സായംശാഖയും രക്ഷാബന്ധന് മാത്രമുള്ള സംഘബന്ധവും ഒക്കെ തരുണ സ്വയംസേവകരിലേയ്ക്ക് വളരുന്നത് പ്ലസ് ടു വിദ്യാഭ്യാസ സമയത്താണ്. വൈകുന്നേരം മാത്‌സ് ട്യൂഷൻ കഴിഞ്ഞ് അച്ഛൻ അറിയാതെ രാത്രിശാഖയിൽ പോയിതുടങ്ങുന്നത് അങ്ങനെ ഒരു ദിവസത്തിലാണ്. ശാരീരിക് ഒക്കെ ചെയ്ത് കഴിഞ്ഞ് മണ്ഡല ഇരുന്നപ്പോ ഒരു പാട്ട് പാടി എല്ലാരും ചേർന്ന്. പോരിന്റെ കാകോളമുള്ളം പിളർക്കാത്ത സ്നേഹസമ്പന്നമാം ലോകം തളിർക്കുവാൻ മനുഷ്യകത്തിന്ന് നേർവഴി കാട്ടുന്ന ഭുവനൈക സാരഥി ഹൈന്ദവീയം.
അതു പാടിക്കഴിഞ്ഞ് പ്രിജുച്ചേട്ടനാണ് ആദ്യമായിട്ട് പരിചയപ്പെടുന്നത്. എന്നിട്ട് തലേന്ന് ശാഖയിൽ വരാത്തവരെ ചോദിച്ചു. വരാഞ്ഞതിന്റെ കാരണം അവരോരുത്തരും ഉത്തരവാദിതബോധത്തോടെ പറയുന്നുണ്ടായിരുന്നു. സാധാരണക്കാർ, പെയിന്റിന്റെ, കൽപ്പണിയുടെ മരപ്പണിയുടെ തിരക്ക് തീർന്നാണ് അവരിൽ പലരും ശാഖയിൽ വന്നിരുന്നത്. എന്റെ ഊഴമായപ്പോ ഞാനും പരിചയപ്പെട്ടു. എന്നിട്ട് അദ്ദേഹം സംഘത്തെ എനിക്ക് പരിചയപ്പെടുത്തി. ഇത് നാടിനു വേണ്ടിയും നമ്മുടെ സംസ്കാരത്തിന് വേണ്ടിയും പ്രവർത്തിക്കുന്ന സംഘടനയാണ്. എന്തെങ്കിലും നേടാം എന്നു കരുതി ഞങ്ങളുടെ കൂടെ വരരുത്. ജോലി വാങ്ങിത്തരാം എന്നോ ആട് തരാം എന്നോ കോഴി തരാം എന്നോ കരുതി ആരെയും ഇവിടെ പ്രതീക്ഷിക്കുന്നുമില്ല. നിങ്ങൾക്ക് ആകെ കിട്ടുന്നത് നല്ലൊരു വ്യക്തിത്വം ആയിരിക്കും. മറ്റൊന്നും ഇവിടുന്ന് കിട്ടില്ല.
അതായിരുന്നു ജീവിതത്തിൽ സംഘത്തെക്കുറിച്ചു ലഭിക്കുന്ന ആദ്യത്തെ മെസേജ്. സംഘത്തിൽ ഗുരുദക്ഷിണ എന്ന ചടങ്ങ് വന്നപ്പോ പത്തുരൂപ അമ്മയുടെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ടുപോയിട്ടാണ് ആദ്യമായി ഭഗവധ്വജത്തിന്റെ മുന്നിൽ സമർപ്പിക്കുന്നത്. പിരിവെടുക്കാൻ സംഘത്തിൽ ഇതാണ് പദ്ധതി എന്നു മാത്രമേ മനസ്സിലായിരുന്നുള്ളൂ. അതിൽകൂടുതൽ യാതൊന്നും മനസ്സിലായിട്ടില്ല അപ്പോ.
ചില വർഷങ്ങൾ കഴിഞ്ഞപ്പോ സംഘത്തിന്റെ പ്രവാസി കാര്യകർത്താവായി മാറി. സംഘത്തിന്റെ ശിബിരങ്ങൾ കഴിഞ്ഞു. ഒരു ദിവസം രാവിലെ എഴുന്നേൽക്കുന്നത് തന്നെ ഇന്നെന്തു ചെയ്യാൻ പറ്റും എന്നാലോചിച്ചു കൊണ്ടായിരുന്നു. പ്രിജുച്ചേട്ടൻ പറഞ്ഞതുപോലെ പലതും ജീവിതത്തിൽ മാറി. സ്വന്തമായി തുണിയലക്കി തുടങ്ങി, ചീത്ത വാക്കുകൾ ഉപയോഗിക്കുന്നത് പൂർണമായി നിന്നു.. പ്ലസ്ടു കാലത്ത് NCC ലൈഫിൽ നിന്നും ലഭിച്ച, സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്ന, മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ശീലം മാറി..
പൊതുവെ ഇൻട്രോവെർട്ടായ ഞാൻ മനുഷ്യരോട് ചിരിച്ചു സംസാരിക്കാൻ പഠിച്ചു.. ഏതു രാഷ്ട്രീയത്തിൽ പെട്ടവരോടും വ്യക്തിപരമായി ബന്ധം പുലർത്താൻ പഠിച്ചു. അവരോട് തർക്കിക്കാതെയും തർക്കിച്ചും സംസാരിക്കാൻ പഠിച്ചു. സമാജ കാര്യത്തിന് വേണ്ടി ആരോടും സഹായം ചോദിക്കാനും അവരെ പറഞ്ഞു മനസിലാക്കാനും ശീലിച്ചു. ചെറിയ ഒരു മാനസിക സംഘർഷം പോലും തകർത്തുകളയുമായിരുന്ന ജീവിതത്തിൽ നിന്ന് സംഘർഷ കാലത്ത് സംഘടനയെ പിടിച്ചു നിർത്താൻ പഠിച്ചു.. ഉപേക്ഷിച്ച ശീലങ്ങളോടെല്ലാം യാതൊരു വിധ അറ്റാച്മെന്റും തോന്നാത്ത തലത്തിലെത്തി. അതായിരുന്നു ഏറ്റവും വലിയ അച്ചീവ്‌മെന്റും.
ഗുരുദക്ഷിണ ചെയ്യാൻ പോകുമ്പോൾ ഗംഗാജലിയും സാലറി അക്കൗണ്ടും ഉൾപ്പെടെ പൂർണമായും drain out ആക്കിയിട്ടാണ് ഭഗവധ്വജത്തിന്റെ മുന്നിൽ നിന്നും തിരിച്ച് സമ്പതയിൽ വന്നിരിക്കുക. ഒന്നുമുണ്ടാവില്ല കയ്യിൽ ബാക്കി. സമ്പൂർണമായ അർപ്പണമാണ് ഗുരു ദക്ഷിണ. സംഘത്തിന്റെ ചെലവിനുള്ളത് കണ്ടെത്താനുള്ള പങ്കല്ല അത്. നിങ്ങൾക്കെത്ര നൽകാൻ തയാറാകാനാകും എന്നുള്ള ലിറ്റ്മസ് ടെസ്റ്റാണത്. ഭോഗ സംസ്കാരമുള്ളവരിൽ ത്യാഗ സംസ്കാരം വളർത്താൻ ഇതായിരുന്നു പദ്ധതി. എന്തും ത്യജിക്കാനുള്ള മനസ്സുണ്ടാക്കിയാണ് ശരീരവും മനസ്സും തനിക്കുള്ളതെന്തും സമാജകാര്യത്തിനായി സമർപ്പിക്കുന്ന സംസ്കാരം നമ്മളിൽ സംഘകാര്യപദ്ധതി വളർത്തിയെടുക്കുന്നത്.
അവരിൽ നിന്നാണ് പ്രചാരകന്മാരുണ്ടാകുന്നത്. അവരിൽ നിന്നാണ് നിർഭയരായ, നീണ്ടകാലം സമാജത്തെ സംഘടിപ്പിക്കാൻ തയാറാകുന്ന ഗൃഹസ്ഥ കാര്യകർത്താക്കളുണ്ടാകുന്നത്. വാനപ്രസ്‌ഥികളുണ്ടാകുന്നത്.. സംഘ കുടുംബങ്ങളുണ്ടാകുന്നത്. താനീ കൊടുക്കുന്ന സമയം പോരെന്ന ചിന്തയുണ്ടാവാൻ അവനവന്റെ സമയത്തിനുമേൽ സമാജത്തിന്റെ അസംഘടിതവസ്ഥയെ കുറിച്ച്, ബാലരിഷ്ടതകളെക്കുറിച്ച് നിരന്തര ചിന്തയുണ്ടാവണ്ടേ..!
സ്വയം സംഘപ്രാർഥനയിൽ ദിനേന ധ്യേയത്തെ കുറിച്ചും മാർഗത്തെ കുറിച്ചും തയാറെടുക്കലിനെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന നമ്മൾക്ക് നമ്മുടെ പവിത്രമായ ഹിന്ദു ധർമം സമാജം സംസ്കാരം ഇവയെ സംരക്ഷിച്ചിട്ട് ആത്മാർഥതയോടെയും നിസ്വാർത്ഥ ബുദ്ധിയോടെയും തനമനധന പൂർവകമായ സമർപ്പണത്തോടെയും പ്രവർത്തിക്കുന്നതിനെ കുറിച്ചു സംശയിക്കേണ്ട കാര്യമില്ല. കാരണം ഈ ഇടപാട് നിങ്ങൾക്ക് നിങ്ങളുടെ ആദർശത്തോട് നേരിട്ടാണ്.
അതുകൊണ്ടാണ് പറയുന്നത് ഈ കാര്യം ചെയ്യാൻ വേണ്ടത് സമർപ്പിതരല്ലാത്ത സമർത്ഥരേയല്ല; മറിച്ച് സമർപ്പിതരായ അസമർത്ഥരെയാണ്. വീരവ്രതമുള്ള സാധാരണക്കാരെയാണ്. അതുകൊണ്ടു തന്നെ പൂജനീയ മോഹൻജിയുടെ ബൗദ്ധിക്കിൽ സംഘകാര്യത്തെപ്പറ്റി പരാമർശം ഉണ്ടായപ്പോൾ എനിക്കോർമ വന്നത് പ്രിജുചേട്ടനെയാണ്. കഴിഞ്ഞ പത്തു പതിനേഴു കൊല്ലങ്ങൾക്കിടയിൽ അന്ന് പുള്ളി പറഞ്ഞത് കൂടുതൽ വ്യക്തതയോടെ മനസ്സിലുറയ്ക്കുകയല്ലാതെ സംശയം ലേശമുണ്ടായില്ല.
കഷ്ടപ്പെടാനും നഷ്ടപ്പെടാനും തയാറുള്ളവൻ തന്നെയാണ് സംഘകാര്യത്തിനു തയാറാകുക. അല്ലാത്തവർക്ക് ചെയ്തു തീർക്കാനും നിരവധി കാര്യങ്ങളുണ്ട്. പക്ഷെ സംഘകാര്യം ചെയ്യാൻ സമർപ്പിതരായ എന്തും ത്യജിക്കാൻ മടിയില്ലാത്ത കൂട്ടം തന്നെ വേണം.. ഭീംസെൻ ജോഷിക്കുമേൽ യാദവറാവ് ജോഷിയും ഭൈരപ്പയ്ക്ക് മേൽ എൻ കൃഷ്ണപ്പയും വയലാർ രാമവർമയ്ക്ക് മേൽ പി പരമേശ്വരനും തെരഞ്ഞെടുക്കപ്പെടുന്നത് അങ്ങിനെയാണ്. അതിനൊരൊറ്റ വഴിയേ ഉള്ളൂ..
ഒരാദർശ ദീപം കൊളുത്തൂ…
കെടാതായതാജൻമകാലം വളർത്തൂ…
അതിന്നായഹോരാത്രമേകൂ സ്വജീവന്റെ രക്തം…
അതേ ധന്യമാക്കൂ നരത്വം…
അതേ മർത്യജൻമം ചിരഞ്ജീവമാക്കൂ….
അതേ ഘോരരാത്ര്യാന്ധകാരത്തിമിർപ്പെത്തകർക്കൂ…
കരങ്ങൾക്കതേ ശക്തി നൽകൂ..
പദങ്ങൾക്കുറപ്പും ചുറുക്കും കൊടുക്കൂ..
മിഴിക്കുള്ളിലുൾക്കാഴ്ച ചേർത്തുജ്ജ്വലത്താക്കി മാറ്റൂ..
അഹങ്കാരബീജം വരട്ടൂ…
സ്വയം നിൻ ചിതയ്ക്കഗ്നി നീയേ കൊളുത്തൂ…
അതിൽ പ്രസ്ഫുരിക്കും സ്ഫുലിംഗങ്ങളോരോന്നിൽ നിന്നും…
ഒരാദർശ ദീപം കൊളുത്തൂ…
Leave a comment