1.
എഴുപതുകളുടെ അവസാനം..
എളമക്കരയിലേക്ക് നീളുന്ന വഴിയരികിലൊരു വേദി. അവിടെ അന്നത്തെ ജില്ലാപ്രചാരകൻ എം ഗോപാൽ സംസാരിച്ചു കൊണ്ടു നിൽക്കുന്നത് കണ്ടാണ് ഭാസ്‌കർ റാവുജി കാര്യാലയത്തിലേയ്ക്ക് വരുന്നത്. പരിപാടി കഴിഞ്ഞ് ഗോപാൽജിയും കാര്യാലയത്തിലേയ്ക്ക് വന്നെത്തി. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. ആ നിറവോടെ ഭാസ്കർ റാവുജിയുടെ മുന്നിലെത്തി. പ്രഭാഷണത്തിനിടെ “വിക്കൻ നമ്പൂരി” എന്നാരെയോ സംബോധന ചെയ്യുന്നുണ്ടായിരുന്നല്ലോ. അതാരെപ്പറ്റി ആയിരുന്നു എന്നദ്ദേഹം ചോദിച്ചു. തെല്ല് ‘അഭിമാനത്തോടെ’ അത് ഇഎംഎസ് നമ്പൂതിരിപ്പാടിനെ കുറിച്ചാണ് എന്നദ്ദേഹം മറുപടി പറഞ്ഞു.
ഭാസ്‌കർ റാവുജി ഒന്നു നോക്കി.
“അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആളുകൾ ഇന്നാട്ടിലുണ്ട് എന്നു അറിയാതിരിക്കുമോ നിങ്ങൾക്കിനി. ഒരാളുടെ വാദങ്ങളെ ഖണ്ഡിക്കാൻ ഇങ്ങനുള്ള പ്രയോഗങ്ങളെന്തിനാണ്?”
ഗോപാൽജിക്ക് മറുപടി ഉണ്ടായില്ല.
( ഗോപാൽജി പറഞ്ഞ കഥയാണ്)
****************************************************
2.
ഭാസ്‌കർ റാവുജിയുടെ വിയോഗം.
കേരളത്തിലെ മുതിർന്ന പ്രവർത്തകരെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധാഞ്ജലിക്ക് ഒരുമിച്ചു കൂടി. പൂജനീയ ഡോക്ടർജിയെ കുറിച്ച് താനെഴുതിയ ഗണഗീതത്തെ കുറിച്ച് മാന്യ പരമേശ്വർജി ഓർമിച്ചു. ഡോക്ടർജിയെ മാതൃകയാക്കി വേണം സമാജത്തെ സംഘടിപ്പിക്കേണ്ടത് എന്നിങ്ങനെ പറഞ്ഞു കേൾക്കാറുണ്ടല്ലോ. പക്ഷെ അദ്ദേഹം നമ്മുടെ മുന്നിലില്ലാണ്ട് പോയി. സംഘടനാ പ്രവർത്തനം ചെയ്തപ്പോഴെല്ലാം അത് നമുക്ക് ബോധ്യമുണ്ടായിരുന്നു താനും. എന്നാൽ ഞങ്ങളെ പോലുള്ളവർക്ക് ഭാസ്‌കർ റാവുജി ആയിരുന്നു ഞങ്ങളുടെ ഡോക്ടർജി. അതുകൊണ്ട് ഡോക്ടർജിയെ കണ്ടില്ലല്ലോ എന്നുള്ള വിഷമം ഞങ്ങൾക്കൊട്ടും ഉണ്ടായതുമില്ല.
“ക്രാന്തദർശി ഭവാന്റെ ദൃഷ്ടി
ത്രികാല വേദിയതായിരുന്നു
നിന്നെ നേടിയ ഞങ്ങളെന്തൊരു
സുകൃത ശാലികളായിരുന്നു”
****************************************************
3.
1987ൽ ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി ശ്രീലങ്ക സന്ദർശിച്ചു. പ്രസിഡന്റിന്റെ വസതിയിൽ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതിനിടയ്ക്ക് ഒരു ശ്രീലങ്കൻ പട്ടാളക്കാരൻ അദ്ദേഹത്തെ ആക്രമിക്കാനാഞ്ഞു. സമയോചിതമായ ഇടപെടൽ കൊണ്ട് അദ്ദേഹം പരിക്കേൽക്കാതെ രക്ഷപെട്ടു.
ഭാരതത്തിൽ പലരും പല അഭിപ്രായവും പറഞ്ഞു. “അദ്ദേഹം താനേ വരുത്തി വെച്ച വിനയാണത്” എന്നതുൾപ്പെടെ.
അന്ന് ഭാരതീയ വിചാര കേന്ദ്രത്തിന്റെ കാര്യാലയം ഫോർട്ട് ഹൈസ്കൂളിനടുത്തുള്ള സമന്വയ ഭവനിലാണ്. ആക്രമിക്കപ്പെട്ടത് ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ്. നമുക്ക് വേദനിക്കണം. പ്രതിഷേധിക്കണം എന്ന് പരമേശ്വർജി സംശയത്തിന് ഇടയില്ലാതെ പറഞ്ഞു.
‘പ്രതികരണ വേദി’ എന്നൊരു ബാനറിൽ അന്ന് തിരുവനന്തപുരം നിറയെ പോസ്റ്ററുകൾ നിറഞ്ഞു. പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
രാഷ്ട്രർഷിയും രാഷ്ട്രീയക്കാരനും തമ്മിലുള്ള അന്തരമെന്ത് എന്നുള്ളത് ഇതിലും നന്നായി എങ്ങിനെ മനസ്സിലാക്കിയെടുക്കും.
Leave a comment