ആരവങ്ങൾക്കിടയിൽ ഒരു ബൗദ്ധികക്ഷത്രിയൻ

ഒരു സോഷ്യൽ എൻജിനീയറുടെ സ്‌മൃതി ദിനമാണിന്ന്.. മോക്ഷഗുണ്ടം വിശ്വേശ്വരയ്യയെന്ന ഇന്ത്യൻ എൻജിനീയറിങ്ങിന്റെ പിതാവിന്റെ ജന്മദിനവും.

1931 ജൂണ്‍ 18ന് ഇന്നത്തെ ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ റായ്പൂരിലാണ് പൂജനീയ സുദര്‍ശന്‍ജിയുടെ ജനനം. ഒമ്പതാമത്തെ വയസ്സിലാണ് അദ്ദേഹം ആദ്യമായി സംഘശാഖയില്‍ പങ്കെടുക്കുന്നത്. ജബൽപൂർ ഗവ. എന്ജിനീറിങ് കോളേജിൽ നിന്ന് ഗോൾഡ്‌ മെഡലോടുകൂടി ടെലികമ്യൂണിക്കേഷൻ ബിരുദമെടുത്ത ശേഷം 1954ല്‍ സംഘദൗത്യം മുഴുവൻസമയവും ചെയ്യാനുറച്ചുകൊണ്ട് പ്രചാരക് ആയി.

1964ല്‍ അദ്ദേഹത്തെ മധ്യഭാരതത്തിലെ സംഘടനയുടെ പ്രാന്ത പ്രചാരക് ആയി നിയമിച്ചു. 1969ൽ മുപ്പത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹത്തെ സംഘത്തിന്റെ അഖില ഭാരതീയ ശാരീരിക് ശിക്ഷൻ പ്രമുഖായി പൂജനീയ ഗുരുജി നിയുക്തനാക്കി. 1979ല്‍ സംഘടനയുടെ ബൗദ്ധിക് വിഭാഗിന്റെ തലവനായി നിയമിച്ചു. 1990ല്‍ അദ്ദേഹം സഹസർകാര്യവാഹായി.

2000 മാര്‍ച്ച് പത്തിനാണ് അദ്ദേഹത്തെ സര്‍സംഘ്ചാലക് ആയി പ്രൊഫ.രജ്ജുഭയ്യാജി നിയുക്തനാക്കിയത്. നീണ്ട പത്തുകൊല്ലക്കാലം അദ്ദേഹം സംഘടനയ്ക്ക് മാർഗനിർദേശം നൽകി. 2009 മാർച്ചിലെ അഖിലഭാരതീയ പ്രതിനിധി സഭയിൽ വെച്ച് പൂജനീയ ഡോ.മോഹൻജി ഭഗവതിനെ സംഘടനയുടെ പുതിയ സർസംഘചാലകായി നാമനിർദ്ദേശം ചെയ്തുകൊണ്ട് അദ്ദേഹം വേദിയിൽ നിന്നിറങ്ങി പ്രതിനിധികളോടൊപ്പം വന്നിരുന്ന സംഭവം അന്നൊരുപാട് ചർച്ചചെയ്യപ്പെട്ടതാണ്. ലോകത്ത് ഒരു സംഘടനയ്ക്കും ഇത്രയും ലളിതമായൊരു ‘അധികാര’ക്കൈമാറ്റം സാധ്യമല്ലെന്ന് മാദ്ധ്യമങ്ങളെഴുതി.

സംഘത്തിന്റെ ബൗദ്ധിക് ശാരീരിക് ശിക്ഷണങ്ങളുടെ അഖില ഭാരതീയ ചുമതല വഹിച്ച വേറൊരു സർസംഘചാലക് ഇതുവരെയുള്ള പരമ്പരയിലില്ല. തികഞ്ഞ ബൗദ്ധികക്ഷത്രിയൻ. കേരളത്തിലെ പല കളരി ഗുരുക്കന്മാരുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. നിയുദ്ധയുടെ വിഷയ പരിഷ്കരണത്തിൽ കളരിയുടെ സ്വാധീനം ഇങ്ങനെയുണ്ടായതാണ്.

ഗയയിലെ ജഗന്നാഥക്ഷേത്രത്തിൽ ഗൗതമബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥാനത്തെ മഹാബോധി ക്ഷേത്രത്തിലെ ബൗദ്ധസന്യാസിമാരെ സാക്ഷി നിർത്തി ദീപക് ദേവെന്ന അതി പിന്നാക്ക വിഭാഗക്കാരനെ മുഖ്യ പൂജാരിയാക്കി നിർദേശിച്ചത് സുദർശൻജിയായിരുന്നു. ന ഹിന്ദു പതിതോ ഭവേത് എന്ന കരുതലോടെ മമ മന്ത്ര സമാനതയെന്ന ചിന്ത അക്ഷരാർത്ഥത്തിൽ യാഥാർഥ്യമാക്കിയിരുന്നു അദ്ദേഹം..

സിബിസിഐയുടെ തലവനായിരുന്ന കേരളത്തിലെ മേജർ ആർച്ച് ബിഷപ്പ് മാർ സിറിൽ ബസേലിയോസ് തിരുമേനിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം സംവാദത്തിന്റെ പുതിയ മേഖലകൾ തുറന്നിട്ടിരുന്നു. ഡൽഹിയിലും നാഗ്പൂരിലും ചെന്നൈയിലും ആലുവയിലുമായി ക്രിസ്തീയ മതമേലധ്യക്ഷന്മാരുമായി സ്ഥിരമായ ചർച്ചകൾക്കും അദ്ദേഹം നേരിട്ട് നേതൃത്വം നൽകി. അതിൽ എല്ലാ സഭകളുടെയും പ്രാതിനിധ്യം അദ്ദേഹം ഉറപ്പാക്കി. നിർബന്ധിതമായ മത പരിവർത്തനം തെറ്റാണെന്ന നയം സഭകളെകൊണ്ടു കൈക്കൊള്ളാൻ ഈ ചർച്ചകൾക്ക് സാധിച്ചിരുന്നു

ഈദ്ഗാഹിൽ പങ്കെടുത്തു പ്രാർഥിക്കണമെന്നാശിച്ച തികഞ്ഞ ദേശീയവാദി. വി. ഖുർ ആനിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യവും അപാരമായിരുന്നു. നിരവധി മുസ്‌ലിം പണ്ഡിതർ അദ്ദേഹത്തിന് സുഹൃത്തുക്കളായി ഉണ്ടായിരുന്നു. മറക്കാതെ ഓരോ ഈദിനും അവർക്ക് അദ്ദേഹത്തിന്റെ ആശംസകൾ എത്തുമായിരുന്നു. വിയോഗശേഷം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടു ഭോപ്പാലിലെ താജുൽ മസ്ജിദിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുക്കാനും ആശംസകൾ പങ്കു വെയ്ക്കാനും അദ്ദേഹം തയ്യാറെടുത്തതിനെ കുറിച്ച് 2012 സെപ്‌തംബറിൽ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ ദാവത്തിൽ ചീഫ് എഡിറ്റർ പർവേസ് റഹ്മാനി തന്നെ ലേഖനമെഴുതിയിരുന്നു.

ഇന്ത്യയുടെ ഊർജനയത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാനാകാത്തതാണ്. അടൽജി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പെട്രോളിയം മന്ത്രി ആയിരുന്ന രാം നായിക്കുമായുള്ള നീണ്ട ചർച്ചകളാണ് ജൈവഇന്ധനത്തെക്കുറിച്ചുള്ള കേന്ദ്രനയം രൂപവൽക്കരിച്ചത്. അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിൽ നിരവധി ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും എൻവയോണ്മെന്റലിസ്റ്റുകളും വിദ്യാഭ്യാസ വിദഗ്ധരും ഒക്കെയുണ്ടായിരുന്നു. സ്വദേശിയെക്കുറിച്ചുള്ള നമ്മുടെ പുതിയ കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെട്ടത് അങ്ങനെയാണ്.

അദ്ദേഹത്തിന്റെ ശീലങ്ങൾ പോലും പലപ്പോഴും അച്ചടക്കത്തിന്റെ കനൽ പാഠങ്ങളായിരുന്നു. 2008 ലെ ദ്വിതീയ വർഷ സംഘ ശിക്ഷാ വർഗിൽ ഞങ്ങൾക്ക് മാർഗ നിർദേശം നൽകാനായി അദ്ദേഹമെത്തിയിരുന്നു. വേദിയിൽ ഉണ്ടാകേണ്ടതില്ലാത്ത ഏതൊരവസരത്തിലും വെറുംനിലത്ത് മറ്റു സ്വയംസേവകരോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.

പന്തലിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ളാസ് വെള്ളമെടുത്താൽ തനിക്ക് ശുചിയാകാൻ ആവശ്യമായ വെള്ളം മാത്രമെടുത്തിട്ടു ബാക്കി തിരിച്ചൊഴിക്കുന്നത് നേരിട്ടു കണ്ടിട്ടുണ്ട് ഞങ്ങളൊക്കെ. കാര്യാലയങ്ങളിൽ തനിക്കാവശ്യമായ കുടിവെള്ളം മാത്രമെടുക്കണമെന്ന കർശന നിഷ്ഠ ഓരോരുത്തർക്കും സ്വന്തം പ്രവൃത്തിയിലൂടെ പകർന്ന് നൽകിയിരുന്നു. അദ്ദേഹത്തോട് സംശയങ്ങൾ നിവൃത്തി വരുത്താനും അദ്ദേഹത്തോടൊപ്പം ചെലവഴിക്കാനും ലഭിച്ച നിമിഷങ്ങൾ ജീവിതത്തിൽ വളരെ ധന്യമായതാണ്.

ഇതാണ് സംഘത്തിന്റെ സവിശേഷതകളിലൊന്ന്. എത്ര സാധാരണ സ്വയംസേവകനും ഏറ്റവും മുതിർന്ന കാര്യകർത്താവുപോലും കൈയ്യെത്തും ദൂരത്താണ്. അദ്ദേഹം ഭൗതിക ലോകത്തുനിന്ന് വിട പറഞ്ഞ ഈ ദിനം ആചരിക്കുന്ന പതിവ് സംഘത്തിലില്ല. എങ്കിലും ഓർക്കേണ്ട ഒരു ദിവസം വന്നു ചേർന്നിരിക്കുന്നു എന്നുള്ളതുകൊണ്ട് പറഞ്ഞു പോകുന്നു.

One thought on “ആരവങ്ങൾക്കിടയിൽ ഒരു ബൗദ്ധികക്ഷത്രിയൻ

Add yours

Leave a reply to Arun Cancel reply

Website Powered by WordPress.com.

Up ↑