കുട്ടികളെ തിന്നുന്ന പ്ലൂട്ടാർക്ക്

നാരായണന്റെ വ്യക്തിപ്രശസ്തിയും തത്വമഹിമയും പതുക്കെപ്പതുക്കെ ദേശകാല സമുദായസീമകൾ കടന്ന് ലോകജയം സാധിച്ചു കൊണ്ടിരിക്കുന്ന കാഴ്ച നമ്മുടെ കൺമുന്നിൽ വച്ച് നടന്നുകൊണ്ടിരിക്കുകയാണ്. പൂർവാഹ്നത്തിലെ ഇതിന്റെ കാന്തി വർധിച്ചുതന്നെ വരുന്നു. എങ്കിലും അതോടൊപ്പം അപരാഹ്നത്തിലെ നിഴൽ പോലെ ശ്രീനാരായണ സന്ദേശങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കലുകളും വേറെ നടക്കാതെയുമിരിക്കുന്നില്ല. അതിനാൽ ശ്രീനാരായണ ധർമത്തിന്റെ രക്ഷാഭടന്മാർ തത്വപ്രചാരണത്തിൽ നിത്യജാഗരൂകരായിത്തന്നെ കഴിയേണ്ടിയിരിക്കുന്നു. അവർ എന്നും ഉത്തരം പറയേണ്ട ഒരു ചോദ്യമുണ്ട്.

‘ശ്രീനാരായണൻ ആര്’ എന്ന ചോദ്യം.

ഓരോ തലമുറയും ഈ ചോദ്യം ചോദിച്ചുകൊണ്ടായിരിക്കും ശ്രീനാരായണനെ സമീപിക്കുന്നത്. ശ്രീനാരായണഗുരുവിനെ അറിയാൻ രണ്ടുവഴിയാണല്ലോ നമ്മുടെ മുൻപിലുള്ളത്. ഒന്ന് ആചാര്യന്റെ ചിന്താനിധികളായ കൃതികൾ ശ്രദ്ധിച്ചു പഠിക്കുക. രണ്ട് അദ്ദേഹത്തിന്റെ കർമസഞ്ചയം അപഗ്രഥിച്ചു മനസ്സിലാക്കുക. ആദ്യത്തേത് അധികം പേരും ചെയ്തു കാണുന്നില്ല. ചില പണ്ഡിതന്മാർക്ക് വിട്ടുകൊടുത്തിരിക്കുകയാണ് അക്കാര്യം എന്നു തോന്നുന്നു. പ്രൊഫ. ജി. ബാലകൃഷ്ണൻ നായരുടെ സമഗ്രവ്യാഖ്യാനത്തോടെ ഗുരുദേവകൃതികൾ ഒരു ഗ്രന്ഥാവലിയുടെ രൂപത്തിൽ പ്രസിദ്ധീകരിക്കുക എന്നതാണ് ഈ കാൽവയ്പിന്റെ ലക്ഷ്യം. എന്നാൽ ഈ കാൽവയ്‌പിയിൽ രണ്ടാമത്തെ മാർഗമാണ് ഗുരുദേവനെ മനസ്സിലാക്കുവാൻ സാധാരണയായി അവലംബിച്ചുകാണുന്നത്. ചില ആപൽഗർത്തങ്ങൾ ആ വഴിക്കുള്ളതുകൊണ്ട് ആദ്യം ചിലതു പറഞ്ഞുകൊള്ളട്ടെ. ശ്രീനാരായണന്റെ അപദാനസമൃദ്ധമായ ജീവിതത്തെ ഒരു ഇതിഹാസമായി കാണാമെങ്കിൽ ശ്രീനാരായണൻ ആരായിരുന്നു എന്ന ചോദ്യം ഒരു ജിജ്ഞാസുവിന്റെ ഉള്ളിൽ സ്വാഭാവികമായി പൊന്തി വരാതിരിക്കില്ല. അഭിജ്ഞന്മാരുടെ സമാധാനങ്ങൾ എല്ലാ “ജയന്തി’ ‘സമാധി ദിനങ്ങളിലും, സൗകര്യമുള്ള മറ്റു ദിനങ്ങളിലും നാം ധാരാളം കേട്ടുകൊണ്ടിരിക്കാറുള്ളതാണ്. ആരും അദ്ദേഹത്തെ തള്ളിപ്പറയാറില്ല. ഒരു നിലയ്ക്കുകണ്ടാൽ ഈ സമസ്താങ്ഗീകരണം ഒരു ഭാഗ്യം തന്നെയാണ്. മറ്റു നിലയ്ക്ക് മഹാന്മാരുടെ ജീവിതങ്ങളുടെ ഒരു കൊടിയ ട്രാജഡിയും ആണത്.

എല്ലാ വിഭാഗക്കാരും ചിന്താഗതിക്കാരും പ്രസ്ഥാനക്കാരും ഒരാചാര്യനെ വാഴ്ത്തിയും അംഗീകരിച്ചും സംസാരിക്കുമ്പോൾ അതു സൂക്ഷിക്കുകതന്നെ വേണം. തങ്ങൾക്കനുകൂലമായതുമാത്രം അദ്ദേഹത്തിൽ നിന്നു കൈക്കൊള്ളുകയും അതിന്റെ പേരിൽ മാത്രം അദ്ദേഹത്തെ വാഴ്ത്തുകയും തങ്ങൾക്കു പ്രതികൂലമായ വല്ലതും അദ്ദേഹത്തിന്റെ സന്ദേശസ്തോമത്തിലുണ്ടെങ്കിൽ അതിന്റെ മുൻപിൽ ഔദാസീന്യനയം അനുവർത്തിക്കുകയും ചെയ്യുകയാണ് അവരുടെ കൗശലം എന്നു സ്പഷ്ടമാണ്.

ഇന്ന് ഗുരു പലർക്കും പലതാണ്. നമ്മുടെ മഹനീയമായ ഒരുല്ലേഖാലങ്കാരമായിത്തീർന്നിരിക്കുകയാണ് അദ്ദേഹം എന്നു പറഞ്ഞാൽ തെറ്റില്ല. ശ്രീനാരായണഗുരുവിനെപ്പറ്റിയുള്ള വ്യത്യസ്തങ്ങളായ ഈ ഉത്തരങ്ങൾ പരിശോധിച്ചാൽ അവ തമ്മിൽ എത്രമാത്രം ഈഷദ് വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ടു ബിന്ദുക്കളെ കേന്ദ്രീകരിച്ചുകൊണ്ട് കറങ്ങിക്കളിക്കുന്നവയാണ് അവയെന്നു കാണാം. ഒരു ബിന്ദു ശ്രീനാരായണൻ തികഞ്ഞ അദ്വൈതിയും, മഹാത്മാവായ സന്യാസിയും, ആർഷഭാരതത്തിന്റെ അഭിനവപ്രകാശനവുമാണെന്നുള്ള അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. മറ്റേ ബിന്ദു ശ്രീനാരായണൻ ഒരു സമൂഹ പരിഷ്കർത്താവും അനാചാരവിധ്വംസകനും ആയ ഒരു ജനനേതാവാണെന്ന് ചിന്തയിലും. ഇതു രണ്ടും ആത്യന്തിക പക്ഷങ്ങളാണെന്നു സ്പഷ്ടം. ശ്രീനാരായണൻ അദ്വൈതിയല്ലെന്നോ സമൂഹപരിഷ്കർത്താവല്ലെന്നോ ആർക്കും വാദിച്ചുനിൽക്കാൻ സാധ്യമല്ലല്ലോ. മേലേ ചൂണ്ടിക്കാണിക്കപ്പെട്ട ആത്യന്തികപക്ഷങ്ങളുടെ അടിസ്ഥാനം ഇതാണ്. എന്നാൽ ശ്രീനാരായണൻ സമൂഹപരിഷ്കർത്താവാണെന്നതുകൊണ്ട് സമൂഹപരിഷ്കർത്താവു മാത്രമാണെന്നു വാദിക്കുന്നത് ശരിയാകുമോ എന്നു നാം സൂക്ഷ്മമായി ചിന്തിച്ചേ പറ്റൂ.

ഈ ചോദ്യത്തോടൊട്ടി നിൽക്കുന്ന ചോദ്യമാണ് ശ്രീനാരായണൻ അദ്വൈതിയായതുകൊണ്ട് അദ്വൈതി മാത്രമാണെന്നു വാദിക്കാമോ എന്നതും. ആചരണവും പ്രചാരണവും തമ്മിൽ അഥവാ സന്ദേശവും ജീവിതവും തമ്മിൽ രൂപസൗഭാഗ്യത്തോടെ അഭിന്നങ്ങളായി പ്രവർത്തിച്ചിരുന്ന ഒരഭിവ്യക്തിയായിരുന്നു സ്വാമികൾ. അതുകൊണ്ട് നമ്മുടെ അഭിനവനേതാക്കളിൽ പലരുടേയും വാക്കിനെ പിൻതുടർന്നാൽ അവരുടെ ജീവിതത്തെയോ മറിച്ചോ കണ്ടെത്താൻ വയ്യെന്നുള്ള ദുരവസ്ഥ സ്വാമികളെ പഠിക്കുന്നവരെ നേരിടുവാനിടയില്ല. നാനാ വർണനകളുടെയും ശബളഭാവനകളുടെയും നടുവിൽ ഒരേകരസം സ്ഫുരിക്കുന്ന അനവദ്യമായ കാവ്യം പോലെ ആചാര്യന്റെ ജീവിതത്തിലെ ആശ്ചര്യകരങ്ങളായ വാക് കർമങ്ങളുടെ ഉള്ളിലൂടെ ഒരു മഹാദർശനത്തിന്റെ ഏകാന്തശോഭ എന്നും പ്രസരിച്ചുകൊണ്ടിരുന്നു. ഒരു കാവ്യത്തിലെന്നപോലെ ഒരു മഹാത്മാവിലും അത്തരം സമന്വയ ചൈതന്യം പ്രവർത്തിക്കുന്നുണ്ടായിരിക്കണമല്ലോ. തടിയെ വാരിയെല്ലുകൾ കൊണ്ടു വരിഞ്ഞുകെട്ടി വളയാതെ നിർത്തുന്ന നട്ടെല്ലിന്നൊപ്പം അത് ഉദ്ഗ്രഥിത ചിത്തനായ ഒരു മനുഷ്യന്റെ വിഭിന്ന വിചിത്രങ്ങളായ പ്രവർത്തനങ്ങളെ സംയോജിപ്പിച്ച് അർത്ഥവും ലക്ഷ്യവും ഉള്ളതാക്കി മാറ്റുന്നു. ശ്രീനാരായണ ഗുരുവിന്റെ അതിവിപുലങ്ങളായ കർമങ്ങൾക്ക് അർഥ ലക്ഷ്യങ്ങൾ പ്രദാനം ചെയ്ത ആ സമന്വയചൈതന്യം ഏതാണ്?

വളരെക്കാലം മുമ്പ് ശിവഗിരി തീർഥാടക സമ്മേളനങ്ങളിലൊന്നിൽ വച്ച് ശ്രീ. കെ. അയ്യപ്പൻ പ്രസംഗിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. “ശ്രീനാരായണൻ മുമ്പു പറഞ്ഞതും പിൻപു പറഞ്ഞതും എന്നും പറഞ്ഞതുമായി ഒരു അഭിപ്രായമുണ്ട്. അതു ജാതിവ്യത്യാസം ഇല്ലാതാക്കണമെന്നുള്ളതാണ്; അതാണദ്ദേഹത്തിന്റെ ജീവിത സന്ദേശം. ഞാൻ ഈ പ്രസ്താവനയോട് നൂറുശതമാനത്തിൽ കൂടുതൽ യോജിക്കാൻ വയ്യാത്തതുമൂലം നൂറുശതമാനം യോജിപ്പു പ്രകടിപ്പിച്ചു കൊണ്ട് നിർത്തുന്നു എന്നാണ് ശ്രീ അയ്യപ്പൻ പ്രസ്താവിച്ചത്. പറഞ്ഞുതന്നെ പ്രവർത്തിച്ച ഒരാചാര്യനെപ്പറ്റി പറഞ്ഞു എന്നു പറഞ്ഞാൽ പ്രവർത്തിച്ചു എന്നാണർഥം. ശ്രീനാരായണ ഗുരു ജനിച്ചതും ജീവിച്ചതും കേരളത്തിൽ എന്നപോലെ ലോകത്തിൽ എവിടെയും ഉള്ള ജാതിഭേദകൃതമായ അനൈക്യത്തെ ഉച്ചാടനം ചെയ്യാനായിരുന്നു.

ഒരു സവിശേഷ ലക്ഷ്യത്തിനു വേണ്ടി ജീവിതം ആകമാനം സമർപ്പിച്ച ഏകാന്തവതരെ അവതാരങ്ങൾ എന്നു വിശേഷിപ്പിക്കാമെങ്കിൽ ആധുനിക കേരളത്തിൽ ശ്രീനാരായണാവതാരത്തിന്റെ ഉദ്ദേശം ജാതി വിപാടനമായിരുന്നു. തന്റെ യൂട്ടോപ്യയിൽ അദ്ദേഹം ചെക്കു പോസ്റ്റുറപ്പിച്ചു നിരോധിച്ചത് രണ്ടെണ്ണമായിരുന്നു. ഒന്ന് മദ്യം മറ്റേതു ജാതിഭേദം. ഒരു ജാതിയെന്നാണ് കാതലായി അദ്ദേഹം പറഞ്ഞുവെച്ചത്. “ഒരു മതം, ഒരു ദൈവം മനുഷ്യന് ഒരു യോനിയൊരാകാരം ഒരു ഭേദവുമില്ലിതിൽ’ എന്നദ്ദേഹം തുടർന്നു പാടിയത് ആ സന്ദേശത്തിന്റെ വ്യാഖ്യാനവും ഉപബൃഹണവുമായിട്ടാണ്. മതങ്ങളും ദൈവങ്ങളും വേഷഭാഷാ ഭൂഷാദികളും എല്ലാം വ്യത്യസ്ത ജാതികളുടെ ഉപാധികളായി വളർന്നു തടിക്കുന്ന കണ്ട് അവയിലുള്ള ബഹുത്വത്തെ നിരാകരിക്കുകയും ഏകത്വത്തെ ഘോഷിക്കുകയുമാണ് ഗുരുദേവൻ ചെയ്തത്. ശ്രീനാരായണന്റെ വാക്കുകൾ മുൻനിർത്തി അനുമാനിക്കുന്നതാണ് ശരിയെങ്കിൽ അദ്ദേഹം ജാതിവ്യത്യാസ വിരോധമാണ് പ്രസംഗിച്ചത്. ജാതിവിരോധമല്ല. കാരണം അദ്ദേഹം മനുഷ്യജാതിയുടെ വക്താവാണ്. ജാതിവിരോധം എന്നു സാധാരണമായി പറഞ്ഞുവരുന്നതിന് ജാതിഭേദ വിരോധം എന്ന അർത്ഥം കണ്ടുകൊള്ളേണ്ടതാണ്. ലാക്ഷണികമായി ആ അർത്ഥം പ്രയോഗത്തിനുണ്ടുതാനും.

ശ്രീനാരായണൻ സമൂഹപരിഷ്കരണത്തിനിറങ്ങിയത് ജാതിഭേദത്തിന്റെ കെടുതി കണ്ടിട്ടാണ്. അദ്ദേഹം അദ്വൈതം തേടിപ്പോകേണ്ടിവന്നതു പ്രതികൂലമായ ഒരു തത്വശാസ്ത്രത്തെ അന്വേഷിച്ചിറങ്ങിയതുകൊണ്ടാണ്. സ്വാമികളിലെ സാമൂഹ്യപരിഷ്കർത്താവും, അദ്വൈതിയും എവിടം തൊട്ടു എത്രത്തോളം എങ്ങനെയെല്ലാം ഇണങ്ങിച്ചേരുന്നു എന്ന് മേൽ പ്രസ്താവിച്ച പ്രസ്താവത്തിൽ നിന്ന് ഊഹിക്കാവുന്ന കാര്യങ്ങൾ മാത്രമാണല്ലോ. സ്വാമികൾ ജന്മനാ യോഗിയും അദ്വൈതിയും ആയിരുന്നില്ലെന്നല്ല പറയുന്നത്. ആയാൽ തന്നെ ആ പ്രവണതയെ തട്ടിഉണർത്തുന്ന ഒരുദ്ദീപനഹേതു വേണമല്ലോ. അതായിരുന്നു അന്നു കേരളം അനുഭവിച്ചുപോന്ന ജാതി ദുഃഖം. ആ ദുഃഖം കണ്ടു ദുഃഖിച്ച നാരായണൻ ഒരു രണ്ടാം ബുദ്ധനെപ്പോലെ ജാതിസൃഷ്ടമായ സമൂഹപാപങ്ങൾ തനിക്കു ചുറ്റും ക്രൂരമായി കടന്നുകൂടിക്കിടക്കുന്നതു കണ്ടിട്ടാവണം ശ്രീനാരായണൻ ജാതി വിപരീതമായി ചിന്തിച്ചുതുടങ്ങിയത്. തബുദ്ധി മനുഷ്യനെ എത്ര ചീത്തയാക്കുമെന്ന് അദ്ദേഹം കേരളത്തിലെ ജാതി വിലാസത്തിൽ നിന്ന് മനസ്സിലാക്കി. വേദാന്തം പഠിച്ചിട്ട് ജാതി കണ്ടതല്ല. ജാതികണ്ടിട്ടു വേദാന്തം പഠിച്ചതാണെന്നു ചുരുക്കം. ആകയാൽ സ്വാമികളുടെ ആദ്യത്തെ വേദാന്തഗുരു തനിക്കു ചുറ്റും ഇരമ്പിമറിഞ്ഞിരുന്ന പാപപാരാവാരമായ ജീർണസമുദായം തന്നെയാണെന്ന് സമ്മതിക്കണം.

തഴ്സസ്റ്റൻ, ബർടൻ, ലോഗൻ, പത്മനാഭമേനോൻ എന്നിവരുടെ ചരിത്ര വിവരണങ്ങളിൽ അതിന്റെ ജുഗുപ്സാവഹമായ നഖചിത്രങ്ങൾ കാണാം. പുലയനെ ഈഴവനും, ഈഴവനെ തീയനും, ഇവരെയെല്ലാം സവർണ സമുദായങ്ങളും ബ്രാഹ്മണരും അകറ്റിയും അമർത്തിയും ഒരുതരം മാത്സ്യന്യായമനുസരിച്ച് ജീവിച്ചിരുന്ന കാലം. അമേരിക്കയിലെ ആദിമനിവാസികളോട് സ്പെയിനിലെ ഘാതകന്മാർ കാണിച്ച കിരാതപ്രായമായ ദുഷ്ടതകളോട് കിടനില്ക്കും ജാതിയുടെ പേരിൽ കേരളത്തിൽ നടന്ന മഹാദ്രോഹങ്ങൾ എന്നു കുമാരനാശാൻ ആ കാലത്തെ ഊഷ്മളാക്ഷരങ്ങളാൽ ഒരിടത്ത് ആലേഖനം ചെയ്തിട്ടുണ്ട്. അത്തരം കിരാതകാലഘട്ടങ്ങൾ ആർദ്രമൃദുലങ്ങളും സംവേദന ക്ഷമങ്ങളുമായ ചില ഹൃദയങ്ങളെ ആഴത്തിൽ മുറിപ്പെടുത്താറുണ്ട്. ശ്രീനാരായണഗുരുവിന്റെ ഹൃദയം അങ്ങനെ വ്രണിതമായപ്പോൾ ജാതിയുടെ കുരിശു ചുമന്നു കൊണ്ടുള്ള അദ്ദേഹത്തിന്റെ ദീർഘധീരമായ പ്രയാണം ആരംഭിച്ചു. ആ പ്രയാണത്തിനിടയിലാണ് അദ്ദേഹം അദ്വൈതാചാര്യനായി വിളികൊണ്ടത്. അദ്വൈതം എങ്ങനെ സ്വാമി കണ്ടെടുത്തു എന്നന്വേഷിക്കുന്നതു രസാവഹമായിരിക്കും.

ഭാരതീയ തത്വചിന്തയിൽ ജാതിവിപരീതമായ ഒരു നിലപാട് ഏതെങ്കിലും തരത്തിൽ എടുത്ത രണ്ടു പ്രസ്ഥാനങ്ങളുണ്ട്. അവയത്രെ ഭക്തി പ്രസ്ഥാനങ്ങളും അദ്വൈതവും. ഇവയിൽ ഒന്നാമത്തേതു വൈകാരികതലത്തിലൂടെയും രണ്ടാമത്തേതു വൈചാരിക തലത്തിലൂടെയും മുന്നോട്ടു ചെന്ന് അനുഭവികതലത്തിൽ വച്ച് ആത്മക ദർശനം സാധിക്കുന്നു. ആദ്യത്തെ മാർഗത്തിലൂടെ മാത്രം സഞ്ചരിച്ചാൽ മതിയാവുകയില്ലെന്ന് അദ്ദേഹം വേഗം മനസ്സിലാക്കി. ജാതിഭേദം എന്നത് ഒരു സമൂഹ ദുഷ്കൃതമാകയാൽ വ്യക്തി യുടെ ആന്തരാനുഭൂതിയുടെ മണ്ഡലത്തിൽ വച്ച് മനുഷ്യൈക്യം സാക്ഷാൽക്കരിക്കുവാൻ സഹായിക്കുന്ന ഭക്തിയുടെ വികാരശക്തികൊണ്ട് ആ സമൂഹദുഷ്കൃതം ഇരുപതാം നൂറ്റാണ്ടിൽ മാഞ്ഞുപോവുകയില്ലെന്നു വ്യക്തമായിരുന്നു. ഒരു വിപുലമായ സാമൂഹ്യപ്രസ്ഥാനമായി താൻ വളർത്തിയെടുക്കുവാൻ ഉദ്ദേശിച്ചുകൊണ്ടിരുന്ന ജാതിവ്യത്യാസ ധ്വംസനവാദത്തെ താങ്ങിനിർത്തുവാനായി വിജ്ഞാനം കൊണ്ടും ചിന്തകൊണ്ടും വികസ്വരവും അനുക്രമം സ്വതന്ത്രവും ആയിക്കൊണ്ടുവരുന്ന ഒരു ജനതയുടെ ബുദ്ധിയേയും ചിന്താഗരിമയേയും പ്രചോദിപ്പിക്കുവാൻ കഴിവുള്ള ഉലയാത്ത ഒരു തത്ത്വ ശാസ്ത്രമായിരുന്നു അദ്ദേഹത്തിന് യഥേഷ്ടം അദ്വൈതത്തിൽനിന്നു ലഭിച്ചത്.

സത്യം ഏകമാണെന്നും നാനാത്വം മിഥ്യയാണെന്നും ശ്രുത്യനുഭവ പ്രമാണങ്ങളുടെ അകമ്പടിയോടെ ഘോഷിച്ചുകൊണ്ടു നടന്നിരുന്ന അദ്വൈതത്തിന്റെ തത്ത്വങ്ങൾ ജാതിവിനാശ പരിപാടിയുടെ അധിഷ്ഠാന ശിലകളായിരിക്കാൻ അർഹങ്ങളാണെന്ന് സൂക്ഷ്മബുദ്ധിയായ ആചാര്യൻ കണ്ടു. അനുഭവനിഷ്ഠമായ ആ തത്വശാസ്ത്രത്തെ സ്വന്തം ജീവിതത്തിൽ എത്രത്തോളം സാക്ഷാൽക്കരിക്കാമോ അത്രത്തോളം അദ്ദേഹം സാക്ഷാൽക്കരിക്കുകയും ചെയ്തു. ധൈഷണികമായും ആനുഭവികമായും അദ്വൈതതത്വങ്ങളിൽ മുങ്ങി സഞ്ചരിച്ച് ആത്മഗരിമയുണ്ടാക്കാനാകണം സ്വാമികൾ നാലു ദശാബ്ദത്തോളം ഒച്ചപ്പാടില്ലാതെ ഒളിഞ്ഞുകഴിഞ്ഞത് എന്നു കരുതുന്നത് ന്യായമാണ്. ആ മൂകദശയിൽ സഞ്ചയിച്ച സത്യദർശനത്തിന്റെ പ്രകാശകണികകളാണ് ‘ആത്മോപദേശശതക’ത്തിനും ‘ദർശനമാല’യ്ക്കും ഉയിർകൊടുത്തത്.

“ചൈതന്യാദാഗതം സ്ഥലസുക്ഷാത്മകമിദം ജഗത്” എന്നൊക്കെ ശങ്കരന്റെ ശൈലിയിൽ ഉപനിഷത് സത്യങ്ങൾ രേഖപ്പെടുത്തിയ സ്വാമികൾ അദ്വൈതിയല്ലെന്നോ ആസ്തികനല്ലെന്നോ പറയാൻ ആന്ധധൈര്യം അധികമുള്ളവർക്കേ കഴിയൂ. ഇപ്പറഞ്ഞതു കൊണ്ടു ശ്രീനാരായണൻ ശങ്കരാചാര്യരുടെ നവ പാദുർഭാവമാണ് എന്ന് ഞാൻ പറയുന്നതായോ ചൂണ്ടുന്നതായോ ധരിച്ചുകളയരുത്. ശങ്കരനും അദ്ദേഹത്തിനു മുമ്പും പിൻപും വന്ന അനേകം അദ്വൈത പണ്ഡിതന്മാരും ജാതിസ്പർദ്ധയുടെയും മറ്റും ഫലമായുണ്ടായ സമൂഹ ജീർണതകളുടെ നടുവിൽ ജീവിച്ചിട്ടും ഇങ്ങനെ ഒരു ജാതിഭേദ നിരാസത്തിനു മുതിരുകയുമുണ്ടായില്ല; എന്തുകൊണ്ട് അതിന് രണ്ടു കാരണം പറയാം.

ഒന്ന്, അക്കാലത്ത് പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിലെന്ന പോലെ ജാതിയെ ബോധപൂർവം വെറുക്കാനും ചെറുക്കാനും തുടങ്ങിയിരുന്നില്ല. ടോയിൻബിയുടെ ഭാഷയിൽ അന്ന് അത് ഒരു ‘ചാലഞ്ച്’ ആയി ഉയർന്നിരുന്നില്ല. ഈ വെല്ലുവിളി ഉയരുമ്പോഴാണ് അതിന്റെ പരിഹരണത്തിനുവേണ്ടിയുള്ള പ്രതികരണം ഉണ്ടാവുക. ശ്രീനാരായണന്റെ കാലം ആ വെല്ലുവിളിയുടേതായിരുന്നു. ജാതിവിരോധത്തിന് പരിപാകം വന്ന ഒരു യുഗത്തിൽ ശങ്കരൻ പിറക്കാത്തതിനാൽ അന്നദ്ദേഹം അദ്വൈതത്തിന്റെ ജാതിവിരുദ്ധ പ്രവതകളെ വേണ്ടവണ്ണം മനസ്സിലാക്കിയില്ല. കാശിയിൽ വച്ച് വ്യാസൻ ചണ്ഡാലരൂപത്തിൽ അടുത്തുവന്ന് അദ്വൈത തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ജാതിനിഷേധം നടത്തിയപ്പോഴും ആ ചണ്ഡാലനെ സ്വന്തം ഗുരുവായിക്കാണുവാനല്ലാതെ അതിനപ്പുറം ചെന്ന് ജാതിഭേദത്തെ സമൂഹതലത്തിൽ വച്ചു തന്നെ നിഷേധിക്കുവാൻ ശങ്കരാചാര്യർക്കു തോന്നിയിരുന്നില്ല. കാലത്തിന്റെ ലീലയാണ് അഥവാ ചരിത്രത്തിന്റെ വികൃതിയാണ് ഇതിനു കാരണം.

ശ്രീനാരായണഗുരു അന്നു ജനിച്ചിരുന്നെങ്കിൽ ശങ്കരാചാര്യരാകില്ലയെന്നുഏതായാലും എനിക്ക് ഏറെക്കുറെ തീർച്ചയാണ്. ചണ്ഡാലരൂപിയായ വ്യാസനായിട്ടായിരിക്കും അവിടുന്ന് അവതരിക്കുക. ശങ്കരാചാര്യരും മറ്റും ജാതിഭേദനിരാസത്തിന് കോപ്പിട്ടിറങ്ങാതിരിക്കാനുള്ള മറ്റേക്കാരണം വ്യക്തിതലത്തിൽ ജീവാത്മാവിനുണ്ടാകേണ്ട ഒരവസ്ഥാവിവർത്തമാണ് അദ്വൈതാനുഭൂതിയെന്നും സാമൂഹ്യജീവിതത്തിലെ ദ്വൈതദോഷങ്ങളെയെല്ലാം മിഥ്യയെന്നും മായയെന്നും മറ്റും ഉപാലംഭിച്ചു അവയെ പരിഹരിച്ചതായി കണക്കാക്കാമെന്നും അവർ കരുതിയതാണ്.

ആ ധാരണയെ ശ്രീനാരായണൻ തിരുത്തി. അദ്വൈതത്തിൽ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, വ്യാവഹാരിക മണ്ഡലത്തിലായാൽപ്പോലും ദ്വൈത പ്രകടനങ്ങളുടെ അതിദുഷ്ടഫലങ്ങളെ നോക്കിയിരിക്കാതെ അവയുടെ ദൂരീകരണത്തിനു ശ്രമിക്കണം എന്ന് നമ്മുടെ ഗുരുഘോഷിച്ചു. നൂറ്റാണ്ടുകളിലൂടെ ഉറങ്ങിക്കഴിയുകയായിരുന്ന അദ്വൈതം അതോടെ പുതുജീവനോടെ മുന്നേറാൻ തുടങ്ങി. അദ്വൈതിക്ക് സമൂഹസേവനത്തിനുള്ള മാർഗം അങ്ങനെ തെളിയിക്കപ്പെട്ടു. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ പിറക്കുകയും ഇവിടത്തെ അത്യന്തദയനീയങ്ങളായ ജീവിത യാഥാർഥ്യങ്ങളെ നേരിടുകയും ചെയ്ത ഉത്തമ സന്യാസിമാരെല്ലാം ഈ മട്ടിൽ സമൂഹസേവനം അനിവാര്യമാണെന്നു വിശ്വസിച്ചവരായിരുന്നു. സ്വാമി വിവേകാനന്ദൻ മുതലായവർ ഉദാഹരണം.

ശ്രീ നാരായണൻ വിവേകാനന്ദൻ പോയതിൽ കൂടുതൽ സമൂഹോദ്ധാരണത്തിനുവേണ്ടി മുന്നോട്ടുപോയി. ഇന്ത്യയുടെ അദ്വൈത പ്രതിഭ ഇപ്രകാരം പ്രത്യുദ്ധരിക്കപ്പെട്ടു. തന്റെ ആത്മാവ് പ്രാപിച്ചതോ ദർശിച്ചതോ ആയ ആന്തരൈക്യ സത്യത്തിന്റെ നിദാനമായ ഏക ചൈതന്യബോധം നാടുനീളെ പരത്തി ജനഹൃദയങ്ങളെ അതുകൊണ്ട് ആർദ്രവും സാന്ദ്രവുമാക്കിക്കൊണ്ട്ഒരേക ലോകത്തെ സൃഷ്ടിക്കുക എന്നതായിരുന്നു സമൂഹസേവകനായ ആ അദ്വൈതിയുടെ പരമലക്ഷ്യമെന്ന് എനിക്കു തോന്നുന്നു. അന്ധവിശ്വാസ നിരപേക്ഷവും, മൗലിക യുക്തികലർന്നതും ഈ ശാസ്ത്രീയ യുഗം പോലും തള്ളിപ്പറയാൻ ഒരുമ്പെടാത്തതുമായ ഒരു മതബോധം ശ്രീനാരായണന്റെ ആ ദർശനത്തിൽ അടങ്ങിയിരിപ്പുണ്ട്. “ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം;” എന്ന് 1908-ലെ യോഗവാർഷികത്തിന് സ്വാമി അയച്ച സന്ദേശത്തിൽ അദ്ദേഹത്തിന്റെ വിശ്വവ്യാപ്തിയാർന്ന ആത്മീയ ലക്ഷ്യം പ്രതിബിംബിച്ചിരിക്കുന്നു. ഗുരുവിന്റെ പ്രാജ്ഞശിഷ്യരിൽ ഉത്തമനായ കുമാരനാശാനും ഇതേ അഭിപ്രായക്കാരനായിരുന്നു. 1902-ൽ പ്രകാശനം ചെയ്ത യോഗനിയമാവലിയുടെ മുഖവുരയിൽ മഹാകവി പ്രസ്താവിച്ചത്. ഇന്ത്യയെ ഉയർത്താൻ മതത്തിന്റെ കൈപ്പിടി ആവശ്യമാണെന്ന വിവേകാനന്ദന്റെ പ്രഖ്യാപനം ഉത്കൃഷ്ടമായ ഒരു ഉപദേശമാണെന്നാണ്. വിവേകാനന്ദൻ പ്രചരിപ്പിക്കാനുദ്ദേശിച്ച ഒരു സാർവലൗകികമതം ഉണ്ടായിരുന്നല്ലോ. നമുക്കതിന്റെ ശബ്ദം ഒരു നാടൻ സന്യാസിയുടെ നാക്കിന്റെ തലപ്പത്തുനിന്നു തന്നെ കേൾക്കാൻ കഴിഞ്ഞത് ഒരു വലിയ നേട്ടമായി. അതിന്റെ പശ്ചാത്തലത്തിൽ നിന്നുവേണം സ്വാമിയുടെ സമൂഹ സേവനങ്ങളെ നോക്കിക്കാണേണ്ടത്. അങ്ങനെ കണ്ടില്ലെങ്കിൽ കേരളത്തിലെ അവർണ സമുദായങ്ങൾ വിദ്യാഭ്യാസം ചെയ്തും വ്യവസായം നടത്തിയും നന്നാകണമെന്നു പറഞ്ഞു കടന്നുപോയ ഒരു തനി സാധാരണ നേതാവാണ് ശ്രീനാരായണനെന്നു വന്നു കൂടാനിടയുണ്ട്. അതൊക്കെ വേറെ പലരും ഇവിടെയും വെളിയിലും പറഞ്ഞിട്ടുണ്ടെന്നും അവരാരും ശ്രീനാരായണ ഗുരുദേവന്മാരായിട്ടില്ലെന്നും നാം മറന്നുകളയരുത്.

രണ്ടുതരം സമൂഹസേവകരുണ്ടെന്ന് ആൽഡസ് ഹക്സി പറയുന്നു. അന്തിമലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ചുരുക്കം ചിലരും താൽക്കാലിക ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ഭൂരിപക്ഷവും. ശ്രീനാരായണനെ രണ്ടാം വിഭാഗത്തിൽപ്പെടുത്താൻ, ആ വിഭാഗത്തിൽപ്പെടുന്ന നേതാക്കളിൽ നിന്നും സാമൂഹ്യസേവകരിൽ നിന്നും പലകാലമായി നടന്നു വരുന്ന പ്രചാരവേലകളെല്ലാമായിട്ടും, സ്വാമിയെ ഇപ്പോഴും ജനലക്ഷങ്ങൾ ആദ്യവിഭാഗത്തിൽ തന്നെ പെടുത്തുന്നത് ഒരാശ്ചര്യമാണ്. ശ്രീനാരായണന്റെ മതം ‘മതവിരോധത്തിന്റെ മതം’ ആണെന്ന് ഒരു യുക്തിവാദി നേതാവ് എഴുതിയതു നിങ്ങൾ വായിച്ചിരിക്കും നാരായണഗുരു’ എന്ന സമാഹാര ഗ്രന്ഥത്തിൽ “മതവിരോധത്തിന്റെ മതം” എന്ന ലേഖനം നോക്കുക. ഇവരൊക്കെശ്രമിക്കുന്നവരല്ല, മറിച്ച് തങ്ങളുടെ മാതൃകയിൽ ശ്രീനാരായണനെ രൂപാന്തരപ്പെടുത്തിക്കാണിക്കാൻ വ്യഗ്രതപ്പെടുന്ന അതിസമർഥരാണ്. നിങ്ങളുടെ ദൃഷ്ടിയിൽ മതവിശ്വാസം തെറ്റാണെങ്കിൽ ശ്രീനാരായണന്റെ മതവിശ്വാസത്തെ യുക്തിയുക്തമായി എതിർക്കാനുള്ള ധീരത പ്രദർശിപ്പിക്കുകയാണു വേണ്ടത്. അതിനു പകരം അദ്ദേഹത്തെ നിങ്ങൾക്കൊപ്പം നിർമതനാക്കാൻ ശ്രമിക്കുന്നത് യുക്തിയുടെ മാത്രം നിഷേധമല്ല, സത്യത്തിന്റെയും സാമാന്യനീതിയുടെയും നിഷേധം കൂടിയാണ്.

ഈ കാലഘട്ടത്തിൽ ശ്രീനാരായണന്റെ വ്യക്തിത്വത്തെ അദ്ദേഹത്തിന്റെതന്നെ വാക്കുകളിലൂടെയും കർമങ്ങളിലൂടെയും മനസ്സിലാക്കേണ്ടതിന്റെ അത്യാവശ്യകത ഊന്നിപ്പറയാനാണ് ഞാൻ ഇത്രയും വിവരിച്ചത്. മഹാപുരുഷന്മാരുടെ ആദർശ മാതൃകയുടെ രൂപാന്തരീകരണങ്ങൾ എല്ലാക്കാലത്തും എല്ലാ ദേശത്തും നടന്നിട്ടുണ്ട്. ജീവചരിത്രകാരനായ പ്ലൂട്ടാർക്ക് ഈ രൂപവക്രീകരണ പ്രവണതയെപ്പറ്റി സരസമായി ഇപ്രകാരം പറയുകയുണ്ടായി.

“പ്ലൂട്ടാർക്ക് എന്നൊരാൾ ജീവിച്ചിരുന്നില്ലെന്നു പറഞ്ഞു പരത്തിയാലും സാരമില്ല. കുട്ടികളെ തിന്നുന്ന പ്ലൂട്ടാർക്ക് ജീവിച്ചിരുന്നു എന്നു പ്രചരിപ്പിക്കപ്പെടാതിരിക്കേണമേ!”

അതേ, ശ്രീനാരായണ വിഷയകമായ പ്രാർഥന അതാണ്.
ശ്രീനാരായണൻ ജീവിച്ചിരുന്നില്ലെന്നു പറഞ്ഞാൽ സാരമില്ല. കാരണം അതിപ്രത്യക്ഷമായ അസത്യമാകയാൽ അതാരും വിശ്വസിക്കാൻ പോകുന്നില്ല. എന്നാൽ മതവിരോധിയും ഈശ്വരനിഷേധിയുമായ ഒരു ശ്രീനാരായണൻ ജീവിച്ചിരുന്നുവെന്നും അദ്ദേഹം ഒരു സാധാരണ സാമൂഹ്യപ്രവർത്തകനായിരുന്നുവെന്നും പ്രചരിക്കപ്പെടുന്നത് അത് പ്രകടമായ അസത്യമല്ലായ്കയാൽ ആളുകൾ വിശ്വസിക്കാനിടയുണ്ട്.

പക്ഷേ ഇത്തരം അസത്യങ്ങളുടെയും ചെമ്പ് കാലക്രമേണ തെളിയാതിരിക്കില്ല. കാരണം ഗുരു ആരാണെന്ന് സ്വയം വിളിച്ചുപറയുന്ന ഗുരുവചനങ്ങൾ ഗഹനപ്രതിധ്വനികളോടെ ഇവിടെ ഇന്നും മുഴങ്ങുന്നുണ്ട്. പ്രാചീനമായ അദ്വൈത വിചാരത്തിന്റെ വെളിച്ചത്തിൽ വർത്തമാനകാലത്തിൽ കേരളത്തിൽ ജാതി തുടങ്ങിയ അനാചാരങ്ങളിലൂടെ നടന്ന അദ്വൈത നിഷേധത്തെ എതിർത്തുകൊണ്ട് നവകാല പ്രസക്തിയോടെ അദ്വൈതബോധത്തെ വീണ്ടും ഇവിടത്തെ ജനങ്ങളുടെ ഹൃദയങ്ങളിൽ അചഞ്ചലമായി പ്രതിഷ്ഠിക്കാനുള്ള പ്രയത്നമാണ് ശ്രീനാരായണന്റെ സാഹിത്യപ്രപഞ്ചം. ബാഹ്യജീവിതത്തിന്റെ ദുഃഖസത്യം ശരിക്കും ഉൾക്കൊണ്ട് അന്തർ ജീവിതത്തിന്റെ ചക്രവാള ങ്ങൾവരെ സഞ്ചരിച്ചെത്തി അവിടെ നിന്ന് ദിവ്യമായ ഏതോ മേഘമാർഗത്തിലുയർന്നു ചെന്നവയാണ് ആ യതിവര്യന്റെ കൃതികളെല്ലാം. അവ കവിതാമയങ്ങളുമാണ്. ശങ്കരാചാര്യരുടെ കവിതയെപ്പറ്റി നവകാളിദാസൻ പാടിയതുപോലെ “ഗിരാം ധാരാകൽപ്പമകുസുമധാരാ പരഗുരോഃ” എന്നു നാരായണവാണിയെ നമുക്കു സ്തുതിക്കാം.

പ്രൊഫസർ സുകുമാർ അഴീക്കോട്
1.12.1980

(ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 10 വാല്യങ്ങളായി ശിവഗിരിയിൽനിന്നും പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾ അവയുടെ അവതാരികയായി ഒന്നാം വാല്യത്തിൽ ചേർത്തിരുന്ന പ്രബന്ധത്തിൽ നിന്ന്)

#നചികേതം

One thought on “കുട്ടികളെ തിന്നുന്ന പ്ലൂട്ടാർക്ക്

Add yours

Leave a comment

Website Powered by WordPress.com.

Up ↑