സഫലമീ ജീവിതം

കറാച്ചിയിലെ സെന്റ് പാട്രിക് സ്കൂളിനടുത്തെ ആ മൈതാനത്തിലേയ്ക്കുള്ള യാത്രയിൽ നിന്നാണത് തുടങ്ങിയത്. അത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയിലേക്കായിരുന്നു. നിർഭയമായി, കടന്നു ചെല്ലുന്ന മേഖലയിൽ വിജയം നേടിയെടുക്കാനുള്ള തീക്ഷ്ണത ആ ചെറുപ്പക്കാരന്റെ കൈമുതലായിരുന്നു. ആരെയും കൂസാതെ അയാൾ തീരുമാനങ്ങളെടുത്തിരുന്നു. കൂടെ നിന്നവരെ ആദർശത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്ന വൈഭവം അയാൾക്കുണ്ടായിരുന്നു.

1946ൽ അയാൾ വീടും തൊഴിലും ഉപേക്ഷിച്ച് സംഘത്തിന്റെ പ്രചാരകനായി.
രാജ്യം വെട്ടിമുറിക്കപ്പെട്ടപ്പോൾ രാജസ്ഥാനിലെ അതിർത്തി ഗ്രാമങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായിട്ടാണ് ശ്രീ ഗുരുജി അദ്ദേഹത്തെ നിയോഗിച്ചത്. ഭാരതീയ ജനസംഘം സ്ഥാപിക്കപ്പെട്ടപ്പോൾ ദീൻ ദയാൽ ഉപാധ്യായക്ക് ഒപ്പം നിൽക്കാൻ ശ്രീ ഗുരുജി നിശ്ചയിച്ചതും വേറാരെയുമായിരുന്നില്ല. അദ്ദേഹത്തിന് ശേഷം ജനസംഘത്തിന്റെ അദ്ധ്യക്ഷനാകുമ്പോൾ ബൽരാജ് മധോക്ക് എന്ന അതികായനെ പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്ത തീരുമാനം ആദർശത്തിലുള്ള അയാളുടെ അചഞ്ചലമായ നിഷ്ഠയ്ക്ക് ഉദാഹരണമായി.

അടൽജി പോലും എതിർത്തപ്പോഴും ശിവസേനയെന്ന ഇന്ദിരാഗാന്ധിയുടെ കോണ്ഗ്രസ്സ് നിർമിതിയെ എൻ ഡി എ എന്നൊരു മുന്നണിയിലേയ്ക്കെടുക്കുക എന്ന തന്ത്രപരമായ തീരുമാനം കൈക്കൊണ്ടത് അയാളുടെ ദീർഘ വീക്ഷണത്തിന്റെ ഫലമായിരുന്നു. അയാൾ രഥമുരുട്ടിയ വഴികളിൽ നിന്നാണ് രാമലാലയ്ക്കുള്ള ഭവ്യമന്ദിരം എന്ന സങ്കല്പം 450 വർഷങ്ങൾക്കു ശേഷം വീണ്ടും കരുത്താർജ്ജിച്ചത്. എന്നും ലക്ഷ്മണനായിരുന്നു അയാൾ. ആർജ്ജവമുള്ള സനാതനി.

ലാൽ കൃഷ്ണയെന്ന പേര് ഭാരതത്തിലെ ഓരോ ഗ്രാമത്തിലും അലയടിച്ചിട്ടുണ്ട്. ആ മനുഷ്യൻ നിർഭയനായി നടന്നു തുടങ്ങിയ ആ വർഷങ്ങളിൽ അവിടെ നിരവധി അച്ഛനമ്മമാർ തങ്ങളുടെ കുട്ടിക്ക് വേണ്ടി കരുതി വെച്ചിരുന്ന പേരായിരുന്നു ലാൽകൃഷ്ണ എന്നത്.

ഇന്ന് അയാൾക്ക് ത്രിനവതിയാണ്. സംഘ നിർദ്ദേശം അനുസരിക്കുന്ന സാധാരണ സ്വയംസേവകനായി അദ്ദേഹം ഇന്ന് വിശ്രമജീവിതത്തിലാണ്. അഭിമാനിക്കാൻ ഒരുപാട് മുന്നേറ്റങ്ങളുടെ ഗാഥകൾ രചിച്ച ലാൽ കൃഷ്ണ അദ്വാനി എന്ന ഞങ്ങളുടെ ലോഹപുരുഷന് ഒരായിരം ജന്മദിനാശംസകൾ.

One thought on “സഫലമീ ജീവിതം

Add yours

Leave a reply to Manikandan Cancel reply

Website Powered by WordPress.com.

Up ↑