ഇന്ന് “ഒരിക്കലാ”ണെന്ന് എനിക്ക് നേരെ നീട്ടിയ മഞ്ഞയില്‍ നീല അലകുകളുള്ള ടിഫിന്‍ ബോക്സ് സ്നേഹത്തോടെ നിരസിച്ചു കൊണ്ട് അവളോട് പറഞ്ഞപ്പോള്‍ മനസ്സില്‍ ഇന്നലെ എന്തൊക്കെയോ കടന്നു വരുന്നുണ്ടായിരുന്നു. “അച്ഛന്റെ ആണ്ടാണ് നാളെ.. ബലിയിടാന്‍ പോകണം” എന്ന് മാത്രം സൂചിപ്പിച്ചു കൊണ്ട് അവിടെ നിന്നെണീറ്റു പോന്നു. അവളൊന്നും പറഞ്ഞില്ല..
ചിന്തകള്‍ക്ക് തീ പിടിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കോളേജില്‍ നിന്നും വൈകുന്നേരം തിരിച്ചെത്തി ശാഖയും സ്വയംസേവകരുടെ വീടുകളുമായുള്ള സമ്പര്‍ക്കവും കൂട്ടുകാരുമായുള്ള സ്ഥിരം വെടിവട്ടവും കഴിഞ്ഞ് വീടെത്തുമ്പോ പാതിരായടുക്കും. അമ്മ വിളമ്പുന്ന ചോറിന്റെ കൂടെ പരിഭവവും കൂടെ ചേരുമ്പോള്‍ ആദ്യമെത്തുന്ന മറുചോദ്യം ‘അച്ഛന്‍ കഴിച്ചോ അമ്മാ‘ എന്നായിരുന്നു എന്നതിലുപരി അച്ഛനെ പറ്റി ദിവസവും ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല അന്ന്.. പതിവുജീവിതത്തില്‍ തലകുനിച്ചു നിന്ന് ചോദിക്കുന്നതിനു മാത്രം മറുപടി പറഞ്ഞായിരുന്നു ഞങ്ങള്‍ തമ്മിലുള്ള പാരസ്പരികത നിലനിന്നിരുന്നതു തന്നെ. പടിഞ്ഞാറെ വാതില്‍ തുറന്ന് കൈ കഴുകി അകത്തേക്ക് വരുമ്പോ തേങ്ങ ചിരകിയിട്ട പയറും കഞ്ഞിയും വിളമ്പാന്‍ അമ്മയ്ക്ക് മുന്‍പിലിരിക്കുന്നുണ്ടാവും അച്ഛന്‍..
എട്ടുവര്‍ഷം മുന്‍പ് പ്രതീക്ഷിക്കാതെ അച്ഛനങ്ങു പോയി.. ജീവിതം രണ്ടായി മുറിഞ്ഞുവീണു. രണ്ടാമത്തെ പകുതിയില്‍ അമ്മയുടെ ജീവിതത്തിന്‍റെ ആകെത്തുകയുടെ പകുതിയുണ്ടായിരുന്നു.. ഇനിയെന്ത് എന്നറിയാതെ ശ്മശാന വേദാന്തത്തിന്റെ പൊരുള് തേടുന്ന വിഡ്ഢിയായി പലപ്പഴും. പലതും സംഭവിച്ചു ജീവിതത്തില്‍.. ഒന്നും സംഭവിച്ചുമില്ല..
പറമ്പും പാടവും മുടിപ്പുല്ലും മുതിരയും ചേര്‍ന്ന്‍ ആര്‍ത്തിയോടെ വിഴുങ്ങുമ്പോള്‍ ആകുലതകളുടെ വരമ്പത്ത് വന്നുനിന്ന്‍ മനസ്സ് വിളിച്ചു ചോദിച്ചു..
അച്ഛനുണ്ടായിരുന്നെങ്കില്‍..
ജീവിതത്തില്‍ ഒരു കാര്യത്തിലും തീരുമാനങ്ങള്‍ എടുക്കാന്‍ വേണ്ടി മറ്റൊരാളോട് ചോദിക്കുന്ന ശീലമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് മനസ്സ് ചോദിച്ചു പലപ്പഴും..
അച്ഛനുണ്ടായിരുന്നെങ്കില്‍..
മനസ്സുതന്നെ മുറിച്ചുവെച്ചു പാതിയെ ചുടലയ്ക്കെറിയുമ്പഴും കിനിഞ്ഞ ചോരത്തുള്ളികള്‍ക്കിടയിലൂടെ തുടിപ്പോടെയതും ചോദിച്ചത് ഇതുതന്നെയായിരുന്നു..
അച്ഛനിന്നുണ്ടായിരുന്നെങ്കില്‍.. യു കുഡ് ബി ഫെയര്‍ ടു മീ..
അന്ന് സ്വയം വിലക്കിട്ട ഉപ്പുനീര്‍ കടലിന്‍റെ നേര്‍ത്ത പടലങ്ങള്‍ക്കുള്ളില്‍ തുടങ്ങുന്ന വെറൊരതിരില്‍ മൌനം ഗര്‍ഭം ഭരിച്ച മറ്റൊരു സ്വരമായി ത്തീര്‍ന്നു ക്ഷരമില്ലാത്ത വര്‍ണങ്ങള്‍.. അങ്ങനെ കാര്‍പോര്‍ച്ചില്‍ ആവര്‍ത്തനവിരസത ഇനിയും തോന്നിതുടങ്ങാത്ത ചോദ്യങ്ങളുടെ ഭാണ്ഡക്കെട്ടുകളെ കയ്യില്‍ പതിഞ്ഞു തുടങ്ങിയ മോതിരവലയതിന്റെ താളത്തിനൊപ്പം ചേര്‍ത്ത് തിരുകുമ്പോഴെയ്ക്കും ഫോണില്‍ ശ്രേയ ഘോഷലിന്റെ നേര്‍ത്ത ശബ്ദത്തില്‍ രവീന്ദ്ര ജൈനിന്റെ അന്ധ സംഗീതം ഒഴുകിപ്പരന്നു.. അവളാണ്..
“വീടെത്തിയോ?”
ഉം…
“ശരി..ഒന്ന് ഫ്രെഷാക്.. എനിക്കൊരൂട്ടം കിട്ടി.. നിനക്കയചിട്ടുണ്ട്..”
ഉം..
“ഇന്നിനി വട്ടുപിടിക്കാന്‍ ഞാനായിട്ട് ഒന്നും തന്നില്ലെന്നു വേണ്ട..”
കുസൃതിച്ചിരിയോടെ അവള്‍ കിണുങ്ങി
“ഞാന്‍ വിളിക്കാം..”
“ശരി” ഫോണ്‍ കട്ടായി..
കോഫീ മഗ്ഗുമായി റൂമിലേയ്ക്ക് കയറി ബാഗില്‍ നിന്നും ലാപ്ടോപ്പെടുത്ത് ഓണ്‍ ചെയ്യുമ്പോഴേയ്ക്കും ഫോണില്‍ മേസേജുകളുടെ പ്രണയവും കലപിലയും. അതിനിടയില്‍ നിന്നും പിങ്ക് നിറമുള്ള ഇത്തിരിവട്ടത്തെ തിരഞ്ഞു തുറക്കുമ്പോള്‍ ഒരു മങ്ങിയ മെസേജ് വട്ടം ചുറ്റിക്കാന്‍ കെഞ്ചിവന്നു.
പച്ചനിറത്തില്‍ ആ വൃത്തം പൂര്‍ത്തിയാകുമ്പോള്‍ ഈ കവിതയുണ്ടായിരുന്നു അതിനുള്ളില്‍..
എന്‍റെ മൌനത്തെ ചെവിക്കു പിടിച്ചെടുത്ത കുനുകുനെയുള്ള ഒരിപിടി വരികള്‍..

ഒന്നും പറയാനില്ല, വായിച്ചു തീർന്നതും രണ്ടു നീർതുള്ളികൾ കൺപീലികളിൽ ഉടക്കി വീഴാതെ നിൽപ്പുണ്ടായിരുന്നു.
LikeLike
നന്ദി 🙂
LikeLike