സദ്ഗുരവേ തുണൈ

മൂന്നു നാല് രാപ്പകലുകളായി വല്ലാതെ സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു. ഒരുപാടൊരുപാട് കാര്യങ്ങളെക്കുറിച്ചു നിർത്താതെയാണ് ഞാൻ സംസാരിക്കുന്നത് എന്നെനിക്കു തോന്നി. കാരണം ജീവിതത്തിലാദ്യമായി ഞാൻ എന്നോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയെന്ത്?

കുറെ കാലങ്ങൾക്ക് മുന്നേയാണ്. അനപത്യ ദുഃഖത്തിലുഴറുന്ന ആ മനുഷ്യൻ ജോലികഴിഞ്ഞ് അവസാനത്തെ സ്റ്റോപ്പായ പോത്താൻകോടിറങ്ങി വഴി നടന്നു വീട്ടിലേയ്ക്ക് വരുമ്പോ തോപ്പിലെ തമ്പുരാന്റെ കാവിനടുത്ത് നിന്ന് ആ അവധൂതൻ വിളിച്ചു ചോദിക്കും. “കൊച്ചിനെ കിട്ടിയാ പിള്ളേ”

ആ മനുഷ്യൻ ഇല്ലെന്നു തിരിച്ചു പറയും.

എട്ടു കൊല്ലത്തിന്റെ കാത്തിരിപ്പവസാനിച്ചപ്പോ നേരത്തെ പലവട്ടം ആവർത്തിക്കപ്പെട്ട ചോദ്യത്തിന് ഇല്ലെന്നു തിരിച്ചു മറുപടി പറയാതിരിക്കാനാണ് ഞാനുണ്ടായത്. ഒരുപാട് നേർച്ചകളും പ്രാർത്ഥനകളും ചികിത്സകളുമായി നടന്നിട്ടും ഒടുവിൽ അത് അവിടുത്തെ കടാക്ഷമാണ് എന്ന് അച്ഛനുമമ്മയും വിശ്വസിച്ചു തന്നെയാണ് സർവം ആ പുല്ലുമേഞ്ഞ കൂരയിലെ ബ്രഹ്മസ്വരൂപത്തിൽ സമർപ്പിച്ച് അവർ ജീവിച്ചത്.

കടമ്പാട്ടെ കുഞ്ഞുകൃഷ്ണപിള്ള ശാസ്ത്രികളുടെ മകനോട് അദ്ദേഹത്തിന് വാത്സല്യം കൂടുതലായിരുന്നു. കണ്ണിൽ പോലും നോക്കാൻ ഞങ്ങൾ ഭയപ്പെട്ടിരുന്ന അച്ഛൻ ഒതുങ്ങുകയും പതുങ്ങുകയും ചെയ്തിരുന്നത് ആ സവിധത്തിലായിരുന്നു. അദ്ദേഹം അച്ഛനെ വിളിച്ച പേരാണ് കടമ്പാടൻ എന്നത്. ശാസ്ത്രികളുടെ മകൻ. ഈയുള്ളവന്റെ പേരിന്റെ പിന്നിലുള്ള വാല് കുടുംബപ്പേരിന്റെ മിഥ്യാഭിമാനമല്ല, ഭഗവാൻ പേരെടുത്തു വിളിക്കുന്ന ആ പേരിനോടുള്ള മമത കൊണ്ടും അത് കേൾക്കുമ്പോഴൊക്കെ അച്ഛനെയും ഭഗവാനെയും വീണ്ടുമോർക്കാനുള്ള ആഗ്രഹം കൊണ്ടുമാണ് ആ പേരിൽ ഈയിടത്തിൽ എഴുതിത്തുടങ്ങിയത്.

മടിയിൽ പിടിച്ചിരുത്തി അദ്ദേഹം ഹരിശ്രീ കുറിപ്പിച്ചതിന്റെ പുണ്യമാണ് ഇന്നും എഴുതുന്നതൊക്കെ സരസ്വതികടാക്ഷമായി തെളിഞ്ഞു നിൽക്കുന്നത്. അതൊന്നും എന്റെ കഴിവല്ല. നന്നായെന്ന് പലരും പറഞ്ഞതെല്ലാം എനിക്ക് തന്നെ അത്ഭുതം തോന്നിയിട്ടുള്ളതാണ് എന്നു പറയുന്നത് ആത്മാർഥമായാണ്. സത്യവും ബോധ്യമുള്ളതുമായത് മാത്രം പറയേണ്ടതും എഴുതേണ്ടതുമായ ബാധ്യത കൂടി ജീവിതത്തിൽ വന്നു ചേർന്നതിന് അങ്ങനൊരു കാരണം കൂടിയുണ്ട്. ഞാൻ ചെയ്യുന്ന തെറ്റേതും അദ്ദേഹത്തിന് ചീത്തപ്പേരുണ്ടാക്കും. അതിലും ഭേദം മരണമാണ്. നന്നേ ചെറുപ്പത്തിൽ മനസ്സിലുറച്ചു പോയതാണത്.

ഭഗവാനെന്നും അന്നദാനപ്രഭുവായിരുന്നു. ആരു വന്നാലും ‘വല്ലതും കഴിച്ചാ പിള്ളേ. ഇല്ലേ, എന്നാ അപ്രത്ത് പോയി വല്ലതും കഴിച്ചിട്ട് പോയീൻ’ എന്നു പറഞ്ഞാണ് വിടുന്നത്. അന്നമില്ലാത്ത നേരമുണ്ടാവില്ല അടുക്കളയിൽ. തന്റെ ആലയിൽ തീയൂതിക്കാച്ചിപ്പണിഞ്ഞ കത്തി വിറ്റ് ആകെകിട്ടിയ കാശിന് കഞ്ഞിയും കപ്പയും വാങ്ങിക്കൊടുത്തു തുടങ്ങിയ അന്നദാനമാണ് ആശ്രമത്തിൽ ഇന്നും തുടരുന്നത്. ഇന്ന് പിരപ്പൻകോട് കൃഷ്‌ണനോട് ഞാൻ പറയുന്ന പോലെ അച്ഛനെല്ലാം ഭഗവാനോട് പറയുമായിരുന്നു. എല്ലാ സുഖദുഃഖങ്ങളും നേരിട്ടിറക്കി വയ്ക്കുന്ന തിരുനട അവിടെയായിരുന്നു. റിട്ടയറായിക്കഴിഞ്ഞപ്പോഴേയ്ക്കും പൂർണ്ണമായും അച്ഛൻ അവിടേക്ക് തന്നെയായി. എന്തെങ്കിലും അരിഞ്ഞുകൊണ്ട് അവിടുത്തെ അടുക്കളയിലുണ്ടാവും. അല്ലെങ്കിൽ പിറന്നാളാഘോഷത്തിന്റെ അന്നദാനത്തിന് പന്തലിലെ അടുപ്പിന്റെ ചുവട്ടിൽ കൈയ്യില്ലാത്ത ബനിയനും കാവിമുണ്ടും തോളിലൊരു തോർത്തുമായി ഇരിപ്പുണ്ടാവും.

ഇന്നും ഭഗവാന്റെ തിരുനാൾ സദ്യക്ക് ആ അടുപ്പിനടുത്തു പോയി പരിപ്പ് വെക്കുന്നത്‌ വരെയും കടലപ്പായസം കുറുകുന്നത് വരെയും വാർപ്പിളക്കി നിൽക്കാറുണ്ട്. അച്ഛന്റെ ആത്മാവുണ്ടാവും അവിടെ. ആ ഭാഗ്യത്തിന് വേണ്ടി മാത്രം അരമണ്ഡലക്കാലം വ്രതമെടുക്കും. നാൽപ്പത്തൊന്നു ദിവസം കുളിച്ചു തൊഴുത് ആശ്രമത്തിൽ മണ്ഡല വിളക്കും നടത്തി നാൽപ്പത്തി രണ്ടിന് രാത്രി കടമ്പാട്ടെ മാടൻ തമ്പുരാന്റെ നടയിൽ തേരുവിളക്കുറഞ്ഞു തുള്ളുന്ന നേരത്താണ് അച്ഛൻ ശരീരമുപേക്ഷിക്കുന്നത്. മെഡിക്കൽ കോളേജിലെ പതിനാറാം വാർഡിൽ എമർജൻസി റൂമിനു പുറത്തു വന്ന് കുട്ടൻ ചേട്ടൻ ‘ഇനി മാമനില്ല അബീ’ എന്ന് തോളിൽ കൈവെച്ചു പറയുമ്പോ ആദ്യം ഉള്ളിൽ നിന്നുയർന്നത് ‘രാമാ’ എന്നൊരു നിലവിളിയാണ്. പിന്നെയാണ് ഒരൽപ്പവിരാമത്തിനു ശേഷം അലമുറയിട്ടു കരഞ്ഞു തുടങ്ങിയതുപോലും.

രാമനാമം മനസ്സിലുറച്ചത് അത്ര ആഴത്തിലായിരുന്നു. കലിസന്തരണോപനിഷത്തിലെ കല്മഷ നാശിനിയായ ഷോഡശമഹാമന്ത്രം സർവസാധാരണക്കാരനെപ്പോലും പഠിപ്പിച്ചത് ആ ആശ്രമ സമുച്ചയത്തിൽ നിന്നാണ്. എന്നും ദീപാരാധനയ്ക്ക് തൊഴാനെത്തുന്നവർ രാമനാമജപമാണ് ചെയ്യേണ്ടത്. നാലു നാൾ നീണ്ട ഹരേരാമ മന്ത്രത്തിന്റെ അഖണ്ഡ നാമജപമാണ് ജന്മദിനാഘോഷത്തിലെ പ്രധാനകാര്യം തന്നെ. സംഘപ്രവർത്തകനായ ശേഷം പൊതുപ്രവർത്തനം ജീവിതത്തിന്റെ ഭാഗമായപ്പോൾ പലയിടത്തും മരണവീടുകളിലും ചിതയിലേയ്ക്കെടുക്കുന്നിടത്തും ഉണ്ടാകാറുണ്ട്. അവിടെ നിന്നു ഹരേരാമ മന്ത്രം ചൊല്ലുമ്പോ ചുറ്റുമുള്ളവർ അത്ഭുതത്തോടെയോ പുച്ഛത്തോടെയോ നോക്കും. അന്ത്യേഷ്ടി സംസ്കാരമാചരിക്കുമ്പോൾ മോക്ഷകരമായി ചെയ്യേണ്ടതാണ് രാമനാമജപം എന്നു വിശ്വസിക്കുന്നതുകൊണ്ട് ചെയ്യുന്നതാണിത് എന്ന് എന്തിലും രാഷ്ട്രീയലാഭം നോക്കുന്നവരെ ബോധ്യപ്പെടുത്താനാവില്ലല്ലോ.

പലരും പലതും പ്രതീക്ഷിച്ച് അദ്ദേഹത്തെ തേടി വരാറുണ്ട്. ‘എന്നെയല്ല, താഴെ ക്ഷേത്രമുണ്ട്. അവിടെപ്പോയി തൊഴുതാൽ മതി’ എന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. ആരദ്ദേഹത്തെ തൊഴുതാലും ഭ്രൂമധ്യത്തിൽ വിരലമർത്തി അദ്ദേഹം തിരിച്ചു തൊഴും. ആർക്കും അവിടെ സാഷ്ടാംഗനമസ്കാരത്തിന് അനുവാദമുണ്ടായിരുന്നില്ല. അതൊക്കെ ക്ഷേത്ര നടയിൽ പോയി ചെയ്യാം. ആ നടയിൽ സമർപ്പിക്കപ്പെട്ടതെല്ലാം വീണ്ടും അദ്ദേഹം ദാനം ചെയ്തു കൊണ്ടേയിരുന്നു. എന്തു സന്തോഷത്തിലും ഭഗവാനെ കണ്ട് അതുപറയാൻ ആരെത്തിയാലും അവർ കൊണ്ടു വരുന്നതൊക്കെ എല്ലാവർക്കും കൊടുക്കാൻ അദ്ദേഹം അപ്പോത്തന്നെ പറയും. യാതൊരു വിധ മാനറിസങ്ങളുമില്ലാതെ ഒറ്റമുണ്ടും തോർത്തുമായി അദ്ദേഹം ആർത്തർക്കെല്ലാം ശരണമായി. ഭയഭക്തിബഹുമാനങ്ങളോടെ അദ്ദേഹത്തിന്റെ മുന്നിൽ വളരാനും തൊഴുതു നിൽക്കാനുമുളള ഭാഗ്യമുണ്ടായത് തന്നെ അയുതായുതജന്മം ചെയ്ത പുണ്യമായിരിക്കും.

ഞാൻ പോയാലും ആയിരം കൊല്ലം അന്തിത്തിരി മാത്രം കൊളുത്തി നാമം ചൊല്ലിയാലും മതിയിവിടെ. അത് വേണ്ടത് തരും. അതിനുള്ളത് ഞാനിവിടെ ചെയ്തു വെച്ചിട്ടുണ്ട് എന്നു ഭഗവാൻ പറഞ്ഞിട്ടുള്ളത് അച്ഛനിടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുമായിരുന്നു. അതൊരു പുരാതനമായ താപസ കേന്ദ്രമാണ്. നിരവധി സിദ്ധയോഗികളുടെ സമാധിസ്ഥലം. ഈയുള്ളവനെപ്പോലുള്ളവർക്ക് അദ്ദേഹം സാക്ഷാൽ ശ്രീ പരമേശ്വരൻ തന്നെയായിരുന്നു. ജീവിതത്തിൽ ഓരോ നിമിഷവും പിടിച്ചുയർത്തിയ ആ അദൃശ്യകരങ്ങൾ അദ്ദേഹത്തിന്റേത് തന്നെയാണ്. അവിടെല്ലാമറിയും. എല്ലാവരെയുമറിയും.

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഒരാദർശത്തിൽ വിശ്വസിച്ചു പോയതിന്റെ പേരിൽ പെരുവഴിയിൽ ആൾക്കൂട്ടത്തിന്റെ നടുവിലിട്ട് പരസ്യമായി യൂണിവേഴ്‌സിറ്റി കോളേജിലെ രാഷ്ട്രീയ ഗുണ്ടകൾ മനുഷ്യനെ വെട്ടിപ്പഠിക്കാനുള്ള വെറുമൊരു ശരീരമായി കണ്ടപ്പോഴാണ് ജീവിതത്തിൽ ആദ്യമായി അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലാൻ ശരിക്കും ഭയന്നത്. അദ്ദേഹത്തിനാണല്ലോ ഈ സംഭവിച്ചതിനു ദോഷമെന്നു മനസ്സിൽ തോന്നിക്കൊണ്ടിരുന്നു. അദ്ദേഹത്തിന് അപമാനമുണ്ടാക്കിയല്ലോ എന്നത് മാത്രമായിരുന്നു കുറ്റബോധം. അദ്ദേഹത്തിനെല്ലാമറിയാമായിരുന്നു. എല്ലാം. അന്ന് വാളോങ്ങിയ കൈകൾക്കും ചോരയിൽ കുളിച്ചു നിൽക്കുന്ന എനിക്കുമിടയിൽ ഒരമ്മച്ചി, ഒരു വൃദ്ധ വന്നു പെട്ടു. ഓരോ വട്ടം അവരോങ്ങിയ വാൾതലപ്പിന്റെ മുന്നിൽ ‘ആ കൊച്ചനെ കൊല്ലല്ലേ മക്കളേ’ എന്നു നിലവിളിച്ചു കൊണ്ട് അവർ ആ കലാപദൃശ്യത്തിനിടയിൽ നിർഭയം വന്നു നിന്നതു കൊണ്ടു മാത്രമാണ് ആയുസ്സോടെ ഇതെഴുതാൻ ഞാൻ ബാക്കിയായത്. അവരെ ആരും പിന്നെ കണ്ടിട്ടുമില്ല. അന്ന് ശരീരത്തിലുണ്ടായിരുന്നത് അദ്ദേഹം തന്ന ഷർട്ടാണ്‌. പിറന്നാളാഘോഷത്തിന്റെ ശ്രമദാനത്തിനു നിന്നവർക്കെല്ലാം അദ്ദേഹം നൽകിയ ഷർട്ടുകളിലൊന്ന്. അങ്ങനെ എവിടെല്ലാം ഒരു തലനാരിഴയ്ക്ക് ആപത്തിനപ്പുറം ഈശ്വരൻ സ്വയം വന്നു നിന്നിരിക്കുന്നു. എത്രയോ വട്ടം.

പിന്നെ മാസങ്ങളെടുത്തു അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലാൻ. വാക്കുകളുടെ മൂർച്ച കൊണ്ട് അദ്ദേഹമെന്നെ അനുഗ്രഹിച്ചു. എന്നെ ഉപേക്ഷിച്ചില്ല. ഈ ജന്മത്തെ ശാസിക്കാൻ വേറെയാർക്കധികാരം. അപ്പോഴേയ്ക്കും പോണ്ടിച്ചേരിയിൽ എൻജിനീയറിങ് രണ്ടാം കൊല്ലമായി. ഞാനും കൂടെ താമസിച്ചിരുന്ന അപ്പുവും ഒരേ അഭിരുചികൾ ഉള്ളവരായിരുന്നു. ക്ഷേത്രങ്ങൾ, യാത്രകൾ, വ്രതങ്ങൾ, കോളേജ് ശാഖ, യോഗ എന്നിങ്ങനെ പലതും ഞങ്ങൾക്ക് ഒരുമിച്ചുള്ളവയായിത്തീർന്നു. വൈകുന്നേരം കോളേജ് വിട്ടു വന്നാൽ ഒന്നു ബൈക്കോടിച്ചു ചെല്ലേണ്ട ദൂരമേ ഉള്ളൂവെന്നായി അപ്പൊ പല ക്ഷേത്രങ്ങളും. ചിദംബരത്തെ തില്ലൈകൂത്തനെ കാണുന്നത് ഞങ്ങളുടെ പതിവായി. ചിദംബരനാഥരെ കാണുക മാത്രമായിരുന്നില്ല ആ യാത്രകളുടെ ലക്ഷ്യം. അതിനു വടക്കുപടിഞ്ഞാറാണ് ഭഗവാന്റെ ഗുരുവായ നിർവാണസ്വാമികളുടെ സമാധി. ഒരു തെരുവിന്റെയുള്ളിൽ മഹത്തായൊരു ചൈതന്യസ്ഥലി. എന്റെ ഭഗവാനെ കാണാൻ അവിടെയെത്താനായിരുന്നു യോഗം.

അച്ഛൻ ചെയ്തത് പോലെ ജീവിതത്തിലെ ഏതൊരു ചുവടു വെയ്പ്പിലും ഭഗവാനെ കണ്ടറിയിക്കുകയും അനുവാദം വാങ്ങുകയും ജീവിതത്തിന്റെ ഭാഗമാണ്. വിവാഹത്തിന് തലേന്ന് അദ്ദേഹത്തെ കള്ളിക്കാട് പോയി കണ്ടു. ആരോഗ്യം മോശമെങ്കിലും വിവരമറിഞ്ഞപ്പോൾ അദ്ദേഹം ദർശനം തന്നു. എങ്ങിയേങ്ങിക്കരഞ്ഞു തൊഴുതു. എന്നും നാഥനായി അദ്ദേഹം മാത്രമേയുള്ളൂ. മുന്നിൽ പോയി നിൽക്കാനുള്ള ഭാഗ്യം മാത്രം മതി. ഒരിക്കലും ശിരസ്സിൽ നിന്ന് ആ അനുഗ്രഹം ഒഴിഞ്ഞിട്ടില്ലല്ലോ. ചെന്നു തൊട്ടതിലെല്ലാം എന്നെ മുന്നിൽ തന്നെ പിടിച്ചു കൊണ്ടു നിർത്തിയിട്ടുണ്ട് എന്നും. ആയിടങ്ങളിൽ എന്നെപ്പോലൊരാൾ എങ്ങനെയെത്തിന്ന് ഇന്നുമറിയില്ല. ആചാര്യ സ്വാമികൾ വിവേക ചൂഡാമണിയിൽ ദർശിച്ച പോലെ

ദുര്‍ലഭം ത്രയമേവൈതദ്
ദേവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം
മഹാപുരുഷസംശ്രയഃ

മനുഷ്യജന്മം, മോക്ഷത്തിനുള്ള ഇച്ഛ, മഹാപുരുഷന്മാരുമായുള്ള സഹവാസം എന്നിവ മൂന്നും അത്യന്തം ദുര്‍ലഭമാണ്. ഈശ്വരാനുഗ്രഹമൊന്നുകൊണ്ടുമാത്രമേ ഇവ മൂന്നും ലഭിക്കുകയുള്ളൂ.

നിങ്ങളെന്തിനാണ് ആൾദൈവങ്ങളെ ആരാധിക്കുന്നത് എന്നൊക്കെ ഭാരതീയ ചിന്തകളെ കുറിച്ച് അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാതെ പോയ ചിലർ ചോദിക്കുന്നത് കാണാറുണ്ട്. സാധാരണ മനുഷ്യൻ ആത്മസാക്ഷാത്കാരം നേടി ഈശ്വരത്വത്തിലേയ്ക്കുയരുക എന്നതാണ് ഈ നാടിന്റെ തത്വചിന്ത. അഗസ്ത്യകൂടം മുതൽ കൈലാസഗിരി വരെ ആയിരക്കണക്കിന് കൊല്ലങ്ങളായി നിരവധി സിദ്ധയോഗികളും മുമുക്ഷുക്കളും തപവും സാധനയും ചെയ്തു സമാധിയായിരിക്കുന്ന നാടായത് കൊണ്ടാണ് ഈ മണ്ണ് പുണ്യഭൂമിയായത്. ഇവിടെ ആത്മബോധമുണരുന്നവര് രണ്ടു തരമുണ്ടാകും. സാധനയിലൂടെ മോക്ഷപദപാത തെളിയുന്നവർക്ക് കിട്ടുന്ന രണ്ട് ഓപ്‌ഷനുകൾ. മുന്നിലേയ്ക്ക് പോയി സ്വസാധനയുടെ കരുത്തിൽ എത്രയും വേഗം മോക്ഷപ്രാപ്തി നേടുക എന്നതൊന്ന്. സാധനയിൽ നേടിയതൊക്കെയും ആർത്തരും ആശരണരുമായ സംസാരദുഃഖത്തിലുഴറുന്ന സാമാന്യജനത്തിനായി പകുത്തു നൽകാൻ തിരിച്ചു മടങ്ങുന്നവർ. എന്റെ ഭഗവാൻ മറുകര കടക്കേണ്ട തുരുത്തിൽ തിരിഞ്ഞു നമ്മളെ നോക്കി തിരിച്ചു മടങ്ങിയ തപോധനനാണ്. നേടിയതൊക്കെ പകുത്തു തന്നു. അതാണ് ചുറ്റുമുള്ളവരുടെ ജീവിതത്തെ രക്ഷപ്പെടുത്തിയത്. ഞങ്ങൾക്ക് ജീവിതമുണ്ടാക്കി തന്നത്. ആ തണലാണ് ഇനിയില്ലാത്തത്.

സ്വാനുഭവങ്ങളിൽ പലതും വിചിത്രവും അവിശ്വസനീയവുമാണ്. ജീവിതത്തിൽ ഇന്നോളമുണ്ടായ അനുഭവങ്ങളെ ഇതൊന്നും റിലേറ്റ് ചെയ്യാൻ കഴിയാത്തവർക്ക് വിശദീകരിച്ചു കൊടുക്കാൻ സാധിക്കില്ല. ഞാനതിന് അശക്തനുമാണ്. അതുകൊണ്ട് ഇതൊക്കെ ഒരു കഥയായി കണ്ട് കൂടുതൽ ചർച്ചകൾക്ക് നിൽക്കാതെ ഒഴിവാക്കണമെന്ന് ഒരഭ്യർഥനയുണ്ട്. ആദ്യമായി ജീവിതത്തിൽ ഒരു സമാധിയിരുത്തലിൽ പങ്കെടുക്കുന്നത് നെയ്യാർ ശിവാനന്ദാശ്രമത്തിലാണ്. അവിടുത്തെ മാതാജി സമാധിയായപ്പോൾ അവിടുത്തെ യോഗാ വിദ്യാർത്ഥി കൂടിയായിരുന്ന നിധിൻ ചേട്ടനോടും യോഗാചാര്യ കൂടിയായ അദ്ദേഹത്തിന്റെ അമ്മയോടുമൊപ്പം ആശ്രമത്തിൽ പോകാൻ സാധിച്ചത് ആകസ്മികമായാണ്. ഒരു മരണവും സമാധിയും തമ്മിലുള്ള വ്യത്യാസം അന്നാണ് മനസ്സിലായത്. ഒന്ന് ഒരു ദേഹത്തിന്റെ യാത്രയുടെ അവസാനമാണ്. മറ്റൊന്ന് ദേഹിയുടെ തുടർച്ചയും. അതിൽ ദുഃഖിക്കേണ്ടതില്ല. ബ്രഹ്മലീനനായ ഭഗവാന്റെ സമാധിയിലും ഇനി അദ്ദേഹം തുടരുകയാണ്. ആ ചൈതന്യം ഇനിയും ഈശ്വരേച്ഛയ്‌ക്ക് സ്വയം സമർപ്പിക്കപ്പെട്ടവരുടെ കണ്ണീരൊപ്പും. കൂടെയുണ്ടാകും. അത് നിശ്ചയമാണ്. ഈ മണ്ണിൽ എന്നുമങ്ങിനെയായിരുന്നു.

ഓം
പൂര്‍ണമദഃ പൂർണമിദം
പൂർണാത് പൂർണമുദച്യതേ
പൂർണസ്യ പൂർണമാദായ
പൂർണമേവാവശിഷ്യതേ ||

അതേ.. പൂർണം മാത്രം അവശേഷിക്കുന്നു.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

2 thoughts on “സദ്ഗുരവേ തുണൈ

Add yours

Leave a reply to Rejul Cancel reply

Website Powered by WordPress.com.

Up ↑