ഷാ ബാനുവിനെ ഇന്ത്യ മറന്നു

എഴുപത് എണ്‍പതുകളില്‍ ഷാബാനു കേസ് എന്ന പേരില്‍ വിശ്രുതമായ ഒരു മുസ്‌ലിം വൃദ്ധയുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം ഇന്ത്യയില്‍ ഇസ്‌ലാം മതത്തിന്റെ പേരില്‍ സംസാരിക്കുന്ന യാഥാസ്ഥിതികരുടെ ഈ വിഷയത്തിലെ ഖേദകരമായ സമീപനത്തെ വ്യക്തമാക്കുന്നു. സമൂഹത്തില്‍ പുരുഷനൊപ്പം സ്ഥാനം നേടുവാനുള്ള മുസ്‌ലിം സ്ത്രീകളുടെ ശ്രമത്തിന്റെ വിജയത്തിന്റേയും തുടര്‍ന്നുള്ള പരാജയത്തിന്റേയും കഥകൂടിയാണത്. കുറച്ചുകൂടി അന്വേഷിച്ചാല്‍ അതിന്റെ fall-out വേറെയും ദുരന്തങ്ങളിലേക്ക് നീണ്ടുപോയത് നമുക്ക് കാണാം. പക്വതയില്ലാത്ത ഒരു ഭരണാധികാരിയുടെ ഈ വിഷയത്തിലുള്ള ഇടപെടലും തുടര്‍ന്നുള്ള മറ്റ് ഇടപെടലുകളും നൂറുകോടിയോളം മനുഷ്യരുള്ള ഒരു രാജ്യത്തെ എങ്ങനെ വര്‍ഗീയസംഘര്‍ഷത്തിലും അക്രമത്തിലും എത്തിച്ചുവെന്നത് തുടര്‍ന്നുള്ള ചരിത്രമാണ്.

1975-ലാണ് ഇന്‍ദോറിലെ ഒരു അഭിഭാഷകന്‍ മുഹമ്മദ് അഹമ്മദ്ഖാന്‍ നാല്പത്തിമൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം തന്റെ ഒന്നാം ഭാര്യ ഷാബാനുവിനെ തലാക് ചെയ്ത് വീട്ടില്‍നിന്ന് പുറത്താക്കിയത്. മൂന്നു വര്‍ഷത്തിനുശേഷം 1978-ല്‍, ഷാബാനു CPC 125 പ്രകാരം ഭര്‍ത്താവില്‍നിന്ന് പ്രതിമാസം 500 രൂപ സംരക്ഷണച്ചെലവ് ആവശ്യപ്പെട്ടുകൊണ്ട് ഇന്‍ദോര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്യായം സമര്‍പ്പിച്ചു. ഇസ്‌ലാം മതനിയമപ്രകാരം തലാക് ചെയ്ത സ്ത്രീക്ക് സംരക്ഷണച്ചെലവ് കൊടുക്കുവാന്‍ താന്‍ ബാധ്യസ്ഥനല്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. ആ വാദം തള്ളി, കോടതി 1979-ല്‍ അയാള്‍ വിവാഹമുക്തയായ സ്ത്രീക്ക് പ്രതിമാസം 25 രൂപ സംരക്ഷണച്ചെലവ് കൊടുക്കണമെന്ന് വിധിച്ചു. ഈ ചെറിയ തുകപോലും കൊടുക്കാന്‍ തയ്യാറാകാതെ വിധിയെ മതത്തിലുള്ള ഇടപെടലായി വ്യാഖ്യാനിച്ച് വക്കീലായ പതി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കീഴ്‌ക്കോടതി വിധിയെ ശരിവെച്ച് സംരക്ഷണച്ചെലവ് 179 രൂപയാക്കി വര്‍ധിപ്പിച്ചു. പതി അഹമ്മദ്ഖാന്‍ ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഇവിടെ ഖാന്‍ ഒറ്റയ്ക്കായിരുന്നില്ല എന്നതാണ് സുപ്രധാന വസ്തുത. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് (All India Muslim Personal Law Board), ജമാഅത്തുല്‍ ഉലമാ എ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങി മുസ്‌ലിം മതസംഘടനകളും റേഡിയന്‍സ് പത്രത്തിന്റെ പത്രാധിപര്‍ സയ്യിദ് അമീനുല്‍ ഹസ്സന്‍ റിസ്‌വിയും മറ്റു പല മുസ്‌ലിംപണ്ഡിതരും പ്രമുഖവ്യക്തികളും ഖാന് അനുകൂലമായി കേസില്‍ കക്ഷി ചേര്‍ന്നു. പ്രശ്‌നം നിരാലംബയായ ഒരു വൃദ്ധയ്ക്ക് ജീവിക്കുവാനുള്ള മാനുഷികാവകാശമുണ്ടോ എന്നതല്ല, മുസ്‌ലിം മതശാസ്ത്രങ്ങളുടെ (അവ ഏതുവിധത്തില്‍ അമാനുഷികമായാലും) നിയമങ്ങള്‍ക്കുപരിയായ പരിപാവനതയാണെന്നും ആയിരുന്നു അവരുടെ നിലപാട്.

1985 ഏപ്രിലില്‍ വന്ന സുപ്രീംകോടതി വിധി ഹൈക്കോടതി വിധിയെ സമര്‍ഥിക്കുന്നതായിരുന്നു. ഖാനും അയാളുടെ അനുകൂലികളായ മതസംഘടനകളും പറയുന്ന വ്യക്തിനിയമങ്ങള്‍ സിവില്‍ കാര്യങ്ങള്‍ക്കേ ബാധകമാകൂ എന്നും CPC125 ക്രിമിനല്‍ നിയമമാണെന്നും ക്രിമിനല്‍ നിയമങ്ങള്‍ ജാതിമതഭേദമെന്യേ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ബാധകമാണെന്നും ആണ് കോടതി വിധിച്ചത്. ഖുറാനില്‍ത്തന്നെ വിവാഹമുക്തകള്‍ക്ക് ന്യായമായ ജീവനാംശം നല്കണമെന്നത് ഭയഭക്തിയുള്ളവരുടെ ബാധ്യതയാണെന്ന് പറയുന്നുണ്ട് (ഖുറാന്‍: അല്‍ ബഖറ: 2/241-242). അത് ഭയഭക്തിയുള്ളവര്‍ക്കേ ബാധകമാകൂ എന്നും സാധാരണ വിശ്വാസികള്‍ക്ക് ബാധകമല്ലെന്നും ഉള്ള അപ്പീലുകാരന്റെ വിചിത്രമായ നിലപാടിനെ ‘ഇത് ഞങ്ങളില്‍ മതിപ്പുണ്ടാക്കുന്നില്ല’ എന്നു പറഞ്ഞ് കോടതി നിരാകരിച്ചു.

ഇതിന് തൊണ്ണൂറ്റിനാലു കൊല്ലം മുന്‍പു വന്ന ACBയിന്മേലുള്ള അന്നത്തെ വൈസ്‌റോയി കൗണ്‍സിലിന്റെ തീരുമാനത്തെ ഇവിടെ ഓര്‍ക്കുക. അന്നത്തെ ഹിന്ദുയാഥാസ്ഥിതികരുടെ മനുഷ്യത്വരഹിതമായ വാദങ്ങളും കൗണ്‍സിലില്‍ മതിപ്പുളവാക്കിയില്ല. അത്തരമൊരു നിലപാട് മുസ്‌ലിങ്ങളുടെ കാര്യത്തില്‍ കോടതിയില്‍നിന്നു വരുവാന്‍ ഏതാണ്ടൊരു നൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ ഇതിനെത്തുടര്‍ന്നുണ്ടായ സംഭവഗതികളാണ് അതീവ പരിതാപകരം. അതുണ്ടായതാകട്ടെ വിക്‌ടോറിയ മഹാറാണിയുടെ ഉറപ്പുകള്‍ വഹിച്ചിരുന്ന കൊളോണിയല്‍ ഗവണ്മെന്റിന്റെ സ്ഥാനത്ത് ഒരു സ്വതന്ത്ര രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാറിന്റെ കാലത്തും!

ACBക്കെതിരായ പ്രകടനങ്ങള്‍ അന്ന് സമൂഹത്തിലെ ഉന്നതശ്രേണിയില്‍ നിന്നിരുന്ന ബ്രാഹ്മണരില്‍നിന്നു മാത്രമായിരുന്നു. ഷാബാനു വിധിക്കെതിരായി മുസ്‌ലിം സമുദായത്തിലെ ഉന്നതരും പുരോഹിതരും സമ്പന്നരുമാണ് വാചാലരായത്. പക്ഷേ, വ്യത്യാസം അവര്‍ തങ്ങളുടെ സമുദായത്തിലെ എല്ലാ തട്ടിലുമുള്ള, എന്താണ് സംഭവിച്ചതെന്ന് അറിയാത്ത പാവങ്ങളെക്കൂടി, അണിനിരത്തിയെന്നതാണ്. ഈ യാഥാസ്ഥിതികരുടെ സമുദായത്തിലുള്ളവരുടെ മേലുള്ള ശക്തി എന്തെന്നറിയണമെങ്കില്‍ അവര്‍ തങ്ങളുടെ സ്ത്രീകളെത്തന്നെ തെരുവിലിറക്കി എന്ന് കണ്ടാല്‍ മതി. തങ്ങളെ ഭര്‍ത്താക്കന്മാര്‍ തെരുവിലിറക്കി വിട്ടാല്‍ അവര്‍ തങ്ങള്‍ക്കൊന്നും തരേണ്ടതില്ലെന്നും തങ്ങള്‍ തെരുവില്‍ കിടന്നു മരിച്ചുകൊള്ളാമെന്നും ഏതു സ്ത്രീയാണ് പറയുക? പക്ഷേ, അവരെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നതില്‍ മതവികാരം ഊതിവീര്‍പ്പിച്ച് അവരുടെ നേതാക്കന്മാര്‍ വിജയിച്ചു.

ബീഹാറിലെ പട്നയിൽ സുപ്രീകോടതി വിധിക്കെതിരെ മതമൗലിക വാദികൾ തെരുവിലിറങ്ങിയപ്പോൾ

1985 ഏപ്രിലില്‍ വിധി വന്നതോടുകൂടി തുടങ്ങിയ പ്രതിഷേധപ്രകടനങ്ങള്‍ ഒരു കൊല്ലത്തിലധികം നീണ്ടുനിന്നു. അത് രാജ്യവ്യാപകവുമായിരുന്നു. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് തങ്ങളുടെ സ്ത്രീകളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് അനേകം കോണ്‍ഫറന്‍സുകളും സെമിനാറുകളും നടത്തി. എല്ലാം വിധിയെ വിമര്‍ശിക്കുകയും ഇസ്‌ലാം മതനിയമങ്ങളാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതമായവ എന്ന് സ്ഥാപിക്കുകയും ചെയ്തു. ദില്ലിയിലെ ഒരു മീറ്റിങ്ങില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി അറുന്നൂറോളം മൗലവിമാരും എഴുത്തുകാരും പങ്കെടുത്തു. മുസ്‌ലിം സ്ത്രീകള്‍ തങ്ങളെ CPC-125ല്‍ നിന്ന് ഒഴിവാക്കുവാനായി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എഴുതി. ബോംബെയില്‍ അഞ്ചു ലക്ഷം പേരും ധാന്‍ബാദില്‍ മൂന്നു ലക്ഷം പേരും റാലികളില്‍ പങ്കെടുത്തു. പല നഗരങ്ങളിലും ബന്ദും പണിമുടക്കുമുണ്ടായി. പാര്‍ലമെന്റിലേക്ക് പ്രകടനക്കാര്‍ മാര്‍ച്ച് നടത്തി. എന്തിന്, ഏഴു കൊല്ലത്തെ നീണ്ട സമരത്തിനുശേഷം തനിക്ക് ലഭിച്ച നീതിയെ തള്ളിക്കളഞ്ഞുകൊണ്ടും വിധിയെ നിരാകരിച്ചുകൊണ്ടും 69 വയസ്സായ ഷാബാനുവിനെക്കൊണ്ടുതന്നെ മതനേതാക്കന്മാര്‍1985 നവംബറില്‍ ഗവണ്മെന്റിന് കത്തെഴുതിച്ചു!

ഈ സംഭവങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട സെക്യുലര്‍ ജനാധിപത്യ ഗവണ്മെന്റില്‍നിന്നുണ്ടായ പ്രതികരണമായിരുന്നു ഏറ്റവും വിചിത്രം. മുസ്‌ലിം യാഥാസ്ഥിതികപക്ഷത്തിന്റേയും മൗലികവാദികളുടേയും സമ്മര്‍ദത്തിനു വഴങ്ങി ഭരണകക്ഷിയായ കോണ്‍ഗ്രസ് 1986 ഫിബ്രവരിയില്‍ ഒരു മുസ്‌ലിം വനിതാബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ട് മുസ്‌ലിം സ്ത്രീകളെ വീണ്ടും മതപൗരോഹിത്യത്തിന്റെ തടവറയിലേക്ക് വിരമിപ്പിക്കുകയായിരുന്നു ഈ ബില്ലിന്റെ ഉദ്ദേശ്യം. ഇന്ത്യയിലെ രാഷ്ട്രീയകക്ഷികള്‍ വിചാരിക്കുന്നത് ഓരോ മതവിഭാഗത്തിലേയും യാഥാസ്ഥിതികരും പൗരോഹിത്യവുമാണ് അതിലെ ജനങ്ങളുടെ വോട്ടുകളെ നിയന്ത്രിക്കുന്നതെന്നാണ്. ഇത്തരമൊരു നിയമത്തിനുവേണ്ടി ശക്തിയായി വാദിച്ചവരില്‍ ഹിന്ദുദലിത വിഭാഗത്തില്‍നിന്നുയര്‍ന്ന നേതാവ് ബാബു ജഗ്ജീവന്‍ റാമും ഉണ്ടായിരുന്നുവെന്നത് നമ്മെ കൗതുകപ്പെടുത്തും. അപ്പുറത്ത് അതിനെ എതിര്‍ത്ത് മന്ത്രിപദവും പിന്നീട് പാര്‍ട്ടി അംഗത്വവും രാജിവെച്ച കോണ്‍ഗ്രസ്സുകാരന്‍ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടായിരുന്നു. ബില്‍ രാജ്യവ്യാപകമായി ശ്രദ്ധ ആകര്‍ഷിച്ചു. സെക്യുലര്‍ വനിതാസംഘടനകളും ബുദ്ധിജീവികളും എതിര്‍ത്തുവെങ്കിലും അവരുടെ സ്വാധീനവും സംഘടനാശക്തിയും കുറവായിരുന്നു. ഹിന്ദുത്വവാദികക്ഷികള്‍ തീര്‍ച്ചയായും രാഷ്ട്രീയമായി മുതലെടുക്കുവാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് ആന്തരികമായി മെമ്പര്‍മാരുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം നിരോധിച്ചു. പൊതു സിവില്‍ കോഡ് വീണ്ടും ചര്‍ച്ചാവിഷയമായി. സുപ്രീംകോടതി വിധി എല്ലാ പൗരന്മാര്‍ക്കും ബാധകമായ പൊതുസിവില്‍കോഡ് കൊണ്ടുവരുവാനുള്ള ഭരണഘടനയുടെ 44-ാം ആര്‍ട്ടിക്കിള്‍ ഒരു മൃതരേഖയായി നിലനില്ക്കുന്നതിനെപ്പറ്റി ശക്തമായി പരാമര്‍ശിച്ചിരുന്നു: ‘രാഷ്ട്രത്തിനുവേണ്ടി ഒരു പൊതു സിവില്‍കോഡ് രൂപീകരിക്കുവാനുള്ള യാതൊരു ഔദ്യോഗികനടപടിയുടേയും ലക്ഷണമില്ല… ഭരണഘടനയ്ക്ക് എന്തെങ്കിലും അര്‍ഥമുണ്ടെങ്കില്‍ ഒരു പൊതു സിവില്‍കോഡിനു വേണ്ടിയുള്ള ശ്രമം നടത്തുകതന്നെ വേണം… അനീതികള്‍ സഹിച്ചുകൊള്ളാന്‍ അനുവാദം നല്കുക എന്നത് ചേതനയുള്ള മനസ്സിന് താങ്ങാവുന്നതില്‍ അധികമാണ്. വ്യക്തിനിയമങ്ങള്‍ തമ്മിലുള്ള വിടവുകള്‍ നികത്തുവാന്‍ കോടതികള്‍ അല്പാല്പമായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഒരു പൊതുസിവില്‍കോഡിന്റെ സ്ഥാനം ഏറ്റെടുക്കുക സാധ്യമല്ല. ഓരോ കേസിലും നീതി ചെയ്തുകൊടുക്കുക എന്നതിനെക്കാള്‍ തൃപ്തികരമായ രീതി എല്ലാവര്‍ക്കും നീതി ലഭ്യമാക്കുക എന്നതാണ്,’ കോടതി വിധി പറഞ്ഞു.

എന്നാല്‍ ഗവണ്മെന്റ് ചെയ്തത് നേരെ വിപരീതമാണ്. 1986 ഫിബ്രവരിയില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച്, തിരക്കിട്ട് അതേവര്‍ഷം മെയ് മാസത്തില്‍, പാര്‍ട്ടിയുടെ ഭീമമായ ഭൂരിപക്ഷമുപയോഗിച്ചും പാര്‍ട്ടിക്കുള്ളില്‍ത്തന്നെയുള്ള എതിര്‍പ്പുകളെ ബലം പ്രയോഗിച്ച് പൂട്ടിയിട്ടും പാസ്സാക്കിയ മുസ്‌ലിം വനിതാ ബില്‍, വിടവുകള്‍ നികത്തുവാന്‍ കോടതികള്‍ നടത്തുന്ന അല്പാല്പ പരിശ്രമങ്ങളെക്കൂടി അടച്ചുപൂട്ടുന്നതായിരുന്നു. മെയ് അഞ്ചിന് ലോക്‌സഭ പാസ്സാക്കിയ ബില്ലില്‍ മെയ് 20-ന് രാഷ്ട്രപതി ഒപ്പുവെച്ച് അത് നിയമമാക്കി. അതിവേഗം, അതിവേഗം, എല്ലാം… പക്ഷേ എന്ത് സാധിച്ചെടുക്കുവാന്‍?

ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ സിമിയുടെ നേതൃത്വത്തിൽ മുസ്‌ലിം വനിതകൾ ഷാബാനുവിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധിക്കെതിരെ പ്രകടനം നടത്തുന്നു..

മെയില്‍ നിയമമായിത്തീര്‍ന്ന ഫിബ്രവരിയിലെ ഈ ബില്ല് അനുസരിച്ച് വിവാഹമുക്തയായ മുസ്‌ലിം സ്ത്രീക്ക് ഏതാനും ആഴ്ചകളേ മുന്‍ ഭര്‍ത്താവ് ചെലവിന് കൊടുക്കേണ്ടൂ. അതിനുശേഷം ആ ചുമതല അവളുടെ കുടുംബാംഗങ്ങള്‍ക്കാണ്. അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ അത് വഖ്ഫ് ബോര്‍ഡിന് പോകും. അതായത് പുതിയ നിയമമനുസരിച്ച് വിവാഹമുക്ത തന്റെ ‘ദുരവസ്ഥയ്ക്ക് ഒരു നിലയ്ക്കും കാരണക്കാരല്ലാത്ത സ്വന്തം കുടുംബാംഗങ്ങള്‍ക്കെതിരെ കോടതി കയറാന്‍ നിര്‍ബന്ധിക്കപ്പെടുന്നു!.. ഭര്‍ത്താവ് നഷ്ടപ്പെട്ട അവള്‍ക്ക് മാതാപിതാക്കളും സഹോദരന്മാരും കൂടി ശത്രുക്കളായി മാറുന്ന ദുഃസ്ഥിതിയാണത്.’12 സംരക്ഷണച്ചെലവ് നല്‌കേണ്ടവരില്‍ ഒരാള്‍ വീഴ്ച വരുത്തിയാല്‍ ആ പ്രശ്‌നവുമായി കോടതിയില്‍ പോകണം. ഓരോരുത്തര്‍ മാറിമാറി വീഴ്ച വരുത്തിയാല്‍ അവള്‍ക്ക് പാര്‍പ്പ് കോടതിയില്‍ത്തന്നെയാക്കാം! ഇങ്ങനെ ചെയ്യാതെ വഴിയില്ല. കാരണം എല്ലാം കുടുംബാംഗങ്ങളും കൈയൊഴിഞ്ഞാലേ വഖ്ഫ് ബോര്‍ഡിനെ സമീപിക്കാവൂ. വഖ്ഫ് ബോര്‍ഡിന്റെ ആദായമാകട്ടെ ഗവണ്മെന്റില്‍നിന്നാണ് പ്രധാനമായും വരുന്നത്. അതായത് രാജ്യത്തെ വിവിധ മതസ്ഥരായ പൗരന്മാര്‍ അടയ്ക്കുന്ന നികുതിപ്പണംകൊണ്ടു വേണം അവള്‍ സംരക്ഷിക്കപ്പെടുക. ‘ഒരു മതസമൂഹത്തില്‍പ്പെട്ട പുരുഷന്മാര്‍ മൊഴി ചൊല്ലി വിടുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കുവാന്‍ ആ പുരുഷന്മാര്‍ക്കൊഴികെ ഈ നാട്ടിലെ മറ്റെല്ലാവര്‍ക്കുമാണ് ബാധ്യത’ എന്നര്‍ഥം.

പുതിയ നിയമമുണ്ടായി രണ്ടു വര്‍ഷത്തിനു ശേഷം 1988-ല്‍ അലി- സുഫൈറ കേസില്‍ കേരള ഹൈക്കോടതി ചെയ്ത വിധിന്യായത്തില്‍ ജസ്റ്റിസ് ശ്രീധരന്‍ നല്കിയ വ്യാഖ്യാനം നിയമത്തിനകത്തുതന്നെ തുരന്നുചെന്ന് നീതി ലഭ്യമാക്കുവാനുള്ള വഴി കണ്ടെത്തി. പക്ഷേ, അത് നിയമകര്‍ത്താക്കള്‍ സ്വമേധയാ ഉദ്ദേശിച്ചതായിരുന്നില്ല, ഡ്രാഫ്ട് ചെയ്തവര്‍ക്ക് ഓര്‍ക്കാതെ പറ്റിയ ഒരു വാക്കിന്റെ പിഴവായിരുന്നു! നിയമം മൂലമുണ്ടായ പ്രതിവിധിയല്ല, നിയമത്തിനുപരി ഉണ്ടായത്!

നീണ്ട ഏഴു വര്‍ഷക്കാലത്തെ പോരാട്ടത്തിലൂടെ നിരക്ഷരയും നിരാലംബയുമായ ഷാബാനു എന്ന വൃദ്ധ നേടിയെടുത്ത വിജയത്തെ അവര്‍ക്കുതന്നെ തള്ളിപ്പറയേണ്ടിവന്ന അവസ്ഥ നേരത്തെ സൂചിപ്പിച്ചതാണ്. ഒരുപക്ഷേ അവരുടെ വിജയത്തെക്കാള്‍ ഓര്‍മിക്കേണ്ടത് ഈ ദുഃഖകരമായ പരാജയമാണ്, അവരുടെ ദയനീയമായ പിന്‍വാങ്ങല്‍. ‘ഷാബാനു എന്ന വൃദ്ധമാതാവ് പിന്‍വാങ്ങുമ്പോള്‍ പിന്‍വാങ്ങുന്നത് നമ്മുടെ മാതൃഭൂമിതന്നെയാണ്,’ എം.എന്‍. കാരശ്ശേരി പറയുന്നു, ‘ഷാബാനു തിരിച്ചുപോകുമ്പോള്‍ തിരിച്ചുപോകുന്നത് ഈ മഹത്തായ രാഷ്ട്രം തന്നെയാണ്.’

ഈ പിന്‍വാങ്ങലിന്റെ കഥയെ കൂടുതല്‍ ദയനീയമാക്കുന്നത് പൊതുസമൂഹത്തിന്റെ ഓര്‍മയില്‍നിന്ന് ഈ അസാധാരണ വ്യക്തിയുടേയും അവരുടെ കഥയുടേയും തിരോധാനമാണ്. 1986-ല്‍ നിയമനിര്‍മാണം വന്ന് ആറു കൊല്ലത്തിനു ശേഷം 1992 ഏപ്രില്‍ 27- ാം തിയ്യതി 76-ാം വയസ്സില്‍ ഷാബാനു അന്തരിച്ചു. അന്ന് നമ്മുടെ ഒരു പ്രമുഖ ദേശീയ പത്രത്തില്‍ വന്ന താഴെ കാണുന്ന ഒരു കോളത്തില്‍ ഒമ്പത് വരിയില്‍ നാല്‍പത് വാക്കുകളില്‍ ഒതുങ്ങുന്ന റിപ്പോര്‍ട്ട് ഇത് വ്യക്തമാക്കുന്നു:

Sha Bano Dead
INDORE, April 28- Sha Bano, who shot into fame a few years ago following a supreme court judgement on an alimony issue, died here yesterday, reports UNI. Hospital sources said 76 years old Sha Bano died due to brain hemorrhage.

ഷാബാനുവിനെ ഇന്ത്യ മറന്നു. നീതി തോറ്റു, അനീതി വിജയിച്ചു.

( പ്രശസ്ത സാഹിത്യകാരന്‍ ആനന്ദിന്റെ പുസ്തകത്തില്‍ നിന്ന് )

3 thoughts on “ഷാ ബാനുവിനെ ഇന്ത്യ മറന്നു

Add yours

Leave a reply to aniltsrly Cancel reply

Website Powered by WordPress.com.

Up ↑