത്മകഥ.
പേജ് 177-183
Leave a comment