കാലം പകുത്ത യുഗസന്ധിയിൽ..!

തൊള്ളായിരത്തി അമ്പതിലാണ്…

പൂജനീയ ഗുരുജിയുടെ ഭാരത പര്യടനം കോഴിക്കോടെത്തിയപ്പോൾ അദ്ദേഹത്തിന് ഭാരതമാസകലമെന്നപോലെ അവിടെയും സ്വീകരണം ലഭിച്ചിരുന്നു. പരിപാടിയുടെ ആസൂത്രണ സമയത്തു തന്നെ അതിനെ പറ്റിയുള്ള വാർത്ത മുൻകൂട്ടി അറിയിക്കുകയും ശേഷം പത്രക്കുറിപ്പായി അന്നത്തെ മാദ്ധ്യമഭീമന്മാരുൾപ്പെടെ എല്ലാവർക്കും എത്തിക്കുകയും ചെയ്തത് മഹാരാഷ്ട്രയിൽ നിന്നും സംഘപ്രചാരകായി കോഴിക്കോടെത്തിയ ശങ്കർ ശാസ്ത്രീകളാണ്. എന്നാൽ പിറ്റേന്ന് പക്ഷെ ഒരു പത്രത്തിലും കരുതിക്കൂട്ടിത്തന്നെ ഒരു വരിപോലും എഴുതിവെയ്ക്കാതെ അത് ചവറ്റു കുട്ടയിലേയ്ക്ക് പോയി. നിങ്ങളുടെ ഒരു വാർത്തയും കൊടുക്കരുതെന്നാണ് ഞങ്ങളുടെ തീരുമാനമെന്ന് സംഭവിച്ചതെന്തെന്നു തിരക്കിച്ചെന്നവരോട് പത്രാധിപത്തമ്പ്രാക്കന്മാർ കല്പിച്ചരുളി. അന്ന്, അവിടുത്തെ പടിക്കെട്ടുകൾ ചവിറ്റിയിളക്കിയിറങ്ങിയ നിശ്ചയ ദാർഢ്യം അപ്പോഴേയ്ക്കും കേരളത്തിലെ ഏറ്റവും സർക്കുലേഷനുള്ള വാരികയുടെ നാന്ദിയായികഴിഞ്ഞിരുന്നു.

കോഴിക്കോട് നഗരത്തിലെ പാളയത്ത് ഒരു വാടകവീട്ടിന്റെ കോണിക്കീഴിൽ ആടുന്ന ബെഞ്ചിലിരുന്നു പരമേശ്വർജി എഴുതിയതാണ് കേസരിയുടെ ആദ്യത്തെ എഡിറ്റോറിയൽ.


ഔദ്യോഗികമായല്ലെങ്കിലും സ്വർഗീയ പരമേശ്വർജിയാണ് കേസരിയിലെ ആദ്യവരികളെഴുതിയ ‘പത്രാധിപർ’. 1951 നവംബർ 27ന് ആദ്യത്തെ കേസരി പുറത്തിറങ്ങി. പിന്നീടത് ദേശീയത കാലക്രമേണ ലോപം വന്നു തുടങ്ങിയ മലയാള മണ്ണിന്റെ ദേശീയവീക്ഷണത്തിന്റെ ശംഖൊലിയായി മാറി.

കുറ്റിയും മടലും റബ്ബറിന്റെ ഒട്ടുകറ ചുറ്റിയെടുത്ത പന്തുമായി തടത്തിൽ പതിനേഴു യാർഡിൽ ക്രിക്കറ്റ് പിച്ചുണ്ടാക്കി ഇന്റർനാഷണൽ മാച്ചായി അഞ്ചോവറിന്റെ ‘ട്വന്റി-ട്വന്റി’ കളിക്കുമ്പോൾ പോസ്റ്റ്മാമൻ സ്ഥിരം കൊണ്ടു വരുന്ന എയർ മെയിലുകളുടെ നിരന്തരക്കാഴ്ചകൾക്കിടയിൽ തിങ്കളാഴ്ചകളിൽ വരുന്ന ഒരു ബുക്ക് പോസ്റ്റ് ഉണ്ടായിരുന്നു. സ്ഥിരമായി മുടങ്ങാതെ വന്നിരുന്ന സാധാരണ ക്വാളിറ്റി ഉള്ള താളുകളിൽ നാലുമടക്കായി പൊതിഞ്ഞ ആ സംഗതി “ജി.മോഹനൻ, മേലേവിള, കോലിയക്കോട്” എന്ന് അഡ്രസ്സ് ചെയ്തിരുന്നു.

താഴേ തടത്തിൽ നിന്നുകൊണ്ട് സൈക്കിളിൽ ബെല്ലടിക്കുന്ന പോസ്റ്റുമാമനിൽ നിന്നും ഇതു വാങ്ങി കഷ്ടിച്ച് അൻപത് മീറ്റർ മുകളിലുള്ള ആ മേൽവിലാസത്തിൽ കൊണ്ടുകൊടുത്ത് ഓടിവന്ന് കളിയിൽ തുടരും. ആ സാധാരണ ദിനപ്പത്രത്തിന്റെ പകുതി വലിപ്പമുള്ള അതിൽ എനിക്കു താല്പര്യമില്ലാത്ത എന്തൊക്കെയോ ആയിരുന്നു ഉണ്ടായിരുന്നത്. അതിന്റെ ഉൾപേജുകളിൽ ബാലഗോകുലം എന്നൊരു പക്തിമാത്രം അതിൽ നിന്നും വേറിട്ടുനിന്നു. എന്നാൽ പതിവായി ഞാൻ അരസികമെന്നു കരുതിയ ആ പംക്തികളെ വായിക്കാൻ മാത്രം വരുന്ന ഏഴെട്ടുപേരെ ചാണകം മെഴുകിയ ആ വീടിന്റെ വരാന്തയിൽ പലപ്പോഴും കാണാൻ സാധിക്കും.

മുതിർന്നപ്പോൾ കയ്യിൽ കിട്ടുന്ന എന്ത് പേപ്പർ കഷണവും വായിക്കുന്ന ശീലം കൊണ്ട് തന്നെ യുവധാരയും തത്തമ്മയും ശാലോമും ഒക്കെ പലയിടത്തുനിന്നും വായിക്കാനെടുക്കുന്ന കൂട്ടത്തിൽ കെട്ടിലും മട്ടിലും പുതുമയില്ലാതെ കേസരിയെന്ന ആ പഴയ നാലുമടക്കുള്ള ഒരുകെട്ട് പേപ്പറും വായിച്ചിരുന്നു. ബാലഗോകുലമെന്ന പംക്തിയിൽ നിന്നും സ്വാശ്രയ വിദ്യാഭ്യാസ സമരത്തിലേയ്ക്ക് ചുവടുമാറുകയും ചെയ്തതും ഇക്കാലത്താണ്. പതിയെപ്പതിയെ അരസികമെന്ന് തോന്നിയ പല പംക്തികളും കാമ്പുള്ളതായും വേറിട്ട വായനയ്ക്ക് ഇടയുള്ളതായും വന്നു. പിന്നീട് പഴയ ന്യൂസ് പേപ്പർ വാരികയിൽ നിന്നും പുസ്തകരൂപത്തിലേയ്ക്ക് രൂപാന്തരം സംഭവിച്ചു. പംക്തികൾ കൂടി. കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ അതിർത്തികളില്ലാതെ വിഹരിച്ചു. ഒരുപാട് യോജിപ്പുകളിലൂടെയും എന്നാൽ അല്പം വിയോജിപ്പുകളിലൂടെയും ഒരു ശീലമായി ഇന്ന് കേസരി മാറി.

കോഴിക്കോട് ബസ് സ്റ്റാൻഡിൽ തലച്ചുമടായി കേസരി കൊണ്ടു നടന്നു വിറ്റൊരു കാലമുണ്ടായിരുന്നു കേസരിക്ക്. 1970 മുതലാണ് നവംബറിൽ വാർഷിക വരിസംഖ്യ ചേർക്കുന്ന ശീലം കേസരി തുടങ്ങി വെച്ചത്. സംഘപ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരും പ്രസാധകന്മാരുമൊക്കെ പങ്കെടുക്കേണ്ടുന്ന രണ്ടു ബൈഠക്കുകളാണ് കൊല്ലം തോറും അഖിലഭാരതീയ തലത്തിൽ നടക്കാറുള്ളത്. ഏതു കൊല്ലവും വൃത്തമവതരിപ്പിക്കുമ്പോൾ ഇന്ത്യയിലെ ഏതൊരു പ്രസിദ്ധീകരണത്തേക്കാളും സർക്കുലേഷൻ കേസരിക്കാണ്. അതിന്റെ രഹസ്യം തേടിവരുന്നവർക്ക് കേരളത്തിലെ സ്വയംസേവകരുടെ കാര്യശേഷിയുടെ ഒരുമാസത്തെ പൂർണമായ സമർപ്പണമാണ് കേസരിയുടെ ജീവൻ എന്നാണ് മറുപടി ലഭിക്കുക.

സാബുച്ചേട്ടന്റെ ഹരിശ്രീ സലൂണിന്റെ മുറ്റത്തു വെച്ചാണ് 110 രൂപയുടെ ഇളം റോസ് നിറമുള്ള ആ രസീതി എനിക്കാദ്യമായി പ്രിജുച്ചേട്ടൻ കീറിത്തന്നത്. കേസരിയുടെ ആറുമാസത്തേയ്ക്കുള്ള വരിസംഖ്യയാണ്. പത്താം ക്ലാസിൽ പഠിക്കുന്നവന്റെ പോക്കറ്റ് മണിയിൽ നിന്നും ചേർത്തുണ്ടാക്കിയ പണമായിരുന്നില്ല അത്. പിരപ്പൻകോട് സ്കൂളിലേക്കുള്ള നാലുകിലോമീറ്റർ നടന്നു കിട്ടുമ്പോൾ ട്രക്കറിൽ കൊടുക്കാതെ മിച്ചം വന്ന ചില്ലറത്തുട്ടുകളുടെ ആകെത്തുകയായിരുന്നു അത്.

പ്രിജുച്ചേട്ടൻ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഗൾഫിലേക്ക് പോയി. വിസ്തരാകായി പോയിട്ട് തിരിച്ചു വന്നു പകുതി നിലച്ച ശാഖയുടെ ഒരറ്റത്ത് പിടിച്ച് മുന്നോട്ടു പോകുന്നതിന്റെ ഇടയിലാണ് അക്കൊല്ലത്തെ കേസരി പ്രചാരമാസം വരുന്നത്. അരവർഷം വരിക്കാരന് 140 രൂപയായി വരിസംഖ്യ. കാണുന്നവരോടെല്ലാം കേസരി ചേരാമോ എന്നു ചോദിച്ചു ലീഫ് കീറിക്കൊടുത്ത് പത്തും ഒന്നും പതിനൊന്നു കേസരി വരിസംഖ്യ കീറിക്കൊടുത്തു. ഡിസംബറായപ്പോ അനീഷേട്ടൻ ലീഫും അഡ്രസ്സും വാങ്ങാൻ വന്നു. ആരും കാശു തന്നിട്ടില്ല. എന്തു ചെയ്യും.

ഒടുവിൽ ബ്ലെയ്ഡ് പലിശയ്ക്ക് പണം കടം കൊടുക്കുന്ന ഒരാളോട് 1000 രൂപ കടം വാങ്ങി സമയത്ത് കേസരി ക്ളോസ് ചെയ്തു. ഈ പൈസ കിട്ടിയാലുടൻ തിരിച്ചു തരാം എന്നൊക്കെ വാക്കുകൊടുത്താണ് വാങ്ങിയത്. ചിലത് കിട്ടി, ചിലത് കിട്ടിയതേയില്ല.. എന്തായാലും ‘അമ്മ കൈയ്യിലിട്ടു തന്ന അമ്മയുടെ മോതിരമൊരെണ്ണം വീട്ടിലിരുന്നത് പണയത്തിലായി. അതാണ് കേസരി പ്രചാരകനായുള്ള ആദ്യത്തെ അനുഭവം. പിന്നെ എല്ലാക്കൊല്ലവും ഇതു ശീലമായിരുന്നു. പ്രചാരമാസത്തിനു പുതിയ പദ്ധതികൾ.. വാശിയോടെ ഓരോകൊല്ലവും കോപ്പി വർധിപ്പിക്കൽ ഒക്കെ ഉണ്ടായെങ്കിലും പിന്നീട് ഒരിക്കലും പൊതുവേ കടം വെച്ചില്ല..

ദേശീയതയുടെ, രാഷ്ട്രജാഗൃതിയുടെ ശബ്ദമായി നിൽക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ വളർച്ചയുടെ ചരിത്രത്തിനൊപ്പം ജീവിക്കുക എന്നതു കൂടിയാണ് കേസരിയോടൊപ്പമുള്ള യാത്രയിലൂടെ സംഭവിക്കുന്നത്.


ഇന്ന് പൂജനീയ സർസംഘചാലക് ഡോ മോഹൻജി ഭഗവത് സമർപ്പിക്കുന്ന മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രം എണ്പത്തി അയ്യായിരം ചതുരശ്ര അടിയിൽ അഞ്ചും ഏഴും നിലകളുള്ള രണ്ടു ബ്ലോക്കുകളായാണ് രൂപകൽപ്പന ചെയ്തത്. ഒരുകോടിയിലേറെ രൂപയുടെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന അതിബൃഹത്തായ ലൈബ്രറി, ഡിജിറ്റൽ ആർക്കൈവ്, മീഡിയ സ്കൂൾ, മാദ്ധ്യമ പഠന ഗവേഷണകേന്ദ്രം എന്നിവയൊക്കെ ഉൾക്കൊള്ളുന്ന വിശാലമായ സമുച്ചയം.

കേസരി ഭവൻ ഉദ്‌ഘാടനത്തലേന്ന്

കേസരി കൂടാതെ ജന്മഭൂമി, ഭാരതീയ വിദ്യാനികേതൻ, സേവാഭാരതി, തപസ്യ, ഋതം തുടങ്ങിയ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ കോഴിക്കോട്ടെ ആസ്ഥാനം ഇനി മുതൽ ചാലപ്പുറത്തെ ഈ പടുകൂറ്റൻ കെട്ടിടത്തിലാണ് പ്രവർത്തിക്കാൻ പോകുന്നത്. മുന്നൂറും എഴുന്നൂറും പേരെ ഉൾക്കൊള്ളാൻ കഴിയുന്ന രണ്ട് ഓഡിറ്റോറിയങ്ങളും ആധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ തിയേറ്ററും ഈ സമുച്ചയത്തിലുണ്ട്.

കേസരിക്ക് വാരികയായി മാത്രം പ്രവർത്തിയ്ക്കാൻ ഈ എഴുനിലയുടെ കെട്ടിടം വേണ്ടായിരുന്നു. പക്ഷെ മലബാറിന്റെ ഹൃദയത്തിൽ നിന്നുകൊണ്ട് കേരളത്തിലെ മാറ്റത്തിന്റെ കൊടുങ്കാറ്റാവാൻ പോകുന്ന കേന്ദ്രമാണ് കേസരി ഭവൻ. ആദിശങ്കരന്റെയും ശ്രീനാരായണന്റെയും മണ്ണിൽ ഇടതു ജിഹാദി നെക്സസിന്റെ മുനയൊടിക്കാൻ ഇനിയും കാതങ്ങൾ താണ്ടേണ്ടുന്ന കണ്ടകസഞ്ചിതപാതയിലെ വഴിക്കല്ലിതാണ്‌. കേരളത്തിന്റെ ബൗദ്ധിക ചരിത്രത്തിൽ നിർണ്ണായകമായ ഒരു നാഴികക്കല്ലാണ് ഇന്നത്തെ ദിവസമെന്ന് കാലം തെളിയിക്കും..

Leave a comment

Website Powered by WordPress.com.

Up ↑